ഗോള്‍ഡന്‍ ചെങ്കദളി അവാർഡ്, ഇട്ടിമാണിയിലെ അഭിനയം, മോഹൻലാൽ മികച്ച നടൻ

314

സി.കെ. രാഘവൻ

 

2019ല്‍ മലയാള സിനിമയില്‍ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളെ മൊത്തത്തില്‍ വിലയിരുത്തി സമ്മാനിക്കുന്ന “ഗോള്‍ഡന്‍ ചെങ്കദളി” അവാര്‍ഡുകളുടെ ലിസ്റ്റ് ഇതാ ചുവടെ കൊടുക്കുന്നു …!

 1. മികച്ച നടന്‍ – മോഹൻലാൽ (സിനിമ : ഇട്ടിമാണി മെയ്ഡ് ഇൻ ചൈന) :- പഴയ മോഹൻലാലിനെ കാണാൻ പോയവർക്ക് പഴകിയ മോഹൻലാലിനെ സമ്മാനിച്ച ബിഗ്സ്ക്രീൻ മെഗാസീരിയലിലെ അസാധ്യപ്രകടനം. “മോഹൻലാൽ അഭിനയം മറന്നു” എന്നുപറഞ്ഞു കരയുന്നവർക്കുള്ള ചുട്ട മറുപടിയായിരുന്നു ഒരേ സിനിമയിൽ തന്നെ ചൈനക്കാരനായ അച്ഛന്റെ ഗെറ്റപ്പിലും മലയാളിയായ മകന്റെ ഗെറ്റപ്പിലും ഫ്ലാഷ്ബാക്കിലെ മദ്യപാനിയുടെ ഗെറ്റപ്പിലും വന്ന് ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രകടനം.
 2. മികച്ച സഹനടന്‍ – മമ്മൂട്ടി (സിനിമകള്‍: മധുരരാജ, മാമാങ്കം, ഗാനഗന്ധർവ്വൻ):- മെയ് വഴക്കവും ഫ്ലെക്സിബിലിറ്റിയുമുള്ള അനിയൻകുട്ടൻമാരുടെയും കൂട്ടുകാർകുട്ടൻമാരുടെയും കൈയിൽ എല്ലാ പണികളും ഏൽപ്പിച്ചിട്ട് കയറിൽ ഊഞ്ഞാലാട്ടവും സെന്റിയടിയുമായി നടന്ന അദ്ദേഹത്തെ “സൂത്രശാലിയായ കുറുക്കൻ” എന്നാണ് ജൂറി വിശേഷിപ്പിച്ചത്. “ഉണ്ട” പോലെ എനർജി കാണിക്കാൻ സ്കോപ്പ് ഇല്ലാത്ത മോശം സിനിമകൾ ഇനി തിരഞ്ഞെടുക്കരുത് എന്ന ശക്തമായ താക്കീതും ജൂറി അദ്ദേഹത്തിനു നൽകി.
 3. മികച്ച നടി – നയൻതാര (സിനിമ : ലൗ ആക്ഷൻ ഡ്രാമ ) :- “ലേഡി സൂപ്പർസ്റ്റാർ”എന്ന തന്റെ ചീത്തപ്പേര് മാറ്റുന്നതിന്റെ ഭാഗമായി അഭിനയിച്ച ഐറ, മിസ്റ്റർ ലോക്കൽ, കൊലയുതിർ കാലം, സെയ്റാ നരസിംഹ റെഡ്ഢി, വിശ്വാസം, ബിഗിൽ തുടങ്ങിയ അഭിനയപ്രാധാന്യമുള്ള അന്യഭാഷാസിനിമകളുടെ തിരക്കിനിടയിലും മാതൃഭാഷയെ മറക്കാതിരുന്ന നടിയുടെ അർപ്പണബോധത്തെ ജൂറി കുമ്പിട്ടു തൊഴുതു. സിനിമയിൽ നായകനായ ദിനേശനോട് നായികയായ ശോഭയ്ക്ക് പ്രണയം തോന്നാനുള്ള കാരണം എന്തെന്നറിയാൻ ജൂറി വിവരാവകാശ കമ്മീഷന് എഴുതിയ കത്തിൽ ഒപ്പിടാനും നടി തയാറായി.
 4. മികച്ച സഹനടി – ശീലു എബ്രഹാം (സിനിമ : പട്ടാഭിരാമൻ ) :- ഭർത്താവ് നിർമാതാവാണ് എന്ന ഒരേയൊരു കാരണത്താൽ മലയാളിപ്രേക്ഷകർക്ക് വേണ്ടി തന്റെ അഭിനയമികവ് തുരന്നെടുത്തു കൊടുക്കുന്ന അഭിനയപാടവം. കുലസ്ത്രീയുടെ വേഷവിധാനത്തിൽ നിന്നുകൊണ്ട് ഹോട്ടലിൽ രസംവയ്ക്കാൻ കാണിച്ച ഡെഡിക്കേഷൻ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് വേണ്ടിയുള്ള പാഴ്ചിലവിൽ നിന്നും നിർമാതാവായ ഭർത്താവിനെ രക്ഷിക്കാനായി സ്വതസിദ്ധമായ വോയ്‌സ് മോഡുലേഷനിൽ തിരുവനന്തപുരം സ്ലാങ്ങിൽ നടത്തിയ ഡയലോഗ് ഡെലിവറി എന്നിവ ജൂറിയുടെ പ്രശംസ ഏറ്റുവാങ്ങി.

