കമ്പ്യൂട്ടറും ട്രാക്ടറും കമ്മ്യൂണിസ്‌റ്റുകാരും പിന്നെ കുറച്ചു സത്യവും

169

RJ Salim

” കംപ്യൂട്ടറിനും ട്രാക്റ്ററിനുമെതിരെ സമരം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ. എന്നിട്ട് ഇപ്പോൾ വലിയ വികസനവാദി ചമഞ്ഞു നടക്കുന്നു. ”
ഇടത് വിരുദ്ധതയുടെ ഫ്ലാഗ്ഷിപ് ചോദ്യമാണിത്. എത്ര തവണ ഉത്തരം നൽകിയാലും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന ചോദ്യം.
കോവിഡ് പ്രവർത്തനങ്ങളിൽ കേരളം ലോകത്തിനു മാതൃകയായി നിൽക്കുമ്പോൾ വീണ്ടും പഴയ കമ്പ്യൂട്ടറും ട്രാക്റ്ററും വാദങ്ങൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്. എങ്ങനെയെങ്കിലും ഇടതുപക്ഷത്തെ മോശമാക്കി കാണിക്കണം. അതാണ് ലക്‌ഷ്യം.
ഇനി പറയാൻ പോകുന്ന കാര്യം എത്ര പേരുടെ ഈ ധാരണയെ തിരുത്തും എന്നറിയില്ല. എന്നാലും വീണ്ടും പറയുകയാണ്. കാര്യം അറിയണമെന്നുള്ളവർ മാത്രം മുന്നോട്ട് വായിക്കുക.


കമ്യൂണിസ്റ്റുകാർ കമ്പൂട്ടറിനെതിരെ സമരം നടത്തി എന്ന് പറയുന്നത് തന്നെ തെറ്റാണു. കമ്പൂട്ടറിനെതിരെയല്ല, കമ്പൂട്ടർ വൽക്കരണത്തിനെതിരെയാണ് ഇടതുപക്ഷം സമരം നടത്തിയത്. അതായത് സാങ്കേതിക വിദ്യക്കെതിരെയല്ല, സാങ്കേതിക വിദ്യയുടെ മാനുഷികമല്ലാത്ത അവതരണത്തിനെതിരെയായിരുന്നു സമരം. അതിനു രണ്ടു കാരണങ്ങളുണ്ട്.
.
1. അതുണ്ടാക്കുന്ന പെട്ടെന്നുള്ള തൊഴിലില്ലായ്‌മ –
സാങ്കേതിക വിദ്യാഭ്യാസം ഇപ്പോഴും താഴെത്തട്ടിൽ വേണ്ടവിധമെത്തിയിട്ടില്ലാത്ത ഒരു സമൂഹത്തിൽ കമ്പൂട്ടർ വൽക്കരണം നടത്തുമ്പോൾ ഉണ്ടാവുക വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ്. ഈ പുതിയ ടെക്‌നോളജി പഠിക്കാനുള്ള കഴിവോ സാഹചര്യമോ ഒരുക്കി കൊടുക്കാതെ, നൂലിൽ കെട്ടിയിറക്കുന്നത് പോലെ ടെക്‌നോളജിയെ അവതരിപ്പിക്കുമ്പോൾ പാവപ്പെട്ടവന്റെ തൊഴിലും ജീവിതമാർഗ്ഗവുമാണ് ഇല്ലാതാവുന്നത്. ഒരു തൊഴിലാളിവർഗ്ഗപ്പാർട്ടി എന്ന നിലയ്ക്ക് തൊഴിലാളികളുടെ ഒരു വിഷമ ഘട്ടത്തെ ഇടതുപക്ഷം കൃത്യമായി അഡ്രസ് ചെയ്തു. ഇടതുപക്ഷം മാത്രമല്ല, ബിജെപിയുടെ തൊഴിലാളി സംഘടനയായ BMS, 1984 ഇൽ കമ്പ്യൂട്ടർ വിരുദ്ധ വർഷം ആചരിച്ചിരുന്നു. അങ്ങനെ ഇടതു വലതു ഭേദമില്ലാതെ തൊഴിലാളി സംഘടനകൾ കമ്പ്യൂട്ടർ വൽക്കരണത്തിനെതിരെ സമരം ചെയ്തിരുന്നു. അന്നത്തെ ശരി തന്നെയായിരുന്നു അത്.
.
2. തെറ്റായ അവതരണം –
ഓരോ പുതിയ സാങ്കേതിക വിദ്യയും ഇൻഡസ്ട്രിയെ കൊടുത്താൽ വിപുലീകരിക്കും, അത് വഴി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. തർക്കമൊന്നുമില്ല. പക്ഷെ അതുവരെ തൊഴിലാളികൾക്ക് അനുകൂലമായി വേണം ഇത് നടപ്പിൽ വരുത്താൻ. അങ്ങനെയല്ലാതെ, ഇന്ന് നിലനിൽക്കുന്ന വർക് ഫോഴ്‌സിന് ഒരു വെല്ലുവിളിയായി സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുമ്പോൾ അത് വലിയ അളവിലെ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. കമ്പൂട്ടർ എത്രയോ ലക്ഷം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചേനെ. പണിയെത്തിക്കൂ കൈകളിലാദ്യം പിന്നീടാവാം കമ്പ്യൂട്ടർ എന്നായിരുന്നു ഇടതു സംഘടനകളുടെ അന്നത്തെ മുദ്രാവാക്യം പോലും. ഈ മുദ്രാവാക്യത്തിലുണ്ട് അന്നത്തെ കാലത്തിന്റെ രൂപം.

