Sujith Kumar
എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങളെയും കോൺസ്പിരസി തിയറികളെയും യാതൊരു സാമൂഹ്യ ബോധവും ഉത്തരവാദിത്തവും ഇല്ലാതെ ഒരു തരത്തിലുമുള്ള ഫാക്റ്റ് ചെക്കിംഗും നടത്താതെ പൊതു സമൂഹത്തിൽ വ്യാപിപ്പിക്കുന്ന മുഖ്യ ധാരാ മാദ്ധ്യമങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് കേരളാ കൗമുദി. അവരുടെ പത്രം മുതൽ സോഷ്യൽ മീഡിയാ പേജുകൾ വരെ നോക്കിയാൽ അത് മനസ്സിലാകും. കുറച്ച് കാലം മുൻപ് ഇൻവസ്റ്റിഗേറ്റീവ് ജേണലിസം എന്ന പേരിൽ ഇവരുടെ ഒരു റിപ്പോർട്ടർ പടച്ച് വിട്ട ഒരു വാർത്തയാണ് സ്ക്രീൻ ഷോട്ടീൽ ഉള്ളത്. ഇത് എങ്ങിനെ ആണെന്നറിയില്ല ഇപ്പോൾ വീണ്ടൂം പൊങ്ങി വന്നിട്ടുണ്ട്. വ്യാജ വാർത്തകളുടെയും കോൺസ്പിരസി തിയറീകളുടെയും പ്രത്യേകതയാണത്. സീസണൽ ആയി പൊങ്ങി വന്നിരിക്കും.
പാലക്കാട് നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന കരിക്ക് കുടിക്കരുത് , അതിൽ മാരകമായ വിഷം അടങ്ങിയിരിക്കുന്നു എന്നാണ് കൗമുദിയുടെ കണ്ടെത്തൽ. അലുമിനീയം ഫൊസ്ഫൈഡ് ഗുളികകളൂം പേസ്റ്റും തെങ്ങിന്റെ തടി തുരന്ന് അതിൽ നിക്ഷേപിച്ച് ചെളി വച്ച് അടയ്ക്കുന്നതോടെ കരിക്കിൽ വെള്ളം കൂടൂം, തെങ്ങിന്റെ വിളവ് കൂടും കർഷകനു കൊള്ള ലാഭം ആയിരിക്കുമെന്നൊക്കെയാണ് ഇൻവസ്റ്റിഗേറ്റീവ് ജേണലിസ്റ്റിന്റെ കണക്കുകൾ. ഇങ്ങനെ തടിയിൽ തുരന്ന് വയ്ക്കുന്ന വിഷം മുകളീലെത്തി കരിക്കിന്റെ വെള്ളത്തിൽ കലർന്ന് കുടിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുമത്രേ.
തെങ്ങിനെ ആക്രമിക്കുന്ന കീടമായ ചെമ്പൻ ചെല്ലിയെ തുരത്താൻ കൃഷി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് തടിയിൽ അവയുണ്ടാക്കുന്ന ചെറിയ ദ്വാരങ്ങൾ തുരന്ന് വലുതാക്കി അതിൽ അലുമിനീയം ഫോസ്ഫൈഡ് ഗുളികകളോ പേസ്റ്റോ നിക്ഷേപ്പിച്ച് മണ്ണോ സിമിന്റോ വച്ച് അടയ്ക്കുന്നത്. കർഷകരെ സാരമായി ബാധിക്കുന്ന തെങ്ങിനെ മുച്ചൂടൂം മുടിപ്പിക്കുന്ന ഈ കീടബാധയെ ഇല്ലാതാക്കാനും ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കുവാനുമുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ കൃഷിവകുപ്പ് ഇതിനു നാളികേര കർഷകർക്കിടയിൽ നല്ല രീതിയിൽ പ്രചാരം നൽകി വരുമ്പോൾ ആണ് ഇവനെപ്പൊലെയുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ ഇത്തരം ഭീതി പരത്തുന്ന റിപ്പോർട്ടുകൾ. ചെമ്പൻ ചെല്ലിയെ തുരത്താൻ വയ്ക്കുന്ന ഈ വിഷം കരിക്കിൽ എത്തുമെന്ന് എന്തടിസ്ഥാനത്തിൽ ആണ് ഇവൻ വിളിച്ച് കൂവുന്നത് ? ഇവനെപ്പോലെയുള്ള ജീവികൾക്ക് ഒരുതരത്തിലും അലുമിനീയം ഫൊസ്ഫൈഡ് ഏൽക്കാൻ പൊകുന്നില്ല. പാഷാണത്തിലെ കൃമികൾക്ക് വിഷം ഏൽക്കില്ലല്ലോ.