കോളേജ് ബസില്‍ ആദ്യ ദിനം – കഥ

461

college-bus

“ഭായി പെഹലാ ദിന്‍ ഹേനാ..ബെസ്റ്റ് ഓഫ് ലക്ക്”

ഡിഗ്രീക്ക് ആദ്യ ദിവസം കോളേജിലേയ്ക്ക് പോകാന്‍ തയാറായി ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കോളേജ് ബസിലേയ്ക്ക് ഞാന്‍ നടക്കുമ്പോള്‍ ഹോസ്റ്റല്‍ അറ്റണ്ടര്‍ രാജുവിന്റെ വക ഒരു ബെസ്റ്റ് ഓഫ് ലക്ക് ആശംസ… .

“താങ്ക്സ് മച്ചാ താങ്ക്സ്”..
നിനക്കെങ്കിലും ഇതു പറയാന്‍ തോന്നിയല്ലോടാ…നിനക്ക് നല്ലത് വരൂടാ…രായൂ…നല്ലത് വരും..

കൃഷ്ണാ..പ്രീഡിഗ്രീക്ക് ആദ്യ ദിവസം തന്നെ ക്ലാസ് കട്ട് ചെയ്ത് കോളെജ് ഗ്രൌണ്ടില്‍ പോയി ചീട്ട്‌കളിക്കാനുള്ള ഭാഗ്യം നീ തന്നു…ഇതിപ്പൊ ഡിഗ്രീ…ചീട്ടുകളിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടില്ല എന്റെ ചീട്ട് കീറരുത്..ലയ്ഫ് ഗുലാംപരിശാക്കരുത് എന്നൊക്കെ ചിന്തിച്ച് ഞാന്‍ ബസില്‍ കയറി..
നോക്കുമ്പോള്‍ ബസിന്‍ ഏറ്റവും പുറകില്‍ അതാ എന്റെ റൂംമേറ്റ് ഹരിയാനക്കാരന്‍ പങ്കജും യൂപികാരന്‍ ആലോകും പിന്നെ മറ്റ് കുറച്ചു പേരും..രാവിലെ വന്ന് സീറ്റ് പിടിച്ചല്ല്.

“രാജേഷ്..ആജ…”..പങ്കജ് എന്നെ വിളിച്ചു..

ആജയല്ല…കൂജ..പോടാ.ഇതെന്താ അന്‍ചല്‍-പുനലൂര്‍ റൂട്ടിലോടുന്ന പ്രൈവറ്റ് ബസോ?പുറകില്‍ തന്നെ ഇരിക്കാന്‍..ഞാന്‍ മുന്‍പിലിരുന്നോളാം..എന്റെ പട്ടി ഇരിക്കും അത്രയ്ക്ക് പുറകില്‍..ഹും..

“ഐ വില്‍ സിറ്റ് ഹിയര്‍ ഡാ”,ഞാന്‍.

പണ്ടു മുതല്‍ക്കേ നമ്മടെ കെ എസ് ആര്‍ ടി സി ബസിന്റെ കുലുങ്ങുന്ന സ്റ്റീയറിങ്ങും വിറയ്ക്കുന്ന ഗീയറും എനിക്കൊരു ഹരമാ.ഈ ബസിന്റെ കണ്‍ടീഷന്‍ കണ്ടിട്ട് രണ്റും സെയിം പിന്‍ചാ..ഡ്രൈവറിന്റെ പിന്നിലെ സീറ്റില്‍ തന്നെ ഇരുന്നുകളയാം….
ഞാന്‍ ഇരുന്നതും ട്രൈവര്‍ മാധേഷിന്റെ ചോദ്യം..

“ഗുരോ.ഏന്‍ സമാചാരാ..ചെനാകിതിയാ”???

