കോവിഡ് 19 , ലോകം ഇന്നലെ വരെ

0
363

****

***

എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
04/04/2020
****
ഇന്നലെ (03/04/2020)

കേരളത്തിൽ വ്യാപകമായി മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. എല്ലാവരും മാസ്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. തൽക്കാലം അതവിടെ നിൽക്കട്ടെ. മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.
മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
ധരിച്ചശേഷം മാസ്കിൽ സ്പർശിക്കാൻ പാടില്ല.
മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.
വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.
സാധാരണ മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്‌. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.
അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.
ഇന്നലെ (03/04/2020)…
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കഴിഞ്ഞു.
ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 80,000ൽ പരം കേസുകൾ. ഇന്നലെ മാത്രം മരണസംഖ്യ ആറായിരത്തോടടുത്ത്.
ഇതുവരെ 11 ലക്ഷത്തോളം കേസുകളിൽനിന്ന് 59,000 ലധികം മരണങ്ങൾ.
മരണസംഖ്യയിൽ ഇംഗ്ലണ്ടും ചൈനയെ മറികടന്നു. ഇന്നലെയുണ്ടായ അറുനൂറിലധികം മരണങ്ങൾ ഉൾപ്പെടെ 38,000 ലധികം കേസുകളിൽ നിന്നും 3,600 ലധികം മരണങ്ങൾ.
അമേരിക്കയിൽ കേസുകളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തിൽ പരം കേസുകളും ആയിരത്തിൽ പരം മരണങ്ങളും. ഇതേവരെ രണ്ടേമുക്കാൽ ലക്ഷത്തിൽ പരം കേസുകളിൽ നിന്ന് ഏഴായിരിത്തിലധകം മരണങ്ങൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അയ്യായിരത്തിൽ താഴെ കേസുകളും 800 താഴെ മരണങ്ങളും ആണ് ഇറ്റലിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തോളം കേസുകളിൽ നിന്ന് 14,600 ലധികം മരണങ്ങൾ.
കേസുകളുടെ എണ്ണത്തിൽ സ്പെയിനിൽ വൈകാതെ ഇറ്റലിയെ മറികടക്കുന്ന ലക്ഷണമാണ്. ഇന്നലെ സംഭവിച്ച 850 മരണങ്ങൾ ഉൾപ്പെടെ 1,19,000 ലധികം കേസുകളിൽ നിന്നും 11,200 ഓളം മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ ആയിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ 65,000 ത്തോളം കേസുകളിൽ നിന്ന് 6,500 ലധികം മരണങ്ങൾ.
നെതർലാൻഡ്സിൽ ഇതുവരെ 15,000 ഓളം കേസുകളിൽ നിന്നും 1,400 ലധികം മരണങ്ങൾ.
ജർമനിയിൽ 91,000 ലധികം കേസുകളിൽ നിന്ന് 1,300 ഓളം മരണങ്ങൾ.
ബെൽജിയത്തിൽ 17,000 താഴെ കേസുകളിൽ നിന്നും 1,100 ലധികം മരണങ്ങൾ.
തെക്കൻ കൊറിയയിൽ കേസുകളുടെ എണ്ണം 10,000 കടന്നു. പക്ഷേ മരണസംഖ്യ 174 മാത്രം.
ഇവയെ കൂടാതെ തുർക്കി, സ്വിറ്റ്സർലൻഡ്, കാനഡ, ഓസ്ട്രിയ എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം പതിനായിരം കടന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ പക്ഷേ മരണനിരക്ക് കുറവാണ്.
ഇൻഷുറൻസ് കവറേജ് ഇല്ലാത്ത രോഗികളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ്.
ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് പ്രകാരം N 95 അടക്കമുള്ള വ്യക്തിഗത സുരക്ഷ ഉപാധികളുടെ (PPE) കയറ്റുമതി നിരോധിച്ച് അമേരിക്ക.
കാലിഫോർണിയയിൽ ഭവനരഹിതർക്കായി ഹോട്ടൽ റൂമുകൾ നൽകാൻ പദ്ധതിയിടുന്നു.
104 വയസ്സുകാരൻ വില്യം ബിൽ ലാപ്സ്ചിസ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമുക്തി നേടിയവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്ന് റിപ്പോർട്ട്. അദ്ദേഹം ബുധനാഴ്ച പിറന്നാൾ ആഘോഷിച്ചു.
സ്വകാര്യ കമ്പനി ജീവനക്കാരുടെ 60 ശതമാനം ശമ്പളം സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ.
ബൾഗേറിയ ഏപ്രിൽ 13 വരെ അടിയന്തരാവസ്ഥ ദീർഘിപ്പിച്ചു.
ലണ്ടനിലെ ഒരു കോൺഫറൻസ് സെൻററിൽ 4000 ബെഡ്ഡുകൾ ഉള്ള താൽക്കാലിക ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഒമ്പത് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി.
ഇന്ത്യയിൽ ആകെ കൊറോണ രോഗികളുടെ എണ്ണം 3000 കടന്നു. ഇന്നലെ മാത്രം അറുന്നൂറോളം പുതിയ രോഗികൾ.
മഹാരാഷ്ട്രയിലെ കണക്ക് 500 അടുക്കുന്നു. തമിഴ്നാട് 400 കടന്നു. ഡൽഹി 400 ന് തൊട്ടടുത്ത്. കേരളം 300 ന് തൊട്ടടുത്ത്. 200 ന് മുകളിലുള്ള രണ്ട് സംസ്ഥാനങ്ങൾ. നൂറിനു മുകളിൽ രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങൾ.
ഇതിനോടകം 220-ലധികം രോഗികൾ രോഗമുക്തി നേടിയപ്പോൾ 80 ന് മുകളിൽ ആൾക്കാർ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗൺ 10 ദിവസം കഴിഞ്ഞു. എന്നുവച്ചാൽ രോഗത്തിൻ്റെ ഇൻകുബേഷൻ പീരീഡിനോട് അടുത്ത് എത്തുന്നു. ലോക്ക് ഡൗൺ കാരണം രോഗവ്യാപനത്തിൻ്റെ തോത് എത്ര കാര്യക്ഷമമായി കുറയ്ക്കാൻ കഴിഞ്ഞു എന്നുള്ളതിനെ പറ്റി ലോക്ക് ഡൗണിൻ്റെ അവസാന ആഴ്ചയിലെ കണക്കുകൾ ആയിരിക്കും സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറഞ്ഞിട്ടുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പ്രത്യാശിക്കാം.
കേരളത്തിൽ ഇന്നലെ പുതുതായി 9 രോഗികൾ കൂടി വന്നു. ആകെ രോഗികളുടെ എണ്ണം 295 ആയി. ഇതുവരെ രോഗമുക്തി നേടിയവർ 42. ഇപ്പോൾ ചികിത്സയിലുള്ളത് 251 പേർ.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിയെന്നതും ഉടൻ തന്നെ പരിശോധനകൾ ആരംഭിക്കുമെന്നതും ആശാവഹമായ സംഗതിയാണ്. സാമൂഹ്യ വ്യാപനത്തിൻ്റെ സാധ്യത ഇനിയും തള്ളിക്കളയാനാവാത്ത ഒരു സ്ഥിതിവിശേഷം നമ്മുടെ ഇടയിലുണ്ട്. അത് കണ്ടെത്തുന്നതിനും കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും ഈ ടെസ്റ്റുകൾ ഉപകരിക്കും എന്നാണ് പ്രതീക്ഷ.
അതേസമയം നമുക്ക് പ്രാവർത്തികമാക്കാൻ പറ്റുമോ എന്ന് ചിന്തിക്കാവുന്ന മറ്റൊരു സംഗതിയാണ് ജർമ്മനിയിലും മറ്റും പരീക്ഷിക്കുന്ന പൂൾഡ് സീറം PCR. ഒരാളുടേതിന് പകരം 16 ഓളം പേരുടെ സീറം ഒരുമിച്ച് മിക്സ് ചെയ്ത് പരിശോധിക്കുകയും അതിൽ നെഗറ്റീവ് ആണെങ്കിൽ 16 പേരെയും ഒരുമിച്ച് നെഗറ്റീവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി. PCR പരിശോധനയുടെ നെഗറ്റീവ് പ്രെഡിക്റ്റീവ് വാല്യു ഉയർന്നതായതിനാൽ അത് വിശ്വസനീയവുമാണ്. ഇനിയാ പൂൾഡ് സീറം റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ മാത്രം അതിലുൾപ്പെട്ട ഓരോരുത്തരെയും പ്രത്യേകം ടെസ്റ്റ് ചെയ്ത് ആരാണ് പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ് രീതി.
നിലവിലെ സാഹചര്യത്തിൽ അത്തരമൊരു ടെസ്റ്റിംഗ് രീതിയിലേക്ക് നമ്മൾ പോകേണ്ടതുണ്ടോ എന്നും അങ്ങനാണെങ്കിൽ അതിൻ്റെ സാങ്കേതികതയും പ്രായോഗികതയും കൂടി ചർച്ച ചെയ്യുന്നതും ഈ സമയത്ത് അഭികാമ്യമായിരിക്കും എന്ന് തോന്നുന്നു. ഇന്ത്യയിലിതുവരെ, ആവർത്തിച്ചുള്ള പരിശോധനകൾ ഉൾപ്പെടെ 66000 ടെസ്റ്റുകൾ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യാനുപാതികമായി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ നമ്മൾ ഏറ്റവും പിന്നിലാണ് നിൽക്കുന്നത്.
അതേസമയം കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ലാബിൽ ഇന്നലെ മുതൽ കൊവിഡ് ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഭാഗത്ത് നിന്നുള്ളവരുടെ ടെസ്റ്റുകൾ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് ഇത് സഹായകരമായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ജോലിയിലുള്ള ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ഉൾപ്പെടെ ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു തീരുമാനം ആയിരുന്നു ഇന്നലെ കേരള സർക്കാർ എടുത്ത ഫുഡ് പാഴ്സൽ ഡെലിവറി രാത്രി 8:00 വരെ ആക്കുന്ന തീരുമാനം. ആ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

***

എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
03/04/2020
****
ഇന്നലെ (02/04/2020)
****
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,12,000 കഴിഞ്ഞു.
സ്പെയിനിൽ ആകെ മരണങ്ങൾ 10,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 5,000 കടന്നു. ജർമ്മനി, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ മരണസംഖ്യ 1,000 കടന്നു. കേസുകളുടെ എണ്ണത്തിൽ ജർമനിയും ചൈനയെ മറികടന്നു.
ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പത്തു ലക്ഷം കടന്നു, മരണസംഖ്യ 53,000 പിന്നിട്ടു.
തുടർച്ചയായ നാലാം ദിവസവും ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ തന്നെ നിൽക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 800 ൽ താഴെ. ഇതുവരെ ആകെ ഒരു ലക്ഷത്തി പതിനയ്യായിരത്തിൽ പരം കേസുകളിൽ നിന്ന് 13,900 ലധികം മരണങ്ങൾ.
സ്പെയിനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവു കാണുന്നുണ്ട്. പക്ഷെ പ്രതിദിന മരണസംഖ്യ ഉയർന്നുതന്നെ നിൽക്കുന്നു. ഇന്നലെ 950 ലധികം മരണങ്ങൾ. ഇതുവരെ ആകെ കേസുകൾ 1,12,000 കടന്നു.
ജർമ്മനിയിൽ 85,000 ഓളം കേസുകളിൽ നിന്ന് 1,100 ലധികം മരണങ്ങൾ.
ഫ്രാൻസിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്. ഇതുവരെ 59,000 ലധികം കേസുകളിൽ നിന്ന് 5,300 ലധികം മരണങ്ങൾ.
അമേരിക്കയിൽ മരണസംഖ്യ ഉയരുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തോളം കേസുകൾ. ഇതുവരെ ആകെ 2,40,000 ലധികം കേസുകളിൽ നിന്ന് ആറായിരത്തോളം മരണങ്ങൾ.
ഇംഗ്ലണ്ടിൽ മരണസംഖ്യ ഉയരുകയാണ്. 33,000 ലധികം കേസുകളിൽ നിന്ന് 2,900 ലധികം മരണങ്ങൾ. ഇന്നലെ മാത്രം 500ലധികം മരണങ്ങൾ.
പാക്കിസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 2500 ൽ താഴെ കേസുകളിൽ നിന്നും 34 മരണങ്ങൾ.
എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പരിഗണിച്ചാൽ താരതമ്യേന മരണനിരക്ക് കുറഞ്ഞ ചില രാജ്യങ്ങളും ഉണ്ട്…
ഇസ്രായേലിൽ ഏഴായിരത്തിൽ താഴെ കേസുകളിൽ നിന്നും നാൽപ്പതിൽ താഴെ മരണങ്ങൾ.
ഓസ്ട്രേലിയയിൽ 5,500 ൽ താഴെ കേസുകളിൽ നിന്നും മുപ്പതിൽ താഴെ മരണങ്ങൾ.
ചിലിയിൽ 3,400 ലധികം കേസുകളിൽ നിന്ന് ഇരുപതിൽ താഴെ മരണങ്ങൾ.
തെക്കൻ കൊറിയയിൽ പതിനായിരത്തിൽ താഴെ കേസുകളിൽ നിന്നും 170 ൽ താഴെ മരണങ്ങൾ മാത്രം.
ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 3, പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 14. കാനഡ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പതിനായിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 2, അയ്യായിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 4, ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 10.
ന്യൂയോർക്കിലും ലോസ് ഏഞ്ചലസിലും നങ്കൂരമിട്ടിരിക്കുന്ന ഹോസ്പിറ്റൽ ഷിപ്പുകളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിച്ചു തുടങ്ങി.
ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് 6 കമ്പനികളോട് വെൻറിലേറ്റർ നിർമ്മിച്ചു തരാൻ ആവശ്യപ്പെട്ട് അമേരിക്ക.
ബെൽജിയത്തിൽ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ടൂർ ഓഫ് ഫ്ലാൻഡേഴ്സ് സൈക്കിൾ റാലി വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്താൻ ആലോചിക്കുന്നു.
ഓരോ ദിവസവും ഒരോ ലക്ഷം വീതം പരിശോധനകൾ നടത്താനായി ഇംഗ്ലണ്ട് തയ്യാറെടുക്കുന്നു എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്.
ആഴ്ചയിൽ 1500 വെന്റിലേറ്ററുകൾ വീതം നിർമിക്കാനുള്ള ഉദ്യമത്തിൽ ബ്രിട്ടീഷ് വെൻറിലേറ്റർ കൺസോർഷ്യം.
റഷ്യയിൽ ഏപ്രിൽ അവസാനം വരെ സ്റ്റേ അറ്റ് ഹോം ഓർഡർ നീട്ടി.
പോർച്ചുഗൽ 15 ദിവസത്തേക്ക് കൂടി അടിയന്തരാവസ്ഥ നീട്ടി.
ആരോഗ്യ പ്രവർത്തകർക്ക് മാസം 500 യൂറോ ബോണസ് നൽകി റുമേനിയ. അവിടെ കൊവിഡ് ബാധിതരിൽ 10 ശതമാനത്തോളം ആരോഗ്യപ്രവർത്തകർ.
ഇറാൻ പാർലമെൻറ് സ്പീക്കർ അലി ലാരിജാനി കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്.
ഇസ്രയേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്.
ലെബനണിലെ ഫിലിപ്പൈൻസ് അംബാസിഡർ ബർണാഡിറ്റ കറ്റാല കോവിഡ് മൂലം അന്തരിച്ചു.
ലോകപ്രശസ്ത സൗത്ത് ആഫ്രിക്കൻ ശാസ്ത്രജ്ഞ ഗീതാ റാംജി കോവിഡ് മൂലം അന്തരിച്ചു. HIV പ്രതിരോധ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 2500 കടന്നു. ഇന്നലെ മാത്രം 500-ലധികം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മരണസംഖ്യ 70 കടന്നു.
മഹാരാഷ്ട്രയിൽ ആകെ രോഗികൾ 400 നു മുകളിൽ. തമിഴ്നാട്ടിൽ 300 നു മുകളിൽ. ഡൽഹിയും കേരളവും മുന്നൂറിനടുത്ത്. ഇവ കൂടാതെ നൂറിലധികം രോഗികളുള്ള സംസ്ഥാനങ്ങൾ ആറ്.
ഇന്ത്യയുടെ ഏറ്റവും വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തു.
ഇനിയും രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്തത് 4 സംസ്ഥാനങ്ങളിൽ- നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, സിക്കിം.
കേരളത്തിൽ ഇന്നലെ 21 പുതിയ രോഗികൾ കൂടി ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 286 ആയി. നിലവിൽ ചികിത്സയിലുള്ളത് 256 പേർ. 28 പേർ ഇതിനകം രോഗമുക്തി നേടി.
മധ്യപ്രദേശിൽ ഒരു ഡോക്ടർക്കും പോലീസുകാരനും രോഗം സ്ഥിരീകരിച്ചതും ഉത്തർപ്രദേശിൽ മറ്റൊരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതും വഴി അവരുമായി സമ്പർക്കത്തിൽ വന്ന നിരവധി പേരാണ് ക്വാറൻ്റയിനിൽ പോവേണ്ടി വന്നത്. കൊവിഡ് യുദ്ധത്തിലെ മുൻനിര പോരാളികളാണ് ഡോക്ടർമാരും പോലീസുകാരും. അവരുടെ എണ്ണം കുറയുന്നത് നമ്മളീ യുദ്ധം എളുപ്പത്തിൽ തോൽക്കാനേ കാരണമാകൂ.
പോസിറ്റിവ് രോഗികളുടെ എണ്ണം കൂടി വരുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്വം ഏറും. അവരുടെ അപകട സാധ്യതകളും അതുപോലെ ഉയരും. അവരുടെ കാര്യത്തിൽ സമൂഹത്തിനും അധികാരികൾക്കും കരുതൽ ഉണ്ടാവണം എന്ന് വീണ്ടും അപേക്ഷിക്കുന്നു.
നാളിതു വരെ സർക്കാരിന്റെ നേതൃത്വത്തിൽ പരിമിതികൾക്കുള്ളിൽ നിന്നും കൊണ്ട് മികച്ച പ്രവർത്തനമാണ് ആരോഗ്യപ്രവർത്തകർ കാഴ്ച വെച്ചത്. എന്നാൽ രോഗികൾ കൂടുമ്പോൾ നമ്മുടെ ചികിത്സാ കേന്ദ്രങ്ങളായിരിക്കും കോവിഡിന്റെ ആക്രമണത്തിന് വിധേയമാവുക.
ആരോഗ്യ പ്രവർത്തകർ കർത്തവ്യ നിർവ്വഹണത്തിന് ഇറങ്ങുമ്പോൾ സമൂഹം ഉറപ്പാക്കേണ്ട ചില കാര്യങ്ങളുണ്ട്,
A. ആരോഗ്യപ്രവർത്തകരുടെ വ്യക്തിസുരക്ഷ
ആശുപത്രികളിൽ വ്യക്തിഗത സുരക്ഷാ ഉപാധികൾ (PPE കിറ്റുകൾ, N95 & 3 ലെയർ മാസ്‌ക്കുകൾ, ഗ്ലോവുകൾ), രോഗാണുബാധ തടയാൻ ഉതകുന്ന രീതിയിൽ ഉള്ള ബയോ സേഫ്റ്റി സംവിധാനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.
രോഗികൾ അധികം ഇല്ലാത്ത ഈ അവസ്ഥയിൽ പോലും മേൽപ്പറഞ്ഞ വ്യക്തി സുരക്ഷാ ഉപാധികളുടെ ദൗർലഭ്യം ഉണ്ടെന്നും, നിലവാരം ഉറപ്പാക്കാത്ത കിറ്റുകൾ കിട്ടുന്നുവെന്നും, ജൂനിയർ ഡോക്ടർമാർക്കും, മറ്റു സ്റ്റാഫിനും ഉള്ളതു പോലും കൊടുക്കാൻ ചിലർ വിസമ്മതിക്കുന്നു എന്നുമൊക്കെ വ്യക്തിപരമായ പരാതികൾ ഉയരാതെ അധികാരികൾ നോക്കേണ്ടതുണ്ട്.
വൈറസിന് വലിപ്പ ചെറുപ്പം ഇല്ലാ, ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരും പ്രശസ്തരും വൈറസിന് അടിപ്പെട്ട സംഭവങ്ങൾ ആണ് കണ്മുന്നിൽ. സ്വന്തം സുരക്ഷാ ഉറപ്പാക്കണം എങ്കിൽ അപരനും സുരക്ഷിതമായിരിക്കാൻ കരുതൽ വേണം എന്ന ലളിത സത്യം എല്ലാരും ഉൾക്കൊള്ളേണ്ടതുണ്ട്.
ആയുധം ഇല്ലാതെ പോരാടാവുന്ന ഒന്നല്ല വൈറസിനെതിരെയുള്ള ഈ യുദ്ധം. ആരോഗ്യപ്രവർത്തകർക്കു പകരം പ്രവർത്തിയ്ക്കാൻ മറ്റുള്ളവർക്ക് ആവില്ല എന്നത് ഓർക്കുക.
B.സാമൂഹിക സുരക്ഷ
ആരോഗ്യ പ്രവർത്തകരോടുള്ള സാമൂഹിക വിവേചനമാണ് മറ്റൊരു ഞെട്ടിക്കുന്ന പ്രതിഭാസം. ഇന്ത്യയിൽ പലയിടത്തും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. മറ്റു പല രാജ്യങ്ങളിലും അവർക്കു വലിയ ആദരവും ബഹുമാനവും കൊടുക്കുമ്പോഴാണ് ഈ സ്ഥിതി! കേരളത്തിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവും എന്ന് കരുതുന്നില്ല എങ്കിൽ പോലും ആരോഗ്യ പ്രവർത്തകരെ വാടക വീടുകളിൽ നിന്നും മാറി താമസിക്കാൻ നിർബന്ധിതരാക്കുന്നത് പോലുള്ള സംഭവങ്ങൾ പലരും പങ്കു വെക്കുന്നുണ്ട്. തികച്ചും അനഭിലഷണീയമായ പ്രവണതയാണ് അത്.
അവരുടെ ജോലി ക്രമങ്ങൾ ശാസ്ത്രീയമായിരിക്കണം, രോഗബാധ കൂട്ടും വിധമുള്ള അശാസ്ത്രീയ ഡ്യൂട്ടി ക്രമങ്ങൾ ഒക്കെ അപകടസാധ്യത കൂട്ടും. കൂടുതൽ പേര് ഒരുമിച്ചു ഐസൊലേഷനിലേക്കു പോവേണ്ടി വന്നാൽ ആരോഗ്യ മേഖല തളരും.
ആരോഗ്യ പ്രവർത്തകരുടെ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമായി അവരുടെ മാനസിക ആരോഗ്യവും കരുതണം. കോവിഡ് ബാധ കനത്ത രീതിയിൽ പടർന്ന പല രാജ്യങ്ങളിലും അതിനെ നേരിട്ട ആരോഗ്യപ്രവർത്തകർ മാനസികമായി തളർന്നു എന്ന് റിപ്പോർട്ടുകളുണ്ട്. അത്തരം പ്രശ്നങ്ങളും അവരുടെ പ്രവർത്തന ശേഷിയെ കാര്യമായി ബാധിക്കും.
ആരോഗ്യപ്രവർത്തകർ എന്ന് പറയുമ്പോൾ ഡോക്ടർമാർ, നഴ്സുമാർ എന്നിവർ മാത്രമല്ല. ശുചീകരണ തൊഴിലാളികൾ, റേഡിയോഗ്രാഫർമാർ, ലാബ് ടെക്നീഷ്യൻമാർ, സഹായികൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫാർമസിസ്റ്റുകൾ, JPHN, JHI തുടങ്ങി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഏവരും ഉൾപ്പെടും.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധ സേനാംഗങ്ങളും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകരും വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.

***
എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
02/04/2020
****
ഇന്നലെ (01/04/2020)
സ്പെയിനിൽ സ്ഥിതിവിശേഷം വളരെ ഗുരുതരമാണ്. ഇന്നലെ മാത്രം 900 ലധികം മരണങ്ങളും 8,000 ലധികം പുതിയ കേസുകളും. ഇതോടെ അവിടെ ആകെ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരണ സംഖ്യ 9,300 ലധികവും.
അമേരിക്കയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിലധികം മരണങ്ങൾ, ഇതോടെ മരണസംഖ്യ 5,000 കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 26,000 ലധികം കേസുകൾ കൂട്ടുമ്പോൾ അമേരിക്കയിൽ ആകെ കേസുകളുടെ എണ്ണം 2,15,000 കടന്നു.
ഇറ്റലിയിൽ ഇന്നലെയും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ. ഇന്നലെ മരണസംഖ്യ 800 ൽ താഴെ വന്നു. ഇതുവരെ ആകെ 1,10,000 കേസുകളിൽ നിന്നും 13,000 ലധികം മരണങ്ങൾ.
ജർമനിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിലേക്ക് വർധിച്ചു. ഇതുവരെ ആകെ 78,000 ഓളം കേസുകളിൽനിന്ന് 1,000 ൽ താഴെ മരണങ്ങൾ.
ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 3, പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 13, ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 8.
ലോകമാകെ കേസുകൾ 9,35,000 കടന്നു, മരണസംഖ്യ 47,000 കഴിഞ്ഞു.
ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,93,000 കടന്നു.
വെനിസ്വല; ഏറ്റവും പ്രശസ്തമായ സാന്റാതെരേസാ റം ഡിസ്റ്റിലറി മദ്യ നിർമ്മാണത്തിന് പകരം ഡിസ്ഇൻഫെക്റ്റന്റ്/സാനിറ്റൈസർ നിർമ്മാണം ആരംഭിക്കുന്നു.
തായ്‌വാൻ; രോഗ ബാധയുള്ള രാജ്യങ്ങൾക്ക് ഒരു കോടി മാസ്ക്കുകൾ നൽകുന്നു.
ജപ്പാൻ; ഫാവിപിരാവിർ എന്ന ആന്റിവൈറൽ മരുന്ന് കൊവിഡ് 19 രോഗികളിൽ ക്ലിനിക്കൽ ട്രയൽസ് ആരംഭിക്കാൻ തീരുമാനിച്ചു.
ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന എല്ലാ തൊഴിലാളികൾക്കും മാസശമ്പളം കുറവില്ലാതെ ലഭിക്കുമെന്ന് ഖത്തർ.
പ്രതിദിനം 25,000 പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്.
നവംബറിൽ നടക്കേണ്ടിയിരുന്ന ലോക കാലാവസ്ഥ ഉച്ചകോടി യുണൈറ്റഡ് നേഷൻസ് റദ്ദ് ചെയ്തു.
ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെൻറ് റദ്ദ് ചെയ്തു. യുദ്ധങ്ങൾ മൂലമല്ലാതെ ആദ്യമായാണ് ടൂർണമെൻറ് റദ്ദ് ചെയ്യപ്പെടുന്നത്.
മുൻ സോമാലിയൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ കൊവിഡ് ബാധ മൂലം ലണ്ടനിൽ അന്തരിച്ചു.
ലോകപ്രശസ്ത പീഡിയാട്രിക് ന്യൂറോസർജൻ പ്രൊഫ. ജെയിംസ്‌ ഗുഡ്രിച് കൊവിഡ് മൂലം ന്യൂയോർക്കിൽ അന്തരിച്ചു. 2004-ൽ ഒരു ശരീരം ആയിരുന്ന കാൾ, ക്ലാരൻസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ ടീമിനെ നയിച്ച ഡോക്ടറായിരുന്നു. 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവർ പങ്കുവച്ചിരുന്ന മസ്തിഷ്കം വേർപ്പെടുത്തിയത്.
മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു 13 വയസ്സുകാരൻ കൊവിഡ് മൂലം ഇംഗ്ലണ്ടിൽ മരണമടഞ്ഞു.
ഹോങ്കോങ്ങിൽ ഒരു വളർത്തു പൂച്ചയിൽ കൊവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻപ് രണ്ട് വളർത്തുനായകളിലും പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചിരുന്നു.
ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 2000 കടന്നു. ശ്രദ്ധിക്കണം, മൂന്നിൽ നിന്ന് ആയിരത്തിലെത്താൻ നമ്മൾ ഒരു മാസമെടുത്തു. പക്ഷേ രണ്ടാമത്തെ ആയിരത്തിലേക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടി വന്നത്. നാലുദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. അതും ഇത്രയും കുറച്ച് മാത്രം ടെസ്റ്റുകൾ ചെയ്യുന്ന രാജ്യത്ത്.
ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 2014 ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 395 പുതിയ രോഗികൾ. ഇതുവരെ ആകെ മരണം 56. 169 പേർ ഇതിനകം രോഗമുക്തി നേടിയിട്ടുമുണ്ട്.
കേരളത്തിൽ ഇന്നലെ 24 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 265 ആയി. നിലവിൽ ചികിത്സയിലുള്ളത് 237 പേരാണ്. 26 പേർ രോഗമുക്തി നേടി.
മൂന്നു ദിവസത്തെ സമ്പൂർണ അടവിനുശേഷം അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് അവസരം നൽകിയ മംഗലാപുരം സിറ്റിയിൽ ഇന്നലെ സാമൂഹിക അകലത്തിൻ്റെയും അടിസ്ഥാന പ്രതിരോധനടപടികളുടെയും എല്ലാ നിർദ്ദേശങ്ങളെയും കാറ്റിൽ പറത്തിയുള്ള ജനത്തിരക്കായിരുന്നു. നിസാമുദ്ദീനിൽ നിന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗം പടർന്നതിനെപ്പറ്റി നമ്മൾ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഒരു ആൾക്കൂട്ടം ഉണ്ടായത് ദൗർഭാഗ്യകരമെന്ന് മാത്രം പറയാം.
അതേസമയം കൊച്ചിയിൽ കർണാടകക്കാരായ കുട്ടവഞ്ചിക്കാർക്കു സഹായം നൽകിയ മലയാളികൾ നല്ലൊരു മാതൃകയാണ്. കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കന്നഡ കുടുംബങ്ങൾക്കാണു ചാരിറ്റി കൂട്ടായ്മ ഭക്ഷ്യധാന്യങ്ങൾ നൽകിയത്.
ഈ വാർത്ത ആശ്വാസമേകുന്നതാണ്. വൈറസിന് രാജ്യാന്തര അതിർത്തികൾ പോലും ബാധകമല്ലെന്ന് കണ്ടുകൊണ്ടിരിക്കുമ്പോൾ മനുഷ്യത്വത്തിന് പോലും കടക്കാനാവാത്തവിധം അതിർത്തികളിൽ മണ്ണിടുന്നവർ ഇതൊക്കെ കണ്ടിരുന്നെങ്കിൽ..
കേരളത്തിൽ 14 ദിവസം നിരീക്ഷണത്തിലായിരുന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ 232 വിദേശികൾ നെഗറ്റീവ് റിസൾട്ട് കിട്ടിയതിനെ തുടർന്ന് ഇന്നലെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി. തിരിക്കും മുൻപ് കൊവിഡ് കാലത്തെ കേരളത്തിലെ അനുഭവത്തെ കുറിച്ച് അവർക്ക് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. വൈറസിന് അതിർത്തികൾ ബാധകമല്ലാത്ത പോലെ മനുഷ്യൻ്റെ കരുണയ്ക്കും അതിർത്തികൾ ഒന്നും തടസ്സം ആവാതിരിക്കട്ടെ. ഈ പോരാട്ടത്തിൽ മനുഷ്യരാശിക്ക് അതിജീവനം സാധ്യമാവണമെങ്കിൽ സാർവ്വലൗകിക സാഹോദര്യവും സ്നേഹവും സഹകരണവുമാണ് വേണ്ടത്. നമുക്ക് മാതൃകയാവാം.
പക്ഷേ ഇങ്ങനെ മാതൃകയാകേണ്ട മലയാളികൾ രാത്രികാലങ്ങളിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങുകയും അപകടത്തിൽ പെടുകയും ചെയ്യുന്നത് ഇപ്പോൾ നിത്യകാഴ്ചയാണ്. നിയമങ്ങളെപ്പറ്റിച്ച് ഇങ്ങനെ പുറത്തിറങ്ങുന്നത് അവനവനെ തന്നെ പറ്റിക്കുന്നതാണെന്ന് നമ്മൾ തിരിച്ചറിയണം. ഇന്നലെ തന്നെ തിരുവനന്തപുരത്ത് രാത്രിയിൽ പുറത്തിറങ്ങിയ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ലോക്ക് ഡൗൺ പോലുള്ള കർശനമായ നിയന്ത്രണങ്ങൾ നമുക്ക് വേണ്ടി കൂടിയാണ് എന്നുള്ള ചിന്ത ഇനിയും സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാർക്ക് വന്നിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്.
മദ്യം ഉപയോഗവും നിർമ്മാണവും വില്പനയും കുറഞ്ഞ ഈ കാലത്ത്, മദ്യ നിർമാണ ഫാക്ടറികളിൽ ഹാൻഡ് സാറിറ്റൈസർ/ഡിസ്ഇൻഫെക്റ്റന്റ് നിർമ്മാണം ആരംഭിക്കണം. അവ സൗജന്യമായി റേഷൻ അടിസ്ഥാനത്തിൽ വിതരണം ചെയ്യുക കൂടി ചെയ്താൽ വളരെ നന്നായിരിക്കും.
വളരെയധികം ജാഗ്രത സ്വീകരിക്കേണ്ട മറ്റൊരു സ്ഥലം ജയിലുകൾ ആണ്. അവിടെ എവിടെയെങ്കിലും ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ജയിലിലാകെ കാട്ടുതീപോലെ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ജാഗ്രത പുലർത്തണം. ഈ കാരണത്താൽ പല രാജ്യങ്ങളും ജയിലുകൾ ഒഴിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്.