ഇനി ട്രാക്റ്റർ –
.
കൂലി കൂടുതൽ ചോദിച്ചതിന്റെ പേരിൽ തൊഴിലാളികളോടുള്ള വെല്ലുവിളിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ വയലുകളിൽ ആദ്യമായി ട്രാക്റ്റർ ഇറങ്ങുന്നത്. കാർഷിക വൃത്തിയെ അത്യന്തം ആശ്രയിച്ചിരുന്ന നമ്മുടെ വർക് ഫോഴ്‌സിനെ കൂടുതൽ തൊഴിലില്ലായ്മയിലേക്കു തള്ളിവിടാനും അവരുടെ വിലപേശൽ ശക്തിയെ ഇല്ലാതാക്കാനും ഇറക്കിയ യന്ത്ര തന്ത്രമായിരുന്നു കേരളത്തിൽ ട്രാക്റ്റർ. ഇത് തന്നെ ട്രാക്റ്ററിന്റെ കാര്യത്തിലും സംഭവിച്ചു, തൊഴിലാളികൾ സംഘടിച്ചു, അതിനെതിരെ സമരം ചെയ്തു. ഇന്ന് പക്ഷെ അവസ്ഥ മാറി, കാർഷിക തൊഴിൽ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം പഴയതുപോലെയില്ല. അതുകൊണ്ടു തന്നെ യന്ത്രവൽക്കരണം ഇന്നിന്റെ ആവശ്യമാണ്. അതുകൊണ്ടു ഇൻഡസ്ട്രിക്കും നേട്ടമേയുള്ളൂ.

