അയ്യപ്പനും കണ്ണമ്മയും

64

അയ്യപ്പനും കണ്ണമ്മയും

പണ്ടൊരു സൗഹൃദ സംഭാഷണത്തിന് ഇടയിൽ എഴുതിയ പോസ്റ്റ്‌ ആണ്.. ഒരാൾക്കു വായിക്കാൻ.. ഇപ്പോൾ പ്രണയവും വ്യക്തിബന്ധങ്ങളും ഇവിടെ ചർച്ച ആകുമ്പോൾ എന്നാൽ ഇത്‌ ഇവടെ കിടക്കട്ടെ എന്ന് തോന്നി. മലയാള സിനിമയിൽ അടുത്ത കാലത്ത് കണ്ടതിൽ കൊതി ആയൊരു, സൗഹൃദം, പ്രണയം, പാട്ണർഷിപ്പ്.. ആ ഓർഡറിൽ തന്നെ  ജാതിമേൽക്കോയ്മകളുടെയും വർഗ്ഗവ്യത്യാസങ്ങളിടെയും കൊത്തളങ്ങളിൽ നിന്ന് കീഴേക്കു നോക്കുമ്പോൾ പച്ചയായ മനുഷ്യർ പലപ്പോഴും കാഴ്ചയിൽ ചെറുതും നിസ്സാരരും വിടുഭോഷരും ആകാറുണ്ട്.. മേലാളവർഗം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വിധേയത്വവും വിഡ്ഢിത്തവും നിറഞ്ഞ ആദിവാസി കീഴ്ജാതി കഥാപാത്രങ്ങൾ അനേകം പലവട്ടം നമ്മൾ കണ്ടതുമാണ്. പ്രണയം വിപ്ലവം പോലെ കൊണ്ട് നടക്കുന്ന എന്നെപോലുള്ളവർക് ദഹിക്കാത്ത ഒത്തിരി പ്രണയബിംബങ്ങളും ഇത്പോലെ സിനിമകളിൽ ഉണ്ട്.

Ayyappanum Koshiyum Review - Rediff.com moviesഅതില്നിന്നൊക്കെ മാറി നിൽക്കുന്നവരാണ് അയ്യപ്പനും കണ്ണമ്മയും. അപൂർണമെങ്കിലും ഒറ്റയ്ക്കു നില്കാൻ കെല്പുള്ള എന്നാൽ കൂടുമ്പോൾ പൂർണതയുള്ള പാത്രസൃഷ്ടികൾ.. ഒരുമിച്ചു വായിക്കേണ്ട വ്യക്തികൾ ആണവർ.. അതുകൊണ്ട് തന്നെയാവണം അയ്യപ്പന്റെ തീരുമാനങ്ങൾ കണ്ണമയിൽ അളെന്നെടുത്താണ് സിനിമയിൽ മിക്കയിടത്തും.. എന്നാൽ കണ്ണമ്മയോ കാട്ടുതീ പോലെയാണ്. ജീവിതം വിപ്ലവമാകുന്നവൾക് പ്രണയം പലപ്പോഴും തീവ്രത കുറഞ്ഞതായിരിക്കും.. ഫൈസ് അഹ്മദ് ഫൈസിന്റെ “മുജ്സെ പെഹലി സി മുഹാബത് മേരെ മെഹ്ബൂബ് നാ മാങ്കേ ” എന്നൊരു ഉറുദു നസമ് ഉണ്ട്. അതിൽ വിപ്ലവം ചുവച്ച കവി പ്രണയിനിയോട് പറയുന്നുണ്ട് ഇനി പഴയപോലെ പ്രണിയിക്കാൻ എന്നോട് പറയരുത്, ഈ ലോകത്തിൽ അതിനേക്കാൾ വലിയ വ്യഥകളും സുഖങ്ങളും ഉണ്ടെന്ന് ഞാൻ കണ്ട് കഴിഞ്ഞു എന്ന്.. കണ്ണമ്മയ്ക് അയ്യപ്പനോട് പറയാൻ എഴുതപ്പെട്ടതാണെന്ന് തോന്നും.. അത്രമേൽ സത്യമാണ് സാദാരണ പ്രണയചേരുവകൾ തെല്ലും കാണാത്ത ആ ബന്ധം.. ആ വരികൾ അയ്യപ്പൻ ഏറ്റെടുക്കുന്നും ഉണ്ട്..
“നീ ഒരു ചായ ഇട്ടു തന്നാൽ ഞാൻ കുടിക്കാം ” ആജ്ഞാപനം അല്ല.. അപേക്ഷ ആണ്.. അതിമനോഹരം ആണത്..
സച്ചി എഴുതിയത് മുഴുവനും അയ്യപ്പൻ നായരെ കുറിച്ചാണ്. പിന്നെ കണ്ണമ്മയെ കുറിച്ചും. കോശി സ്വർണംകെട്ടിയ ചവിട്ടു പടികൾ ആണ്.

