ടാറ്റയുടെ മൂന്നാറിലെ അടിവേര് സുശീലാ ഭട്ട് തോണ്ടുമെന്ന അവസ്ഥ വന്നപ്പോൾ ജോയ്സ് ജോർജിൻ്റെയും രാജേന്ദ്രൻ്റെയും സർക്കാർ അവരെ നിഷ്കാസിതയാക്കി

49

CN Jayarajan Jayarajan C N

കഴിഞ്ഞ വർഷം പുത്തുമല, ഇത്തവണ രാജമല… കാലമിനിയുമുരുളും .. അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം…

മൂന്നാറിലെ വനമേഖല വെട്ടിത്തെളിച്ച് തേയിലത്തോട്ടം സ്ഥാപിക്കാൻ 1877 ൽ രാജാവ് ജോൺ ഡാനിയൽ മൺറോയ്ക്ക് അനുമതി കൊടുക്കുന്ന കാലത്ത് പാരിസ്ഥിതിക വിഷയങ്ങൾ ഒരു ശാസ്ത്രമായി മാറിയിരുന്നില്ല. എന്നിട്ടും മൂന്നാറിലെ നദീതീരത്തു നിന്ന് 50 വാര അകലത്തേയ്ക്ക് ഒരു ഇടപെടലുകളും നടത്തരുത് എന്നതടക്കമുള്ള നിഷ്കർഷകൾ വെച്ചു കൊണ്ടാണ് രാജാവ് കൈമാറിയത്.

കണ്ണൻദേവൻ എന്ന വിദേശ കമ്പനി ഈ കാര്യം കുറേയൊക്കെ കൃത്യമായി പാലിച്ചിരുന്നു. 370 ചതുരശ്ര മൈൽ വന മേഖല വെട്ടിത്തെളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പരിണിത ഫലങ്ങൾ എന്തെന്ന് സായിപ്പിനും പിടിയില്ലായിരുന്ന കാലമായിരുന്നു അത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും വിദേശക്കുത്തകകൾ തങ്ങളുടെ മുതൽ ഇന്ത്യക്കാർക്ക് കൈമാറാതെ തുടർന്ന വേളയിലാണ് ഇതു നിയന്ത്രിക്കാൻ ഫെറാ നിയമം 1973ൽ വരുന്നത്. ഫെറാ നിയമത്തെ ഭയന്ന് ടാറ്റായ്ക്ക് കണ്ണൻദേവൻ കൈമാറ്റം ചെയ്തുവെന്നു പറയപ്പെടുന്ന ഭൂമിയുടെ രേഖകളാണ് 40 കൊല്ലം ഒരാളും തുറന്നു നോക്കാതെ വിദേശ- ഇന്ത്യൻ കുത്തകകളോട് വിധേയത്വം പുലർത്തി രഹസ്യമായി കൊണ്ടു നടക്കുന്നത്.

Tea Factory Visit - Munnar - Keralaഒരു പഴയ സംഭവം പറയാം.. നമ്മളൊക്കെ അറിഞ്ഞിരിക്കേണ്ട സംഭവം.ഈ ഭൂമിയുടെ കരമടച്ച രസീതും മുന്നാധാരവും കാണിക്കാമോ എന്ന് ടാറ്റയെ അഡ്വക്കേറ്റ് സുശീലാ ഭട്ട് ഹൈകോടതിയിൽ വെച്ചു വെല്ലുവിളിച്ചു. ടാറ്റാ അടക്കമുള്ള കുത്തകകളുടെ ഉപ്പും ചോറും തിന്ന നന്ദിയുള്ളവർ കൂടി ചേർന്നതാണ് നമ്മുടെ ജുഡീഷ്യറി എന്നു മറക്കരുത്. സുശീലാ ഭട്ടിൻ്റെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പതിനഞ്ചു ലക്ഷം രൂപ പിഴ അടക്കേണ്ടി വരുമെന്ന് ജഡ്ജി നിരീക്ഷിച്ചു. പതിനഞ്ച് ലക്ഷത്തിന് ശിക്ഷിച്ചോളൂ എന്നാലും പറഞ്ഞ വാക്കിൽ നിന്ന് പിന്മാറില്ലെന്ന് സുശീലാ ഭട്ട് തിരിച്ചടിച്ചു. ജഡ്ജി കേസ് നിർത്തി വെച്ചു. നാല് ജഡ്ജിമാർ മാറി മാറി വന്നു. സുശീലാ ഭട്ടിനെ തളയ്ക്കാൻ കഴിയാതെ വന്നപ്പോൾ എങ്ങും തൊടാൻ പറ്റാത്ത വിധി പ്രഖ്യാപിച്ചു രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു ഒടുവിൽ നടന്നത്.

