Joli Joli

മരുഭൂമിയാണ്, രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്, കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം, എങ്കിലും രണ്ട് റിയാല് (35 രൂപ )മുടക്കി ഒരു പാക്കറ്റ് കുപ്പൂസും ഒരു വെള്ളവും വാങ്ങിയാൽ ഒരു മനുഷ്യന് ഒരു ദിവസം ജീവിക്കാം. ഒരു ഒന്നൊന്നര വലിപ്പം വരുന്ന പിടക്കണ മത്തി കിലോക്ക് അഞ്ചു റിയാലിന് ( 90 രൂപ ) ഇവിടെ കിട്ടും.പിടക്കണ സവോള കിലോ ഒന്നര റിയാല് ( മുപ്പത്തേഴ് രൂപ )ഇവിടെ കിട്ടും.. ! നല്ല ബസ്മതി അരി പത്ത് കിലോ നാനൂറ്റമ്പത് രൂപ. പത്ത് കിലോ പഞ്ചസാര മുന്നൂറ് രൂപ.

മരുഭൂമിയാണ്, രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്.കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം. ആപ്പിൾ കിലോ തൊണ്ണൂറ് രൂപ, അതും ഫസ്റ്റ് ക്വാളിറ്റി, ഈ ലോകത്ത് വിളയുന്ന ഏത് തരം പഴങ്ങൾ വേണം, നിങ്ങൾക്ക് താങ്ങാൻ പറ്റുന്ന വിലക്ക് ഇവിടെ കിട്ടും.വെറും പത്ത് റിയാലിന് ആവശ്യത്തിന് വസ്ത്രങ്ങൾ. പാല്, മുട്ട, ബ്രെഡ്‌…രാജ്യത്തെല്ലായിടത്തും ഒരേ വില.മനുഷ്യർക്ക് ന്യായമായ വിലക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഇവിടുത്തെ സർക്കാരുകൾ സദാസമയം വീക്ഷിക്കുന്നു.മനുഷ്യർ പട്ടിണി കിടക്കുന്നത് ഭരണ പരാജയമായി അവർ കാണുന്നു. നികുതിയില്ലേ..? ഉണ്ട്. എല്ലാ വസ്തുക്കൾക്കും നൂറ്റിക്ക് അഞ്ചു രൂപ വെച്ച് നികുതിയുണ്ട്.

ഈ സർക്കാരുകൾക്ക് വേറെ വരുമാന മാർഗമുള്ളത് കൊണ്ടല്ലേ ന്യായ വിലക്ക് ജനങ്ങൾക്ക് സാധനങ്ങൾ കിട്ടുന്നത്..? അതെ, ആ വരുമാനവും അവർ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്. ലോക നിലവാരത്തിലുള്ള റോഡുകൾ, പാലങ്ങൾ…സൗജന്യമായി ഉപയോഗിക്കാം. ലോക നിലവാരത്തിലുള്ള ആശുപത്രികൾ. ഏത്‌ അസുഖത്തിനും എല്ലാ പൗരന്മാർക്കും സൗജന്യമാണ്.
എത്രമാത്രം പഠിക്കാമോ അത്രമാത്രം സൗജന്യമാണ് എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുകൾ, സാമ്പത്തിക സഹായങ്ങൾ, നിലക്കാത്ത വെള്ളം, നിലക്കാത്ത വൈദ്യുതി, സുരക്ഷിതത്ത്വം, മനുഷ്യർ ഇവിടെ ജീവിക്കുന്നു.

എന്നാൽ ഇന്ത്യയിലേക്ക് വന്നാലോ, വിത്ത് വാരി എറിഞ്ഞാൽ നൂറ് മേനി വിളയുന്ന മണ്ണ്. പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്ന രാജ്യം ! ഭക്ഷ്യ സാധനങ്ങൾക്ക് തീ വില.എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന നാട് ! പ്രകൃതി വിഭവങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം.അത് ഏതാനും വ്യക്തികൾ കൊള്ളയടിക്കുന്ന രാജ്യം.ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള സർക്കാർ.പക്ഷെ ഇന്നും അടിസ്ഥാന സൗകര്യ വികസനം എത്തിനോക്കാത്ത അനേകം ഗ്രാമങ്ങളുള്ള രാജ്യം.അറുപത് ശതമാനം ജനങ്ങളും രണ്ടാം തരം ഗോതമ്പ് മാവ് അടിച്ച് പരത്തിയ രണ്ട് റൊട്ടിയും ഒരു ഉള്ളിയും കൊണ്ട് വിശപ്പടക്കുന്ന രാജ്യം. അത് തന്നെ രണ്ട് നേരം കഴിക്കാൻ കിട്ടുന്നത് ഭാഗ്യമായി കരുതുന്ന ജനത.എന്നാലോ ലോകത്തിലെ ആദ്യ നൂറ് കോടീശ്വരന്മാർ ജീവിക്കുന്ന രാജ്യവും ഇന്ത്യയാണ് !”

ഓർക്കുക, ഓരോ രാജ്യത്തിന്റെയും വരുമാന മാർഗങ്ങൾ വ്യത്യസ്ഥമാണ്. എണ്ണ, പ്രകൃതി വാതകം, കൽക്കരി, വജ്രം, സ്വർണം, പ്രകൃതി വിഭവങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ആയുധങ്ങൾ, മാൻ പവർ, ടൂറിസം, വ്യവസായം..എന്നാൽ ഈ വഴിക്കെല്ലാം വരുമാന മാർഗമുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ തൊണ്ണൂറ് ശതമാനം സമ്പത്തും വെറും ആയിരം പേരുടെ കൈകളിലാണ്. അൻപതിനായിരം രൂപ ലോണിന്റെ പേരിൽ ബാങ്കുകൾ സാധാരണക്കാരെ ജപ്തി ചെയ്ത് ആത്മഹത്യയിലേക്ക് നയിക്കുന്നു. എന്നാൽ സമ്പന്ന വർഗ്ഗത്തിന്റെ ലക്ഷകണക്കിന് കോടി രൂപ എഴുതി തള്ളുന്നു.കഴിഞ്ഞ എഴുപത്തി മൂന്ന് വർഷമായി നമ്മുടെ ജനപ്രതിനിധികൾ ജനാധിപത്യം വില്പനക്ക് വെച്ചപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം.ജനാധിപത്യം ലോകത്തിലെ ഏറ്റവും സുന്ദരവും ദൃഢവും തുല്യതയും ഉറപ്പ്‌ വരുത്തുന്ന ഒരു ഭരണക്രമമാണ്.എന്നാൽ അത് ഏറ്റവും മോശമായി ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.