സി. കെ. രാഘവന്‍ (മലയാള സിനിമയിലെ പ്രതിനായകർ – 8)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
468 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.

മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം – 8)
സി. കെ. രാഘവന്‍ (മമ്മൂട്ടി)
ചിത്രം – മുന്നറിയിപ്പ് (2014)
.
ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത് 2014 ആഗസ്റ്റ് 22 ന് പുറത്തിറങ്ങിയ ചലച്ചിത്രമായിരുന്നു “മുന്നറിയിപ്പ്”. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്. ഉണ്ണി ആര്‍. തിരക്കഥ രചിച്ച ഈ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. സാമ്പത്തിക വിജയം നേടാൻ കഴിയാതെ പോയ ഈ ചിത്രം ഒരു വലിയ വിഭാഗം വായനക്കാരും കണ്ടുകാണില്ല. കണ്ടവരിൽ തന്നെ ഈ ചിത്രം അങ്ങേയറ്റം ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കാനും സാധ്യതയുണ്ട്.

മലയാള സിനിമ കണ്ട ഒന്നാന്തരം ഇന്റലക്ച്ച്വൽ ക്രിമിനൽ – അതായിരുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവൻ. റിട്ടയേർഡ് ഡി ജി പി ഡോ അലക്സാണ്ടർ ജേക്കബ് അടുത്തിടെ ഒരു അഭിമുഖത്തിൽ കൊലപാതകത്തിന് ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന ഒരാളെപ്പറ്റി പറയുന്നത് കേട്ടു. അയാൾ ജയിലിൽ പെർഫക്ട്ലി ഓക്കെ ആണ്. കുഴപ്പക്കാരനേ അല്ല. അയാളുമായി സംസാരിച്ചാൽ ആർക്കും അയാളെപ്പറ്റി ഒരു കുറ്റവും പറയാനുണ്ടാകില്ല. എന്നാൽ അയാളെ തുറന്നു വിടാനാകില്ല. കാരണം അങ്ങനെ ചെയ്താൽ അയാൾ മറ്റൊരു കൊലപാതകം ചെയ്ത് ജയിലിൽ തിരിച്ചെത്തും. സി കെ രാഘവൻ എന്ന കഥാപാത്രം അങ്ങേയറ്റം സങ്കീർണമായ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു സാധാരണ കൊലപാതകിയല്ല അയാൾ. അയാൾ ഉണ്ടാക്കിയെടുത്ത അയാളുടേതായ ഒരു ലോകത്ത് കടന്നു കയറുന്നവർക്ക് മരണശിക്ഷ വിധിക്കുന്ന കൊലയാളിയാണയാൾ. തന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരെ അയാൾക്ക് പിഴുതു മാറ്റിയേ പറ്റൂ.

കഥയിലേക്ക് വന്നാൽ അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുന്ന അഞ്ജലി അറക്കല്‍ (അപര്‍ണ ഗോപിനാഥ്) എന്ന യുവ ജേര്‍ണലിസ്റ്റ് ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരനാണ്, സി കെ രാഘവന്‍ (മമ്മൂട്ടി). ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാല്‍ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലില്‍ തന്നെ ജീവിക്കുകയാണയാള്‍. താന്‍ ആരേയും കൊന്നിട്ടില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന, ചിന്തകളില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ വിചിത്ര വ്യക്തിത്വത്തെ കൂടുതലറിയാന്‍ അഞ്ജലി ശ്രമിക്കുന്നു. അയാളെ കുറിച്ച് താന്‍ എഴുതിയ ലേഖനം തന്റെ കരിയറിനെ സഹായിച്ചു എന്ന് കാണുന്ന അഞ്ജലി തനിക്ക് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാനായി രാഘവനെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ കരാറെടുക്കുന്നു. രാഘവന്‍ ഇതു വരെ ആരോടും പറയാത്ത കാര്യങ്ങള്‍ തനിക്ക് ലോകത്തെ അറിയിക്കാനായാല്‍ അത് തനിക്ക് കരിയറില്‍ ഉണ്ടാക്കുന്ന മൈലേജ് അവര്‍ സ്വപ്നം കാണുന്നു. ജയിലില്‍ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളില്‍ എല്ലാം എഴുതിക്കുവാനായി അയാളെ ഒരു മുറിക്കുള്ളിലാക്കുകയാണ് അഞ്ജലി ചെയ്യുന്നത്. എന്നാൽ ഒന്നും എഴുതുവാനാവാതെ രാഘവന്‍ കുഴയുന്നു. കോര്‍പ്പറേറ്റ് ലോകത്തിന്റെ സമയ പരിധിയുടെ സമ്മര്‍ദത്തില്‍ അഞ്ജലി വീര്‍പ്പുമുട്ടുന്നു. ഇവരിരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ്.