****
എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
01/04/2020
കൊവിഡ് അവലോകനം
ഇന്നലെ (31/03/2020)
ലോകമാകെ കേസുകളുടെ എണ്ണം എട്ടര ലക്ഷവും മരണസംഖ്യ 42000-വും കടന്നു.
മരണസംഖ്യയിൽ ഫ്രാൻസും അമേരിക്കയും ചൈനയെ മറികടന്നു.
ലോകമാകെ ഇന്നലെ എഴുപതിനായിരത്തിൽ കൂടുതൽ കേസുകളും 4300 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് നെതർലൻഡ്സ് കൂടി.
പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 13.
ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 8.
ലോകമാകെ ഒന്നേ മുക്കാൽ ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.
അമേരിക്കയിൽ സ്ഥിതിഗതികൾ വളരെ മോശമായി തുടരുന്നു. ഇന്നലെയും 21000 ലധികം പുതിയ കേസുകളും അറുനൂറിലധികം മരണങ്ങളും. ഈ സംഖ്യ കൂടുതൽ മോശമാകാനുള്ള സാഹചര്യം ആണ് കാണുന്നത്.
തുടർച്ചയായ രണ്ടാം ദിവസവും ഇറ്റലിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ നാലായിരം മാത്രം. പ്രതിദിന മരണസംഖ്യയിൽ ഇടിവ് വന്നിട്ടില്ലെങ്കിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലുള്ള കുറവ് ഒരു ആശ്വാസമാണ്.
അമേരിക്കയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി സഹായിക്കാൻ ചൈനയും തെക്കൻ കൊറിയയും.
CNN അവതാരകൻ ക്രിസ് കൂമോ കോവിഡ് പോസിറ്റീവ് ആയതായി വെളിപ്പെടുത്തി. കോംഗോ മുൻ പ്രസിഡൻറ് യോംബി ഒപാങ്ഗോ കോവിഡ് ബാധിച്ച് പാരീസിൽ വച്ച് മരിച്ചതായി റിപ്പോർട്ട്.
ഇറ്റലി, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളേക്കാൾ സ്ഥിതിവിശേഷം മോശമാകാൻ സാധ്യതയുള്ള ഒരു രാജ്യമാണ് ഇന്ത്യ. മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടം ഇവിടെ ഉണ്ടാകും.
നിലവിൽ ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ലോകത്തിൽ ഏറ്റവും കുറവ് പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കക്ക് പറ്റിയ തെറ്റ് നമ്മൾ ആവർത്തിക്കരുത്.
ഇന്നിപ്പോൾ ഒരു ദിവസം ഒരു ലക്ഷത്തിൽ കൂടുതൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇത് തുടങ്ങിയിരുന്നെങ്കിൽ, അവർ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തില്ലായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. പക്ഷേ ആ സമയത്തൊക്കെ ഒക്കെ ഡൊണാൾഡ് ട്രംപ് കൊവിഡിനെ നിസ്സാരവൽക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഫലമോ ? ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള ഒരു രാജ്യം ചികിത്സാസൗകര്യങ്ങൾ പോരാ എന്ന് വിലപിക്കുകയാണ്.
ഭരണത്തലവന്മാരുടെ വീഴ്ചകൾക്ക് രാജ്യം നൽകേണ്ടിവരുന്ന വില വലുതാണ് എന്ന തിരിച്ചറിവ് വേണം. എല്ലാം അനുഭവിച്ച് പഠിക്കണം എന്ന് നിർബന്ധമില്ല. കണ്ടും കേട്ടും പഠിക്കുന്നവരാണ് അതിജീവിക്കുന്നത്. അഭിമാനവും ആത്മവിശ്വാസവും നല്ലതാണ്. പക്ഷേ അഹങ്കാരവും ദുരഭിമാനവും ഒട്ടും നല്ലതല്ല. വികാരം വിവേകത്തെ കീഴ്പ്പെടുത്തിയാൽ പരാജയ സാധ്യത കൂടുമെന്ന് ഓർക്കണം.
ദക്ഷിണകൊറിയയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട 56% രോഗികളും ഒരു മതപ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തവർ ആയിരുന്നു. സിംഗപ്പൂരിലുണ്ടായ ആകെ രോഗികളുടെ 10% ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുത്തവരായിരുന്നു. അതുപോലെ ഇന്ത്യയിൽ ഇതുവരെയുണ്ടായ രോഗികളിൽ 131 പേരും ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്റർ ആയി നിസാമുദ്ദീൻ മാറി. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 272 പുതിയ രോഗികളാണ്. ഒരു ദിവസം ഇത്രയും രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികൾ 1619 ആയി. ഇതിനകം 150 പേർ രോഗമുക്തി നേടി. 49 പേർ മരിച്ചു.
കേരളത്തിൽ പുതിയ 7 രോഗികൾ കൂടി വന്നപ്പോൾ ആകെ ആകെ കേസുകൾ 241 ആയി. 24 പേർ ഇതിനകം രോഗമുക്തി നേടി. രണ്ടുപേർ മരിച്ചു ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 215 പേരാണ്. 1,63,129 പേർ നിരീക്ഷണത്തിലാണ്.
കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ലഭ്യതക്കുറവാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്വീകരിക്കുക കൂടി ചെയ്തത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
പലതരം ആശയക്കുഴപ്പങ്ങൾക്കിടയിലും ജോലിക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് അവശ്യം വേണ്ട സുരക്ഷാ സാമഗ്രികൾ എത്തിച്ചു നൽകുന്നതിന് പകരം സീനിയർ ജീവനക്കാർ അവരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും ജോലിചെയ്യിക്കുന്ന സ്ഥിതി പലയിടങ്ങളിലുമുണ്ട്. മാനുഷികമായ പരിഗണനയോ തൊഴിലിനോടുള്ള ബഹുമാനമോ ഇല്ലാത്ത ഇത്തരം പ്രവണതകൾ ആരോഗ്യമേഖലയുടെ അന്തസത്തയ്ക്ക് ഒട്ടും ചേർന്നതല്ല. ഇത് നിലവിലുള്ള സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ.
കൊവിഡ് രോഗം ബാധിച്ചു മരിക്കുന്നവരിൽ 95 ശതമാനവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.
ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ അഥവാ രോഗവ്യാപനത്തിൻ്റെ തോത് കുറഞ്ഞാലും പ്രായാധിക്യം ഉള്ളവർ വളരെ ഉയർന്ന റിസ്ക് കാറ്റഗറിയിൽ തന്നെയായിരിക്കും തുടരുക.
അവരുടെ പ്രൊട്ടക്ഷനു വേണ്ടി അവരെ ‘റിവേഴ്സ് ക്വാറൻ്റയിൻ’ ചെയ്യാനുള്ള പദ്ധതികൾ കൂടി സർക്കാർ ഈ നിമിഷം ചിന്തിച്ചു തുടങ്ങേണ്ടതാണ്
പ്രായാധിക്യമുള്ളവരെയും രോഗം അപകടകരമായി ബാധിക്കാൻ സാധ്യതയുള്ളവരെയും മാത്രം ക്വാറൻ്റയിൻ ചെയ്യുന്നതിനെയാണ് റിവേഴ്സ് ക്വാറൻ്റയിൻ എന്നു പറയുന്നത്.
ഇത് പ്രാവർത്തികമാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള പദ്ധതികൾ തയാറാക്കുകയും ക്വാറൻ്റയിൻ ചെയ്യുന്നവരെ മാനസികമായി അതിന് തയ്യാറെടുപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
മാത്രമല്ല വീടുകളിൽ തന്നെ ക്വാറൻ്റയിൻ ചെയ്യാൻ സാധിക്കുമോ എന്നതിനെ പറ്റിയും അല്ലെങ്കിൽ അവർക്ക് മാത്രമായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തേണ്ടതിനെ പറ്റിയും ഇപ്പൊഴേ ചിന്തിച്ചു തുടങ്ങണം.

****
31/03/20
എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh P S
ഇന്നലെ (30/03/2020)…
ലോകമാകെ നോക്കിയാൽ കേസുകളുടെ എണ്ണം എട്ട് ലക്ഷം അടുക്കുന്നു. ഇറ്റലിയിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഒരോ ദിവസവും അയ്യായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നാലായിരത്തിലേക്ക് താന്നിട്ടുണ്ട്. പരിശോധനകളുടെ എണ്ണത്തിൽ ഉണ്ടായ കുറവല്ല കാരണമെങ്കിൽ നല്ല ലക്ഷണമാണ്. പക്ഷേ വരും ദിവസങ്ങളിലെ കണക്കുകൾ കൂടി മനസ്സിലായെങ്കിൽ മാത്രമേ കൃത്യമായി വിലയിരുത്താൻ സാധിക്കൂ. എങ്കിലും മരണസംഖ്യയിൽ കാര്യമായ വ്യത്യാസമില്ല. ഇന്നലെയും എണ്ണൂറിലധികം മരണങ്ങൾ സംഭവിച്ചു. കേസുകളിൽ ഉണ്ടാകുന്ന കുറവ് മരണസംഖ്യയിൽ പ്രതിഫലിക്കണം എങ്കിൽ കുറച്ചു ദിവസങ്ങൾ വേണ്ടിവരും.
അമേരിക്കയിൽ ഇന്നലെയും ഇരുപതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈകാതെ അമേരിക്ക മരണസംഖ്യയിൽ ചൈനയെ പിന്തള്ളും. അമേരിക്കയിൽ കേസുകളുടെ എണ്ണം 1.6 ലക്ഷം കഴിഞ്ഞു. കേസുകളുടെ എണ്ണത്തിൽ സ്പെയിൻ ചൈനയെ മറികടന്നു.
ആയിരം ബെഡ്ഡുകൾ ഉള്ള അമേരിക്കൻ നേവി ഹോസ്പിറ്റൽ ഷിപ്പ് ലോസ് ഏഞ്ചലസ് തുറമുഖത്ത് അടുപ്പിച്ചു. അവിടെ രോഗികളെ ചികിത്സിച്ചു തുടങ്ങി. നെതർലാൻഡ്സ് യൂറോ വിഷൻ കൺസേർട്ട് ഹാൾ 680 ബെഡ്ഡുകൾ ഉള്ള ആശുപത്രിയാക്കി മാറ്റുന്നു. ബ്രസീലിൽ മാരക്കാന അടക്കമുള്ള ധാരാളം സ്റ്റേഡിയങ്ങൾ ആശുപത്രികൾ ആയി മാറ്റുന്നു. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ന്യൂയോർക്കിൽ 500 ഡോളർ പിഴ ശിക്ഷ ഏർപ്പെടുത്തി. ഓസ്ട്രിയ സൂപ്പർമാർക്കറ്റുകൾക്കുള്ളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം എന്ന് നിർദ്ദേശിച്ചു. മാസ്ക്കുകൾ സൂപ്പർമാർക്കറ്റിന് പുറത്ത് വിതരണം ചെയ്യും.
ബ്രസീലിയൻ പ്രസിഡൻറ് ബൊൾസൊണാരോ ട്വിറ്ററിൽ പങ്കുവെച്ച തെറ്റിദ്ധാരണാജനകമായ രണ്ട് പോസ്റ്റുകൾ ട്വിറ്റർ തന്നെ നീക്കം ചെയ്തു. സഹായിക്ക് കോവിഡ് പോസിറ്റീവ് റിസൾട്ട് വന്നതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്വാറന്റൈൻ സ്വീകരിച്ചു. പ്രശസ്ത ജാപ്പനീസ് ഹാസ്യ കലാകാരൻ കെൻ ഷിമുറ കോവിഡ് ബാധ മൂലം അന്തരിച്ചു.
ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വളരെയധികം കൂട്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഇരുന്നൂറിലധികം രോഗികളാണ് ഇന്നലെ മാത്രം കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല ഏറ്റവുമധികം മരണങ്ങൾ നടന്ന ദിവസവുമാണ്. ഇതോടെ രോഗികളുടെ ആകെ എണ്ണം 1347 ഉം ആകെ മരണസംഖ്യ 43 ഉം ആയി.
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത ആറു പേർ തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ധാരാളം പേർ മൂന്നു ദിവസത്തെ ആ മതചടങ്ങിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് അറിവ്. നിസാമുദ്ദീൻ ഇന്ത്യയിലെ കോവിഡിൻ്റെ എപ്പിസെൻറർ ആയി മാറിയിട്ടുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഐ സി എം ആർ ൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 48,482 ടെസ്റ്റുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പലരാജ്യങ്ങളും രണ്ട്-മൂന്ന് ദിവസങ്ങൾ കൊണ്ട് കണ്ടെത്തുന്ന രോഗികളുടെ എണ്ണം തന്നെ ഇതിലധികം ഉണ്ടെന്നുള്ളത് മറക്കരുത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുന്നതിൻ്റെ തോത് വളരെ കുറവാണെന്ന സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ളവരുടെ വാദങ്ങളോട് ഒട്ടുംതന്നെ യോജിക്കാനാവുന്നില്ല.
കേരളത്തിൽ ഇന്നലെ 32 പുതിയ രോഗികൾ കൂടി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം 234 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവർ 213. 20 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. അതിൽ 93 ഉം 88 ഉം വയസ്സുള്ള പ്രായമായ രണ്ടു പേർ കൂടി രോഗമുക്തി നേടി എന്നുള്ളതാണ് സന്തോഷകരമായ ഒരു വാർത്ത.
മദ്യലഭ്യത ഇല്ലാതായത് മൂലം കേരളത്തിലെ ആശുപത്രികളിൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം, ഡെലീറിയം എന്നിവ ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കൃത്യമായി ഡയഗ്നോസ് ചെയ്ത്, ശാസ്ത്രീയമായ ചികിത്സ നൽകാൻ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടർമാർക്ക് സാധിക്കണം. അതിനാണ് ഡോക്ടർ ആയി പരിശീലിക്കാനുള്ള ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഡെലീരിയം ഒരു രീതിയിലും മിസ്സ് ആവാൻ പാടില്ല. അതൊരു മെഡിക്കൽ എമർജൻസി ആണ് എന്ന് പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കണം. കൃത്യമായ ചികിത്സയും നിർദ്ദേശിക്കണം. ചികിത്സാ സൗകര്യമില്ലെങ്കിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്. സർട്ടിഫിക്കറ്റ് മാത്രം ആവശ്യപ്പെട്ട് വരുന്നവർ ഉണ്ടാവാം. അവർക്കും ശരിയായ ചികിത്സ നിർദ്ദേശിക്കുക എന്നത് ഡോക്ടറുടെ കടമയാണ്. അവർക്ക് ശാസ്ത്രീയമായ ചികിത്സ നിർദേശിക്കാതിരുന്നാൽ, അത് മെഡിക്കൽ നെഗ്ലിജൻസ് ആയി വിലയിരുത്തപ്പെടും എന്നത് മറക്കരുത്. ഓരോ ജീവനും രക്ഷപ്പെടുത്താൻ നമുക്ക് പരമാവധി ശ്രമിക്കാം.

***

എഴുതിയത്: Dr. Jinesh P S
കൊവിഡ് അവലോകനം 30/03/20)
ലോകം ഇന്നലെ (മാർച്ച് 29)…?
ആഗോളവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 33,500 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 59,000 ഓളം കേസുകളും 3,000 ലധികം മരണങ്ങളും. നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളിലും പതിനായിരത്തിൽ കൂടുതൽ കേസുകൾ ആയി.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു.
അമേരിക്കയിൽ ഇതുവരെ 1.41 ലക്ഷത്തിൽ കൂടുതൽ കേസുകൾ, 2,400 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 18,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ.
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,200 ലധികം കേസുകളും 750 ലധികം മരണങ്ങളും. ഇതുവരെ ആകെ 97,000 ലധികം കേസുകൾ. ആകെ മരണങ്ങൾ 10,700 കഴിഞ്ഞു.
സ്പെയിനിൽ ഇന്നലെ മാത്രം 6,800 ലധികം കേസുകളും 800 ലധികം മരണങ്ങളും. ഇതുവരെ 70,000 ലധികം കേസുകളിൽ നിന്ന് 6,800 ലധികം മരണങ്ങൾ.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,000 ലധികം കേസുകൾ, മരണങ്ങൾ 100 ലധികം. ഇതുവരെ ആകെ 62,000 ലധികം കേസുകളിൽ നിന്ന് 540 ലധികം മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,600 ലധികം കേസുകളും 290 ലധികം മരണങ്ങളും. ഇതുവരെ ആകെ 40,000 ലധികം കേസുകളും 2,600 ലധികം മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 1,200 ലധികം കേസുകളും 200 ലധികം മരണങ്ങളും. ഇതുവരെ ആകെ 17,000 ലധികം കേസുകൾ, 1200 ലധികം മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 750 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്ന് 300 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 130 ലധികം മരണങ്ങളും. ഇതുവരെ ആകെ 10,000 ലധികം കേസുകളിൽ നിന്ന് 750 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 1,700 ലധികം കേസുകൾ, 70 ലധികം മരണങ്ങൾ. ഇതുവരെ ആകെ 10,000 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 500 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെയാകെ 8,700 ലധികം കേസുകളിൽ നിന്ന് 80 ലധികം മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 250 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 4,200 കടന്നു, മരണസംഖ്യ 25.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 ലധികം കേസുകളും 19 മരണങ്ങളും. ഇതോടെ 5,900 ലധികം കേസുകളിൽനിന്ന് 100 ലധികം മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 250 ലധികം കേസുകൾ. ഇതോടെ 3,700 ലധികം കേസുകളിൽ നിന്ന് 110 ലധികം മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 180 ലധികം കേസുകൾ. ഇതുവരെ ആകെ 2,800 ലധികം കേസുകളിൽ നിന്ന് 16 മരണം.
റഷ്യയിൽ 1500 ലധികം പേരെ ബാധിച്ച് 8 മരണങ്ങൾ.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,800 ലധികം കേസുകളും 23 മരണങ്ങളും. ഇതുവരെ 9,200ലധികം കേസുകളിൽ നിന്ന് 130 ലധികം മരണങ്ങൾ.
അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ 2600 ലധികം കേസുകളിൽ നിന്ന് 46 മരണങ്ങൾ.
ഡെന്മാർക്കിൽ ഇതുവരെ 2300 ലധികം കേസുകളിൽനിന്ന് 72 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 5 മരണവും. ഇതോടെ 6,200 ലധികം കേസുകളിൽനിന്ന് 65 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 350 ലധികം കേസുകൾ. ഇതുവരെ 4,200 ലധികം കേസുകളിൽ നിന്ന് 130 ലധികം മരണങ്ങൾ.
ചിലിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുന്നൂറിലധികം കേസുകൾ. ഇതുവരെ ആകെ 2,200 അധികം കേസുകളിൽ നിന്ന് 7 മരണങ്ങൾ.
ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകൾ. ഇതുവരെ ആകെ 4,200 ലധികം കേസുകൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,600 ലധികം, 123 മരണങ്ങൾ. ആകെ കേസുകൾ 38,000 കടന്നു, മരണം 2,600 കടന്നു.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകൾ. ഇതുവരെ 4,200 ലധികം കേസുകളിൽനിന്ന് 15 മരണം.
മലേഷ്യയിൽ ഇതുവരെ 2,400 ലധികം കേസുകളിൽ നിന്ന് 35 മരണങ്ങൾ.
സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ
യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 570 ലധികം കേസുകൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 100ലധികം കേസുകൾ.
ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 490 ലധികം കേസുകൾ
കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 255 കേസുകൾ
ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 634 കേസുകൾ.
ഒമാനിൽ ഇതുവരെ 160 ലധികം കേസുകൾ.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ. അവിടെ ഇതുവരെ 9,500 ലധികം കേസുകളിൽ നിന്ന് 152 മരണങ്ങൾ.
പാകിസ്താനിൽ ഇതുവരെ 1,500 ലധികം കേസുകളിൽ നിന്ന് 14 മരണം.
ചൈനയിൽ ഇതുവരെ ആകെ 81,000 ലധികം കേസുകളിൽ നിന്ന് 3,300 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 75,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 800 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 11, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 42.
ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, പോളണ്ട്, റുമേനിയ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ഗ്രീസ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 29.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ താൽക്കാലിക എമർജൻസി ആശുപത്രി നിർമ്മിച്ചു തുടങ്ങി.
അഭയാർഥികൾക്കും വിദേശികൾക്കും പൗരത്വം ഇല്ലാത്തവർക്കും ആരോഗ്യ സേവനം ഉറപ്പാക്കുമെന്ന് പോർച്ചുഗൽ. ഇവരെയെല്ലാം പൗരന്മാർക്ക് തുല്യമായി പരിഗണിക്കും.
ചൈനയിലെ വുഹാനിൽ ജനജീവിതം സാധാരണ അവസ്ഥയിലേക്ക്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മാസ്കുകൾ ഗുണ നിലവാരം പുലർത്തുന്നില്ല എന്ന് നെതർലാൻഡ്സ്.
കൊറോണ വൈറസിനേക്കാൾ വേഗത്തിൽ പകരാൻ സാധ്യതയുള്ള ഒന്നുണ്ട്, വ്യാജ സന്ദേശങ്ങൾ. പ്രധാനമായും വാട്സ്ആപ്പ് വ്യാജ സന്ദേശങ്ങൾ.
ചിലപ്പോൾ കലാപ ആഹ്വാനം ആയിരിക്കാം, ചിലപ്പോൾ അശാസ്ത്രീയമായ ചികിത്സാ മണ്ടത്തരങ്ങൾ ആയിരിക്കാം, മറ്റുചിലപ്പോൾ കൂട്ടം കൂടാൻ ആഹ്വാനം ചെയ്യുന്നത് ആയിരിക്കാം. കൊറോണ വൈറസ് വ്യാപനം കൂടുതൽ വേഗത്തിലാക്കാൻ മാത്രമേ ഈ സന്ദേശങ്ങൾ ഉപകരിക്കൂ.
ചികിത്സ, പ്രതിരോധം എന്ന രീതിയിൽ വരുന്ന മണ്ടത്തരങ്ങൾ വായിക്കുമ്പോൾ ആർക്കും ഫോർവേഡ് ചെയ്യാൻ തോന്നും. കാരണം മറ്റൊരാളെ സഹായിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്ന തോന്നൽ പെട്ടെന്ന് ഉണ്ടാവും. ഒരു കാര്യം മനസ്സിലാക്കുക, നിങ്ങൾക്ക് അബദ്ധം പറ്റി, അത് മാത്രമല്ല നിങ്ങൾ മറ്റൊരാളെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുക കൂടി ചെയ്യുകയാണ് എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കുക.
അസുഖം പകരാതിരിക്കാൻ അവശ്യ സർവീസുകളിൽ പെടുന്നവർ ഒഴികെയുള്ള ഏവരും വീട്ടിൽ തന്നെ ഇരിക്കേണ്ട കാലമാണ്. അതിനെതിരെ എന്ത് പ്രചരണം നടന്നാലും ചെവിക്കൊള്ളരുത്.
സമൂഹത്തിൽ അരികു വൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ ഇത്തരം സന്ദേശങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരെ ചേർത്തു പിടിക്കേണ്ടതുണ്ട്. അവരുടെ ഇടയിൽ തെറ്റിദ്ധാരണകൾ വളർത്താൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ അകറ്റി നിർത്തേണ്ടതുണ്ട്. അത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ നിയമനടപടി ഉറപ്പാക്കണം.
വൈറസ് വ്യാപനത്തിന്റെ വേഗതയുമായി താരതമ്യം ചെയ്താൽ നേർവിപരീത ദിശയിൽ സഞ്ചരിക്കുന്ന ഒന്നുണ്ട്. ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന ഈ അവലോകനം പോസ്റ്റിന്റെ റീച്ച് ആണത്. ഒരു ലക്ഷത്തിൽ കൂടുതൽ റീച്ച് ലഭിച്ചിരുന്ന, രാവിലെ 7 മണിക്ക് പ്രസിദ്ധീകരിച്ചു വരുന്ന ഈ പംക്തിയുടെ റീച്ച് ഇപ്പോൾ വളരെ കുറവാണ്. അതുകൊണ്ട് ഈ പംക്തി അവസാനിപ്പിക്കുന്നതിനെ കുറിച്ച്, അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്ന രീതിയിലോ മറ്റോ ആക്കി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
വ്യാജ സന്ദേശങ്ങൾ കിലുക്കം സിനിമ പോലെയാണെങ്കിൽ ശാസ്ത്രീയ ലേഖനങ്ങൾ വിധേയൻ സിനിമ പോലെയാണ്. വായിക്കാൻ താല്പര്യമുള്ളവർ കുറവാണ്. ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ശാസ്ത്രീയ ലേഖനങ്ങൾ ജനങ്ങളിൽ എത്തൂ. ഇൻഫോക്ലിനിക് പേജിൽ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രീയ ലേഖനങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

***
എഴുതിയത് – ഡോ.മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ
കൊവിഡ് അവലോകനം (29/03/20)
ഇന്ത്യ
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. നിലവിലെ കണക്ക് പ്രകാരം 1029 രോഗികൾ
ആകെ മരണം 24
ഇന്നലെ മാത്രം 143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര വീണ്ടും കേരളത്തിന് മുന്നിലായി
150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (186) കേരളവും (182)
അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5 സംസ്ഥാനങ്ങളിൽ. കഴിഞ്ഞ ദിവസം ഇത് 3 സംസ്ഥാനങ്ങളായിരുന്നു. കർണാടക (81), തെലുങ്കാന (67), ഉത്തർപ്രദേശ് (65), ഗുജറാത്ത് (55), രാജസ്ഥാൻ (54).
ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ ആറ്. ഡൽഹി (49), തമിഴ്നാട് (42), മധ്യപ്രദേശ് (39), പഞ്ചാബ് (38), ഹരിയാന (35), ജമ്മുകാശ്മീർ (33)
പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (19), പശ്ചിമബംഗാൾ (18), ലഡാക്ക് (13), ബീഹാർ (11).
ആൻഡമാൻ & നിക്കോബാർ ദ്വീപുകളിൽ ഇന്നലെ ഏഴു രോഗികൾ കൂടി പോസിറ്റീവ് ആയി വന്നപ്പോൾ ആകെ രോഗികളുടെ എണ്ണം ഒൻപതായി.
രാജ്യത്തു ആദ്യമായി അർദ്ധസൈനിക സേനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി എസ് എഫ്, സി ഐ എസ് എഫ് എന്നിവയിലെ ഓരോ ഉദ്യോഗസ്ഥരാണ് രോഗബാധിതർ.
മുംബൈയിൽ 7 മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടകയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനു രോഗബാധ ഉണ്ടായിരുന്നു
അതേസമയം ശ്രീലങ്ക ചെന്നൈയെ കൊവിഡിൻ്റെ ഹോട്ട്സ്പോട്ട് അഥവാ ഹൈ റിസ്ക് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ പോയിട്ട് തിരികെ വന്ന നാലു ശ്രീലങ്കക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു അത്.
ഇന്ത്യയിൽ ആകെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 90 ആണ്. മഹാരാഷ്ട്രയിൽ 25 പേരും കേരളത്തിൽ 17 പേരും ഇതിൽപ്പെടുന്നു.
ഒഡീഷയിൽ ജയിലുകളിൽ തിരക്കൊഴിവാക്കാൻ തടവുപുള്ളികൾക്ക് അതിവേഗം പരോൾ നൽകുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 80 പേർക്ക് പരോൾ അനുവദിച്ചു. ആകെ 1727 തടവുപുള്ളികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം
സൗത്ത് കൊറിയയിൽ നിന്നും ഒരു ലക്ഷം ടെസ്റ്റിങ് കിറ്റുകൾ വാങ്ങാൻ കർണാടക സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്ന് വാർത്ത.
ഡൽഹി സർക്കാരിന് പുറമെ മഹാരാഷ്ട്രയും അവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങുന്നവർക്കു ഇന്റർനെറ്റ് മുഖേന ഇ-പാസ് എടുക്കാൻ സൗകര്യം ഒരുക്കി. ഡൽഹിയിൽ വാട്ട്സ് ആപ്പ് വഴിയും ഇത് ലഭ്യമാണ്. കേരള സർക്കാർ തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണിത്.
ലോകം മുഴുവനും ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കോവിഡ് ദുരിതാശ്വാസത്തിനായി പൗരന്മാരുടെ സഹായം പ്രധാനമന്ത്രി തേടി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു എന്നതും, പല പ്രമുഖരും തുക കൈമാറിയ വാർത്തകളും ആശ്വാസജനകമാണ്.
ബി സി സി ഐ – 51 കോടി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറി.
രാജ്യത്തെ വ്യവസായ പ്രമുഖർ സഹായഹസ്തവുമായി മുന്നോട്ട് വന്നത് പ്രത്യാശ പകരുന്ന ഒന്നാണ്.
ടാറ്റാ ഗ്രൂപ്പ് വെൻ്റിലേറ്ററുകൾ ഉൾപ്പെടെ 1500 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കി നൽകും.
പ്രമുഖ മൊബൈൽ കമ്പനിയായ ഷവോമി N95 മാസ്കുകൾ എത്തിക്കുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വെന്റിലേറ്റര്‍(ശ്വസന സഹായി) വികസിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ധാരണയായി. ക്ലബ് മഹീന്ദ്ര റിസോർട്ടുകൾ താൽക്കാലിക കെയർ ഹോമുകൾ ആക്കാനുമുള്ള സന്നദ്ധത മഹീന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്.
മാരുതി കമ്പനിയും, ബജാജ് കമ്പനിയും വെന്റിലേറ്റർ നിർമ്മാണത്തിൽ സർക്കാരിനെ സഹായിക്കാം എന്ന് അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ നിന്നും 25000 ത്തോളം ടെസ്റ്റ് കിറ്റുകൾ ഇന്ത്യയിലെത്തിക്കുമെന്നാണ് ഹ്യുണ്ടായി കാർ കമ്പനി പ്രസ്താവിച്ചിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പ് അടക്കമുള്ള പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെയും വില 15 ശതമാനം കുറച്ചു. ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. മാത്രമല്ല, രണ്ടു കോടി സോപ്പ് സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
എന്നാൽ കരളലിയിപ്പിച്ച കാഴ്ച ഡൽഹിയിലെ അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തിൻ്റെ ദൃശ്യമായിരുന്നു. സാമൂഹിക വ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയിൽ വൻ ജനക്കൂട്ടങ്ങളാണ് രൂപപ്പെട്ടത്. എത്രയും പെട്ടന്ന് അധികാരികൾ അവരുടെ പരിരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ ലോക്ക് ഡൗൺ എന്ന തന്ത്രം തന്നെ പാളിപ്പോകും.
വൈറസിന് ഞങ്ങൾ നിങ്ങൾ ഉന്നതർ,ദരിദ്രർ എന്നൊന്നുമില്ല. ലോകത്തിലെ ഏറ്റവും മുന്തിയ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പ്രമുഖർ വരെ രോഗബാധിതരുടെ പട്ടികയിലുണ്ട്.
അവർക്കു പാർപ്പിടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ സുരക്ഷാ എന്നിവയൊക്കെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ഉറപ്പു വരുത്തണം.
വിശപ്പിനേക്കാൾ, ജീവഭയത്തേക്കാൾ, വലുതല്ല സാധാരണ മനുഷ്യനെ സംബന്ധിച്ച് നിയമങ്ങൾ. അവർക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാത്തിടത്തോളം ഒരു സർക്കാരിനും അവരെ നിയന്ത്രിക്കാനാവില്ല. അവരുടെ അരക്ഷിതബോധത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്.
രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും അവർ സുരക്ഷിതരാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഉദാഹരണം കേരളം തന്നെ.
രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായങ്ങൾ അവർക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുകൊടുക്കണം.
ഒന്നിച്ച് പ്രതിരോധിക്കുക എന്നതേയുള്ളൂ ഏക പോംവഴി. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം തന്നെയായി കാണണം.
കേരളം
കേരളത്തിൽ പുതുതായി 6 കോവിഡ് രോഗികൾ
അതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 182 ആയി. നിലവിൽ ചികിത്സയിലുള്ളത് 165 പേർ. 17 പേർ ഇതിനകം രോഗമുക്തി നേടി.
1,34,370 പേർ നിലവിൽ നിരീക്ഷണത്തിൽ ഉണ്ട്.
റാന്നിക്കാരായ രോഗികളുടെ ഫലം നെഗറ്റിവ് ആയതും, അവരുടെ ബന്ധുക്കളായ ചെങ്ങളത്തുകാരായ രോഗികൾക്കു രോഗം ഭേദമായി വീട്ടിലെത്തിയെന്നതും ആശ്വാസജനകമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത് ലോകോത്തര ചികിത്സ ആയിരുന്നു എന്ന രോഗം ഭേദമായവരുടെ അഭിപ്രായം അനേകർക്ക്‌ പ്രത്യാശ പകരുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട കാര്യം കൂടുതൽ ടെസ്റ്റുകൾ നടത്തുക എന്നുള്ളതാണ്. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന റാപ്പിഡ് ടെസ്റ്റ് അഥവാ ആൻറിബോഡി ടെസ്റ്റുകൾ ഇക്കാര്യം കൂടുതൽ കാര്യക്ഷമമാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. 45 മിനിറ്റ് മുതൽ 2 മണിക്കൂറുകൾക്കകം നമുക്ക് റിസൾട്ട് തരാൻ ഈ റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾക്ക് കഴിയും.
ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യത്തിന് അടിമപ്പെട്ടവർക്കു വേണ്ടിവന്നാൽ മദ്യം നൽകാനുള്ള തീരുമാനത്തെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റി കേരളം ഘടകം പോലുള്ള സംഘടനകൾ അശാസ്ത്രീയമാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗവൺമെന്റിലും പ്രൈവറ്റ് മേഖലയിലുമായി സേവനം ചെയ്യുന്ന 600 ഓളം മനോരോഗവിദഗ്ധർ അംഗങ്ങൾ ആയ സംഘടന പറയുന്നത് കേരളം സമൂഹവും, അധികാരികളും ഗൗരവമായി പരിഗണിക്കണം എന്നാണ് ഞങ്ങളുടെയും അപേക്ഷ. ഈ വിഷയത്തിൽ IMA, KGMOA, KGMCTA പോലുള്ള സംഘടനകൾ തങ്ങളുടെ സാങ്കേതിക നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെയ്ക്കണം എന്നും പരിഹാരം കാണണം എന്നും ആഗ്രഹിക്കുന്നു.
ആൽക്കഹോൾ വിത്‌ഡ്രോവൽ പ്രശ്നങ്ങൾക്ക് ചികിത്സയാണു വേണ്ടത്. നിലവിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല, രോഗികളുടെ എണ്ണം ആശുപത്രികളിൽ ക്രമാതീതമായി കൂടുന്നതും ഇല്ല. ആയതിനാൽ തന്നെ, മദ്യം കിട്ടാതായി ആദ്യ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വരുന്ന ഈ പ്രശ്നങ്ങളെ നേരിടാൻ ആരോഗ്യ മേഖലയിലെ മനോരോഗ വിദഗ്ദ്ധർക്ക് സൗകര്യം കിട്ടാനാണ് സാധ്യത. അവരുടെ അഭിപ്രായം സർക്കാർ മുഖവിലയ്ക്ക് എടുക്കും എന്നാണു പ്രതീക്ഷ.
അശ്രാന്ത പരിശ്രമം നടത്തിയ ആരോഗ്യപ്രവർത്തകരും പോലീസുകാരും സന്നദ്ധ സേനാ പ്രവർത്തകരും വലിയ കയ്യടി അർഹിക്കുന്നു. പക്ഷെ നമുക്കിനിയും കാതങ്ങൾ താണ്ടാനുണ്ട്. ഇതൊരു മാരത്തോണാണെന്നും ഒരുപാട് ദൂരം നിൽക്കാതെ ഓടാനുള്ളതാണെന്നും അതിനാൽ തളരാൻ പാടില്ലാന്നുമുള്ള ചിന്ത മനസിലുണ്ടാവണം. അതിനുവേണ്ട പിന്തുണ പൊതു സമൂഹത്തിൽ നിന്നും ഉണ്ടാവണം.
നമുക്കൊരുമിച്ച് നിൽക്കാം. ഒരുമിച്ച് പോരാടാം. We will win

