ചരിത്രം കണ്ട ഏറ്റവും വലിയ ധനികനും , ശക്തനും ,ക്രൂരനുമായ കൊക്കെയ്ൻ രാജാവെന്ന് അറിയപ്പെടുന്ന അധോലോക നായകൻ ആര്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പാബ്ലോ എസ്കോബാർ ( pablo escobar ) എന്ന പേര് പലർക്കും അപരിചിതമായിരിക്കാം . എന്നാൽ അദ്ദേഹത്തെ അറിഞ്ഞവർക്ക് ഈ പേര് ഒരിക്കലും മറക്കാനും സാധിക്കില്ല. ഒരാൾക്ക് എത്രത്തോളം വളരാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് പാബ്ലോ എസ്കോബാർ.ആഗ്രഹിക്കുന്നതെന്തും നേടിയെടുത്തവരിൽ പ്രശസ്തനാണ് മയക്കുമരുന്ന് രാജാവായ ഇദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലത്തോളം അമേരിക്കയെയും , ലാറ്റിനമേരിക്കയെയും മുൾ മുനയിൽ നിർത്തിയ കൊളംബിയൻ നായകനാണ് എസ്കോബാർ.
1949 ഡിസംബർ 1നാണ് പാബ്ലോ എസ്കോബാറിന്റെ ജനനം.ചേരികളിൽ നിന്നാണ് പാബ്ലോ തന്റെ ബിസിനസ്സ് ആരംഭിച്ചത്. സ്കൂളിൽ പോലും മോഷണവും , ചെറുകിട കള്ളക്കടത്ത് വിതരണവും നടത്തി .
കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കോളേജിൽ നിന്നും പുറത്തിറങ്ങിയ പാബ്ലോ എസ്കോബാർ എത്തിപ്പെട്ടത് പണം വാരിയെടുക്കാൻ സാധിക്കുന്ന അധോലോകത്തായിരുന്നു.
ജീവിക്കാൻ അവശ്യം വേണ്ടത് വായുവോ , ഭക്ഷണമോ അല്ല പണമാണ് എന്ന ചിന്തകളിൽ നിന്നാണ് പണം നേടാനുള്ള യാത്രകൾക്കായി പാബ്ലോ ഇറങ്ങി തിരിക്കുന്നത്.
എഴുപതുകളിലാണ് അമേരിക്കയിൽ കൊക്കെയ്ൻ വ്യാപകമാവുന്നത്.മധ്യവർഗത്തിനിടയിലും , ഉപരിവർഗത്തിലും അതിനൊരു മോഡി അക്കാലത്ത് കൈവന്നിരുന്നു. ജോലി ചെയ്ത് പണം സമ്പാദിക്കുകയെന്നത് നിരർഥകമായി അനുഭവപ്പെട്ട പാബ്ലോയും , സഹോദരനും കൊക്കെയ്ൻ കള്ളക്കടത്തിലേക്ക് തിരിയുന്നത് അക്കാലത്താണ്. നിരോധിച്ച ലഹരി വസ്തുക്കളും , ലോട്ടറി ടിക്കറ്റുകളും വിൽപ്പന നടത്തിയ അദ്ദേഹം വൈകാതെ തന്നെ വാഹനമോഷണക്കേസുകളിൽ പ്രശസ്തനാവുകയും എഴുപതുകളുടെ തുടക്കത്തിൽ മയക്കുമരുന്ന് ഡോൺ ആവുകയും ചെയ്തു. പാബ്ലോ എസ്കോബാർ ആവശ്യപ്പെടുന്ന പണം നല്കാതിരിക്കാനോ , അദ്ദേഹത്തെ എതിർക്കാനോ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല. 22-മത്തെ വയസ്സിൽ തന്നെ അദ്ദേഹം കോടീശ്വരൻ ആയി മാറി.
