കോൺഗ്രസ്സ് പാർട്ടി മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം കൂടുന്നതിൽ ആശ്ചര്യമൊന്നുമില്ല, കാരണമുണ്ട് !

217

സംഘപരിവാരം ബാബറി മസ്ജിദെന്ന സെക്കുലറിന്ത്യയുടെ മകുടം തകർക്കുമ്പോൾ രാജ്യം ഭരിച്ചിരുന്നത് പിവി നരസിംഹറാവുവായിരുന്നു. പരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രൊജക്റ്റിന് കോൺഗ്രസുകാരനായ പ്രധാനമന്ത്രി നരസിംഹ റാവു തനിക്കറിയാവുന്ന പതിനാലുഭാഷകളിലും മൗനാനുവാദം നൽക്കുകയായിരുന്നു അന്ന്. നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളിവർഗ്ഗം തെരുവിലിറങ്ങിയപ്പോഴുണ്ടായ സമാനതകളില്ലാത്ത വർഗ്ഗഐക്യത്തെ ഭയപ്പെട്ട ഗ്ലോബൽ കാപ്പിറ്റലിസത്തിന്റെ ഇന്ത്യയിലെ എൻഫോർസേഴ്സും രാമജന്മഭൂമി എപ്പിസോഡിൽ തങ്ങളുടെ ഭാഗം ഭംഗിയായി പെർഫോം ചെയ്തു. ഉരുത്തിരിഞ്ഞുവന്ന വിശാല വർഗ്ഗഐക്യത്തെ പൊളിക്കാൻ സംഘപരിവാരത്തിന്റെ രഥയാത്രകൾക്ക് കഴിഞ്ഞിരുന്നു. മണ്ഡൽ വിരുദ്ധസമരങ്ങൾ വഴി തങ്ങൾക്കുനഷ്ട്ടപ്പെട്ട പിന്നോക്കജാതി പിന്തുണ വീണ്ടെടുക്കാൻ വിശാല ഹിന്ദു കൺസോളിഡേഷൻ ഉണ്ടാക്കാനായിരുന്നു സംഘപരിവാരത്തിന്റെ തൊണ്ണൂറുകളിലെ ഗെയിം പ്ലാൻ.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ വർഷങ്ങൾ മുതൽക്കേ ബാബറി ഹിന്ദുസംഘടനകളുടെ ടാർഗെറ്റായിരുന്നു. മലയാളി ഐഎഎസ് ഓഫീസർ കെകെ നായർ ഫൈസാബാദ് കളക്ടർ ആയിരിക്കെ 1949 ഡിസംബർ 22ന് അയാളുടെ നേതൃത്വത്തിലാണ് ബാബറി മസ്ജിദിൽ വളരെ ആസൂത്രിതമായി രാമവിഗ്രഹം കൊണ്ടുവെക്കുന്നത്. കോൺഗ്രസ്സ് നേതാക്കളുടെ പ്ലാനിങ്ങിലും കെകെ നായരുടെ എക്സിക്യൂഷനിലുമാണ് അങ്ങനെ പരിവാരത്തിന്റെ വരുംകാല രാഷ്ട്രീയത്തിന് അയോധ്യയിൽ വിത്തുപാകപ്പെട്ടത്. അതിനുശേഷം ഇതേ നായരദ്ദേഹം ജനസംഘം ടിക്കറ്റിൽ ഫൈസാബാദിന്റെ എംപി ആകുന്നത് രാമജന്മഭൂമി വിഷയം കത്തിച്ചുകൊണ്ടാണ്.