തങ്ങളുടെ മുന്‍പില്‍ വരുന്ന ജീവിതങ്ങളെ കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ പേജിനും വാക്കുകള്‍ക്കും പ്രതിഫലത്തിനും അകത്ത് ഒതുക്കി നിര്‍ത്തുന്ന ഉടമ്പടികളായി മാത്രം കാണുന്നതാണ് പുത്തന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ലോകം. ഇവിടെ ഹനിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ ജീവശ്വാസമായ വ്യക്തിസ്വാതന്ത്ര്യമാണ്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് “മുന്നറിയിപ്പ്” തരികയുമാണ് ഈ ചിത്രത്തിലൂടെ. ‘Deadline’ എന്ന അർഥത്തിലും “മുന്നറിയിപ്പി” നെ ഇവിടെ വായിച്ചെടുക്കാം.

ഒരു സാധാരണ വില്ലനല്ല സി കെ രാഘവന്‍. ഒരു സാധാരണ പ്രേക്ഷകന് ഈ കഥാപാത്രം അങ്ങേയറ്റം ആശയക്കുഴപ്പം സൃഷ്ടിക്കും. അഭിമുഖം റെക്കോര്‍ഡ് ചെയ്യുന്ന റെക്കോര്‍ഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓര്‍ത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
“കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിബിംബം എന്നെത്തന്നെ നോക്കി അവിടെ നില്‍ക്കുന്നു. കണ്ണാടി വിട്ട് ഞാന്‍ പോരുമ്പോഴും അത് അവിടെ നില്‍ക്കുമോ അതോ എന്റെ കൂടെ പോരുമോ?”
അയാളുടെ മറ്റൊരു ഡയലോഗ് ശ്രദ്ധിക്കുക-
“ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരുപോലെയാണ്. രണ്ടിനെയും ഇല്ലാതാക്കാന്‍ പറ്റില്ല. വേണമെങ്കില്‍ തടയുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യാം. എന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ? നമ്മള്‍ കാണുന്നില്ലെന്നേയുള്ളൂ. “
സി കെ രാഘവന്‍ എന്ന തടവ്പുള്ളിയായി മമ്മൂട്ടി എന്ന നടന്റെ പരകായപ്രവേശം ഈ ചിത്രത്തില്‍ കാണാം. സൂക്ഷ്മാഭിനയത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ 20 വര്‍ഷമായി ജയിലില്‍ കിടക്കുന്ന രാഘവന് ജയില്‍ ഒരു തടവറയായി തോന്നുന്നേയില്ല. എല്ലാ സംശയങ്ങളുടെയും ഉത്തരം ക്ലൈമാക്സിലുണ്ട്. സാധാരണ മനുഷ്യനില്ലാത്ത ഒട്ടേറെ സംശയങ്ങള്‍ കൊണ്ടുനടക്കുന്ന ഇയാളുടെ ക്യാരക്റ്റര്‍ എസ്റ്റാബ്ളിഷ് ചെയ്യുന്നതില്‍ തിരക്കഥ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

“സത്യമെന്നത് അശോക സ്തംഭത്തിലെ നാലാമത്തെ സിംഹമാണ്. ആരും അത് അന്വേഷിക്കുന്നുമില്ല കണ്ടെത്തുന്നുമില്ല”- സി കെ രാഘവന്റെ ഈ നിര്‍വചനം ആ വ്യക്തിയുടെ ചിന്താശേഷിയുടെ ആഴമളക്കുന്നതാണ്.
സ്വാതന്ത്ര്യം എന്നത് ആപേക്ഷികമാണ്. നമ്മുടെ സ്വാതന്ത്ര്യ സങ്കൽപം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതില്ല. മറ്റുള്ളവരുടെ കണ്ണില്‍ ചിലപ്പോൾ ഒരാൾ അസ്വതന്ത്രനായിരിക്കാം. എന്നാൽ അയാൾക്ക് അതങ്ങനെയാണോ എന്നതാണ് കാതലായ ചോദ്യം. ഒരാളുടെ സ്വാതന്ത്ര്യമല്ല മറ്റൊരാളുടേത് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ചിലര്‍ക്ക് ജയിലായിരിക്കാം സ്വാതന്ത്ര്യ ഗേഹം. ജയില്‍ ജീവിതത്തെക്കുറിച്ചുള്ള രാഘവന്റെ നിരീക്ഷണം ശ്രദ്ധിക്കുക,
‘സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴാണ് കലഹം ഉണ്ടാകുന്നത്. ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും‘.
എത്രമാത്രം അര്‍ഥവത്താണ് ഈ ഡയലോഗെന്ന് ചിത്രത്തിന്റെ ക്ളൈമാക്സ് കണ്ടു കഴിയുമ്പോഴാണ് നമുക്ക് മനസ്സിലാവുക.