***
എഴുതിയത്: Dr. Jinesh P S
(29/03/2020)
ലോകം ഇന്നലെ (മാർച്ച് 28)…?
ഇറ്റലിയിൽ മരണസംഖ്യ 10,000 കടന്നു. ചൈന, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പുറകെ അമേരിക്കയിലും ഫ്രാൻസിലും മരണസംഖ്യ 2,000 കടന്നു. ആയിരത്തിൽ കൂടുതൽ മരണങ്ങൾ നടന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇംഗ്ലണ്ടും.
അമേരിക്കയിൽ ഇതുവരെ 1.23 ലക്ഷത്തിൽ കൂടുതൽ കേസുകൾ, 2,200 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 19,000 ലധികം കേസുകൾ, 500 ലധികം മരണങ്ങൾ.
ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 66,000 ലധികം കേസുകളും 3,500 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6.6 ലക്ഷം കഴിഞ്ഞു, ആകെ മരണങ്ങൾ 30,000 കഴിഞ്ഞു.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,41,000 കഴിഞ്ഞു.
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,900 ലധികം കേസുകളും 900 ഓളം മരണങ്ങളും. ഇതുവരെ ആകെ 92,000 ലധികം കേസുകൾ.
സ്പെയിനിൽ ഇന്നലെ മാത്രം 7,500 ലധികം കേസുകളും 800 ലധികം മരണങ്ങളും. ഇതുവരെ 73,000 ലധികം കേസുകളിൽ നിന്ന് 5,900 ലധികം മരണങ്ങൾ.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,000 ലധികം കേസുകൾ, മരണങ്ങൾ 80 ലധികം. ഇതുവരെ ആകെ 57,000 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,300 ലധികം കേസുകളും 300 ലധികം മരണങ്ങളും. ഇതുവരെ ആകെ 37,000 ലധികം കേസുകളും 2,300 ലധികം മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 2,500 ലധികം കേസുകളും 250 ലധികം മരണങ്ങളും. ഇതുവരെ ആകെ 17,000 ലധികം കേസുകൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്ന് 250 ലധികം മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 90 ലധികം മരണങ്ങളും. ഇതുവരെ ആകെ 9,700 ലധികം കേസുകളിൽ നിന്ന് 600 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 1,800 ലധികം കേസുകൾ, 60 ലധികം മരണങ്ങൾ. ഇതുവരെ ആകെ 9,000 ലധികം കേസുകളിൽ നിന്ന് 350 ലധികം മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 400 ലധികം കേസുകൾ, 10 മരണങ്ങൾ. ഇതുവരെയാകെ 8,100 ലധികം കേസുകളിൽ നിന്ന് 60 ലധികം മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 4,000 കടന്നു, മരണസംഖ്യ 23.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900 ലധികം കേസുകളും 24 മരണങ്ങളും. ഇതോടെ 5,000 ലധികം കേസുകളിൽനിന്ന് 100 ലധികം മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതോടെ 3,400 ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ ആകെ 2,500 ലധികം കേസുകളിൽ നിന്ന് 11 മരണം.
റഷ്യയിൽ 1200 ലധികം പേരെ ബാധിച്ച് 4 മരണങ്ങൾ. ഇതുവരെ രണ്ടേ കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,700 ലധികം കേസുകളും 16 മരണങ്ങളും. ഇതുവരെ 7,400ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 150ലധികം കേസുകൾ. ഇതുവരെ 2400 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.
ഡെന്മാർക്കിൽ ഇതുവരെ 2200 ലധികം കേസുകളിൽനിന്ന് 65 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 800 ലധികം കേസുകളും 5 മരണവും. ഇതോടെ 5,500 ലധികം കേസുകളിൽനിന്ന് 60 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 3,900 ലധികം കേസുകളിൽ നിന്ന് 100 ലധികം മരണങ്ങൾ.
ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകൾ. ഇതുവരെ ആകെ 3,600 ലധികം കേസുകൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,500 ലധികം, 139 മരണങ്ങൾ. ആകെ കേസുകൾ 35,000 കടന്നു, മരണം 2,500 കടന്നു.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകൾ. ഇതുവരെ 3,600 ലധികം കേസുകളിൽനിന്ന് 12 മരണം.
മലേഷ്യയിൽ ഇതുവരെ 2300 ലധികം കേസുകളിൽ നിന്ന് 27 മരണങ്ങൾ.
സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ
യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 450 ലധികം കേസുകൾ.
ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 450 ലധികം കേസുകൾ
കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 235 കേസുകൾ
ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 590 കേസുകൾ.
ഒമാനിൽ ഇതുവരെ 150ലധികം കേസുകൾ.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ. അവിടെ ഇതുവരെ 9,400 ലധികം കേസുകളിൽ നിന്ന് 144 മരണങ്ങൾ.
പാകിസ്താനിൽ ഇതുവരെ 1,400 ലധികം കേസുകളിൽ നിന്ന് 12 മരണം.
ചൈനയിൽ ഇതുവരെ ആകെ 81,000 ലധികം കേസുകളിൽ നിന്ന് 3,295 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 900 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 40.
ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, റുമേനിയ, റഷ്യ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, ഗ്രീസ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 28.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ഇറ്റലിയിൽ ഒരു 101 വയസ്സുകാരൻ രോഗമുക്തി നേടി.
ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജർമ്മനി.
അമേരിക്കയിൽ പരിശോധനക്കായി തെക്കൻ കൊറിയയിൽ നിന്നുള്ള ടെസ്റ്റിംഗ് കിറ്റുകൾക്ക് അനുമതി.
30 മിനിറ്റിനകം കൃത്യതയാർന്ന ഫലം നൽകുന്ന മോളിക്കുലർ പരിശോധനയ്ക്ക് അമേരിക്കയിൽ അനുമതി.
സൗത്ത് ആഫ്രിക്കയിൽ കോടീശ്വരൻ Motsepe കോവിഡ് പ്രതിരോധത്തിനായി അഞ്ച് കോടി ഡോളർ സംഭാവന ചെയ്തു.
സ്പെയിനിൽ 9000 ലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
ഇനി മനുഷ്യത്വമുള്ളവരോട് മാത്രം,
മദ്യാസക്തി ഉള്ളവർ ആത്മഹത്യ ചെയ്യുമ്പോൾ സന്തോഷിക്കുന്നവരോട് ഒന്നും പറയാനില്ല. അങ്ങനെ അഭിപ്രായം ഉള്ളവർ ദയവ് ചെയ്ത് മാറി നിൽക്കണം.
മദ്യം ലഭിക്കാൻ മറ്റു വഴികൾ (ഉദാഹരണമായി ഓൺലൈൻ വിൽപ്പന/ഹോം ഡെലിവറി) ഒരുക്കാതെ ബിവറേജസുകൾ അടക്കരുത് എന്ന് മുൻപ് എഴുതിയിരുന്നതാണ്. ഇപ്പോഴും അഭിപ്രായം അതുതന്നെ.
സുഹൃത്തുക്കളെ,
സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം നിർത്തുമ്പോൾ ആൽക്കഹോൾ വിഡ്രോവൽ എന്ന അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്. രണ്ടുമൂന്നു ദിവസം കൊണ്ട് മാറുന്ന വിറയൽ മുതൽ മരണ കാരണം ആകാവുന്ന ഡെലീറിയം വരെ പലരിലും ഉണ്ടാവാം.
മദ്യം തലച്ചോറിനെ മന്ദീഭവിപ്പിക്കുന്ന (CNS depressant) ഉപാധിയാണ്. ലളിതമായ ഭാഷയിൽ ഒരു ഉദാഹരണം പറഞ്ഞാൽ ഇതൊരു ബ്രേക്ക് ആണ് എന്ന് കരുതുക. ആ ബ്രേക്ക് പെട്ടെന്ന് എടുക്കുന്നു. അതോടെ മസ്തിഷ്കത്തിലെ നാഡീവ്യവസ്ഥ ഏകോപനം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയിൽ എത്താൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു അവസ്ഥയിൽ തലച്ചോറിന് സ്ഥലം-കാലം-ഓർമ്മ ഒക്കെ നഷ്ടപ്പെടുകയാണ്. ഇതാണ് ഡെലീറിയം ട്രെമൻസ്.
വളരെയധികം മരണ സാധ്യതയുള്ള ഒരു അവസ്ഥയാണിത്. 15 % വരെ സാധ്യതയുണ്ട് മരണത്തിന്.
ഇതൊരു മെഡിക്കൽ എമർജൻസി ആണ്.
അതുകൊണ്ട് ചികിത്സയാണ് ആവശ്യം. ശാസ്ത്രീയമായ ചികിത്സയാണ് ആവശ്യം.
പാവക്കക്ക് കയ്പ്പ് ഉള്ളതുകൊണ്ട് അത് പ്രമേഹത്തിന് മികച്ച ചികിത്സയാണ് എന്ന് ചിന്തിച്ച പലരുമുണ്ടായിരുന്നു. പക്ഷേ അത് തെറ്റാണ് എന്ന് ഇപ്പോൾ നമുക്കറിയാം.
അതുപോലെ ഡെലീറിയം വന്നാൽ മദ്യം നൽകിയാൽ മതി എന്നത് ഒരു ലളിത യുക്തിയാണ്. ഡെലീറിയം വന്നാൽ മികച്ച സൗകര്യങ്ങളുള്ള ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടുകയാണ് വേണ്ടത്. ഡെലീറിയം ആരംഭിച്ചുകഴിഞ്ഞ് മദ്യം കൊടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പലപ്പോഴും പല കുടുംബങ്ങളിലും ചെയ്ത് പരാജയപ്പെട്ട കാര്യമാണിത്. അങ്ങനെ ധാരാളം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ദയവുചെയ്ത് ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സ തേടുക. താൻ ഡെലീറിയം എന്ന അവസ്ഥയിലാണ് എന്ന് ആ വ്യക്തിക്ക് മനസ്സിലാവില്ല. അതുകൊണ്ട് സഹായിക്കേണ്ടത് ചുറ്റും ഉള്ളവരാണ്.
ഞാൻ എഴുതുന്നത് ഡീഅഡിക്ഷനെ കുറിച്ചല്ല. കുറച്ചു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എമർജൻസി മെഡിക്കൽ വിഷയത്തെക്കുറിച്ചാണ്.
ഡെലീറിയം ഉള്ളവർക്ക് മദ്യം കൊടുത്താൽ മതി എന്നൊക്കെ ആരെങ്കിലും ചിന്തിച്ചാൽ, ഈ വിഷയത്തിൽ ഇനിയും മരണം കൂടും എന്ന് മാത്രമേ പറയാനുള്ളൂ.
ഒരു കാര്യം കൂടി… തുടർച്ചയായി മദ്യപിച്ചിരുന്നവർ മദ്യം നിർത്തി ഏതാനും മണിക്കൂറുകൾ മുതൽ നാലു ദിവസങ്ങൾക്കുള്ളിൽ ആണ് ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആരംഭിക്കുന്നത്. ആരംഭിച്ചശേഷം പലരിലും പല ലക്ഷണങ്ങളോടെ 10 ദിവസം വരെയൊക്കെ നീണ്ടുനിൽക്കാം. ചിലരിൽ അത് വിറയൽ മാത്രമാവാം, വലിയ കുഴപ്പം ഉണ്ടാക്കിയില്ല എന്നു വരാം, കൂടുതൽ നാളുകൾ നീണ്ടുനിന്നില്ല എന്നും വരാം. പക്ഷേ എല്ലാവരിലും അങ്ങനെ ആവണമെന്നില്ല. ഡെലീരിയം അപകടകരമാണ്.
മദ്യപിക്കുന്നവരും മനുഷ്യരാണ്. മദ്യാസക്തി, ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം, ഡെലീറിയം എന്നിവ രോഗങ്ങളും ആണ്. മറക്കരുത്…

***
എഴുതിയത്: Dr. Jinesh P S
(28/03/2020)
ലോകം ഇന്നലെ (മാർച്ച് 27)…?
രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയും ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 9,000 കടന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900-ൽ കൂടുതൽ മരണങ്ങൾ
അമേരിക്കയിൽ ഇതുവരെ ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ, 1600 ലധികം മരണങ്ങൾ. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 300 ലധികം മരണങ്ങൾ. ആകെ ആറേകാൽ ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 62,000 ലധികം കേസുകളും 3,000 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6 ലക്ഷം അടുക്കുന്നു, ആകെ മരണങ്ങൾ 27,000 കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.2 ലക്ഷത്തിലധികം കേസുകൾ.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,000 കഴിഞ്ഞു.
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,900 ലധികം കേസുകളും 900 ലധികം മരണങ്ങളും. ഇതുവരെ ആകെ 86,500 ലധികം കേസുകളിൽനിന്ന് 9,100 ലധികം മരണങ്ങൾ. ഇതുവരെ 3,90,000 അധികം ടെസ്റ്റുകൾ നടത്തി കഴിഞ്ഞു.
സ്പെയിനിൽ ഇന്നലെ മാത്രം 6,200 ലധികം കേസുകളും 500 ലധികം മരണങ്ങളും. ഇതുവരെ 64,000 ലധികം കേസുകളിൽ നിന്ന് 4,900 ലധികം മരണങ്ങൾ. മൂന്നര ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,900 ലധികം കേസുകൾ, മരണങ്ങൾ 75. ഇതുവരെ ആകെ 50,000 ലധികം കേസുകളിൽ നിന്ന് 340 ലധികം മരണങ്ങൾ. 4,80,000 ലധികം പേർക്ക് ടെസ്റ്റുകൾ നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,800 ലധികം കേസുകളും 300 ഓളം മരണങ്ങളും. ഇതുവരെ ആകെ 32,000 ലധികം കേസുകളും 1,900 ലധികം മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 2,800 ലധികം കേസുകളും 180 ലധികം മരണങ്ങളും. ഇതുവരെ ആകെ 14,000 ലധികം കേസുകളിൽ നിന്നും 750 ലധികം മരണങ്ങൾ. ഒരുലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി റിപ്പോർട്ടുകൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകൾ, 30 ലധികം മരണങ്ങൾ. ഇതുവരെ ആകെ 12,900 ലധികം കേസുകളിൽ നിന്ന് 231 മരണങ്ങൾ. ഒരു ലക്ഷത്തോളം പരിശോധനകൾ നടത്തിയതായി റിപ്പോർട്ടുകൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 8,600 ലധികം കേസുകളിൽ നിന്ന് 500 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 1,000 ലധികം കേസുകൾ, 60 ലധികം മരണങ്ങൾ. ഇതുവരെ ആകെ 7,200 ലധികം കേസുകളിൽ നിന്ന് 280 ലധികം മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 700 ലധികം കേസുകൾ, 9 മരണങ്ങൾ. ഇതുവരെയാകെ 7,600 ലധികം കേസുകളിൽ നിന്ന് 50 ലധികം മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതോടെ ആകെ കേസുകൾ 3,700 കടന്നു, മരണസംഖ്യ 19.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 ലധികം കേസുകളും 16 മരണങ്ങളും. ഇതോടെ 4,200 ലധികം കേസുകളിൽനിന്ന് 70 ലധികം മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 ലധികം കേസുകളും 15 മരണങ്ങളും. ഇതോടെ 3,000 ലധികം കേസുകളിൽ നിന്ന് 90 ലധികം മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ ആകെ 2,200 ലധികം കേസുകളിൽ നിന്ന് 9 മരണം.
റഷ്യയിൽ ആയിരത്തിലധികം പേരെ ബാധിച്ച് 4 മരണങ്ങൾ. ഇതുവരെ രണ്ടേ കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,000 ലധികം കേസുകളും 17 മരണങ്ങളും. ഇതുവരെ 5,600ലധികം കേസുകളിൽ നിന്ന് 90 ലധികം മരണങ്ങൾ.
അയർലൻഡിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300ലധികം കേസുകൾ. ഇതുവരെ 2100 ലധികം കേസുകളിൽ നിന്ന് 22 മരണങ്ങൾ.
ഡെന്മാർക്കിൽ ഇതുവരെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 52 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 14 മരണവും. ഇതോടെ 4,600 ലധികം കേസുകളിൽനിന്ന് 50 ലധികം മരണങ്ങൾ. പരിശോധന നടത്തിയത് ഒന്നരലക്ഷത്തിലധികം പേരിൽ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 3,400 ലധികം കേസുകളിൽ നിന്ന് 92 മരണങ്ങൾ.
ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ ആകെ 3,100 ലധികം കേസുകൾ. രണ്ടുലക്ഷത്തോളം പേരിൽ പരിശോധന നടത്തി.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,900 ലധികം, 144 മരണങ്ങൾ. ആകെ കേസുകൾ 32,000 കടന്നു, മരണം 2,300 കടന്നു.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 3,000 ലധികം കേസുകളിൽനിന്ന് 12 മരണം.
മലേഷ്യയിൽ ഇതുവരെ 2200 ലധികം കേസുകളിൽ നിന്ന് 26 മരണങ്ങൾ.
സൗദി അറേബ്യ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകൾ
യുഎഇ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാനൂറിലധികം കേസുകൾ. ഒന്നേകാൽ ലക്ഷം പേരിൽ പരിശോധന നടത്തിയതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.
ബഹറിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 450 ലധികം കേസുകൾ
കുവൈത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 225 കേസുകൾ
ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 562 കേസുകൾ.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 90 ലധികം കേസുകൾ. അവിടെ ഇതുവരെ 9,300 ലധികം കേസുകളിൽ നിന്ന് 139 മരണങ്ങൾ. മൂന്നേമുക്കാൽ ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി.
പാകിസ്താനിൽ ഇതുവരെ 1,300 ലധികം കേസുകളിൽ നിന്ന് 10 മരണം.
ചൈനയിൽ ഇതുവരെ ആകെ 81,400 ലധികം കേസുകളിൽ നിന്ന് 3,292 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,100 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 38, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 98.
ജപ്പാൻ, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, റുമേനിയ, റഷ്യ, ഫിൻലാൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 27.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ
ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ
അമേരിക്ക 2 ട്രെല്യൺ ഡോളർ റിലീഫ് പാക്കേജ് പ്രഖ്യാപിച്ചു.
ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് ജി എം മോട്ടോഴ്സിനോട് വെന്റിലേറ്ററുകൾ നിർമ്മിച്ചു നൽകാൻ അമേരിക്ക ആവശ്യപ്പെട്ടു. നിലവിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉള്ള രാജ്യമാണ് അമേരിക്ക.
രോഗം ആരംഭിച്ച ചൈനയിലെ ഹുബൈ പ്രവിശ്യയിലെ എയർപോർട്ടുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു.
ഫ്രാൻസ് ഏപ്രിൽ 15 വരെ ലോക്ക് ഡൗൺ കാലാവധി ദീർഘിപ്പിച്ചു.
ബെൽജിയത്തിൽ ഒരു പൂച്ചയിൽ കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ. മുൻപ് ഹോങ്കോങ്ങിൽ രണ്ട് നായകളിലും സ്ഥിരീകരിച്ചിരുന്നു.
രോഗത്തിന് പ്രതിവിധി എന്ന് കരുതി ഇറാനിൽ മെഥനോൾ അടങ്ങിയ സ്പിരിറ്റ് കുടിച്ച 400 ലധികം പേർ മരണമടഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മുൻപ് പല മാധ്യമങ്ങളിലും വാർത്ത വന്നിരുന്നെങ്കിലും അവലോകനത്തിൽ ഉൾപ്പെടുത്താത്ത വിഷയമായിരുന്നു ഇത്.
സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ പാലിക്കാത്തത് സിംഗപ്പൂരിൽ ക്രിമിനൽ കുറ്റമായി കാണുമെന്ന നിയമം നിർമ്മിച്ചു. ആറു മാസം വരെ തടവും 7000 ഡോളർ പിഴയും ശിക്ഷ.
മാഞ്ചസ്റ്റർ, ബെർമിങ്ഹാം എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചു. നിലവിൽ തയ്യാറാക്കിയ ലണ്ടനിലെ താൽക്കാലിക ആശുപത്രിക്കു പുറമേയാണിത്.
സൗത്താഫ്രിക്ക മൂന്നാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
അമേരിക്കയിൽ 33 ലക്ഷം പൗരന്മാർ പുതിയതായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി.
***
ഒന്നേകാൽ ലക്ഷം പരിശോധനകൾ നടത്തിയ യുഎഇ യിൽ 400 കേസുകൾ മാത്രം എന്നത് അല്പം അതിശയകരമായി തോന്നുന്നു. കാരണം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പലതും അവിടെ നിന്നും വന്നതായിരുന്നു. എന്താണ് വിഷയം എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
***
ലോക്ക് ഡൗണിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും എന്നത് സത്യമാണ്. ഏറ്റവും കുറഞ്ഞത് വ്യാപന തോത് എങ്കിലും കുറയ്ക്കാൻ സാധിക്കും. ഈ അവസരം നമ്മൾ ഫലപ്രദമായി വിനിയോഗിക്കണം.
1. കൂടുതൽ പേരിൽ പരിശോധനകൾ നടത്തി കൂടുതൽ രോഗികളെ കണ്ടെത്താനും അവർക്ക് മികച്ച ചികിത്സ നൽകാനും അവരുടെ ചുറ്റുമുള്ളവരെ നിരീക്ഷിക്കാനും സാധിക്കണം. എന്നാൽ ഇന്ത്യയിൽ പരിശോധനകൾ വളരെ കുറവാണ്.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ ഒരുലക്ഷം പേരിൽ എഴുനൂറിലധികം പരിശോധന നടത്തിയ ആസ്ട്രേലിയ, 850 ലധികം പേരിൽ പരിശോധന നടത്തിയ കാനഡ, 650 ലധികം പേരിൽ പരിശോധന നടത്തിയ ഇറ്റലി, 1300 ലധികം പേരിൽ പരിശോധന നടത്തിയ നോർവേ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ തെക്കൻ കൊറിയ, എഴുനൂറിലധികം പേരിൽ പരിശോധന നടത്തിയ സ്പെയിൻ, 1100 ലധികം പേരിൽ പരിശോധന നടത്തിയ സ്വിറ്റ്സർലണ്ട് എന്നിവയുടെ വളരെ പിന്നിലാണ് നമ്മൾ. ഒരുലക്ഷം പേരിൽ ഏതാണ്ട് രണ്ട് പേർക്ക് മാത്രമാണ് ഇന്ത്യയിൽ പരിശോധന നടത്തിയിട്ടുള്ളത്. ഇത് ഒരു രീതിയിലും ഗുണകരമല്ല.
2. ആശുപത്രി സൗകര്യങ്ങളും ഐസിയു സൗകര്യങ്ങളും വർദ്ധിപ്പിക്കണം. ജനകീയ മാതൃകകൾ കൊണ്ടുവരുന്നതിൽ നമ്മൾ എപ്പോഴും മുൻപിലാണ്. പൂട്ടിപ്പോയ ആശുപത്രികൾ ഉപയോഗ യോഗ്യമാക്കുന്നതും ഹോസ്റ്റലുകൾ ഉപയോഗ യോഗ്യമാക്കുന്നതും ഒക്കെ വളരെ മികച്ച നടപടികളാണ്.
എന്നാൽ ചില ആശുപത്രികളിൽ എങ്കിലും കോവിഡ് കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർ ഒരുമിച്ച് ഒരു വാർഡിൽ കഴിയുന്ന സാഹചര്യം ഉണ്ട്. ഇത് അപകടകരമാണ്, ഒഴിവാക്കണം. ഐസൊലേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
3. ആശുപത്രിയിലെ സ്ഥല സൗകര്യങ്ങൾ പോലെ തന്നെ പ്രധാനമാണ് ഐസിയു, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത. പല വികസിത രാജ്യങ്ങളും വാഹന നിർമ്മാണ കമ്പനികളോടും വാക്വം ക്ലീനർ നിർമാണ കമ്പനികളോടും വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ വഴി നമ്മൾ പിന്തുടരേണ്ടതുണ്ട്. ഇപ്പോൾ നീട്ടി കിട്ടുന്ന സമയം ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി കൂടി ഉപയോഗിക്കണം.
4. ആശുപത്രി ഒരുക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആരോഗ്യ പ്രവർത്തകരുടെ എണ്ണവും. ഡോക്ടർമാർ, നേഴ്സുമാർ, ലാബ് ടെക്നീഷ്യൻ തുടങ്ങി ആരോഗ്യപ്രവർത്തകർ അഭിവാജ്യ ഘടകമാണ്. അതുകൂടി സജ്ജമാക്കേണ്ടതുണ്ട്. പല രാജ്യങ്ങളിലും അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെയും, ഇന്റേൺഷിപ്പ് ചെയ്യുന്നവരെയും തയ്യാറാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ എത്ര കൂടുതൽ കേസുകൾ വന്നാലും നേരിടാൻ സാധിക്കുന്ന രീതിയിൽ ആരോഗ്യപ്രവർത്തകർ സജ്ജമാകണം. അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകണം.
5. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്ന് ആശുപത്രികളാണ്. അവിടെ രോഗം പകരാതെ നോക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ലഭിച്ചാൽ അത് വളരെയധികം പേരിലേക്ക് വളരെ പെട്ടെന്ന് പകരും. ഈ സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ (അതായത് N 95, PPE) ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ തന്നെ ദൗർലഭ്യമുള്ള ഈ സംവിധാനങ്ങൾ വ്യക്തികൾ സ്വയം വാങ്ങി ഉപയോഗിക്കുക പ്രായോഗികമല്ല. അതുകൊണ്ട് ഇതിനുള്ള വഴി കൂടി സർക്കാർ കാണേണ്ടതുണ്ട്.
ഓർക്കുക, എല്ലാ രാജ്യങ്ങൾക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ ചില രാജ്യങ്ങൾ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിച്ചു, ചില രാജ്യങ്ങൾ വൻതോതിൽ ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചു. ശ്രമിച്ചാൽ നമുക്കും സാധിക്കാവുന്നതേയുള്ളൂ. പക്ഷേ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് നമ്മൾ തീരുമാനിക്കണം.
ലോക്ക് ഡൗൺ മാത്രം കൊണ്ട് ഒരു സാമൂഹിക വ്യാപനം ഒഴിവാക്കാൻ സാധിക്കുമോ എന്ന് പറയാനാവില്ല. അതുകൊണ്ട് ഇപ്പോൾ നീട്ടി കിട്ടുന്ന സമയം സജ്ജീകരണങ്ങൾ ഒരുക്കാൻ വേണ്ടി ഉപയോഗിക്കണം. ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വിഷയമാണത്. ഇല്ലെങ്കിൽ മറ്റെന്ത് മുന്നൊരുക്കങ്ങൾ ചെയ്തിട്ടും പ്രയോജനമില്ല എന്ന അവസ്ഥ വരും. അത് ഉണ്ടാവാൻ പാടില്ല.
ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ ഏറ്റവും മികച്ച ആരോഗ്യ സേവനം നൽകുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ സൂചികകളിൽ നമ്മൾ മുൻപിലുമാണ്. അതിൽ നമുക്ക് ആത്മവിശ്വാസവും അഭിമാനവും വേണം. കൂടെ ഏറ്റവും മോശം സാഹചര്യങ്ങളെ പോലും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നമുക്ക് സാധിക്കണം, സാധിക്കും.
റാപിഡ് പരിശോധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്നും കൂടുതൽ പരിശോധന സൗകര്യങ്ങളുടെ അനുമതിക്കായി കാത്തിരിക്കുന്നു എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നൽകുന്നു.
ഇന്ത്യ-കേരളം അവലോകനം മറ്റൊരു പോസ്റ്റിൽ …
ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ നമ്മൾ തുരത്തുക തന്നെ ചെയ്യും.

***

എഴുതിയത് – ഡോ. മനോജ് വെള്ളനാട് ഡോ. ദീപു സദാശിവൻ
കൊവിഡ് 19 അവലോകനം
ഇന്ത്യയും കേരളവും
(27/03/2020)
ഇന്ത്യ
ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം അഞ്ച് ലക്ഷത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ഇന്ത്യക്കാർ ആശങ്കപ്പെടണോ ആശ്വസിക്കണോ എന്നറിയാത്ത ഒരു അവസ്ഥയിലാണ്. കാരണം ഇന്ത്യയിൽ ഓരോ ദിവസവും പുതുതായി ഉണ്ടാകുന്ന രോഗികളുടെ എണ്ണം പ്രതീക്ഷിച്ച തോതിൽ ഉയരുന്നില്ല എന്നതാണ് ആശ്വാസത്തിൻ്റെ വശം. പക്ഷെ, ആവശ്യത്തിന് ടെസ്റ്റുകൾ നാക്കാത്തതു കാരണം യഥാർത്ഥ രോഗികളെ കണ്ടെത്താത്തതാണോ എന്ന് നമുക്കറിയില്ല. അതാണ് ആശങ്കയുടെ വശം.
ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് 19 രോഗികളുടെ ആകെ എണ്ണം 727 ആണ്.
ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 103.
ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ മാത്രം മരണപ്പെട്ടവർ ഏഴുപേർ. ഒരു ദിവസം ഇത്രയധികം പേർ മരിക്കുന്നതും ആദ്യമാണ്
ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തിൽ നിന്നാണ്. 137 പേർ.
മഹാരാഷ്ട്രയിൽ 125 രോഗികളും കർണാടകയിൽ 52 രോഗികളുമുണ്ട്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. അഞ്ചുപേർ. ഗുജറാത്തിൽ 3 പേരും മധ്യപ്രദേശിൽ 2 പേരും മരണപ്പെട്ടു.
ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഇനിയും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെയും വ്യക്തമാക്കിയിട്ടുള്ളത്.
ലോക് ഡൌൺ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ഇനിയും ഓരോ ദിവസവും ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് ആരോഗ്യമേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും കുറഞ്ഞത് പതിനായിരം ടെസ്റ്റുകൾ എങ്കിലും ദിവസവും നടന്നാൽ മാത്രമേ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ഗുണമുണ്ടാകൂ. നമ്മളെക്കാളും ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടതകളിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവ ണം.
സാധാരണ ജനങ്ങൾക്ക് വേണ്ടി ധനകാര്യ വകുപ്പ് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ലോക്ക് ഡൗൺ പാക്കേജ് ആശ്വാസകരമായ ഒരു വാർത്തയാണ്. അടുത്ത ദിവസം ഇനിയെന്ത്, എങ്ങനെ എന്ന ആശങ്കയിൽപെട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും സാധാരണക്കാരന് ഇത്തരം കാര്യങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. ഇവയെല്ലാം എല്ലാം യുദ്ധകാലടിസ്ഥാനത്തിൽ വളരെ സമയോചിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള മാർഗങ്ങൾ കൂടി വേഗം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടുത്ത 3 മാസത്തേക്ക് 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിച്ചതും സ്വാഗതാർഹമായ ഒരു വാർത്തയാണ്. അതേസമയം ആരോഗ്യ പ്രവർത്തകർക്ക് ഈ നിമിഷം ഏറ്റവും ആവശ്യം വ്യക്തിഗത സുരക്ഷ സാമഗ്രികൾ ആണെന്ന് കൂടി ഓർമിപ്പിക്കുന്നു.
ജയ്പൂരിലെ സവായി മാൻസിംഗ് ഗവൺമെൻറ് ആശുപത്രിയിൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഐസൊലേഷനിലുള്ള രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് വേണ്ടി ഇന്നലെ ഉപയോഗിച്ചു. ഇന്ത്യയിൽ ഒരു ഗവൺമെൻറ് ആശുപത്രിയിൽ ഇത്തരമൊരു ഒരു സംവിധാനം ഇതാദ്യമാണ്. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുന്നതിന് ഇത്തരം പുതിയ സംവിധാനങ്ങൾ സഹായകരമാണ്. പക്ഷേ സാമ്പത്തികമായി ഒരുപാട് ചെലവ് വരുന്ന ഒരു കാര്യം കൂടിയാണ് ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ. അതുകൊണ്ടുതന്നെ എല്ലായിടത്തും പ്രാവർത്തികമല്ല.
ബീഹാറിൽ പറ്റ്നയിലെ നളന്ദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 83 ജൂനിയർ ഡോക്ടർമാർ രോഗികളുമായി സമ്പർക്കത്തിൽ വന്നത് കാരണം ക്വാറൻ്റയിനിൽ പോകേണ്ട അവസ്ഥ ഉണ്ടായി. ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാത്തതിൻ്റെ ഏറ്റവും ഗുരുതരമായ ഉദാഹരണമാണ് ഇത്രയും ഡോക്ടർമാർ ഒരുമിച്ചു ക്വാറൻ്റയിനിൽ പോകേണ്ടി വന്ന അവസ്ഥ. ഒരു സംസ്ഥാനത്തെ ആരോഗ്യമേഖല ആകെ സ്തംഭിപ്പിക്കാൻ ഇത് തന്നെ മതി.
ഒഡീഷയിൽ സംസ്ഥാന സർക്കാർ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ആശുപത്രി തുടങ്ങാൻ പോകുന്നു. 1000 കിടക്കകളുള്ള ആശുപത്രിയാണ് പ്ലാനിൽ ഉള്ളത്.
ഡൽഹിയിൽ കൊവിഡ്19 രോഗിയായ ഒരു ഡോക്ടറുമായി സമ്പർക്കത്തിൽ വന്ന 1100 പേരെ ക്വാറൻ്റയിൻ ചെയ്യേണ്ടി വന്നതും അസാധാരണമായ സംഭവമാണ്
ലോക്ക് ഡൗൺ പ്രകാരം, നാഗാലാൻഡിൽ പെട്രോൾ പമ്പുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. മാത്രമല്ല അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം (4 മണിക്കൂർ) മതിയെന്നും. ഇതുവരെയും ഒരു രോഗി പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംസ്ഥാനമാണ് നാഗാലാൻഡ്.
കേരളം
കേരളത്തിൽ രണ്ടു ദിവസത്തെ ആശ്വാസത്തിൽ നിന്ന് വീണ്ടും ആശങ്കയിലേക്ക് ഉയരുന്ന നമ്പർ ആയിരുന്നു ഇന്നലെ വീണ്ടും കണ്ടത്. കഴിഞ്ഞ രണ്ടു ദിവസവും രോഗികളുടെ എണ്ണം കുറയുന്ന ഒരു ട്രെൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 19 പുതിയ രോഗികളാണ്.
അതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 137 ആയി. 11 പേർ ഇതിനകം രോഗം മാറി ആശുപത്രി വിടുകയും ചെയ്തു. ഇപ്പോൾ നിലവിൽ ചികിത്സയിലുള്ളത് 126 രോഗികളാണ്.
നിലവിൽ 1,02,003 പേർ നിരീക്ഷണത്തിലുമുണ്ട്.
വയനാട് പോലൊരു മേഖലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചു എന്ന കാര്യം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇടുക്കിയിൽ ഒരു പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരുമായി സമ്പർക്കം പുലർത്തിയെന്നതും ആശങ്കയുടെ തോത് ഇരട്ടിയാക്കുന്നു.
സാധാരണ ജനങ്ങൾക്ക് വേണ്ടി ഈ സമയം കേരള സർക്കാർ എടുക്കുന്ന ഓരോ തീരുമാനങ്ങളും ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന കാര്യങ്ങളാണ്. സമൂഹ അടുക്കളയും സന്നദ്ധസേനയും ട്രാൻസ്ജെൻഡർ-അതിഥി തൊഴിലാളി സൗഹൃദപരമായ തീരുമാനങ്ങളും ഒക്കെ മറ്റു സംസ്ഥാനങ്ങൾക്കും ലോക രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന തീരുമാനങ്ങളാണ്.
അതേസമയം സർക്കാർ അടിയന്തരമായി ഇടപെടേണ്ട ഒരു വിഷയം മദ്യത്തിൻ്റെ ലഭ്യത തന്നെയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ച് മണിക്കൂറുകൾക്കകം വ്യാജവാറ്റ് തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനം ഒരു വ്യാജമദ്യ ദുരന്തത്തിലേക്ക് പോകാത്ത അവസ്ഥ ജാഗരൂകമായി നിരീക്ഷിക്കേണ്ടതുണ്ട്.
മദ്യാസക്തി ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതാണ്. കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല ഈ സമയം കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്. മദ്യം കിട്ടാത്തത് കാരണം ഉണ്ടാവുന്ന രോഗാവസ്ഥകൾ കാരണമോ അല്ലെങ്കിൽ ആത്മഹത്യകൾ കാരണമോ ആയിരിക്കാനാണ് സാധ്യത.
ക്ലോറോക്വിൻ എന്ന മരുന്ന് പൂർണമായ ശാസ്ത്രീയമായി തെളിവുകളില്ലാതെ ഒരു പ്രതിരോധം എന്ന നിലയിൽ, നിലവിൽ ഹൈ റിസ്ക് ആൾക്കാർക്ക് മാത്രം കൊടുക്കാൻ ഒരു നിർദ്ദേശം ഉണ്ടായിരുന്നത്. പക്ഷേ അത് സാധാരണക്കാർ പോലും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി കഴിക്കുകയും സ്റ്റോക്ക് ചെയ്യുകയും ചെയ്യുന്ന ഒരു ദുരവസ്ഥ എന്ന കേരളത്തിൽ ഉണ്ട്. അത് കർശനമായി നിയന്ത്രിക്കേണ്ട ഒരു കാര്യമാണ്. ശരിയല്ലാത്ത ഉപയോഗം ഉണ്ടായാൽ സൈഡ് ഇഫക്റ്റുകൾ ഉള്ള ഒരു മരുന്നാണത്. പലരാജ്യങ്ങളിലും ഈ മരുന്നധികം കഴിച്ചതുകൊണ്ടു മാത്രം പലരും മരണപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വളരെ കർശനമായി അതിൽ ഇടപെടേണ്ടതുണ്ട്.
ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തി സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ എത്രയും വേഗം ഇടപെടേണ്ട ആവശ്യമുണ്ട്. കേരളത്തിലെ മറ്റേതെങ്കിലും വ്യാവസായിക മേഖലയുടെ സ്രോതസ്സുകളെ, ഉദാഹരണത്തിന് കുട നിർമ്മാണക്കാർ, PPE കിറ്റ് നിർമ്മിക്കുന്നതിനു വേണ്ടി താൽക്കാലികമായെങ്കിലും ഉപയോഗപ്പെടുത്തുന്ന സംവിധാനം സർക്കാർ ആലോചിക്കേണ്ടതാണ്, അടിയന്തരമായി.
ഒരു രോഗത്തിന് ചികിത്സയുമായി ബന്ധപ്പെട്ട് പൊലീസിന് ഇടപെടേണ്ടി വരുന്നത് അസാധാരണമാണ്. ആ രോഗം ഒരു ആരോഗ്യപ്രശ്നം എന്നതിനപ്പുറത്തേക്ക് സാമൂഹിക വിപത്തായി മാറുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. പക്ഷേ ന്യൂനപക്ഷം വരുന്ന പോലീസുകാർ ഇക്കാര്യത്തിൽ വേണ്ടത്ര അവബോധത്തോടെയല്ല പ്രവർത്തിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്ക് പോലും അവരവരുടെ ജോലി സ്ഥലങ്ങളിലേക്കും തിരിച്ച് വീടുകളിലേക്കും പോകാൻ പറ്റാത്തവിധം പോലീസുകാർ വളരെ മോശമായി പെരുമാറുന്ന ഒരവസ്ഥ പലയിടങ്ങളിലും ഇന്നലെ ഉണ്ടായി. എല്ലാവരും വീട്ടിൽ വിശ്രമിക്കുമ്പോൾ റോഡിലിറങ്ങി ജോലി ചെയ്യുന്ന പോലീസുകാരുടെ മാനസികാവസ്ഥ ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു, ഇതൊരു മത്സരമല്ല. പരസ്പരം വാശിയോടെ കളിച്ചു ആർക്കും ജയിക്കാനാവില്ല. ഒരുമിച്ച് നിന്ന് ജയിക്കേണ്ട ഒരു യുദ്ധമാണ്.
ഇവിടെ നമുക്ക് ഒരുമിച്ചു നിൽക്കാം. ഒരുമിച്ചു നേരിടാം. ലോകം ലോക്ക് ഡൗണിൽ തുടരുന്ന ഈ സമയത്ത് കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നിൽ നിൽക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മാദ്ധ്യമങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും എല്ലാ മനുഷ്യസ്നേഹികൾക്കും ഇൻഫോ ക്ലിനിക്കിൻ്റെ ബിഗ് സല്യൂട്ട്. We will win.