 5. മികച്ച സംവിധായകന്‍ – ജീത്തു ജോസഫ്
  (സിനിമ: Mr. & Mrs.റൗഡി) :- ദൃശ്യം അങ്ങ് ചൈനയിൽ വരെ എത്തിയിട്ടും ദൃശ്യത്തിന്റെ ചീത്തപ്പേര് ഇതുവരെ മാറ്റാൻ കഴിയാത്ത സംവിധായകന്റെ പരാക്രമം. ക്ലൈമാക്സിൽ ഓൺലൈൻ പെൺവാണിഭസംഘത്തെ കുടുക്കാൻ ഫേസ്ബുക്ക് ലൈവ് ഉപയോഗിച്ച രീതികണ്ട് ജൂറി ഒരേസ്വരത്തിൽ “ഫ്രഷ് ഫ്രഷ്” പറഞ്ഞു.

 6. മികച്ച സിനിമ – ഒരു യമണ്ടൻ പ്രേമകഥ (സംവിധാനം : ബി.സി.നൗഫൽ):- വാട്സാപ്പ് യൂണിവേഴ്സിറ്റി പോലും ഉപേക്ഷിച്ച പുതുപുത്തൻ കോമഡികൾ, ഐ.ജി. കേശവൻ മാമനെപ്പോലും ലജ്ജിപ്പിക്കുന്ന സദാചാരബോധം, രണ്ടരമണിക്കൂർ സ്കിറ്റ് കാണിച്ചുമടുത്തപ്പോൾ അഞ്ച് മിനിട്ട് ക്ലൈമാക്സിനുവേണ്ടി പടച്ചുവിട്ട റൊമാൻസ്, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുടങ്ങിയ പ്രത്യേകതകൾ സിനിമയെ ഭീകരമായ ലെവലിൽ വേറിട്ടു നിർത്തുന്നു.

 7. മികച്ച തിരക്കഥാകൃത്ത് – ഉദയ് കൃഷ്ണ (സിനിമ : മുരുകരാജ) :- പുലിമുരുകന്റെ തിരക്കഥയിലേക്ക് പോക്കിരിരാജയെ ആവാഹിച്ചുകൊണ്ട് പോക്കിരിരാജ എന്ന കൾട്ടിന് മലംകൾട്ടായ രണ്ടാംഭാഗമൊരുക്കിയ വക്രബുദ്ധിക്കുള്ള അംഗീകാരം.