ചിത്രത്തിലെ ബിംബകല്‍പ്പനകള്‍ പതിവ് ശൈലിയില്‍ നിന്ന് വേറിട്ടു നിൽക്കുന്നത് കൊണ്ടു തന്നെ ഒരു സാധാരണ പ്രേക്ഷകന് പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധം സങ്കീര്‍ണമാണ്. ഈ കഥാപാത്രത്തോട് പ്രേക്ഷകന് എത്ര മാത്രം താദാത്മ്യം പ്രാപിക്കാനാകും എന്നത് വേറൊരു വിഷയം. ഇതാ മറ്റൊരു ഡയലോഗ്-
“പുതിയ ജീവിതം, പഴയ ജീവിതം അങ്ങനെയൊക്കെയുണ്ടോ? നമുക്കാകെ ഒറ്റ ജീവിതമല്ലേയുള്ളൂ?”
രാഘവന്‍ എന്ന പച്ച മനുഷ്യന്റെ ദയനീയതയും നിസഹായതയും അമിത വിധേയത്വവുമെല്ലാം മമ്മൂട്ടി മനോഹരമായി ചെയ്തു വെച്ചിട്ടുണ്ട്. വ്യത്യസ്തമായ ജീവിത ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കുന്നുണ്ട് അയാൾ. ജീവിതത്തെയും മരണത്തെയും കുറിച്ച് ആറ്റിക്കുറുക്കി അയാൾ പറയുന്നത് ശ്രദ്ധിക്കുക:-
‘ജീവിതം എന്നുവെച്ചാല്‍ എന്താ? മരണത്തിന് മുന്‍പേയുള്ള ഒരു വെപ്രാളം’.

രാഘവന്‍ പറയുന്ന കാര്യങ്ങള്‍ ഇന്നത്തെ കാലത്തിനോട് ചേര്‍ന്നു പോകുന്നതാണോ എന്നതും ചിന്തനീയമാണ്. ചില വസ്തുതകൾക്ക് സമകാലീന സാഹചര്യത്തിൽ പ്രസക്തിയുമുണ്ട്. രാഘവനുണ്ടാക്കുന്ന മുറിവ് അയാളെ പിന്‍തുടർന്ന് ഭയപ്പെടുത്തുകയും. കുറ്റകൃത്യത്തെയും ശിക്ഷയെയും നിയമ സംവിധാനത്തെയും തടവറയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ തിരുത്തപ്പെടേണ്ടതിനെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നിയമ വ്യവസ്ഥ പൗരനെയാണ് ശിക്ഷിക്കുന്നതെന്നും മനുഷ്യനെയല്ലെന്നും അയാള്‍ പറയുന്നുണ്ട്. ജയില്‍ ശിക്ഷയുടെ അന്തിമ ലക്ഷ്യം ഒരു മനുഷ്യനെ താന്‍ ചെയ്ത തെറ്റിന് പശ്ചാത്തപിപ്പിച്ച് നല്ലവനാക്കുകയാണോ അതോ ബാഹ്യസമൂഹത്തിന്‍റെ സ്വാസ്ഥ്യം സംരക്ഷിക്കുകയാണോ എന്ന ചോദ്യവും അയാള്‍ ഉയര്‍ത്തുന്നു. ‘Collective conscience of Society’ യുടെ പേരും പറഞ്ഞു ശിക്ഷ വിധിക്കുന്ന ന്യായാധിപന്മാർ കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. സമൂഹത്തിന്റെ മൊത്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി വിധി പുറപ്പെടുവിക്കുകയല്ല നീതിപീഠങ്ങളുടെ ജോലി.

