Narmam
തെങ്ങിന് കള്ളിന്റെ മറിമായങ്ങള്‍
ആരോ ഒരാള്‍ വഴിയുടെ നടുവില്‍ തന്നെ കുത്തിയിരിക്കുന്നു! അയാളുടെ കയ്യില്‍ തോക്ക് പോലെ എന്തോ ഒന്നുണ്ട്. അതയാള്‍ എന്റെ നേരെ നീട്ടിപ്പിടിച്ചിരിക്കുകയാണ്.
141 total views

കായംകുളത്തുള്ള ഒരു കൂട്ടുകാരനെ കണ്ടിട്ട് തിരിച്ചു വരുന്ന വഴിയാണ് ഞാന്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ബസ്സ് സ്റ്റോപ്പില്‍ എത്താന്‍ വാഹനമൊന്നും കിട്ടാതെ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു. കോരിച്ചൊരിയുന്ന മഴ. എന്റെ കയ്യിലാണെങ്കില്‍ കുടയുമില്ല. തന്നെയുമല്ല കായംകുളത്തുള്ള ഒരു ഷാപ്പില് കയറി ഞാനും കൂട്ടുകാരനും കൂടി അടിച്ച നല്ല സ്വയമ്പന്‍ തെങ്ങിന് കള്ള് വയറ്റില്‍ കിടന്നു ‘ഗുമു ഗുമാന്നു’ മൂക്കുകയാണ്. അപ്പോള്‍ പിന്നെ മഴയല്ല ഹിമപാതം ഉണ്ടായാലും കുഴപ്പമില്ല. അതുകൊണ്ടു മഴ വക വയ്കാതെ ഞാന്‍ ബസ്സ് സ്റ്റോപ്പ് ലാക്കാക്കി വച്ചു പിടിച്ചു.
സമയം രാത്രി എട്ടുമണി ആയിട്ടുണ്ടാകും. വഴിയിലെങ്ങും ഒറ്റ വഴി വിളക്ക് പോലും കത്തുന്നില്ല. ആറുകളും തോടുകളും ഇഷ്ടം പോലെയുള്ള ഹരിപ്പാടിന്റെ പേരു കളയാതിരിക്കാനായി പഞ്ചായത്ത് അധികൃതരും നല്ലവരായ ജനസേവകരും ചേര്‍ന്ന് മറ്റൊരു കുളമാക്കി മാറ്റിയിരിക്കുന്ന റോഡിലൂടെ മൂന്നു കുപ്പിയോളം വെള്ളം അകത്തും മുട്ടറ്റം വെള്ളം പുറത്തുമായി ആടിയും കുലുങ്ങിയും ഞാനങ്ങനെ നടക്കുമ്പോഴാണ് ഭീകരമായ ആ കാഴ്ച കാണുന്നത്.
ആരോ ഒരാള്‍ വഴിയുടെ നടുവില്‍ തന്നെ കുത്തിയിരിക്കുന്നു! അയാളുടെ കയ്യില്‍ തോക്ക് പോലെ എന്തോ ഒന്നുണ്ട്. അതയാള്‍ എന്റെ നേരെ നീട്ടിപ്പിടിച്ചിരിക്കുകയാണ്. കള്ളിന്റെ പുറത്താണ് നടക്കുന്നതെങ്കിലും എന്റെ ഉള്ളിലെ പട്ടാളക്കാരന് പെട്ടെന്നുണര്‍ന്നു. ഞാന്‍ ലീവിന് വന്ന കാര്യമറിഞ്ഞ ഏതോ കാശ്മീര്‍ ഉഗ്രവാദി എന്നെ അപായപ്പെടുത്തുവാനായി ഞാന്‍ വരുന്ന വഴിയില്‍ തോക്കുമായി കാത്തു നില്ക്കുകയല്ലേ? കാശ്മീരില്‍ ഇവനെപ്പോലെയുള്ള എത്ര ഭീകരന്മാരെയാണ് ഞാന്‍ നിഷ്കരുണം വധിച്ചിട്ടുള്ളത് ? അങ്ങനെയുള്ളപ്പോള്‍ തോക്കുമായി നില്ക്കുന്ന ഇവന് എന്നോട് മുന്‍ വൈരാഗ്യമുള്ള ഏതെങ്കിലും ഉഗ്രവാദി ആകാനാണ് വഴി.
‘ഇവനെ വെറുതെ വിട്ടുകൂടാ. കൊന്നിട്ടുതന്നെ ബാക്കി കാര്യം’. ഞാന്‍ ഉറപ്പിച്ചു.
ശത്രുവിനെ കാണുമ്പോള്‍ പട്ടാളക്കാര്‍ ചെയ്യാറുള്ള ആദ്യത്തെ ആക്ഷന്‍ ഉടനെ തന്നെ ഞാന്‍ പ്രാവര്‍ത്തികമാക്കി. അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനെ മറയാക്കി നിലത്തു കമഴ്ന്നു വീണു. എന്നിട്ട് തോക്ക് കയ്യില്‍ ഉള്ളതു പോലെ സങ്കല്പിച്ചു പൊസിഷന്‍ റെഡിയാക്കി കാഞ്ചി വലിക്കാന്‍ തയാറായി ശത്രുവിന്റെ അടുത്ത നീക്കം എന്താണെന്ന് വീക്ഷിച്ചു.
