ആരോഗ്യമേഖലയിൽ ഇറ്റലി രണ്ടാം സ്ഥാനത്താണ്, അവർക്കു പോലും കൊറോണയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല, അപ്പോഴാണ് ഇന്ത്യയിലെ ആളുകൾ തമാശ കാണിക്കുന്നത്

336
അഡ്വ. ചന്ദ്രശേഖർ ആസാദിന്റെ സന്ദേശം
എല്ലാവർക്കും ജയ് ഭീം,
ഞാൻ ചന്ദ്രശേഖർ ആസാദ്, വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നിങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. രാജ്യത്ത് ഇന്ന് കളിതമാശകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ഒരു തമാശയല്ല, അതൊരു മഹാവ്യാധിയാണ്. ലോകം കൊറോണയുടെ കൈപ്പിടിയിലാണ്, അതിന്റെ ഭീതിയിലാണ്. ലോകം നിസഹായാവസ്ഥയിലാണ്. മെഡിക്കൽ സയൻസിൽ ആരോഗ്യമേഖലയിൽ ഇറ്റലി രണ്ടാം സ്ഥാനത്താണ്. അവർക്കു പോലും കൊറോണയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അപ്പോഴാണ് ഇന്ത്യയിലെ ആളുകൾ തമാശ കാണിക്കുന്നത്. ലോകത്ത് ഉത്തരവാധിത്വത്തോടെ മാസ്കുകളടക്കം വിതരണം ചെയ്യുന്നു, സാനിറ്റൈസർ വിതരണം ചെയ്യുന്നു, ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുന്നു. എന്നാൽ നമ്മുടെ പ്രധാനമന്ത്രി ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടിക്കൊണ്ട് പ്ളേറ്റും സ്പൂണും കൂട്ടിയടിപ്പിക്കുന്നു. മണി അടിക്കാൻ ആവശ്യപ്പെടുന്നു. ഈ വിഢിത്തം കേട്ട് എത്ര ആളുകളാണ് ഇന്നലെ റോഡിൽ ഇറങ്ങിയത്. അവർ രോഗബാധിതരായാൽ അവരെ എവിടെ താമസിപ്പിക്കും. എവിടെയാണ് അതിനുള്ള സൗകര്യമുള്ളത്. ഞാൻ പറയാനാഗ്രഹിക്കുന്നത് ഇത് സ്വയം സംരക്ഷണമേറ്റെടുക്കേണ്ട സമയമാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. വളരെ അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രം പുറത്തിറങ്ങുക. അവസ്ഥ വളരെ ഗുരുതരമാണ്. ഇന്ത്യയിൽ അല്ലെങ്കിൽ തന്നെ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല. ആവശ്യത്തിന് ഹോസ്പിറ്റലുകളില്ല, ബെഡുകളില്ല, ഇന്ത്യയിൽ ഇതുവരെ ടെസ്റ്റുപോലും തുടങ്ങിയിട്ടില്ല, ടെസ്റ്റ് തുടങ്ങുമ്പോഴേക്കും രാജ്യത്ത് എത്ര ആളുകൾ രോഗബാധിതരായിട്ടുണ്ടാകും എന്ന് കണക്കാക്കാൻ പോലും കഴിയില്ല. പ്രധാനമന്ത്രിയും മറ്റും വളരെ നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നത്. കേവലം നിർദ്ദേശങ്ങൾ കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, സാനിറ്റൈസർ വിതരണം ചെയ്യാൻ സാധിക്കുമെങ്കിൽ, മാസ്കുകൾ വിതരണം ചെയ്യാൻ സാധിക്കുമെങ്കിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പലയിടങ്ങളിലായി