 8. മികച്ച രണ്ടാമത്തെ തിരക്കഥാകൃത്ത് – ശശാങ്കൻ മയ്യനാട് (സിനിമ :മാർഗംകളി) :- മുടന്തുള്ള നായകന്റെയും മുഖത്തു മറുക് ഉള്ള നായികയുടെയും ആത്മസംഘർഷങ്ങളെ അവതരിപ്പിക്കാനായി മറ്റു കഥാപാത്രങ്ങളെ ക്രൂരമായ റേസിസത്തിനും ബോഡി ഷെയ്മിംഗിനും സ്ത്രീവിരുദ്ധതയ്ക്കും ഇരകളാക്കിയ തിരക്കഥാപാടവം.

 9. മികച്ച ഡയലോഗ്സ് – ശങ്കർ രാമകൃഷ്ണൻ (സിനിമ :പതിനെട്ടാം പടി):- വടക്കൻപാട്ടിലെ പുത്തൂരംവീടാണെന്ന് കരുതി അനന്തപുരിയിലെ ഗുണ്ടകൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ സ്കൂളിലെത്തിയ എഴുത്തുകാരന് സംഭവിച്ചത്… (ഏഷ്യാനെറ്റ്‌.jpg)

 10. മികച്ച നിർവികാരതയ്ക്കുള്ള മഹേഷ്‌ ബാബു അവാർഡ് – ടോവിനോ തോമസ് (സിനിമ : കൽക്കി) :- ശ്വാസം നെഞ്ചിൽ ബ്ലോക്ക് ചെയ്ത് താടിയെല്ലിൽ സൂപ്പർഗ്ലു തേച്ചു പിടിപ്പിച്ചതിനു ശേഷം ഡയലോഗ് പറഞ്ഞാൽ സിനിമ KGF ആയിക്കോളും എന്ന സംവിധായകന്റെ വാക്ക് കേട്ട് അതേപടി പ്രവർത്തിച്ച അഭിനയമികവ്.

 11. മികച്ച വില്ലന്‍ – ഉണ്ണി മുകുന്ദൻ (സിനിമ : മിഖായേൽ ) :- അധോലോകത്തിലെ ജലക്ഷാമത്തെ സൂചിപ്പിക്കാൻ നായകന്റെ വീട്ടിൽ കയറി കുളിച്ചിട്ട് അടിവസ്ത്രം മാത്രമിട്ടു ഇറങ്ങിപ്പോവുക, ഒന്ന് വയറിളകിയാൽ തീർന്നുപോവുന്ന ജീവിതത്തിന്റെ വ്യർത്ഥത മനസ്സിലാക്കാൻ നായികയോട് തീട്ടവർത്തമാനം പറയുക തുടങ്ങി മലയാളസിനിമയിലെ വില്ലൻമാർക്ക് കേട്ടുകേൾവി പോലുമില്ലാത്ത കുൽസിതപ്രവൃത്തികൾ പരിഗണിച്ചാണ് അവാർഡ്.

 12. മികച്ച വില്ലത്തി – സംയുക്ത മേനോൻ (സിനിമ : കൽക്കി) :- സാരിയുടുത്തു കണ്ണുരുട്ടിയാൽ വരലക്ഷ്മി ശരത്കുമാർ ആവും എന്ന്‌ തെറ്റിദ്ധരിച്ച നിഷ്കളങ്കത.

 13. മികച്ച അന്യഭാഷാ നടൻ – ദുൽഖർ സൽമാൻ (സിനിമ : ഒരു യമണ്ടൻ പ്രേമകഥ) :- അങ്ങ് ബോളിവുഡിൽ ബോംബിടുന്നതിന്റെ തിരക്കിനിടയിലും മലയാളസിനിമയെ ഉദ്ധരിപ്പിക്കാൻ കാട്ടിയ മനക്കട്ടി. കോടീശ്വരനായിട്ടും പെയിന്റ് പണിക്ക് പോകാൻ താല്പര്യപ്പെട്ട, നാട്ടിലുള്ള സകലപെൺകുട്ടികളും പ്രണയാഭ്യർത്ഥന നടത്തിയിട്ടും പത്രത്തിലെ “കാണ്മാനില്ല” പരസ്യത്തിലെ പെൺകുട്ടിയെ ആത്മാർത്ഥമായി പ്രണയിച്ച നന്മയുടെ നിറടാങ്ക് റോളിനെ അന്തസോടെ അവതരിപ്പിച്ച മികവ്.