ടാറ്റയുടെ മൂന്നാറിലെ അടിവേര് സുശീലാ ഭട്ട് തോണ്ടുമെന്ന അവസ്ഥ വന്നപ്പോൾ ജോയ്സ് ജോർജിൻ്റെയും രാജേന്ദ്രൻ്റെയും സർക്കാർ അവരെ നിഷ്കാസിതയാക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇനി പഴയതിലേക്ക് പോകാം.കണ്ണൻ ദേവൻ്റെ കയ്യിൽ നിന്നും ഭൂമി ഉടമസ്ഥത ഏറ്റെടുത്തെന്നു പറയുന്ന ടാറ്റ ചെയ്ത കൃത്യങ്ങൾ എന്തൊക്കെയെന്നറിയുമോ? കണ്ണൻദേവൻ്റെ ഓഫീസ് രാജാവിൻ്റെ നിർദ്ദേശം പാലിച്ച് നദിയിൽ 50 വാര അകലെ വെച്ചപ്പോൾ ടാറ്റ നദീ തീരത്തു തന്നെ തങ്ങളുടെ കെട്ടിടങ്ങൾ തീർത്തു .തേയിലക്കൃഷിക്ക് എന്ന പേരിൽ കൈമാറ്റം ചെയ്യപ്പെട്ട മൂന്നാർ ടൗൺ അടക്കമുള്ള ഭൂമിയിൽ ചില ഭാഗങ്ങൾ തുണ്ടുകളാക്കി വിൽപ്പന നടത്തി റിസോർട്ടുകളും മറ്റും സ്ഥാപിക്കാൻ വേണ്ടി വഴിയൊരുക്കി.

തൊഴിലാളികളുടെ ഉടമസ്ഥതയെന്ന കൊടും തട്ടിപ്പ് ലോകത്തിൽ ഏറ്റവും സമർത്ഥമായി നടത്തിയ സ്ഥാപനമാണ് ടാറ്റ. തോട്ടത്തിലെ തേയില ടാറ്റയ്ക്ക് മാത്രമേ കൈമാറാൻ പാടുള്ളൂ എന്ന നിയമം ടാറ്റ അടിച്ചേൽപ്പിക്കുമ്പോഴും പറയുന്നത് ഈ തൊഴിലാളി ഉടമസ്ഥതയെ കുറിച്ചാണ് ! കൂലിക്കൂടുതലിന് വേണ്ടി പെമ്പിളൈ ഒരുമൈ പണിമുടക്കുന്നത് ഈ തൊഴിലാളി ഉടമസ്ഥത എന്ന തമാശ നിലനിൽക്കുമ്പോഴാണ് എന്നോർക്കുക.. കൂലി കൂടുതൽ ഉണ്ടാകാതിരിക്കാൻ ടാറ്റയും കങ്കാണികളും ശ്രമിച്ചു വിജയിക്കുമ്പോഴും ടാറ്റ തന്നെ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ പറയുന്നു തൊഴിലാളി ഉടമസ്ഥതയെ പറ്റി! കണ്ണൻ ദേവൻ തങ്ങളുടെ അടിമത്തൊഴിലാളികൾക്ക് വേണ്ടി ലയങ്ങൾ മലഞ്ചെരിവുകളിൽ സ്ഥാപിക്കുമ്പോൾ അതിന് മുകളിൽ നിബിഡവനമായിരുന്നു. വനത്തിലെ വൻമരങ്ങളുടെ പേര് മണ്ണ് ഒലിച്ചിളകിപ്പോകാതെ ഉറപ്പിച്ചു നിർത്തിയിരുന്നു.

എന്നാൽ ടാറ്റയുടെ കാലം മുതൽ എല്ലാം തകിടം മറിക്കപ്പെട്ടു. മാത്രമല്ല സായിപ്പിൻ്റെ കാലത്തെ ആ ലയങ്ങളിൽ ഒറ്റമുറിയിൽ അഞ്ചും പത്തും പേർ കഴിയുന്ന അവസ്ഥ നിലനിൽക്കുന്നു. ഗാഡ്ഗിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധി ആയിരുന്നിട്ടില്ല. ഗാഡ്ഗിൽ കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരും ഏതാണ്ട് ഇങ്ങിനെയൊക്കെ തന്നെയായിരുന്നു. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ എമ്പാടും നടക്കുന്ന വൻ ചൂഷണങ്ങളെ തുടർന്ന് അനത്തെ യു പി എ സർക്കാരിൻ്റെ പരിസ്ഥിതി മന്ത്രാലയത്തിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു വിദഗ്ദ്ധ റിപ്പോർട്ടിൻ്റെ ആവശ്യമുണ്ടായിരുന്നു. അതിനെ തുടർന്ന് രൂപീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ പേരാണ് ഗാഡ്ഗിൽ കമ്മിറ്റി. ഗാഡ്ഗിൽ അടക്കമുള്ള അംഗങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ അവർ പരിസ്ഥിതി സംബന്ധമായ മേഖലയിൽ വൈദഗ്ദ്ധ്യം തെളിയിച്ചവരാണെന്നു കാണാൻ കഴിയും. അല്ലാതെ അവരാരും ഏതെങ്കിലും രാഷ്ട്രീയക്കാരുടെ സ്വജനപക്ഷപാത ശുപാർശക്കത്തിൻ്റെ പുറത്ത് വന്നവരല്ല.