***
എഴുതിയത്: Dr. Jinesh PS
(27/03/2020)
ലോകം ഇന്നലെ (മാർച്ച് 26)…?
കേസുകളുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക. അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 17,000 ലധികം കേസുകൾ, 250 ലധികം മരണങ്ങൾ. ഇതുവരെ ആകെ 85,000 ലധികം കേസുകളിൽ നിന്ന് 1,200 ലധികം മരണങ്ങൾ. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന രാജ്യം അമേരിക്കയാവും. അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവിടെ അഞ്ചു ലക്ഷത്തിലധികം പരിശോധനകൾ നടന്നു കഴിഞ്ഞു എന്നാണ്. പക്ഷേ പരിശോധന ആരംഭിക്കാൻ ഒരല്പം വൈകിയോ എന്ന് സംശയം. ഇത്രയധികം വിഭവശേഷി ഉള്ള ഒരു രാജ്യം കുറച്ചുകൂടി നേരത്തെ പരിശോധകൾ ആരംഭിച്ചിരുന്നെങ്കിൽ ! ഒരു ഭരണാധികാരിയുടെ തെറ്റായ നയങ്ങൾക്ക് ഒരു രാജ്യം കൊടുക്കേണ്ടി വന്ന വില ! ഈ സാഹചര്യം പരിഗണിച്ചാൽ അമേരിക്കയിൽ ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്ന് വിലയിരുത്താം.
ലോകമാകെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 60,000 ലധികം കേസുകളും 2,700 ലധികം മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 5,25,000 കഴിഞ്ഞു, ആകെ മരണങ്ങൾ 24,000 കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലധികം കേസുകൾ.
ഇറ്റലിയിൽ മരണസംഖ്യ 8,000 കടന്നു, സ്പെയിനിൽ 4,000 കടന്നു.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23,000 കഴിഞ്ഞു.
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,200 ലധികം കേസുകളും 700 ലധികം മരണങ്ങളും. ഇതുവരെ ആകെ 80,500 ലധികം കേസുകളിൽനിന്ന് 8200 ലധികം മരണങ്ങൾ.
സ്പെയിനിൽ ഇന്നലെ മാത്രം 8,200 ലധികം കേസുകളും 700 ലധികം മരണങ്ങളും. ഇതുവരെ 57,000 ലധികം കേസുകളിൽ നിന്ന് 4,300 ലധികം മരണങ്ങൾ.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 6,600 ലധികം കേസുകൾ, മരണങ്ങൾ 61. ഇതുവരെ ആകെ 43,000 ലധികം കേസുകളിൽ നിന്ന് 267 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,900 ലധികം കേസുകളും 360 ലധികം മരണങ്ങളും. ഇതുവരെ ആകെ 29,000 ലധികം കേസുകളും 1,600 ലധികം മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 2,100 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 11,000 ലധികം കേസുകളിൽ നിന്നും 578 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 900 ലധികം കേസുകൾ, 38 മരണങ്ങൾ. ഇതുവരെ ആകെ 11,800 ലധികം കേസുകളിൽ നിന്ന് 190 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,000 ലധികം കേസുകളും 78 മരണങ്ങളും. ഇതുവരെ ആകെ 7,400 ലധികം കേസുകളിൽ നിന്ന് 430 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 1,200 ലധികം കേസുകൾ, 42 മരണങ്ങൾ. ഇതുവരെ ആകെ 6,200 ലധികം കേസുകളിൽ നിന്ന് 220 ലധികം മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 1,300 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെയാകെ 6,800 ലധികം കേസുകളിൽ നിന്ന് 49 മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകൾ. ഇതോടെ ആകെ കേസുകൾ 3,300 കടന്നു, മരണസംഖ്യ 14.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 17 മരണങ്ങളും. ഇതോടെ 3,500 ലധികം കേസുകളിൽനിന്ന് 60 മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 കേസുകളും 15 മരണങ്ങളും. ഇതോടെ 2800 ലധികം കേസുകളിൽ നിന്ന് 77 മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 270 ലധികം കേസുകൾ. ഇതുവരെ ആകെ 1900 ലധികം കേസുകളിൽ നിന്ന് 9 മരണം.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,100 ലധികം കേസുകളും 16 മരണങ്ങളും. ഇതുവരെ 3,600ലധികം കേസുകളിൽ നിന്ന് 75 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 3 മരണവും. ഇതോടെ 4,000 ലധികം കേസുകളിൽനിന്ന് 30 ലധികം മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 2,900 ലധികം കേസുകളിൽ നിന്ന് 77 മരണങ്ങൾ.
ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ ആകെ 2,900 ലധികം കേസുകൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2,300 ലധികം, 157 മരണങ്ങൾ. ആകെ കേസുകൾ 29,000 കടന്നു, മരണം 2,200 കടന്നു.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകൾ. ഇതുവരെ 2600 ലധികം കേസുകളിൽനിന്ന് 8 മരണം.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 ലധികം കേസുകൾ, 5 മരണങ്ങൾ. അവിടെ ഇതുവരെ 9,200 ലധികം കേസുകളിൽ നിന്ന് 131 മരണങ്ങൾ.
പാകിസ്താനിൽ ഇതുവരെ 1,176 കേസുകളിൽ നിന്ന് 9 മരണം.
ചൈനയിൽ ഇതുവരെ ആകെ 81,200 ലധികം കേസുകളിൽ നിന്ന് 3,28 7 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 74,000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,300 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 9, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 33, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 95.
ജപ്പാൻ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട്, സൗദി അറേബ്യ, റുമേനിയ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 26.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ഇംഗ്ലണ്ടിൽ ഒരു 21 ഉം ഫ്രാൻസിൽ 16 ഉം വയസ്സുള്ളവർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
ബ്രിട്ടനിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനത്തിന്റെ 80% വരെ സർക്കാർ നൽകും, ഒരാൾക്ക് 3,000 യൂറോ വരെ.
ജനസംഖ്യാനുപാതികമായി പരിഗണിച്ചാൽ ഏറ്റവും കൂടുതൽ ലാബ് പരിശോധനകൾ നടത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഓസ്ട്രേലിയയും. തെക്കൻ കൊറിയ, ജർമ്മനി, ചൈന, ഇറ്റലി, റഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് പരിശോധന നടത്തുന്നതിൽ മുൻപിൽ നിൽക്കുന്നത്. ഇന്ത്യ പരിശോധനകളുടെ എണ്ണത്തിൽ ഈ പരിസരത്ത് പോലും വരില്ല. ചിലപ്പോൾ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.
കേരളത്തിൽ പലസ്ഥലങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണം പാലിക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്ന കാഴ്ച കാണാം. പൗരബോധവും സാമൂഹ്യബോധവും ഇല്ലാത്ത ഇത്തരക്കാർ സൃഷ്ടിക്കുന്ന അപകടം വളരെ വലുതാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിയന്ത്രണങ്ങൾ പാലിക്കുമ്പോൾ ചെറിയൊരു ശതമാനം ആൾക്കാരിൽ ഉണ്ടാകുന്ന പാളിച്ച മൂലം പരാജയപ്പെടുന്നത് സമൂഹം ഒന്നടങ്കം ആയിരിക്കും.
ഇത്രയും കെടുതികൾ ഉണ്ടായ ഇറ്റലിയിൽ ഇപ്പോഴും നിയന്ത്രണങ്ങൾ പാലിക്കാത്തവർ ഉണ്ട്. അതുകൊണ്ട് ഇറ്റലി പിഴശിക്ഷ ഉയർത്തി, മൂവായിരം യൂറോ വരെ ആക്കി ഉയർത്തി. അതായത് ഏതാണ്ട് രണ്ടര ലക്ഷം രൂപ.
കേരളത്തിൽ ആയിരത്തിലധികം പേർ പോലീസ് അറസ്റ്റിലായി. നിയമ നടപടി സ്വീകരിക്കുന്നതിന് ഒപ്പം പിഴ ശിക്ഷ വർധിപ്പിക്കാൻ കൂടി തയ്യാറാവണം.
ഇതിനിടയിൽ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോയ ആരോഗ്യ പ്രവർത്തകരോടടക്കം പോലീസ് മോശമായി പെരുമാറിയതായി വാർത്ത. ഇത് അഭിലഷണീയമല്ല. സമൂഹമെന്ന നിലയിൽ നമ്മൾ ഒറ്റക്കെട്ടായി ഒരു അസുഖത്തിന് എതിരെ പൊരുതുകയാണ്. പരിമിതമായ സൗകര്യങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ കഴിയുന്ന ജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് പൊരുതുകയാണ്. അത് ഏവരും മനസ്സിലാക്കണം. അവശ്യ സർവീസുകൾക്ക് പോകുന്നവരെ തടയുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവരുത് എന്ന് കർശന നിർദ്ദേശം നൽകി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലിക്കപ്പെടും എന്ന് കരുതുന്നു.
ബലപ്രയോഗം ഒന്നിനും ഒരു പരിഹാരമല്ല. പകരം നിയമ നടപടി സ്വീകരിക്കുക. ലാത്തി കൊണ്ടുള്ള ചെറിയ അടിയും മറ്റും ജനങ്ങൾ പെട്ടെന്ന് മറക്കും. അതുപോലെ പ്രഹരം ഗുരുതരമായാൽ ജീവന് അപകടം പോലും ഉണ്ടാകാം എന്നതും മറക്കരുത്. അതുകൊണ്ട് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക, കേസെടുക്കുക, ശക്തമായ പിഴശിക്ഷ ഏർപ്പെടുത്തുക. 10,000 – 20,000 റേഞ്ചിലുള്ള പിഴശിക്ഷ ഉണ്ടായാൽ നിയന്ത്രണങ്ങൾ പാലിക്കാത്തവർ അത്രപെട്ടെന്ന് മറക്കില്ല.
99% പേരും നിയന്ത്രണങ്ങൾ പാലിക്കുന്നവരാണ് എന്നത് മറക്കരുത്. അതുകൊണ്ട് അടച്ചാക്ഷേപങ്ങളും ആക്രോശങ്ങളും നമുക്ക് ഒഴിവാക്കാം. പകരം നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാം.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ കാര്യമാണ്. മറ്റേവരെയും പോലെ തന്നെ നിങ്ങളുടെ ജീവനും ആരോഗ്യവും വളരെ പ്രധാനമാണ്. പലപ്പോഴും പോലീസുദ്യോഗസ്ഥർ വാഹനങ്ങളിൽ സ്പർശിക്കുന്നതും മറ്റും വീഡിയോകളിൽ കാണാൻ സാധിക്കുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.
മറ്റേവർക്കും എന്നതുപോലെ വ്യക്തിശുചിത്വം പോലീസ് ഉദ്യോഗസ്ഥരും പ്രാധാന്യത്തോടെ എടുക്കണം. ഇടയ്ക്കിടെ കൈ കഴുകണം. കൈകൾ മുഖത്ത് സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ശരീരിക അകലം പാലിക്കുക എന്നത് നിങ്ങൾക്കും ആവശ്യമാണ്.
പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാസ്ക് കഴുത്തിൽ താഴ്ത്തി ഇടുന്നതായി കാണുന്നു. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും. ധരിച്ച മാസ്ക്കിൽ സ്പർശിക്കുന്നതും മറ്റും ധാരാളം ശ്രദ്ധയിൽ പെടുന്നു. ഇതുകൊണ്ട് ഉപകാരം ഉണ്ടാവില്ല എന്ന് മാത്രമല്ല ചിലപ്പോൾ ഉപദ്രവം ഉണ്ടാവുകയും ചെയ്യാം.
രോഗികളും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രം മാസ്ക് ഉപയോഗിച്ചാൽ മതിയാകും. അതും കൃത്യമായ രീതിയിൽ ഉപയോഗിക്കുകയും ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യുകയും വേണം. അല്ലെങ്കിൽ വിപരീതഫലം ആകും ഉണ്ടാവുക.
ഇന്ത്യ – കേരളം അവലോകനം അടുത്ത പോസ്റ്റിൽ…
നമ്മൾ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നാളുകൾ താണ്ടാനുണ്ട്. പരസ്പരം മനസ്സിലാക്കിക്കൊണ്ട്, സഹകരിച്ചുകൊണ്ട്, നമുക്ക് മുന്നേറാം. അങ്ങനെ മാത്രമേ നമുക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. അതിനുള്ള ആർജ്ജവവും ഊർജ്ജവും നമുക്കുണ്ട്. തുടക്കത്തിലുള്ള ചെറിയ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ സാധിക്കുന്നതേയുള്ളൂ…
അപ്പോൾ നമുക്ക് എല്ലാവർക്കും ഒരുമിച്ച്, ഒരു മനസ്സായി പോരാടാം, വിജയം വരിക്കാം.

***
എഴുതിയത് – ഡോ. മനോജ് വെള്ളനാട് , ഡോ. ദീപു സദാശിവൻ
കൊവിഡ്19 അവലോകനം
(26/03/2020)
ഇന്ത്യ
കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈന അതിൻറെ പൂർവ്വസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെങ്കിലും ലോകത്ത് മൊത്തം നിലനിൽക്കുന്ന ആശങ്കകൾ ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ട്. ഇറ്റലിക്ക് പുറമേ സ്പെയിനും മരണസംഖ്യയുടെ കാര്യത്തിൽ ചൈനയെ കടന്നുപോയതും മരണനിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ആകുന്നതും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
ലോകത്തെ മിക്ക രാജ്യങ്ങളും ഇപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോക് ഡൗൺ മാത്രം കൊണ്ട് കൊറോണയെ തുരത്താനാവില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ലോക് ഡൗൺ ചെയ്യുകവഴി വഴി രോഗവ്യാപനം തടയുന്നതിനും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനുമുള്ള അധിക സമയം തേടുക മാത്രമാണ് നമ്മൾ ചെയ്യുന്നത്. ഇതിനൊപ്പം കൂടുതൽ പേരെ ടെസ്റ്റ് ചെയ്യുക (Test), രോഗികളെ കണ്ടെത്തുക (Find), ഐസൊലേറ്റ് ചെയ്യുക (Isolation), ചികിത്സിക്കുക (Treat), അവരുടെ കോണ്ടാക്ട് കണ്ടെത്തുകയും (Trace) ഒക്കെ ചെയ്താൽ മാത്രമേ നമുക്ക് കൊറോണയെ അതിജീവിക്കാൻ പറ്റുകയുള്ളൂ.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 22928 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പാഠം ഉൾക്കൊള്ളുകയാണെങ്കിൽ ദിവസം ഓരോ സംസ്ഥാനങ്ങളിലും കുറഞ്ഞത് പതിനായിരം സാമ്പിളുകളെങ്കിലും നമ്മൾ പരിശോധിച്ചുവെങ്കിൽ മാത്രമേ ലോക്ക് ഡൗൺ കഴിയുമ്പോൾ സമൂഹത്തിൽ കൊറോണ രോഗികൾ ഒന്നുമില്ല എന്ന് നമുക്ക് ഏകദേശം ഉറപ്പിക്കാനും രോഗത്തെ നിയന്ത്രണവിധേയമാക്കാനും പറ്റുകയുള്ളൂ.
ഇന്ത്യയിൽ Covid19 ടെസ്റ്റ് ചെയ്യാനുള്ള ലാബുകൾക്ക് അംഗീകാരം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് പുറമേ 3 കേന്ദ്രങ്ങൾക്ക് കൂടി ICMR നൽകി. പൂനയിലെ നാഷണൽ AIDS റിസൾച്ച് സെൻറർ, കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എൻഡമിക് ഡിസീസസ്, ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പത്തോളജി എന്നിവയാണവ.
മുൻപ് US FDA അല്ലെങ്കിൽ European CE യുടെ അംഗീകാരമുള്ള പരിശോധന സാമഗ്രികൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. അതുമാറ്റി ഇന്ത്യയിൽ തന്നെ ഡയഗ്നോസ്റ്റിക് കിറ്റുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള അനുമതി ICMR നൽകിയിട്ടുണ്ട്. പൂനെയിലെ MyLab നിർമ്മിച്ച കിറ്റിന് തിങ്കളാഴ്ച മുതൽ അനുമതി നൽകിയിട്ടുമുണ്ട്.
ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 624 രോഗികളുണ്ട്. ഇതുവരെ 13 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ ഇനിയും സാമൂഹ്യ വ്യാപനം ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് രാത്രിയിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
നിലവിൽ ഏറ്റവും അധികം രോഗികൾ ഉള്ളത് മഹാരാഷ്ട്ര (122), കേരള (118), കർണാടക (51), തെലുങ്കാന (41), ഉത്തർപ്രദേശ് (38) ഗുജറാത്ത് (38) രാജസ്ഥാൻ (38) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്
ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ഇറക്കി വിടുന്ന പ്രവണതയ്ക്കെതിരെ കെജ്‌രിവാൾ ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ച രണ്ട് രൂപയ്ക്ക് ഗോതമ്പും മൂന്നു രൂപയ്ക്ക് അരിയും പ്രാവർത്തികമായാൽ ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന കാര്യമാണ്.
ഗോവയിൽ എല്ലാ അവശ്യവസ്തുക്കളും വീടുകളിൽ എത്തിക്കുന്ന അതിനുവേണ്ടി വളണ്ടിയർമാരെ സർക്കാർ നിയമിച്ചു. ഭക്ഷണപദാർത്ഥങ്ങും പച്ചക്കറികളും മരുന്നുകളും ഉൾപ്പെടെ എല്ലാ വസ്തുക്കളും വീടുകളിൽ എത്തിക്കും. അതിൻ്റെ പേരിലാരും തന്നെ പുറത്തിറങ്ങാതിരിക്കാനാണിത്. കേരളത്തിലും അനുകരിക്കാവുന്ന മാതൃക.
ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ദൗർലഭ്യം ഇന്ത്യയിലൊട്ടാകെ ഒരുപാട് ആശങ്ക ഉണ്ടാക്കുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എത്രയും വേഗം നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇതു തന്നെ മതി, ആരോഗ്യ മേഖലയെ ആകെ സ്തംഭിപ്പിക്കാൻ.
ടെലി മെഡിസിൻ സാധ്യതകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിന് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പകർച്ചവ്യാധികളുടെ സമയത്ത് ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപാട് ഗുണകരമായ ഒന്നാണിത്. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ കൂടുതൽ സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങളും മുൻകൈ എടുക്കേണ്ടതാണ്.
കേരളം
ഇന്നലെ കേരളത്തിൽ പുതിയ 9 രോഗികളാണ് ഉണ്ടായത്. ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 118 ആയി. അതിൽ 19 പേർക്ക് രോഗികളുമായി സമ്പർക്കത്തിൽ വന്നതു കാരണം രോഗം വന്നതാണ്. 91 പേരും പുറത്തുനിന്ന് വന്നവരും എട്ടുപേർ വിദേശികളുമാണ്. നിലവിൽ 76542 പേർ നിരീക്ഷണത്തിൽ ആണ്
കേരളത്തിൽ ബിവറേജസ് ഷോപ്പുകൾ കൂടി പൂർണ്ണമായും അടച്ചതാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്ന മറ്റൊരുകാര്യം. മദ്യപാനാസക്തിയുള്ള ധാരാളം മനുഷ്യരുള്ള ഒരു പ്രദേശമെന്ന നിലയിൽ ആൾക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം പോലുള്ള പ്രശ്നങ്ങളെയും നമ്മൾ മുൻകൂട്ടി കാണണം. അങ്ങനെയുണ്ടെങ്കിൽ അവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ട അവസ്ഥ വന്നേക്കാം.
മാത്രമല്ല വ്യാജ മദ്യവില്പനയിലും വ്യാജമദ്യ ദുരന്തങ്ങളും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ഇത്തരുണത്തിൽ ആവശ്യമാണ്
ഓൺലൈൻ വഴിയോ വോളണ്ടിയർമാർ വഴിയോ അവശ്യക്കാർക്ക് മദ്യലഭ്യത ഉറപ്പു വരുത്താനുള്ള സംവിധാനം സർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തൊഴിൽ ലഭ്യത കുറഞ്ഞിരിക്കുന്ന ഓട്ടോ തൊഴിലാളികളെ ഔദ്യോഗിക സംവിധാനങ്ങളുടെ കർശന മേൽനോട്ടത്തിൽ ഈ പ്രവർത്തികൾക്ക് നിയോഗിച്ചാൽ ജനങ്ങൾക്കും ഓട്ടോ ടാക്സി തൊഴിലാളികൾക്കും ആശ്വാസം ആയേക്കും അത്.
കേരളത്തിൽ രോഗി പരിചരണത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിരുന്നതിന് ശേഷവും വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം രൂക്ഷമാണ്. അവ പരിഹരിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർശനമായി ചെയ്യണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം ഉയർത്തുന്ന കൂടുതൽ നടപടികളും പ്രതീക്ഷിക്കുന്നു.
ഇനിയും നേരം വെളുക്കാത്ത നിരവധിപേർ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പുറത്തിറങ്ങുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ആശങ്ക പടർത്തുകയും പോലീസുകാർക്ക് ജോലിഭാരം കൂട്ടുകയും ചെയ്യുന്നുണ്ട്.
നമ്മൾ ഏറ്റവും ഉത്തരവാദിത്വത്തോട് കൂടി സമചിത്തതയോടുകൂടി പെരുമാറേണ്ട സമയമാണ്. അതല്ലെങ്കിൽ ഈ ചെയ്യുന്ന ഒന്നിനും ഒരു പ്രയോജനവും ഇല്ലാതായി പോകാൻ സാധ്യതയുണ്ട്. ചെറിയൊരു ശതമാനം ജനങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിണതഫലം അനുഭവിക്കാൻ പോകുന്നത് ചിലപ്പോൾ 130 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസമൂഹം മൊത്തത്തിൽ ആയിരിക്കും.
പൊതുജനങ്ങളോടും പോലീസുകാരോടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്, രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രമാണ് മാസ്ക് ധരിക്കാൻ നിഷ്കർഷിച്ചിട്ടുള്ളത്. അല്ലാത്ത അവസരങ്ങളിൽ ധരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ല. പൊതുജനങ്ങളെ കൊണ്ട് നിർബന്ധിച്ച് മാസ്ക് ധരിപ്പിക്കേണ്ടതില്ല. മാത്രമല്ല തുണി കൊണ്ട് നിർമ്മിച്ച മാസ്ക് ധരിച്ചതിന് ശേഷം അവ കൃത്യമായി ബ്ലീച്ച് സൊലൂഷനിൽ കഴുകി ചെയ്തു ഉപയോഗിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങളും അതിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
കൊറോണയുടെ പ്രതിരോധത്തിന് ഏറ്റവും ആവശ്യം വേണ്ടത് സോഷ്യൽ ഡിസ്റ്റൻസ് ആണ്. അതിനു വേണ്ടിയാണ് നമ്മൾ ഈ സമ്പൂർണ ലോക്ക് ഡൗൺ പോലുള്ള അസാധാരണ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എല്ലാവരും തീർച്ചയായും അതിനോടൊപ്പം സഹകരിക്കണമെന്ന് ഇൻഫോ ക്ലിനിക്ക് അഭ്യർത്ഥിക്കുന്നു.

***
എഴുതിയത്: Dr. Jinesh PS
26/03/2020
ലോകം ഇന്നലെ (മാർച്ച് 25)…?
ഇന്നലെയും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2300 ൽ കൂടുതൽ മരണങ്ങൾ, 46000 ലധികം കേസുകൾ. ഇറ്റലിയിൽ മരണസംഖ്യ 7500 കടന്നു. മരണസംഖ്യയിൽ സ്പെയിൻ ചൈനയെ മറികടന്നു.
ലോകമാകെ ഇതുവരെ 460000 ലധികം കേസുകളിൽ നിന്ന് 21000 ലധികം മരണങ്ങൾ.
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 114000 കഴിഞ്ഞു.
യൂറോപ്പിൽ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. സ്പെയിനിൽ ഇന്നലെ മാത്രം 656 മരണങ്ങൾ. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 7400 ലധികം കേസുകൾ. ഇതുവരെ 49500 ലധികം കേസുകളിൽ നിന്ന് 3600 ലധികം മരണങ്ങൾ.
ഇറ്റലിയിൽ ആകെ മരണസംഖ്യ 7500 കടന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 683 മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5200 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 74000 കവിഞ്ഞു.
അമേരിക്കയിൽ കേസുകളുടെ സംഖ്യ ഉയരുകയാണ്. കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത് ചൈനയും ഇറ്റലിയും മാത്രം. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏകദേശം 11000 ലധികം കേസുകളും 162 മരണങ്ങളും. ഇതുവരെ ആകെ 65000 ലധികം കേസുകളിൽ നിന്ന് 900 ലധികം മരണങ്ങൾ. മരണനിരക്ക് 1.4 %.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4300 ലധികം കേസുകൾ, മരണങ്ങൾ 47. ഇതുവരെ ആകെ 37000 ലധികം കേസുകളിൽ നിന്ന് 206 മരണങ്ങൾ. മരണനിരക്ക് 0.55%.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2900 ലധികം കേസുകളും 230 ലധികം മരണങ്ങളും. ഇതുവരെ ആകെ 25200 ലധികം കേസുകളും 1300 ലധികം മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 1400 ലധികം കേസുകളും 40 ലധികം മരണങ്ങളും. ഇതുവരെ ആകെ 9500 ലധികം കേസുകളിൽ നിന്നും 465 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1000 ലധികം കേസുകൾ, 31 മരണങ്ങൾ. ഇതുവരെ ആകെ 10800 ലധികം കേസുകളിൽ നിന്ന് 153 മരണങ്ങൾ. മരണനിരക്ക് 1.4%.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 850 ലധികം കേസുകളും 80 മരണങ്ങളും. ഇതുവരെ ആകെ 6400 ലധികം കേസുകളിൽ നിന്ന് 350 ലധികം മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 600 ലധികം കേസുകൾ, 56 മരണങ്ങൾ. ഇതുവരെ ആകെ 4900 ലധികം കേസുകളിൽ നിന്ന് 170 ലധികം മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 300 ലധികം കേസുകൾ, 2 മരണങ്ങൾ. ഇതുവരെയാകെ 5500 ലധികം കേസുകളിൽ നിന്ന് 30 മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകളും 2 മരണങ്ങളും. ഇതോടെ ആകെ കേസുകൾ 3000 കടന്നു, മരണസംഖ്യ 14.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 10 മരണങ്ങളും. ഇതോടെ 2300 ലധികം കേസുകളിൽനിന്ന് 43 മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 200 കേസുകളും 22 മരണങ്ങളും. ഇതോടെ 2500 ലധികം കേസുകളിൽ നിന്ന് 62 മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 260 കേസുകൾ. ഇതുവരെ ആകെ 1600 ലധികം കേസുകളിൽ നിന്ന് 6 മരണം.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 15 മരണങ്ങളും. ഇതുവരെ 2400ലധികം കേസുകളിൽ നിന്ന് 59 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 575 കേസുകളും 4 മരണവും. ഇതോടെ 3300 ലധികം കേസുകളിൽനിന്ന് 30 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ 2400 ലധികം കേസുകളിൽ നിന്ന് 57 മരണങ്ങൾ.
ഓസ്ട്രേലിയയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 100 ലധികം കേസുകൾ. ഇതുവരെ ആകെ 2400 ലധികം കേസുകൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2200 ലധികം, 143 മരണങ്ങൾ. ആകെ കേസുകൾ 27000 കടന്നു, മരണം 2077.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 400 ലധികം കേസുകൾ. ഇതുവരെ 2300 ലധികം കേസുകളിൽനിന്ന് 5 മരണം.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 100 കേസുകൾ, 6 മരണങ്ങൾ. അവിടെ ഇതുവരെ 9000 ലധികം കേസുകളിൽ നിന്ന് 126 മരണങ്ങൾ. മരണനിരക്ക് 1.37%.
പാകിസ്താനിൽ ഇതുവരെ 1063 കേസുകളിൽ നിന്ന് 8 മരണം.
ചൈനയിൽ ഇതുവരെ ആകെ 81000 ലധികം കേസുകളിൽ നിന്ന് 3281 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 73000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1400 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 8, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 31, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 90.
ജപ്പാൻ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ, ജപ്പാൻ, ചിലി, പോളണ്ട് എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 25.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി വർദ്ധിപ്പിച്ചു.
ഇംഗ്ലണ്ട് 35 ലക്ഷം പരിശോധന കിറ്റുകൾ ഉടൻ ലഭ്യമാക്കും.
യുകെ 10000 വെന്റിലേറ്ററുകൾക്കായി വാക്വം ക്ലീനർ നിർമാണക്കമ്പനിയായ ഡൈസണ് ഓർഡർ നൽകി.
അവിടെ നാഷണൽ ഹെൽത്ത് സർവീസ് രണ്ടരലക്ഷം സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചപ്പോൾ, അപേക്ഷിച്ചത് നാല് ലക്ഷത്തിലധികം പേർ.
അറുപതിനായിരം സ്ക്വയർ ഫീറ്റ് ബിൽഡിംഗ് കൊറോണ ചികിത്സാ ആവശ്യങ്ങൾക്കായി യുകെ നാഷണൽ ഹെൽത്ത് സർവീസിന് വിട്ടുകൊടുക്കാം എന്ന് മുൻ മുൻ ബോക്സിങ് വേൾഡ് ചാമ്പ്യൻ അമീർഖാൻ.
അമേരിക്കയ്ക്ക് ടെസ്റ്റിംഗ് കിറ്റുകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകി സഹായിക്കുമെന്ന് തെക്കൻ കൊറിയ.
സ്പെയിൻ ചൈനയിൽ നിന്നും 55 കോടി മാസ്കുകൾ, 55 ലക്ഷം റാപിഡ് പരിശോധന കിറ്റുകൾ, 950 റെസ്പിരേറ്ററുകൾ, ഒരു കോടി ജോഡി ഗ്ലൗസുകൾ എന്നിവ വാങ്ങുന്നു.
ആരോഗ്യ മേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തും എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ.
സ്പെയിൻ ഡെപ്യൂട്ടി പ്രധാനമന്ത്രി കാർമെൻ കാൻവോക്ക് കോവിഡ് 19 പോസിറ്റീവ് ആയതായി റിപ്പോർട്ട്.
ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസ് (‘പ്രിൻസ്’) കോവിഡ് 19 പോസിറ്റീവ് ആയതായി റിപ്പോർട്ട്.
സുഡാൻ 4217 തടവുകാരെ വിട്ടയച്ചു.
പ്രൊട്ടക്ടീവ് ഉപകരണങ്ങളുടെ കയറ്റുമതി സ്വിറ്റ്സർലണ്ട് നിരോധിച്ചു.
സൗദി അറേബ്യ കർഫ്യു സമയം ദീർഘിപ്പിച്ചു, 3 pm മുതൽ 6 am വരെ ആക്കി.
സിറിയയിൽ രാത്രികാല കർഫ്യൂ ആരംഭിച്ചു.
മലേഷ്യ ഏപ്രിൽ 14 വരെ ലോക്ക്‌ ഡൗൺ നീട്ടി.
ലോകമെമ്പാടും നിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നിതാന്ത ജാഗ്രത പുലർത്തേണ്ട നാളുകളാണ്. അവരാണ് ഈ യുദ്ധത്തിലെ യഥാർത്ഥ മുന്നണി പോരാളികൾ.
എന്നാൽ സ്പെയിനിൽ 5400 ലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 ബാധിച്ചു. രോഗികളെ പരിചരിക്കുന്ന സാഹചര്യത്തിൽ പകർന്നു പിടിച്ചതാണ്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നായി 30 ലധികം ആരോഗ്യപ്രവർത്തകർ മരണമടഞ്ഞു. അവിടങ്ങളിൽ ആയിരത്തിലധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. സ്പെയിനിലെ ലാ പാസ് ആശുപത്രിയിൽ 426 ആരോഗ്യപ്രവർത്തകർ അസുഖബാധിതരായതിനെ തുടർന്ന് നിരീക്ഷണത്തിലാണ്. ഇറ്റലിയിലെ Brescia പ്രവിശ്യയിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 15 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചതിനാൽ മാറി നിൽക്കേണ്ടി വന്നു. പാരിസിൽ മാത്രം 490 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലാണ്.
അസുഖം പടർന്നു പിടിച്ചാൽ ഈ അവസ്ഥ എവിടെയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഫലപ്രദമായി തടയേണ്ടതുണ്ട്. സുരക്ഷാ ഉപാധികളുടെ ലഭ്യത ഉറപ്പാക്കുകയും അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. കേരളത്തിൽ പല ആശുപത്രികളിലും ജീവനക്കാർ തുണികൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് വൈറസിനെതിരെ കാര്യമായ പ്രയോജനം ലഭിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
സ്വതവേ തന്നെ അനാവശ്യമായ ഗ്രഡേഷൻ ആരോഗ്യമേഖലയിൽ ഉള്ള സ്ഥലമാണ് നമ്മുടേത്. അതായത് ഡോക്ടർക്ക് മാസ്ക്ക് കിട്ടിയാലും നേഴ്സിന് കിട്ടണം എന്ന് നിർബന്ധമില്ല. നേഴ്സിന് കിട്ടിയാലും മറ്റ് ആശുപത്രി ജീവനക്കാർക്ക് കിട്ടണം എന്ന് നിർബന്ധമില്ല. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ ഈ ഗ്രഡേഷൻ കൂടുതലാണ്. പരസ്പരം പേരു വിളിക്കാൻ പോലും സാധിക്കാത്തത്ര ഗ്രഡേഷൻ ഉള്ള നാടാണ് എന്ന് മറക്കരുത്. നിങ്ങൾ ആശുപത്രികളിൽ ചുറ്റും ഒന്ന് നോക്കൂ, ഡോക്ടർമാർ N95 ധരിക്കുമ്പോഴും മറ്റു ജീവനക്കാർ തുണി മാസ്ക് ധരിച്ചിരിക്കുന്നത് കാണാം.
സത്യത്തിൽ ഡോക്ടർമാർക്ക് ഉള്ള അത്ര, അല്ലെങ്കിൽ അതിൽ കൂടുതൽ റിസ്ക് നഴ്സുമാർക്ക് ഉണ്ട്, മെഡിക്കൽ കോളജുകളിൽ റസിഡൻറ് ഡോക്ടർമാർക്കും ഹൗസ് സർജൻ ഡോക്ടർമാർക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഏവരുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഡോക്ടർ, നഴ്സ്, മറ്റ് ജീവനക്കാർ എന്ന വ്യത്യാസം പാടില്ല, സർക്കാർ ആശുപത്രിയിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും. സ്വകാര്യ ആശുപത്രികളിൽ കൂടി കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഇതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
പല രാജ്യങ്ങളിലും പല വഴികളിൽ കൂടി ആണ് ഇതൊക്കെ ശരിയാക്കുന്നത്. ഇതൊരു പുതിയ സാഹചര്യമാണ്. ഒരു രാജ്യത്തിനും മുൻപരിചയം ഉണ്ടാവാത്ത സാഹചര്യം. എന്നിട്ടും പല രാജ്യങ്ങളിലും റാപിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിച്ചു, അതും ലക്ഷക്കണക്കിന്. പല രാജ്യങ്ങളും ലക്ഷക്കണക്കിന് സുരക്ഷാ ഉപാധികൾ നിർമ്മിക്കുന്നു. വാക്ക്വം ക്ലീനർ-വാഹന നിർമ്മാണ കമ്പനികൾ വെൻറിലേറ്റർ നിർമ്മിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എത് വഴിയും കാണണം. ടെക്സ്റ്റൈൽ ഇൻഡസ്ട്രി, IIT തുടങ്ങിയവ യോജിച്ച് പ്രവർത്തിക്കേണ്ട അവസരമാണ്. നൂതനമായ സങ്കേതങ്ങൾ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ളത്ര PPE, N 95 മാസ്കുകൾ ഒക്കെ തയ്യാറാക്കണം. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുക ???
മറ്റൊരു പ്രധാന പ്രശ്നം ആരോഗ്യ പ്രവർത്തകരുടെ മക്കളുടെ കാര്യങ്ങൾ ആണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്കു വേണ്ടി മാത്രമായി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. കാരണം അവശ്യ സേവനങ്ങൾ മുടങ്ങാൻ പാടില്ല. കേരളത്തിലെ കുടുംബ സാഹചര്യങ്ങളിൽ ഇത് അത്ര ബുദ്ധിമുട്ടുണ്ടാവില്ലായിരിക്കാം. എന്നാലും അണുകുടുംബ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ മറ്റു വഴികളില്ല. ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല, മറ്റ് അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഭാര്യഭർത്താക്കന്മാർ രണ്ടുപേരും ആരോഗ്യ പ്രവർത്തകരും, ഒരാൾ ആരോഗ്യ പ്രവർത്തനത്തിലും രണ്ടാമത്തെ ആൾ മറ്റേതെങ്കിലും അവശ്യ സേവന വിഭാഗത്തിലും പെടുന്നതും അപൂർവമല്ല. മിക്കപ്പോഴും ഈ ഉദ്യോഗസ്ഥരുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടെങ്കിൽ വലിയ പ്രശ്നമില്ല. എന്നാൽ അങ്ങനെയല്ലാത്ത സാഹചര്യങ്ങളും ധാരാളമുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ, ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ കുടിയേറി പാർത്തവർ, തിരുവനന്തപുരം എറണാകുളം പോലുള്ള നഗരങ്ങളിൽ. ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
ഒരുമിച്ച് നിന്ന് മാത്രമേ കയറാൻ സാധിക്കൂ… ഒരുമിച്ച് നിന്ന് നമ്മൾ കരകയറുക തന്നെ ചെയ്യും.

***
എഴുതിയത് – ഡോ.ദീപു സദാശിവൻ, ഡോ. മനോജ് വെള്ളനാട്.
കൊവിഡ് 19 അവലോകനം – ഇന്ത്യ & കേരള
25/03/2020
ഇന്ത്യ
ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 135 കോടി ജനങ്ങൾ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ അനുഭവിക്കാൻ പോവുകയാണ്, ഇന്നു മുതൽ. തീരുമാനം വൈദ്യ ശാസ്ത്രത്തിൻ്റെ കണ്ണിൽ ശരിയാണ്. അനിവാര്യമാണ്. നമുക്ക് മറ്റൊരു വഴിയില്ല തന്നെ.
സാമൂഹിക-സാമ്പത്തിക ശാസ്ത്രങ്ങൾക്കീ രീതി അത്ര സ്വീകാര്യമാവില്ല. ഒരുപക്ഷെ ഇന്ത്യയുടെ ഭാവി തന്നെ നിർണയിക്കുന്നതാവാം അടുത്ത 21 ദിവസങ്ങൾ. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും രാഷ്ട്രീയപരമായും നൂറു ശ്രേണികളിലുള്ള 135 കോടി ജനങ്ങൾ ഈ സമ്പൂർണ്ണ ബന്ധിയാക്കലിനെ എങ്ങനെ അഭിമുഖീകരിക്കും എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.
സമ്പൂർണ ലോക്ക് ഡൗണിലെ ചില വിശേഷങ്ങൾ
ഇന്ത്യൻ റെയിൽവേക്ക് മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ മാറ്റി ഏപ്രിൽ 14 വരെയും സർവീസുകൾ പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചു
സമ്പൂർണ്ണ ലോക്ക് ഡൗണിലും അവശ്യ സർവീസുകൾ എല്ലാം തന്നെ ലഭ്യമാകും എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞതും അൽപ്പമെങ്കിലും ആശ്വാസകരമായ കാര്യമാണ്.
ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന 15,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് ആശ്വാസകരമായ കാര്യമാണ്
ലോക്ക് ഡൗൺ ചെയ്യുന്നത് സാമൂഹിക അകലം കർശനമായി പാലിക്കപ്പെടാൻ വേണ്ടിയാണല്ലോ. അതിനാൽ ആൾക്കൂട്ടങ്ങൾ കർശനമായി ഒഴിവാക്കണം എന്നാണ് കേന്ദ്രനിർദ്ദേശം. മരണാനന്തര ചടങ്ങുകൾക്ക് പോലും പരമാവധി 20 പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല.
എന്തെങ്കിലും കള്ളം പറഞ്ഞ് ലോക്ക് ഡൗണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.
കേന്ദ്രത്തിൽ നിന്നും ആരോഗ്യപാക്കേജിന് പുറമേ സാമൂഹ്യസുരക്ഷക്കായൊരു പാക്കേജോ നിർദേശങ്ങളോ ഉണ്ടായിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാധാരണജനത്തിന് ഏറ്റവും പ്രധാനം ഭക്ഷണവും വീടുമാണ്. വീടില്ലാത്തവർ 2 കോടിയിലധികമുള്ള രാജ്യമാണ്. പാവപ്പെട്ട ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ ഭക്ഷണം, പാർപ്പിടം, വെള്ളം, വസ്ത്രം, വൈദ്യുതി ഒക്കെ എങ്ങനെ അവർക്കു ലഭ്യമാകുമെന്നതിനെപ്പറ്റി വരും ദിവസങ്ങളിലെങ്കിലും തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷാ.
അതിനിടയിൽ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 556 ആയി. ആകെ മരിച്ചവർ പത്ത്.
കേരളം
കേരളത്തിൽ 15 പുതിയ രോഗികൾ കൂടിയായി. ആകെ ചികിത്സയിലുള്ളവർ 106 ആയി. 4 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 73,460 പേർ നിരീക്ഷണത്തിലുമുണ്ട്.
സംസ്ഥാനത്തിന്നലെ സമ്പൂർണ ലോക് ഡൗണിൻ്റെ ആദ്യ ദിവസമായിരുന്നു. ഒരു വിഭാഗം മലയാളികൾക്കിനിയും നേരം വെളുത്തിട്ടില്ലാന്ന് തെളിയിക്കുന്നതായിരുന്നു പലയിടത്തെയും തിരക്കുകൾ. പ്രിയ സുഹൃത്തുക്കളെ, ഏതു ഭാഷയിൽ ഇനിയെന്തു പറഞ്ഞാലാണ് നിങ്ങൾക്ക് കാര്യങ്ങൾ മനസിലാവുന്നത്?
അഞ്ചുമണി വരെയേ നിലവിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നുള്ളൂ. ഹോട്ടൽ ഭക്ഷണം ഹോം ഡെലിവറി ചെയ്യുന്നവരും അങ്ങനെ തന്നെ. ഈ സമയപരിമിതി മൂലം പ്രയാസം ഉണ്ടാവുന്നവരിൽ അവശ്യ സർവ്വീസ് ജീവനക്കാരും ഉണ്ടാവും. എട്ടുമണി വരെ ഷിഫ്റ്റ് ഉള്ള ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും കാര്യം സർക്കാർ പരിഗണിക്കണം. രാത്രി ഭക്ഷണത്തിനും മറ്റും അവർ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ സൗകര്യം ഉണ്ടാവുന്നത് നന്നാവും. ഓൺലൈൻ ഡെലിവറി എങ്കിലും രാത്രിയിൽ, 8 മണി വരെയെങ്കിലും ഉണ്ടാവുന്നത് നന്നാവും.
ജീവനക്കാർക്ക്, കഴിയുന്നതും അവരുടെ വീടുകൾക്ക് അടുത്തു ജോലി ചെയ്യാൻ സൗകര്യം ഒരുക്കാൻ സാധ്യമെങ്കിൽ അത് പ്രയോജനപ്രദമായിരിക്കും.
സംസ്ഥാനത്തു ഇന്നലെ ആദ്യമായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായി അറിയുന്നു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എവിടെയാണ് പിഴവു പറ്റിയതെന്ന് കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകരും രോഗികളാവും.
ആരോഗ്യ പ്രവർത്തകരോട് ‘അയിത്ത മനോഭാവം’ കാണിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നത് ഖേദകരം ആണ്. ഇതവരുടെ മനോവീര്യത്തെ കാര്യമായി തന്നെ ബാധിക്കും. ഇത്തരുണത്തിൽ ഇത്തരം അവഗണന അവർക്കു നേരെ ഉണ്ടാവാതെ ഒരു കരുതൽ അധികാരികളും പൊതു സമൂഹവും നൽകണം. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മോശം പ്രവണത കാണിക്കുന്നവർക്കെതിരെ നടപടികൾ എടുത്താൽ ഉചിതമാവും.
ഐസൊലേറ്റ് ചെയ്യപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ സ്ഥാപനങ്ങൾക്ക് സമീപം തന്നെ താമസിക്കാൻ സൗകര്യം ഒരുക്കുന്നത് ഗുണകരമാവും. ഭൂരിഭാഗം പേർക്കും സാരമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവുകയില്ല എന്നതിനാൽ, അവരിൽ സന്നദ്ധ സേവനം നൽകാൻ തയ്യാറാവുന്നവർക്ക്‌, ഫോൺ വഴി ആരോഗ്യ നിർദ്ദേശങ്ങൾ നൽകാനും, ഡോക്ടർമാർക്ക് ടെലി മെഡിസിൻ സംവിധാനം വഴി ഉപദേശം നൽകാനും മറ്റും സാങ്കേതിക സൗകര്യം ഒരുക്കിയാൽ, മാനവ വിഭവശേഷിയും വൈദഗ്ധ്യവും ആ വഴിക്കു ഉപയോഗപ്പെടുത്താം. അത്തരക്കാർക്ക് ഏകാന്തത ഒഴിവാക്കാനും കഴിയും.
ആരോഗ്യ പ്രവർത്തകർക്ക് രോഗ ബാധ ഉണ്ടാവാതിരിക്കാൻ കരുതൽ നടപടികളായി വ്യക്തിഗത സുരക്ഷാ ഉപാധികൾക്കും (PPE) മറ്റും ക്ഷാമം ഉണ്ടാവാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം. ആരോഗ്യപ്രവർത്തകർ അപകടത്തിലായാൽ അത് സംവിധാനത്തെ ആകെ ദുർബലപ്പെടുത്തും.
നിപയുടെയും പ്രളയത്തിൻ്റെയും സമയത്ത് തങ്ങളുടെ ശേഷിക്കനുസരിച്ചു കേരളത്തെ സഹായിച്ച അനേകം സുമനസ്സുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അതുപോലെ കഴിവുള്ളവരുടെ സഹായം ഇക്കാര്യത്തിൽ സർക്കാരിന് ആവശ്യപ്പെടാം. PPE കിറ്റുകളും മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും അങ്ങനെ ലഭ്യമാക്കാൻ ശ്രമിക്കണം.
കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥി സമൂഹത്തോടും രണ്ട് അഭ്യർത്ഥനകളുണ്ട്.
1.കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജൻസി കഴിഞ്ഞു ഒരു പറ്റം യുവ ഡോക്ടർമാർ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നതും ആൾക്കാർ ഈ പ്രതിസന്ധി ഘട്ടത്തിൽ സേവനം ചെയ്യാൻ സന്നദ്ധരാവണം. നിങ്ങളുടെ ചെറുപ്പവും ഊർജ്ജവും കേരളത്തിന് താങ്ങും കരുത്തും ആവും.
2.ബിരുദദാന ചടങ്ങുകൾ ലളിതമായി നടത്തി, അതിനായി സമാഹരിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം നിങ്ങളുടെ മെഡിക്കൽ കോളേജിന് വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിച്ചാൽ വലിയൊരു സാമൂഹിക സേവനം ആയിരിക്കും അത്.
ലോക്ക് ഡൗൺ പോലുള്ളവ നടപ്പാക്കുമ്പോൾ,
ഏറെ വിയർപ്പൊഴുക്കാൻ പോവുന്ന മറ്റൊരു വിഭാഗം പോലീസ് സേനയാണ്.
പോലീസ് സേനയിൽ ഉള്ളവർക്ക് രോഗ വ്യാപനം തടയുന്നതെങ്ങനെ ആണെന്നുള്ളതിനെ കുറിച്ച് പ്രാദേശിക തലത്തിൽ കൃത്യമായ അവബോധനം നൽകണം. ആൾക്കാർ കൂടുന്ന യോഗങ്ങൾ ഉചിതം അല്ലാത്തതിനാൽ ടെലി കോൺഫെറെൻസ് മുഖേനയോ, പ്രിന്റഡ് സന്ദേശങ്ങൾ ആയോ മെഡിക്കൽ രംഗത്തെ വിദഗ്ധരുടെ ക്‌ളാസ്സുകൾ അവർക്കു നൽകണം.
രോഗബാധിതർ ആയേക്കാവുന്ന പൊതുജനങ്ങൾ ഉൾപ്പെടെ ഉള്ളവരുമായി ശാരീരികമായി ഇടപഴകേണ്ടി വന്നേക്കാം. അത്തരുണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടായില്ലെങ്കിൽ അവരും രോഗബാധിതർ ആവും.
ഇന്നലെ മാസ്കുകൾ ധരിച്ചു റൂട്ട് മാർച്ച് നടത്തുന്ന സേന അംഗങ്ങളെയും, പൊതു ജനങ്ങളെ നിർബന്ധിച്ച് മാസ്ക് ധരിപ്പിക്കാൻ ശ്രമിക്കുന്നവരെയും കണ്ടു. അതിൻ്റെയൊന്നും ആവശ്യമില്ലല്ലോ. രോഗബാധ സംശയിക്കുന്നവർ, രോഗികൾ, ഇവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ത്രീ ലെയർ ഫേസ് മാസ്ക് ധരിക്കേണ്ടത്. പൊതുജനങ്ങൾ, ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ എന്നിവർ മാസ്ക് ധരിക്കേണ്ടതില്ല എന്നാണു ആരോഗ്യ സംബന്ധമായ മാർഗ്ഗ നിർദ്ദേശങ്ങൾ. സാധാരണ മാസ്‌ക്കുകൾ പ്രത്യേക സംരക്ഷണം നൽകുന്നില്ല എന്ന് മാത്രമല്ല അത് രോഗബാധയ്ക്കു കൂടുതൽ കാരണമായേക്കും. ഇത്തരം സന്ദേശങ്ങൾ പോലീസ് സേനയിൽ ഉള്ളവർക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ലോക്ക് ഡൗൺ കാലത്തും കർമ്മനിരതരാവുന്ന മറ്റൊരു വിഭാഗം, മാദ്ധ്യമ പ്രവർത്തകരാണ്.
അവരുടെ സുരക്ഷയിൽ സർക്കാർ ശ്രദ്ധാലുവാണ് എന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിലെ പോലെ പത്ര സമ്മേളനങ്ങൾ ടെലി കോൺഫെറെൻസിങ് മുഖേന ആവുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കും.
ഉപകരണങ്ങളുമായി രോഗബാധിത പ്രദേശങ്ങളിൽ പോവുന്ന മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകരുടെ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സാഹസികതകൾക്കു മുതിരരുത്, സ്വന്തം സുരക്ഷ പ്രാഥമികമായി ഉറപ്പു വരുത്തണം.
വ്യക്തികളിൽ നിന്നും അകലം പാലിച്ചു കൊണ്ട് അഭിമുഖം പോലുള്ളവ നടത്താൻ ശ്രദ്ധിക്കണം. കയ്യിൽ കൊണ്ട് നടക്കുന്ന ഉപകരണമായ മൈക്ക് രോഗവാഹക സ്രവങ്ങൾ പറ്റാൻ ഏറെ സാധ്യത ഉള്ളതായതിനാൽ അത് സാനിറ്റൈസർ പോലുള്ളവ കൊണ്ട് ഇടയ്ക്കു വൃത്തിയാക്കുന്നതും കൈകളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുന്നതും നന്നാവും.
വലിയൊരു മഹാമാരിയെ നേരിടുന്ന സന്നിഗ്ദ്ധഘട്ടം ആയതു കൊണ്ട് തന്നെ വാർത്തകളുടെ അവതരണത്തിൽ സെൻസേഷണലിസവും ധൃതിയും മാറ്റി വെച്ച്, കൃത്യതയുള്ളതും വസ്തുതാപരവുമായിരിക്കണം വാർത്തകൾ എന്ന നിഷ്കർഷ പുലർത്തണം എന്ന് ഒരപേക്ഷയുണ്ട്. ഓൺലൈൻ പോർട്ടലുകൾ വ്യാജവാർത്തകളുടെ വിളനിലമാക്കരുതെന്നും. നേരിയ പിഴവുകൾ പോലും സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇത്തരുണത്തിൽ ഉണ്ടാക്കിയേക്കാം.
പൊതുജനങ്ങൾ, ആരോഗ്യപ്രവർത്തകർ, മാദ്ധ്യമങ്ങൾ, പോലീസുകാർ, സർക്കാർ… നമ്യക്കല്ലാവർക്കും ഒന്നിച്ചു നിന്നീ വിപത്തിനെ നേരിടാം.

***
എഴുതിയത്: Dr. Jinesh PS
25March 2020
ലോകം ഇന്നലെ (മാർച്ച് 24)…?
ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തിൽ കൂടുതൽ മരണങ്ങൾ.
ചൈന, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഫ്രാൻസിലും മരണസംഖ്യ ആയിരം കടന്നു.
ആദ്യ ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്നത് ഏകദേശം മൂന്നുമാസം, അടുത്ത ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന കാലാവധി 12 ദിവസം, അടുത്ത ഒരു ലക്ഷം റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം നാല് ദിവസം, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ. അതായത് ആകെ കേസുകൾ നാലുലക്ഷം കഴിഞ്ഞു. ഇതുവരെ മരണസംഖ്യ 18,800 കഴിഞ്ഞു.
അമേരിക്കയിൽ കേസുകളുടെ സംഖ്യ ഉയരുകയാണ്. വ്യാപകമായ പരിശോധനകൾ നടക്കുന്നുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9200 ലധികം കേസുകളും 132 മരണങ്ങളും. ഇതുവരെ ആകെ 53000 ലധികം കേസുകളിൽ നിന്ന് 650 ലധികം മരണങ്ങൾ. യൂറോപ്പിന് പിന്നാലെ അടുത്ത ഏപ്പസെന്റർ ആവാനുള്ള സാധ്യതയുണ്ട്.
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 743 മരണങ്ങൾ, ഇതുവരെ 6800 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5000 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 69000 കവിഞ്ഞു.
സ്പെയിനിൽ ഇന്നലെ മാത്രം 680 മരണങ്ങൾ. ഇതോടെ മരണസംഖ്യ 2900 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 6900 ലധികം കേസുകളടക്കം ആകെ 39000 ലധികം കേസുകൾ
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3930 ലധികം കേസുകൾ, മരണങ്ങൾ 34. ഇതുവരെ ആകെ 32900 ലധികം കേസുകളിൽ നിന്ന് 157 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2400 ലധികം കേസുകളും 240 ലധികം മരണങ്ങളും. ഇതുവരെ ആകെ 22300 ലധികം കേസുകളും 1100 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 1400 ലധികം കേസുകളും 80 ലധികം മരണങ്ങളും. ഇതുവരെ ആകെ 8000 ലധികം കേസുകളിൽ നിന്നും 422 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1000 ലധികം കേസുകൾ, 2 മരണങ്ങൾ. ഇതുവരെ ആകെ 9800 ലധികം കേസുകളിൽ നിന്ന് 122 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 800 ലധികം കേസുകളും 63 മരണങ്ങളും. ഇതുവരെ ആകെ 5500 ലധികം കേസുകളിൽ നിന്ന് 276 മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 500 ലധികം കേസുകൾ, 34 മരണങ്ങൾ. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 132 മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 800 ലധികം കേസുകൾ, 7 മരണങ്ങൾ. ഇതുവരെയാകെ 5200 ലധികം കേസുകളിൽ നിന്ന് 28 മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 152 കേസുകളും 2 മരണങ്ങളും. ഇതോടെ ആകെ കേസുകൾ 2700 കടന്നു, മരണസംഖ്യ 12.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 300 ലധികം കേസുകളും 10 മരണങ്ങളും. ഇതോടെ 2300 ലധികം കേസുകളിൽനിന്ന് 33 മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 240 കേസുകളും 9 മരണങ്ങളും. ഇതോടെ 2200 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 158 കേസുകൾ. ഇതുവരെ ആകെ 12
300 ലധികം കേസുകളിൽ നിന്ന് 3 മരണം.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 343 കേസുകളും 7 മരണങ്ങളും. ഇതുവരെ 1800ലധികം കേസുകളിൽ നിന്ന് 44 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 കേസുകളും 2 മരണവും. ഇതോടെ 2700 ലധികം കേസുകളിൽനിന്ന് 26 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 270 ലധികം കേസുകൾ. ഇതുവരെ 2200 ലധികം കേസുകളിൽ നിന്ന് 46 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1700 ലധികം, 122 മരണങ്ങൾ. ആകെ കേസുകൾ 24800 കടന്നു, മരണം 1934.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 488 കേസുകൾ. ഇതുവരെ 1900 ലധികം കേസുകളിൽനിന്ന് 3 മരണം.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 76 കേസുകൾ, 9 മരണങ്ങൾ. അവിടെ ഇതുവരെ 9000 ലധികം കേസുകളിൽ നിന്ന് 120 മരണങ്ങൾ.
പാകിസ്താനിൽ ഇതുവരെ 972 കേസുകളിൽ നിന്ന് ഒരു മരണം
ചൈനയിൽ ഇതുവരെ ആകെ 81000 ലധികം കേസുകളിൽ നിന്ന് 3277 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 73000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1600 ൽ താഴെയായി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 7, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 28, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 87.
ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, ലക്സംബർഗ്, ഇക്വഡോർ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഓസ്ട്രേലിയ, അയർലൻഡ്, ലക്സംബർഗ്, റൊമാനിയ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മലേഷ്യ, ഡെൻമാർക്ക്, ചിലി, പോളണ്ട്, തായ്‌ലൻഡ്, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 24.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു.
സന്നദ്ധ സേവനത്തിനായി രണ്ടര ലക്ഷം പേരെ ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ.
ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച് ഇറ്റലി, 400 യൂറോ മുതൽ 3000 യൂറോ വരെ പിഴ.
റുമേനിയ ഇലക്ട്രോണിക് സർവൈലൻസ് ഏർപ്പെടുത്തി, പോലീസിൻറെ സഹായത്തിന് സൈന്യത്തെ വിന്യസിച്ചു.
ഹാവാർഡ് യൂണിവേഴ്സിറ്റി അധ്യക്ഷൻ ലോറൻസ് ബക്കൗഉം ഭാര്യയും കോവിഡ് 19 പോസിറ്റീവ് ആയതായി പരിശോധനാ ഫലങ്ങൾ
മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ സൗത്ത് കൊറിയയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എന്ന് വാർത്തകൾ.
ന്യൂസിലൻഡ് ഒരുമാസം നീളുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ഈജിപ്ത് രണ്ടാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു.
തായ്‌ലൻഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലോകരാജ്യങ്ങൾ എല്ലാം അതീവ ജാഗ്രത പുലർത്തുകയാണ്. ബഹു ഭൂരിപക്ഷം രാജ്യങ്ങളും രാജ്യാതിർത്തി അടച്ചുകഴിഞ്ഞു. പല രാജ്യങ്ങളിലും കർഫ്യൂ അല്ലെങ്കിൽ ലോക്ക് ഡൗൺ നിലവിലുണ്ട്. ലോകമൊന്നടങ്കം ഈ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്, പിടിച്ചുനിൽക്കാൻ, കരകയറാൻ വേണ്ടിയുള്ള പോരാട്ടത്തിൽ.
മാസ്ക് ധരിച്ചാൽ സുരക്ഷിതത്വം കിട്ടും എന്ന ചിന്താഗതി വർധിക്കുകയാണ്. തികച്ചും തെറ്റായ ധാരണയാണ് ഇത്.
വൈറസ് ബാധ ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ മറ്റൊരാളുടെ ശരീരത്തിൽ (പ്രധാനമായും മൂക്ക്, വായ, കണ്ണ്) പ്രവേശിക്കുമ്പോൾ ആണ് അസുഖ സാധ്യത ഉണ്ടാവുന്നത്. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ അസുഖം പകർന്നു നൽകാൻ ശേഷിയുണ്ടാകും. അതായത് അടുത്ത് ഇടപഴകുന്നവർക്ക് മാത്രം അസുഖം പകരാൻ സാധ്യത ഉണ്ട്. അതുപോലെതന്നെ വൈറസ് ബാധ ഉള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറു തുള്ളികൾ ചില പ്രതലങ്ങളിൽ പറ്റി പിടിച്ചിരിക്കാനും, മറ്റൊരാൾ അവിടെ സ്പർശിച്ച ശേഷം മുഖത്ത് സ്പർശിക്കുമ്പോൾ അസുഖം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ശാരീരിക അകലം പാലിക്കുക എന്നതാണ്. ഒന്നിൽ കൂടുതൽ മീറ്റർ അകലം ഉണ്ടെങ്കിൽ നന്നായിരിക്കും. രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്. നമ്മൾ സ്പർശിക്കുന്ന പ്രതലത്തിൽ വൈറസ് ഉണ്ടെങ്കിലും നമ്മുടെ ശരീരത്തിൽ എത്താൻ പാടില്ല എന്നതാവണം ലക്ഷ്യം. അതുകൊണ്ട് കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
ഇതിനുപകരം മാസ്ക് ഉപയോഗിക്കുന്നതിൽ പ്രയോജനം കാര്യമായി ലഭിക്കില്ല. പലരും തുണികൾ കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുന്നത് കണ്ടു. ഇത് യാതൊരു രീതിയിലുള്ള പ്രയോജനം തരുന്നില്ല എന്നതാണ് സത്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറച്ചുപിടിക്കുന്ന പ്രയോജനം ലഭിച്ചേക്കും എന്ന് മാത്രം. വൈറസ് ഉള്ളിലേക്ക് കയറുന്ന കാര്യത്തിൽ കാര്യമായ പ്രയോജനം ഒന്നും ലഭിക്കില്ല.
സൈക്കിൾ യാത്ര ചെയ്യുമ്പോൾ ധരിക്കുന്ന മാസ്ക് ചിലർ ഉപയോഗിച്ചു കാണുന്നു. മുകളിൽ പറഞ്ഞതുപോലെ തന്നെ ഇതും വലിയ പ്രയോജനം ചെയ്യില്ല.
മറ്റു ചിലർ സർജിക്കൽ മാസ്ക് ഉപയോഗിച്ചു കാണുന്നു. മൂന്ന് പാളികളുള്ള സർജിക്കൽ മാസ്ക് പോലും 100% സുരക്ഷിതത്വം തരുന്നില്ല. സർജിക്കൽ മാസ്കിലെ ഏറ്റവും പുറത്തെ പാളി ജലകണങ്ങളെ അബ്സോർബ് ചെയ്യില്ല എന്ന് അറിയാമല്ലോ, എന്നിട്ട് പോലും പൂർണമായ പ്രയോജനം ലഭിക്കുന്നില്ല.
ഏറ്റവും പ്രയോജനകരമായത് N95 മാസ്ക് ആണ്. അത് തുടർച്ചയായി നാലു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. ധരിച്ചശേഷം മാസ്ക്കിൽ സ്പർശിക്കാൻ പാടില്ല. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.
ഓർക്കുക, ആരോഗ്യമുള്ള ഒരു വ്യക്തി മാസ്ക് ധരിക്കേണ്ടതില്ല.
രോഗികളും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയാകും. നിലവിൽ തന്നെ ദൗർലഭ്യം ഉള്ള മാസ്ക്കുകൾ ആവശ്യമില്ലാത്തവർ ഉപയോഗിച്ചാൽ ആവശ്യമുള്ളവർക്ക് ധരിക്കാൻ ലഭിക്കുകയില്ല. അത് മറ്റുള്ളവർക്ക് അസുഖം പകർന്നു നൽകാൻ കൂടുതൽ കാരണമാവുകയും ചെയ്യും.
ഇങ്ങനെയുള്ള അവസരങ്ങളിൽ വിഭവശേഷി ബുദ്ധിപരമായ രീതിയിൽ വിനിയോഗിക്കണം.
മാസ്ക്ക് ധരിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം, അവരോട് തർക്കിക്കാൻ വേണ്ടി പറയുന്നതല്ല. അവർക്കുകൂടി ഗുണം ലഭിക്കാൻ വേണ്ടി പറയുന്നതാണ്.
ഇന്ത്യയും കേരളവും അവലോകനം അടുത്ത പോസ്റ്റിൽ…
ലോക്ക് ഡൗൺ നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും. എല്ലാവർക്കും ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതിനെ മറികടക്കണം. ഫോൺ വഴിയുള്ള സൗഹൃദങ്ങൾ പുതുക്കാനും എഴുതാനും വായിക്കാനും ടിവി കാണാനും മക്കളോടും മാതാപിതാക്കളോടും കൊച്ചു മക്കളോടും ഒപ്പം ഒരുമിച്ച് കുറച്ചുകാലം ചിലവിടാനും ലഭിക്കുന്ന അവസരമായി കാണണം. അടുത്ത വീടുകളിൽ താമസിക്കുന്നവരുടെ ഭക്ഷണം, മരുന്നുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉണ്ടോ എന്ന് ഫോൺ വിളിച്ച് അന്വേഷിക്കുന്നത് നന്നാവും. നേരിട്ട് പോകരുത്, ഫോൺ വിളിച്ച് അന്വേഷിക്കുക. പിണക്കങ്ങൾ മാറ്റാനും സൗഹൃദങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിക്കുക.
ഒരു അഭ്യർത്ഥന കൂടിയുണ്ട്, ദയവുചെയ്ത് വാട്സാപ്പ് വഴി പരോപകാരപ്രദം എന്ന രീതിയിൽ മണ്ടത്തരങ്ങൾ ഫോർവേഡ് ചെയ്യരുത്. ചിലപ്പോൾ മറ്റൊരാൾകൂടി അബദ്ധത്തിൽ ആവും.
നമുക്ക് ഒരുമിച്ച് നിന്ന് കരകയറാം, ശാരീരിക അകലം പാലിച്ചുകൊണ്ട് സാമൂഹിക ഒരുമ പുലർത്തിക്കൊണ്ട് കരകയറാം.

***
എഴുതിയത്: Dr. Manoj Vellanad, Dr. Deepu Sadasivan & Dr. Jinesh PS
24March 2020
ഇതുവരെ രോഗം സുഖപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
മരണസംഖ്യയിൽ കോവിഡ് 19 സമീപകാല പകർച്ചവ്യാധികളെ മറികടക്കുന്നു. 10% മരണ നിരക്കുള്ള SARS ബാധിച്ചത് 8500 ഓളം പേരിൽ, 800 ലധികം മരണങ്ങൾ. 30 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള MERS ബാധിച്ചത് രണ്ടായിരത്തി അഞ്ഞൂറോളം പേരെ, 850 ലധികം മരണങ്ങൾ. 50 % ഓളം മരണ നിരക്കുള്ള എബോള ബാധിച്ചത് നാൽപ്പത്തയ്യായിരത്തോളം പേരിൽ, മരണസംഖ്യ 15000 ൽ കൂടുതൽ. ഇവയുമായി താരതമ്യം ചെയ്താൽ മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും, പകർച്ചാ നിരക്ക് വളരെയധികം കൂടുതലുള്ള കോവിഡ് മൂന്നേമുക്കാൽ ലക്ഷം പേരെ ബാധിച്ച് 16500 ലധികം മനുഷ്യ ജീവൻ അപഹരിച്ചു കഴിഞ്ഞു.
ഇന്നലെ 1800-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 16,500 കടന്നു. ഇതുവരെ ആകെ 378000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 41000 ൽ കൂടുതൽ കേസുകൾ. ചൈനയ്ക്കും ഇറ്റലിക്കും പുറമേ സ്പെയിനിലും രണ്ടായിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലാകെ സ്ഥിതിഗതികൾ മോശമാവുകയാണ്. അമേരിക്കയിൽ മാത്രം ഇന്നലെ സ്ഥിരീകരിച്ചത് പതിനായിരത്തിൽ കൂടുതൽ കേസുകൾ.
ഇറ്റലിയിൽ നിന്ന് ഇന്നും കേൾക്കുന്നത് മോശം വാർത്തകൾ ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 601 മരണങ്ങൾ, ഇതുവരെ 6000 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 6000 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 63900 കവിഞ്ഞു.
സ്പെയിനിൽ ഇന്നലെ മാത്രം 539 മരണങ്ങൾ. ഇതോടെ മരണസംഖ്യ 2300 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 6300 ലധികം കേസുകളടക്കം ആകെ 35000 ലധികം കേസുകൾ
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4100 ലധികം കേസുകൾ, മരണങ്ങൾ 24. ഇതുവരെ ആകെ 29000 ലധികം കേസുകളിൽ നിന്ന് 118 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3800 ലധികം കേസുകളും 180 ലധികം മരണങ്ങളും. ഇതുവരെ ആകെ 19800 ലധികം കേസുകളും 860 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 960 ലധികം കേസുകളും 50 ലധികം മരണങ്ങളും. ഇതുവരെ ആകെ 6600 ലധികം കേസുകളിൽ നിന്നും 335 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1300 ലധികം കേസുകൾ, 22 മരണങ്ങൾ. ഇതുവരെ ആകെ 8700 ലധികം കേസുകളിൽ നിന്ന് 120 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 34 മരണങ്ങളും. ഇതുവരെ ആകെ 4700 ലധികം കേസുകളിൽ നിന്ന് 213 മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 340 ലധികം കേസുകൾ, 13 മരണങ്ങൾ. ഇതുവരെ ആകെ 3700 ലധികം കേസുകളിൽ നിന്ന് 88 മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 800 ലധികം കേസുകൾ, 5 മരണങ്ങൾ. ഇതുവരെയാകെ 4400 ലധികം കേസുകളിൽ നിന്ന് 21 മരണങ്ങൾ.
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 162 കേസുകളും മൂന്ന് മരണങ്ങളും. ഇതോടെ ആകെ കേസുകൾ 2500 കടന്നു, മരണസംഖ്യ 10.
പോർച്ചുഗലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 460 കേസുകളും 9 മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 23 മരണങ്ങൾ.
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 112 കേസുകളും നാല് മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽ നിന്ന് 25 മരണങ്ങൾ.
ചെക്ക് റിപ്പബ്ലിക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 112 കേസുകൾ. ഇതുവരെ ആകെ 1200 ലധികം കേസുകളിൽ നിന്ന് ഒരു മരണം.
തുർക്കിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 293 കേസുകളും 7 മരണങ്ങളും. ഇതുവരെ 1500ലധികം കേസുകളിൽ നിന്ന് 37 മരണങ്ങൾ.
അമേരിക്കയിൽ ഇന്നലെ മാത്രം 10000 ലധികം കേസുകളും 139 മരണങ്ങളും, ഇതുവരെ ആകെ 43700 ലധികം കേസുകളിൽനിന്ന് 552 മരണങ്ങൾ.
കാനഡയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 621 കേസുകളും 4 മരണങ്ങളും. ഇതോടെ രണ്ടായിരത്തിലധികം കേസുകളിൽനിന്ന് 24 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 340 ലധികം കേസുകൾ. ഇതുവരെ 1800 ലധികം കേസുകളിൽ നിന്ന് 34 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1400 ലധികം, 123 മരണങ്ങൾ. ആകെ കേസുകൾ 21500 കടന്നു, മരണം 1685.
ഇസ്രയേലിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 370 കേസുകൾ. ഇതുവരെ ആയിരത്തി നാനൂറിലധികം കേസുകളിൽനിന്ന് ഒരു മരണം.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 64 കേസുകൾ, 7 മരണങ്ങൾ. അവിടെ ഇതുവരെ 8900 ലധികം കേസുകളിൽ നിന്ന് 111 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3270 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 72700 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1800 ൽ താഴെയായി. തുടർച്ചയായ അഞ്ചാം ദിവസവും വുഹാൻ-ഹുബൈ പ്രവിശ്യകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പതിനായിരത്തിലധികം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 7, ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 26, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 84.
ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, ഡെന്മാർക്ക്, അയർലണ്ട്, എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഓസ്ട്രേലിയ, മലേഷ്യ, അയർലൻഡ് എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പോളണ്ട്, ചിലി, റുമേനിയ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, ഇക്വഡോർ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 10.00 CET 23.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
കൂടുതൽ ലാബ് പരിശോധനകൾ നടക്കുന്ന രാജ്യങ്ങളിലാണ് അസുഖം ഫലപ്രദമായി നിയന്ത്രിക്കുന്നതായും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തുന്നതായും കാണുന്നത്. ഉദാഹരണമായി തെക്കൻ കൊറിയ, മരണനിരക്ക് ഒന്നര ശതമാനത്തിൽ താഴെ. ജർമനി, മരണ നിരക്ക് അര ശതമാനത്തിൽ താഴെ. സ്വിറ്റ്സർലൻഡ്, മരണനിരക്ക് ഒന്നര ശതമാനത്തിൽ താഴെ. ഈ രാജ്യങ്ങളിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും ഇതിനൊരു കാരണമാണ്.
കോവിഡ് ചികിത്സക്കായി ഡോക്ടറുടെ നിർദേശമില്ലാതെ ക്ലോറോക്വിൻ ഫോസ്ഫേറ്റ് കഴിച്ച ഒരാൾ അമേരിക്കയിൽ മരണമടഞ്ഞു. ആളുടെ ഭാര്യ ഇപ്പോൾ ക്രിട്ടിക്കൽ കെയറിൽ അഡ്മിറ്റ് ആണ്. കോവിഡ് 19 അസുഖത്തിന് പ്രതിരോധമായോ മരുന്ന് ആയോ ക്ലോറോക്വിൻ ഉപയോഗിക്കരുത് എന്ന് Banner Health നിർദ്ദേശിക്കുന്നു.
നൈജീരിയയിൽ രണ്ട് ക്ലോറോക്വിൻ പോയ്സണിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് വാണിംഗ് നല്കിയിരുന്നു.
ഗന്ധം രുചി എന്നിവ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നത് കോവിഡിന്റെ പ്രാരംഭ ലക്ഷണം ആണ് എന്ന് സ്ഥിരീകരിക്കാൻ സാധിച്ചട്ടില്ല എന്ന് ലോകാരോഗ്യസംഘടന.
ഇറ്റലിയിലേക്ക് ക്യൂബ 52 അംഗ മെഡിക്കൽ സംഘത്തെ അയച്ചു.
ആശുപത്രികളിൽ ബെഡ്ഡുകൾ, സ്റ്റാഫ് നിയമനം, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ജർമൻ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. തയ്യാറാക്കുന്ന ബെഡ് ഒന്നിന് അൻപതിനായിരം രൂപ സർക്കാർ നൽകും.
സാഹചര്യം നേരിടാൻ 12000 വെൻറിലേറ്ററുകൾ സജ്ജമാക്കിയതായി യുകെ. നാഷണൽ ഹെൽത്ത് സർവീസിൽ 5000 വെൻറിലേറ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
ബ്രസീലിൽ സാവോപോളോ ഫുട്ബോൾ സ്റ്റേഡിയം ആശുപത്രിയായി മാറ്റാൻ സാധ്യത.
യുകെ ജനങ്ങളോട് വീട്ടിൽ തന്നെ കഴിയണം എന്ന് നിർദേശിച്ചിട്ടുണ്ട്.
യുകെ സുപ്രീംകോടതി വീഡിയോ കോൺഫറൻസ് വഴി കേസുകൾ പരിഗണിക്കും.
യുകെയിൽ PPE അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ വിതരണം ചെയ്യുന്നത് സൈന്യം.
ഡെന്മാർക്ക് ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ ദീർഘിപ്പിച്ചു.
ജർമൻ ചാൻസലർ അംഗേല മെർക്കലിന്റെ പരിശോധനാഫലം നെഗറ്റീവ്.
ജൂൺ ഒന്നുവരെ പൊതു ചടങ്ങുകൾ നിരോധിച്ച് ഡച്ച് സർക്കാർ.
സൗദി അറേബ്യ 21ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായ മൂന്ന് ഡോക്ടർമാർ ഫിലിപ്പൈൻസിൽ കോവിഡ് രോഗ ബാധ മൂലം മരിച്ചതായി വാർത്തകൾ.
കൊറോണ നിയന്ത്രണത്തിന് സെനഗൽ സൈനിക സഹായം തേടി.
നമീബിയ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ബോട്സ്വാന പ്രസിഡൻറ് 14 ദിവസം സെൽഫ് ഐസൊലേഷൻ സ്വീകരിക്കുന്നു.
ലോക്ക് ഡൗൺ, ടുണീഷ്യ സൈന്യ സഹായം തേടി.
സെനഗൽ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സൗത്താഫ്രിക്ക 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
സൈപ്രസ് ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്ന് ജോർദാൻ പ്രഖ്യാപിച്ചു.
ഇന്ത്യ, ജോർദാൻ എന്നീ രാജ്യങ്ങൾ ആരോഗ്യ പ്രവർത്തകർക്കും ക്ലോസ് കോൺടാക്ട് നടക്കൽ ഉള്ളവർക്കും പ്രതിരോധത്തിനായി ക്ലോറോക്വിൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമില്ലാതെ ഒരു കാരണവശാലും ഈ മരുന്ന് കഴിക്കാൻ പാടില്ല.
ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പല രാജ്യങ്ങളും അറിയിച്ചു. ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ സാധ്യത.
ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ നല്ലൊരു ശതമാനം ദുബായിൽ നിന്ന് വന്നവർ. എന്നാൽ യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഇരുനൂറിൽ താഴെ മാത്രം. എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല. അവിടെ പരിശോധനകൾ കുറയുന്നത് ആണോ വിവരങ്ങൾ കൃത്യമായി പുറത്ത് അറിയാത്തതാണോ എന്ന് വ്യക്തമാകുന്നില്ല.
ഇന്ത്യയിൽ
ആകെ രോഗികളുടെ എണ്ണം 468 ആയപ്പോൾ കൊവിഡ് മൂലമുള്ള മരണസംഖ്യ 9 ആണ്. അതായത് മരണനിരക്ക് 2 ശതമാനം.
28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യയിൽ 30 ഇടങ്ങളിൽ (സംസ്ഥാനങ്ങൾ + കേന്ദ്രഭരണപ്രദേശം) ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ രോഗബാധ സ്ഥിരീകരിച്ച ജില്ലകളെ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്.
പഞ്ചാബും മഹാരാഷ്ട്രയും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, മിസോറം എന്നിവയാണ്. ലക്ഷദ്വീപ് സഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്ര നാളെയോടെ (25/3/20) പൂർണമായി നിർത്തും. അന്താരാഷ്ട്ര യാത്രകൾക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.
അതേ സമയം ആയുഷ് ആശുപത്രികളിലെ അടിയന്തിര പ്രാധാന്യമില്ലാത്ത രോഗികളെ വീട്ടിൽ വിടാനും ആയുഷ് ഡോക്ടർമാർ കൊവിഡ് രോഗത്തിൻ്റെ ലക്ഷണമുള്ളവരെ ചികിത്സിക്കുന്നത് നിർത്തണമെന്നും സംശയം തോന്നുന്നവരെ അടുത്തുള്ള കൊറോണ ക്ലിനിക്കിലേക്ക് വിടണമെന്നും ആയുഷ് മന്ത്രാലയം സർക്കുലർ ഇറക്കിയിട്ടുണ്ട്. വളരെ സ്വാഗതാർഹമായ തീരുമാനം
കേരളം
കേരളത്തിൽ കാസർഗോഡ് ജില്ലയെ ഐസൊലേഷനും ബാക്കി ജില്ലകളെ ക്വാറൻ്റൈനിലുമാക്കി സമ്പൂർണ ലോക്ക് ഡൗൺ. മാർച്ച് 31 വരെ.
ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.. ഇതിൽ 19 പേരും കാസർഗോഡ് ജില്ലക്കാരാണ്. 5 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും 2 പേർ എറണാകുളം ജില്ലയിലും ഒരാൾ തൃശൂർ ജില്ലയിലും ഉള്ളവരാണ്.
ഇവരിൽ 25 പേരും ദുബായിൽ നിന്നും വന്നവരാണ്. ഇതോടെ കേരളത്തില്‍ 95 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. കേരളത്തിലാകെ രോഗമുക്തി നേടിയവർ 4 ആണ്.
സംസ്ഥാനത്താകെ 64,320 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ്.
കേരളത്തിലെ പ്രധാന ലോക് ഡൗൺ വിശേഷങ്ങൾ
സംസ്ഥാന അതിർത്തികൾ അടയ്ക്കും.
പൊതു ഗതാഗത മാർഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
സ്വകാര്യ വാഹനങ്ങൾ നിരോധിക്കില്ല.
പെട്രോൾ പമ്പുകൾ അടച്ചിടില്ല.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.
ഭക്ഷണം, വൈദ്യുതി, വെള്ളം, ടെലികോം, ഔഷധങ്ങൾ എന്നീ അവശ്യ സംവിധാനങ്ങൾക്ക് മുടക്കമില്ല.
അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും താമസവും ഭക്ഷണവും ലഭിക്കുന്നു എന്ന് ഉറപ്പാക്കും.
കൊറോണ നിരീക്ഷണത്തിൽ ഉള്ളവർ യാത്ര ചെയ്യുന്നത് കർശനമായി തടയും.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. എന്നാൽ ഹോം ഡെലിവറി, പാർസൽ എന്നിവയ്ക്ക് തടസ്സമില്ല.
ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ലാ…
കൊറോണ ചികിത്സിക്കാൻ ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ എന്ന ആശയം വളരെയധികം ഗുണപ്രദമായ ഒന്നാണ്.
ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പു വരുത്താൻ ബന്ധപ്പെട്ട ആശുപത്രികൾക്ക് അടുത്തു തന്നെ താമസസൗകര്യവും ഭക്ഷണവും ഒരുക്കുമെന്ന കാര്യവും നല്ലത്. അതേ സമയം ഈ ആരോഗ്യപ്രവർത്തകർക്ക് സ്വന്തം വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്ന വിധത്തിൽ ഡ്യൂട്ടികൾ നിർണയിക്കുന്നത് നന്നായിരിക്കും. 3 ദിവസം ഡ്യൂട്ടി, 3 ദിവസം ഓഫ് എന്ന രീതിയിലൊക്കെ. അവരാരും ക്വാറൻ്റൈനിൽ അല്ലെങ്കിൽ മാത്രം.
കാരണം, എല്ലാവരും വീടുകളിലുള്ള സമയമാണ്. ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യത്തിനിത് ഗുണപ്രദമാകും.
ആശുപത്രികളിൽ ആവശ്യത്തിനുള്ള വ്യക്തിഗത സുരക്ഷാ സാമഗ്രികൾ (PPE) ഏർപ്പെടുത്തുന്ന വിഷയം വീണ്ടും ശ്രദ്ധയിൽ പെടുത്തുന്നു.
പുതുതായി 276 ഡോക്ടർമാരെയും 400 ഹെൽത്ത് ഇൻസ്പെക്റ്റർമാരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെയും ശ്ലാഘിക്കുന്നു.
പ്രിയപ്പെട്ടവരേ, അസാധാരണമായ സാഹചര്യങ്ങളാണ്. ഒരുമിച്ച് നിന്ന് നമുക്കീ വിപത്തിനെ നേരിടാം.