കുളമായി നിറഞ്ഞു കിടക്കുന്ന റോഡില്‍ നീര്‍ക്കോലി തവളയെ പിടിക്കാന്‍ കാത്തു കിടക്കുന്നതുപോലെ ഞാന്‍ തലയും പൊക്കിപിടിച്ച് കിടക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ ശത്രു ഒന്നിളകി. ഞാന്‍ വെടി വയ്ക്കുമെന്ന് ഭയന്നിട്ടാകണം ശത്രു എഴുനേല്‍ക്കാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് മനസ്സിലായി.
ശത്രു മെല്ലെ എഴുനേറ്റു. പക്ഷെ അടുത്ത ക്ഷണത്തില്‍ തന്നെ വെട്ടിയിട്ട പോലെ വീഴുകയും ചെയ്തു .
ശത്രുവിന് എന്തോ പരിക്ക് പറ്റിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. വീണ്ടും എഴുനേല്‍ക്കാനുള്ള ശ്രമത്തിലാണ്. അല്പനേരത്തെ പരിശ്രമത്തിനു ശേഷം അയാള്‍ എഴുനേറ്റ് നിന്നു. ഇരുട്ടായതുകൊണ്ട് ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല. പക്ഷെ ഇപ്പോള്‍ ശത്രുവിന്റെ കയ്യില്‍ തോക്ക് കാണുന്നില്ല.
വീണപ്പോള്‍ പോയതാണോ? അതോ എവിടെയെങ്കിലും ഒളിപ്പിച്ചതാണോ?
ശത്രുവാണ്. വിശ്വസിച്ചുകൂടാ. ഞാന്‍ അവിടെത്തന്നെ കിടന്നു.
ശത്രു ഇപ്പോള്‍ മുന്‍പോട്ടു നടക്കുകയാണ്. നടപ്പിനു ചെറിയ ഒരാട്ടമുണ്ടോ എന്നൊരു സംശയം. ആ സംശയം ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനു മുന്‍പ് തന്നെ അയ്യാള് അടുത്ത വീഴ്ചയും പാസ്സാക്കി. അതോടെ ശത്രു ദുര്‍ബലനാണെന്നും ഉടനെ തന്നെ ആക്രമണം അഴിച്ചു വിടാനുള്ള സമയം സമാഗതമായെന്നും ഉള്ളിലെ പട്ടാളക്കാരന് എന്നോട് മന്ത്രിച്ചു.
എന്റെ മുന്പില് നില്കുന്നതു ഒരു പാക് ചാരനാനെന്നും അവനെ ഉന്മൂലനാശം ചെയ്യണമെന്നും ഉറപ്പിച്ച ഞാന്‍ ഉള്ള ശക്തി മുഴുവന്‍ സംഭരിച്ചുകൊണ്ട് ഭീകരമായ ഒരലര്‍ച്ചയോടെ എഴുനേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അയ്യാളുടെ നേരെ കുതിച്ചു ചാടി.
അപ്രതീക്ഷിതമായ ഈ ആക്രമണം കണ്ടു ഭയന്ന ശത്രുവും ഞാനും കൂടി കെട്ടിമറിഞ്ഞ് വെള്ളത്തില്‍ വീഴുകയും വീഴ്ച്ചക്കിടയില്‍ ഞാന്‍ ശത്രുവിന്റെ അടിയിലായി പോവുകയും ചെയ്തു. അതിനിടയില്‍ ശത്രു എന്നെ കാര്യമായി ഒന്നു പെരുമാറിയ വിവരം മാന്യ വായനക്കാരോട് ഞാന്‍ മറച്ചു വയ്ക്കുന്നില്ല.
ഏതായാലും ഒരു വിധത്തില്‍ ശത്രുവില്‍ നിന്നും ജീവനും കൊണ്ടു രക്ഷപ്പെട്ട ഞാന്‍ ബസ്സ് സ്റ്റോപ്പിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ശത്രുവും ആടിയാടി അവിടെ എത്തിച്ചേര്‍ന്നു.
വഴി വിളക്കിന്റെ വെളിച്ചത്തില്‍ ശത്രുവിനെ കണ്ട ഞാന്‍ ഞെട്ടി..
എന്റെ സുഹൃത്തും പോലീസ്സുകാരനുമായ കേശവ പിള്ളയദ്ദേഹം.!!.
കേസ്സന്വേഷിക്കാന്‍ പോയ വഴിയില്‍ വാദിയും പ്രതിയും കൂടി നന്നായി സല്കരിച്ചതിന്റെ ഫലമാണ് വഴിയില്‍ കുത്തിയിരുന്നു വാള് വയ്ക്കുവാനും തദ്വാര പാക് ചാരനാണെന്ന് ഞാന്‍ തെറ്റിദ്ധരിക്കാനും കാരണം. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കാലന് കുടയാണ് തോക്കായി എനിക്ക് തോന്നിയത്.
നോക്കണേ തെങ്ങിന് കള്ളിന്റെ ഓരോ മറിമായങ്ങള്‍ !!
142 total views, 1 views today