ചേനക്കൊതിയാന്നോ!എനിക്ക് അതിന്‌ ചേനയോട് അത്ര വലിയ കൊതിയൊന്നും ഇല്ലല്ലോ..ചേമ്പ് ആണെങ്കില്‍ ഓകെ. കന്നഡ മനസിലാവാത്തതുകൊണ്ട് ഞാന്‍ അവനെ നോക്കി ചിരിച്ചു..

“നിമ്ഗെ കന്നഡ ഗൊത്തില്ല??”..

ദേ വീണ്ടും..കൊത്തണ്ടാ.ആര്,പറഞ്ഞു കൊത്താന്‍?കൊത്താന്‍ കന്നഡ എന്ത് മൂര്‍ഖന്‍ പാമ്പോ?.
ഒന്നു മനുഷ്യന്‌ മനസിലാവുന്ന ഭാഷയില്‍ ചോയീരടെ..

“കന്നഡ നഹി നഹി.”..ചിരിച്ചു കൊണ്ട് ഞാന്‍..

“നിമ്ദ് എല്ലി ഊരു,?”

എല്ലൂരാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്ത്??നീയെന്നല്ല നിന്റെ അച്ഛന്‍ വിചാരിച്ചാലും അതു നടക്കില്ല.പണ്ടേ അത് നാട്ട്‌കാര് ഊരി ജംഗ്ഷനില്‍ പാര്‍ട്ടികൊടി കെട്ടി..
അരിയെത്ര എന്ന അവന്റെ ചോദ്യത്തിന്‌ പയറഞ്ഞാഴി എന്നു പോലും ഞാന്‍ ഉത്തരം പറയാത്തതുകൊണ്ട് സഹികെട്ട് തിരിഞ്ഞിരുന്ന് അവന്‍ സ്റ്റീയറിങ്ങില്‍ താളം പിടിച്ചു…
പെട്ടന്നാണ്‌ ആണുങ്ങളുടെ വേഷം ഇട്ട മൂന്നാല്‌ തരുണീമണികള്‍ ബാഗും തൂക്കി ബസില്‍ വന്നു കയറിയത്….

“ഹേയ്..മാന്‍”…

ഈശോ!ഞാന്‍ ഇനി ജട്ടി പാന്‍സിന്റെ മുകളിലൂടെ ഇട്ടെങ്ങാനും ആണോ വന്നത്!,ഇവളെന്നെ ഹീമാനെന്നും സൂപ്പര്‍മാനെന്നും ഒക്കെ വിളിക്കാന്‍.തപ്പി നോക്കി.ഇല്ല. അകത്തു തന്നെയാ..

“യേസ്..”,ഞാന്‍..

“ദിസ് ഇസ് ഗേള്സ് സീറ്റ്..ഗോ ബാക്”…അവള്‍

ഓഹോ,ഇവിടെയും സംവരണം ആന്നോടീ അച്ഛന്റെ പാന്‍സും അനിയന്റെ ഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന പുന്നാര മോളേ..

“ഗോ ബാക് മാന്‍”…വീണ്ടും ലവള്‍..

എന്നോട് ഗോ ബാക് എന്നു പറയാന്‍ ഞാന്‍ ആരാടി ക്യുറ്റ് ഇന്‍ട്യാ സമരത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് ഭടനോ..യേടി??വേണ്ടാ…നീ ഒരു പെണ്ണായി പോയി.ഇല്ലെങ്കില്‍ നിന്റെ കയ്യീന്ന് രണ്ടെണ്ണം സ്പോട്ടില്‍ വാങ്ങാനുള്ള പണി ഞാന്‍ ഇപ്പൊ തന്നേനെ..
എന്റെയുള്ളിലെ പുരുഷ ഫെമിനിസ്റ്റ്(?)പുറത്തുവന്നു..
ഞാന്‍ എഴുനേറ്റ് ബസിന്റെ സ്റ്റീയറിങ്ങിനോടും ഗീയറിനോടും വേദനയോടെ വിടപറഞ്ഞ് രണ്ട് സീറ്റ് പിന്നില്‍ വന്നിരുന്നു…
ഞാന്‍ പിന്നിലേയ്ക്ക് നടന്നപ്പോള്‍ ആ പുറകിലിരിക്കുന്ന കൊണാപ്പന്‍മാര്‍, എന്നെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നോ,ഒരു പെണ്ണിന്റെ കയ്യില്‍ നിന്നും ആദ്യ ദിവസം തന്നെ പണി വാങ്ങിയതിന്??..ഏയ് തോന്നിയതാവും..

