കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

65
ഷിജു ദിവ്യ എഴുതുന്നു
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ കണ്ണിൽ പെടാഞ്ഞിട്ടല്ല, പൊതുവിടത്തിൽ നമ്മളായിട്ട് അതിന് ദൃശ്യത നൽകരുത് എന്ന് കരുതിയിട്ട് മിണ്ടാതിരുന്നതാണ്. മറ്റെല്ലാ ഗൂഢാലോചനാ സിദ്ധാന്തങ്ങളും പോലെ ഫേസ്ബുക്കായിരുന്നില്ല അവയുടെ പ്ലാറ്റ്ഫോം. രാഷ്ട്രീയ നിരപേക്ഷം എന്ന നിലയിൽ സംഘടിപ്പിക്കപ്പെട്ട പഴയ ക്ലാസ്മേറ്റ്സ് ഗ്രൂപ്പുകൾ , കുടുംബ ഗ്രൂപ്പുകൾ, ഫാമിലി ഗ്രൂപ്പുകൾ , സഹപ്രവർത്തകക്കൂട്ടായ്മകൾ തുടങ്ങി വാട്സ് ആപ്പ് കൂട്ടങ്ങളാണീ വൈറസുകളുടെ പ്രഭവകേന്ദ്രങ്ങളും പ്രചാരണ കേന്ദ്രങ്ങളും. നമ്മളായിട്ട് എടുത്തു പുറത്തിടണ്ട എന്നേ കരുതിയുള്ളൂ. അതാതിടങ്ങളിൽ നന്നായി പ്രതിരോധിക്കുക തന്നെയായിരുന്നു. ചിലരൊക്കെ ചില ഗ്രൂപ്പുവിട്ട് പോയിട്ടു പോലുമുണ്ട്. മുമ്പൊക്കെ സ്വയം വിട്ടൊഴിഞ്ഞു പോയാലോ എന്നു പോലും തോന്നിയിട്ടുണ്ട്. പക്ഷേ ഒന്ന് രണ്ട് ഇഷ്യൂസിലായി പൊരുതി നിൽക്കാൻ തന്നെയാണ് തീരുമാനം. അത് ഏതോണത്തിന് കോടി വാങ്ങിത്തന്ന, ഏതു പൂരം തോളിൽ കേറ്റിക്കാണിച്ചു തന്ന കേശവമാമയോടായാലും ശരി. കോവിഡ് ബാധയെ ലോക സമ്പദ്ഘടന തകർക്കാനുള്ള കമ്മ്യൂണിസ്റ്റ് ചൈനയുടെ ചുവന്ന വൈറസ് എന്നൊക്കെയുള്ള തിയറിയൊക്കെ വൻ കോമഡിയായിട്ടാണ് തോന്നിയത്. ആൾക്കാരെ അനങ്ങാൻ സമ്മതിക്കാത്ത ചൈനീസ് മാതൃകയിൽ മനോജ്ഞ ഭാവമൊക്കെ പണ്ടെന്നോ ഊർന്നു പോയതാ. പക്ഷേ ഇക്കാര്യത്തിൽ ചൈന അനുഭവിക്കുന്ന ക്രൈസിസ് എന്താണെന്ന് ചൈനയെക്കുറിച്ച് മുതലാളിത്ത മാദ്ധ്യമങ്ങൾ എഴുതിയ കാര്യങ്ങൾ ഒന്ന് കണ്ണോടിച്ചാൽ തന്നെ മനസ്സിലാവും.
ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് പറയണമെന്ന് തോന്നിയത് ഇന്നലെ മലയാള മാദ്ധ്യമങ്ങൾ പലതിലും ‘തബ് ലീഗ് കോവിഡ് ‘ എന്നൊരു പ്രയോഗം ഒരേ പോലെ സ്ക്രോൾ ചെയ്യുന്നതു കണ്ടതാണ്. പായിപ്പാട്ടെ അന്തർ സംസ്ഥാന തൊഴിലാളി പ്രതിഷേധത്തിന്റെ ചിത്രം കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച ചാനൽ പോലും അങ്ങനെത്തന്നെ എഴുതി. എന്തൊരു ഉളുപ്പില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണിത് ? തബ് ലീഗ് സമ്മേളനം നന്നായെന്നോ അതിനെ വിമർശിക്കേണ്ട എന്നോ അല്ല , പക്ഷേ കോവിഡ് ബാധയ്ക്ക് ശേഷം ഉണ്ടായ ആദ്യത്തെ കൂട്ടം ചേരലാണിത് എന്ന നിലയിൽ രാജ്യത്താകെ കോവിഡ് പകർന്നത് തബ് ലീഗ് സമ്മേളനാനന്തരമാണെന്ന് തോന്നും വിധം ഈ വാചകം രൂപപ്പെടുത്തിയ കാഞ്ഞബുദ്ധിയേതാണ് ? അതേറ്റു പാടിയ മാദ്ധ്യമങ്ങൾ ആർക്കാണ് കുഴലൂതുന്നത്?
