മനസ്സാക്ഷി vs നിയമം

141

Rajesh Pattazhy 

മനസ്സാക്ഷി vs നിയമം

രാജ്യം ഭൂരിഭാഗവും ആവേശത്തിലാണ്… ആ നാല് പേരെയും വെടി വെച്ച് കൊന്നതിൽ…!
ഒരു പെൺകുട്ടിയെ പ്ലാൻ ചെയ്ത്, മൃഗീയമായി ബലാത്സംഗം ചെയ്ത് കൊല്ലുക…എന്നിട്ട് ആ ശരീരം പെട്രോളൊഴിച്ച് കത്തിക്കുക…ആരും കേൾക്കാൻ പോലും ധൈര്യപെടാത്ത വാർത്ത. പക്ഷേ അതെന്റെ രാജ്യത്തിൽ ആദ്യ സംഭവം ഒന്നുമല്ല. ദിവസവും..ഓരോ നിമിഷവും സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ട് ആ കേസുകളിൽ ഒക്കെ പ്രതിയാക്കപെടുന്നവർ എല്ലാം നമ്മളുടെ മുൻപിൽ കൂടി തല മൂടിയിട്ടും അല്ലാതെയും പോലീസ് അകമ്പടിയോടെയും അല്ലാതെയും നടക്കുന്നു…ജയിലിൽ കഴിയുന്നു…കുറെ പേർ പിടിക്കപെടാതെ മനുഷ്യത്വത്തെയും നിയമത്തെയും ഇളിച്ച് കാണിച്ചു കൊണ്ട് സമൂഹത്തിൽ ജീവിക്കുന്നു, അടുത്ത ഇരയെ അന്വേഷിച്ചു കൊണ്ട്…!

അങ്ങനെയുള്ള ഇൗ സമൂഹത്തിൽ സാധാരണ ജനങ്ങൾ ഇന്ന് അതിരാവിലെ ഒരു വാർത്ത കണ്ടപ്പോൾ ഉള്ള് കൊണ്ട് സന്തോഷിച്ചു…ഇൗ ഞാനും. ഏതൊരു മനുഷ്യനും ഇൗ വാർത്ത കേട്ടപ്പോൾ കണ്ണുകൾ വികസിച്ചിട്ടുണ്ടാവം…ഉള്ളിൽ നിന്ന് ഒരു ആശ്വാസം.ഒരു സന്തോഷം വന്നിട്ടുണ്ടാകാം…ഒരു 98% ആൾക്കാർക്കും ഇത് തന്നെയാവാം ഉണ്ടായ വികാരം. പക്ഷേ…കുറെ കഴിഞ്ഞ് ചിന്തിച്ച് നോക്കിയപ്പോൾ… ഫേസ്ബുക്കിലും മറ്റും ഒന്ന് പരതി നോക്കിയപ്പോൾ..ടീവിയിൽ ന്യൂസ്‌ കണ്ടപ്പോൾ… ആ ആദ്യത്തെ വികാരാവേശം ഒന്ന് അടങ്ങിയപ്പോൾ…ചിന്തിച്ച് പോവുന്നു…ഇതാണോ നീതി? ഇങ്ങനെയാണോ നീതി നടപ്പാക്കേണ്ടത്? അടുത്തിടെ കണ്ട സിനിമകൾ ആയ ഒരു കുപ്രസിദ്ധ പയ്യൻ, മായാനദി എന്നിവയിലെ കഥകൾ, സീനുകൾ മിന്നി മായുന്നു.

? പ്രതികൾ ഇവർ തന്നെയോ?
? നാല് പ്രതികൾ എല്ലാരും കുറ്റക്കാർ ആണോ?
? ആ നാല് പേരിൽ ഒരാള് നിരപരാധി ആണെങ്കിൽ?
? രാജ്യത്തെ ഏത് നിയമം കൊണ്ടാണ് ഇൗ എൻകൗണ്ടർ നടന്നത്?

