കൊറോണ വൈറസ് ആവിയെ ഭയക്കുമോ?

102

കൊറോണ വൈറസ് ആവിയെ ഭയക്കുമോ?

കൊറോണക്കാലം സകല വ്യാജചികിത്സകർക്കും കൊയ്ത്തുകാലമാണ് എന്ന് തോന്നുന്നു. ഇപ്പോൾ പുതുതായി വന്നിരിക്കുന്ന ബിസിനസ് ആവി കച്ചവടമാണ്.കൊറോണ രോഗം വരുമോ എന്ന ഭയം ഉള്ളവർക്ക് പണം ചിലവാക്കാൻ ഇതൊരു അവസരം ആകുന്നു. കച്ചവടക്കണ്ണുമായി ചിലർ നമ്മെ സമീപിക്കുന്നത് ലഘുവായ സന്ദേശവുമായാണ്.അഞ്ചോ പത്തോ മിനറ്റ് തൊണ്ടയിലും മൂക്കിലും ആവി കൊള്ളുക. അങ്ങനെ ചെയ്താൽ കോവിഡ് രോഗം തടയാം; ഇതാണ് അവകാശവാദം.

ഇതേക്കുറിച്ചു അനവധി പഠനങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു. ഒന്നിൽ പോലും ആവിപിടിച്ചാൽ കോവിഡ് പ്രതിരോധിക്കാം എന്ന് കണ്ടിട്ടില്ല. സത്യത്തിൽ കോവിഡ് രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം അവകാശവാദം ഉണ്ടാക്കുന്നത്.

നമ്മുടെ തൊണ്ടയിലോ മൂക്കിലോ കയറുന്ന കൊറോണ വൈറസ് വളരെവേഗം ശ്വാസകോശത്തിൽ എത്തുന്നു. അവിടെ കോശങ്ങൾക്കുള്ളിൽ ജീവിക്കുന്ന വൈറസിനെ ആവി കൊടുത്താൽ തടയാൻ ആവില്ല. കോശം, തന്മാത്ര എന്നീ തലങ്ങളിൽ വരെ വൈറസ് വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങൾ നടന്നു കഴിഞ്ഞു. വീണ്ടും പഠനങ്ങൾ നടക്കുന്നു.അതിവേഗം വർധിക്കുന്ന വൈറസ് ലോഡ് ആവിപിടിച്ചാൽ ഇല്ലാതാകും എന്ന അശാസ്ത്രീയ ചിന്ത നാം മാറ്റിവെയ്ക്കണം.ആവിപിടിക്കൽ, ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളൽ, നാരങ്ങ ചികിത്സ എന്നിവ ഇക്കാര്യത്തിൽ യാതൊരു ഫലവും നൽകുന്നില്ല.കോവിഡ് പ്രതിരോധത്തിന് ഇന്നും നമുക്ക് ചെയ്യാവുന്നത് കൈ കഴുകലും, മാസ്‌ക് ഉപയോഗിക്കലും, അകലം പാലിക്കലും തന്നെയാണ്.അതായിരിക്കട്ടെ നമ്മുടെ രക്ഷാ കവചം…