സിനിമയിലെത്തുന്ന കാലത്തു മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളായിരുന്നു സ്റ്റെഫി സേവ്യർ എന്ന വയനാട്ടുകാരി ‘ലുക്കാചുപ്പി’ മുതല്‍ ‘ആടുജീവിതം’ വരെയുള്ള സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി സ്റ്റെഫി സേവ്യറിന്റെ കരിയര്‍ എത്തി നില്‍ക്കുകയാണ്. ടൈറ്റാനിക്ക് സിനിമയാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതെന്നും ഇങ്ങനെയൊക്കെ വസ്ത്രങ്ങളുണ്ടല്ലോ എന്ന് ചിന്തിക്കാന്‍ കാരണം ടൈറ്റാനിക്ക് ആണെന്നും പറയുന്ന സ്റ്റെഫി ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ് ഈ രംഗത്തെ തന്റെ ടാലന്റ് പ്രകടിപ്പിക്കുന്നത്.
അക്കാലത്തിറങ്ങിയ ബോയ്സ് എന്ന സിനിമയിലെ നായിക ജനീലിയയുടെ മോഡേണ്‍ വസ്ത്രങ്ങള്‍ സ്റ്റെഫി വീട്ടില്‍ വന്നുവരച്ചുനോക്കാന് ശ്രമിച്ചു. ഇതൊക്കെ കണ്ട അമ്മയാണ് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ സ്റ്റെഫിയെ ബാംഗ്ലൂരിലേക്ക് അയച്ചത്. ലുക്കാചുപ്പിയായിരുന്നു ആദ്യ സിനിമ. അതേസമയത്ത് തന്നെ ലോഡ് ലിവിംഗ്സ്റ്റണിലും അവസരം ലഭിച്ചു. ആടുജീവിതം, ആദ്യ ചിത്രമായ ലുക്കാചുപ്പി, ലോഡ് ലിവിംഗ്സ്റ്റണ് , എസ്ര, അങ്കമാലി ഡയറീസ് , ആട് 2. ഒരുപാട് ആഗ്രഹിച്ച് ഒടുവില്‍ ലാലേട്ടനു വേണ്ടി ഷര്‍ട്ട് ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞ ആറാട്ട്… അങ്ങനെ താൻ വർക്ക് ചെയ്തതിൽ മറക്കാനാകാത്ത ചിത്രങ്ങൾ ഒരുപാടുണ്ട് എന്ന് സ്റ്റെഫി പറയുന്നു.
എന്നാലിപ്പോൾ പല പ്രേക്ഷകർക്കുമുള്ള ഒരു സംശയമാണ് സ്റ്റെഫി പറയുന്നത്. സിനിമയിലെ താരങ്ങൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നെന്തുചെയ്യുന്നു ? ഇത് പലർക്കുമുള്ള സംശയമാണ്. ഓരോ സിനിമ ഇറങ്ങിക്കഴിയുമ്പോഴും അതിലെ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും വലിയതോതിൽ അനുകരിക്കപ്പെടാറുണ്ട്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട താരം ഉപയോഗിച്ച വസ്ത്രം മോഹിക്കാറുമുണ്ട്. സിനിമയിൽ താരങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും എന്നത് പല സാധാരണക്കാരുടെയും വലിയ സംശയങ്ങളിൽ ഒന്നാണ്. ഇതിന് മറുപടി പറയുകയാണ് സ്റ്റെഫി. സ്റ്റെഫിയുടെ വാക്കുകൾ ഇങ്ങനെ
“ഒരു സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുന്നതോടുകൂടി അതിൻറെ കൊസ്റ്റ്യൂമിന്റെ ഉടമസ്ഥാവകാശം നിർമ്മാതാവിനായിരിക്കും ,സിനിമ കഴിയുമ്പോൾ തന്നെ വസ്ത്രങ്ങൾ നിർമ്മാതാവിന് കൈമാറും. എന്നാൽ തുടർച്ചയായി സിനിമകൾ ചെയ്യുന്ന കമ്പനികൾ ആണെങ്കിൽ ഈ വസ്ത്രങ്ങളിൽ ചിലത് ചില ജൂനിയർ ആർട്ടിസ്റ്റുകൾക്കോ അതുമല്ലെങ്കിൽ ചെറിയ വേഷം ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കോ ഇടാൻ കൊടുക്കും. എന്നാൽ മിക്കപ്പോഴും ഒരു സിനിമയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റാരും ഉപയോഗിക്കാതെ ഇരുന്നു പോകാറുണ്ട് .എന്നാൽ മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഇ ഫോർ എന്റർടൈമെന്റ്സ് ഈ വസ്ത്രങ്ങൾ കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തിൽ ഉടനീളം ഉള്ള ക്യാമ്പുകളിൽ നൽകിയിരുന്നു. സിനിമയിൽ ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ ലേലം ചെയ്ത് ആ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകണം” – സ്റ്റെഫി പറയുന്നു