ശരീരത്തിന്റെ പ്രതിരോധശേഷികൊണ്ടു മാത്രമേ വൈറസിനെ നേരിടാൻ പറ്റൂ, അതു നിലനിർത്താൻ പോഷകസമൃദ്ധമായ ആഹാരം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുക

197
അവലംബം – ലോകാരോഗ്യസംഘടനയുടെ ഓൺലൈൻ മൊഡ്യൂൾ പഠനം.
ലീനാ തോമസ് കാപ്പൻ , ഫാർമസിസ്റ്റ്, കാനഡ

കൊറോണ – നമ്മൾ അതിജീ്വിക്കും

വിദേശത്ത് നിന്ന് എത്തുന്നവരോ, രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകിയ ആളുകളോ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും നീരീക്ഷണത്തിലേക്ക്‌ മാറുകയും വേണം. വീട്ടിൽ കഴിയുന്നവരുടെ നിരീക്ഷണ കാലാവധി 14ൽ നിന്ന് 28 ദിവസം ആയി ഉയർത്തിയിട്ടുണ്ട്. അത്യാവശ്യം അല്ലാത്ത യാത്രകൾ ഒഴിവാക്കണം. രോഗം പകരാതിരിക്കാൻ ഓരോരുത്തരും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ വകുപ്പുമായി സഹകരിക്കണം.
പലതരം വൈറസുകളെ നമുക്ക് പരിചയമുണ്ട്. സാധാരണ ജലദോഷം, ജലദോഷപ്പനി, ചിക്കൻ പോക്സ്, മീസിൽസ് ഇതൊക്കെ പലതരം വൈറസുകൾ മൂലമുണ്ടാകുന്ന അസുഖങ്ങളാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷികൊണ്ടോ അല്ലെങ്കിൽ അസുഖം വരാതിരിക്കാൻ വാക്സിനുപയോഗിച്ച് പ്രതിരോധശേഷിയെ വൈറസിനെതിരെ ക്രമീകരിച്ചോ നമ്മൾ ഈ വൈറസുബാധയെ അതിജീവിച്ചിട്ടുണ്ട്. കൊറോണയേയും നമ്മൾ അതിജീവിക്കും.
കൊറോണ വൈറസ് ബാധ ഉണ്ടായാൽ അതിനെതിരെ മരുന്നുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് അസുഖം വരാതെ തടയാൻ ശ്രമിക്കുന്നത്.
Image result for immunity powerശരീരത്തിന്റെ പ്രതിരോധശേഷികൊണ്ടു മാത്രമേ വൈറസിനെ നേരിടാൻ പറ്റൂ എന്നുള്ളതുകൊണ്ട് അതു നിലനിർത്താൻ പോഷകസമൃദ്ധമായ ആഹാരം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കേണ്ടത് അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യത്തിൽ പ്രധാനമാണ്. ശരീരം ആധി പിടിക്കുന്ന സമയത്ത് പ്രതിരോധശേഷി വളരെ കുറവായിരിക്കും. ആ അവസരം വൈറസുകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കും. കൊറോണയെപ്പറ്റി പറയുമ്പോൾ രോഗത്തേക്കാൾ വേഗം പടരുന്നത് പേടിയാണ്. ഈ പേടികൊണ്ട് നമ്മുടെ പ്രതിരോധശേഷി തകരാറിലാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികൾക്കും മറ്റസുഖങ്ങളുള്ള പ്രായമായവർക്കും വൈറസുകളെ അതിജീവിക്കുന്നതിനുള്ള പ്രാപ്തി കുറവായതുകൊണ്ട് അസുഖം അധികരിച്ചാൽ വേണ്ടവിധം പരിചരണം കിട്ടിയില്ലെങ്കിൽ മരണപ്പെട്ടേക്കാം. സാധാരണ നല്ല ആരോഗ്യവും പ്രതിരോധശേഷിയും ഉള്ളവർ കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.
ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കുകയും അതു നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹ്യജീവി എന്ന നിലയിൽ ഈ കൊറോണാ വൈറസിനെതിരെ ചെയ്യേണ്ടതായ നമ്മുടെ ഉത്തരവാദിത്തം.
അസുഖലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ റിപ്പോർട്ടു ചെയ്യണം. ലാബ് ടെസ്റ്റുകൾ ചെയ്യണം. പി.സി.ആർ ടെസ്റ്റ് (polymerase chain reaction genetic finger print) വഴിയാണ് അസുഖം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ രോഗിയെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. ലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യുകയും അസുഖമുള്ളവരെ ഐസൊലേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്.
വൈദ്യസഹായം ലഭ്യമാകുന്ന തരത്തിൽ മാറ്റിപ്പാർപ്പിക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ജലദോഷം, തോണ്ടവേദന, പനി തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ മുതൽ ശ്വാസതടസ്സം, വൃക്കയുടെ തകരാറ്, ന്യൂമോണിയ എന്നീ അസുഖങ്ങൾ വരെയാണ് കൊറോണ ബാധിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ളത്. ശ്വാസതടസ്സം നേരിട്ടുതുടങ്ങുന്ന അവസ്ഥയിൽ രോഗിക്ക് ശ്വാസോച്ഛ്വാസത്തിനുള്ള സഹായം ചെയ്യേണ്ടിവരും. പിന്നെ രോഗം മൂർച്ഛിച്ചിട്ട്, ന്യൂമോണിയ, വൃക്കക്കു തകരാറ് എന്നീ ഗുരുതരാവസ്ഥയിലായാൽ അതിനുള്ള വൈദ്യചികിത്സയും ലഭ്യമാക്കണം.
രണ്ട്, അസുഖത്തിന് ചികിത്സ ലഭ്യമല്ലാത്തതുകൊണ്ട് അസുഖം വരാതെ, പകരാതെ തടയണം.
പലപ്പോഴും ആളുകൾക്ക് റിപ്പോർട്ടു ചെയ്യാനും മാറിപ്പാർക്കാനും മടിയുണ്ട്. അസുഖമുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും അവരെ ഈ രോഗത്തിൽനിന്ന് രക്ഷ പെടുത്താൻ സഹായിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അവരെ സഹാനുഭൂതിയോടെ കാണും, രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും, ഒറ്റപ്പെടുത്തില്ല എന്നൊരു സാഹചര്യമൊരുക്കിയാൽ അവർക്കും സ്വയം റിപ്പോർട്ടുചെയ്ത് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കും.
അസുഖം വന്നുകഴിഞ്ഞാൽ എങ്ങനെ നേരിടണം?
1. നന്നായി വെള്ളം കുടിക്കണം. രോഗാണുക്കൾ അവയുടെ ജീവിതചക്രം പൂർത്തിയാക്കി ചത്തുപോകുമ്പോഴും അതിന്റെ വിസർജ്യങ്ങൾ പുറംതള്ളുമ്പോഴും അവ ശരീരത്തിൻ നിന്ന് പുറത്തുപോകുന്നത് മൂത്രം വഴിയാണ്. ഈ പ്രക്രിയ ചെയ്യാൻ ശരീരത്തെ സഹായിക്കുന്നതിനാണ് രോഗാണുബാധയുള്ളപ്പോൾ നന്നായി വെള്ളം കുടിച്ച് മൂത്രമൊഴിച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത്.
2. നന്നായി വിശ്രമിക്കണം, പറ്റുന്നത്ര ഉറങ്ങണം. ശരീരത്തിലെ വെളുത്ത രക്താണുക്കൾ ഉൾപ്പെടുന്ന യോദ്ധാക്കൾ രോഗാണുക്കളെ തുരത്തിയോടിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിന് വളരെ ഊർജ്ജം വേണ്ട പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ശരീരം വളരെ ക്ഷീണിതമായിരിക്കും. വിശ്രമമില്ലാതിരുന്നാൽ ശരിയായ രീതിയിൽ ശരീരത്തിന് രോഗാവസ്ഥയെ തരണം ചെയ്യാനാവില്ല.
3. നല്ല ഈർപ്പം ഉണ്ടാവുന്നത് രോഗാവസ്ഥക്ക് സുഖം നൽകും. അതിനായി ഒരു ഹുമിഡിഫൈയർ മുറിയിൽ വെക്കുന്നത് നല്ലതാണ്.
4. ചൂടുവെള്ളത്തിൽ കുളിക്കുന്നത് തൊണ്ടവേദനക്കും ചുമയ്ക്കും ആശ്വാസം നൽകും.
5. പനിയെയും തൊണ്ടവേദനയേയും മരുന്നുകളുപയോഗിച്ച് നിയന്ത്രിച്ചുനിർത്താം.
അസുഖം പകരാതിരിക്കാൻ, പകർച്ചവ്യാധിയാകാതിരിക്കാൻ ലോകരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന പ്രതിരോധ മാർഗങ്ങൾ താഴെപ്പറയുന്നവയാണ്.
1. കൈകൾ ഇടക്കിടക്ക് സോപ്പോ, ആൽക്കൊഹോൾ അടങ്ങിയ സാനിറ്റൈസെറോ ഉപയോഗിച്ച് കഴികിക്കൊണ്ടിരിക്കുക.
2. കൈയ്യിൽ കാണത്തക്ക രീതിയിൽ അഴുക്ക് പുരണ്ടിട്ടില്ലെങ്കിൽ 20 സെക്കന്റിൽ കുറയാത്ത സമയമെടുത്ത് ആൽക്കൊഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാം.
3. കൈയ്യിൽ കാണത്തക്ക രീതിയിൽ അഴുക്കുണ്ടെങ്കിൽ 30 സെക്കന്റിൽ കുറയാത്ത സമയമെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാം.
4. കൈ കഴുകിയതിനു ശേഷം തുടച്ച് ഉണക്കിയെടുക്കണം.
5. കൈകഴുകാതെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്നത് ഒഴിവാക്കണം. വൈറസിന് നമ്മുടെ ശരീരത്തിൽ കയറിപ്പറ്റാനുള്ള പ്രധാനവഴികൾ ഇവയാണ് എന്നതുകൊണ്ടാണ് ഇങ്ങനെ നിർദ്ദേശിക്കുന്നത്.
6. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പർ ഉപയോഗിക്കുക. കൈമുട്ടിനുള്ളിലേക്ക് മുഖം കുനിച്ചുപിടിച്ച് തുമ്മുകയോ ചുമക്കുകയോ ചെയ്യുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കിൽനിന്നും വായിൽനിന്നും തെറിക്കുന്ന ചെറിയ ജലകണങ്ങൾ വഴിയാണ് വൈറസ് വായുവിലേക്ക് പടരുന്നത്. ഏറ്റവും കുറഞ്ഞ വ്യാപ്തിയിൽ ജലകണങ്ങളെ ഒതുക്കിനിർത്താനാണ് തല കുനിച്ചുപിടിച്ച് കൈമുട്ടിനുള്ളിലേക്ക് ചുമക്കുകയോ തുമ്മുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നത്.
7. രോഗിയുമായി ഇടപെടുമ്പോൾ മാസ്ക് ഉപയോഗിക്കുക.
8. രോഗിയുമായോ രോഗലക്ഷണങ്ങളുള്ളവരുമായോ ഇടപെട്ടാൽ സോപ്പിട്ട് കൈകഴുകിയതിനുശേഷം മാത്രം മുഖം, വായ, കണ്ണ്, മൂക്ക് എന്നീഭാഗങ്ങളിൽ തൊടുക.
9. .മൽസ്യ മാംസാദി ഭക്ഷണങ്ങൾ നല്ലപോലെ വേവിച്ചു ഉപയോഗിക്കുക.