പക്ഷേ ഇൗ ചോദ്യങ്ങൾ എല്ലാം ന്യായം ആണെങ്കിലും ഇപ്പോഴത്തെ ജനവികാരം, ഇത് ചോദിക്കുന്ന ആളുകളെ എൻകൗണ്ടർ ചെയ്ത് കൊല്ലാൻ ഉതകുന്നവയാണ്. അത്രയ്ക്ക് ജനങ്ങൾ മടുത്തിരിക്കുന്നൂ. രണ്ട് ദിവസം മുമ്പാണ് ഉന്നാവ കേസിലെ പ്രതികൾ പുറത്തിറങ്ങി ആ പെൺകുട്ടിയെ വീണ്ടും തട്ടി കൊണ്ടുപോയി തീ കൊളുത്തിയത്. ആ കുട്ടിയുടെ നില അതീവ ഗുരുതരം ആയി തുടരുന്നു. അപ്പൊൾ, “ആ പ്രതികളേയും ഇതേപോലെ മുൻപ് ചെയ്തിരുന്നു എങ്കിൽ അവന്മാരുടെ കഥ എന്നേ കഴിഞ്ഞേനെ..എങ്കിൽ…ഇങ്ങനെ ചെയ്യില്ലാരുന്നൂ ആ നാറികൾ..” എന്ന് നമ്മൾ ചിന്തിക്കുന്നുണ്ട്. പക്ഷേ അവിടെയാണ് കാര്യം.

ഗൗരവപരമായ ഇത്തരം കേസുകളിൽ ഇത്രത്തോളം കാല താമസവും പ്രതികളെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്ന പ്രഹസനങ്ങളും “അവർ ജയിലിൽ എന്ത് കഴിച്ചു..അവർ കഴിച്ചത് എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും” എന്നൊക്കെ എഴുതി പിടിപ്പിച്ച് അത് ആഘോഷിക്കുന്ന പത്ര മാധ്യമങ്ങളും വെറുപ്പിക്കുകയാണ് ജനങ്ങളെ. ഇൗ നിയമവും ഇൗ കോടതിയും ഇൗ പോലീസും ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ നിയമം മാറ്റി എഴുതുക തന്നെ വേണം. ഒരു കുറ്റകൃത്യം ഉണ്ടായാൽ പോലീസ് അത് നന്നായി അന്വേഷിച്ച്, കോടതി വേഗം അവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുത്താൽ ഉന്നാവ കേസിലെ “ആ പ്രതികളേയും ഇതേപോലെ മുൻപ് ചെയ്തിരുന്നു എങ്കിൽ അവന്മാരുടെ കഥ എന്നേ കഴിഞ്ഞേനെ..എങ്കിൽ ഇങ്ങനെ ചെയ്യില്ലാരുന്നൂ..” എന്ന് ജനങ്ങൾ ചിന്തിക്കില്ലായിരുന്നൂ. അപ്പൊൾ…കുറ്റക്കാർ..നമ്മളുടെ നീതി പീഠം ആണ്…നിയമം ആണ്…! കുറഞ്ഞത് രാജ്യത്ത് ഉള്ള നിയമം എങ്കിലും നന്നായി, വേഗത്തിൽ, കർശനമായി നടപ്പാക്കിയിരുന്നു എങ്കിൽ ആ പോലീസ് ഓഫീസർക്ക് തോക്ക് എടുക്കേണ്ടി വരില്ലായിരുന്നു.

സാധാരണ ജനങ്ങളും നീതി നടപ്പാക്കാൻ തെരുവിലേക്ക് ഇറങ്ങാതെ നോക്കേണ്ടതും…അത് നിങ്ങളുടെ…നിയമപാലകരുടെ…ജനപ്രതിനിധികളുടെ…
നീതിപീഠത്തിന്റെ …ബാധ്യതയാണ്…കടമയാണ്…!!!

മാറ്റങ്ങൾ…പ്രതീക്ഷിക്കുന്നു…
മനുഷ്യമൃഗങ്ങളുടെ മനസ്സിനും…

Advertisements