ഏത് ഇന്ത്യന്‍ സിനിമയെടുത്ത് നോക്കിയാലും ഈ “സീനുകള്‍” കാണും; ക്ലീഷേ

362

cliche scenes in any indian cinema

ഏത് ഇന്ത്യന്‍ സിനിമ എടുത്ത് നോക്കിയായാലും ഈ സീനുകള്‍ ഒക്കെ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അതില്‍ കാണും. ബോളിവുഡ് മുതല്‍ ഭോജ്പൂരി വരെയുള്ള സിനിമകളില്‍ ഈ സീനുകള്‍ ഇല്ലാതെ കഥ മുന്നോട്ട് പോകില്ല. നമ്മുടെ മലയാളത്തിലും അയലത്തെ തമിഴിലും ഒക്കെ ഈ സീനുകള്‍ സിനിമയുടെ ഭാഗമായിട്ട് വര്‍ഷങ്ങള്‍ ഒരുപ്പാടായി..

ആ സീനുകളിലെക്ക് ഒരു തിരിഞ്ഞു നോട്ടം…

1. ക്ലൈമാക്‌സ് സീനുകള്‍ കല്യാണത്തിനോ മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലോ ഒക്കെ വച്ചുള്ള കൂട്ടത്തല്ലിലാണ് അവസാനിക്കുക.

2. കഥയിലെ അപ്രധാനിക്ക് വെടി കൊണ്ടാലോ മറ്റെന്തെങ്കിലും ഗുരുതരമായി മുറിവ് പറ്റിയാലോ ആശുപത്രിയില്‍ കൊണ്ടുപോവാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മരിക്കാന്‍ കാത്തുനില്‍ക്കും. അപ്രധാനികള്‍ക്ക് ആശുപത്രിയില്ല. കൊണ്ടു പോയാലും രക്ഷപെടില്ല.

3. തിരക്കുള്ള ടൗണില്‍ക്കൊണ്ടു പോയി കാറ് പാര്‍ക്ക് ചെയ്താലും വിന്‍ഡൊ അടയ്ക്കാനോ,എന്തിന് കീ പോലും എടുക്കാനോ ആളുകള്‍ ശ്രമിക്കില്ല. മിക്കപ്പോഴും തിരക്കുള്ള വീഥികളിലും നടു റോഡുകളിലും വാഹനം പൊടുന്നനേ നിര്‍ത്തുക എന്നത് നായകന്റെയും നായികയുടെയും ജന്മാവകാശമാണ്.

4. അവിവാഹിതനായ നായകന്‍ ആണെങ്കില്‍ നായകന്‍ സ്വന്തം വീട്ടിലേക്ക് കടന്നു വരുമ്പോള്‍ തുളസിത്തറയില്‍ /ഉമ്മറത്ത് നിലവിളക്ക് കൊളുത്തുന്ന നായകന്റെ അനുജത്തി കഥാപാത്രം അകത്തേക്ക് നോക്കി : ‘ അമ്മേ ദേ ചേട്ടന്‍ വന്നൂ…’ (സ്ഥിരം രജിസ്റ്റര്‍ പരിപാടി തന്നെ)

5. ഒരു കെട്ട് പുകയിലക്കോ മദ്യക്കുപ്പിക്കോ പ്രധാന സഹായിയാവുന്ന നായകന്റെ തമിഴന്‍/ആദിവാസി എര്‍ത്ത്. കാക്കി നിക്കറും കമ്പിളിപ്പുതപ്പും നിര്‍ബന്ധമായും വേണം. പുകയിലക്കെട്ടും മദ്യക്കുപ്പിയുമല്ലാതെ ഇവര്‍ക്ക് പണം ഒരു വിഷയമല്ല.

6. മിക്ക സിനിമകളിലും സാധാരണ വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ബ്രേക്ക് കേട് വന്നാല്‍ അതി വേഗത ആവുന്നത് കാണാം. സ്റ്റിയറിംഗ് ഇടത്തോട്ടും വലത്തോട്ടും തൊണ്ണൂറ് ഡിഗ്രിയോളം തിരിക്കുകയും വേണം. ബ്രേക്ക് പോയ വണ്ടി ഏത് കയറ്റവും പുല്ലു പോലെ കയറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് അന്തരിക്കുകയാണ് നടന്നു പോരുന്ന ആചാരം.

7. പട്ടണത്തിലെ റെസിഡെന്‍ഷ്യല്‍ കോളനിയാണെങ്കിലും ഉന്നം തെറ്റിവരുന്ന കല്ല് പാല്‍ക്കാരന്റെ കുടത്തില്‍ കൊള്ളും.

8. ആശാനേയ്..തമ്പുരാനേയ്…അണ്ണാാാ…എന്നൊക്കെ വിളിച്ച് പാടവും പറമ്പും താണ്ടി ഓടി കിലോമീറ്ററുകളോളം ഓടിയോ സൈക്കിള്‍ ചവിട്ടിയോ വരുന്ന ഒരു ഗ്രാമീണനുണ്ടാവും.കളപ്പുരക്ക് തീ പിടിച്ചേയ്,മാരിമുത്തുവും കൂട്ടരും തല്ലാന്‍ വരുന്നേയ്…അല്ലെങ്കില്‍ അമ്പലക്കുളത്തിലെ ശവം പൊങ്ങിയേ എന്നൊക്കെ പറഞ്ഞുള്ള വരവാണ്. നായകന്‍ ആ സമയം പുറം തിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ സ്ലോമോഷനില്‍ തിരിയാനുള്ള അവസരവുമാണിത്.

9. ഇത്തരം കഥാപാത്രങ്ങക്ക് വേണ്ടി കിലോമീറ്ററുകളോളം ഓടിയവരാണ് ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍.