മോദിയുടെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുണ്ട്, പക്ഷേ അദ്ദേഹത്തിൻ്റെ ജനകീയ കർഫ്യൂ എന്ന ആശയയത്തോട് യോജിപ്പാണ്

0
168
മോദിയുടെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുണ്ട്. പക്ഷേ അദ്ദേഹത്തിൻ്റെ ജനകീയ കർഫ്യൂ എന്ന ആശയയത്തോട് യോജിപ്പാണ്. കൊറോണവ്യാപനത്തെ പ്രതിരോധിക്കുന്നതിൻ്റെ പ്രാധാന്യം സാധാരണക്കാരായ ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഇത് ഉപകരിക്കും. ഇതിനെ ട്രോളേണ്ട കാര്യമില്ല. മുമ്പ് തരൂർ പറഞ്ഞത് പോലെ ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന മട്ടിൽ പ്രതികരിക്കുന്നവരും പരിഹാസം കൊണ്ട് മൂടുന്നവരുമാണ് മോദിയുടെ ഗ്രാഫ് ഉയർത്തുന്നത്.
തനിക്ക് നേരെ വരുന്ന വിമർശനങ്ങളെ അനുകൂലമാക്കിയെടുക്കുവാനുള്ള അസാമാന്യ പാടവം ഉള്ള ഒരാൾ കൂടിയാണ് മോദി. അത് പോസിറ്റീവായാലും നെഗറ്റീവായാലും. ‘ചൗക്കീദാർ ചോർ ഹെ’ എന്ന സ്ലോഗൻ കുറഞ്ഞ നാളുകൾക്കുള്ളിൽ ‘മേം ഭീ ചൗക്കീദാർ ഹൂം’ ആയി മാറിയത് / മാറ്റിയത് ഓർക്കുക.
അന്നൊരു നാൾ വീട്ടിൽ കഴിഞ്ഞാൽ മതിയോ തലേന്ന് വേണ്ടേ, പിറ്റേന്ന് വേണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ, രാജ്യത്തെ മുഴുവൻ ജനങ്ങളോടും എല്ലാ ദിവസവും പുറത്തിറങ്ങാതെ, രാജ്യത്തെ ഗതാഗത സംവിധാനങ്ങളെല്ലാം അടച്ചു പൂട്ടി വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ അതിൻ്റെ ആഘാതം അറിയാൻ കഴിയാത്തവരല്ല ഈ ചോദിക്കുന്നത്. അതേ സമയം ഈ മഹാമാരിയുടെ കെടുതികളും വ്യാപനത്തിൻ്റെ വ്യാപ്തിയും ജാഗ്രത പാലിക്കുന്നതിൻ്റെ ആവശ്യകതയും അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ ഉണ്ട്. പല പ്രതീകാത്മക സമരങ്ങളും നടത്തുന്ന മലയാളികൾക്ക് സൺഡേ കർഫ്യൂവിൻ്റെ പ്രതീകാത്മകത മനസ്സിലാക്കാൻ തലകുത്തി നിൽക്കേണ്ട ആവശ്യമില്ല.
കേരളം പ്രതിരോധ കാമ്പയ്നുകൾ നേരത്തെ തുടങ്ങിയിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയിലെ നിരക്ഷരരായ ഗ്രാമീണർ കോവിഡ് എന്ന് കേട്ടിട്ട് പോലും ഉണ്ടാവില്ല. സർക്കാർ സംവിധാനം ചടുലമായ, സാക്ഷരത കൈവരിച്ച കേരളത്തിൽ പോലും ‘സൂത്രം’ കാണിച്ച് വൈറസ് പടർത്തുന്നവർ ഉണ്ടായിരിക്കെ ഉത്തരദേശത്തെ കാര്യം പറയണോ? അവർക്കിടയിൽ സൺഡേ കർഫ്യൂ വലിയ awareneടട ആയിരിക്കും.
പക്ഷേ ആ പ്രസംഗത്തിൻ്റെ പോരായ്മ ജനങ്ങളെ ആശ്വസിപ്പിക്കുന്ന രീതിയിലല്ല അതിൻ്റെ പ്രസൻ്റേഷൻ എന്നതാണ്. പൊതുവെ കർക്കശക്കാരൻ എന്ന് മുദ്ര കുത്തപ്പെട്ട പിണറായിയുടെ പത്ര സമ്മേളനങ്ങൾ ശ്രദ്ധിക്കുക. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുമ്പോഴും ജനങ്ങൾ പാനിക് ആവാതിരിക്കാൻ അദ്ദേഹം ശ്രദ്ധ പുലർത്തുന്നുണ്ട്. തപ്പിത്തടയാതെ, ഒഴുക്കോടെ കാര്യങ്ങൾ പറയുമ്പോഴും അളന്ന് മുറിച്ചാണ് സംസാരം. സർക്കാർ കൂടെയുണ്ട് എന്ന ആശ്വാസ ഭാവം അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ പോലും പ്രകടമാണ്.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കേരളം 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങൾക്ക് ആശ്വാസത്തിൻ്റെ പുതപ്പ് സമ്മാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതീക്ഷ അർപ്പിച്ചവർക്ക് നിരാശ ആയിരുന്നു ഫലം. എക്സൈസ് തീരുവ കൂട്ടിയത് കാരണം പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കുറവിൻ്റെ ആശ്വാസം പോലും രാജ്യവാസികൾക്ക് കിട്ടാതെ പോയി.
രോഗവ്യാപനത്തിൻ്റെ ഈ നിർണായക ഘട്ടത്തിൽ അയോധ്യയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന രാമനവമി നടത്തുന്നതിന് മുന്നിട്ടിറങ്ങുന്നത് അവിടത്തെ മുഖ്യമന്ത്രിയാണ്. എല്ലാം രാമൻ നോക്കിക്കോളും എന്നാണ് അങ്ങേർ പറഞ്ഞത്. ഈ മനുഷ്യൻ മോദിയുടെ പാർട്ടിക്കാരനാണ്. ഉദ്ദേഹത്തിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല. ആ പരിപാടി നിർത്തിവെപ്പിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല.
നന്നായി വെയില് കൊണ്ടാൽ കൊറോണ വരില്ല എന്ന് തീർത്തും ഉത്തരവാദിത്ത രഹിതമായി പറഞ്ഞത് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ്. ഇതിനെതിരെയും മോദി ഒന്നും പറഞ്ഞില്ല. ഗോമൂത്ര – ചാണക സിദ്ധാന്തവാദികൾക്കെതിരെയും അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. ഇത് കൊണ്ടൊക്കെയാവും മോദിയുടെ പ്രസംഗത്തിലെ ആത്മാർത്ഥത പലരും സംശയിക്കുന്നത്.
കൊറോണ വ്യാപനം തടയാൻ കേന്ദ്ര – കേരള സർക്കാറുകൾ സ്വീകരിക്കുന്ന നടപടികളുമായി സർവാത്മനാ സഹകരിച്ച് ഒന്നിച്ച് നിൽക്കേണ്ട നാളുകളിലൂടെയാണ് നാം കടന്നു പോവുന്നത്.