‘മുന്നറിയിപ്പ്’ കണ്ട ഏതൊരാളും ഞെട്ടിയത് അവസാനത്തെ ആ ക്ലൈമാക്‌സ് സമയത്ത് തന്നെയാകും. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു ക്ലൈമാക്‌സ് തന്നെയാണ് മുന്നറിയിപ്പിന്റേത്. ആര്‍ക്കും പ്രവചിക്കാനാവാത്ത വിധം ഒരു ക്ലൈമാക്‌സ് നല്‍കിയാണ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചത്. തീയേറ്ററിലാകെ നിശബ്ദത ജനിപ്പിച്ച, സീറ്റ് വിട്ടെഴുന്നേല്‍ക്കാന്‍ പോലും പേടിപ്പിച്ച് വിഭ്രമിപ്പിച്ച ക്ളൈമാക്സ്. അതു വരെ അലസഭാവത്തിൽ സിനിമ കണ്ടിരുന്ന ന്യൂ ജനറേഷൻ പിള്ളേർ പോലും അവസാന ഭാഗത്തെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് മുഖത്തെ രക്തയോട്ടം നിലച്ച് പേടിച്ചിരുന്നതിന് ഞാൻ സാക്ഷിയാണ്. എന്തൊക്കെ വികാരങ്ങളാണ് ദൈർഘ്യമേറിയ ഷോട്ടിൽ ആ മുഖത്ത് മിന്നിമറിയുന്നതെന്ന് ചിത്രം കണ്ടു തന്നെ അറിയണം. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും മികച്ച നെഗറ്റീവ് കഥാപാത്രങ്ങളിലൊന്നായി സികെ രാഘവന്‍ മാറുന്നതും ആ ക്ളൈമാക്സിലൂടെയാണ്. അഞ്ജലിയെ കൊലപ്പെടുത്തുന്ന ആ സീനിൽ സി കെ രാഘവൻ എന്ന കഥാപാത്രം എത്ര മാത്രം അനായാസമായാണ് ഒരു ജീവനെടുക്കുന്നത് എന്നത് കാണികൾ അങ്ങേയറ്റം ഞെട്ടിത്തരിച്ചാണ് കണ്ടു നിന്നത്.

തന്റെ ഭാര്യ അവനവന്റെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നുണ്ട് എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ രാഘവനു ഒഴിഞ്ഞുമാറാമായിരുന്നു, പക്ഷേ ചിത്രത്തില്‍ ഒരു കഥാപാത്രം സൂചിപ്പിക്കുന്ന ഫ്രാന്‍സിസ് കാഫ്ക്കയുടെ വിചാരണ എന്ന ചിന്താപരമായ നോവലിലെ ജോസഫ് കെ എന്ന കഥാപാത്രത്തെ പോലെ രാഘവന്‍ ഒഴിഞ്ഞുമാറുന്നില്ല. ഭാര്യ വഴി സ്വാതന്ത്രം നിഷേധിക്കപ്പെട്ടു എന്ന് തോന്നിയ രാഘവന് പിന്നീട് മറ്റൊരു വ്യക്തി വഴി അത്തരമൊരു സന്ദര്‍ഭം സംജാതമാവുന്നതും തടയാമായിരുന്നു. മാര്‍വാടി പെണ്ണിനോടും അഞ്ജലിയോടും രാഘവനു പ്രസ്തുത സന്ദര്‍ഭത്തിന്റെ അനുഭവങ്ങളുടെ പരിചയസമ്പത്ത് വെച്ച് വ്യത്യസ്തമായ രീതിയില്‍ പെരുമാറാമായിരുന്നു. എന്നാല്‍ ആദ്യത്തെ ദുരനുഭവത്തിന്റെ ഓര്‍മകളെ പരിശോധിച്ച് ഒരിക്കല്‍ തലയില്‍ കയറാന്‍ വന്ന സന്ദര്‍ഭം പിന്നെ തലയില്‍ കയറാന്‍ സമ്മതിക്കാതിരിക്കുക എന്ന വഴി അയാൾ സ്വീകരിക്കുന്നില്ല. പകരം പിന്നേയും അവരെ അവനവന്റെ തലയില്‍ മെതിക്കാന്‍ അയാൾ അനുവദിക്കുന്നു. അതിന്റെ ഫലമായി തുടർച്ചയായി ഇരകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ വീണ്ടും വീണ്ടും വിചാരണകളും തടവറകളും അയാൾക്കായി ഒരുങ്ങുന്നു. രാഘവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്നതിനെ നമ്മള്‍ പറിച്ചു മാറ്റുന്നു. അഞ്ജലിയടക്കമുള്ള സ്ത്രീകളുടെ പ്രാണന്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അയാള്‍ പിഴുതെറിയുന്നു.

സി കെ രാഘവന്‍ മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ പ്രതിനായക വേഷങ്ങളിലൊന്നാണ്. ഒരു സാധാരണ പ്രേക്ഷകനെ പലപ്പോഴും ചിന്താക്കുഴപ്പത്തിലേക്ക് തള്ളിവിടുന്ന ഒരു ഇന്റലക്ച്വല്‍ വില്ലന്‍. ‘മുന്നറിയിപ്പ്’ എന്ന പടത്തിന് ഇനിയും ഒരു പാട് വായനകള്‍ സാധ്യമാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരട്ടെ..
അപ്പോൾ ഓക്കെ. ഇനി ഒരു പുതിയ കഥാപാത്രവുമായി കാണും വരെ ബൈ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