കോവിഡ് കാലത്തു വിഴുപ്പലക്കുന്ന പ്രതിപക്ഷ മുന്നണികളോട് ഇംഗ്ലണ്ടിലെ മലയാളിക്ക് പറയാനുള്ളത്

217

Cj Mathews എഴുതുന്നു 

UK യിൽ വളരെ നാളായി ജീവിക്കുന്ന ഒരു വ്യക്തിയും ചുറ്റും നടമാടുന്ന കൊറോണ എന്ന ഭീകരദൃശ്യം സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുമെന്ന നിലയിൽ, കേരളത്തിലുള്ള സഹോദരങ്ങളോട്, പ്രത്യേകിച്ചും സോഷ്യൽ മീഡിയ പ്രേമികളോട് ഒരു അഭ്യർത്ഥന നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

പ്രതിപക്ഷ നേതാവു ശ്രീമാൻ രമേശ് ചെന്നിത്തല,ബിജെപി പ്രസിഡന്റ് ശ്രീമാൻ കെ സുരേന്ദ്രൻ തുടങ്ങിയവരും ഇവരുടെയെല്ലാം പിണിയാളുകളായ ചെറുകിട രാഷ്ട്രീയ നേതാക്കൾ കേരളത്തിൽ പ്രത്യേകിച്ചും, എല്ലാ ദേശീയ രാഷ്ട്രീയ പ്രവർത്തകർ പൊതുവിലും, ഓർത്തിരിക്കേണ്ട ഒരു വസ്തുതയാണ് എന്റെ പ്രതിപാദ്യ വിഷയം ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിലുള്ള
പൊതു ആരോഗ്യസമ്പ്രദായമാണ് ഞാൻ ജീവിക്കുന്ന ഈ ബ്രിട്ടനിലുള്ളത് എന്ന് എനിക്ക് പൂര്ണവിശ്വാസമുണ്ട്. അത്തരം ഒരു സംവിധാനം പോലും നിലയില്ലാ കയത്തിൽ കിടന്നു ചക്രശ്വാസം വലിക്കുന്ന ഒരവസ്ഥയാണ് ഞാൻ എനിക്ക് ചുറ്റും കണ്ടുകൊണ്ടിരിരിക്കുന്നതു. ദിവസവും ആയിരത്തോളം ആളുകൾ, ആശുപത്രികളിലും കെയർ ഹോംസിലും അവരവരുടെ ഭവനങ്ങളിലും പ്രായഭേദമില്ലാതെ മരിച്ചുവീഴുന്നു. കൊറോണ ഭീകരതാണ്ഡവം ആടുന്ന, ലോകമഹാ ശക്തിയാണെന്നഭിമാനിക്കുന്ന അമേരിക്കയിലെ സ്ഥിതി ഇതിലും ഭയാനകം. അരലക്ഷം പാവപ്പെട്ട മനുഷ്യരാണ് ഇതിനോടകം അവിടെ മരണപ്പെട്ടത്. ഇവിടുത്തെ സർക്കാരുകൾ സ്വീകരിച്ച ദീര്ഘവീക്ഷണമില്ലാത്ത ‘അനങ്ങാപ്പാറ’ നയമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെ തള്ളിവിട്ടതെന്നു രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദക്തർ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെയാണ്, ഇന്ത്യയിൽ പൊതുവെയും, കൊച്ചുകേരളത്തിൽ പ്രത്യേകിച്ചും, സർക്കാരുകൾ കാണിച്ച അഭിനന്ദനീയവും ധീരവുമായ നടപടിക്രമങ്ങൾ എത്ര മഹനീയമായിരുന്നു എന്ന ചിന്തിക്കേണ്ടത്. നാളത്തെ കാര്യം നാളെയെ അറിയൂ എന്നിരുന്നാലും, ഇതുവരെ കാര്യങ്ങൾ ഇത്രയും ഭദ്രമായും ശക്തമായും നടത്തിയ ഒരു സർക്കാരിനെ അനാവശ്യ, ആനുകാലിക പ്രാധാന്യമില്ലാത്ത ‘ഡൂക്കിലി’ ആരോപണങ്ങൾ കൊണ്ട് തളർത്തേണ്ട ഒരു സമയമല്ല ഇതെന്നോർക്കുക.എല്ലാം ഇതോടെ അവസാനിച്ചു എന്ന് കരുതരുത്. ഒരു ചാരം മൂടിക്കിടക്കുന്ന തീക്കൂനക്കു ചുറ്റുമാണ് നാം എന്ന് ഞാൻ ഭയപ്പെടുന്നു. ഈ ഭീഷണി അവസാനിക്കുന്നത് വരെ കാത്തിരിക്കുക. രാഷ്ട്രീയമായ, പലപ്പോഴും വ്യക്തിതാല്പര്യങ്ങൾ മുൻനിർത്തിയുള്ള നിങ്ങളുടെ മൂന്നാംകിട ആരോപണങ്ങൾക്കു, ജീവിച്ചിരിക്കാനുള്ള ഭാഗ്യം ഉണ്ടെങ്കിൽ, വീണ്ടും സമയം കിട്ടും എന്നോർക്കുക. ദൈവത്തെയോർത്തു, രാഷ്ട്രീയ വൈര്യം മറന്നു കേന്ദ്രത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേരളത്തിൽ ആദരണീയനായ മുഖ്യമന്ത്രി ശ്രീമാൻ പിണറായി വിജയന്റെയും പിന്നിൽ ഒരു മനസ്‌ടോടെ ഒന്നിച്ചുനിന്നു പോരാടുകയാണ് എല്ലാ മനുഷ്യ, ദേശസ്നേഹികളും ഇപ്പോൾ ചെയ്യേണ്ടത്.
ജീവിച്ചിരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രഥമമായ വെല്ലുവിളി . അത് കഴിഞ്ഞിട്ട് പോരെ മറ്റു വിഴുപ്പലക്കുകൾ ?

facebook > Cj Mathews