പോലീസുകാർ പോലും ഭയന്നിരുന്ന അധോലോക നായകനായ പാബ്ലോ എസ്കോബാർ 1976ൽ മെഡിലിൻ കാർടൽ എന്ന പേരിൽ ഒരു സംഘടന നിർമ്മിച്ചു. എതിർ ഗ്രൂപ്പുകളെ വെറും നോക്കുകുത്തിയാക്കി 80 ശതമാനത്തോളം കൊക്കെയിൻ കൊളംബിയയിൽ എത്തിക്കാനും ലോക മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി കൊളംബിയയെ മാറ്റിയെടുക്കാനും പാബ്ലോ എസ്കോബാറിന് സാധിച്ചു.
ഇരുപത്തിയൊന്നാം വയസ്സിൽ, പാബ്ലോയുടെ സംഘം കൂടുതൽ വളർന്നു .
സ്വകാര്യ വിമാനങ്ങളിലും ,മുങ്ങിക്കപ്പലുകളിലും ടൺകണക്കിന് മയക്കുമരുന്ന് അയാൾ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടിരുന്നു. അയാളുടെ ഉന്നതികളിൽ അമേരിക്കയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതു വ്യാപിപ്പിച്ചു. എൺപതുകളിൽ ലോകത്തിലെ കൊക്കെയ്ൻ വ്യാപാരത്തിന്റെ 80 ശതമാനവും പാബ്ലോയുടെ കൈകളിലായിരുന്നു. ഫോബ്സ് മാസിക ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിൽ പാബ്ലോയെ ഉൾപ്പെടുത്തി. കൊളംബിയയിൽ അയാൾ ആഡംബര വില്ലകളും , കൊട്ടാര സമുച്ചയങ്ങളും പണിതീർത്തു.
ഹാസിയൻഡ നാപോളിസിലെ എസ്റ്റേറ്റിൽ അയാൾക്ക് സ്വന്തമായി ഒരു മൃഗശാലവരെയുണ്ടായിരുന്നു.പെറു പർവതങ്ങളിലെ കൊക്ക ബുഷ് മുതൽ മിയാമിയിലെ നൈറ്റ്ക്ലബ്ബുകൾ വരെ അദ്ദേഹത്തിന്റെ ബിസിനസ്സ് വളർന്നു. നൂറുകണക്കിന് വില്ലകളും വിലകൂടിയ കാറുകളും വാങ്ങി കൂട്ടി.ഇത്രയധികം മയക്കുമരുന്ന് ബിസിനസും , പണപിരിവും ഉണ്ടായെങ്കിലും മനസിൽ ദയ ഉണ്ടായിരുന്ന മനുഷ്യൻ കൂടിയായിരുന്നു പാബ്ലോ എസ്കോബാർ. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയതും , ഫുഡ്ബോൾ മൈതാനം തയ്യാറാക്കി നൽകിയതും അദ്ദേഹം ചെയ്ത സേവനങ്ങളിൽ ചിലത് മാത്രം.ചോരമണക്കുന്ന കൊളംബിയയിലെ പാബ്ലോ എസ്കോബാറിന് പറയാൻ ഇനിയും കഥകളുണ്ട്.
