Abin Golden
2023 ലെ ആദ്യത്തെ വൗ മൊമന്റ് എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് അതിനുള്ള ഉത്തരം ഇതാണ്. സിനിമ മര്‍ത്തെ ദം ദക്ക്. ആമസോണ്‍ പ്രൈമിന്റെ സീരിസിന്റെ ക്രിയേറ്ററുടെ പേരില്‍ സാക്ഷാല്‍ വസന്‍ ബാലയുടെ പേര് കണ്ടതാണ് ഈ ഡോക്യുമെന്ററി കാണാന്‍ തീരുമാനിച്ചത്. പൊതുവെയുള്ള ഡോക്യുമെന്ററികളുടെ രീതിയേയില്ല സിനിമ മര്‍ത്തെ ദം ദക്കിന്. ഒരു സിനിമ കാണുന്നത് പോലെ, ചിരിപ്പിച്ചും ഇടയ്‌ക്കൊക്കെ കണ്ണു നയിച്ചുമാണ് ആറ് എപ്പിസോഡുകളുളള ഡോക്യുമെന്ററി കടന്നു പോകുന്നത്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ രണ്ടായിരങ്ങളുടെ തുടക്കം വരെയുള്ള ഏതാണ്ടൊരു പത്ത് വര്‍ഷക്കാലം സിനിമാലോകത്തെ ഇളക്കി മറിച്ചിരുന്ന ബി/സി ഗ്രേഡ് സിനിമകളെക്കുറിച്ചാണ് ഡോക്യുമെന്ററി സംസാരിക്കുന്നത്. മലയാളത്തിലും ഇതുപോലൊരു തരംഗമുണ്ടായിരുന്നതാണ്. ആ കാലത്ത് മുഖ്യധാര സിനിമകളെ പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിരുന്നു ഈ സിനിമകള്‍. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള ബജറ്റില്‍, ഒരാഴ്ച കൊണ്ടോ രണ്ടാഴ്ച കൊണ്ടോ എടുത്ത് തീര്‍ക്കുന്നതായിരുന്നു മിക്ക സിനിമകളും. പക്ഷെ ചിത്രം നേടുന്നതാകട്ടെ നാല്‍പ്പതും അമ്പതും അറുപതും ലക്ഷങ്ങളായിരുന്നു. സല്‍മാന്‍ ഖാന്റേയും മറ്റും സിനിമകള്‍ക്കൊപ്പം തന്നെ റിലീസ് ചെയ്ത് കളക്ഷനില്‍ അതിനെയൊക്കെ പൊട്ടിച്ച ചരിത്രമുണ്ട് ബി ഗ്രേഡ് സിനിമകള്‍ക്ക്. ബോളിവുഡ് സിനിമകളിലും പലപ്പോഴായി ഇത്തരം സിനിമകളുടെ റഫറന്‍സുകള്‍ കണ്ടിട്ടുണ്ട്. വിക്രമാദിത്യ മോട്ടുവാനെയുടെ ഉഡാന്‍ ആരംഭിക്കുന്നത് നായകനും കൂട്ടുകാരും ചേര്‍ന്ന് അംഗൂര്‍ എന്ന ബി ഗ്രേഡ് സിനിമ കാണാന്‍ പോകുന്നിടത്താണ്.