“ഹേയ്..വിച്ച് ഫാക്കല്‍റ്റി”???.ആ കൂട്ടത്തിലെ ഒരുത്തി തിരിഞ്ഞ് എന്നെ നോക്കി ചോദിച്ചു..

ഫാക്കല്‍റ്റിയോ?!!ഈശ്വരാ ഇതെന്തു സുനബില്‍റ്റി?ഇനി പെനാല്‍റ്റിയാണോ?സീറ്റ് മാറി ഇരിക്കുന്നതിന്‌ പെനാല്‍റ്റിയോ!! ‘ഹിഹിഹി’മനസിലാവാത്ത കാര്യം വരുമ്പോള്‍ ഞാന്‍ സ്ത്ഥിരം ചെയ്യുന്ന പരിപാടി…ചിരിച്ചു കാണിച്ചു..
അവളുമാര്‍ പരസ്‌പരം അന്തം വിട്ട് നോക്കി.

“തുമി ബെങ്കാളി??”….

ബെങ്കാളി തുമ്മിയോന്നൊ?..ആ..എനിക്കറിയൂല്ല…പുറകിലിരുന്ന് ആരോ ചുമയ്ക്കുന്നത് കേട്ട്..

“ആര്‍ യൂ ബെങ്കാളി??”

ഓ..അത്….
എന്ത്??!!പഴങ്കഞ്ഞിചോറും കാന്താരിമുളകും ഉണക്കമീന്‍വറുത്തതും കഴിച്ച് ഇത്രനാള്‍ ജീവിച്ച എന്നെ പോലെ ഒരു എ ക്ലാസ് മലയാളിയെ നോക്കി ബെങ്കാളി ആണോന്നോ..ഈശ്വരാ ഇനി എന്നെ കണ്ടാല്‍ നാട്ടില്‍ വാര്‍ക്കപണിക്ക് വരുന്ന ബെങ്കാളികളുടെ ലുക് ആണോ.ഇന്‍സള്‍ട്ട്. വിടില്ലടീ നിന്നെയൊക്കെ…

“നോ ഐ ആം ചൈനീസ്”..കിടക്കട്ടെ ഒരു ഗോള്‍.എല്ലാവളുമാരും ചമ്മി…

“വാട്ട് ദ ഹെല്‍?!ടു യൂ നോ ഹൂ വീ ആര്‍??”,അതിലൊരുത്തി ചൂടായി..

ഹൂ വീ ആര്‍..അതാര്?? എം ജീ ആര്‍ ,എന്‍ ടീ ആര്‍ എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്.ഈ ഹൂ വീ ആറിനെ ഞാന്‍ അറിയൂല്ല..സത്യം…

“വേഴ്യൂ ഫ്രം”?????
പാതാളത്തീന്ന്.അല്ല പിന്നെ,രാവിലെ തന്നെ ഒന്നര ഇന്‍ച് കനത്തിലുള്ള മേക്കപ്പും മുഖത്തിട്ട് കുനിഞ്ഞാല്‍ മൂടു കീറുന്ന മാതിരി ഇറുക്കമുള്ള ജീന്‍സും രണ്ട് വയസായപ്പൊ ബര്‍ത്ത്‌ഡേ ഗിഫ്റ്റ് കിട്ടിയ ഷര്‍ട്ടുമിട്ട് ഇറങ്ങിക്കോളും..പൂത്താങ്കിനി…ഇവളുമാരെ ഇംഗ്ലീഷ് പഠിപ്പിച്ചത് എന്തായാലും മലയാളിയല്ല…ഒന്നും കംപ്ലീറ്റ് ആയിട്ട് പറയുന്നില്ല…’വെയര്‍ ആര്‍ യൂ ഫ്രം’ എന്നതിന്‌ ‘വേഴ്യൂ ഫ്രം’ എന്ന് ചോദിച്ചത് അതുകൊണ്ടാ…