ഇന്നത് ആരുടേയും തൊഴിൽ അപഹരിക്കുന്നില്ല. മനുഷ്യരാണ് മുൻഗണന, സാങ്കേതിക വിദ്യയല്ല. സാങ്കേതിക വിദ്യ മനുഷ്യർക്ക് വേണ്ടിയാണു, തിരിച്ചല്ല. അവർ തൊഴിൽ സംരക്ഷണമാണ് ആവശ്യപ്പെട്ടത്. അവർക്ക് പുതിയ സാങ്കേതിക വിദ്യ പഠിച്ചെടുത്തുകൂടെ എന്നൊക്കെ നിങ്ങൾക്ക് നിങ്ങളുടെ പ്രിവിലേജിന്റെ കനം പോലെ ചോദിക്കാം. പക്ഷെ അതെല്ലാവർക്കും ഒരുപോലെ സാധിക്കുന്ന കാര്യമല്ല എന്നത് ഒന്ന്. രണ്ടാമത്, അത് സാധിക്കുന്നവർക്കുപോലും അതിനായൊരു സമയം അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. നമ്മൾ തൊഴിലാളികൾ അത് അർഹിക്കുന്നു. അത് ആരുടേയും ദയയല്ല. അങ്ങനെ തോന്നുന്നെങ്കിൽ അത് നമ്മളെ സ്വയം വില കുറച്ചുകാണാൻ പരിശീലിപ്പിച്ചതിൽ അവർ വിജയിച്ചിരിക്കുന്നു എന്നാണ്.

സമരം ചെയ്യുന്നത് കംപ്യൂട്ടറിനോടുള്ള എതിർപ്പ് കൊണ്ടല്ല, തൊഴിൽ നഷ്ടത്തിനോടുള്ള എതിർപ്പ് കൊണ്ടാണ്. നിങ്ങൾ മാനുഷികമായി സാങ്കേതിക വിദ്യ നടപ്പാക്കൂ, സമരം ചെയ്യാതിരിക്കാം. നിങ്ങളെത്ര വലിയ ജോലിയിലാണെങ്കിലും ഒരു AI പ്ലഗിൻ മതി നിങ്ങളുടെ ജോലിയിലെ നിങ്ങളുടെ പ്രസക്തി ഇല്ലാതാക്കാൻ. അപ്പോഴും തൊഴിലാളി വിരുദ്ധത പറയുമോ ? ഈ കൊറോണ സമയത്തു എല്ലാ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും അറിയാമായിരിക്കുമല്ലോ ജോലിസ്ഥലത്തെ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന സ്‌ട്രെസ് എന്താണെന്ന്.

ക്യാപിറ്റലിസം കാരണമാണ് പുത്തൻ സാങ്കേതിക വിദ്യകൾ ഉണ്ടാകുന്നത് എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാം. ശുദ്ധ മണ്ടത്തരമാണത്. ക്യാപ്പിറ്റലിസം ടെക്‌നോളജിയെ കാണുന്നത് ലാഭം എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണു. മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനോ ദാരിദ്ര്യം നിർമാർജനം ചെയ്യാനോ അവർ സാങ്കേതിക വിദ്യയെ ഉപയോഗിക്കില്ല, കാരണം അവർക്കതിൽ ലാഭമില്ല എന്ന ഒറ്റക്കാരണം കൊണ്ട്.

മനുഷ്യന്റെ ബുദ്ധി ശക്തിയാണ് ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്നത്. അതിനെ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക മാത്രമാണ് ക്യാപ്പിറ്റലിസം ചെയ്യുന്നത്. അല്ലാതെ മനുഷ്യന്റെ ബുദ്ധി ശക്തി കണ്ടുപിടിച്ചത് തന്നെ ക്യാപ്പിറ്റലിസമല്ല. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ സോവിയറ്റ് യൂണിയൻ രണ്ടു പതിറ്റാണ്ടു കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ ഭീമന്മാരായത് ക്യാപ്പിറ്റലിസം കൊണ്ടല്ല, കമ്യൂണിസം കൊണ്ടാണ്.