***
എഴുതിയത്: Dr Jinesh PS, Dr Deepu Sadasivan , Dr Manoj Vellanad
23March 2020
തുടർച്ചയായ നാലാം ദിവസവും വുഹാൻ പ്രവിശ്യയിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനുവരി 23 ന് ആരംഭിച്ച ലോക്ക് ഡൗൺ പിൻവലിക്കുകയാണ്, അതായത് രണ്ട് മാസം ലോക്ക് ഡൗൺ. ചൈനയിൽ 108 പേർക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകി.
ഇന്നലെ 1600-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 14,500 കടന്നു. ഇതുവരെ ആകെ 336000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 31000 ൽ കൂടുതൽ കേസുകൾ.
ഇറ്റലിയിൽ നിന്ന് ഇന്നും കേൾക്കുന്നത് മോശം വാർത്തകൾ ആണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 651 മരണങ്ങൾ, ഇതുവരെ 5400 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5500 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 59000 കവിഞ്ഞു.
യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ ഇന്നലെ മാത്രം 375 മരണങ്ങൾ. ഇതോടെ മരണസംഖ്യ 1750 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട ചെയ്യപ്പെട്ട 3100 ലധികം കേസുകളടക്കം ആകെ 28000 ലധികം കേസുകൾ
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2400 ലധികം കേസുകൾ, മരണങ്ങൾ 10. ഇതുവരെ ആകെ 24500 ലധികം കേസുകളിൽ നിന്ന് 94 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1500 ലധികം കേസുകളും 110 ലധികം മരണങ്ങളും. ഇതുവരെ ആകെ 16000 ലധികം കേസുകളും 674 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 600 ലധികം കേസുകളും 40 ലധികം മരണങ്ങളും. ഇതുവരെ ആകെ 5600 ലധികം കേസുകളിൽ നിന്നും 281 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകൾ, 18 മരണങ്ങൾ. ഇതുവരെ ആകെ 7400 ലധികം കേസുകളിൽ നിന്ന് 98 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 500 ലധികം കേസുകളും 43 മരണങ്ങളും. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 179 മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 550 ലധികം കേസുകൾ, 8 മരണങ്ങൾ. ഇതുവരെ ആകെ 3400 ലധികം കേസുകളിൽ നിന്ന് 75 മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെ 500 ലധികം കേസുകൾ, 8 മരണങ്ങൾ. ഇതുവരെയാകെ 3500 ഓളം കേസുകളിൽ നിന്ന് 16 മരണങ്ങൾ.
അമേരിക്കയിൽ ഇന്നലെ മാത്രം 9300 ലധികം കേസുകളും 112 മരണങ്ങളും, ഇതുവരെ ആകെ 33300 ലധികം കേസുകളിൽനിന്ന് 414 മരണങ്ങൾ.
ബ്രസീൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 350 ലധികം കേസുകൾ. ഇതുവരെ 1500 ലധികം കേസുകളിൽ നിന്ന് 25 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ആയിരത്തിലധികം, 129 മരണങ്ങൾ. ആകെ കേസുകൾ 21500 കടന്നു, മരണം 1685.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 98 കേസുകൾ, അവിടെ ഇതുവരെ 8900 ഓളം കേസുകളിൽ നിന്ന് 104 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3261 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 72400 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1900 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 25, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 79.
ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, പോർച്ചുഗൽ, കാനഡ, ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഇസ്രയേൽ, തുർക്കി എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തുർക്കി, പോർച്ചുഗൽ, ഇക്വഡോർ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലക്സംബർഗ്, മലേഷ്യ, അയർലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, ഇസ്രയേൽ, കാനഡ, സൗദി അറേബ്യ, തായ്‌ലൻഡ്, ഫിൻലാൻഡ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 23.59 CET 21.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
മാസ്ക് നിർമ്മാതാക്കൾ ന്യൂയോർക്കിലേക്ക് 5 ലക്ഷം N95 മാസ്കുകൾ കയറ്റി അയച്ചു.
വാക്സിൻ നൽകിയ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജർമൻ ചാൻസലർ അംഗേല മെർക്കൽ ക്വാറന്റൈൻ സ്വീകരിച്ചു.
ഇറ്റാലിയൻ ഫുട്ബോൾ താരങ്ങൾ പൗലോ മാൽഡീനി, പൗലോ ഡിബാല എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
റയൽ മാഡ്രിഡ് മുൻ അധ്യക്ഷൻ ലോറെൻസോ സാൻസ് രോഗ ബാധ മൂലം അന്തരിച്ചു.
പൊതുസ്ഥലങ്ങളിൽ രണ്ടുപേരിൽ കൂടുതൽ ഉൾപ്പെട്ട കൂടിച്ചേരലുകൾ ജർമ്മനി നിരോധിച്ചു.
ഒരാഴ്ചയായി തുടരുന്ന ലോക്ക് ഡൗൺ സ്പെയിൻ രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചു.
റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതോടെ ക്രൊയേഷ്യയിൽ സ്ഥിതി സങ്കീർണമായി.
പബ്ബുകളും ജിമ്മുകളും ആരാധനാലയങ്ങളും അടച്ച് ഓസ്ട്രേലിയ.
ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ലബനൻ സൈന്യ സഹായം തേടി.
പാകിസ്ഥാൻ എല്ലാ അന്തർ ദേശീയ വിമാന സർവീസുകളും നിർത്തലാക്കി. ജനങ്ങളോട് രണ്ടാഴ്ച വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചു.
ഇറാഖ് മാർച്ച് 28 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ദേശീയ തലത്തിൽ നടന്ന പ്രധാന സംഭവഗതികൾ ..?
രോഗനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിബന്ധനകൾ / നിയന്ത്രണങ്ങൾ ?
1, 75 ജില്ലകളിൽ ലോക്ക് ഡൗൺ
സന്നിഗ്ദ്ധ ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോവുന്നത്, കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നതിന്റെ സൂചനകളാണ് ഈ നടപടികൾ.
രോഗമുള്ള വ്യക്തികളെ കണ്ടെത്തുകയോ, രോഗത്താൽ മരണം സംഭവിക്കുകയോ ചെയ്ത 75 ജില്ലകളിൽ ലോക്ക് ഡൌൺ ഏർപ്പെടുത്താൻ തീരുമാനം ആയി.
കോവിഡ് പാൻഡെമിക് പശ്ചാത്തലത്തിൽ, ഫുൾ ലോക്ക് ഡൌൺ എന്നാൽ ആ പ്രസ്തുത സമൂഹത്തിലെ അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും ആളുകളുടെ സഞ്ചാരവും നിർത്തി വെച്ച് ആൾക്കാർ വീടുകളിൽ കഴിയുന്ന അവസ്ഥയാണ്.
അവശ്യ സർവീസ് എന്തൊക്കെയാണ് എന്നത് പ്രാദേശിക തലത്തിൽ അതാത് സംസ്ഥാനങ്ങൾ ആയിരിക്കും തീരുമാനിക്കുക. പാൽ, മരുന്ന് കടകൾ, പെട്രോൾ പമ്പ്, ഗ്രോസറികൾ കിട്ടുന്ന കടകൾ, ATM & ബാങ്കുകൾ, ആശുപത്രികൾ, മാധ്യമങ്ങൾ, പ്രധാന ഓഫീസുകൾ എന്നിവയാവും സാധാരണ ഇതിൽ പെടുക.
എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടില്ലെങ്കിലും പലയിടങ്ങളിലും സംസ്ഥാന സർക്കാരുകൾ വിവിധ തലത്തിൽ, വിവിധ കാലയളവിലേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.
2, ജനതാ കർഫ്യു –
സാമൂഹിക വ്യാപനം തടയാനുള്ള സോഷ്യൽ ഡിസ്റ്റൻസിങ് എന്ന സന്ദേശം നൽകേണ്ട കർഫ്യൂവിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ഖേദകരമാണ്.
അതിലൂടെ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്താതിരിക്കുകയും, അത് സ്വാശീകരിക്കാതെ കുറെ പേരെങ്കിലും അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു.
ഇന്നലെ മുതൽ തുടങ്ങിയ നുണ പ്രചാരണങ്ങൾക്കെതിരെ ബഹു: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പ്രതികരിക്കേണ്ട സാഹചര്യവും ഉണ്ടായി.
“ചില സാമൂഹിക ദ്രോഹികൾ നുണപ്രചരണം നടത്തുന്നു ജനതാ കർഫ്യൂ കഴിഞ്ഞാൽ വൈറസുകൾ ചത്തു പോവുമെന്ന്….9 മണി കഴിഞ്ഞു ജനങ്ങളെ തെരുവിലിറക്കാനാണിവർ ശ്രമിക്കുന്നതെന്നും, ഇത് തെറ്റായ പ്രചരണമാണെന്നും” അദ്ദേഹം എഴുതി.
തലേ ദിവസം പലയിടങ്ങളിലും നടന്ന “പാനിക് ഷോപ്പിംഗ്” ആൾക്കൂട്ടങ്ങൾ സൃഷ്ടിച്ചു. കൂടാതെ വൈകുന്നേരം കൈകൊട്ടിയും പാത്രം കൊട്ടിയും ആദരവ് പ്രകടിപ്പിക്കാൻ കുറെ പേരെങ്കിലും ഒത്തു കൂടുകയും തെരുവിൽ ഇറങ്ങുകയും ചെയ്തത് ഈ പ്രതീകാല്മക നടപടിയുടെ ഉദ്ദേശത്തിനു തന്നെ വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു.
കൈകൊട്ടുമ്പോൾ ഉണ്ടാവുന്ന തരംഗങ്ങളെക്കുറിച്ചു കപടശ്ശാസ്ത്ര “പ്രബന്ധങ്ങൾ” തന്നെ രചിച്ച പ്രമുഖരും, വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റി വഴി കിട്ടിയ വിവരം ആധികാരികം പോലെ ചാനലുകളിൽ തട്ടി മൂളിച്ച സെലിബ്രിറ്റികളും ഗുണത്തേക്കാളേറെ ദോഷം ആണ് ചെയ്തത്.
3, രാജ്യത്തെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 396 ആയി, മരണം 7. (മാർച്ച് 22 )
4, മാർച്ച് 31 വരെ ഇന്ത്യയിലുടനീളം എല്ലാ പാസഞ്ചർ ട്രെയിൻ പ്രവർത്തനങ്ങളും മെട്രോ റെയിൽ സർവീസുകളും അന്തർ സംസ്ഥാന ബസ് യാത്രയും നിർത്തി വെച്ചു.
4, രാജ്യത്തെ പത്തു ലക്ഷം വരുന്ന പാരാ മിലിട്ടറി സേനയോട് യാത്രകൾ ഒഴിവാക്കി അവർ നിലവിലുള്ള കേന്ദ്രങ്ങളിൽ തുടരാൻ നിർദ്ദേശമായി.
ആശ്വാസജനകമായ നടപടികൾ…?
അപേക്ഷ ലഭിച്ചതിൽ നിന്നും അറുപതു പ്രൈവറ്റ് ലാബുകൾക്ക് കോവിഡ് 19 ടെസ്റ്റ് നടത്താനുള്ള അനുമത്രി കേന്ദ്ര സർക്കാർ നൽകി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ചീഫ് ബൽറാം ഭാർഗവ, ആഴ്ചയിൽ 60,000-70,000 ടെസ്റ്റുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് രാജ്യം എന്ന് പ്രസ്താവിച്ചു. നാളിതു വരെ 15000 ത്തോളം പേർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തിയിട്ടുണ്ട്.
1200 പുതിയ വെന്റിലേറ്ററുകൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും രാജ്യത്തെ ഓരോ സംസ്ഥാനത്തും കൊറോണ വൈറസ് രോഗികളെ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ആശുപത്രി ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഐസൊലേഷന് വേണ്ടി പ്രത്യേകമായി ആശുപത്രികൾ രാജ്യത്തു കണ്ടെത്തുന്ന പ്രക്രിയ നടക്കുന്നുണ്ട്. ഉദാ: ഹരിയാനയിലെ 800 ബഡ്ഡുകൾ ഉള്ള ഐഐഎംസ് ആശുപത്രി സംവിധാനം കോവിഡ് രോഗികൾക്ക് ഐസൊലേഷന് വേണ്ടി മാത്രമായി മാറ്റി വെക്കാൻ സജ്ജീകരണമായി.
കേരളം …?
രാജ്യത്താകെ കൊവിഡ് കാരണം കനത്ത നിയന്ത്രണങ്ങൾ വരുമ്പോൾ, മുമ്പുള്ള രണ്ടുദിവസങ്ങളിലും 12 പുതിയ രോഗികൾ വീതമുണ്ടായ കേരളത്തിൽ, ഇന്നലെ 15 പേരാണ് പുതുതായുണ്ടായത്. അതിൽ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.
ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59295 പേർ ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.
കേരളത്തിലെ 7 ജില്ലകൾക്ക് കേന്ദ്രസർക്കാർ പെട്ടന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആദ്യമൊരാശങ്കയുണ്ടാക്കിയെങ്കിലും അവ കർശനനിയന്ത്രണങ്ങളിലൊതുക്കിയത് പൊതുവേ ആശ്വാസം പകർന്നു. പക്ഷെ ഏഴല്ലാ,14 ജില്ലകളും വരും ദിവസങ്ങളിൽ ലോക് ഡൗണിലേക്ക് പോകാമെന്ന ധാരണ നമുക്കുണ്ടാവണം. നിലവിൽ 2 ജില്ലകളിൽ 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
കർശനനിയന്ത്രണങ്ങൾക്കിടയിലും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുമെന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാവാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുമാത്രം കടകളിൽ ചെന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം.
കേരളത്തിലെ 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാരെ ഉൾപ്പെടുത്തി, ആരോഗ്യവകുപ്പ് പ്ലാൻ ചെയ്യുന്ന ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ കാമ്പയിനും മികച്ച പദ്ധതിയാണ്. ജനങ്ങൾ പൂർണ പിന്തുണ നൽകണം. അവർ അങ്കണവാടി പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഫോണ്‍ മുഖേന ബന്ധപ്പെട്ട് ജനങ്ങളുടെ, പ്രത്യേകിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും, പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെടുകയും
വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്‍മ്മിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ / ജെ.പി.എച്ചിനെ അറിയിക്കുകയും വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും.
ഐസൊലേഷനിൽ നിന്ന് മുങ്ങി നടന്നവർക്കെതിരെയും ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയവർക്കെതിരെയും വ്യാജമരുന്ന് വിൽപ്പന നടത്തിയവർക്കെതിരെയും നിയമനടപടി സ്വീകരിച്ചതും നന്നായി.
അടിയന്തിരമായി ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനവും നമുക്കത്യാവശ്യമാണ്. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തിയുള്ള പ്ലാൻ B (126 hospitals) യും പ്ലാൻ C (122) യും സ്വാഗതാർഹമാണ്.
ഒപ്പം ആരോഗ്യപ്രവർത്തകർക്കാവശ്യമായ വ്യക്തിഗത സുരക്ഷാ സാമഗ്രികളുടെ ദൗർലഭ്യം ഒരിക്കൽ കൂടി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുകയാണ്. മാത്രമല്ല പലയിടങ്ങളും, സർക്കാർ ആശുപത്രികളിലുൾപ്പെടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്നവർ അവിടെ തന്നെയുള്ള ഓഫീസ് സ്റ്റാഫുകളിൽ നിന്നും വിവേചനം നേരിടുന്നുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കളയുന്ന ഇക്കാര്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്.
ബാർ – ഇങ്ങനെയൊരു അവസ്ഥയിൽ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത് ഗുണകരമാവില്ല. മദ്യലഹരിയിൽ നിർദ്ദേശിക്കപ്പെട്ട ശുചിത്വ മാർഗങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ബാറുകൾ അടയ്ക്കാനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ബിവറേജസ് അടക്കം മദ്യം പൂർണമായി നിർത്തലാക്കിയാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ചിലരിലെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഡെലീരിയം പോലുള്ള സങ്കീർണ്ണ അവസ്ഥകൾ എത്താനുള്ള സാധ്യത പോലും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അങ്ങനെയുള്ള ആശുപത്രി പ്രവേശനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ ബിവറേജസ് ഓൺലൈൻ വഴി വിൽപ്പന നടത്തുകയാണ് ഉചിതം. വെർച്വൽ ക്യൂ, ടോക്കൺ സമ്പ്രദായം പോലുള്ള നടപടികൾ എത്രമാത്രം പ്രയോജനം ചെയ്യും എന്ന് അറിയില്ല.
മദ്യം ആരോഗ്യത്തിന് ഹാനികരമല്ല എന്നല്ല പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് നിർത്തിയാൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു മെഡിക്കൽ അവസ്ഥ മാത്രമാണ് പറയുന്നത്. യാതൊരു കാരണവശാലും മദ്യപിച്ച് വാഹനം ഓടിക്കരുത്. ഒരു അപകടം പറ്റി ആശുപത്രിയിലെത്താൻ പറ്റിയ സമയമല്ലിത്.
ഇനി…?
സാമൂഹിക വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒരു പ്രധാന ഉപാധി ആണെങ്കിലും,
ലോകാരോഗ്യ സംഘടന പലവുരു ആവർത്തിച്ച് പറയുന്ന ഒരു കാര്യം ഒരൊറ്റ തന്ത്രം കൊണ്ട് രോഗ വ്യാപനം തടയാനാവില്ല.
ഇന്ത്യ പോലെ ജനസംഖ്യ കൂടിയ, വൈവിധ്യമാർന്ന തയുള്ള, പരിമിതികളുള്ള സമൂഹത്തിൽ ലോക്ക് ഡൗൺ എങ്ങനെ എത്ര നാൾ പാലിക്കാനാവും, മറ്റു പല വിധ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് അത് നയിക്കുമോ എന്നതൊക്കെ കാത്തിരുന്ന് ഉത്തരം കാണേണ്ട ചോദ്യങ്ങളാണ്.
പക്ഷേ ലോകാരോഗ്യ സംഘടന നിർദ്ദേശിക്കും പോലെ
കൂടുതൽ പേരെ ടെസ്റ്റ് ചെയ്ത് നേരത്തെ കണ്ടെത്തുക,
ഗുരുതരാവസ്ഥയിലേക്ക് പോവും മുൻപേ അവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുക. സമ്പർക്കത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുക എന്നിങ്ങനെയുള്ള നടപടികൾക്കും തുല്യ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ദിവസം പതിനായിരക്കണക്കിന് പരിശോധനകൾ നടത്താൻ ഉള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് അഭികാമ്യം.
കൂടാതെ, സാമൂഹിക വ്യാപനം നടന്നാൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയേക്കും എന്നതിനാൽ ചികിത്സാ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തൽ, കൂടുതൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കൽ, ഗവേഷണങ്ങൾ എന്നിവയൊക്കെ ഇപ്പോഴേ സർക്കാർ ദ്രുതഗതിയിൽ നടപ്പാക്കുമെന്നാണ് പ്രത്യാശ.
ലോക്ക് ഡൌൺ പോലുള്ള കടുത്ത നടപടികളിലേക്ക് നാട് നീങ്ങുന്ന സ്ഥിതിക്ക് ഇനിയെങ്കിലും ലോകാരോഗ്യ സംഘടന, ആധികാരിക അറിവ് നൽകുന്ന വിദഗ്ധർ, ആധുനിക വൈദ്യ ശാസ്ത്രം നിർദ്ദേശിക്കുന്ന അറിവുകൾ തുടങ്ങിയ ഉറവിടങ്ങളിൽ നിന്നും മാത്രം അറിവ് ശേഖരിക്കണം എന്ന് അപേക്ഷ. ഇപ്പോൾ തടഞ്ഞില്ല എങ്കിൽ ഇനിയൊരു അവസരം കിട്ടിയേക്കില്ല.
ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ, ശാസ്ത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് കരകയറാം.