അകലം പാലിച്ചുകൊണ്ട് ആളുകൾക്ക് വിതരണം ചെയ്യണമെന്നാണ്. സ്വന്തം സുരക്ഷ കൂടി ഉറപ്പു വരുത്തേണ്ടതാണ്. ആശുപത്രിയിലെ ഡോക്ടേഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പോലും പേഴ്സണൽ പ്രൊട്ടക്ഷൻ ഇക്വിപ്മെൻറ്സ് ഇല്ല. അതു കൊണ്ട് സ്വന്തം സുരക്ഷ സ്വയം ഉറപ്പുവരുത്തുക. ഇതിനെ തമാശയായി കാണരുത്. ഇന്നലത്തെപ്പോലുള്ള തമാശകളാണ് നടക്കുന്നതെങ്കിൽ രാജ്യം വലിയ തോതിൽ ഈ രോഗത്തിനടിമപ്പെടും. ഈ സന്ദേശം കഴിയുന്നത്ര ഗ്രാമങ്ങളിലും, വീടുകളിലുമെത്തിക്കുക, ഷെയർ ചെയ്യുക. ഈ മാരകരോഗത്തെ ചെറുക്കാൻ നാം ഒരുമിച്ച് നിന്ന് പോരാടേണ്ടതുണ്ട്. വിഢിത്തം ചെയ്യാതിരിക്കുക. കൂട്ടം കൂടാതിരിക്കുക. വീട്ടിൽ തന്നെ ഇരിക്കുക. ഇത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ആളുകൾ നമ്മുടെ അയൽപക്കത്തുള്ളവരെ കഴിയുന്നത്ര സഹായിക്കുക. കാരണം രാജ്യത്തെ എഴുപതു ശതമാനത്തോളം ആളുകൾ അന്നന്ന് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടന്നിട്ടില്ല. റേഷൻ, മാസ്ക്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. രോഗബാധിതരായ ആളുകളെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റേണ്ടതുണ്ട് എന്നാൽ അതിനുള്ള സൗകര്യങ്ങളില്ല, ആവശ്യത്തിന് ബെഡില്ല, ഐസൊലേഷൻ വാർഡില്ല, ആശുപത്രികളില്ല, മരുന്നുകളില്ല. രാജ്യത്ത് ഇതിന് മുമ്പും ശരിയായ ചികിത്സ ലഭിക്കാത്തതുമൂലം പനി, ഛർദ്ദൽ, ചെറിയ ചെറിയ ആക്സിഡന്റ്സ് മൂലം ലക്ഷക്കളക്കിന് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് എല്ലാവരോടും എന്റെ അപേക്ഷയാണ്, കഴിയുന്നത്ര വീട്ടിലിരിക്കുക. സ്വയം സുരക്ഷ ഉറപ്പുവരുത്തുക. കുട്ടികളോടും മുതിർന്നവരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും എന്റെ അപേക്ഷയാണിത്. വീട്ടിലിരിക്കുക. വൃത്തിയായിരിക്കുക. ഇവിടെ മനുഷ്യത്വം എന്നേ മരിച്ചു കഴിഞ്ഞു. ലോകം മുഴുവനും മാസ്കും സാനിറ്റൈസറും ഫ്രീ ആയി നൽകുമ്പോൾ ഇവിടെയുള്ള ആളുകൾ കാശ് സമ്പാദിക്കുകയാണ്. സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഉയർന്ന് വിലയ്ക്ക് വിൽക്കുന്നു. ഇതാണ് ഇന്ത്യയിലെ മനുഷ്യത്വം. ഇത്തരം ആളുകളാണ് രാജ്യത്തെ നശിപ്പിക്കുന്നത്. ഒരിക്കൽക്കൂടി ഞാൻ അപേക്ഷിക്കുന്നു, എല്ലാവരും വീട്ടിലിരിക്കുക, ഈ മഹാവ്യാധിയിൽ നിന്നും നമുക്ക് രക്ഷ നേടേണ്ടതുണ്ട്.
ജയ് ഭീം, ജയ് ഭീം ആർമി, ജയ് ആസാദ് സമാജ് പാർട്ടി