നൻപകൽ നേരത്ത് മയക്കവും ഷുവങ്സി പാരഡോക്സും
Corina Joy
സിനിമയുടെ സ്വപ്ന തത്വശാസ്ത്രവും യുക്തിയിലേക്കും ഒന്ന് എത്തിനോക്കാം.നന്പകൽ നേരത്ത് മയക്കം fdfs കണ്ടപ്പോൾ തന്നെ ദാവോയിസ്റ്റ് തത്ത്വചിന്തകനായ മാസ്റ്റർ സുവാങ് എഴുതിയ പുരാതന ചൈനീസ് ഗ്രന്ഥം ആണ് ഞാൻ ഓർത്തുപോയത്. ഞാൻ തായ്വാനിൽ നിന്നാണ്(റിപ്പബ്ലിക് ഓഫ് ചൈന).മാസ്റ്റർ ഷുവാങ് (ഷുവാങ് സോ) എന്നൊരു ചൈനീസ് ദാവോയിസ്റ്റ് സന്യാസി ജീവിച്ചിരുന്നു (369 B.C – 286 B.C), അദ്ദേഹം രചിച്ച ഒരു ഗ്രന്ഥം ആണ്
“ഷുവാങ്സി”. അതിൽ ഉള്ള ഒരു കഥയാണ് “ഷുവാങ്സിയുടെ ബട്ടർഫ്ലൈ സ്വപ്നം” അഥവാ “ഷുവങ്സി പാരഡോക്സ്”
“താൻ ഒരു ചിത്രശലഭമാണെന്ന് ഷുവാങ്സി ഒരിക്കൽ സ്വപ്നം കണ്ടു. ഉല്ലസിച്ചു പൂവിൽ നിന്നും പൂവിലേക്കു പറന്നു നടക്കുന്ന ഒരു സന്തോഷവാനായ ചിത്രശലഭം. ചിത്രശലഭമായപ്പോൾ തന്റെ മനുഷ്യ വ്യക്തിത്വത്തെ ആകെ മറന്നു. അയാൾ പൂർണമായും ഒരു ചിത്രശലഭമായി മാറി. പെട്ടെന്നാണ് അയാൾ ഉണർന്നത്. ഉണർന്ന ഉടൻ താൻ ഷുവാങ്സി ആണെന്നും, സംശയാതീതമായി ഒരു മനുഷ്യനാണെന്നും കണ്ടെത്തി.
എന്നാൽ താൻ ഒരു ചിത്രശലഭമാണെന്ന് സ്വപ്നം കാണുകയാണോ? അതോ ഒരു ചിത്രശലഭം താൻ ഒരു ഷുവാങ്സിയാണെന്ന് സ്വപ്നം കാണുകയാണോ എന്ന് അദ്ദേഹം സ്വയം ചോദിച്ചു? നൻപകൽ നേരത്ത് മയകം ഈ ചൈനീസ് സ്വപ്ന തത്വശാസ്ത്രത്തിൽ നിന്നും ഡിറൈവ് ചെയ്തതാണ്.അവസാനം, മാസ്റ്റർ ഷുവാങ് എഴുതി, ഷുവാങ്സിയും ബട്ടർഫ്ലൈയും തമ്മിൽ കാര്യമായിട്ട് വ്യത്യാസം ഉണ്ടായിരുന്നുവെന്ന് ; – ഈ വ്യത്യാസം ‘കാര്യങ്ങളുടെ പരിവർത്തനം’ ആയിരുന്നു.
ചിന്തിച്ചാൽ പരിവർത്തനം എന്നത് യാഥാർത്ഥ്യവും ഭ്രമവും തമ്മിലുള്ള “സ്വയം ബോധത്തിന്റെ” മാറ്റമാണ്. സ്വപ്നങ്ങൾക്കും ഉണർവിനും ഇടയിലുള്ള നിരന്തരമായ മാറ്റം, കാര്യങ്ങളുടെ വേർതിരിവിനെ തിരിച്ചറിയില്ല, എന്നാൽ കാര്യങ്ങൾക്കിടയിലും കൃത്യമായ വേർതിരിവുണ്ടെന്നും മനസിലാക്കുന്നു, എന്ന തിരിച്ചറിവിൽ കൂടെയാണ് ‘സ്വയം ബോധം’ കടന്നു പോകുന്നത്.