“വയ്???”…എനിക്ക് ദേഷ്യം വന്നു…

“വാട്ട്??!!”…അവളുമാര്‍ക്ക് അതിലും ദേഷ്യം വന്നു..

വയ് എന്നു ഞാന്‍ ചോദിക്കുമ്പോള്‍ തിരിച്ചു വാട്ട് എന്നു ചോദിക്കുന്നൊ…കൂതറകളേ…. ബ്ലൌസും കള്ളിമുണ്ടും ഉടുത്ത് അടുക്കളയില്‍ നിന്ന് ചോറിന് അരിയിടുന്ന സീമയെ,ടി ജി രവി നോക്കുന്നതുപോലെ ഞാന്‍ അവളുമാരെ നോക്കി….
പക്ഷേ ഏറ്റില്ല..!
ടി ജി രവിയ്ക്കൊന്നും പഴയ എയിം ഇല്ല എന്ന നഗ്ന സത്യം ഞാന്‍ അപ്പോള്‍ മനസിലാക്കി…
ഹൊ,ഇവളുമാര്, നോക്കുന്നതു പോലെങ്ങാനും അന്ന് ആ സീമ ടി ജി രവിയെ നോക്കിയിരുന്നെങ്കില്‍ അങ്ങേര് തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് തലവഴിയിട്ട് ആ ടിസ്റ്റ്റിക്ട് വിട്ട് ഓടിയേനെ.പേടിച്ചിട്ട്…ഞാന്‍ ബസിനകത്തായത് നിന്റെയൊക്കെ ഭാഗ്യം…മാത്രമല്ല ഓടാന്‍ അടുത്തൊന്നും വേറെ ഡിസ്റ്റ്റിക്ടും ഇല്ല..

“ആര്‍ യൂ ബീ ഫാം”???..

‘നോ ഐ ആം രായേഷ്. ബീഫാം എന്റെ കുഞ്ഞമ്മേടെ മോനാ’,എന്നൊന്നും തറുതല പറയാതെ ഞാന്‍ ഡീസന്‍റ്റായി മറുപടി നല്‍കി..

“യേസ്..”..

“ഒകെ…വീ വില്‍ സീ യൂ ഇന്‍ കോളേജ്”.
ഇതും പറഞ്ഞ് അവള്‍ നേരെ ഇരുന്നു..

എന്തിന്??!!
അതിന്‌ ഞാന്‍ നിന്നെ ഒന്നും ചെയ്തില്ലല്ല്.തള്ളേ..പെട്ട്..ഇവളുമാര്, സീനിയേര്‍സ് തന്നെ..ഊ..ഉഞ്ഞാലാ…ഊഞ്ഞാലാ.!

പെട്ടന്നാണ്‌ മൂന്നാല്‌ സീനിയര്‍ ഗഡികള്‍ ബസില്‍ വന്ന് കയറിയത്..
വന്ന പാടെ അതിലെ ഒരുത്തന്‍ എന്നോട് ചൂടായി..ആസ് യൂഷ്വല്..

“ഒയേ..ക്യാ??തൂ ജൂനിയര്‍ ഹേ നാ?..സാലേ പീചെ ജാവോ”..

