പൂന്തുറയിൽ എങ്ങിനെ സമൂഹവ്യാപനം ഉണ്ടായി ?

57

✍️ Alex

പൂന്തുറയിൽ എങ്ങിനെ സമൂഹ വ്യാപനം ഉണ്ടായി ?

പൂന്തുറയിലെ ആദ്യത്തെ സങ്കീർണമായ കേസ് റിപ്പോർട്ട് ചെയ്യുന്നത് പൂന്തുറ പുത്തൻപള്ളിയിലെ ഒരു മത്സ്യത്തൊഴിലാളിക്കാണ്. ഇയാൾക്ക് അസുഖം വരുന്നത് തമിഴ്നാട് കന്യാകുമാരിയിൽ നിന്നുമാണ്. അതായത് സർക്കാരിന്റെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് ഇടവഴികളിലൂടെ കന്യാകുമാരിയിൽ പോയി മത്സ്യം എടുത്ത് കേരളത്തിൽ എത്തിച്ച് വിപണനം നടത്തിയിരുന്ന ആളിനാണ് രോഗം ബാധിച്ചത്. ഇയാൾ സ്ഥിരമായി തമിഴ്‌നാട്ടിൽ പോകുന്ന കാര്യവും നാട്ടുകാരിൽ നിന്നുൾപ്പെടെ മറച്ചു വെച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഇയാൾക്ക് പോസിറ്റിവ് ആയതിനെ തുടർന്ന് സോഴ്സ് കണ്ടെത്താൻ അന്വേഷണത്തിലാണ് കന്യാകുമാരിയിൽ സ്ഥിരമായി പോയിരുന്നു എന്നകാര്യം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ വലിയൊരു എണ്ണം ആളുകളാണ് ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. തുടർന്ന് മൂന്നാം തീയതി തന്നെ പൂന്തുറ മേഖലയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നു.

ഇനി എന്തിനാണ് ലോക്ക് ഡൗൺ എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള ഏക വഴി സമ്പർക്കം ഒഴിവാക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് രോഗബാധിതരെ സമൂഹത്തിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യുന്നത്. ഇവിടെ ആർക്കൊക്കെ രോഗം പകർന്നു എന്ന് ധാരണ ഇല്ലാത്ത പശ്ചാത്തലത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്. സമ്പർക്കം പരമാവധി ഒഴിവാക്കിയാൽ ലോക്ക് ഡൗണിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ ഫലം കണ്ട് തുടങ്ങേണ്ടതാണ്.ഇവിടെ പൂന്തുറയുടെ കാര്യത്തിൽ ഓരോ ദിവസത്തെയും പോസിറ്റിവ് കേസുകൾ നോക്കാം

മൂന്നാം തീയതി ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു
ഒന്നാം ദിനം : 3
രണ്ടാം ദിനം : 6
മൂന്നാം ദിനം : 2
നാലാം ദിനം : 27
അഞ്ചാം ദിനം : 54
ആറാം ദിനം : 77
ഏഴാം ദിനം : 61
എട്ടാം ദിനം 17
ഒൻപതാം ദിനം : 2
അതായത് ദിവസേനയുള്ള പോസിറ്റിവ് കേസ് 77 വരെ കൂടിയിടത്ത് നിന്നും ലോക്ക് ഡൗൺ ഒരാഴ്ച പിന്നിട്ടത്തിന് ശേഷമുള്ള രണ്ട് ദിവസം ശരാശരി പത്തിൽ താഴെ പോസിറ്റീവ് കേസുകൾ ആണ് ഉണ്ടായത്. അതായത് ലോക്ക് ഡൌൺ ഫലം കണ്ട് തുടങ്ങിയിരുന്നു. ഒരാഴ്ചത്തെ ലോക്ക് ഡൗൺ കൂടി ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ പൂന്തുറയിലെ രോഗവ്യാപനം തടയാമായിരുന്നു. പക്ഷെ അതിന് കഴിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് നടത്തിയ വാട്സാപ്പ് പ്രചാരണങ്ങളിൽ വിശ്വസിച്ച, രോഗികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നു എന്ന ജയ്‌ഹിന്ദ്‌ വാർത്ത വിശ്വസിച്ച കുറേയാളുകൾ തെരുവിൽ സംഘടിച്ചതോടെ സമ്പർക്ക വിലക്ക് തകർന്ന് തരിപ്പണമായി. ജൂലായ് പത്തിന് രോഗവ്യാപനത്തിന്റെ ഒരു വിസ്ഫോടനം തന്നെ നടന്നു. ലോക്ക് ഡൗണിന്റെ പതിനൊന്നാം ദിനം മുതലുള്ള കേസുകളുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നത്.

പത്താം ദിനം : 20 കേസുകൾ
പതിനൊന്നാം ദിനം : 46 കേസുകൾ
പന്ത്രണ്ടാം ദിനം : 36
പതിമൂന്നാം ദിനം : 64
പതിനാലാം ദിനം : സമൂഹവ്യാപനം പ്രഖ്യാപിക്കുന്നു.

അതായത് മരണ വ്യാപാരികൾ അവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ പൂന്തുറക്കാരെ ബലി കൊടുക്കുകയായിരുന്നു. രോഗമുക്തിയിലേക്ക് കടക്കുകയായിരുന്നു ഒരു പ്രദേശത്തെ അവർ സമൂഹ വ്യാപനത്തിൽ കൊണ്ടെത്തിച്ചു. ആ കൂട്ടർക്ക് അതിൽ അഭിമാനിക്കാം. ഒരു ജനതയെ മരണത്തിന്റെ വക്കിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു.

പൂന്തുറ കേരളത്തിന് തന്നെ ഒരു പാഠമാണ്. മരണം വിതച്ച് നേട്ടം കൊയ്യാൻ ഒരു വിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറിക്കുവാൻ പല കുപ്രചാരണങ്ങളും അവർ നടത്തും. അതിലൊന്നും വീഴാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. പരമാവധി വീടിനുള്ളിൽ ഇരിക്കുക.