ചൈനീസ് സാഹിത്യത്തിന്റെയും തത്ത്വചിന്തയുടെയും അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണ് “ഷുവാങ്സി”. ചൈനീസ് സാഹിത്യ പാരമ്പര്യത്തിലെ സ്വപ്നങ്ങളുടെ പിൽക്കാല വ്യാഖ്യാനങ്ങൾ ഈ വിചിത്രവും സമൂലവുമായ കഥയെ ആകർഷിച്ചു. ഈ ‘ബട്ടർഫ്ലൈ സ്വപ്ന’ത്തിനായി ഷുവാങ്സി സൃഷ്ടിച്ച അന്തരീക്ഷത്തിന്റെ സ്വഭാവത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത വ്യാഖ്യാന പാരമ്പര്യങ്ങൾ ചൈനീസ് തത്വ പാരമ്പര്യത്തിൽ അവിടെ വികസിച്ചു. ഒന്ന്, യാതൊരു പ്രശ്നം ഇല്ലാതെ ജീവിതം മറന്നു ഉല്ലസിച്ചു ജീവിക്കുന്ന ചിത്രശലഭം. മറ്റൊന്ന്, ‘ജീവിതം ഒരു സ്വപ്നം മാത്രമാണ്’ എന്ന വിശ്വസിക്കുന്ന ഒരു മനുഷ്യൻ.
മാസ്റ്റർ ഷുവാങ് സന്യാസി അഥവാ ഷുവാങ് സോ, തന്റെ “സ്വന്തം” കഥ “ഷുവാങ്സി” എന്ന കഥാപാത്രത്തിൽ കൂടെ ലോകത്തിനു വ്യക്തമാക്കി, തന്റെ പേരിൽ ചെറിയ വ്യത്യാസത്തിലൂടെ.
അതിനർത്ഥം മാസ്റ്റർ ഷുവാങ് കഥ രചിക്കുമ്പോൾ പൂർണമായി ഷുവാങ്സി ആയി മാറുകയായിരുന്നു, എന്നാൽ ഷുവാങ്സിയോ – പൂർണമായി ഒരു ചിത്രശലഭമായി മാറികഴിഞ്ഞിരുന്നു. 3 പേരും വ്യത്യസ്ത കഥാപാത്രങ്ങൾ ആണെങ്കിലും ഒന്നാണ് . ക്രിസ്ത്യൻ ട്രിനിറ്റി പോലെ. മൂന്നും ഒന്നാണ് എന്നാൽ മൂന്നിനും വെവ്വേറെ വ്യക്തിത്വം ഉണ്ട്. ഒരു ചിത്രശലഭം ഒരു ഷുവാങ്സി ആകാൻ സ്വപ്നം കാണുകയായിരുന്നോ അതോ ഷുവാങ്സി താൻ ഒരു ചിത്രശലഭമാണെന്ന് സ്വപ്നം കാണുകയായിരുന്നോ? അതോ പ്രപഞ്ചത്തിന്റെ വലിയ സ്വപ്നത്തിലെ കഥാപാത്രങ്ങളാണോ നാമെല്ലാവരും? ആർക്കറിയാം?
മാസ്റ്റർ ഷുവാങ് = മാസ്റ്റർ എൽജെപിയും/മമ്മൂട്ടിയും
ഷുവാങ്സി = ജെയിംസ്
ബട്ടർഫ്ലൈ = സുന്ദരം
ജെയിംസ് (നാടക പ്രേമി) സുന്ദരത്തെ സ്വപ്നം കാണുകയായിരുന്നോ?
അതോ
സുന്ദരം ജയിമ്സിനെ സ്വപ്നം കാണുകയായിരുന്നോ?