ഒരു കീച്ച് അങ്ങ് തന്നലുണ്ടല്ല്.അവന്റെ അമ്മുമ്മേടെ പീച്ചെ ജാവോ.പുറകില്‍ പോയി ഇരിക്കാന്‍ എനിക്ക് മനസില്ലെടാ പുല്ലേ…വന്ന് കയറിയപ്പൊ തൊട്ട് തുടങ്ങിയതാ…കുറച്ച് മുന്‍പ് നിന്റെ ദോ ആ മുന്നിലിരിക്കുന്ന പെങ്ങമ്മാരാര്ന്ന്…ഇപ്പൊ നീ…വരുന്നവനും പോന്നവനും ഒക്കെ ചീത്തവിളിക്കാന്‍ ഞാന്‍ എന്താടാ പഴയ കൊടുങ്ങല്ലൂരമ്മയോ??

“സോറി സാര്‍…ഞാന്‍ ദാ പോയി”..ഞാന്‍..

ഞാന്‍ രണ്ട് സീറ്റും കൂടെ പുറകിലോട്ട് വന്ന് ഇരുപ്പുറപ്പിച്ചു… പെട്ടന്നാണ്‌ അതു സംഭവിച്ചത്.. എനിക്ക് പണി തന്ന ആ ഡേഷ്മോളുമാരില്‍ ഒരുത്തി എന്നെ ഓടിച്ച് സീനിയറുമാരില്‍ ഒരുത്തനോട് മന്‍മോഹന്‍സിങ്ങിന്റെ ചെവിയില്‍ സോണിയാഗാന്ധി രഹസ്യം പറയുന്നതു പോലെ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു!!
ദുഷ്ട…പെണ്ണുങ്ങളായാല്‍ വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം.നീയല്യോ പറഞ്ഞെ വീ വില്‍ സീ യൂ ഇന്‍ കോളെജ് എന്ന്..എന്നിട്ടിപ്പോ ബസിനകത്ത് വച്ച് തന്നെ എനിക്കിട്ട് പണിയാനുള്ള പരിപാടി ഒപ്പിക്കുന്ന്…
സുരേഷ് കോവി സിനിമയില്‍ സ്ലോമോഷനില്‍ തിരിയുന്നതുപോലെ അവന്‍ എന്നെ തിരിഞ്ഞു നോക്കി..
അമ്മച്ചീ…ഞാന്‍ ഇവനെ ഇതിന്‍ മുന്‍പ് കണ്ടിട്ടില്ലല്ല്.എന്തൊരു രൂപം!..
അവന്‍ എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ച് അവന്റെ അടുത്തേയ്ക്ക് വിളിച്ചു..
‘അതു വേണോ’ എന്ന ഭാവത്തോടെ ഞാന്‍ അവന്റെ അടുത്തേയ്ക്ക് ചെന്നു..

“ഹായ്”..അവന്‍ എന്നോട്.

ആളു സോഫ്റ്റാണെന്ന് തോന്നുന്ന്.അല്ലെങ്കില്‍ ഹായ് പറയൂല്ല.ഞാന്‍ തിരിച്ചും ഒരു ഹായ് കൊടുത്തു..ഹായ്ക്ക് വലിയ ചിലവൊന്നും ഇല്ലല്ലോ….

“സാലെ കുത്തേ സീനിയര്‍ കൊ ഹായ് ബോല്‍ത്താ ഹെ?.കാണ്‍ കെ നീചെ ഏക് ദൂ??ഉല്ലു കാ പട്ട…സാലാ..ബേവ്കൂഫ്”..

പടച്ചോനേ!!.ഹായ് പറഞ്ഞപ്പോള്‍ അമ്പി ആയിരുന്നവന്‍ ദേ ഇപ്പൊ റെമോ ആയി.ഇവനെ കണ്ടിട്ടാണോ ഇനി ശങ്കര്‍ ഭാവിയില്‍ അന്യന്‍ സിനിമ എടുത്തത്?.എന്തൊരു ഭാവമാറ്റം..

“സോറി സാര്‍”..ഞാന്‍..

