കമന്റ് – കഥ

0
251


അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍..
കീറിപ്പറിഞ്ഞ,  ശരീരം മുഴുവനും മറയാത്ത,  അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി.

ചിത്രത്തോടൊപ്പം ഒരു വരി ഇങ്ങനെ എഴുതിയിരിക്കുന്നു..

‘ഒരു അടിക്കുറിപ്പ് കൊടുക്കാമോ..’?

ആ കുട്ടിയുടെ  ദൈന്യത മുഴുവന്‍ ആവാഹിക്കുന്ന തരത്തില്‍ ഒരു കിടിലന്‍ കമന്റിന് വേണ്ടി തലപുകക്കുന്നതിനിടയിലാണ്  ഭാര്യ കാര്യമായി വിളിച്ചു പറയുന്നത്..
”മോന്റെ പമ്പെഴ്സ്  തീര്‍ന്നു.. ഞാനത് ഇന്നലെ പറയാന്‍ വിട്ടു പോയി..”

ശരവേഗത്തില്‍ കാറെടുത്ത് ടൌണിലേക്ക് പറക്കുന്നതിനിടെ  സിഗ്നലില്‍ കാറ് നിര്‍ത്തിയതും
ഒരു  അമ്മയും കുഞ്ഞും വന്നു ‘വല്ലതും തരണേ ‘എന്ന് കേണപേക്ഷിക്കുന്നതും അറിഞ്ഞ ത് പോലുമില്ല..!

അപ്പോഴും  മനസ്സ്  വല്ലാതെ അസ്വസ്ഥമായിരുന്നു .. !
എന്തെഴുതും  ഒരു കമന്റ് ..!?