പൊതുവെ ഡോക്യുമെന്ററികളില്‍ കാണുന്നത് പോലെ ക്യാമറയുടെ മുന്നിലിരുന്ന് തങ്ങളുടെ കഥ പറയുന്ന രീതിയല്ല സിനിമ മര്‍ത്തേ ദം ദക്ക് പ്രയോഗിച്ചിരിക്കുന്നത്. വസന്‍ ബാലയുടെ സിനിമകളിലൊക്കെ കാണുന്നത് പോലെ, ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന പള്‍പ്പിനെസോടെയാണ് ഡോക്യുമെന്ററി സീരിസിന്റെ അവതരണം. നീലം ജാ, കിഷന്‍ ഷാ, ദിലീപ് ഗുലാട്ടി വിനോദ് തല്‍വാര്‍, ആ നാല് പേരിലൂടെയാണ് സീരീസ് സഞ്ചരിക്കുന്നത്. നാല നാല് പേരുടേയും പേര് ഒരുപക്ഷെ പലര്‍ക്കും അറിയില്ല, പക്ഷെ ഇവരുടെ സിനിമകള്‍ ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ പോലും വെല്ലുവിളിച്ചിട്ടുണ്ട്. നാല് പേര്‍ക്കും അവര്‍ സിനിമകള്‍ ചെയ്തിരുന്ന കാലത്തേതിന് തുല്യമായ ബജറ്റ് നല്‍കി നാല് സിനിമയുണ്ടാക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഈ സിനിമയുടെ നിര്‍മ്മാണ ഘട്ടങ്ങളിലൂടെയാണ് ഡോക്യൂമെന്ററി സഞ്ചരിക്കുന്നത്. ഒപ്പം അവര്‍ തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെക്കുന്നു. നാല് അതിഥികളില്‍ നിന്നും നാല് കഥാപാത്രങ്ങളെ തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് സീരീസ്. ഒപ്പം വേറേയും അനേകം താരങ്ങളും സംവിധായകരും വന്നു പോകുന്നു.
ഒളിപ്പിച്ചു വച്ച വില്ലന്റെ എന്‍ട്രിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടന്നു വരുന്ന ഹിസ് ഹൈനസ് കാന്തി ഷായും, തന്റെ കാന്‍ഡിഡ് അറ്റ് ബെസ്റ്റില്‍ എത്തുന്ന രാഖി സാവന്തുമൊക്കെ സീരീസിലെ ഹൈലൈറ്റുകളാണ്. മിഥുന്‍ ചക്രവര്‍ത്തിയേയും ധര്‍മ്മേന്ദ്രയേയുമൊക്കെ നായകന്മാരാക്കി ബി ഗ്രേഡ് സിനിമകള്‍ ചെയ്ത് ഈ മേഖലയിലെ സൂപ്പര്‍ സംവിധായകനായി മാറിയ ആളാണ് കാന്തി ഷാ.
ബി ഗ്രേഡ് സിനിമകള്‍ ഒരുക്കുന്ന സംവിധായകര്‍ എന്ന കേള്‍ക്കുമ്പോഴുണ്ടാകുന്ന, മുന്‍വിധിയൊന്നുമില്ലാതെയാണ് സീരീസ് സമീപിക്കുന്നത്. യാതൊരു വിധ ജഡ്ജ്‌മെന്റിനും ഇരയാകാതെ അവര്‍ നാല് പേരും തങ്ങളുടെയും ഒരു കാലത്തിന്റേയും കഥ പറയുന്നു. അതിന്റെ പുഷ്‌കരകാലവും നാശവും ഓര്‍ത്തെടുക്കുന്നു. അമ്പരപ്പിക്കുന്ന വിജയങ്ങളെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു. ചിരിയോര്‍മ്മകള്‍ പങ്കുവെക്കുന്നു. വേദനിപ്പിച്ച അനുഭവങ്ങള്‍ തുറന്ന് പറയുന്നു. കാലങ്ങള്‍ക്കിപ്പുറവും, തങ്ങളെ പുച്ഛത്തോടെ കാണുന്ന ലോകത്തിന് മുന്നിലൂടെ തലയുയര്‍ത്തി നടക്കാനുള്ള അവരുടെ അതിയായ മോഹത്തെക്കുറിച്ച് അവര്‍ സംസാരിക്കുന്നു.
