എന്താണ് ക്ലീഷേകൾ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ക്ലീഷേ എന്നാൽ ആവർത്തിച്ചു പയോഗിച്ച് മടുത്തത് എന്നർത്ഥം. കലയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു സംജ്ഞ ആണിത്.മലയാള സിനിമയിൽ തിക്കുറിശ്ശിയുഗം മുതൽ ന്യൂജനറേഷൻ സിനിമകളെന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവ് വരെ ഈ ക്ലീഷേ സന്ദർഭങ്ങൾ നിരന്തരമായി ഉപയോഗിച്ചിട്ടുണ്ട്.
ആദ്യമൊക്കെ പ്രേക്ഷകർ ഇത്തരം സന്ദർഭങ്ങളെ കാര്യമായെടുത്തില്ലെങ്കിലും നിരൂപകർ(സിനിമയെ ഗൗരവമായി കാണുന്നവർ) ഇക്കാര്യങ്ങളെ ചൂണ്ടിക്കാണിച്ചിരുന്നു. മാറാത്ത സിനിമ അല്ലെങ്കിൽ പ്രമേയത്തിലും , ആഖ്യാനത്തിലും പരീക്ഷണങ്ങൾക്ക് മുതിരാൻ ശ്രമിക്കാത്ത സിനിമയിൽ ഇത്തരം സന്ദർഭങ്ങളെ ലജ്ജയേതുമില്ലാതെ ധാരാളം അവതരിപ്പിക്കുന്നു .
ഉപയോഗിച്ച സന്ദർഭങ്ങൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്നല്ല, മറിച്ച് നൂറ്റൊന്നാവർത്തിച്ച സന്ദർഭങ്ങളേയും, സംഭാഷണങ്ങളേയും, പശ്ചാത്തലത്തേയും എന്തുകൊണ്ട് മാറ്റിപ്പിടിച്ചുകൂടാ /പുനരവതരിപ്പിച്ചു കൂടാ എന്നൊരു ചോദ്യമുണ്ട്. ഇത് സാദ്ധ്യമല്ലാതല്ല. പക്ഷെ അതിന് ചിന്തയും ,പുതിയത് കണ്ടെത്താനുള്ള പ്രതിഭയും, അവതരിപ്പിക്കാനുള്ള ധൈര്യവും, സമയവും ചിലവാക്കേണ്ടതുണ്ട്. പ്രേക്ഷകന് ഇന്നതേ ഇഷ്ടപ്പെടൂ എന്ന രീതിയിൽ പ്രേക്ഷകനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന സിനിമാ അണിയറ പ്രവർത്തകർ പുതിയതൊന്ന് കണ്ടെത്താനുള്ള അദ്ധ്വാനത്തെ ലഘൂകരിച്ച് പറഞ്ഞു പഴകിയ സന്ദർഭങ്ങളെ നൂറ്റൊന്നാവർത്തിക്കുകയാണ്.
പക്ഷെ,ലോക സിനിമകൾ ഇന്ന് ഒരു വിരൽത്തുമ്പിനാൽ കാണാൻ സാദ്ധ്യമാകുന്ന ഈ വിവര സാങ്കേതികാ വിപ്ലവ കാലത്ത് മലയാള സിനിമ കാണുന്ന പ്രേക്ഷകൻ ലോക സിനിമകളുടെ പ്രേക്ഷകൻ കൂടിയാണെന്ന് ഓർക്കുന്നത് മലയാള സിനിമാ പ്രേക്ഷകർക്ക് ഗുണം ചെയ്യും.മലയാള സിനിമയിൽ ഒരു കാലത്ത് ക്ലിഷെകളുടെ ഘോഷയാത്രയായിരുന്നു. പലതിനും ഇപ്പോൾ വംശനാശം വന്നു. അങ്ങനെ ഉള്ള ഏതാനും ചില ഉദാഹരണങ്ങൾ നോക്കാം.
✨ആദ്യരാത്രി: മുല്ലപ്പൂച്ചൂടി അണിഞ്ഞൊരുങ്ങി നാണിച്ച് തലകുനിച്ച് ഒരു ഗ്ലാസ് പാലും കൈയിൽ പിടിച്ച് മന്ദം മന്ദം മന്ദാകിനിയായി വരുന്ന നവ വധു. അലങ്കരിച്ച മണിയറയിൽ വിദൂരതയിലേക്ക് കണ്ണുംനട്ട് ആദ്യ രാത്രിയിൽ ഭാര്യയോടു പറയേണ്ട ഡയലോഗ് പറഞ്ഞു പഠിക്കുന്ന നവ വരൻ. ഇപ്പോൾ ഇത്തരം ആദ്യ രാത്രികൾ കാണ്മാനില്ല എന്നതാണ് ഒരു ആശ്വാസം.