ഇതൊരൊറ്റ സംഭവം കൊണ്ടുണ്ടായതല്ല. ഘട്ടം ഘട്ടമായി പഴുപ്പിച്ചെടുത്ത ഒരു സിദ്ധാന്തം അതിന്റെ കൃത്യം സമയത്ത് പുറത്തെടുത്തതാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് ഗൂഢാലോചന നടത്തിയതിന്റെ ഫലമായാണ് കേരളത്തിൽ ഗൾഫ് മേഖലയിൽ നിന്ന് ധാരാളം കോവിഡ് രോഗികളെത്തിയതെന്നും അവർ രാജ്യത്ത് പടർത്തുകയാണെന്നും പറയുന്ന മെസ്സേജുകൾ ബംഗലൂരു കേന്ദ്രീകരിച്ച് വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷും ടെക്നോളജിയും കയ്യിലുള്ള ആരോ അത് ട്വിറ്ററിലുമിട്ടിരുന്നു. കർണ്ണാടക കേരളത്തിന്റെ പാതകൾ മുഴുവൻ മണ്ണിട്ടു മൂടിയതിൽ പോലും ഇങ്ങനെയൊരു ഫോബിയയും ഗൂഢാലോചനാ സിദ്ധാന്തവും ഉണ്ടെന്ന് വേണം കരുതാൻ.
ആറ്റുകാൽ പൊങ്കാല മുതൽ തിരുപ്പതി ക്ഷേത്രത്തിൽ വിദേശികളടക്കം പങ്കെടുത്ത ആഘോഷം വരെ പലയിടങ്ങളിലും ആളുകൾ ഒത്തുകൂടിയിരുന്നു. മാർച്ച് 13 നാണ് തബ് ലീഗ് സമ്മേളനം നടന്നത്. അന്നുതന്നെയാണ് തിരുപ്പതിയിലും ആഘോഷം നടന്നത്. രണ്ടിടത്തും വിലക്കുകൾ ലംഘിക്കപ്പെട്ടു. അയോദ്ധ്യയിൽ ആളുകൾ ഒത്തുചേർന്നു. ഒക്കെപ്പോവട്ടെ , ജനതാ കർഫ്യൂ കഴിഞ്ഞദിവസം വൈകുന്നേരം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പ്ലേറ്റുകൊട്ടിക്കൊണ്ട് നടന്ന മഹാറാലികൾ നാം കണ്ടതാണ്. ആയിരക്കണക്കായ അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂട്ടമായി കാൽനടയായി നൂറുകണക്കിന് കിലോമീറ്റർ അപ്പുറത്തുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചത് നാം കണ്ടതാണ്. അതിൽ നിന്ന് തബ് ലീഗ് സമ്മേളനത്തെ മാത്രമെടുത്ത് കോവിഡിനെ തൊപ്പിയിടുവിക്കാനുള്ള ശ്രമത്തിന് പേരൊന്നേയുള്ളൂ. ‘ഇസ്ലാമോ ഫോബിയ’- കോവിഡ് വൈറസ് നിർമ്മാർജ്ജനം ചെയ്താലും നിർവ്വീര്യമാവാത്ത അപരവിദ്വേഷത്തിന്റെ വൈറസുകൾ. അതാരുടെ അടുക്കളയിൽ വേവുന്ന പരിപ്പാണെന്ന് ചോറുതിന്നുന്നവർക്ക് മാത്രമല്ല , ചപ്പാത്തിയും കുബ്ബൂസും തിന്നുന്നവർക്കറിയാം.