പാബ്ലോയുടെ വരുമാനത്തിന്റെ കണക്കുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന അനവധി ഉപകഥകൾ കൊളംബിയൻ ചരിത്ര കെട്ടുകളിൽ നിന്ന് കണ്ടെടുക്കാം. പണക്കെട്ടുകൾ സൂക്ഷിച്ചുവെക്കാനായി റബർ ബാൻഡുകൾക്കായി മാത്രം ദശലക്ഷക്കണക്കിനു ഡോളറായിരുന്നു പാബ്ലോ ഓരോ മാസവും ചെലവഴിച്ചിരുന്നത് എന്നതാണ് അതിലൊന്ന്. എലി കരണ്ടും , തീപിടിത്തത്തിലും അയാൾക്കു നഷ്ടമാകുന്ന പണത്തിന്റെ കണക്കും വളരെ വലുതാണെന്ന് അയാളുടെ സഹോദരൻതന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ദാരിദ്രം മറക്കാൻ കൊളംബിയയിലെ ചേരികളിൽ ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിക്കപ്പെടുമായിരുന്നു. ഒരു ജനതയൊന്നാകെ അവരുടെ ആകുലതകൾ മറക്കുന്നത് അപ്പോഴാണ്. ആ ജനതയ്ക്ക് എല്ലാം തികഞ്ഞത് ഫുട്ബാളിന്റെ ലോകമായിരുന്നു . അതിലാണ് അവർ ജീവിച്ചത്. അലെക്സിസ് ഗാർസിയ, ചിചോ സെർന, റെനെ ഹിഗ്വിറ്റ, പാചോ മാതുറാന തുടങ്ങി കൊളംബിയൻ സുവർണ തലമുറയിലെ ഒരുപറ്റം കളിക്കാർ കളിച്ചുവളർന്നത് പാബ്ലോ പണികഴിപ്പിച്ച ഫുട്ബോൾ ഗ്രൗണ്ടുകളിലായിരുന്നു.അയാളുടെ സിരകളിൽ അടങ്ങാത്ത പണക്കൊതി മാത്രമല്ല ഫുട്ബാളും ത്രസിച്ചുനിന്നിരുന്നു.
പാബ്ലോ ആദ്യമായി വാങ്ങുന്നത് ഒരു ഫുട്ബോൾ ക്ലീട്സ് ആയിരുന്നു. മരിക്കുമ്പോഴും പാബ്ലോയുടെ കാലുകളിൽ ഉണ്ടായിരുന്നത് ഫുട്ബോൾ ക്ലീട്സാണ്. ഹാസിയൻഡ നാപോളിസിലെ ഫുട്ബോൾ ഗ്രൗണ്ടിൽ കൊളംബിയയിലെ ഏറ്റവും മികച്ച കളിക്കാരെ കൊണ്ടുവന്ന് അയാൾ കളിപ്പിച്ചു. ആ മത്സരങ്ങളിൽ മറ്റു മയക്കുമരുന്ന് രാജാക്കന്മാരുമായി അയാൾ വാതുവെപ്പ് നടത്തി. ഡീഗോ മറഡോണയെ ഭീമമായ തുകക്കാണ് ഒരു സൗഹൃദ മത്സരത്തിനായി അയാൾ കൊണ്ടുവന്നത്. ഡീഗോയുടെ കളി അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഫുട്ബോൾ ഒരു വികാരമായി നിൽക്കുമ്പോൾ തന്നെ അതിന്റെ മറ്റു സാധ്യതകൾ പാബ്ലോ കണ്ടെത്തിയിരുന്നു. കൊക്കെയ്ൻ വ്യാപാരത്തിലൂടെ കൈവരുന്ന നിയമാനുസൃതമല്ലാത്ത പണം വെളുപ്പിക്കാൻ അയാൾ തിരഞ്ഞെടുത്തതുകൊളംബിയൻ ക്ലബ് ഫുട്ബോൾ മേഖലയായിരുന്നു. മെഡലിനിലെ അത്ലറ്റികോ നാസിയോണൽ ക്ലബ് പാബ്ലോ സ്വന്തമാക്കി. അന്ന് അത്ലറ്റികോയുടെ പരിശീലകനായിരുന്ന ഫ്രാൻസിസ്കോ മാതുറാന പാബ്ലോയുടെ പണം ക്ലബ് ഫുട്ബോൾ മേഖലയെ കൂടുതൽ പരിപോഷിപ്പിച്ചതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പാബ്ലോയുടെ നീക്കം മറ്റു മയക്കുമരുന്ന് മാഫിയകളെ ഫുട്ബാളിലേക്ക് അടുപ്പിച്ചു. ക്ലബ് ഫുട്ബോൾ എന്ന കച്ചവടത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തെക്കാളുപരി അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനായി മാത്സര്യത്തോടെ അവർ കൊളംബിയൻ ക്ലബ് ഫുട്ബാളിൽ പണമൊഴുക്കി. ക്ലബുകൾക്ക് വിദേശ രാജ്യങ്ങളിൽനിന്നും മികവുറ്റ പരിശീലകരെയും , കളിക്കാരെയും കൊണ്ടുവരാൻ സാധിച്ചു. കൊളംബിയൻ കളിക്കാരെ മറ്റു ലീഗുകളിലേക്ക് പോകാതെ സ്വന്തം നാട്ടിൽതന്നെ നിർത്താൻ തക്കവണ്ണം ക്ലബുകൾ പ്രതിഫലമുയർത്തി.