സീരിസിന്റെ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും നമ്മളൊരു ടൈം ട്രാവല്‍ യാത്ര നടത്തിയത് പോലെ ഒരു കാലത്തിലേക്ക് പോയി തിരിച്ചു വരും. സിനിമയെ നയിക്കുന്നത് പാഷന്‍ മാത്രമാണെന്നിടത്താണ് സീരീസ് അവസാനിക്കുന്നത്. സിനിമയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് സിനിമ മര്‍ത്തേ ദം ദക്ക്.
*******
Vani Jayate
മലയാളത്തിലെ ഷക്കീല തരംഗം പോലെ ബോളിവുഡിലും തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ ആദ്യ പകുതിയിലുമായി ഒരു സമാന്തര തരംഗം അലയടിച്ചിരുന്നു. മൾട്ടിപ്ളെക്സുകൾക്കുമപ്പുറം ബീഹാറിലെയും, ജാർക്കണ്ഡിലെയും ഒക്കെ സിംഗിൾ സ്‌ക്രീനുകളിൽ ലോവർ മിഡിൽ ക്ലാസിൽ പെട്ട പ്രേക്ഷകരെ ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം സംവിധായകർ അപ്പം ചുട്ടെടുക്കുന്ന പോലെ നിർമ്മിച്ച് റിലീസ് ചെയ്യുന്ന ബി-സി ഗ്രേഡ് എന്നൊക്കെയുള്ള ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മസാലപ്പടങ്ങൾ. ധർമ്മേന്ദ്രയും, ഗോവിന്ദയും , മിഥുൻ ചക്രവർത്തിയും വരെ ഭാഗമായിരുന്ന അത്തരം സിനിമകൾക്ക് കൃത്യമായ ഒരു വിപണിയും പ്രേക്ഷകരും ഉണ്ടായിരുന്നു.
കാന്തി ഷാ എന്ന കിരീടം വെക്കാത്ത രാജാവിന്റെ പേരിലായിരുന്നു ആ പാരലൽ ഇൻഡസ്ട്രി അറിയപ്പെട്ടിരുന്നത്. പത്തോ പതിനഞ്ചോ ലക്ഷം ചിലവിട്ട്, എഴുപതും എൺപതും ലക്ഷം കളക്റ്റ് ചെയ്യുന്ന അത്തരത്തിലുള്ള സിനിമകൾ കൊണ്ട് ജീവിച്ചു പോയിരുന്ന ഒട്ടേറെ ആർട്ടിസ്റ്റുകളും ടെക്ക്‌നീഷ്യൻസും ഉണ്ടായിരുന്നു. മെയിൻ സ്ട്രീമിൽ നിന്നിരുന്ന വില്ലന്മാരായ ശക്തി കപൂറും, മുകേഷ് ഋഷിയും, ശിവയും, ഹേമന്ത് ബിർജയും, ഹരീഷ് പട്ടേലും ഒക്കെ അത്തരം നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ‘ഗുണ്ട’ എന്ന കാന്തി ഷായുടെ സിനിമ ഒരു കൾട്ട് ക്ലാസിക്കാണ്. സപ്ന സപ്പു എന്ന അറിയപ്പെടുന്ന നടിയാണ് അത്തരം സിനിമകളുടെ ‘ശ്രീദേവി’. ബീഹാറിലും ജാർക്കണ്ടിലും ഒക്കെ അവർക്ക് അതി ശക്തമായ ഫാൻസ് അസോസിയേഷനുകൾ ഉണ്ടായിരുന്നു. മേനി പ്രദർശനത്തിന്റെ ധാരാളിത്തം ആയിരുന്നു ആ മസാലപ്പടങ്ങളുടെ മുഖമുദ്ര. ഹൊറർ ഴോണറിൽ പെടുത്താവുന്ന സിനിമകളായിരുന്നു മിക്കതും. പേരിനൊരു കഥ ഉണ്ടാവുമെങ്കിലും ബാക്കിയൊക്കെ സംവിധായകന്റെ മനോധർമ്മം വെച്ച് ഷൂട്ട് ചെയ്യുന്നവയാണ്. ദിവസക്കൂലിക്കാണ് ആർട്ടിസ്റ്റുകൾ ഈ സിനിമകളിൽ അഭിനയിച്ചിരുന്നത്.