RSS പിറന്നുവീണ മഹാരാഷ്ട്രയുടെ മണ്ണിൽ രാമജന്മഭൂമി മൂവ്മെന്റിന് നേതൃത്വം നൽകിയത് ശിവസേനയായിരുന്നു. RSS നൊപ്പം സമൂഹത്തിൽ തീവ്രഹിന്ദുത്വവികാരങ്ങൾ പ്രസരിപ്പിക്കാൻ ശിവസേനയും മുന്നിലുണ്ടായിരുന്നു. സാമ്പത്തിക തകർച്ചയുടെ ഉപോൽപ്പന്നമായി പൊളിറ്റിക്കൽ റൈറ്റ് വിംഗ് ശക്തിപ്പെടുന്നതരം പൊതുപാറ്റേൺ ശിവസേനയുടെ ആവിർഭാവത്തിലും ദർശിക്കാവുന്നതാണ്. രാജ്യത്തുയർന്നുവന്ന സാമ്പത്തിക തകർച്ച വളമാക്കി കൃത്യമായി ഹിന്ദുത്വ അജണ്ടയിലൂടെ,
വർഗ്ഗീയ കലാപങ്ങൾ വഴി, തങ്ങളുടെ രാഷ്ട്രീയത്തിന് ഊർജം കണ്ടെത്തുകയായിരുന്നു ശിവസേന ചെയ്തത്. തൊള്ളായിരത്തി അറുപതുകളിലും എഴുപതിലും നിയമസഭാംഗമുൾപ്പെടെ കമ്മ്യുണിസ്റ്റ് തൊഴിലാളി നേതാക്കളെയാകെ ശിവസേന -RSS അച്ചുതണ്ട് ബോംബെയിൽ കൊന്നുതള്ളുകയായിരുന്നു. ബോംബെയിലെ ശക്തമായ ട്രേഡ് യൂണിയൻ മൂവ്മെന്റിനെയും വർക്കിങ് ക്ലാസ്സ്‌ യൂണിറ്റിയെയും അവിടത്തെ വിശാല സംഘപരിവാര-മാധ്യമ-വൻ ബിസിനസ് കൂട്ടുകെട്ട് സിസ്റ്റമാറ്റിക്കായി ശിഥിലീകരിക്കുകയായിരുന്നു. അന്നത്തെ കേന്ദ്ര സംസ്‌ഥാന ഭരണത്തിലുള്ള കോൺഗ്രസിന്റെ ഒത്താശയിലാണ് ഈ കമ്മ്യൂണിസ്റ്റ് വേട്ട ബോംബൈ നഗരത്തിൽ അരങ്ങേറിയത്.

എൺപതുകളിൽ ഷാബാനു കേസിൽ മുസ്ലിം ക്ലെർജിക്കനുകൂലമായെടുത്ത നിലപാടിനെ ബാലൻസുചെയ്യാൻ ബാബറിപള്ളിയിൽ രാം ലല്ല ഹിന്ദുവിശ്വാസികൾക്ക് ആരാധനക്കായി തുറന്നുകൊടുക്കാനാണ് രാജീവ്‌ ഗാന്ധി 1986ൽ തീരുമാനിച്ചത്. സംഘപരിവാരം ഇതിനെ നന്നായി കാപ്പിറ്റലൈസ്‌ ചെയ്തു. പൊളിറ്റിക്കൽ ഹിന്ദുത്വയുടെ ഭാവി അസർഷനുവേണ്ട ത്രെഷോൾഡ് നൽകിയത് കോൺഗ്രസ് സർക്കാർ അന്ന് ബാബറി വിഷയത്തിലുൾപ്പെടെ കോടതിയിലെടുത്ത നിലപാടുകളായിരുന്നു. 86 മുതലുള്ള ആറുവർഷങ്ങൾകൊണ്ടാണ് ബാബറി പള്ളി തകർക്കാൻ കഴിയുന്ന ആക്രമണോത്സുകതയിലേക്ക് പരിവാർ ശക്തികൾ വളർന്നത്. ബാബറി മസ്ജിദിന്റെ തകർച്ചക്കുശേഷം മുംബൈ നഗരത്തിൽ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപം ആസൂത്രണം ചെയ്തത് ശിവസേനയായിരുന്നു. 700ലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്. കർസേവകർ ബാബറി മസ്ജിദിലെ പള്ളി മിനാരങ്ങൾ പൊളിച്ചുവീഴ്ത്തുമ്പോഴും ശിവസേനക്കാർ മുംബൈയിൽ ന്യൂനപക്ഷവേട്ട തുടരുമ്പോഴും മൗനം പൂണ്ട നരസിംഹ റാവു, പക്ഷേ വർഷങ്ങൾക്കുശേഷം തനിക്കാറായാവുന്ന പതിനാല് ഭാഷകളിലും ബാബറി മസ്ജിദിന്റെ തകർച്ചയെക്കുറിച്ച് ഒരു പുസ്തകമെഴുതി കേട്ടോ. Ayodhya :6 December, 1992 എന്ന പേരിൽ. ബാബറി മസ്ജിദിന്റെ തകർച്ചയിൽ തനിക്കോ തന്റെ സർക്കാരിനോ പങ്കില്ലെന്ന് അയാളാ പുസ്തകത്തിലൂടെ ഒരുളുപ്പുമില്ലാതെ വാചാലനായി.

പള്ളി മിനാരങ്ങൾ പൊളിഞ്ഞുവീഴുമ്പോൾ തനിക്കറിയാവുന്ന പതിനാലുഭാഷകളിലും മൗനം പൂണ്ട ഒരു കോൺഗ്രസ്സ് പ്രധാനമന്ത്രിക്ക് കൊല്ലങ്ങൾക്കുശേഷം അത്രയും ഭാഷകളിൽ ന്യായീകരണം ചമയ്ക്കാനുള്ള തൊലിക്കട്ടിയുണ്ടെങ്കിൽ അതേ കോൺഗ്രസ്സ് പാർടി മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം കൂടുന്നതിലും ആശ്ചര്യമൊന്നുമില്ല.

(കടപ്പാട് )