ആഭ്യന്തര യുദ്ധമാണ് ഇന്ത്യൻ നാസികളുടെ ലക്ഷ്യം ഒറ്റക്കെട്ടായി ചെറുക്കുക

203

ആഭ്യന്തര യുദ്ധമാണ് ഇന്ത്യൻ നാസികളുടെ ലക്ഷ്യം ഒറ്റക്കെട്ടായി ചെറുക്കുക.

“ഇന്ത്യൻ നാസികൾ യുദ്ധത്തിന് തയ്യാറായി കഴിഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ, ജനിച്ച മണ്ണിൽ ജീവിക്കുന്നതിനു വേണ്ടി ഇന്ത്യൻ ജനത ഒറ്റക്കെട്ടായി തയ്യാറെടുക്കേണ്ടിയിരിക്കുന്നു. തർക്കങ്ങളെല്ലാം മാറ്റിവെയ്ക്കുക.” പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ജെ.രഘു എഴുതുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങൾക്കും ദളിത-അവർണർക്കും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും മുന്നിൽ ഇനി രണ്ടു മാർഗ്ഗങ്ങളേയുള്ളൂ. ഒന്നുകിൽ സംഘടിച്ചു പോരാടി സ്വന്തം മണ്ണിൽ അന്തസ്സായി ജീവിക്കുക. അല്ലെങ്കിൽ ഇന്ത്യൻ നാസികൾ ആസൂത്രണം ചെയ്യുന്ന വംശഹത്യയ്ക്ക് കീഴ്‌പ്പെടുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ആളിപ്പടരുകയും കേന്ദ്ര ഗവണ്മെന്റ് പരസ്പര വിരുദ്ധമായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഇന്ത്യൻ നാസികൾ തൽക്കാലത്തേക്ക് പിൻവാങ്ങിയെന്ന് നാം ആശ്വസിച്ചു. എന്നാൽ നമുക്ക് ആശ്വസിക്കാനാവില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യൻ നാസികളുടെ സൈനിക സംഘടനയായ ആർഎസ്എസ്സിന്റെ പ്രവർത്തനങ്ങൾ. തെലങ്കാനയിലെ ഭാഗ്യനഗർ പട്ടണത്തിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് നടത്തിയ സൈനിക പ്രകടനത്തിന്റെ വീഡിയോ മുതിർന്ന മാധ്യമ പ്രവർത്തക സൂചിത്രാ വിജയൻ ട്വീറ്റ് ചെയ്തത് കാണുമ്പോൾ കാര്യങ്ങളുടെ പോക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ തെരുവുകളിൽ ഒറ്റക്കെട്ടായി അണി നിരക്കുന്ന ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ പ്രയാസമാണെന്ന് ഇന്ത്യൻ നാസികൾക്ക് അറിയാം. പ്രക്ഷോഭകാരികൾക്ക് നേരേ ബലം പ്രയോഗിക്കുന്നത് വലിയ തിരിച്ചടിക്ക് കാരണമാകും. സൈന്യത്തിനും പോലീസിനും തത്വത്തിലെങ്കിലും നിയമം അനുസരിക്കാൻ ബാധ്യതയുണ്ട്. ഗവണ്മെന്റ് ജനങ്ങളുടെമേൽ അനിയന്ത്രിതമായി ബലം പ്രയോഗിച്ചാൽ ലോകരാജ്യങ്ങളോട് ഉത്തരം പറയേണ്ടി വരും. ഇപ്പോൾ തന്നെ ലോക പൊതുജനാഭിപ്രായം മോദി ഭരണകൂടത്തിന് പൂർണ്ണമായും എതിരാണ്. അത്തരമൊരു സാഹചര്യത്തിൽ ഗവണ്മെന്റ് പിൻവാങ്ങുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ആർഎസ്എസ് എന്ന ഭരണഘടനാ ബാഹ്യ ശക്തിയെ കയറൂരി വിടാനാണ് മോദി- അമിത്ഷാമാരുടെ ശ്രമം.

ഗവണ്മെന്റ് പിൻവാങ്ങി ഇന്ത്യൻ നാസികളുടെ കാക്കിപ്പടയായ ആർഎസ്എസ്സിനെ തെരുവിലിറക്കി വിടുന്നത് വലിയ ചതിയാണെന്ന് തിരിച്ചറിയണം. സമരം അടിച്ചമർത്താൻ ഗവൺമെന്റിന് കഴിയില്ലെങ്കിൽ ഞങ്ങൾ ആ ദൗത്യം ഏറ്റെടുക്കുന്നു എന്ന മുന്നറിയിപ്പാണ് ഇതോടൊപ്പമുള്ള വീഡിയോ നൽകുന്നത്. ഒരു യുദ്ധത്തിന് തയ്യാറാകാൻ ഇന്ത്യൻ സൈന്യത്തിന് 6 മാസം വേണം, എന്നാൽ തങ്ങൾക്ക് ഏതാനും ദിവസങ്ങൾ മതി എന്ന് കുറച്ചു മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ നാസി തലവനായ മോഹൻ ഭഗവത് പറഞ്ഞത് ഓർക്കുക.. അതെ, ഇന്ത്യൻ നാസികൾ യുദ്ധത്തിന് തയ്യാറായി കഴിഞ്ഞു. മുസ്ലീങ്ങൾക്കും പിന്നോക്ക ജാതികൾക്കും ദളിതർക്കും ജനാധിപത്യ വിശ്വസികൾക്കുമെതിരായ അന്തിമ യുദ്ധത്തിന്റെ ആദ്യ ചുവടു വെയ്പാണ് ഈ വീഡിയോയിൽ കാണുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ, ജനിച്ച മണ്ണിൽ ജീവിക്കുന്നതിനു വേണ്ടി നമ്മളും തയ്യാറെടുക്കേണ്ടിയിരിക്കുന്നു. തർക്കങ്ങളെല്ലാം മാറ്റിവെയ്ക്കുക. ഇന്ത്യയിൽ ജീവിച്ചിരിക്കുകയെന്ന കാര്യത്തിൽ നമുക്കിടയിൽ ഒരു തർക്കവുമില്ലല്ലോ. നാസികൾക്കു മുമ്പിൽ നാം പരാജയപ്പെട്ടുകൂടാ.