****
എഴുതിയത്: Dr Jinesh PS, Dr Deepu Sadasivan, Dr Manoj Vellanad
22 March 2020
“നിങ്ങൾ അജയ്യരല്ല” കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് അലംഭാവം കാണിക്കരുതെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.
“ഇന്ന്, ചെറുപ്പക്കാർക്കായി എനിക്ക് ഒരു സന്ദേശമുണ്ട്: നിങ്ങൾ അജയ്യരല്ല. ഈ കൊറോണ വൈറസിന് നിങ്ങളെ ആഴ്ചകളോളം ആശുപത്രിയിൽ പ്രവേശിപ്പിക്കാം, അല്ലെങ്കിൽ കൊല്ലാം. നിങ്ങൾക്ക് അസുഖം വന്നില്ലെങ്കിലും, നിങ്ങൾ സഞ്ചരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ചാകാം മറ്റൊരാളുടെ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം പറഞ്ഞ വാചകമാണിത്.
ലോകം ഇന്നലെ….?
ആദ്യ ഒരുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം ഏകദേശം മൂന്നു മാസം. പുതുതായി അടുത്ത ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ വേണ്ടി വന്ന സമയം 12 ദിവസങ്ങൾ. ഈ രണ്ടു ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷത്തിലേക്ക് എത്താൻ വേണ്ടി വന്നത് വെറും നാല് ദിവസങ്ങൾ.
ഇന്നലെ 1600-ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 13,000 കടന്നു. ഇതുവരെ ആകെ 310000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 31000 ൽ കൂടുതൽ കേസുകൾ.
ഇറ്റലിയിൽ നിന്നും ഹൃദയഭേദകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 794 മരണങ്ങൾ, ഇതുവരെ 4825 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 6550 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 53500 കവിഞ്ഞു.
യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ മരണസംഖ്യ 1300 കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3800 ലധികം കേസുകളും 285 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ 23000 ലധികം കേസുകളും 1378 മരണങ്ങളും.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2300 ലധികം കേസുകൾ, മരണങ്ങൾ 16. ഇതുവരെ ആകെ 22000 ലധികം കേസുകളിൽ നിന്ന് 84 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1800 ലധികം കേസുകളും 100 ലധികം മരണങ്ങളും. ഇതുവരെ ആകെ 14000 ലധികം കേസുകളും 563 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 1000 ലധികം കേസുകളും 50 ലധികം മരണങ്ങളും. ഇതുവരെ ആകെ 5000 ലധികം കേസുകളിൽ നിന്നും 233 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1200 ലധികം കേസുകൾ, 24 മരണങ്ങൾ. ഇതുവരെ ആകെ 6800 ലധികം കേസുകളിൽ നിന്ന് 80 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 600 ലധികം കേസുകളും 30 മരണങ്ങളും. ഇതുവരെ ആകെ 3600 ലധികം കേസുകളിൽ നിന്ന് 136 മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 550 ലധികം കേസുകൾ, 30 മരണങ്ങൾ. ഇതുവരെ ആകെ 2800 ലധികം കേസുകളിൽ നിന്ന് 67 മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെയും മുന്നൂറിലധികം കേസുകൾ. ഇതുവരെയാകെ 3000 ഓളം കേസുകളിൽ നിന്ന് 8 മരണങ്ങൾ.
അമേരിക്കയിൽ ഇന്നലെ മാത്രം 6700 ലധികം കേസുകളും 68 മരണങ്ങളും, ഇതുവരെ ആകെ 26000 ഓളം കേസുകളിൽനിന്ന് 324 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ആയിരത്തിൽ താഴെ, 123 മരണങ്ങൾ. ആകെ കേസുകൾ 20500 കടന്നു, മരണം 1556.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 147 കേസുകൾ, അവിടെ ഇതുവരെ 8800 ഓളം കേസുകളിൽ നിന്ന് 102 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. 81000 ലധികം കേസുകളിൽ നിന്ന് 3255 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 71500 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2000 ൽ താഴെയായി. തുടർച്ചയായ മൂന്നാം ദിവസവും വുഹാൻ പ്രവിശ്യയിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 22, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 71.
ജപ്പാൻ, ഓസ്ട്രേലിയ, മലേഷ്യ, പോർച്ചുഗൽ, കാനഡ, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും ഇതുവരെ 1000 ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തുർക്കി, പോർച്ചുഗൽ, പാകിസ്താൻ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 200 ൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലക്സംബർഗ്, മലേഷ്യ, ഓസ്ട്രേലിയ, അയർലണ്ട്, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, പോളണ്ട്, ചിലി, ഇസ്രയേൽ, കാനഡ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ 23.59 CET 20.03.2020 വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
ആശുപത്രികളുടെ സുഗമമായ നടത്തിപ്പിനായി 100 ബില്യൺ ഡോളർ അടിയന്തരമായി നൽകണമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷനും അമേരിക്കൻ നഴ്സസ് അസോസിയേഷനും സംയുക്തമായി ആവശ്യപ്പെട്ടു.
സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാവാതിരിക്കാൻ രണ്ട് ട്രില്യൺ ഡോളറിന് മുകളിൽ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് ഒഫീഷ്യൽ അറിയിച്ചതായി വാർത്ത.
45 മിനിറ്റ് കൊണ്ട് റിസൾട്ട് ലഭിക്കുന്ന ലാബ് പരിശോധനാ സംവിധാനങ്ങൾ (GeneXpert) ഏർപ്പെടുത്തുന്നതിന് എഫ്ഡിഎ അനുമതി നൽകി.
ഇംഗ്ലണ്ടിൽ സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡുകളും വെൻറിലേറ്ററുകളും ഉപയോഗപ്പെടുത്താൻ നാഷണൽ ഹെൽത്ത് സർവീസ് ശ്രമിക്കുന്നു.
കൊറോണ പാൻഡെമിക് സാഹചര്യത്തിൽ ഇരുപതിനായിരത്തോളം ആരോഗ്യ പ്രവർത്തകരെ നാഷണൽ ഹെൽത്ത് സർവീസ് പുതുതായി നിയമിച്ചു.
വെൻറിലേറ്റർ നിർമ്മിക്കുന്ന സ്മിത്ത് കമ്പനി തങ്ങളുടെ പേറ്റന്റ് മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
യുകെ കാർ നിർമാണ കമ്പനികളോടും മിലിറ്ററി നിർമ്മാണ കമ്പനികളോടും വെൻറിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. JCB, Tesla തുടങ്ങിയ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
ജർമനി പുതുതായി 10000 വെൻറിലേറ്ററുകൾ വാങ്ങാനുള്ള ഓർഡർ നൽകി. ഇറ്റലി 5000 വെൻറിലേറ്ററുകൾ വാങ്ങാനുള്ള ഓർഡർ നൽകി.
ഒരു ദിവസം 12000 പേർക്ക് കൊറോണ പരിശോധന നടത്താനുള്ള സൗകര്യം ജർമ്മനി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പതിനായിരത്തിൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള സൗകര്യം തെക്കൻ കൊറിയയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രണ്ട് രാജ്യങ്ങൾ ആണ് ജർമനിയും തെക്കൻ കൊറിയയും.
കൂടുതൽ പേർക്ക് എക്സ്പോഷർ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ക്വാറന്റൈനിൽ കഴിയുന്ന ആൾക്കാർ മരിച്ചാൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തേണ്ടതില്ല എന്ന് ജർമനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ.
ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ഐസിയു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഉള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജർമനി.
പാൻഡെമിക് സാഹചര്യത്തിൽ 160 ബില്യൻ ഡോളർ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ജർമ്മനി.
അൽബേനിയ സൈന്യ സഹായത്തോടെ കർഫ്യൂ ഏർപ്പെടുത്തി.
ജോർജിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊളംബിയ ദേശ വ്യാപകമായി 19 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി.
ബൊളീവിയ പ്രസിഡൻഷ്യൽ ഇലക്ഷൻ മാറ്റിവെച്ചു. ദേശവ്യാപകമായി ഞായറാഴ്ച മുതൽ ക്വാറന്റൈൻ ഏർപ്പെടുത്തി.
ബ്രസീലിൽ സാവോപോളോ 2 ആഴ്ച കാലയളവിലേക്ക് ലോക്ക് ഡൗൺ ചെയ്തു.
ഗ്വാട്ടിമാല 8 ദിവസം കർഫ്യൂ ഏർപ്പെടുത്തി.
ക്യൂബ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.
വിയറ്റ്നാം വിദേശികൾക്കുള്ള പ്രവേശനത്തിന് വിലക്കേർപ്പെടുത്തി.
പാകിസ്ഥാൻ എല്ലാ അന്തർദേശീയ വിമാന സർവീസുകളും ഏപ്രിൽ നാലുവരെ റദ്ദ് ചെയ്തു.
പാർക്കുകളും സമ്മേളനങ്ങളും ബീച്ചുകളും ഖത്തർ അടച്ചു.
യുഎഇ ബീച്ചുകളും പാർക്കുകളും സ്വിമ്മിംഗ് പൂളും സിനിമ തീയറ്ററുകളും ജിമ്മുകളും അടച്ചു.
ലബനനിൽ പട്ടാള ചുമതലയിൽ കർഫ്യൂ ഏർപ്പെടുത്തി.
ജോർദാൻ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി.
ഈജിപ്തിൽ മ്യൂസിയങ്ങളും പള്ളികളും മോസ്കുകളും അടച്ചു. പിരമിഡുകളിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി.
നൈജീരിയ പ്രധാനപ്പെട്ട എയർപോർട്ടുകൾ അടച്ചു.
ബുർകിന ഫാസോയിൽ നാലു മന്ത്രിമാരിൽ രോഗം സ്ഥിരീകരിച്ചു.
ദേശീയതലത്തിൽ ഇന്ത്യയിലെ സ്ഥിതിഗതികൾ
പ്രതീക്ഷിച്ചിരുന്നത് പോലെ അടുത്ത ഒരു നിർണ്ണായക ഘട്ടത്തിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണ്.
മാർച്ച് 22 ൽ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 324 ൽ എത്തി. സാമൂഹിക വ്യാപനം നടന്നതിന് കൃത്യമായ തെളിവ് കിട്ടിയിട്ടില്ലയെങ്കിലും, നിർണ്ണായകമായ കുറെ ദിനങ്ങൾ കഴിഞ്ഞായിരിക്കും ശരിയായ ചിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.
രോഗവ്യാപനം എവിടെ വരെ ?
ഇന്ത്യയിൽ ഇതുവരെയുള്ള ആ ട്രെൻഡൊന്ന് നോക്കൂ!
മാർച്ച് 2- 5 (ആകെ രോഗികൾ)
മാർച്ച് 5- 30
മാർച്ച് 8 – 39
മാർച്ച് 11- 71
മാർച്ച് 14 – 95
മാർച്ച് 17 – 141
മാർച്ച് 20- 251
മാർച്ച് 22 – 324
കൊവിഡ് 19 പുതിയ ഇരകളെ തേടിയെത്തുന്നതിന്റെ വേഗത കൂടുന്നതായി നിരീക്ഷിക്കാം. ഓരോ 3 ദിവസങ്ങളിലെയും പുതിയ രോഗികളുടെ എണ്ണം ഇങ്ങനെയാണ് – 25, 9, 22, 24, 46, 110…. !
വിദേശ യാത്ര ചെയ്തിട്ടില്ലാത്ത ഒരാൾ പൂനയിലും, മറ്റൊരാൾ കൽക്കട്ടയിലും പോസിറ്റീവായി എന്ന് പത്ര വാർത്തകൾ ഉണ്ട്. എന്നു വെച്ചാൽ നാം ഭയന്നിരുന്ന സാമൂഹിക വ്യാപനം നടന്നു തുടങ്ങി എന്ന് സംശയിക്കേണ്ടി വരും. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സ്ഥിരീകരണം വന്നിട്ടില്ല, അതിനായി കാക്കാം.
ആകെ 64 കേസുകൾ ആയതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനം ആയി മഹാരാഷ്ട്ര.
ഇന്ത്യയിൽ ഇതിനകം 23 സംസ്ഥാനങ്ങളിൽ കൊവിഡ് 19 ബാധിച്ചു കഴിഞ്ഞു. ഇതെഴുതുമ്പോൾ ആസ്സാമിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു, നാലര വയസ്സുള്ള പെൺകുട്ടി.
കച്ച് ജില്ല മുതൽ തലസ്ഥാനമായ ഗാന്ധിനഗർ വരെ ആകെ 14 കേസുകൾ ഗുജറാത്തിൽ കണ്ടെത്തി.
രോഗ നിർണ്ണയ പ്രവർത്തനങ്ങൾ
പുതിയ ഐ സി എം ആർ നിർദ്ദേശം പ്രകാരം കൂടുതൽ പേരെ കോവിഡ് സ്ഥിരീകരണ ടെസ്റ്റുകൾ നടത്താൻ ഗൈഡ്ലൈൻ പുതുക്കി നിശ്ചയിച്ചു.
ഇന്ന് മുതൽ രാജ്യത്ത് 111 കോവിഡ് -19 പരിശോധനാ ലാബുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.
സ്വകാര്യ ലാബുകൾക്കു കൂടി അനുമതി നൽകാൻ തീരുമാനമായി. സാമ്പിൾ ശേഖരണ രീതി, ചാർജ്ജ് ചെയ്യേണ്ട തുക എന്നിങ്ങനെ പലതിലും പാലിക്കേണ്ട കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. ഏറ്റവും ഒടുവിലെ നിർദ്ദേശ പ്രകാരം ടെസ്റ്റിന് 4500 രൂപയിൽ കൂടാൻ പാടില്ല.
രോഗനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിബന്ധനകൾ / നിയന്ത്രണങ്ങൾ ?
രാജ്യത്തു പല സംസ്ഥാനങ്ങളിലും നിയമങ്ങൾ കർശനമാക്കി.
പൊതുജനാരോഗ്യത്തിന് ഭംഗം വരുത്തും തരം നിയമലംഘനങ്ങൾക്കെതിരെ 540 ഓളം കേസുകൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തു.
“ലോക്ക് ഡൌൺ” ലംഘിക്കുക, യാത്ര സംബന്ധിച്ച വിവരങ്ങൾ മറച്ചു വെക്കുക, തെറ്റായി നൽകുക, രോഗബാധയെക്കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പടർത്തുക, രോഗപകർച്ച തടയാൻ എന്ന പേരിൽ ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുക എന്നീ കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഭൂരിഭാഗം കേസുകളും.
സാമൂഹിക വ്യാപനം കുറയ്ക്കാനുള്ള അവബോധനവും നിർദ്ദേശവും സമൂഹത്തിനു നൽകിക്കൊണ്ടിരുന്നിട്ടും ഏതാനും ആളുകൾ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമായിത്തീരുന്നു. ഏതാനും ചിലരുടെ അലംഭാവം അനേകരുടെ ജീവൻ പോലും എടുത്തേക്കാം.
അത്തരം മറ്റൊരു സംഭവം ആയിരുന്നു യു. പി യിൽ ഗായിക കനിക കപൂർ ഐസൊലേഷൻ നിർദ്ദേശങ്ങൾ മറികടന്നു പാർട്ടികളിലും മറ്റും പങ്കെടുത്തത്. രോഗ ബാധിത ആണെന്ന് പിന്നീട് കണ്ടെത്തിയ അവർ പങ്കെടുത്ത പാർട്ടികളിലും മറ്റും ഉണ്ടായിരുന്ന ഉന്നതർ നിരീക്ഷണത്തിലാണ്. (ആശ്വാസജനകമായ കാര്യം ഇവർ പങ്കെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്ന യു.പി ആരോഗ്യ മന്ത്രി ഉൾപ്പെടെ 17 പേരുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.)
വിദേശ യാത്രാ ചരിത്രം മറച്ചുവെച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമുള്ള “ജനത കർഫ്യു” വിന്റെ ഭാഗമായി മാർച്ച് 23 നു മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, നാളെ പുറപ്പെടാൻ ആരംഭിക്കുന്ന 80 ഓളം ട്രെയിനുകൾ എന്നിവയുടെ സർവ്വീസ് ക്യാൻസൽ ചെയ്തു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ദീർഘ ദൂര ട്രെയിനുകൾ നിർത്തിയിടില്ല.
രാജസ്ഥാനിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ആവശ്യമായി വന്നാൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പ്രസ്താവിച്ചു.
തമിഴ്നാട് അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളുമായുള്ള അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഗോവയും അതിർത്തികൾ അടയ്ക്കുന്നതിന് ഏകദേശം സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഒഡീഷയിലെ അഞ്ചു ജില്ലകളിലും, പ്രമുഖ പട്ടണങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൌൺ ആണ് നിർദ്ദേശിച്ചിരിക്കുന്നത്.
മാർച്ച് 22 മുതൽ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ഒരാഴ്ചത്തേക്ക് വിലക്കി.
ആശ്വാസജനകമായ നടപടികൾ
കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഇന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത ആയിരം ആശുപത്രികളിൽ മോക്ക് ഡ്രിൽ ഉണ്ടാവും.
മറ്റു രോഗങ്ങൾ കൂടിയുള്ള, 50 വയസ്സിനു മുകളിലുള്ള ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തന്നെ ആവശ്യമായി വന്നാൽ ക്വാറന്റൈൻ അവധി നൽകാൻ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കി.
AIIMS ആശുപത്രിയിൽ എമെർജെൻസി ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു .
പ്രസ് കോൺഫ്രൻസുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ആക്കുമെന്നു ഡൽഹി മുഖ്യമന്ത്രി പ്രസ്താവിച്ചു.
വിലനിയന്ത്രണം പ്രഖ്യാപിച്ചു – ഹാൻഡ് സാനിറ്റയ്‌സർ നും (Rs 100 per 200 മില്ലി ബോട്ടിൽ), രണ്ടു ലെയർ സർജിക്കൽ മാസ്ക് നു 8 രൂപയും, 3 ലെയർ മാസ്കിനു 10 രൂപയും.
മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിന് റെയിൽവേ വ്യവസ്ഥകൾ ഉദാരമാക്കി.
ലോകാരോഗ്യ സംഘടനയുടെ മാതൃക പിന്തുടർന്ന് ഇന്ത്യ സർക്കാർ വാട്സ് ആപ്പുമായി സഹകരിച്ചു കൊണ്ട് ചാറ്റ് ബോട്ട് നിർമ്മിച്ചു. കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച ശരിയായ വിവരങ്ങൾ അറിയാൻ 9013151515 എന്ന മുഴുവൻ സമയവും പ്രതികരണം ലഭ്യമാവുന്ന നമ്പറിലേക്കു ചോദ്യങ്ങൾ സന്ദേശം അയച്ചു ഉത്തരങ്ങൾ കണ്ടെത്താവുന്നതാണ്.
കേരളത്തിലെ സ്ഥിതിഗതികൾ
കേരളത്തിൽ വീണ്ടും 12 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്ന ഒന്നാണ്. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുമെന്ന സൂചന തന്നെയാണിത് നൽകുന്നത്. പക്ഷെ നമ്മുടെ നാട്ടിൽ പലർക്കും സാഹചര്യങ്ങളുടെ ഗൗരവം ഇനിയും പിടികിട്ടിയിട്ടില്ല.
ഇന്നത്തെ കർഫ്യുവിന് മുന്നോടിയായി സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ജനത്തിരക്ക് തന്നെ അതിനുദാഹരണം. നമ്മളെന്താണോ ഇതൊക്കെക്കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്, അതിനെയെല്ലാം ഒറ്റയടിക്ക് നിരാകരിക്കുന്നതാണീ നടപടികളെല്ലാം. നമുക്കെല്ലാം നിസാരമെന്ന ഭാവം. നമ്മളെയൊന്നും ബാധിക്കില്ലെന്ന ഭാവം.
ഇപ്പോൾ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 52 ആയി. ചികിത്സയിലുള്ളവർ 49 പേർ. 53013 പേർ നിരീക്ഷണത്തിലുമുണ്ട്. പുതിയ 12 പേരിൽ 6 പേർ കാസർഗോട്ടും 3 പേർ കണ്ണൂരും 3 പേർ എറണാകുളത്തുമാണ് ചികിത്സയിലുള്ളത്.
വരും ദിവസങ്ങളെ നമ്മുടെ ആരോഗ്യരംഗം ആശങ്കകളോടെയാണ് കാത്തിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത, ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ്, ആരോഗ്യപ്രവർത്തകരെ രോഗവാഹകർ എന്നരീതിയിൽ വിശ്വാസത്തിലെടുക്കാതെയും സംശയത്തോടെയും നോക്കുന്ന ന്യൂനപക്ഷങ്ങൾ ഒക്കെ ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നു.
അതിനിടയിൽ ആശ്വാസമായത് വീട്ടിൽ പോകാനാവാതെ രോഗികളെ നോക്കുന്ന ഒരു വിഭാഗം ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യം തയ്യാറാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്.
പക്ഷെ, ജോലി സ്ഥലങ്ങളിൽ ആവശ്യത്തിനുള്ള വ്യക്തിഗത സുരക്ഷാ സാമഗ്രി (PPE) കൾ, 3 ലെയർ സർജിക്കൽ മാസ്ക് എന്നിവയുടെ ക്ഷാമം ഉണ്ടായാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ അപകടകരമായ സ്ഥിതിവിശേഷം സംജാതമായേക്കും.
രോഗീപരിചരണത്തിലേർപ്പെടുന്നവരുടെ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണെന്ന് ഇറ്റലിയിലെയും ഇറാനിലെയും സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിലും സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാണ് നമ്മുടെ ആഗ്രഹം.
RCC യിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യവുമുണ്ട്. കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സകൾ രോഗപ്രതിരോധ സംവിധാനത്തെ ക്ഷീണിപ്പിക്കുന്നതായതിനാൽ, അടിയന്തിരസ്വഭാവമില്ലാത്ത ചികിത്സകൾ മാറ്റി വച്ചിട്ടുണ്ട്. മാർച്ച് 23 മുതൽ 28 വരെ ചികിത്സയ്‌ക്കെത്തേണ്ടവർ ഫോണിൽ വിളിച്ച് പുതിയ തീയതി വാങ്ങണം (RCC യുടെ സർക്കുലർ ആദ്യ കമൻ്റിൽ). തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഒപി സമയങ്ങളിൽ താൽക്കാലികമായി മാറ്റം വന്നിട്ടുണ്ട്. രാവിലെ 9 മുതൽ 12 വരെയാണ് ഓ പി. 8 മുതൽ 11 വരെയേ ഓപി ടിക്കറ്റ് ലഭിക്കൂ.
ഇന്ന് രാജ്യം മുഴുവൻ കർഫ്യു ആചരിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുതിയതാണെങ്കിലും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്, ഒരു കർഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കർഫ്യൂ സോഷ്യൽ ഡിസ്റ്റൻസിംഗിനുള്ള കർശനമായ ഒരു മാർഗം മാത്രമാണ്. വരും ദിവസങ്ങളിൽ, ചിലപ്പോൾ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങൾക്ക് നമ്മൾ ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം.
‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്. ഇതൊക്കെയും നല്ലൊരു നാളേക്കുവേണ്ടിയാണെന്ന ഉത്തമബോധ്യത്തോടെ, നമ്മൾ മാത്രമല്ല, ലോകം മുഴുവനിപ്പോൾ ഈ കൊവിഡിൻ്റെ പിറകേയാണെന്നും അത്രയ്ക്കും ഭീതിദമാണ് അന്തരീക്ഷമെന്നും തിരിച്ചറിഞ്ഞുകൊണ്ട് സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

***
എഴുതിയത്: Dr. Jinesh PS & Dr. Manoj Vellanad
21 March 2020
ഇറ്റലിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 627 മരണങ്ങൾ, ഇതുവരെ 4000 ലധികം മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5900 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 47000 കവിഞ്ഞു.
ഇന്നലെയും ആയിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഗോള മരണസംഖ്യ 11,000 കടന്നു. ഇതുവരെ ആകെ 275000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 30000 ൽ കൂടുതൽ കേസുകൾ.
യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിലും മരണസംഖ്യ ആയിരം കടന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3400 ലധികം കേസുകളും 262 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ ഇരുപതിനായിരത്തോളം കേസുകളും 1093 മരണങ്ങളും.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4500 ലധികം കേസുകൾ, മരണങ്ങൾ 24. ഇതുവരെ ആകെ 20000 ഓളം കേസുകളിൽ നിന്ന് 68 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിഅറുനൂറിലധികം കേസുകളും 78 മരണങ്ങളും. ഇതുവരെ ആകെ 12000 ലധികം കേസുകളും 450 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 700 ലധികം കേസുകളും 33 മരണങ്ങളും. ഇതുവരെ ആകെ 4000 ഓളം കേസുകളിൽ നിന്നും 177 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1300 ലധികം കേസുകൾ, 13 മരണങ്ങൾ. ഇതുവരെ ആകെ 5400 ലധികം കേസുകളിൽ നിന്ന് 56 മരണങ്ങൾ.
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അഞ്ഞൂറിലധികം കേസുകളും 30 മരണങ്ങളും. ഇതുവരെ ആകെ 3000 ഓളം കേസുകളിൽ നിന്ന് 106 മരണങ്ങൾ.
ബെൽജിയത്തിൽ ഇന്നലെ മാത്രം 450 ലധികം കേസുകൾ, 16 മരണങ്ങൾ. ഇതുവരെ ആകെ 2250 ലധികം കേസുകളിൽ നിന്ന് 36 മരണങ്ങൾ.
ഓസ്‌ട്രിയയിൽ ഇന്നലെയും മുന്നൂറിലധികം കേസുകൾ. ഇതുവരെയാകെ 2500 ഓളം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
തുർക്കിയിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ഇന്നലെ മാത്രം 5700 ലധികം കേസുകളും 55 മരണങ്ങളും, ഇതുവരെ ആകെ പതിനെണ്ണായിരത്തിചില്വാനം കേസുകളിൽനിന്ന് 262 മരണങ്ങൾ.
ഇറാനിൽ ഇന്നലെ 1200 ലധികം കേസുകൾ, 149 മരണങ്ങൾ. ആകെ കേസുകൾ 19000 കടന്നു, മരണം 1433.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 87 കേസുകൾ, ഇന്നലെ മരണസംഖ്യ 3. അവിടെ 8800 ഓളം കേസുകളിൽ നിന്ന് 102 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. തുടർച്ചയായ രണ്ടാം ദിവസവും ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 39 കേസുകളും പുറത്തു നിന്നുള്ളവരായിരുന്നു. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3248 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 71000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2200 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 18, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 67.
ലക്സംബർഗ്, മലേഷ്യ, പോർച്ചുഗൽ, ഓസ്ട്രേലിയ, അയർലണ്ട്, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, ഇക്വഡോർ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ പതിനെട്ടാം തീയതി രാത്രി (00.00 CET 19.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
അമേരിക്കയും യൂറോപ്യൻ യൂണിയനും N95 മാസ്ക്കുകളുടെയും PPE കളുടെയും വെന്റിലേറ്ററുകളുടെയും ഉത്പാദനം വർധിപ്പിച്ചു. റഷ്യ കൊറോണാ വൈറസ് വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി. അമേരിക്ക മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ പഠനം തുടങ്ങിയിരുന്നു. യൂറോപ്പിലും ചൈനയിലും ഓസ്ട്രേലിയയിലും ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
അത്യന്താപേക്ഷിതമല്ലാത്ത കാര്യങ്ങൾക്കായി വീടുവിട്ടു പുറത്തിറങ്ങരുതെന്ന് ഇല്ലിനോയിസ് ഗവർണർ ആവശ്യപ്പെട്ടു. ഫ്ലോറിഡയിൽ റസ്റ്റോറൻറുകളും ജിമ്മുകളും അടച്ചു. ന്യൂജേഴ്സിയിൽ നോൺ എസൻഷ്യൽ സ്ഥാപനങ്ങളെല്ലാം അടച്ചു. യുഎസ് ആർമി റിക്രൂട്ടിംഗ് സ്റ്റേഷനുകൾ അടച്ചു, ഇനി ഓൺലൈൻ പരിശോധനകൾ മാത്രം.
സാഹചര്യങ്ങൾ നിയന്ത്രിക്കാനായി ബൾഗേറിയ സൈന്യത്തിൻറെ സഹായം ഉപയോഗിക്കും.
ജോലിചെയ്യാൻ സാധിക്കാത്തവർക്ക് ശമ്പളത്തിന് 80% നൽകാൻ ബ്രിട്ടീഷ് ഗവൺമെൻറ് തീരുമാനിച്ചു, ഒരാൾക്ക്‌ മാസത്തിൽ 2500 പൗണ്ട് (രണ്ട് ലക്ഷം രൂപക്ക് മുകളിൽ) വരെ ലഭിക്കാം.
ചെക്കിംഗിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച 9000 ലധികം പേരെ ഇറ്റാലിയൻ പൊലീസ് കണ്ടെത്തിയതായി വാർത്ത വന്നിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിനെ പിന്തുടർന്ന് യുട്യൂബും യൂറോപ്പിൽ സ്ട്രീമിംഗ് വേഗത കുറച്ചു. കൂടുതൽപേർ വർക്ക് ഫ്രം ഹോം ആകുമ്പോൾ ഇൻറർനെറ്റ് സ്പീഡ് കുറയാതിരിക്കാൻ വേണ്ടിയാണ്.
ടുണീഷ്യ ജനറൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ബ്രസീലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സെനറ്റ് തീരുമാനം.
മക്കയിലും മദീനയിലും മോസ്കുകളിൽ വെള്ളിയാഴ്ച അടക്കമുള്ള പ്രാർത്ഥനകൾ നിരോധിച്ച് സൗദി അറേബ്യ.
ശ്രീലങ്കയിൽ വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതൽ രണ്ടര ദിവസം കർഫ്യൂ പ്രഖ്യാപിച്ചു. എഴുപതോളം കേസുകൾ മാത്രമാണ് ശ്രീലങ്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്ന അഭയാർത്ഥിക്യാമ്പുകളിൽ ശാരീരിക അകലം പാലിക്കാൻ ആവാത്തത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇന്നലെ റിപ്പോർട്ട് ചെയ്ത അമ്പതോളം കേസുകൾ ഉൾപ്പെടെ പാക്കിസ്ഥാനിൽ ആകെ കേസുകൾ 500 കഴിഞ്ഞു.
ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിഗതികൾ
ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 223 ആണെങ്കിലും പല വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്യുന്നത് 249 ആണ്. മാർച്ച് ഇരുപത്തിരണ്ടാം തീയതി മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന യാത്രകൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും ശക്തമായ നടപടികളിലേക്ക് കടന്നുകൊണ്ടിരിക്കുന്നു.
ഒരു അടിയന്തിര സ്ഥിതി രാജ്യത്തുണ്ടായാൽ നാം കൂടുതൽ കരുതലോടെ നീങ്ങേണ്ടി വരും. നമ്മുടെ ആരോഗ്യമേഖല പരിമിതികൾ നിറഞ്ഞതാണ് എന്നത് ഓർക്കണം.
കേരളത്തിലെ കാര്യങ്ങൾ കുറച്ചധികം സങ്കീർണമായിട്ടുണ്ട്. ഒരാളുടെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളിലൂടെ ഒരു ജില്ല തന്നെ പൂർണമായ നിശ്ചലാവസ്ഥയിലേക്ക് പോയി. ഇത്തരം പ്രവർത്തികൾ ജനങ്ങളിൽ ചിലർ തുടർന്നാൽ സംസ്ഥാനമാകെ ആ അവസ്ഥയിലെത്താൻ അധികം സമയം വേണ്ടി വരില്ല.
കേരളത്തിൽ പുതിയ രോഗികൾ 12 ആണ്. അതിലഞ്ചും UK യിൽ നിന്നും വന്ന വിനോദസഞ്ചാരികൾ. 7 പേർ മലയാളികൾ തന്നെ. ആകെ രോഗികളുടെ എണ്ണം 40 ആയി. 44,190 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലും ഉണ്ട്.
വരും ദിവസങ്ങൾ നമ്മളെ സംബന്ധിച്ച് നിർണായകമാണ്. ആശങ്ക വേണ്ടാ, കരുതൽ മാത്രം മതിയെന്നൊക്കെ ആശ്വസിപ്പിക്കുന്നത് ചിലരെങ്കിലും കൂസലില്ലായ്മയോടെ പെരുമാറാൻ കാരണമാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ആശങ്കയോടെയും കരുതലോടെയും വേണ്ടി വന്നാൽ കർശന നടപടികളിലൂടെയും കടന്നുപോകേണ്ടുന്ന അവസ്ഥയാണ്.
സർക്കാരിൻ്റെ കാര്യക്ഷമമായ ഇടപെടലുകളും, കണക്കുകളിലെ സുതാര്യതയും, പൊതുജനസമ്പർക്കവും, ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ ക്വാറൻ്റയിൻ ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതും പരീക്ഷകൾ മാറ്റിയതും ഒക്കെ നല്ല തീരുമാനങ്ങളാണ്.
ഒപ്പം, സർക്കാർ ഉദ്യോഗസ്ഥർക്ക് 50% അവധി അനുവദിച്ചത് സ്വാഗതാർഹമാണ്. കാരണം, ഏത് തൊഴിൽ ചെയ്യുന്നവരാണെങ്കിലും ഓരോ മനുഷ്യൻ്റെയും ജീവൻ വിലപ്പെട്ടതാണ്. ഏത് ദുർഘടവേളയിലും ആ തൊഴിൽ ചെയ്യാൻ ആളുണ്ടാവുകയും വേണം. പക്ഷെ ഒരാരോഗ്യദുരന്തം പ്രതീക്ഷിക്കുമ്പോൾ അതു നേരിടാനേറ്റവും കൂടുതൽ വേണ്ടത് ആരോഗ്യപ്രവർത്തകരെയാണ്. പക്ഷെ നമ്മളിപ്പോൾ തുടരുന്ന നയം ആ ഒരു കാഴ്ചപ്പാടോടെയാണോ എന്നത് സംശയമാണ്.
രോഗബാധ സംശയിക്കുന്നവർക്ക് 14 ദിവസം സ്‌പെഷ്യൽ കാഷ്വൽ ലീവ് നൽകാൻ ഉള്ള തീരുമാനം ശ്‌ളാഘനീയമാണ്.
ആരോഗ്യപ്രവർത്തകർക്ക് ഇപ്പോൾ മിനിമം ജോലി നൽകുകയും അവരെ അടിയന്തിരഘട്ടം നേരിടാനുള്ള വർക് ഫോഴ്സായി കരുതി വയ്ക്കുകയുമാണ് പല രാജ്യങ്ങളും അനുവർത്തിക്കുന്ന നയം. നമ്മുടെ കേരളത്തിലെ തന്നെ സ്വകാര്യ മേഖലയിലെ പല ആശുപത്രികളും പെയ്ഡ് ലീവ് നൽകി ഒരു റിസേർവ് പൂൾ പോലെ ജീവനക്കാരെ റൊട്ടേഷൻ സമ്പ്രദായത്തിൽ ഉപയോഗയുക്തമാക്കാൻ തയാറെടുത്തു കഴിഞ്ഞു.
ഈ അവസരത്തിൽ സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് ലീവുകൾ അനുവദിക്കാതെയും ഓപി സമയം കൂട്ടിയും പരമാവധി ജോലി ചെയ്യിക്കുന്ന നിലവിലത്തെ രീതി, അവശ്യഘട്ടത്തിൽ ആരോഗ്യമേഖലയെ ഏറ്റവും പരിക്ഷീണമാക്കുമോയെന്ന ഭയം നമുക്കുണ്ട്.
മാത്രമല്ലാ, ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയും ഭൗതികസാഹചര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തേണ്ട നേരവും കൂടിയാണിത്. അത്തരം കാര്യങ്ങളിൽ കൂടി ഏറ്റവും യുക്തിസഹമായ തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നു.
പൊതുജനങ്ങളോട് പറയാനുള്ളത്, അസാധരണമായ സാഹചര്യങ്ങളാണ് വരാൻ പോകുന്നത്. അതുകൊണ്ടു തന്നെ അസാധാരണമായ സാമൂഹിക മാറ്റങ്ങൾ പ്രതീക്ഷിക്കണം. ലോക്ക് ഡൌൺ പോലുള്ള കടുത്ത തീരുമാനങ്ങളോ, പുറത്തിറങ്ങുന്നതിന് തന്നെ നിയന്ത്രണങ്ങളോ പൊതുജന നന്മയെ കരുതി നടപ്പാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ സാധ്യത ഉണ്ട്. പക്ഷെ പരിഭ്രാന്തി വേണ്ടാ, ഒന്നാമത് അത്തരം നടപടികൾ ഈ പോരാട്ടത്തിൽ നമ്മളെ സഹായിക്കും എന്നതിനാലാണ് ഏർപ്പെടുത്തേണ്ടി വരിക. അനാവശ്യ പരിഭ്രാന്തി അന്തരീക്ഷത്തെ കൂടുതൽ വഷളാക്കും. ആവശ്യം വേണ്ട കരുതൽ നടപടികളും സർക്കാർ കൈക്കൊള്ളുന്നുണ്ട്, ഇനിയും ഉണ്ടാവും എന്ന് തീർച്ചയായും ഉറപ്പിക്കാം.
ഇതൊരു നൂറു മീറ്റർ റെയ്‌സ് അല്ല, ഒരു മാരത്തോൺ ഓട്ടമാണ്. അത് കൊണ്ട് കരുതലോടെ ഉള്ള പരിമിത വിഭവങ്ങൾ പരമാവധി ജാഗ്രതയോടെ വിനിയോഗിക്കാനും, ഓട്ടത്തിൽ തളരാതെ മുന്നേറാനും ഉള്ള മനോനിലയോടെ വേണം നാം മുന്നേറാൻ.
അതുകൊണ്ട് കാര്യഗൗരവത്തോടെ, സമചിത്തതയോടെ ഏതു സാഹചര്യത്തിലും ഇടപെടാൻ മാനസികമായി നമ്മൾ തയ്യാറായിരിക്കണമെന്ന് മാത്രം. മറ്റു പലയിടങ്ങളിലെയും, എന്തിന് നമ്മുടെ തന്നെ പിഴവുകൾ നമുക്ക് പാഠമാവണം. അതുകൊണ്ട് നമുക്കൊരുമിച്ച് നിക്കാം. ഒരുമിച്ച് നേരിടാം.. ഒന്നിച്ച് നിന്ന് തോൽപ്പിക്കാം ഈ മഹാമാരിയെ..

****
എഴുതിയത്: Dr. Manoj Vellanad, Dr. Nelson Joseph & Dr Jinesh P S
20 March 2020
ആകെ മരണസംഖ്യ 10,000 കടന്നു, ഇന്നലെ മാത്രം ആയിരത്തിലധികം മരണങ്ങൾ. ലോകമാകെ അവലോകനം ചെയ്താൽ ഇതുവരെ ആകെ 240000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 25000 ൽ കൂടുതൽ കേസുകൾ.
മരണ സംഖ്യയുടെ എണ്ണത്തിൽ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയിൽ ഇതുവരെ 3405 മരണങ്ങൾ, ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 427 മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5300 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 41000 കവിഞ്ഞു.
യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3300 ലധികം കേസുകളും 197 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ പതിനെണ്ണായിരത്തോളം കേസുകളും 837 മരണങ്ങളും.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2933 കേസുകൾ, മരണങ്ങൾ 16. ഇതുവരെ ആകെ 15320 ഓളം കേസുകളിൽ നിന്ന് 44 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിഎണ്ണൂറിലധികം കേസുകളും 108 മരണങ്ങളും. ഇതുവരെ ആകെ 11000 ഓളം കേസുകളും 372 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 643 കേസുകളും 40 മരണങ്ങളും. ഇതുവരെ ആകെ 3200 ലധികം കേസുകളിൽ നിന്നും 144 മരണങ്ങൾ.
സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകൾ, 10 മരണങ്ങൾ. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 43 മരണങ്ങൾ.
നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ഇന്നലെ മാത്രം 4400 ലധികം കേസുകളും 39 മരണങ്ങളും, ഇതുവരെ ആകെ പതിമൂവായിരത്തിചില്വാനം കേസുകളിൽനിന്ന് 189 മരണങ്ങൾ.
ഇറാനിൽ ഇന്നലെ മാത്രം 1000 ലധികം കേസുകൾ, 149 മരണങ്ങൾ. ആകെ കേസുകൾ 18400 കടന്നു, മരണം 1284.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 152 കേസുകൾ, ഇന്നലെ മരണസംഖ്യ 7. അവിടെ 8565 ഓളം കേസുകളിൽ നിന്ന് 91 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. ഹുബൈ-വുഹാൻ പ്രവിശ്യയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3245 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 70000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2300 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 64.
ലക്സംബർഗ്, ചിലി, തുർക്കി, മലേഷ്യ, പോർച്ചുഗൽ, നോർവേ, ഓസ്ട്രേലിയ, പാകിസ്ഥാൻ, അയർലണ്ട്, ബ്രസീൽ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, സ്വീഡൻ, നോർവേ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ പതിനേഴാം തീയതി രാത്രി (00.00 CET 18.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.
പെറുവിൽ രാജ്യാതിർത്തികൾ അടച്ചതിന് പുറമേ മാർച്ച് 30 വരെ രാജ്യവ്യാപകമായി പകൽ പുറത്തിറങ്ങുന്നത് നിരോധിക്കുകയും രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കൊളംബിയ രാജ്യാന്തര അതിർത്തി അടച്ചു, 30 ദിവസ കാലത്തേക്ക് പൗരന്മാർക്ക് പോലും പ്രവേശനമില്ല. മാർച്ച് 31 വരെ അർജൻറീന ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയിൽ 281000 പേർ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി.
കാർ നിർമ്മാണ കമ്പനികളോട് വെൻറിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ട് യുകെ. യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണറുടെ അഭ്യർത്ഥനയെ തുടർന്ന് യൂറോപ്പിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് സ്പീഡ് കുറച്ചു. മൊണാക്കോയിൽ പ്രിൻസ് ആൽബർട്ട് രണ്ടാമന് കൊറോണ സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏപ്രിൽ 30 വരെ നീട്ടി വച്ചു.
ജോർദാൻ ലോക്ക് ഡൗൺ ശക്തമാക്കി, തലസ്ഥാനമായ അമാൻ സൈന്യത്തിൻറെ നിയന്ത്രണത്തിലാക്കി. ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. ഏപ്രിൽ 25ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ശ്രീലങ്ക മാറ്റിവെച്ചു. ഈജിപ്ത് എല്ലാ വിമാനത്താവളങ്ങളും അടച്ചു. എല്ലാ വിമാന സർവീസുകളും നിരോധിച്ചു.
ഇന്ത്യയിൽ ഹെൽത് ആൻഡ് ഫാമിലി വെൽഫെയർ സ്ഥിരീകരിച്ച 173 കേസുകളാണ് അവസാനം വിവരം കിട്ടുമ്പോൾ ഉള്ളത് എങ്കിലും ആകെ കേസുകളുടെ എണ്ണം 200 നോട് അടുക്കുന്നുവെന്നാണ് മറ്റ് സോഴ്സുകൾ സൂചിപ്പിക്കുന്നത്.
നാലാമത്തെ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു എന്നതാണ് ഇന്നലത്തെ പ്രത്യേകത. പഞ്ചാബിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. 72 വയസ് പ്രായമുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് കോവിഡിന് കീഴടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
പുതുതായി ഗുജറാത്തും ഛത്തീസ്ഘട്ടും പോലെയുള്ള സംസ്ഥാനങ്ങളിൽക്കൂടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ പത്തൊൻപത് സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നിട്ടുണ്ട്. ഐ.സി.എം.ആർ നടത്തിയ സെൻ്റിനൽ സർവെയിലൻസ് അത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസ് സംശയങ്ങൾ ഉയർത്തുകയാണു ചെയ്തിട്ടുള്ളത്.
ഡൽഹിയിൽ നിന്ന് ജോലി അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയ യുവാവിൽ ഇക്കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനാറാം തിയതിയാണ് യുവാവ് ചികിൽസ തേടിയത്. രണ്ട് ദിവസം ട്രെയിൻ യാത്രയ്ക്ക് ശേഷം പന്ത്രണ്ടാം തിയതിയാണ് യുവാവ് ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയത്.
ഇയാൾക്ക് വിദേശ ട്രാവൽ ഹിസ്റ്ററിയോ അങ്ങനെയുള്ളവരുമായി സമ്പർക്കത്തിൻ്റെ ഹിസ്റ്ററിയോ ഇല്ല എന്നതാണ് കമ്യൂണിറ്റി ട്രാൻസ്മിഷൻ നടക്കുന്നുണ്ട് എന്ന സംശയം ഉയർത്താൻ കാരണം. പക്ഷേ ഇയാളുടെ കോണ്ടാക്റ്റ് ട്രേസിങ്ങ് അതേപോലെ ദുഷ്കരമാണ്. വിവിധ സംസ്ഥാനങ്ങളും എയർപോർട്ട് പോലെ ട്രേസ് ചെയ്യാൻ എളുപ്പമല്ലാത്ത റെയിൽ ഗതാഗതവും രോഗം എവിടെനിന്ന് കിട്ടിയെന്നും ആർക്കൊക്കെ ബാധിച്ചേക്കാമെന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ പ്രയാസമേറിയതാക്കുന്നു.
ആ ചോദ്യങ്ങൾക്ക്‌ എല്ലാം കൃത്യമായ ഉത്തരം കിട്ടാതെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ച്‌ ഉറപ്പ്‌ പറയാനാവില്ല. ജനങ്ങളെ പരിഭ്രാന്തരാക്കിയേക്കാം എന്ന കാരണം പറഞ്ഞ്‌ പൊതുജന പങ്കാളിത്തത്തോടെയുള്ള കോണ്ടാക്റ്റ്‌ ട്രേസിങ്ങിൽ നിന്ന് സംസ്ഥാനങ്ങൾ വിട്ടുനിൽക്കുന്ന അവസ്ഥയുമുണ്ട്‌
ഇന്ത്യയുടെ ടെസ്റ്റുകളുടെ എണ്ണം ജനസംഖ്യയ്ക്ക് ആനുപാതികമായി കുറവാണെന്നും കേസുകൾ റിപ്പോർട്ട് ചെയ്തതിലുമധികം ഉണ്ടാവാമെന്നും സംശയങ്ങൾ പലവഴിക്ക് ഉയരുന്നുണ്ടെങ്കിലും ഉറപ്പിച്ച് പറയാവുന്നത് ഒന്നേയൊന്നാണ്, അതീവ ജാഗ്രത പുലർത്തേണ്ടുന്ന സമയമാണിതെന്ന്.
കേരളത്തിൽ 17-ഉം 18-ഉം തീയതികളിൽ ഒരു പുതിയ രോഗി പോലുമുണ്ടാവാത്തതിൻ്റെ ആശ്വാസം, അതുവരെ തുടർന്നുപോന്ന പ്രതിരോധപ്രവർത്തനങ്ങളെ ലാഘവത്തോടെ കാണാൻ ജനങ്ങളെ പ്രേരിപ്പിച്ചോ എന്ന് സംശയമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും സാധാരണ പോലുള്ള തിരക്കുണ്ടായിരുന്നു കഴിഞ്ഞ ദിവസം.
അത്രയ്ക്കങ്ങ് റിലാക്സ് ചെയ്യാനുള്ള സമയമായില്ലെന്ന് മാത്രമല്ലാ, ഏറ്റവും ജാഗ്രത പുലർത്തേണ്ട സമയവും കൂടിയാണീ വരുന്ന രണ്ടാഴ്ചക്കാലം. ഇത്രയും നാൾ നമ്മൾ കാണിച്ച വലിയ ജാഗ്രതയുടെ ഗുണമാണ്, ദിവസേന ഒന്നും രണ്ടും രോഗികൾ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത്. ഇത് കൃത്യം ഇങ്ങനെ തന്നെ തുടർന്നാൽ, രണ്ടാഴ്ചകൊണ്ട് ഭീതിയുടെ ഒരു കടമ്പ നമ്മൾ കടന്നുവെന്ന് പറയാം.
അതിനകം മറ്റുരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടി രോഗവ്യാപനം നിയന്ത്രണ വിധേയമാകുക കൂടി ചെയ്താൽ മാത്രം നമുക്കും ആശ്വസിക്കാനുള്ള വകയായി. പക്ഷെ, അതിനിടയിൽ നമ്മുടെ നാട്ടിലും അപ്രതീക്ഷിതമായി ഉയർന്നതോതിൽ രോഗികളുണ്ടായാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും. അതൊഴിവാക്കാൻ വേണ്ടിയാണ് ആൾക്കൂട്ടങ്ങൾ ഉണ്ടാക്കരുതെന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീണ്ടും വീണ്ടും പറയുന്നത്.
ഇന്നലെ ഒരു പുതിയ രോഗി കൂടി നമ്മുടെ സംസ്ഥാനത്തുണ്ടായി, കാസർഗോട്ട്. അയർലണ്ടിൽ നിന്നും വന്ന ഒരാളായിരുന്നു അത്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇപ്പോൾ 25 ആയി. 31173 പേർ നിരീക്ഷണത്തിലുമുണ്ട്.
ജനങ്ങൾ പലതരം ആശങ്കകളിലേക്ക് പോകുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊതുജനക്ഷേമ പദ്ധതികളുടെ ‘കൊറോണ പാക്കേജ്’ വലിയ കൈയടി അർഹിക്കുന്നുണ്ട്. ദുരന്തവേളയിൽ മനുഷ്യൻ്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും വെള്ളവും വൈദ്യുതിയുമൊക്കെ ക്ഷാമമില്ലാതെ ലഭിക്കുമെന്നത് തന്നെ വലിയൊരാശ്വാസം പകരും.
അത്തരം പ്രത്യാശ പകരുന്ന വാർത്തകൾക്കിടയിലും സർക്കാരെന്തിനാണ് പരീക്ഷകളുടെ കാര്യത്തിൽ ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിരവധി കുട്ടികൾ വളരെ ദൂരെ നിന്നുവരെ ബസിലൊക്കെ സഞ്ചരിച്ചാണ് പരീക്ഷയ്ക്ക് വരുന്നത്. അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷയെഴുതുന്ന സ്കൂളുകൾ വരെയുണ്ട്. അവിടെയെങ്ങനെയാണ് ഫിസിക്കൽ ഡിസ്റ്റൻസിംഗ് പ്രാവർത്തികമാകുന്നത്? നമ്മൾ കൈക്കൊണ്ട മറ്റു പ്രതിരോധ പ്രവർത്തനങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദ് ചെയ്യാൻ അതുതന്നെ മതിയല്ലോ. സന്ദർഭത്തിനൊത്ത ഉചിതമായ തീരുമാനം സർക്കാർ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
കേരള ആരോഗ്യ വകുപ്പിൻറെ ഉത്തരവുപ്രകാരം ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുടെ ക്വാറന്റൈൻ തീരുമാനിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് വൈകുന്നു എന്നത് ഒരു പ്രശ്നമാണ്. ഇത് പ്രതിരോധനടപടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കൊവിഡ് രോഗത്തെ പറ്റി വ്യക്തമായ ധാരണയും പ്രതിരോധിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ച പ്രദേശമെന്ന നിലയിൽ ഇന്ത്യയും നമ്മുടെ കേരളവും രോഗവ്യാപനത്തിൻ്റെ തീവ്രമായ മൂന്നാം ഘട്ടത്തെ ശക്തമായി തന്നെ പ്രതിരോധിക്കേണ്ടതാണ്. അതങ്ങനെ തന്നെയായിരിക്കുമെന്ന് പ്രത്യാശിക്കാം. സർക്കാരും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ അത് നടക്കൂ… ഓർക്കുക, നമുക്ക് മറ്റൊരു ഓപ്ഷനില്ലാ.

