സിന്ദൂരകാക്ക

226
സിനി സി.കെ
സിന്ദൂരകാക്ക
“ഞാനേ , ഈ നെറ്റിയില് സിന്ദൂരമിട്ട് നടക്കുന്നത് എന്റെ രണ്ട് പെൺമക്കളെ കാക്ക കൊത്തി കൊണ്ടുപോവാതിരിക്കാനാണ്. ” വീട്ടമ്മയുടെ ആക്രോശം കേട്ട് മാവിൻ കൊമ്പിലിരുന്ന കാക്ക ഞെട്ടി. ഇതെന്ത് കഥ, ഞാനെപ്പോ ഇവരുടെ മക്കളെ കൊത്താൻ നോക്കി. ഇനി കുടുംബത്തിൽ വല്ലോരും ചെയ്യാൻ നോക്കിയോ.
“കാ…കാ…ക്രാ .. ക്രാ ….” ഉടൻ വിളിച്ചു ജനറൽ ബോഡി യോഗം.
“അല്ല,എന്തായിത് പെട്ടെന്ന് ഒരു യോഗം വിളി. ” വന്ന കാക്കമാരെല്ലാം അന്വേഷിച്ചു. ചില വിരുതൻമാർ ചാഞ്ഞും ചെരിഞ്ഞും ചുറ്റുപാടും നിരീക്ഷിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല.
യോഗം വിളിച്ച കാക്ക, ഉടൻ തന്നെ എല്ലാവരോടും മാവിൻ കൊമ്പിൽ ഇരിക്കാൻ പറഞ്ഞു.
“കാ… കാ… ക്രാ… ക്രാ ….”
“ശ് ശ് … കാക്കക്കൂട്ടിൽ കല്ലിട്ട പോലെന്ന് പറയിപ്പിക്കാതെ നിശബ്ദത പാലിക്കുക. “
എന്നിട്ട്, താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവതരിപ്പിച്ചു.
ആരും ഒന്നും മിണ്ടുന്നില്ല.
കാക്ക തുടർന്നു,
നമ്മുടെ ഭാഗത്തു നിന്നും ആരേലും അത്തരം നീക്കം നടത്തിയിട്ടുണ്ടെങ്കിൽ ചിറകുകൾ ഒന്നു വീശി കാണിക്കേണ്ടത് ആണ്.
യോഗത്തിൽ പൊടുന്നനെ വല്ലാത്ത നിശബ്ദത.
“ചിരുതമ്മേടെ വീട്ടിലെ കോഴിക്കുഞ്ഞിനെ പണ്ടെങ്ങാണ്ട് ന്റെ മുത്തച്ഛൻ കൊത്തീന്നും പറഞ്ഞ് അവര് ഇന്നാളും കൂടി എന്നെ കല്ലെടുത്തെറിഞ്ഞിരുന്നു. “കാവതി കാക്ക പറഞ്ഞു.
“സത്യാണ്, ഞാൻ കണ്ടതാ . അതിൽ പ്രതിഷേധിച്ച് രാമേട്ടന് വേണ്ടി ഇട്ട ബലിച്ചോറ് ഞാൻ തൊട്ടു പോലും നോക്കിയില്ല. “ബലി കാക്ക കാവതിയോട് യോജിച്ചു.
“പിന്നെന്തു കൊണ്ട് നമ്മൾക്കെതിരെ ഇങ്ങനെ ഒരാരോപണം വന്നു. ?”
താഴത്തെ കൊമ്പിലിരുന്ന കുഞ്ഞൻകാക്ക ഒന്നു ചിറകുവീശി തല താഴ്ത്തി ഇരുന്നു.
“കാ…കാ… കാ….” മറ്റു കാക്കകൾ അവനു ചുറ്റും വട്ടമിട്ടു.
“ഇതൊരു യോഗം നടക്കുന്ന മരമാണ്. നിശബ്ദത പാലിക്കേണ്ട മര്യാദ കാണിക്കണം. “
എല്ലാവരും അടങ്ങിയിരുന്നു.
കുഞ്ഞൻ പറഞ്ഞു തുടങ്ങി.
“ആ കാണുന്ന വീട്ടിലെ മിന്നൂട്ടിയും ഞാനും കൂട്ടുകാരാണ്. അവൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോ, അവളുടെ അമ്മ അവളെ ഒക്കത്തെടുത്തിട്ട് എന്നെ നോക്കി പറയും, ” മിന്നുട്ടി മാമു കഴിച്ചില്ലേ ഞാൻ കാക്കക്ക് കൊടുംക്കും ട്ടോ ” എന്ന് . അപ്പോ അവളെ കളിപ്പിക്കാനായി ഞാൻ ഈ മാവിന്റെ കൊമ്പിൽ നിന്ന് വീടിനപ്പുറത്തെ മാവിന്റെ കൊമ്പിലേക്ക് ഒന്നു താഴ്ന്നു പറക്കും. അതു കാണുമ്പോ അവളൊരുരുള മാമു കഴിക്കും. അവസാനം ഒരു പിടി ചോറ് മിന്നൂട്ടിയുടെ അമ്മ എനിക്കും തരും. ” കുഞ്ഞൻ നിർത്തി.