 14. മികച്ച പുതുമുഖസംവിധായകന്‍ – ഷാജോൺ (സിനിമ : ബ്രദേഴ്സ് ഡേ ) :- കോമഡി ത്രില്ലർ, ആക്ഷൻ ത്രില്ലർ, ഫാമിലി ത്രില്ലർ, വെറും ത്രില്ലർ, സൈക്കോ ത്രില്ലർ, ഫീൽഗുഡ് ത്രില്ലർ, ഫീൽ ഇല്ലാത്ത ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഹൈസ്റ്റ് ത്രില്ലർ, മൈൻഡ് ഗെയിം ത്രില്ലർ, മസാല ത്രില്ലർ, മിസ്റ്ററി ത്രില്ലർ തുടങ്ങി ആരും ജീവിതത്തിൽ പോലും കേട്ടിട്ടില്ലാത്ത ത്രില്ലറുകൾ ഉൾപ്പടെ പന്ത്രണ്ടിലധികം ജോണറുകൾ മിക്സ് ചെയ്ത് ഒരു നവാഗതസംവിധായകൻ തയാറാക്കിയ “ജഗപൊക ഗജേന്ദ്ര ഓണംഗുണ്ട്”.

 15. മികച്ച ഡാൻസ് കോറിയോഗ്രഫി – മമ്മൂട്ടി (സിനിമ : മാമാങ്കം) :- ഹിപ്പ്കുലുക്കൽ, കണ്ണുപൊത്തൽ ഡാൻസ് സ്‌റ്റെപ്പുകൾ കൊണ്ട് ചരിത്രസിനിമയിലെ ഗാനരംഗത്തിനെ ചരിത്രദുരന്തമാക്കുന്നതിന് നേതൃത്വം നൽകിയ നർത്തനപാടവം.

 16. മികച്ച എഡിറ്റര്‍ – മഹേഷ് നാരായണൻ (സിനിമ : മിഖായേൽ ) :- ബൈബിൾ വചനങ്ങളും സൈക്കോ കഥാപാത്രങ്ങളെയും കുത്തിക്കയറ്റി സംവിധായകൻ ഷൂട്ട് ചെയ്ത അറ്റവും മൂലയുമില്ലാത്ത വീഡിയോകൾ വെട്ടിക്കൂട്ടി എഡിറ്റ്‌ ചെയ്ത് “മിഖായേൽ”എന്ന് പേരിട്ടു തീയറ്ററിലെത്തിച്ച എഡിറ്റിംഗ് സിംഹം.

 17. മികച്ച ക്യാമറാമാന്‍ – മനോജ് പിള്ള (സിനിമ : മാമാങ്കം) :- ഈ ക്യാമറ കണ്ടൊന്നും ജൂറി പേടിക്കില്ല ക്യാമറാമാനേ, കാരണം ജൂറി വളർന്നത് നാഗകന്യകയും ബാലവീറും അലാവുദീനും കണ്ടിട്ടാണ്.

 18. മികച്ച മേക്കപ്പ് – സജി കൊരട്ടി (സിനിമ : ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന ) :- ഡോക്ടർ സ്ട്രേഞ്ച് രണ്ടാംഭാഗത്തിനെ വെല്ലുന്ന ലുക്കിലേക്ക് മോഹൻലാലിനെ പറിച്ചുനട്ട ചമയവൈദഗ്ദ്യം.

19 . മികച്ച പരസ്യകല – ആശാ ശരത്ത് (സിനിമ : എവിടെ? ) :- സിനിമയുടെ റിലീസിന്റെ തലേദിവസം “എന്റെ ഭർത്താവ് എവിടെ? ” എന്നുചോദിച്ചു ഫേസ്ബുക്ക് ലൈവിൽ വന്ന നടിയോട് പിറ്റേദിവസം പ്രേക്ഷകർ തിരിച്ചുചോദിച്ചു : സിനിമ എവിടെ?