ഈ കമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിച്ച കാര്യമാണ് ഈ രാജമല അടങ്ങുന്ന മേഖല ഒന്നാം പട്ടികയിൽ പെടുന്ന അതിലോല പരിസ്ഥിതി ദുർബ്ബല പ്രദേശമാണ് എന്നത്.. കേരളത്തിൽ ഉയരം കൂടുന്തോറും മഴയും കൂടുന്നുവെന്ന് ഗാഡ്ഗിൽ നിരീക്ഷിക്കുന്നുണ്ട്. അതു കൊണ്ടു കനത്ത മഴയിൽ ഇവിടുത്തെ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുകൾക്കുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വാഭാവിക വൃക്ഷ ജാലങ്ങളുടെ വേരുകളാണ് ഇത്തരം ഉരുൾപൊട്ടലുകളെ തടയുന്നത് എന്നദ്ദേഹം പറയുന്നു. ഈ സ്വാഭാവിക സസ്യജാലങ്ങൾക്ക് കെട്ടിടങ്ങൾ ,റോഡുകൾ തുടങ്ങിയ ഏതെങ്കിലും രീതിയിൽ തടസ്സമുണ്ടായാൽ അത് ഈ പ്രതിരോധത്തെ ദോഷകരമായി ബാധിക്കും എന്നും ഗാഡ്ഗിൽ പറഞ്ഞിരുന്നു.2011 ൽ ഗാഡ്ഗിൽ റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം കേരളത്തിൽ ഉണ്ടായത് പള്ളി – രാഷ്ട്രീയ- ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ടുകളുടെ കൊലവിളികൾ ആയിരുന്നു – തുടർന്നുള്ള 9 കൊല്ലങ്ങളിൽ പണ്ടത്തേക്കാളും വേഗത്തിലാണ് പ്രകൃതി ചൂഷണം നടന്നത്.

ടാറ്റാ , ഹാരിസൺ കുത്തകകളുടെ അച്ചാരം പറ്റുന്നവർ ചേർന്ന് തോട്ടം തൊഴിലാളികൾക്ക് ഭൂമി കൈമാറാൻ ആഹ്വാനം ചെയ്ത് പോരാടിയ സുശീലാ ഭട്ടിനെയും കള്ളപ്പട്ടയഭൂമി തിരിച്ചുപിടിക്കാൻ കൃത്യമായി വഴി തുറന്നു വെച്ച രാജമാണിക്യത്തെയും പുറത്താക്കി അവസാനത്തെ ആണിയും അടിച്ചു. രാജമലയിലെ തണുത്തുറഞ്ഞ മണ്ണിൽ പുതഞ്ഞു പോയ നമ്മുടെ തമിഴ്‌ ദളിത് സഹോദരങ്ങൾക്ക് എന്ത് ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നെന്ന് ആർക്കെങ്കിലും അറിയുമോ? ടാറ്റ എന്തു നഷ്ടപരിഹാരമാണ് നൽകിയത് എന്നത് എത്ര പരിഹാസ്യമാണ്? അഭിമന്യു പോയപ്പോൾ വിളിച്ച ആ വിളി ഓർക്കുന്നില്ലേ ? “നാൻ പെറ്റ മകനേ ..;കേരളത്തിലാകമാനം മനുഷ്യ സ്നേഹിക’ളുടെ ഇടനെഞ്ചു കീറുകയാണ് ഇപ്പോൾ ആ നാട്ടിലേക്ക് നോക്കുമ്പോൾ .ഇത് ഇങ്ങിനെ തന്നെ ആവർത്തിക്കാൻ വിട്ടു കൊടു കൊടുത്തു കൂടാ. ഇത്. തടയാൻ, ടാറ്റയുടെയും ഹാരിസണിൻ്റെയും കയ്യിലുള്ള വ്യാജപ്പട്ടയഭൂമി തൊഴിലാളികൾക്കും അടിസ്ഥാന വർഗ്ഗങ്ങൾക്കും കൈമാറാൻ കേരളത്തില മനുഷ്യ സ്നേഹികൾ മുന്നോട്ടു വരണം.