Sunil Waynz
മലയാളസിനിമ സാമ്പത്തികമായും കലാപരമായും പുതിയ ഔന്നത്യങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന സമയമാണ്..എന്നാൽ 90കളിൽ തുടങ്ങി 2000ത്തിന്റെ മധ്യപകുതി വരെ ആവർത്തിച്ച് വരികയും,പ്രേക്ഷകന് ചില സീനുകളെക്കുറിച്ച് മുൻധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്ന ചില ടിപ്പിക്കൽ ക്ലീഷേ സീനുകളുണ്ട്..അവയെ കുറിച്ചാണ് ഞാൻ ഈ പോസ്റ്റ് വഴി സംസാരിക്കുന്നത്.
ഇവിടെ പരാമർശിച്ചിരിക്കുന്നവയൊന്നും ആധികാരികമല്ല എന്ന് കൂടി പറയട്ടെ..കാരണം ഇതിന് ഘടകവിരുദ്ധമായ സീനുകളും പണ്ടത്തെ സിനിമകളിൽ നിരവധിയുണ്ടാകാം.എങ്കിലും കുറെയേറെ സിനിമകളിൽ ആവർത്തിച്ചു കണ്ടിട്ടുള്ളത് എന്ന നിലക്ക് പൊതുവേ കണ്ടു വന്നിരുന്ന ക്ലീഷേകൾ/സംഭവങ്ങൾ എന്നിവയെക്കുറിച്ച് ചെറുതായി സൂചിപ്പിക്കുന്നുവെന്ന് മാത്രം
1️⃣മലയാള സിനിമ തുടങ്ങിയ കാലം മുതൽക്കേ വയറിളക്കാൻ ചായയിൽ ഇട്ട് വരുന്ന പദാർത്ഥം #വിം ആണ്.വയറിളക്കാൻ വേണ്ട മറ്റ് സാമഗ്രികളെക്കുറിച്ചൊന്നും സിനിമാക്കാർക്ക് യാതൊരു ബോധ്യവും ഇല്ലാഞ്ഞിട്ടാണോ എന്തോ,വർഷങ്ങളായി വയറിളക്കാൻ ഉപയോഗിച്ചു വരുന്ന സിനിമാപ്രഹസനം വിമ്മാണ്.കോൺസ്റ്റബിൾ കുട്ടൻ പിള്ളയുടേയും,വേലക്കാരി ജാനുവിന്റേയും കാണാതെ പോയ മോൻ ഉണ്ണിയുടേയും തൊഴിൽ,കാലക്രമേണ സിനിമ നഷ്ടപ്പെടുത്തിയപ്പോൾ അക്കൂട്ടത്തിൽ വിമ്മിനേയും കൂടി തൊഴിൽരഹിതനാക്കി തീർത്തുവെന്ന് വേണം അനുമാനിക്കാൻ😪😪കാലഘട്ടത്തിന് അനുസൃതമായ ഇത്തരം മാറ്റങ്ങൾ വിമ്മിന് പുറമേ ഓമ്നി വാൻ,ചാണകക്കുഴി തുടങ്ങിയ മലയാള സിനിമയിലെ പരമ്പരാഗത ഉൽപന്നങ്ങളുടേയും തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു
0️⃣2️⃣അഹങ്കാരിയും വാശിക്കാരിയുമായ നായിക..പ്രതാപിയായ സ്വന്തം അച്ഛനെ അറിയുമോ എന്ന് ചോദിച്ച് നായകനെ മുൾമുനയിൽ നിർത്തുകയായിരുന്നു ഇടക്കാലത്തെ ഇവരുടെ പ്രധാനവിനോദം.ഇത്തരം നായികമാരുടെ കിടപ്പുമുറിയിൽ അബദ്ധവശാൽ കയറുന്ന നായകൻ അവളുടെ നഗ്നത കാണാൻ ഇടവരികയും തന്മൂലം അവളുടെ മേൽ തനിക്കുള്ള അവകാശം ഒന്ന് കൂടി ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.ഇത്തരം നായികന്മാരെല്ലാം തന്നെ ഒടുക്കം നായകന്റെ വഴിക്ക് വരുന്ന അവസ്ഥയാണ് ക്ലൈമാക്സസിനോടടുക്കുമ്പോൾ പൊതുവേ കണ്ടുവന്നിരുന്നത്.മോഹിനി,പ്രിയാരാമൻ തുടങ്ങിയവരായിരുന്നു ഇത്തരം നായികാവേഷങ്ങൾ കയ്യാളുന്നതിൽ അഗ്രഗണ്യരായിരുന്നത്
0️⃣3️⃣മലയാളസിനിമ തുടങ്ങിയ കാലം മുതൽക്കേ ആംഗ്ലോ ഇന്ത്യൻ വേഷങ്ങളുടെ കുത്തക സുകുമാരി..ഫിലോമിന എന്നിവർക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്..മാഗി,മാർഗരറ്റ്,എലിസബത്ത്,സൂസൻ എന്നീ പേരുകളിലാണ് ഇത്തരം കഥാപാത്രങ്ങൾ മിക്കവാറും സിനിമകളിലും വന്നു പോയിരുന്നത്..ഇത്തരക്കാർക്ക് ഫ്രെഡ്ഡി എന്ന പേരിൽ ആരെങ്കിലുമൊക്കെ ബന്ധുക്കളായി ഉണ്ടാവുകയും സർവസാധാരണം.(ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ പോയി ശിഷ്ടകാലം ചെലവഴിക്കണമെന്നതാണ് ഇക്കൂട്ടരിൽ ഭൂരിഭാഗം പേരുടേയും അന്ത്യാഭിലാഷം)
0️⃣4️⃣നായകനോട് ഏറ്റവും കൂറ് പുലർത്തുന്ന വ്യക്തി/അല്ലെങ്കിൽ കടപ്പാടുള്ള വ്യക്തി ആരാണാവോ,അയാൾക്കാവും മിക്കവാറും ക്ലൈമാക്സിൽ വെടി കൊണ്ട് ചാവാൻ യോഗം..നായകൻ കൂളായി അടിയും ഇടിയും കൊടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് മെയിൻ വില്ലന് നഷ്ടപ്പെട്ട തോക്ക് തിരികെകിട്ടുന്നതും,ടിയാൻ അത് നായകന് നേരെ പ്രയോഗിക്കാൻ തുടങ്ങുന്നതും..തക്കസമയത്ത് ഓടി വന്ന് നെഞ്ച് വിരിച്ച് തിന്നചോറിനുള്ള നന്ദി കാണിക്കുക എന്ന ദൗത്യം ഇത്തരം ശ്രേണിയിൽപ്പെട്ടവരാണ് വർഷാവർഷങ്ങളായി ഭംഗിയായി നിറവേറ്റാറുള്ളത്.രണ്ടായിരാമാണ്ടിന് തൊട്ട് മുൻപ് വരെ ഈ ജോലി കൊട്ടേഷൻ വിളിച്ച് മൊത്തമായി ഏറ്റെടുത്തിരുന്നത് സിദ്ദിഖ് ആയിരുന്നുവെന്നത് കൂടി ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കണം.വേറെ പലരും കാലക്രമേണ അക്കൂട്ടത്തിലേക്ക് കടന്നു വന്നെങ്കിലും സിദ്ദിഖിനെ പോലൊരു യജമാനസ്നേഹിയെ മലയാളസിനിമ പിന്നീട് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്??
0️⃣5️⃣മിക്കവാറും എല്ലാ സിനിമകളിലും രാവിലെയായി എന്ന് കാണിക്കുവാൻ ഉപയോഗിക്കുന്ന സാധനം തെങ്ങാണ്.തെങ്ങിൻമണ്ടയിലെ രണ്ട് ഓലക്കീറുകളുടെ വിടവിലൂടെ സൂര്യനെ കാണിച്ചാണ് ഒരുമാതിരിപ്പെട്ട പഴയസിനിമകളിലെല്ലാം പ്രഭാതം പൊട്ടി വിടരുന്നത്..കോഴി കൂവുന്നതും കുരുവിയടക്കമുള്ള പക്ഷികളുടെ കളകളാരവവും നായയുടെ ഓരിയിടലും ഇതിന് ശേഷം മാത്രം..നായകനും നായികയും ബന്ധപ്പെടുന്ന സമയത്തും ഇതേ സിംബോളിസം ഉപയോഗിച്ചു കണ്ടിട്ടുണ്ട്..കുതിരയുടെ ശബ്ദമാകും നായകൻ വികാരപരവശനായി തീരുമ്പോൾ സിനിമയിൽ പുറപ്പെടുവിക്കുന്ന ശബ്ദം.ഇരുവരും തമ്മിലുള്ള ലീലാവിലാസങ്ങൾ കഴിഞ്ഞെന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നതാകട്ടെ,ഇലത്തുമ്പിൽ നിന്ന് ജലകണികകകൾ ഇറ്റിറ്റ് വീഴുമ്പോഴും!!