കൊളംബിയൻ ഫുട്ബാളിന്റെ സുവർണകാലം തുടങ്ങുന്നത് അങ്ങനെയാണ്. മയക്കുമരുന്ന് കച്ചവടക്കാരുടെ പണക്കൊഴുപ്പ് കളിയെ പലതരത്തിൽ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു അക്കാലത്ത്. റഫറിമാർ പലപ്പോഴും പണത്താൽ സ്വാധീനിക്കപ്പെട്ടു. അതിനു കൂട്ടു നിൽക്കാത്തവർ കൊല്ലപ്പെടുകയും ചെയ്തു. 1989ൽ അത്ലറ്റിക്കോ നാസിയോണൽ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായി. പാബ്ലോ കളിക്കാർക്ക് വിരുന്നും ബോണസും നൽകി. അയാൾക്ക് അവർ അടുത്ത സുഹൃത്തുക്കളായിരുന്നു. അപ്പോഴും ആപത്കരമായ അളവിൽ ഫുട്ബാളും മയക്കുമരുന്നു മാഫിയകളും കൂട്ടിക്കുഴക്കപ്പെട്ടു. ലോകമതിനെ ‘നാർകോ ഫുട്ബോൾ’ എന്നു നാമകരണം ചെയ്തു.
എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ പകുതിവരെയുള്ളതാണ് കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലം. ആന്ദ്രെ എസ്കൊബാറും ,വാൾഡറാമയും , ഹിഗ്വിറ്റയും കൊളംബിയയുടെ ഫുട്ബോൾ സ്വത്വത്തെ ഉയർത്തിപ്പിടിച്ച ഇതിഹാസങ്ങളായിരുന്നു. 1962നു ശേഷം ആദ്യമായി 1990ൽ കൊളംബിയ ലോകകപ്പിനു യോഗ്യത നേടി. വാൾഡറാമയുടെ ഭാവനസമ്പൂർണമായ നീക്കങ്ങൾ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഭൂപടത്തിൽ കൊളംബിയക്ക് ബ്രസീലിനും , അർജന്റീനക്കുമൊപ്പം ഇടം നേടിക്കൊടുത്തുവെങ്കിൽ ഹിഗ്വിറ്റയെന്ന കിറുക്കൻ ഗോളിയിലൂടെ ലോകമെങ്ങും അവർ ജനപ്രിയരായി.
തന്റെ മയക്കുമരുന്ന് മാഫിയയ്ക്ക് മറയെന്നോണം കൊളംബിയൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ
എസ്ക്കോബാർ തീരുമാനിച്ചു. സാധാരണ പ്രസംഗ ശൈലി കൊണ്ട് നല്ലൊരു രാഷ്ട്രീയക്കാരൻ ആവാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വേദികളിൽ ആളുകളുടെ കയ്യടികൾ നേടുന്നതിനായി അദ്ദേഹത്തെ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു നെരുദ. പല പുസ്തകങ്ങൾ പാബ്ലോ എസ്കോബാറിന് നെരുദ പരിചയപ്പെടുത്തി കൊടുത്തു. ജനസാഗരത്തിന് മുന്നിൽ പ്രസംഗിക്കാൻപോകുന്നതിന് മുൻപ് നിരവധി തവണ റിഹേഴ്സലുകൾ നടത്തി. തുടർന്ന് 1982ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേംബർ ഓഫ് റെപ്രെസെന്റാറ്റീവ് അംഗത്വം പാബ്ലോ എസ്കോബാറിന് ലഭിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും ഒരു സമാധാനപരമായ അന്തരീക്ഷം ആയിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്.