ബസില്‍ ഇരുന്നവരെല്ലാം അതുകേട്ട് എന്നെ നോക്കി ആക്കി ചിരിച്ചു..ചിരിച്ചോ ചിരിച്ചോ..ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങവീണ്‌ തടവിക്കൊണ്ട് നിന്നപ്പൊള്‍ പാമ്പും കടിച്ച അവസ്ത്ഥ ആയല്ല്‌ ഈശ്വരാ എന്റെ… ‘അങ്ങനെയെങ്കിലും എന്നെ നോക്കി കുറച്ച് പെണ്ണുങ്ങള്‍ ചിരിച്ചല്ല്’എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍.’ഞാന്‍ ആളു സൂപ്പറാ ല്ലേ?’ എന്ന ഭാവത്തോടെ അവളുമാരെ നോക്കി ഷൈന്‍ ചെയ്ത് അവന്‍…

“ജാന്‍താ ഹേ മേം കോന്‍ ഹൂം”..?..അഹങ്കാരത്തോടെയുള്ള അവന്റെ ചോദ്യം..

നിനക്ക് നീ ആരാണെന്നറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന്..ഞാന്‍ പറഞ്ഞുതരാം നീ ആരാണെന്ന്..എന്നിട്ട് നിനക്ക് ഞാനാരാണെന്നറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക്..’എന്നൊക്കെ പറഞ്ഞ് പണ്ട് പപ്പു മോഹന്‍ലാലിനെ കണ്ഫ്യൂസ് ചെയ്യിച്ച പോലെയൊന്നും ഞാന്‍ ചെയ്തില്ല..കാരണം ഞാന്‍ പപ്പുവിനെ പോലെ ആ സമയത്ത് ഫിറ്റ് ആയിരുന്നില്ല…അവന്റെ സമയം ..കഴുവേറി…

“നോ സാര്‍”…സത്യസന്ധമായി ഞാന്‍ മറുപടി നല്‍കി..,

“ഓ…ഗോഡ്!!!അശോക് ഷേയിം!!!! ഹീ ടോണ്ട് നോ ഈവന്‍ യുവര്‍ നേം!!ചിചിചി…ഷേയിം”..

മുന്നിലിരുന്ന് എനിക്ക് പണിഞ്ഞവള്‍ അവനെ നോക്കി ഇതു പറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല…
നിനക്ക് മതിയായിട്ടില്ലല്ലേ??!!പണിയെടീ…പണിയ്…ഷെയിം ഷെയിം എന്ന് പറഞ്ഞ് അവനില്‍ ഉറങ്ങി കിടക്കുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് പരാലിസിസ് എന്ന അസുഖത്തെ പുറത്തുകൊണ്ടുവരാനുള്ള പരിപാടിയാ..പൂതന..

ഇത്രയും തരുണീമണികളുടെ മുന്നില്‍ വച്ച് എന്റെ ‘നോ സാര്‍’എന്ന ആ മറുപടി അവന്‌ താങ്ങാവുന്നതിലും വലുതായിരുന്നു.. ഇവനു ഷെയിം തോന്നിയാല്‍ ഇടികൊണ്ട് എനിക്ക് ക്ഷയം ഉറപ്പ്..
രൂക്ഷമായി അവന്‍ എന്നെ നോക്കി…

“ഐ ആം തിവാരി…അശോക് തിവാരി ഫൈനല്‍ ഇയര്‍ ബീ ഫാം..തുമാരാ ബാപ്..സമ്ജാ??”

തീവാരിയോ!..തീ വാരാന്‍ നീ ആര്, കട്ടച്ചൂളയിലെ പണിക്കാരനോ??.ഫയ്നല്‍ ഇയര്‍ ബീഫാമിനു പഠിച്ചാല്‍ നീയെന്റെ അച്ഛനാകുമോടാ പന്ന@#$%^മോനെ..ഈ പോയിന്റ് രായേഷണ്ണന്‍ നോട്ട് ചെയ്ത്.നീ ഫയ്നല്‍ ഇയര്‍ കഴിഞ്ഞ് പോകുന്നതിന്‌ മുന്‍പ് ഞാന്‍ ഇതിനുള്ള പണി തന്നേക്കാം(അതു കറക്ടായിട്ട് കൊടുത്തു വിട്ട്.അവന്‍ ജീവിതത്തില്‍ മറക്കൂല്ല.)