 1. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ – അനു സിത്താര (സിനിമ : മാമാങ്കം):- മുലക്കച്ചയോടുള്ള അലർജി മൂലം തന്റെയും തന്റെ തറവാട്ടിലുള്ള എല്ലാ സ്ത്രീകഥാപാത്രങ്ങളുടെയും കോസ്റ്റ്യൂം മാറ്റിച്ചുകൊണ്ട് കേരളത്തിലെ ഞരമ്പുരോഗികൾക്ക് ഇരുട്ടടി നൽകിയ പ്രകടനം.
 • മികച്ച സംഗീതസംവിധായകന്‍ – ഗോപി സുന്ദർ (ഗാനം : ഉലക്ക ചക്ക ചക്ക, സിനിമ : മിഖായേൽ) :- നായകൻ മാസ്സ് കാണിച്ചു ചിരിപ്പിക്കുമ്പോൾ പശ്ചാത്തലത്തിൽ ഇത്തരം ഗാനങ്ങളിട്ട് പ്രേക്ഷകനെ ചിരിപ്പിച്ചുകൊല്ലരുത് എന്ന് ജൂറി അദ്ദേഹത്തിന് താക്കീത് നൽകി.
 • മികച്ച പശ്ചാത്തലസംഗീതം – സഞ്ജിത്ത് ബെൽഹാര (സിനിമ : മാമാങ്കം ) :- ബാജിറാവോ മസ്താനിയിലും പദ്മാവതിയിലും വാറിലും പണിയെടുത്തതിന്റെ ക്ഷീണം വെറുതെയിരുന്നു വിശ്രമിച്ചു മാറ്റാനാണോ കേരളത്തിലേക്ക് വന്നത് എന്ന സംശയം ജൂറി പ്രകടിപ്പിച്ചു.

 • മികച്ച പുതുമുഖം – കാളിദാസ് ജയറാം (സിനിമകൾ : Mr. & Mrs. റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർകടവ്, ഹാപ്പി സർദാർ) :- ഒരുവർഷം തന്നെ ഏറ്റവുമധികം തവണ പുതുമുഖമായി അഭിനയിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ മിനി അഗ്രിക്കൾച്ചർ സ്റ്റാർ കാളിസാർ പുതുമുഖമായി അരങ്ങേറ്റം കുറിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി ജൂറി കാത്തിരിക്കുന്നു.

 • മികച്ച ഗസ്റ്റ് റോൾ – പീറ്റർ ഹെയ്ൻ (സിനിമ : ജാക്ക് & ഡാനിയൽ) :- സിനിമയിൽ ആക്ഷൻ ചെയ്യാനായി വരികയും പ്രത്യേകിച്ച് പണിയൊന്നുമില്ല എന്നു മനസ്സിലാക്കിയപ്പോൾ അഭിനയത്തിലും ആലാപനത്തിലും കൈവച്ച് വാങ്ങിയ പ്രതിഫലത്തിന് പണിയെടുക്കുകയും ചെയ്ത ഇദ്ദേഹം ലോകസിനിമയ്ക്ക് തന്നെ മാതൃകയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

 • മികച്ച നിര്‍മാതാവ് – വേണു കുന്നപ്പിള്ളി (സിനിമ : പണക്കാരെ ബഹുമാനിക്കാൻ പഠിക്കടോ) :- “സ്വന്തമായി ഒരുലക്ഷം രൂപ കൈയിൽ ഇല്ലാത്ത, ഒരുനേരത്തെ ആഹാരം കഴിക്കാൻ ഗതിയില്ലാത്ത ദരിദ്രവാസികളാണോ എന്നോട് അവാർഡ് കിട്ടാനുള്ള കാരണം തിരക്കുന്നത്” എന്ന് വേണുസർ ചോദിച്ചതിനാൽ അവാർഡിനുള്ള കാരണം ജൂറി വെളിപ്പെടുത്തുന്നില്ല.