സേവനങ്ങൾക്കപ്പുറം പാബ്ലോ എസ്കോബാറിന്റെ ക്രിമിനൽ പശ്ചാത്തലം ആണ് എല്ലാവരും നോക്കിയിരുന്നത്. തുടർന്ന് രാഷ്ട്രീയ മേഖലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. 1991ൽ അദ്ദേഹം കീഴടങ്ങിയെങ്കിലും വ്യവസ്ഥകൾ പ്രകാരം കൊട്ടാരം പോലെയുള്ള തന്റെ സ്വഗൃഹത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാസം. അപ്പോഴും തന്റെ മയക്കുമരുന്ന് കടത്തലുകൾക്ക് അദ്ദേഹം ചരട് വലിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുവാൻ ശ്രമിച്ചെങ്കിലും സർക്കാരിന്റെ നീക്കം മുൻകൂട്ടി അറിഞ്ഞ പാബ്ലോ എസ്കോബോർ ഒളിവിൽ പോയി.
പക്ഷെ 1993 ഡിസംബർ 2 ന് കൊളംബിയൻ സ്പെഷ്യൽ പോലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. തന്റെ നാല്പത്തിനാലാമത്തെ വയസ്സിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നുവെങ്കിലും ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു എന്ന സംതൃപ്തി ഉണ്ടായിട്ടുണ്ടാകും. ഏകദേശം 16 മാസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പാബ്ലോ എസ്കോബാറിനെ കണ്ടെത്താൻ പോലീസിന് സാധിച്ചതെന്ന് പറയുമ്പോൾ തന്നെ ഒരു മയക്കുമരുന്ന് ക്രിമിനൽ എന്നതിനപ്പുറം അദ്ദേഹം വലിയ ഒരു ബുദ്ധിമാൻ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏകദേശം 25,000 ജനങ്ങൾ ആണ് അദ്ദേഹത്തെ അവസാനമായി കാണാൻ ഒത്തുകൂടിയത്.
പ്ലാറ്റ അല്ലെങ്കിൽ പ്ലോമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്യം. അതായത് വെള്ളിയോ ഈയമോ. കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാൽ കൈക്കൂലി വാങ്ങിപോവുക അല്ലെങ്കിൽ മരണം. തന്റെ വഴിയിൽ വരുന്നവർക്ക് ഈ രണ്ടെണ്ണത്തിൽ ഒന്നാണ് അദ്ദേഹം എപ്പോഴും നൽകിയിരുന്നത്.
90കളിൽ 30 ബില്യൺ ഡോളർ ആസ്തിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കൂടാതെ തന്റെ കുടുംബത്തിന് തണുപ്പിൽ നിന്നും രക്ഷ നേടാൻ 2 ബില്യൺ ഡോളർ നോട്ടുകളും പാബ്ലോ എസ്കോബാർ തീയിട്ടു. മരിയ വിക്ടോറിയ ഹെനവോ ആയിരുന്നു ഭാര്യ. മാനുവേല എസ്കോബാർ, സെബാസ്റ്റ്യൻ മറോക്വിൻ എന്നിവർ മക്കളാണ്.പാബ്ലോ എസ്കൊബാർ എന്നതിനു അനവധി വിവരണങ്ങൾ ചരിത്രത്തിൽ കാണാൻ കഴിയും. അമേരിക്കയെയും കൊളംബിയൻ ഗവൺമെന്റിനെയും സംബന്ധിച്ച് അയാൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനൽ ആയിരുന്നു. നിയമത്തിന്റെ കണ്ണുകളിൽ പാബ്ലോ ഒരു കൊടുംകുറ്റവാളിയാണ്. ആയിരത്തോളം പൊലീസുകാരെയും , നൂറുകണക്കിന് ജഡ്ജിമാരെയും , കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെയും , മന്ത്രിയെയും കൊലപ്പെടുത്തിയവൻ. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കള്ളക്കടത്തുകാരൻ. പക്ഷേ, മെഡലിനിലെ പതിനായിരക്കണക്കിനു ജനങ്ങൾക്ക് പാബ്ലോ വിശുദ്ധനായിരുന്നു.