എല്ലാവരും പരസ്പരം നോക്കി. കുഞ്ഞൻ തുടർന്നു.
“ഒരു ദിവസം ഇങ്ങനെ കളിച്ചോണ്ടിരിക്കുമ്പോ എന്റെ ബാലൻസൊന്നു തെറ്റി, കാൽ നഖങ്ങൾ മിന്നൂട്ടിയുടെ തലയിൽ കൊണ്ടു. അയ്യോ എന്ന മിനുട്ടിയുടെ അമ്മയുടെ കരച്ചിൽ കേട്ട് അവിടുത്തെ അച്ഛമ്മ ഓടി വന്നു. “
എന്നിട്ട്? എല്ലാവരും ജാഗരൂകരായി ഒന്നു ചിറകു കുടഞ്ഞിരുന്നു.
“പണ്ടാരം കാക്ക എന്നും പറഞ്ഞ് വിറക് കഷ്ണം എടുത്ത് എന്റെ നേർക്കൊരേറ്. ദേഹത്തു കൊണ്ടതും ഞാൻ വാവിട്ടു കരഞ്ഞു പോയി. പിന്നെ ഞാൻ അവരുടെ വീട്ടിലേക്കേ പോയിട്ടില്ല. “
അപ്പോ മിന്നൂട്ടി എങ്ങിനെയാ ഇപ്പോ മാമു കഴിക്കുന്നേ? എല്ലാ കാക്കകളും ഒരുമിച്ചു ചോദിച്ചു.
അറിയില്ല. പക്ഷേ, ഇവിടെ അവരെന്തോ സിന്ദൂരത്തിന്റെ കാര്യം ഒക്കെ പറഞ്ഞല്ലോ. സിന്ദൂരം തൊടുന്നത് അവരുടെ മക്കളെ നമ്മൾ കൊത്താതിരിക്കാനാണത്ര.
ആ… അവർക്ക് നമ്മളെക്കുറിച്ച് ബോധം ല്ലാണ്ടായാ ന്താ ചെയ്യാ.
ഈ യോഗത്തിൽ നമുക്കൊരു തീരുമാനമെടുക്കാം.
സിന്ദൂരം തൊട്ട ഒരാളേയും നമ്മളിനി മൈൻഡ് ചെയ്യണ്ട. അവരുടെ വീട്ടിലെ ചപ്പുചവറുകൾ, പ്രാണി, പഴുതാര ഇത്യാദികളെയൊന്നും കൊത്തി വൃത്തിയാക്കരുത്.
വിരുന്നു വിളിക്കുന്നതും നിർത്തണം ഒരഭിപ്രായം പൊങ്ങി വന്നു.
ഐക്യകണ്ഠേന എല്ലാം പാസ്സാക്കി കാക്കകൾ പറന്നു പൊങ്ങി.
മിന്നുട്ടി വലുതായി. മൂന്നാം ക്ലാസ്സിലെ പാഠഭാഗങ്ങൾ പഠിക്കുന്നതിനിടക്ക് കേട്ടത്,
പാഠം 2 : ആവാസ വ്യവസ്ഥ. പ്രകൃതിയുടെ നിലനിൽപ്പിനാധാരം ആവാസ വ്യവസ്ഥയാണ്.ആവാസ വ്യവസ്ഥയുടെ ഒരു ഭാഗത്തെ ഇല്ലായ്മ ചെയ്യുന്നത് അവയുടെ സംതുലനാവസ്ഥയ്ക്കും അതുവഴി പ്രകൃതിയുടെ നിലനിൽപിനും ഭീഷണി ആവും.
പാഠം 5. കാക്ക
കാക്ക പരിസരം വൃത്തിയാക്കി തരുന്ന നല്ലൊരു പക്ഷിയാണ്.
പശുവിന്റെ പുറത്തിരുന്ന ചെള്ളിനെ കൊത്തി തിന്നുന്ന കാക്കയെ ഓടിക്കാൻ നോക്കിയ അച്ഛമ്മയോട് അച്ഛഛൻ,
“അതിനെ എങ്ങാനും ഓടിച്ചാ നിന്നെ ഞാനോടിക്കും ഈ വീട്ടീന്ന്. അത് ചെയ്യുന്ന പണി ങ്ങി ചെയ്യോ കല്യാണ്യേ.”
“ന്താ , അച്ഛച്ചാ പ്രശ്നം?” മിന്നൂട്ടി ഇടപെട്ടു.
“ഒന്നൂല്ല മോളേ, ഈ ലോകത്ത് എല്ലാം ഒരു ചങ്ങലയുടെ കണ്ണികളാന്ന് പറയായിരുന്നു. “
“അതെ, അച്ഛച്ചാ, ആവാസവ്യവസ്ഥയുടെ കണ്ണികളാണ്. അതാണ് ഈ പ്രകൃതിയുടെ നിലനിൽപ്പിനാധാരം! “