 • മികച്ച റീമേക്ക്/മാഷപ്പ് – ലൗ ആക്ഷൻ ഡ്രാമ അഥവാ പ്രേക്ഷകനെതിരെയുള്ള രണ്ടാമത്തെ ഗൂഡാലോചന (സംവിധാനം : ധ്യാൻ ശ്രീനിവാസൻ) :- തട്ടത്തിൻ മറയത്ത്, പ്രേമം, ഒരു വടക്കൻ സെൽഫി തുടങ്ങി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി വരെ ചുരണ്ടി ഒരൊറ്റ സിനിമയിലാക്കി ആർക്കും മനസ്സിലാവാതിരിക്കാൻ കഥ ചെന്നൈയിലേക്കു പറിച്ചുനട്ട ക്ലാസിക് ഓണപ്പടക്കം.

 • മികച്ച രണ്ടാംഭാഗം/ സീക്വൽ – ആകാശഗംഗ 2 അഥവാ മണിച്ചിത്രഗംഗ (സംവിധാനം : ഹരിസർ) :- മിഡ്സോമറോ ഡോക്ടർ സ്ലീപ്പോ കണ്ടിട്ട് പോലും പേടിക്കാത്ത മലയാളികളെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചുടലയക്ഷിയെ കാണിച്ചു ചിരിപ്പിക്കാൻ ശ്രമിച്ച ഹരിസാറിന് ജൂറിയുടെ സല്യൂട്ട്.

 • സാമൂഹികപ്രതിബന്ധതയും കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ സിനിമ – ഇട്ടിമാണി മെയ്ഡ് ഇൻ ചൈന (സംവിധാനം : ജിബി ജോജു ):- നാട്ടിലുള്ള നിർധനരായ അമ്മമാർക്ക് കമ്മീഷൻ വാങ്ങിക്കിട്ടിയ പണംകൊണ്ട് ചാരിറ്റി ചെയ്യുകയും അതേസമയം വഴിയേ പോയ പരിചയക്കാരനോട് “നിന്റെ പെങ്ങൾ ചരക്ക് ആണല്ലോടാ” എന്ന് പറയുകയും ചെയ്ത കഥാനായകനായിരുന്നു സിനിമയുടെ നട്ടെല്ല്.

 • മികച്ച VFX – SL പുരം ജയസൂര്യ (സിനിമ : ജാക്ക് & ഡാനിയൽ) :- സാൻ ആൻഡ്രിയാസും വൈസ് സിറ്റിയും സബ് വേ സർഫുമൊക്കെ ജൂറിയും കളിച്ചിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു.

 • മികച്ച ആർട്ട്‌ വർക്ക് – അരുൺ ഗോപി (സിനിമ : ഇരുപത്തിയൊന്നാം നൂറ്റാണ്ട് ) :- നിർവികാരനായ ചേഗുവേരയുടെ മെഴുകുപ്രതിമ, കുറഞ്ഞ ചിലവിൽ കാർഡ് ബോർഡിൽ പണിതീർത്ത ട്രെയിൻ, ചോറുപശ കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുന്ന ട്രെയിനിലെ ഫാൻ തുടങ്ങിയ കലാസൃഷ്ടികൾ.

 • മികച്ച ആക്ഷന്‍ കോറിയോഗ്രഫി – പീറ്റർ ഹെയിൻ, കനൽ കണ്ണൻ, സുപ്രീം സുന്ദർ (സിനിമ : ജാക്ക് & ഡാനിയൽ) :- ആള് കൂടിയാൽ പാമ്പ് ചാവില്ല എന്ന പഴഞ്ചൊല്ല് ശരിയാണെന്ന് തെളിയിക്കാനായി 12 കോടി രൂപയോളം മുടക്കി സിനിമയെടുത്ത നിർമാതാവിന് വേണ്ടി ഒരുനിമിഷം മൗനം ആചരിക്കുന്നു.

 • മികച്ച ദേശീയോദ്ഗ്രഥന സിനിമ – എടക്കാട് ബറ്റാലിയൻ 06 (സംവിധാനം : സ്വപ്‌നേഷ് കെ. നായർ ) :- ലഹരിവിരുദ്ധ സന്ദേശം, പട്ടാളക്കാരന്റെ ത്യാഗം, രാജ്യസ്നേഹം മുതൽ ചെമ്പിനടിയിൽ ബിരിയാണി പിടിച്ചാൽ ഉണ്ടാവുന്ന മാനസികകുണ്ഠിതം വരെയുള്ള വിഷയങ്ങളെ ആസ്പദമാക്കി നിർമിച്ച പാട്രിയോടിക് എപിക് സാഗ.