✨ അമാനുഷികനായ നായകൻ അഥവാ എത്ര തല്ലിയാലും ചാകാത്ത നായകൻ:
വില്ലൻ നായകനെ പാറ്റയെ ചെരുപ്പ് കൊണ്ട് അടിക്കും പോലെ അച്ചാരം പുച്ചാരം അടിച്ച് നിലത്ത് ഇടുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന നായകൻ ചക്രശ്വാസം വലിക്കുന്നു. അപ്പോഴാണ് നായികയുടെ കിളി നാദം നായകന്റെ ചെവിയിൽ മുഴങ്ങുന്നത്. നായികയുടെ “രമണേട്ടാ…രമണേട്ടാ” എന്ന രണ്ട് വിളി, നായകൻ ചാടി എഴുന്നേറ്റ് വില്ലനെ തല്ലി നിരപ്പാക്കി. നായികയുടെ കൈയും പിടിച്ച് സ്വോ മോഷനിൽ അങ്ങ് നടന്ന് പോകുന്നു.
✨ഒരു ഉളുപ്പുമില്ലാതെ നായികയുടെ പിറകെ നടക്കുന്ന നായകൻ:തന്നെ എനിക്ക് ഇഷ്ടമല്ലെന്ന് നല്ല പച്ച മലയാളത്തിൽ നായിക നായകനോടു പലവട്ടം പറയുന്നു. പക്ഷേ അക്ഷര വിദ്യാഭ്യാസമില്ലാത്ത നായകന് മലയാളം പറയാനല്ലേ അറിയൂ. കേട്ടാൽ മനസ്സിലാകില്ലല്ലോ! അതുകൊണ്ട് നായകൻ നായികയുടെ പിറകെ മണപ്പിച്ച് പാട്ടും പാടി നടക്കുന്നു. നായിക എന്തെങ്കിലും പ്രശ്നത്തിൽ പോയി ചാടുന്നു, നായകൻ രക്ഷിക്കുന്നു. പിന്നെ പ്രണയമായി, പാട്ട് പാടി ഡാൻസായി, മരം ചുറ്റി ഓട്ടമായി.
✨ മുറ പെണ്ണ്/ മുറ ചെറുക്കൻ ട്രെൻഡ്:ഒരു കാലത്തെ ട്രെൻഡ് ആയിരുന്നു മുറപെണ്ണ്
മുറചെറുക്കൻ പ്രണയം. ഇപ്പോൾ മുറപെണ്ണും, മുറ ചെറുക്കനുമൊക്കെ അന്യം നിന്ന് പോയെന്ന് തോന്നുന്നു.
✨ പരിഷ്കാരിയായ നായികയെ ചട്ടം പഠിപ്പിക്കുന്ന നായകൻ:
സിറ്റിയിൽ നിന്ന് വന്ന് ഗ്രാമത്തിൽ താമസിക്കുന്ന ജീൻസും, ടീ ഷർട്ടുമിട്ട മുറി മലയാളം പറയുന്ന നായിക. അവളെ ചൊൽപ്പടിക്ക് നിർത്തി മലയാളം പഠിപ്പിച്ച് കല്യാണം കഴിക്കുന്ന നായകൻ. ആ നാട്ടിൽ വേറെ പെണ്ണില്ലാത്ത പോലെയാണ് നായകൻ പരിഷ്കാരിയെ കെട്ടുന്നത്.
✨ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് നായികയുടെ അണപ്പല്ല് അടിച്ച് ഇളക്കുന്ന നായകൻ:നായിക നായകനെ എതിർത്ത് സംസാരിക്കുന്നു.ഠപ്പേ! ഠപ്പേ! രണ്ട് അടി! അതോടെ നായിക പൂച്ച ക്കുട്ടിയായി നായകന്റെ പിന്നാലെ പോകുന്നു. എന്താ കഥ!! ഇപ്പോൾ ഈ സംഗതി മലയാള സിനിമയിൽ കാൺമാനില്ല.
✨കോക്കാച്ചിയെ പോലത്തെ വില്ലൻ: പണ്ടത്തെ ഒരു ട്രെൻഡ് എന്താണെന്ന് വെച്ചാൽ, കാണാൻ വലിയ ലുക്ക് ഇല്ലാത്ത നടന്മാരെ പിടിച്ചു വില്ലൻ ആക്കും . നായക സ്ഥാനം കുറച്ചു തൊലിവെളുപ്പുണ്ടെങ്കിലെ പൊതുവേ കിട്ടു. അല്ലെങ്കിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യാനുള്ള ചങ്കുറപ്പ് വേണം . വില്ലനെ പരമാവധി ബോറാക്കും, അവിഞ്ഞ ലുക്ക് എത്രത്തോളം വരുത്താൻ പറ്റുമോ അത്രത്തോളം വരുത്തും.ഇപ്പോൾ ട്രെൻഡ് മാറി. വില്ലന്മാർ ഇപ്പോൾ എന്നാ ഗ്ലാമറാ!! സുന്ദരനായ വില്ലനും, കോക്കാച്ചി നായകനും.