തലങ്ങൾ പലതുള്ള പാത്രസൃഷ്ടിയായി തോന്നി അയ്യപ്പൻ.. പ്രതിഷേധമാണ് അയാൾ.. ജനനം കൊണ്ടും നാമം കൊണ്ടും.. അറ്റത്തൊരു നായർ വാല് തൂക്കി നടക്കുന്നത് സ്വയം ഇകഴ്ത്തുകയല്ലേ എന്ന് ചോദിക്കുന്നവരോട് അപമാനിക്കപ്പെട്ട സ്ത്രീയുടെ പ്രതിഷേധത്തിന്റെ ശക്തമായ തീരുമാനം ആണത് എന്ന് പറഞ്ഞു നിര്ത്തുന്നുണ്ട് അയാൾ. അതിന്റെ പേരിൽ കല്പിച്ചു കിട്ടുന്ന മേൽക്കോയ്മകൾ വേണ്ടെന്ന് വെയ്ക്കുന്ന അയ്യപ്പൻ സിനിമ പുരോഗമിക്കുമ്പോൾ വളരുകയാണ്. അയാളിലെ പരുക്കൻ സ്വഭാവങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയം കാണുന്നത് തന്നെ സുഖമാണ്. ബിജുമേനോൻ താങ്കൾ ഒരു അണ്ടർറേറ്റഡ് പ്രണയനായകൻ ആണ്. താങ്കളുടെ ചിരി ആണ് ഒരു പുരുഷനിൽ കണ്ട ഏറ്റവും മനോഹരമായ ചിരി എന്നും, എനിക്കല്ലേലും ഈ വെളുത്തതുടുത്ത പയ്യന്മാരെ ഇഷ്ടമല്ലെന്നും പറഞ്ഞ സുഹൃത്തുക്കൾ സാക്ഷി. മേഘമൽഹാർ ഒരു ഒന്നാന്തരം കേസ് സ്റ്റഡി.
Male Ego Trip ആണ് പടം എന്ന് ആദ്യം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതങ്ങനെയല്ല പോകുന്നത്.. ഈഗോ മുഴുവൻ കുര്യനാണ് , അയാളുടെ മുന്നിൽ ഉള്ള അപകർഷതാബോധം കോശിയിൽ അതെ വികാരം തന്നെയായി പരിണമിക്കുന്നു എന്നെ ഒള്ളു..കുര്യന്റെ മീശ നീണ്ടു വൃത്തികേടാകുന്നതാണ് കോശിയിലത്രയും.. അതിലും വലിയൊരു വ്യക്തിത്വം തനിക്കുണ്ടെന്ന് കോശി തിരിച്ചറിയുമ്പോൾ കഥ തീരുകയാണ്.. ഒരു സബ് പ്ലോട്ട് ആകേണ്ട ഈ കഥാതന്തു അനേകസന്ദർഭങ്ങളിലൂടെ പൊലിപ്പിച്ചു കാണിക്കുന്നത് പ്രിത്വിരാജ് എന്ന നടന്റെ സ്റ്റാർ വാല്യൂ മുതലാക്കാൻ ആണെന്ന് തോന്നുന്നു..

അയ്യപ്പൻ ഒരു ഷോവനിസ്റ്റിക് ഈഗോ ഉണ്ടാവാൻ മാത്രം ഇൻസെക്യൂരിറ്റി ഉള്ള ആളല്ല. കാരണം അയാൾ അതിജീവനത്തിന്റെ ചിത്രം കൂടി ആണ്. കണ്ണമ്മ എന്ന തീരുമാനം അതാണ്. അവളുമായുള്ള വിവാഹത്തിൽ മൂർത്തമാകുന്നത് അയാളുടെ കാരക്ടർ ഫോർമേഷൻ ആണ്. അയാളിലെ വിപ്ലവത്തിന്റെ പൂർണതയാണത്. ഒരാളുടെ ജീവിതമാകുന്ന വിപ്ലവം വേറെ ഒരാളുമായി കൂടുമ്പോൾ വിജയിക്കുന്ന അവസ്ഥ, ഒറ്റമുറി വിപ്ലവങ്ങൾ ആകുന്ന പ്രണയങ്ങൾ. ഹോ, എത്ര മനോഹരമായ സങ്കൽപം. സച്ചി ഇതൊക്കെ ആലോചിച്ചിട്ടുണ്ടോ ആവോ 😁

