പിടിച്ചുകെട്ടിയ ചിരിയും കൈവിട്ട ചിരിയും

128

Thekke Unni Sreedharan

ന്യൂസിലാന്റ് :
അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു. ന്യൂസിലാന്റ് പൂർണമായും കോവിഡ് മുക്തമായി. പ്രധാനമന്ത്രി ജസീന്ത ആർഡൻ രാജ്യത്തെ ജനങ്ങളെ ആനന്താശ്രുക്കളോടെ ആശ്ലേഷിക്കുകയാണ്. ഇസ്ലാമോഫോബിയ എന്ന ഭ്രാന്തുബാധിച്ച തീവ്രവലതുപക്ഷക്കാർ അവിടുത്തെ മുസ്ലിംന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തപ്പോൾ പ്രധാനമന്ത്രി ആ ന്യൂനപക്ഷങ്ങളുടെ വേഷം ധരിച്ച് അവരോടൊപ്പം അപാരമായ സാന്ത്വനവുമായി കൂടെ നിന്നു. രാജ്യവും ജനങ്ങളും അവിടെ ശാന്തമായി. രാജ്യം കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിൽ മുങ്ങിയപ്പോൾ, പ്രായോഗികമായ പ്രതിരോധപ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം ജസീന്ത നിന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് അവ ലഘൂകരിക്കാൻ നടപടികളെടുത്തു. അതിനു ഫലം കണ്ടു. രാജ്യം രോഗവിമുക്തമായി. ജസീന്ത മനോഹരമായി ചിരിക്കുകയാണിപ്പോൾ.

ഇന്ത്യ :
കോവിഡ് രോഗികളുടെ എണ്ണം ഭീതിദമാംവിധം ലക്ഷക്കണക്കിനായി വർധിച്ചിരിക്കുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചിരിക്കുകയാണ്. ജനങ്ങളോട് പാട്ടകൊട്ടാനും പന്തം കൊളുത്താനും ആഹ്വാനം ചെയ്ത് കൊറോണയെ ഭയപ്പെടുത്തി ഓടിക്കാൻ മോഡി ആവതു ശ്രമിച്ചു.അതു ഫലിക്കാതെ വന്നപ്പോൾ വ്യോമസേനയുടെ വിമാനങ്ങളിൽ ആകാശത്തുനിന്നും ശതകോടിക്കണക്കിനു രൂപയുടെ പൂക്കൾ വിതറി, പുഷ്‌പവൃഷ്‌ടിയാൽ കൊറോണാദേവിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. അതും ഫലിക്കാതെ വന്നപ്പോൾ ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽനിന്നും കോറോണക്ക് വാക്സിൻ കണ്ടുപിടിക്കാൻ ഗവേഷണത്തിനായി രാജ്യത്തിന്റെ ശതകോടിക്കണക്കിനു രൂപ ചെലവിട്ടു. അന്യസംസ്ഥാനതൊഴിലാളികൾ സ്വന്തം നാട്ടിലെത്തിയാൽ കൊറോണ വ്യാപിക്കും എന്ന് ബുദ്ധിപരമായി മനസ്സിലാക്കിയ മോഡി, അവർക്ക് സ്വന്തം നാട്ടിലെത്താൻ രണ്ടോ മൂന്നോ ദിവസം പോലും അനുവദിക്കാതെ അടിയന്തിര ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഉടൻ നടപ്പിൽവരുത്തി, അവരെ പൂട്ടിയിട്ടു.

ഗത്യന്തരമില്ലാതെ മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം നാട്ടിലേക്കു രക്ഷപെടാൻ ശ്രമിച്ച ലക്ഷക്കണക്കിന് ‘നിയമവിരുദ്ധരായ’ അന്യസംസ്ഥാന തൊഴിലാളികൾ പൊരിവെയിലിൽ ആയിരക്കണക്കിന് കിലോമീറ്റർ നടന്നു നരകിച്ചു. പലരും വിശന്നും തളർന്നും വഴിയിൽ മരിച്ചു. റെയിൽവേപാളത്തിലൂടെ രക്ഷപെടാൻ ശ്രമിച്ച ‘നിയമവിരുദ്ധരിൽ’ കുറെപ്പേർ ട്രെയിനിടിച്ചു മരിച്ചു. ഇന്ത്യയെന്ന പരമാധികാര രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോഡിയുടെ നിയമങ്ങൾ ലംഘിച്ചാലുള്ള ഭവിഷ്യത്തുകൾ ജനങ്ങൾ ശരിക്കും അറിഞ്ഞു. അവർ പാഠം പഠിച്ചു.

അതിനു ശേഷം നാൾക്കുനാൾ കോവിഡ് നിയന്ത്രണാതീതമായപ്പോൾ അതീവബുദ്ധിപരമായി ലോക്ക്ഡൗൺ പിൻവലിച്ചു.ജനങ്ങളിപ്പോൾ തെരുവുകളിൽ സന്തോഷമായി ചേർന്നൊഴുകി നടക്കുന്നു. കോവിഡ് രോഗത്തിൽനിന്നും രാജ്യം മുക്തി നേടിയില്ലെങ്കിലും, കൊറോണയെ നിഷ്കാസനം ചെയ്യാൻ രാജ്യത്തിനു കഴിഞ്ഞില്ലെങ്കിലും, ഇവിടുത്തെ ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്യാനുള്ള ഉദ്ദേശ്യവുമായി പൗരത്വഭേഗഗതി നിയമങ്ങൾ നടപ്പിൽ വരുത്താനുള്ള ധീരമായ നടപടികളുമായി മുന്നോട്ടുപോവുകതന്നെയാണ് മോഡി. സംശയമില്ല. ഓരോ ജനതയും അർഹിക്കുന്ന ഭരണാധികാരികളെത്തന്നെയാണ് അവർക്കു ലഭിക്കുക.