✨നായികയുടെ സമ്മതമില്ലാതെ നായികയുടെ ശരീരത്തിൽ സ്പർശിക്കുന്ന നായകൻ:ആർക്ക് വേണം നായികയുടെ സമ്മതമൊക്കെ…ബ്ലഡി ഗ്രാമ വാസീസ്…ഞാൻ നായകനാണ്, അതു കൊണ്ട് ഞാൻ നായികയുടെ കൈയിൽ കയറി പിടിക്കും, ബലമായി ചുംബിക്കും, അവസരം കിട്ടിയാൽ റേപ്പും ചെയ്യും, കല്യാണം കഴിച്ചാൽ പോരേ!!!! ഇപ്പോൾ ട്രെൻഡ് മാറി.
✨എന്തിനോ വേണ്ടി തിളയ്ക്കുന്ന അശ്ളീല ചുവയുള്ള തമാശകൾ:
ന്യൂ ജനറേഷൻ സിനിമകളിൽ പൊതുവേ കുറെ അശ്ളീല തമാശകൾ കുത്തികയറ്റുന്ന പ്രവണത കണ്ട് വരുന്നു. അത്തരം സിനിമകൾ ഒരു തവണയിൽ കൂടുതൽ കാണാൻ തോന്നാറില്ല. അവന്മാർ വെറുപ്പിച്ചു കളയും
✨വെള്ള സാരിയുടുത്ത നല്ല സുന്ദരി പ്രേതം: യക്ഷി അന്യം നിന്ന് പോയൊരു ഐറ്റമാണെങ്കിലും, പണ്ട് മലയാള സിനിമയിൽ ഉന്നത സ്ഥാനമാണ് യക്ഷി അലങ്കരിച്ചിരുന്നത്. വെള്ള സാരിയും ഉടുത്ത് ,പനംകുല പോലത്തെ മുടിയും അഴിച്ചിട്ട് പാട്ടും പാടിയുള്ള ആ വരവ് കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അത്ര ലുക്കായിരുന്നു. ആരെങ്കിലും പീഡിപ്പിച്ചു കൊല്ലുന്നതോടെയോ ,ചുമ്മാ ഒരു രസത്തിനു കൊല്ലുന്നതോടെയോ ,പ്രതികാരം ചെയ്യുവനായി യക്ഷി സാരിയും ചുറ്റി ഇറങ്ങുന്നു. പിന്നെ പ്രതികാരം കഴിഞ്ഞിട്ടേ സാരി അഴിച്ചു വെയ്ക്കൂ. അതൊക്കെ ഒരു കാലം.ഇപ്പോൾ യക്ഷിക്ക് പകരം ഹോളിവുഡിൽ നിന്ന് ഇറക്കുമതി ചെയ്ത കരിഞ്ഞ പ്രേതങ്ങളാണ് വെള്ളത്തിരയിൽ തുള്ളിക്കളിക്കുന്നത്.
✨ ചത്ത പ്രേതവും , വില്ലനുമൊക്കെ തിരിച്ചു വരുന്നു:മാരണം പോയി എന്ന് കരുതി ഇരിക്കുമ്പോൾ അവസാന സീനിൽ രണ്ടാം ഭാഗത്തിനുള്ള സ്കോപ്പ് നിലനിർത്താൻ വേണ്ടി, വില്ലനും പ്രേതവും തിരിച്ചു വരുന്നതിന്റെ സൂചന നൽകും.
✨ഇരുപത് ജിമ്മന്മാരെ ഒറ്റയ്ക്ക് ഇടിച്ച് പറത്തുന്ന നായകൻ:നായകൻ മരണമാസ്സല്ലേ… നായി കയുടെ മുമ്പിൽ ഷൈൻ ചെയ്യാൻ വേണ്ടി, നായകൻ ഒറ്റയ്ക്ക് ജിമ്മന്മാരെ റോക്കറ്റ് വിടും പോലെ ആകാശത്തേക്ക് പറത്തും. നായകന് തുമ്പയിൽ ജോലി കൊടുക്കണം. അമ്മാതിരി കഴിവാണ്.
✨ ഇന്ത്യയ്ക്ക് വേണ്ടി മക്കൾക്ക് വേണ്ടി സർക്കാറിനെ മറിച്ച് ഇടുന്ന നായകൻ: നായകൻ വന്ന് കേരള സർക്കാരിനെയോ ,ഇന്ത്യൻ സർക്കാരിനെയോ നവീകരിക്കും. അതോടെ ലോകം നന്നാകുന്നു.