തൊഴിലാളികൾ സംഘടിതരായാൽ കൂലി കൂടുതൽ ചോദിയ്ക്കാൻ സാധ്യതയുള്ളത് കൊണ്ട് തൊഴിലാളികളുടെ സംഘടനാ ശേഷിയെ ആദ്യം തകർക്കണം. അതിനു അവരുടെ പ്രാധാന്യത്തെ ഇടിച്ചു താഴ്ത്തണം. അവരെ ഏതു നിമിഷവും തൊഴിലിൽ ആവശ്യമില്ലാത്തവരാക്കാം എന്ന നില വരണം. അതിനായി സാങ്കേതിക വിദ്യയുടെ ഉപയോഗം തന്നെ വഴിമാറ്റപ്പെട്ടു. കാരണം അവരാണ് ഇന്ന് സാങ്കേതിക വിദ്യ കൈയ്യടക്കി വെച്ചിരിക്കുന്നത്. വൻകിട കമ്പനികൾക്കല്ലാതെ ഏത് സർക്കാരിനാണ് കൃത്യമായി റിസൾട്ടുകൾ ഉണ്ടാക്കുന്ന സ്വന്തമായി ഒരു R & D ഉള്ളത് ?

എന്നാണ് ഏറ്റവും അവസാനമായി ഒരു പാവപ്പെട്ടവന് വേണ്ടി സാങ്കേതിക വിദ്യയുടെ ഉപയോഗം ഉണ്ടായത്. കേരളത്തിൽപോലും മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകൾ ഉണ്ടായത് ഈ സർക്കാരിന്റെ കാലത്താണ്. ചന്ദ്രനിൽ പോകാനുള്ള ടെക്‌നോളജി കൈവശമുള്ള മനുഷ്യ വംശത്തിനു മാൻഹോളിൽ ഇറങ്ങാനുള്ള റോബോട്ടിനെ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതുകൊണ്ടല്ല അതിതുവരെ ഉണ്ടാകാതിരുന്നത്. അതിനു ലാഭത്തിനപ്പുറം മനുഷ്യരെ കാണുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലാത്തതുകൊണ്ടാണ്.ഇപ്പൊ വലിയ ചാമ്പ്യൻ ഓഫ് ടെക്‌നോളജി ചമയുന്ന കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവായ ഉമ്മൻ ചാണ്ടി കാലിക്കറ്റ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർവൽക്കരണത്തിനു എതിരെയുള്ള സമരം നയിച്ചയാളാണ്.

പതിനായിരം പേർക്ക് ജോലി കിട്ടേണ്ടിയിരുന്ന ഇൻഫോസിസ് പ്രൊജക്റ്റാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്തു അദ്ദേഹത്തിന്റെ പിടിപ്പുകേടുകൊണ്ടു നഷ്ടമായത്. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. കേപ്‌ജെമിനി, എക്സേഞ്ച്വർ അങ്ങനെ എത്രയോ കമ്പനികൾ കേരളത്തിൽ നിന്ന് അവരുടെ ഒപ്പേറഷൻസ് ഷിഫ്റ്റ് ചെയ്തു, ഉമ്മൻ ചാണ്ടി കാലഘട്ടത്തിൽ.കോൺഗ്രസുകാർ ഇന്ന് കുറ്റംപറയുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇന്ത്യയിൽ ആദ്യമായൊരു IT വർക്ക്‌സ്‌പേസ് (ടെക്‌നോപാർക്) ഉണ്ടാക്കുന്നത്. 1991 ഇൽ നായനാർ സർക്കാർ. ഇടതു സർക്കാരുകൾ സാങ്കേതിക വിദ്യയെ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനാണ് ഉപയോഗിച്ചത്.

ER & DC, C-DIT, FRIENDS, IT Mission, Information Kerala Mission, IT @ School, ICFOSS അങ്ങനെ എത്രയെത്ര പദ്ധതികൾ ജീവിതത്തെ ടെക്‌നോളജി ഫ്രണ്ട്‌ലിയാക്കി. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ 16000 ഇൽ നിന്ന് 44000 തൊഴിലുകളാണ് ഈ മേഖലയിൽ ഇടതു സർക്കാരിന് കീഴിൽ സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തെ കണക്ക് ഇതിനും മുകളിൽ വരും.അതുകൊണ്ടു കോൺഗ്രസുകാർ മറ്റെന്തെങ്കിലും വിശ്വസിക്കാൻ കൊള്ളാവുന്ന നുണ വല്ലതും പറയണമെന്നഭ്യർത്ഥിക്കുന്നു.