സമൂഹത്തിൽ ജീവിക്കാൻ വേണ്ടിയുള്ള അനിവാര്യതകൾക് അറിഞ്ഞുകൊണ്ട് കീഴ്പെടുന്ന മനുഷ്യൻ ആണ് അയാൾ . അയാൾക് അതിനു കാരണങ്ങൾ ഉണ്ട്. മുണ്ടൂർ മാടന് വ്യക്തിവൈരാഗ്യം ഇല്ലാത്തവരെ ഞെരിച്ചു കൊല്ലാൻ പറ്റിയതും, പിന്നീട് അതെ മനുഷ്യൻ തന്റെ തിരിച്ചടിക്കാൻ ഉള്ള തൃഷ്ണകളെ നിയമങ്ങളുടെ ചട്ടക്കൂടിൽ നിറുത്തി ചട്ടം പഠിപ്പിക്കുന്നതും അതുകൊണ്ട് തന്നെയാണ്. ഒന്നുകൂടി പറഞ്ഞാൽ അയ്യപ്പൻ നായർ കാടാണ്. വന്യതയുടെ നേർചിത്രം.. അതിൽ പേടിച്ചു സമൂഹം അയാൾകിട്ട കൂച്ചുവിലങ്ങാണ് ആ കാക്കികുപ്പായം. അത് എടുത്തുമാറ്റപെടുമ്പോൾ ശേഷം അയാൾ കാടുകയറുകയാണ്. പതുക്കെ പതുക്കെ.അവിടെയും കണ്ണമ്മയുടെ അദൃശ്യസാന്നിധ്യം ഉണ്ട്. ശരിതെറ്റുകളുടെ വലയങ്ങൾ ചുരുങ്ങി ചുരുങ്ങി അയാളുടെ കൈവലയങ്ങളിൽ എത്തുന്ന കാഴ്ച്ചയിൽ സിനിമ അവസാന സീക്യുഎൻസുകളിലേക് അടുക്കുകയാണ്.. അതിൽ പെടുന്ന എന്തിനെയും ഞെരിച്ചു കളയാൻ കെല്പുള്ള ആ മാടൻ അനുവാദം ചോദിക്കുന്നത് ഒരിടത്ത് മാത്രം ആണ്.. അവൾക്കറിയാം അയാൾ ആരാണെന്നു.. അവൾ അയാളോട് ധൈര്യമായി പോകാനും പറയുന്നുമുണ്ട്.. ആ പൂരകങ്ങളെ മനസിലാകാതെ ഈ സിനിമ കാണാൻ സാധിക്കില്ല. സാമാന്യ ബുദ്ധിക്ക് നിരക്കില്ല അപ്പോൾ.

ആർക്കും പിടിച്ചു കെട്ടാൻ സാധികാത്ത ആവരുടെ വന്യതയെ അനുനയിപ്പിക്കാതെ കഥ അവസാനിപ്പിക്കാൻ സാധിക്കില്ല. അയാൾക് കാക്കി തിരുച്ചു കൊടുക്കുന്നതും അവളെ ജയിലിൽ നിന്ന് പുറത്തു വിടുന്നതും നിരന്തരം എരിയുന്ന കാട്ടുതീയും, സർവ്വസംഹാരിയായ മഹാപ്രളയവും നേർക്കുവരുമ്പോൾ വരുന്ന നൈമിഷികമായ സ്ഥിരതയിൽ കഥാകാരൻ അഭയം കണ്ടെത്തുന്നതാണ്…
അയ്യപ്പൻ അടുത്തില്ലാത്ത അവസ്ഥയാണെകിൽ കണ്ണമ്മ കണ്ണകിയാകും എന്ന് സംശയമുണ്ടോ?.കത്തിച്ചേനെ അവർ. കയ്യിലൊരു വെട്ടുകത്തിയും ആയി കട്ടപ്പനയ്ക് പോയേനെ.അവസാനഭാഗത്തു അയ്യപ്പൻ കട്ടപ്പനയിൽ പോകുന്നത് എന്തിനാണെന്നു എനിക്ക് ഇപ്പോളും അറിയില്ല.. കോശിയെ അഭിനയിച്ച നടന് വേണ്ടി ആകണം ഉറപ്പായും.. അല്ലാതെ അയ്യപ്പനും കണ്ണമ്മയ്കും വേണ്ടി അല്ല.. കണ്ണമ്മയ്ക് വേണ്ടി ഒരിക്കലും അല്ല.

Advertisements