 • മികച്ച കാസ്റ്റിംഗ് ഡയറക്ടർ – ജിബു ജേക്കബ് (സിനിമ :ആദ്യരാത്രി):- തണ്ണീർമത്തൻ ദിനങ്ങളിലെ ബാലതാരത്തിന് വളരാനുള്ള അവസരം കൊടുക്കാതെ മുളയിലെ തന്നെ നുള്ളിക്കളയാൻ ശ്രമിച്ച മഹാത്മാവ് പ്രത്യേകം കയ്യടി അർഹിക്കുന്നു.

 • മികച്ച ക്ലൈമാക്സ്‌ ട്വിസ്റ്റിനുള്ള പൃഥ്വിരാജ് സുകുമാരൻ അവാർഡ് – കണ്ണൻ താമരക്കുളം (സിനിമ : പട്ടാഭിരാമൻ) :- നായിക ശീലു എബ്രഹാം മരിച്ചുപോയി എന്ന ആശ്വാസത്തിൽ സിനിമ കണ്ടിരുന്നവർക്കും കണ്ടുറങ്ങിയവർക്കും കിട്ടിയ അവസാനത്തെ ഇരുട്ടടി.

 • മികച്ച നിഷ്കളങ്കതയ്ക്കുള്ള പ്രണവ് മോഹൻലാൽ പുരസ്‌കാരം – ഫഹദ് ഫാസിലിന്റെ അളിയൻ (സിനിമ : അമ്പിളി ):- “ഒന്ന് തൂറാനെങ്കിലും” എന്ന ഡയലോഗിനു ശേഷമുള്ള സീനിലെങ്കിലും ആ മുഖത്ത് ഒരു ഭാവമാറ്റം വരും എന്നുകരുതിയ ജൂറിക്ക് തെറ്റുപറ്റി.

 • മികച്ച പ്രൊഫഷണൽ നാടകം – ശുഭരാത്രി (സംവിധാനം :വ്യാസൻ കെ.പി ) :-ഹജ്ജ് തീർത്ഥാടനം,
  തീവ്രവാദം, മുസ്ലിം സഹോദരന്റെ വീട്ടിൽ നിന്നുള്ള ഹിന്ദു സഹോദരന്റെ മോഷണം, മതമൈത്രി, ഓപ്പറേഷനുള്ള പണംകണ്ടെത്തൽ എന്നീ കലാപരിപാടികൾ മരിച്ചിട്ടില്ല. ജീവിക്കുന്നു, ഞങ്ങളിലൂടെ..!

 • 37.മികച്ച പക്വതയ്ക്കും അച്ചടക്കത്തിനും അർപ്പണബോധത്തിനുമുള്ള ക്രിസ്റ്റ്യൻ ബെയ്ൽ അവാർഡ് – ഷെയിൻ നിഗം (സിനിമകൾ : എന്റെ കൂടെത്തന്നെയിണ്ട്, one love )

  1. മികച്ച വിതരണക്കാരന്‍ – പൃഥ്വിരാജ് സുകുമാരൻ (സിനിമ: ബിഗിൽ ) :- ഏസ്തെറ്റിക്സ് ഇല്ലാത്ത വിജയ് സിനിമകൾക്കെതിരെ പണ്ടെടുത്ത ഇരുമ്പുലക്ക നിലപാട്, പിൽക്കാലത്ത് ഏസ്തെറ്റിക്സ് കരകവിഞ്ഞൊഴുകുന്ന വിജയ്സിനിമ കേരളത്തിൽ വിതരണത്തിന് എടുത്ത മനക്കരുത്ത് എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
 • മികച്ച ടൈറ്റിൽ – ശുഭരാത്രി (സംവിധാനം :വ്യാസൻ കെ.പി ) :- മാറ്റിനിക്കും നൂൺഷോയ്ക്കും സിനിമ കണ്ടവർക്കു പോലും സുഖനിദ്രയുള്ള രാത്രിയുടെ പ്രതീതി സമ്മാനിച്ച അറംപറ്റിയ ടൈറ്റിൽ.
 • മികച്ച ശബ്ദമിശ്രണം – ഹരിസാർ (സിനിമ : ആകാശഗംഗ 2) :- ഗോഡ്സില്ലയ്ക്ക് ഡൈനോസറിലുണ്ടായ ഡ്രാക്കുളയുടെ ശബ്ദം പ്രേതത്തിൽ നിന്ന് കേട്ട ജൂറിയിലെ ആകാശഗംഗ ഫാൻസ് നെഞ്ചുംവിരിച്ച്‌ ഇറങ്ങിയോടി.