“യേസ് സാര്‍” ഭവ്യതയോടെ ഞാന്‍..

“തൂ കോന്‍ ഹെ?..കഹാ സെ ഹോ??”തിവാരിയുടെ തീ തുപ്പിക്കൊണ്ടുള്ള ചോദ്യം.

“സാര്‍ ഐ ആം കേരള…ഫ്രം രായേഷ് എസ് ആര്‍..”ഞാന്‍.
യ്യോ!തിരിഞ്ഞ്‌ പോയി!.അങ്ങനല്ല… “രായേഷ് എസ് ആര്‍ ഫ്രം കേരള”..
ഛെ,നാണക്കേടായല്ല്.അതെങ്ങനാ,പാടത്ത് പണിയ്ക്കിറങ്ങുന്ന വേടന്‍മാരോട് മാത്രമേ ഞാന്‍ ഇതിനു മുന്‍പ് ഇന്‍ഗ്ലീഷില്‍ സംസാരിച്ചിട്ടുള്ളൂ.എന്നാലും അവറ്റകള്‍ തിരിച്ച് മലയാളത്തിലേ മറുപടി തരൂ..എനിക്ക് ശീലം ഇല്ലാത്തതുകൊണ്ടാ..പിന്നെ പേടിയും..അല്ലെങ്കില്‍ കാണാരുന്ന്. .
ബസില്‍ എന്നെ നോക്കി ചിരിക്കുന്ന എല്ലാവരേയും ഞാന്‍ അഭിമാനത്തോടെ നോക്കി..

“ദീസ് ഗേള്‍സ് ആര്‍ സീനിയേര്‍സ്…വിഷ് ദം ആന്റ് സേ സോറി..കമോണ്‍”…അവന്‍..

ഉവാ…നടന്നതു തന്നെ..ഇന്നുവരെ ഞാന്‍ ഒരു പെണ്ണിനെ വിഷ് ചെയ്തിട്ടില്ല.അതിന്റെ ആവശ്യം എനിക്കില്ല.ഇവളുമാരെ വിഷ് ചെയ്യുന്നതിനേക്കാള്‍ നല്ലത് വിഷം കഴിക്കുന്നതാ..പക്ഷേ വിഷം കഴിച്ചാല്‍ മരിക്കും എന്നതുകൊണ്ടും, മരിച്ചാല്‍ പിന്നെ ജീവനുണ്ടാകില്ല എന്ന ഒരു ലോജിക് നിലനില്‍ക്കുന്നതുകൊണ്ടും മാത്രം ഞാന്‍ വിഷ് ചെയ്തേക്കാം…ഹും..

“ഗുഡ്മോണിങ് മേഡം” (അതിനെ 5 കൊണ്ട് ഗുണിക്കുമ്പോള്‍ 5 ഗുഡ്മോണിങ്.ടോട്ടല്‍ അന്‍ച് പൂതനാസ് ഉണ്ടയിരുന്നേ…കണക്ക് ശരിയാണല്ലോ ല്ലേ?)

“നവ് സേ സോറി..കമോണ്‍”..തിവാരി

ഹഹഹ..വിഷ് ചെയ്തത് ഓകെ…പക്ഷേ സോറി.നീ എന്താടാ പുല്ലേ എന്നെ പറ്റി വിചാരിച്ചത്.നീ ഇപ്പൊ വിചാരിക്കുന്നുണ്ടാകും ഞാന്‍ സോറി പറയില്ല എന്ന്.അവിടെ നിനക്ക് തെറ്റി.ഞാന്‍ പറയും.എനിക്ക് സോറി പറയുന്നത് ഭയങ്കര ഇഷ്ടാ.ദിവസം ഒരു 15 സോറി എങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് എന്റെ അമ്മ അത്താഴം തരാറില്ലായിരുന്നു.എന്നെ അങ്ങനെ വളര്‍ത്തിയതാ…അല്ലാതെ ഹിപ്പൊപൊട്ടാമസിന്‌ വെട്ട്‌പോത്തിലുണ്ടായ പോലയുള്ള നിന്റെ ബോഡി കണ്ട് പേടിച്ചിട്ടൊന്നും അല്ല ട്രാ…..