✨പോലീസുകാരുടെ നെഞ്ചത്ത് കയറി ഡിസ്ക്കോ ഡാൻസ് കളിക്കുന്ന നായകൻ:
നായകന്റെ “ക്ര ള ഷ സഛ” എന്ന രണ്ട് ഡയലോഗ് പിന്നെ പോലീസ് പോലും കമ എന്നൊരു അക്ഷരം മിണ്ടിയില്ല. മിണ്ടിയാൽ നായകൻ പോലീസിനെ പഞ്ഞിക്ക് ഇട്ട് കളയും. നായകൻ ഡാ!!
ഇനി യാഥാർഥ്യമല്ലാത്ത ഏതാനും കാര്യങ്ങളും സിനിമകളിൽ പതിവായി കാണിക്കും . പലർക്കും ഇത് അരോചകമായി തോന്നാറും ഉണ്ട്. ഏതാനും ഉദാഹരണങ്ങൾ നോക്കാം.
✨ക്ലോറോഫോം മണപ്പിക്കുമ്പോൾ ഉടനടി ബോധം പോവുന്ന ആളുകൾ : യഥാർത്ഥത്തിൽ ക്ലോറോഫോം മണപ്പിച്ചു കഴിഞ്ഞാൽ 3 മുതൽ 5 മിനിറ്റ് വരെ കഴിഞ്ഞേ അബോധാവസ്ഥയിൽ ആവുകയുള്ളു. അതും വളരെ അധികം ക്ലോറോഫോം അകത്തു ചെന്നാൽ മാത്രം.
✨ കൊക്കയിലോ, വെള്ള ചാട്ടത്തിലോ വീഴുന്ന നായകനോ നായികയോ, ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരുന്നു. ചിലപ്പോ ആദിവാസികൾ പച്ച മരുന്നും റെഡി ആക്കിട്ട് അവർ വീഴുന്നതും കാത്തു നിൽക്കുന്നുണ്ടാവും.യഥാർത്ഥത്തിൽ വളരെ പരിചയ സമ്പന്നരായ ഡൈവിങ് experts നു വരെ, എല്ലാവിധ സുരക്ഷ സജ്ജീകരണങ്ങളും ആയി 30 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിന്നും ചാടിയാൽ പരുക്ക് പറ്റാനിടയുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ 10 മീറ്റർ ഉയരത്തിൽ നിന്നും ചാടുന്നത് വരെ അപകടം വരുത്തി വെച്ചേക്കാം.
✨വില്ലന്റെ ശിങ്കിടികളെ നായകൻ കൊച്ചു പിച്ചാത്തി വെച്ചു കുത്തുന്നു. വേച്ചു വേച്ചു നടക്കുന്നു അല്ലെങ്കിൽ തൽക്ഷണം മരിച്ചു വീഴുന്നു. എന്നാൽ നായകനെ മത്തി കീറുന്നത് പോലെ കീറിയാലും നായകന് ഒരു കുഴപ്പവും പറ്റുന്നില്ല.അത് പോലെ കാലിനോ അല്ലെങ്കിൽ ദേഹത്ത് ഇവിടെ എങ്കിലും വെടി കൊള്ളുന്ന വില്ലന്മാർ പിന്നെ അനങ്ങാൻ പറ്റാതെ കിടക്കും. വെടി കൊണ്ട് അരിപ്പ ആയാലും പിന്നേം നായകൻ ഒരു 10 മിനിറ്റ് കൂടെ പിടിച്ചു നിൽക്കും. എന്നിട്ട് മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞിട്ടേ ICU ൽ എത്തൂ.
✨കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകൻ ബോർഡിൽ (a+b)2(a+b)2 ഒക്കെ എഴുതിവെക്കുന്നത്, അല്ലെങ്കിൽ ഇത് പോലെ യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത്.
✨വികാരഭരിതമായ രംഗങ്ങളിൽ മുഖത്ത് നോക്കാതെ പുറം തിരിഞ്ഞു നിന്നു വിദൂരതയിലേക് നോക്കി എങ്ങോട്ടേക്കോ നടന്നിട്ടു സംഭാഷണം പറയുന്നത്.
✨ചെറിയ calculator ബോംബിന്റെ റിമോട്ട് കണ്ട്രോൾ ആയി ഉപയോഗിക്കുന്നത്
ഇപ്പറഞ്ഞ മിക്കതും ഇപ്പോൾ സിനിമകളിൽ അങ്ങനെ കാണാറില്ല. അന്യ ഭാഷ ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട്.