മറ്റു സിനിമകളിൽ ഒരു സീൻ എടുക്കുന്ന സമയം കൊണ്ട് പത്തും പന്ത്രണ്ടും സീനുകൾ എടുക്കുക എന്നതാണ് ഈ ഒരു സിനിമകളിൽ ഫോളോ ചെയ്തിരുന്ന പാറ്റേൺ. എൺപതുകളിലും തൊണ്ണൂറുകളിലും ഇത്തരം സിനിമകൾ എടുത്തിരുന്ന റാംസായ് ബ്രദേഴ്‌സ്, പിൻവലിഞ്ഞതോടെ പോപ്പുലർ ആയ നാല് സംവിധായകർ ആണ്, കാന്തി ഷായുടെ സഹോദരൻ കിഷൻ ഷാ, വിനോദ് തൽവാർ, ദിലീപ് ഗുലാത്തി തുടങ്ങിയവരും ജെ നീലം എന്ന വനിതാ സംവിധായകയും. ജംഗിൾ സിനിമകളും, ഹൊറർ സിനിമകളും, ആയിരുന്നു മിക്കവയും. അവരെ നാലുപേരെയും ഒരുമിച്ചു കൊണ്ടുവന്നു, നാല് പുതിയ പ്രോജക്ടുകൾ നിർമ്മിക്കാനുള്ള അസൈൻമെന്റ് ഏൽപ്പിക്കുന്നു. അതെ സമയം ആ നാല് പ്രോജക്ടുകളും എങ്ങിനെയാണ് അവർ സാക്ഷാൽക്കരിക്കുന്നത് എന്ന് സമാന്തരമായി ഷൂട്ട് ചെയ്തു കൊണ്ടൊരു ഡോക്യൂമെന്ററി. അതാണ്
ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന “സിനിമ – മർത്തേ ദം തക്ക്”
ബോളിവുഡിന്റെ പിന്നാമ്പുറങ്ങളിൽ വളർന്ന, മുഖ്യധാര കടാക്ഷിക്കാത്ത ഒരു കൂട്ടം ആർട്ടിസ്റ്റുകളുടെ സ്ട്രഗിളിന്റെ ചിത്രീകരണം ആണ്. ഒരു സിനിമ ചരിത്രത്തിലും അടയാളപ്പെടുത്താത്ത അവരുടെ സിനിമകൾ മൂലം പല അടുപ്പുകളും പുകഞ്ഞിരുന്നു എന്നത് സത്യവുമാണ്. കലയും കച്ചവടവും അല്ലാത്ത എന്തോ ഒന്ന് ഒരു പാഷൻ പോലെ അവരെ മുന്നോട്ട് കൊണ്ട് പോയിരുന്നുവെന്നും. തളർന്നുറങ്ങിയിരുന്ന ആ ചോദനകൾ വീണ്ടുമൊരു അവസരം എത്തിയപ്പോൾ അവർ പൊടി തട്ടി എടുക്കുന്നതും, അസാമാന്യമായ ഊർജ്ജത്തോടെ പ്രോജക്ടുകളിലേക്ക് ഊളയിടുന്നതുമൊക്കെ കണ്ടിരിക്കാൻ രസമുള്ള കാഴ്ചകളാണ്. ശതകോടികളുടെയും സഹസ്ര കൊടികളുടെയും കച്ചവടക്കണക്കുകളിൽ ഒന്നും പെടാത്ത ഈ സിനിമകൾ വ്യത്യസ്തമായ ഒരു കാഴ്ചവട്ടമാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്. കണ്ടിരിക്കാവുന്ന ഒരു സീരീസ് ആണ്. ആറ് എപ്പിസോഡുകളിൽ ആയി സ്ട്രീം ചെയുന്നത്.