വീടുകളും , ഫുട്ബോൾ മൈതാനങ്ങളും , കുട്ടികളുടെ പഠനചെലവുമെല്ലാം നൽകി അവരുടെ ജീവിത സാഹചര്യം ഉയർത്തി ക്കൊണ്ടുവന്നവൻ. മെഡലിനിലെ ബാരിയോകളുടെ ചുവരുകളിൽ ഇന്നും പാബ്ലോയുടെ ചിത്രങ്ങളും എഴുത്തുകളും കാണാം . വീടുകളുടെ മുകളിൽ അയാളുടെ ചിത്രം പതിച്ച കൊടികൾ പാറിക്കളിക്കുന്നു. നല്ലവൻ-ചീത്തവൻ, വിശുദ്ധം-അവിശുദ്ധം തുടങ്ങി ഏതൊരു വ്യക്തിയുടെയും പ്രവൃത്തിയുടെയും ശരിതെറ്റുകൾ അളന്നുനോക്കുമ്പോൾ താഴ്ന്നു നിൽക്കുന്ന തട്ടിനെ ആധാരമാക്കി നമ്മൾ അതിനൊരു ചാപ്പ കുത്തുന്നു. പലപ്പോഴും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസൃതമായാണ് ചരിത്രത്തിൽ അതിന്റെ വിലയിരുത്തലുകൾ നടക്കുക.
പാബ്ലോ എസ്കൊബാർ മെഡലിനിലെ ചെറു ശതമാനത്തെ അപേക്ഷിച്ച് ആഗോള തലത്തിലെ വലിയൊരു വിഭാഗത്തിന്റെ കാഴ്ചപ്പാടിൽ കൊടും കുറ്റവാളിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ആരാണ് പാബ്ലോ എന്ന ചോദ്യത്തിന് അനേകമനേകം പുസ്തകങ്ങളും ചലച്ചിത്രങ്ങളും വെളിപ്പെടുത്തലുകളും നിരവധി വ്യാഖ്യാനങ്ങൾ നൽകി. അയാളുടെ നന്മ തിന്മകളുടെ ബഹുവശങ്ങൾ തുറന്നു കാണിക്കുന്നവയായിരുന്നു അവയെല്ലാം.
പാബ്ലോ എസ്ക്കോബാറിന് ശേഷം വർഷങ്ങൾ നിരവധി കടന്നുപോയെങ്കിലും അദ്ദേഹത്തിന് ലോകം നൽകിയ വിശേഷണമായ ‘ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്’ എന്നത് സ്വന്തമാക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. ഒരേ സമയം ആരാധനയും , ഭയവും , വെറുപ്പും നമുക്ക് ഇദ്ദേഹത്തോട് തോന്നിയെന്നിരിക്കാം. ഇദ്ദേഹത്തിന്റെ മയക്കുമരുന്ന് കടത്തലുകൾക്കുള്ള ഒരു പുകമറയായിരുന്നു ഇദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.പാബ്ലോ എസ്കോബാറിന്റെ ജീവിതം അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും , സിനിമകളും , ഡോക്യൂമെന്ററികളും ഇറങ്ങിയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ അധോലോക നായകൻ ആയിരുന്നു പാബ്ലോ എസ്കോബാർ എന്ന് നിസ്സംശയം പറയാം.