അതോ
ഈ കഥാപാത്രങ്ങൾ ആരുടെയെങ്കിലും എൽജെപിയുടെ നാടകത്തിൽ/സ്വപ്നത്തിൽ കഥാപാത്രങ്ങളാണോ
അതോ
സിനിമ എന്ന ഭ്രമത്തെ സത്യമാണെന്നു കണ്ടു വിശ്വസിചിരിക്കുന്ന നമ്മളാണോ ഭ്രമിതരായത്?
നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത പ്രപഞ്ചത്തിന്റെ അഥവാ ഹയർ ഡിമെൻഷൻ ജീവികളുടെ ദീർഘകാല സിമുലേഷനിൽ നമ്മളെല്ലാവരും ആരുടെയെങ്കിലും ഭാവനയുടെ ഒരു സങ്കൽപ്പമോ കോഡോ ആകാനുള്ള സാധ്യതയുണ്ടെന്ന വസ്തുത അംഗീകരിക്കാൻ പ്രയാസമാണ്.
“യാഥാർത്ഥ്യം മനുഷ്യ മനസ്സിൽ മാത്രമേ ഉള്ളൂ, മറ്റെവിടെയുമില്ല.”
– ജോർജ്ജ് ഓർവെൽ
ചിന്തിക്കുക!
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം പുതിയതല്ല, ആരംഭിക്കാൻ. നൂറ്റാണ്ടുകളായി, സമൂഹത്തിലെ തത്ത്വചിന്തകരും മതചിന്തകരും സമാനമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നു.
ലൂസിഡ് ഡ്രീംമിങ്, ഡ്രീം ലോജിക്, ഡ്രീം ഫിലോസഫി എന്നിവ പുതിയ കണ്ടുപിടുത്തങ്ങളല്ല. പ്രാചീന ലോകത്ത് ഇവ ഒരു ആചാരമായി നിലനിന്നിരുന്നു. ഗ്രീക്കുകാർ ലൂസിഡ് ഡ്രീംമിങ് പരിശീലിച്ചിരുന്നു: പുരാതന കാലം മുതൽ വ്യക്തമായ ഡ്രീം തിയറി ചൈനീസ് വൈദ്യശാസ്ത്രത്തിലും തത്ത്വചിന്തയിലും നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്.
*ഒരുപക്ഷേ ചിലവർക്ക് പുരാതന സ്വപ്ന സിദ്ധാന്തങ്ങളെക്കുറിച്ച് അറിയില്ലായിരിക്കാം, അതിനാൽ സിനിമയ്ക്ക് പിന്നിലെ ആഴവും തത്വശാസ്ത്രവും അറിയാതെ ധാരാളം നെഗറ്റീവ് കമന്റ്സ് കാണേണ്ടി വന്നു.പക്ഷെ, സിനിമാ അനുഭവത്തിന്റെ നിലവിലുള്ള എല്ലാ “നിർബന്ധിത ടെംപ്ലേറ്റുകളും- ഫോഴ്സ്ഡ് ടെമ്പ്ലേറ്റ് ” എൽജെപീ തകർത്തു. എഴുപതുകളിലും അരങ്ങേറ്റം കുറിക്കാമെന്ന് മമ്മൂട്ടി നമ്മൾക്ക് കാണിച്ചു തന്നു.സ്റ്റാറ്റിക് ഫ്രെയിമുകൾ | മ്യൂസിക് സ്കോർ ഇല്ലായ്മ| ഡ്രീം ലോജിക് ആൻഡ് ഫിലോസഫി | എക്സ്പീരിമെന്റൽ | ട്രെഡിഷണൽ ആക്ട് സ്ട്രക്ചർ ഇല്ലായ്മ!
-ഇവയെല്ലാം ആണ് ഈ ചിത്രത്തെ ഒരു മാസ്റ്റർപീസ് ആക്കുന്നത്, മലയാള സിനിമ ഒരടി മുന്നോട്ടും! ❤️
എന്റെ റേറ്റിംഗ്
4.8/5 ⭐⭐⭐⭐⭐️