 • മികച്ച പോസ്റ്റർ ഡിസൈൻ – ചോല (സംവിധാനം : സനൽകുമാർ ശശിധരൻ ) :- നാടിനുവേണ്ടി സമരംചെയ്യാൻ “പിഴച്ച” പെണ്ണുങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലഘട്ടത്തിൽ, ഒളിച്ചോടുന്ന പെൺകുട്ടികൾക്ക് തിരിച്ചറിവുമായി പോസ്റ്റർ ഇറക്കിയ ടീമിനെ കണ്ടില്ലെന്നു നടിക്കാൻ ആർക്കാണ് കഴിയുക.?

 • മികച്ച തിരിച്ചുവരവിനുള്ള ജയറാം മെമ്മോറിയൽ അവാർഡ് – ജയറാം (സിനിമകൾ : ലോനപ്പന്റെ മാമോദീസ, ഗ്രേറ്റ്‌ ഗ്രാൻഡ്ഫാദർ, മാർക്കോണി മത്തായി, പട്ടാഭിരാമൻ):- സ്വന്തം പേരിലുള്ള അവാർഡ് സ്വയം ഏറ്റുവാങ്ങാനും ഒരു റേഞ്ച് വേണം.

 • മികച്ച വഞ്ചനയ്ക്കുള്ള വിജയകുമാർ / കൃഷ്ണകുമാർ സംയുക്ത മെമ്മോറിയൽ അവാർഡ് – ഗ്യാoബ്ലർ (സംവിധാനം: ടോം ഇമ്മട്ടി) :- ട്രെയിലർ കണ്ട് മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമ പ്രതീക്ഷിച്ചു കയറിയവരെ സീരിയൽ കാണിച്ചുവിട്ട പതിറ്റാണ്ടിന്റെ ചതി.

 • പതിറ്റാണ്ടിന്റെ പഴിചാരൽ പുരസ്കാരം – മോഹൻലാൽ ഫാൻസ്‌, മമ്മൂട്ടി ഫാൻസ്‌ & ദിലീപ് ഫാൻസ്‌ (സിനിമ :സൂപ്പർസ്റ്റാർ ഹരീന്ദ്രൻ ഞങ്ങടെ അപ്പനല്ലടാ, നിങ്ങടെ അപ്പനാ)

 • 45.മലയാളസിനിമ കണ്ട മികച്ച ദുർമരണത്തിനുള്ള സന്തോഷ്‌ കീഴാറ്റൂർ പുരസ്കാരം – സിദ്ധിഖ് (സിനിമ : മാമാങ്കം).
  ബിഗിലിൻ്റെ ഫ്ലെക്സ് ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കാൻ ശ്രമിച്ച വിജയ് ഫാൻസിനെ ഫ്ലെക്സ് അടിച്ചു അഭിനന്ദിച്ച, സിനിമയുടെ

  DCR എടുക്കാൻ തീയേറ്ററിലേക്ക് നേരിട്ടുപോയ മമ്മൂട്ടി ഫാൻസ് ജൂറിയുടെ പ്രത്യേക പരാമർശം ഏറ്റുവാങ്ങി.

  (മുൻവർഷത്തെ അവാർഡുകൾ കാണുവാനായി ലിങ്കുകളിൽ സ്പർശിക്കുക : 2016 : goo.gl/PCbdN1, 2017 : bit.ly/2rTSf3a , 2018 : bit.ly/36R94yB )
  © MOVIE STREET സി.കെ. രാഘവൻ