0️⃣6️⃣ഓട്ടോറിക്ഷയിൽ വരുന്ന നായികാ-നായകന്മാർ മിക്കവാറും ക്യാഷ് ചോദിക്കുന്നതിന് മുൻപേ കൊടുക്കും..ഭൂരിഭാഗംപേരും ബാക്കി വാങ്ങിക്കാൻ പോലും മെനക്കെടാറില്ല..ബാക്കി നൽകാൻ ഡ്രൈവർമാരും!!എത്രയായിയെന്നെങ്ങാനും ഡ്രൈവറോട് നായിക/നായകൻ ചോദിച്ചുകഴിഞ്ഞാൽ പിന്നെ തുടങ്ങുകയായി മാസ്സ് ഡയലോഗുകളുടെ പൂരം..കൂടെ “വണ്ടിയുടെ വിലയല്ല ചേട്ടാ ഞാൻ ചോദിച്ചത്” എന്നൊരു ഡയലോഗ് കൂടി നിർബന്ധം.കോമഡി താരങ്ങൾ മിക്കവാറും ഓടിയ കാശിന്റെ ബാക്കി വാങ്ങിക്കുകയാണെങ്കിൽ അത് മിക്കവാറും അടിയിലോ,ഷർട്ട് വലിച്ച് കീറുന്നതിലോ ആണ് ചെന്നുകലാശിക്കാറ്..ജഗതിയായിരുന്നു അക്കാലത്ത് ഇത്തരം ഡ്രൈവേഴ്സിന്റെ സ്ഥിരം വേട്ടമൃഗം.ഇത് മാത്രമല്ല,നായിക Bold ആണെന്ന് ഓപ്പണിങ് ഷോട്ടിൽ തന്നെ തെളിയിക്കാനുള്ള സംവിധായകന്റെ ബ്രില്ല്യൻസും പണ്ട് കാലത്തെ ഒരുപാട് സിനിമകളിൽ സർവസാധാരണമായിരുന്നു..നായിക വീരശൂരപരാക്രമിയാണെന്ന് പലപ്പോഴും പ്രേക്ഷകർ മനസ്സിലാക്കുന്നത് തന്നെ ബാക്കി കിട്ടാനുള്ള കാശ് കൺസ്യൂമർ ആക്ടിന്റെ കാര്യം പറഞ്ഞ് എണ്ണിപ്പറഞ്ഞ് വാങ്ങുമ്പോഴാണ്..സിനിമയിൽ അങ്ങിങ്ങായി കടന്നു വരുന്ന ചായയുടെ കാര്യവും ഇതൊക്കെ തന്നെ തന്നെ..കൊടുത്ത ചായ കുടിച്ച് മുഴുമിപ്പിക്കുന്നത് അധികമൊന്നും കണ്ടിട്ടില്ല.New Gen സിനിമയിലും വലിയ വ്യത്യാസമൊന്നും തോന്നിയില്ല ഈ ഐറ്റത്തിന്.ആമേൻ സിനിമയുടെ Opening Shotൽ തന്നെ ഇന്ദ്രജിത്ത് ഒരു നാരങ്ങാവെള്ളം കുടിക്കുന്നത് കണ്ടു..കഷ്ടം..എന്തിനാണാവോ വാങ്ങിച്ചത്..ഒരൊറ്റ സിപ്പ്..അത്ര തന്നെ..ചൂടുകാലത്ത് ഈ സീൻ ഇപ്പോഴും കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും😞😞
0️⃣7️⃣വില്ലന്റെ ഒളിസങ്കേതത്തിൽ സാഹസികമായി പ്രവേശിക്കുന്ന സമയത്ത് മർമപ്രധാനമായ പാസ് വേഡുകൾ കിട്ടാതിരിക്കുകയും അത് ഒറ്റ നിമിഷം കൊണ്ട് കണ്ടെടുക്കുന്ന ജാലവിദ്യയും നിരവധിയായി കണ്ടിട്ടുണ്ട്..വില്ലന്റെ മക്കളുടെ പിറന്നാൾ ദിവസവും വിവാഹവാർഷികദിനവുമെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് എങ്ങനെ ഓടിവരുന്നുവെന്ന് ഈയുള്ളവന് ഈ നിമിഷം വരെയും പിടികിട്ടിയിട്ടില്ല