“സോറി മേഡം” (അതിനേയും അന്‍ചു കൊണ്ട് ഗുണിച്ചു..അപ്പൊ ടോട്ടല്‍ അന്‍ച് സോറി..കണക്ക് ഇപ്പോഴും ശരിയാണേ..)

“നവ് റണ്‍…ഗോ ടു ദ ലാസ്റ്റ് സീറ്റ്…ഭാഗോ സാലേ..ആന്റ് കം ടു മയ് റൂം ടുടെ നയ്റ്റ്..ഐ വില്‍ ഷോ യൂ ഹൂ ഐ ആം”…

അപ്പൊ ഇന്ന് റാഗിങ് ഈ കട്ടചൂള പണിക്കാരന്റെ വകയാ…രാത്രി മുറിയിലോട്ട് വരാന്‍ പറയുന്നത് കേട്ടാല്‍ ഞാന്‍ ആ ബസ്റ്റാന്ഡിലെ നയ്റ്റ് ട്രാവലര്‍ മുല്ലപ്പൂശാന്ത ആണെന്നു തോന്നുവല്ലോടെ…വച്ചിട്ട്‌ണ്ട്രാ……

“യേസ് സാര്‍” ഇതും പറഞ്ഞ് നൂറെ നൂറില്‍ ഓടി ചെന്ന് പങ്കജിന്റെ അടുത്ത് ഇരുന്നു..
ഏറ്റവും പുറകിലെ സീറ്റില്‍ .
ഞാന്‍ പങ്കജിനെ നോക്കി..

‘എടാ…നാണംകെട്ടവനേ…വിവരം പണ്ടേ കെട്ടവനേ..നിന്നോട് ബസില്‍ വന്ന് കയറിയ പാടേ ഞാന്‍ ‘രാജേഷ് ആജാ’ എന്നും പറഞ്ഞു വിളിച്ചതല്ലാരുന്നോ..അപ്പൊ നിന്റെ ഒരു ഐ വില്‍ സിറ്റ് ഹിയര്‍ ടാ.ഇപ്പൊ നിനക്ക് സന്തോഷം ആയില്ലീ’??? എന്ന ഒരു ഭാവം പങ്കജിന്റെ മുഖത്ത്..

“തു ഖുഷ് ഹോഗയാ”??..പങ്കജിന്റെ ചോദ്യം

‘അളിയാ അതേ,ഞാന്‍ പണ്ടേ ഇങ്ങനെയാ,നിനക്കൊരു കാര്യം അറിയൊ?..എന്റെ പട്ടി മാത്രമല്ലളിയാ ചിലപ്പോഴൊക്കെ ഞാനും പുറകിലെ സീറ്റില്‍ ഇരിക്കാറുണ്ട് ഹിഹി..സത്യം’ എന്ന ഭാവത്തില്‍ അവനെ നോക്കി കൊണ്ട് മറുപടി പറഞ്ഞു..

“യയാ..ബഹൂത് ബഹൂത്ത് ഗുഷ് ഗോഹയാ”..

ഇതിനായിരുന്നോടാ രായുവേ നീ എനിക്ക് ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞത്…..രാജൂ…നിനക്ക് നല്ലത് വരൂല്ലടാ ..നല്ലത് വരൂല്ല…..
എനിക്കെവിടെ ചെന്നാലും ഇതുതന്നെയാണല്ലോ ദൈവമേ….