0️⃣8️⃣കേസന്വേഷണത്തിന് വരുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറോ അല്ലെങ്കിൽ മറ്റ് ഓഫീസേഴ്സോ,സിനിമയിലെ സുപ്രധാന രംഗത്ത് പാസിംഗ് ഷോട്ടിൽ വരുന്ന വില്ലനെയോ അല്ലെങ്കിൽ വില്ലനുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെയോ ഓർത്തെടുക്കാൻ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ പ്രേരിപ്പിക്കാറുണ്ട്..അവർ ഒരു നിമിഷം കണ്ണടച്ച് നിന്നാൽ അതാ…അതാ..ഉടൻ തെളിയുകയായി സ്ലോമോഷനിൽ പാസിങ് ഷോട്ടിൽ വന്നു പോയവരുടെ മുഖങ്ങൾ..അതും നല്ല ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയോടെ തന്നെ .പി.എസ്.സി.പരീക്ഷക്ക് പോകുമ്പോൾ നിസ്സാര ഉത്തരങ്ങൾക്കായി വർഷങ്ങളായി പഠിച്ച സകലമാനപുസ്തകങ്ങളിലൂടെയും വെറുതെ ഓട്ടപ്രദക്ഷിണം നടത്താറുള്ള ഈയുള്ളവന്റെ പിഞ്ചുമനസ്സ്,കേവലം ഒരൊറ്റ നിമിഷം കൊണ്ട്,താൻ കണ്ട ആളുകളെ കാലങ്ങൾക്കിപ്പുറവും ഓർത്തെടുക്കുന്ന ആ ജാലവിദ്യ കണ്ട് കോൾമയിർ കൊണ്ടു പോയിട്ടുണ്ട് എന്ന വിവരവും ഇതിനാൽ അറിയിച്ചു കൊള്ളട്ടെ.
0️⃣9️⃣പ്രാരാബ്ദം..കഷ്ടപ്പാട്..ഇത്യാദി കാര്യങ്ങളുമായി സഹവാസത്തിലായ നായകന്റെ കൂടെ എല്ലായ്പോഴും മണ്ടത്തരം പറയാൻ എർത്ത് പോലെ ഒരാൾ മസ്റ്റ് ആണ്..ഞാൻ സിനിമകൾ കണ്ടു തുടങ്ങിയ കാലം മുതൽക്ക് ജഗതിയായിരുന്നു ഇത്തരം വേഷങ്ങളുടെ ആസ്ഥാന അപ്പോസ്തലൻ.കാലക്രമേണ ഹരിശ്രീ അശോകൻ,കലാഭവൻ മണി,സലിം കുമാർ അടക്കമുള്ള ഹാസ്യ താരങ്ങളും ഈ ജോലി ഭംഗിയായി നിർവഹിച്ചു വന്നു.
1️⃣0️⃣ജയിലിലെ പ്രധാനപണി പാറ പൊട്ടിക്കൽ ആയിരിക്കും..ഇവിടെ വച്ചായിരിക്കും ജയിൽചാടുന്നതുൾപ്പടെയുള്ള മർമപ്രധാനവഴിത്തിരിവുകൾ നായകന് സഹതടവുകാരൻ ഓതിക്കൊടുക്കുന്നത്..ഇത് കൂടാതെ ജയിലിൽ വെള്ളമൊഴിച്ചു കുളിക്കുന്ന വിശാലമായൊരു സീൻ ഉണ്ടെങ്കിൽ അടുത്തത് ഒരു തല്ലാണെന്ന് നൂറു ശതമാനം അനുമാനിക്കാം.വെള്ളം തേവാൻ ഉപയോഗിക്കുന്ന ബക്കറ്റ് തന്നെ ആയിരിക്കും സംഘട്ടനസമയത്ത് വില്ലന്റെ പ്രധാന ആയുധവും
പെട്ടെന്ന് ഓർമയിൽ കടന്നുവന്ന പത്തെണ്ണം ഇതൊക്കെയാണ്😎ഗുയ്സ്😎കടന്നു വരൂ😎😎ഇനി നിങ്ങളുടെ ഊഴമാണ്😎😎