***
എഴുതിയത്: Nelson Joseph, Manoj Vellanad & Jinesh PS
19 March 2020
ഇറ്റലിയിൽ ഇന്നലെ മാത്രം മരണസംഖ്യ 475, ഇതുവരെ ആകെ 2978 മരണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ചൈനയെ മറികടക്കും. അവിടെ ഇന്നലെ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 35,000 ത്തിലധികം കേസുകൾ.
ലോകത്തിൽ ആകെ കേസുകൾ 210000 കഴിഞ്ഞു, മരണസംഖ്യ 8911. വെറും 12 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിൽ നിന്നും 2 ലക്ഷത്തിനു മുകളിലേക്ക് കേസുകൾ കൂടിയത്. നാലായിരത്തിൽ നിന്നും 8000 മരണങ്ങൾ എത്താൻ വേണ്ടി വന്നത് പത്തിൽ താഴെ ദിവസങ്ങൾ.
ലോകം കണ്ട ഏറ്റവും വലിയ മഹാമാരികളിൽ ഒന്നായി വളർന്നു കൊണ്ടിരിക്കുകയാണ് കോവിഡ് 19. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഇത്രയധികം പേരെ ബാധിക്കുന്നതിനാൽ മരണ സംഖ്യ വളരെ കൂടുതലാണ്. 10% മരണ നിരക്കുള്ള SARS ബാധിച്ചത് 8500 ഓളം പേരിൽ, 813 മരണങ്ങൾ. 30 ശതമാനത്തിനു മുകളിൽ മരണനിരക്ക് ഉള്ള MERS ബാധിച്ചത് രണ്ടായിരത്തി അഞ്ഞൂറോളം പേരെ, 858 മരണങ്ങൾ. 40 ശതമാനത്തിലധികം മരണ നിരക്കുള്ള എബോള ബാധിച്ചത് നാൽപ്പത്തയ്യായിരത്തോളം പേരിൽ, മരണസംഖ്യ 15159.
യൂറോപ്പിലാകെ സ്ഥിതിഗതികൾ ഗുരുതരമാണ്. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2920 കേസുകളും 105 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ പതിനയ്യായിരത്തോളം കേസുകളും 638 മരണങ്ങളും.
ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2960 കേസുകൾ, മരണങ്ങൾ 2. ഇതുവരെ ആകെ 12500 ഓളം കേസുകളിൽ നിന്ന് 28 മരണങ്ങൾ.
ഫ്രാൻസിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തി നാനൂറിലധികം കേസുകളും 89 മരണങ്ങളും. ഇതുവരെ ആകെ 9000 ലധികം കേസുകളും 264 മരണങ്ങളും.
യുകെയിൽ ഇന്നലെ മാത്രം 676 കേസുകളും 33 മരണങ്ങളും. ഇതുവരെ ആകെ 2626 കേസുകളിൽ നിന്നും 104 മരണങ്ങൾ.
സ്വിറ്റ്സർലണ്ട്, നെതർലൻഡ്സ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ഇന്നലെ മാത്രം 1644 കേസുകളും 18 മരണങ്ങളും, ഇതുവരെ ആകെ എണ്ണായിരത്തിചില്വാനം കേസുകളിൽനിന്ന് 127 മരണങ്ങൾ.
ഇറാനിൽ ഇന്നലെ മാത്രം 1192 കേസുകൾ, 147 മരണങ്ങൾ. ഇതോടെ മരണസംഖ്യയിൽ ചൈനയ്ക്കും ഇറ്റലിയ്ക്കും പിന്നാലെ ഇറാനും 1000 കടന്നു.
തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 93 കേസുകൾ, ഇന്നലെ മരണസംഖ്യ 3. അവിടെ 8500 ഓളം കേസുകളിൽ നിന്ന് 84 മരണങ്ങൾ.
ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3237 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 69000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2700 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 58.
മലേഷ്യ, പോർച്ചുഗൽ, നോർവേ, ബെൽജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ജർമ്മനി, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ വ്യാപകമായ ടെസ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. രണ്ടു രാജ്യങ്ങളിലും കേസുകൾ കൂടുതലാണെങ്കിലും മരണസംഖ്യ കുറവാണ്.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഓൺലൈനിൽ കൂടി മാത്രം പ്രവർത്തിക്കുന്നതായിരിക്കും എന്ന് തീരുമാനമെടുത്തു. ഇറ്റലിയിൽ നിന്നും പരിശോധനകൾക്കായി 500000 സാമ്പിളുകൾ അമേരിക്കയിലേക്ക് എത്തിച്ചു എന്ന വാർത്ത വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് ചൈന മെഡിക്കൽ ഉപകരണങ്ങളും കൊറോണ ടെസ്റ്റിങ് കിറ്റുകളും നൽകും.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയവർക്ക് ഫ്രാൻസിൽ പിഴചുമത്തി തുടങ്ങി. 11000 രൂപയാണ് നിലവിൽ ഫൈൻ, അതിനിയും ഉയർത്താൻ സാധ്യതയുണ്ട്.
ലോക രാജ്യങ്ങൾ എല്ലാം തന്നെ അതിർത്തി നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. പൗരന്മാർക്ക് സഹായധനം നൽകുന്ന കാര്യം പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങി. മാസാമാസം അടയ്ക്കേണ്ട ബില്ലുകൾ അടക്കുന്നതിന് കൂടുതൽ സമയം നൽകാൻ പലരാജ്യങ്ങളും തീരുമാനമെടുത്തു കഴിഞ്ഞു. പാൻഡെമിക് എഫക്ട് ലോക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചു തുടങ്ങി. പല രാജ്യങ്ങളിലും പെട്രോൾ വില കുത്തനെ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതോടെ ആണിത്.
പാകിസ്ഥാനിൽ ഇതുവരെ ആകെ 307 കേസുകളിൽ നിന്ന് രണ്ട് മരണങ്ങൾ എന്നാണ് വെബ്സൈറ്റുകൾ കാണിക്കുന്നത്. എന്നാ ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷൻ (58) റിപ്പോർട്ടിൽ അവിടെ ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യയിലെ കേസുകൾ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സ്ഥിരീകരിച്ചതനുസരിച്ച് 151 ൽ എത്തി നിൽക്കുന്നു. പക്ഷേ കേസുകൾ ട്രാക്ക് ചെയ്യുന്ന മറ്റ് സോഴ്സുകളുടെ കണക്ക് പ്രകാരം ഇത് 169 ആണ്.
152 (133 ഔദ്യോഗികം) ആക്ടീവ് കേസുകളും 3 മരണങ്ങളും 14 റിക്കവറികളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് പതിനാറാം തിയതി 114 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ ഇരുപതിൽ നിന്ന് നൂറിൽ എത്തിച്ചേരാൻ 10 ദിവസങ്ങളോളം എടുത്തു. അവിടെനിന്ന് 150 കടക്കാൻ നാല് ദിവസങ്ങളാണ് എടുത്തത്.
തമിഴ്നാട്ടിലെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തതും പുതിയ വാർത്തകളിൽപ്പെടുന്നു. തമിഴ്നാട് എയർപോർട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും റെയിൽ മാർഗം എത്തിച്ചേർന്ന ഡൽഹി സ്വദേശിയിലാണ് രണ്ടാം കേസ് സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കം പതിനേഴ് ഇടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൈന്യം ആദ്യ കേസ് സ്ഥിരീകരിച്ചതും ഇന്നലത്തെ വാർത്തയിലൊന്നാണ്. കോണ്ടാക്റ്റുകളെ ക്വാറൻ്റൈൻ ചെയ്യുന്നതടക്കമുള്ള നടപടികൾ അതെത്തുടർന്ന് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇന്നലെ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചില്ലെങ്കിലും ഇരുപത്തിയയ്യായിരത്തിലേറെപ്പേർ ഹോം – ഹോസ്പിറ്റൽ ഐസൊലേഷനുകളിലാണ്. 4600ൽ അധികം പേരെ രോഗബാധയില്ല എന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ട്.
ഐ.സി.എം.ആർ കണക്കുകളനുസരിച്ച് ഇന്ത്യയിൽ മാർച്ച് 18ന് വൈകുന്നേരം ആറ് മണി വരെ 13,125 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 150 എണ്ണം പോസിറ്റീവായി, അതായത് 1.06% . കേരളത്തിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളാണ് ഫലം വന്ന 2140 സാമ്പിളുകൾ നെഗറ്റീവാണ്.
ഒരു ലക്ഷത്തിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റുകളുടെ നിരക്ക്. മില്യണിൽ പത്ത് പേർക്ക് എന്ന നിരക്കിൽ. അതിനെക്കാൾ കുറഞ്ഞ നിരക്കുള്ള രാജ്യങ്ങൾ ചുരുക്കമാണ്. എന്നിരുന്നാലും ഇന്ത്യയിൽ കമ്യൂണിറ്റി ട്രാൻസ്മിഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇതുവരെ സൂചനയില്ല.
കൽബുർഗിയിൽ ഇന്ത്യയിലെ ആദ്യ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യപ്പെട്ട രോഗിയെ ചികിൽസിച്ച ഡോക്ടർ പോസിറ്റീവ്‌ ആയി എന്ന വാർത്ത റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. അതോടൊപ്പം കൂട്ടിവായിക്കേണ്ടിവരും തമിഴ്‌നാട്ടിലെ ട്രെയിൻ യാത്രികനെയും. രണ്ടും കൂടുതൽ കേസുകളുണ്ടാവാനുള്ള സാദ്ധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്‌. എയർപോർട്ട്‌ പോലെ സ്ക്രീനിങ്ങും മറ്റും നടത്താൻ കഴിയുന്നത്ര റെയിൽവേ സ്റ്റേഷനിൽ കഴിയില്ല എന്നത്‌ വിഷമകരമായ വസ്തുതയാണ്.
കേരളത്തിൽ പലസ്ഥലങ്ങളിലും ജാഗ്രത പുലർത്തുന്ന കാര്യത്തിൽ പുറകോട്ട് പോകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി പോലും ചെറുതല്ലാത്ത ആൾക്കൂട്ടം പല സ്ഥലങ്ങളിലും കാണുന്നു. ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥന പോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ. ഉദ്ഘാടനം പോലുള്ള കാര്യങ്ങളിലൊക്കെ ടെലി സൗകര്യം ഉപയോഗിച്ചാൽ നന്നായിരിക്കും.
നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്ന പ്രശ്നമല്ല എന്നതാണ്. അതിനായി നമ്മൾ തയ്യാർ എടുക്കേണ്ടിവരും. അഞ്ചോ ആറോ മാസങ്ങൾ വരെ ചിലപ്പോൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്. വർഷകാലം ആരംഭിക്കുന്നതിനു മുമ്പ് ലോക്കൽ ട്രാൻസ്മിഷൻ സാധ്യത പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എലിപ്പനിയും ഡെങ്കിപ്പനിയും മറ്റു ജലജന്യരോഗങ്ങൾ കൂടി ഇതിനൊപ്പം വന്നാൽ നേരിടാൻ ഒട്ടും എളുപ്പമല്ല. എന്നാൽ ആ സമയത്തേക്ക് നമ്മൾ തയ്യാറായിരിക്കുകയും വേണം.
അസുഖം ബാധിച്ചവരിൽ 10 ശതമാനം വരെ ഐസിയു അഡ്മിഷനും ഏറ്റവും കുറഞ്ഞത് ഒരു ശതമാനമെങ്കിലും മരണനിരക്കും നമ്മൾ പ്രതീക്ഷിക്കണം. ആരോഗ്യ മേഖലയെ അതിനു സജ്ജമാക്കുക എന്നത് കൂടി ഇപ്പോൾ ചെയ്യണം. വെൻറിലേറ്ററുകളുടെ ലഭ്യത ഉറപ്പാക്കണം. ഈ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തിയ ലേഖനം വൈകാതെ ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിക്കും.
ഇന്ന് രണ്ട് അഭ്യർത്ഥനകൾ കൂടിയുണ്ട്, ഡോക്ടർമാരോടും സമൂഹത്തോടും
1. PHC, CHC കളിലെയും പ്രൈവറ്റ് ആശുപത്രികളിലെയും ഡോക്ടർമാരോട്,
കൊവിഡ് സംശയിക്കത്തക്ക ട്രാവൽ ഹിസ്റ്ററിയുള്ളതോ ഹോം ക്വാറൻ്റൈനിൽ ഇരിക്കുന്നതോ ആയ ഒരാൾ വിദഗ്ദ ചികിത്സ തേടേണ്ട അസുഖവുമായി നിങ്ങളെ കാണാൻ വന്നാൽ, അയാളെ കാര്യം പറഞ്ഞു മനസിലാക്കി ഒരാംബുലൻസിൽ എത്രയും വേഗം ഏറ്റവും അടുത്തുള്ള ‘കൊറോണ ക്ലിനിക്കി’ലേക്ക് തന്നെ അയയ്ക്കണം. അത് കൊറോണയുടെ ലക്ഷണമുള്ളവരാണെങ്കിലും തലകറക്കമാണെങ്കിലും വയറുവേദനയാണെങ്കിലും മറ്റേതെങ്കിലും രോഗമാണെങ്കിലും അങ്ങനെ ചെയ്യണം. ഏതൊരു രോഗിക്കും വേണ്ട ചികിത്സ കൊറോണ ക്ലിനിക്കിൽ ലഭിക്കും.
പകരം അവരെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലേക്ക് പറഞ്ഞയച്ചാൽ അവിടെയുള്ള ഡോക്ടർമാർ കൂടി കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറൻ്റൈനിൽ പോകേണ്ടിയും വരും, രോഗിയെ കൊറോണ ക്ലിനിക്കിലേക്ക് തന്നെ പറഞ്ഞയക്കുകയും ചെയ്യും.
2. ക്വാറൻ്റൈനിൽ കഴിയുന്ന മനുഷ്യരോട്,
നിങ്ങൾ ചെയ്യുന്ന ത്യാഗത്തിൻ്റെ വലിപ്പം വളരെ വലുതാണ്. അതിന് ഒരുപാട് നന്ദിയുണ്ട്. പക്ഷെ, നിങ്ങൾക്ക് ക്വാറൻ്റൈൻ സമയത്ത് കൊവിഡിൻ്റെ ലക്ഷണങ്ങൾ വന്നാൽ മാത്രമല്ലാ ദിശയിൽ വിളിച്ചറിയിച്ച്, അവിടുന്ന് വരുന്ന വണ്ടിയിൽ ആശുപത്രിയിൽ പോകേണ്ടത്. മേൽപ്പറഞ്ഞത് പോലെയുള്ള എന്തസുഖം വന്നാലും ദിശ വഴി നേരിട്ട് കൊറോണ ക്ലിനിക്കിലേക്കേ ചെല്ലാവൂ. അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലോ ഡോക്ടറുടെ വീട്ടിലോ പോകരുത്.
കൊറോണ ഐസൊലേഷനിൽ കൊറോണ മാത്രമല്ല ചികിത്സിക്കുന്നത്, കൊറോണയുള്ളതോ ഉണ്ടെന്ന് സംശയിക്കുന്നതോ ആയവർക്ക് എന്തസുഖമുണ്ടെങ്കിലും ചികിത്സിക്കും. റഫർ ചെയ്യേണ്ട ആവശ്യം ഉണ്ടെങ്കിൽ, ആവശ്യമായ നടപടി ക്രമങ്ങൾ അവിടെ നിന്ന് സ്വീകരിക്കും.
ക്വാറൻ്റൈനിൽ ഇരുന്ന രോഗി, വയറുവേദനയുമായി അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും വന്ന സംഭവം ഇന്നലെ ഉണ്ടായി. ഇനിയുമങ്ങനെ ഉണ്ടാവാതിരിക്കാൻ എല്ലാവരും സഹകരിക്കുക.

***
എഴുതിയത്: Dr. Jinesh P S
18 March 2020
അമേരിക്കയിലും ചൈനയിലും കോവിഡ് 19 വാക്സിൻ ഗവേഷണങ്ങൾ ഊർജ്ജിതമായി മുന്നോട്ടു പോകുന്നു എന്ന വാർത്ത ഒരു പ്രതീക്ഷയാണ്. രണ്ടിടങ്ങളിലും വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ആസ്ട്രേലിയയിൽ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഫലം കാണുമെന്ന വാർത്തയും പ്രതീക്ഷാ ജനകമാണ്. ഈ മഹാമാരിക്ക് നൽകേണ്ട ഉത്തരം എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 140 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന്, മുപ്പതിൽ കൂടുതൽ കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. ഇന്ത്യയിൽ ഇതുവരെ 3 മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 14. മുംബൈയിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുടെ കയ്യിൽ സീൽ പതിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു എന്ന് തിരിച്ചറിയാൻ വേണ്ടി പതിക്കുന്ന തരത്തിൽ ഉള്ള മഷിയാണ് ഉപയോഗിക്കുന്നത്. താജ്മഹൽ സന്ദർശനത്ഥിന് മാർച്ച് 31 വരെ വിലക്ക്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മാളുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തന നിയന്ത്രണമേർപ്പെടുത്തി തുടങ്ങി.
കർണാടകയിൽ കൈറോണ മൂലം മരിച്ച 76 കാരനെ ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ഡോക്ടറും കുടുംബവും ക്വാറന്റൈനിൽ. ഡോക്ടർമാർ നേഴ്സുമാർ തുടങ്ങി രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്ക് അസുഖം ബാധിച്ചാൽ, ഗുരുതരമായ രീതിയിൽ അസുഖം പടരാൻ കാരണമാകും.
150ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 8000 ഓളം മരണങ്ങൾ ഉണ്ടായി. 81500ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഏഴായിരത്തോളം.
ഇറ്റലിയിൽ മരണസംഖ്യ 2500 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം 345 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3526. ആകെ കേസുകളുടെ എണ്ണം 31000 കടന്നു. സ്പെയിനിൽ ഇന്നലെ മാത്രം 191 മരണങ്ങൾ, ഇതോടെ മരണസംഖ്യ 500 കടന്നു. ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1800 കടന്നു, ഇതുവരെ ആകെ പന്ത്രണ്ടായിരത്തോളം കേസുകൾ. ജർമ്മനിയിൽ നിന്ന് മാത്രം 2000 ലധികം കേസുകൾ. അവിടെ ആകെ കേസിലും ഒൻപതിനായിരം കടന്നു. മരണസംഖ്യ 26. ഫ്രാൻസിൽ ഇന്നലെയും ആയിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എണ്ണായിരത്തോളം കേസുകളിൽനിന്ന് 175 മരണങ്ങൾ. അമേരിക്കയിൽ ഇന്നലെ 1300 ലധികം പുതിയ കേസുകൾ, ഇതുവരെ ആറായിരത്തോളം കേസുകളിൽനിന്ന് 101 മരണങ്ങൾ.
ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1178 കേസുകളും 135 മരണങ്ങളും. ഇതുവരെ ആകെ പതിനാറായിരത്തിലധികം കേസുകളിൽനിന്ന് 988 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി 84 കേസുകളും ആറു മരണങ്ങളും. ഇതുവരെ ആകെ 8320 കേസുകളിൽ നിന്ന് 81 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200 ലധികം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 68000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
യുകെ, സ്വിറ്റ്സർലണ്ട്, മലേഷ്യ, പോർച്ചുഗൽ, നെതർലാൻഡ്സ്, നോർവേ, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിലും ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 15, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 53.
നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ ഇന്നലെ മാത്രം 63 കേസുകൾ, ഇതുവരെ ആകെ 247 കേസുകൾ.
അമേരിക്കയിൽ പ്രതിരോധവകുപ്പ് അഞ്ച് മില്യൻ റെസ്പിരേറ്റർ മാസ്കുകളും 2000 വെൻറിലേറ്ററുകളും ആരോഗ്യവകുപ്പിന് കൈമാറും. കൂടാതെ ഒരു മില്യൻ മാസ്കുകൾ ഉടനടി നിർമ്മിക്കുകയും ചെയ്യും. ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാസ്കുകൾ ആരോഗ്യ വകുപ്പിന് കൈമാറാൻ കൺസ്ട്രക്ഷൻ കമ്പനികളോട് അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് അഭ്യർത്ഥിച്ചു.
അമേരിക്കയിലും കാനഡയിലും യൂബർ ഷെയേർഡ് റൈഡ് സൗകര്യം നിർത്തലാക്കി.
ക്വാറന്റൈൻ നിർദേശം പാലിക്കാത്ത 2 വിദേശികളെ ന്യൂസിലണ്ട് ഡീപ്പോർട്ട് ചെയ്യും.
ഉക്രൈനിൽ തോക്ക് ചൂണ്ടി ഒരുലക്ഷം സർജിക്കൽ മാസ്ക്കുകൾ മോഷ്ടിക്കാൻ ശ്രമം. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഖത്തറിൽ ഗ്രോസറി സ്റ്റോറുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചു.
സൗദി അറേബ്യ എല്ലാ മോസ്കുകളിലും ആരാധന നിരോധിച്ചു. എല്ലാ ആരാധനാലയങ്ങളിലും കൂട്ടപ്രാർത്ഥനക്ക് ഗ്രീസിൽ വിലക്ക്.
പെറു, കോസ്റ്ററിക്ക, പരാഗ്വേ തുടങ്ങിയ രാജ്യങ്ങൾ രാജ്യാതിർത്തി അടച്ചു. പെറു തലസ്ഥാനത്ത് കർഫ്യൂന് സമാനമായ സാഹചര്യം നിലവിൽ വന്നു.
കെവിൻ ഡ്യൂറന്റിൽ സ്ഥിരീകരിച്ചതോടെ കോവിഡ് 19 ബാധിച്ച NBA കളിക്കാരുടെ എണ്ണം ഏഴ്. ലുക്കിമിയ രോഗബാധിതൻ കൂടിയായിരുന്ന 21 വയസ്സുകാരനായ ഫുട്ബോൾ കോച്ച് ഫ്രാൻസിസ്കോ ഗ്രാഷ്യ കോവിഡ് 19 ബാധിച്ച് സ്പെയിനിൽ മരണമടഞ്ഞു. ജർമനിയിൽ മെർക്കലിന് പിൻഗാമിയാകാൻ സാധ്യതയുള്ള ഫ്രെഡറിച് മെഴ്സിന് രോഗം സ്ഥിരീകരിച്ചു. സ്പാനിഷ് ഫുട്ബോൾ ക്ലബ് വലൻസിയയുടെ മൂന്നിലൊന്ന് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതായി വാർത്തകൾ. ലോകാരോഗ്യ സംഘടനയുടെ രണ്ട് ഉദ്യോഗസ്ഥർക്ക് അസുഖം സ്ഥിരീകരിച്ചു. ടോം ഹാങ്ക്സ്സും റിത വിൽസണും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു, വീട്ടിൽ ക്വാറന്റൈൻ.
യൂറോ കപ്പ് ഫുട്ബോൾ ഒരുവർഷം നീട്ടിവെച്ചു. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് നീട്ടിവെച്ചു. പാകിസ്ഥാനിൽ സൂപ്പർ ലീഗ് ട്വൻറി 20 ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചു.
മൈക്രോസോഫ്റ്റ് ലോകമെമ്പാടുമുള്ള സ്റ്റോറുകൾ അടച്ചു.
ഫോക്സ്‌വാഗൺ കമ്പനി വാഹനങ്ങളുടെ നിർമാണം തത്കാലം നിർത്തിവെക്കാൻ ആലോചിക്കുന്നു.
പല രാജ്യങ്ങളിലും ടെലിമെഡിസിൻ സംവിധാനങ്ങൾ ഒരുക്കി തുടങ്ങി. അടിയന്തരമല്ലാത്ത സർജറികൾ മാറ്റിവെച്ചു. യൂറോപ്പിൽ ആവശ്യമായത്ര മരുന്നുകളും ആരോഗ്യ സൗകര്യങ്ങളും ലഭ്യമാകുന്നില്ല എന്ന് ലോകാരോഗ്യസംഘടന വിലയിരുത്തി. സൗത്ത് കൊറിയക്ക് പിന്നാലെ ഇസ്രയേലും ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നു. വാഹനത്തിന് പുറത്തിറങ്ങാതെ പരിശോധിക്കാനുള്ള സൗകര്യം ആണിത്.
കൂടുതൽ പരിശോധനകൾ നടത്തി, കൂടുതൽ കേസുകൾ കണ്ടുപിടിച്ച് കൃത്യമായി പ്രതിരോധം നൽകി സന്തുലിതാവസ്ഥയിൽ പോകുന്ന തെക്കൻ കൊറിയയുടെ മാതൃകയാണ് നമുക്ക് അഭികാമ്യം. അതിനായി പരിശോധനകൾ ഗണ്യമായി വർധിപ്പിക്കണം.
വലിയ ആൾക്കൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. പത്രസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ വളരെ അടുത്തിടപഴകുന്നത് ഒഴിവാക്കണം. ടെലി പ്രസ് കോൺഫറൻസുകളെ കുറിച്ച് ചിന്തിക്കുന്നതിൽ പോലും തെറ്റില്ല.
സെക്രട്ടറിയേറ്റടക്കമുള്ള പല സർക്കാർ ഓഫീസുകളിലും പല വകുപ്പുകളിലും നടക്കുന്ന മീറ്റിംഗുകൾ, ട്രെയിനിംഗുകൾ തുടങ്ങിയവ തൽക്കാലം ഒഴിവാക്കണം. ബ്യൂറോക്രസി വിഷയത്തെ അതീവ ഗൗരവത്തോടെ സമീപിക്കണം.
സാമൂഹ്യ വ്യാപനം പരമാവധി വൈകിപ്പിക്കാൻ നമുക്ക് സാധിക്കണം.

***
എഴുതിയത്: Dr. Jinesh P S
17 March 2020
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 110 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്ന്, മുപ്പതിൽ കൂടുതൽ കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. മൂന്നാമത് പത്തിലധികം കേസുകളുമായി ഉത്തർപ്രദേശ്. ഇന്ത്യയിൽ ഇതുവരെ രണ്ട് മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 13.
150ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 7000 ഓളം മരണങ്ങൾ ഉണ്ടായി. 78000ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ആറായിരത്തോളം.
ഇറ്റലിയിൽ ഇന്നലെ ഒരു ദിവസം മാത്രം 349 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3233. ആകെ കേസുകളുടെ എണ്ണം 28000 അടുക്കുന്നു. ഇതുവരെയുണ്ടായ ആകെ മരണങ്ങൾ 2100 കഴിഞ്ഞു. യൂറോപ്പിൽ സ്പെയിനിലും ജർമനിയിലും 1400 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്പെയിനിൽ ഇതുവരെ ആകെ പതിനായിരത്തോളം കേസുകളിൽ 342 മരണങ്ങളും ഉണ്ടായിട്ടുണ്ട്, ഇന്നലെ മാത്രം 48 മരണങ്ങൾ. ഫ്രാൻസിൽ ഇന്നലെ മാത്രം 1200ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ ഇന്നലെ സ്ഥിരീകരിച്ച 900 ഓളം കേസുകൾ ഉൾപ്പെടെ ആകെ 4500ലധികം കേസുകളിൽ നിന്നും 86 മരണങ്ങൾ.
ഇറാനിൽ ഇന്നലെ സ്ഥിരീകരിച്ചത് ആയിരത്തിലധികം കേസുകൾ, ഇന്നലെയും മരണസംഖ്യ നൂറു കടന്നു. ഇതുവരെ ആകെ 15000-ഓളം കേസുകളിൽ നിന്നും 853 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇതുവരെ എണ്ണായിരത്തിലധികം കേസുകളിൽ നിന്നും 75 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200ഓളം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 67000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 15, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 48.
കൊറോണ ഔട്ട്ബ്രേക്ക് കുറച്ചു മാസങ്ങൾ നീണ്ടുനിൽക്കും എന്ന് പറഞ്ഞതിനൊപ്പം സാധിക്കുമെങ്കിൽ പത്ത് പേരിൽ കൂടുതൽ ഉള്ള കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും എന്നും ട്രംപ് അഭ്യർത്ഥിച്ചു. 50 പേരിൽ കൂടുതൽ ഉൾപ്പെട്ട കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നായിരുന്നു CDC നിർദ്ദേശം. അമേരിക്കയിൽ വേണ്ടത്ര വെൻറിലേറ്ററുകൾ ലഭ്യമാകുന്നില്ല എന്ന് മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ, വിർജീനിയ ഗവർണർ റാൾഫ് നോർത്തം എന്നിവർ ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡൻറ് ഗവർണർമാരും ആയി സംസാരിച്ചശേഷം ആയിരുന്നു പ്രതികരണം. മേരിലാൻഡ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ ബാറുകളും റസ്റ്റോറൻറുകളും അടക്കാൻ തീരുമാനിച്ചു. CDC ഉദ്യോഗസ്ഥരിൽ ഒരാളിൽ കൊറോണ പോസിറ്റീവായി. സ്റ്റാച്യു ഓഫ് ലിബർട്ടിയും പ്രധാനപ്പെട്ട നാഷണൽ പാർക്കുകളും പ്രവേശനം നിർത്തി വച്ചു.
പൗരന്മാർ അല്ലാത്തവർക്ക് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ചിലി വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി. മെക്സിക്കൻ പ്രസിഡൻറ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രദർ ഒരു പാർട്ടിയിൽ ഡാൻസ് ചെയ്യുകയും കുട്ടികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതിൽ ശക്തമായ വിമർശനങ്ങൾ ഉണ്ടാവുന്നുണ്ട്.
ഫ്രാൻസ് 15 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിദേശികൾക്ക് റഷ്യ മെയ് ഒന്ന് വരെ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ആർട്ടിക് പര്യവേക്ഷണത്തിനുള്ള വിമാനങ്ങൾ ക്യാൻസൽ ചെയ്യപ്പെട്ടു. ജർമനിയിൽ ബാറുകൾ, റസ്റ്റോറൻറുകൾ, മത ആരാധനകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജോർജിയ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഒരേസമയം ആശങ്കാജനകമായ നിരവധി കാര്യങ്ങൾ സംഭവിക്കുമ്പോൾ ഭയപ്പെടുന്നതിൽ തെറ്റില്ല എന്ന് നോർവീജിയൻ പ്രധാനമന്ത്രി എർണാ സോൾബെർഗ് അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് കാലത്ത് പടർന്നുപിടിക്കുന്ന വ്യാജവാർത്തക്കെതിരെ സിംഗപ്പൂർ ശക്തമായ നിയമനിർമ്മാണം നടത്തി.
സൗദി അറേബ്യ മാളുകളും പാർക്കുകളും സർക്കാർ ഓഫീസുകളും അടച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് കുവൈറ്റ് രണ്ടാഴ്ച വർക്ക് ഫ്രം ഹോം നിർദേശിച്ചു. ലെബനനിൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചു. ഇറാഖിൽ വിമാന സർവീസ് നിയന്ത്രണം ഏർപ്പെടുത്തി, അതിർത്തികൾ ബന്ധിച്ചു.
ദക്ഷിണ കൊറിയ ലാബ് പരിശോധനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഏറ്റവും കൂടുതൽ ലാബ് പരിശോധനകൾ നടക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ഓരോ ദിവസവും പതിനായിരത്തോളം പേർ പരിശോധന നടത്തുന്നു എന്ന് വാർത്ത. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന ടെലിഫോൺ ബൂത്തുകൾ പോലെ ലാബ് ബൂത്തുകൾ സോളിൽ ആരംഭിക്കുന്നു. ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ഇടപഴകാതെ തന്നെ പരിശോധന നടത്താൻ സാധിക്കും. നിലവിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ പരിശോധന സൗകര്യം ലഭ്യമായ സ്ഥലം ആണ് ദക്ഷിണ കൊറിയ. പരിശോധന തികച്ചും സൗജന്യമാണ്.
നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് വീണ്ടും ഒരു വാർത്ത വാഷിംഗ്ടൺ പോസ്റ്റിൽ വന്നിട്ടുണ്ട്. സ്കൂൾ അടച്ച സമയത്തും ആവശ്യമുള്ള കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു എന്ന വാർത്തയാണത്.
ലാബ് പരിശോധനകൾ കൂടുതൽ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്. പലപ്പോഴും കേസുകൾ കണ്ടു പിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത ഒഴിവാക്കാൻ വേണ്ടിയാണിത്. അങ്ങനെ തിരിച്ചറിയപ്പെടാത്ത കേസുകളിൽ നിന്നും കൂടുതൽ പേരിലേക്ക് രോഗം എത്താൻ സാധ്യത ഉണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ വളരെ പ്രധാന്യമുള്ള വിഷയമാണിത്. ലോകമാകെ വിലയിരുത്തിയാൽ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
ലാബ് പരിശോധനകളെ കുറിച്ച് ഡോ. കെ. പി. അരവിന്ദൻ എഴുതിയ പോസ്റ്റിലെ വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
“കേരളത്തിൽ ഇരുപതു കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ അതിനർത്ഥം 20 പേരിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകമെമ്പാടും ഇതുതന്നെ അവസ്ഥ. തെക്കൻ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി രോഗനിർണയ ടെസ്റ്റുകൾ ഉപയോഗിച്ചപ്പോൾ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിൻ്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത്.
കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.
രോഗനിർണയ ടെസ്റ്റുകൾ:
പ്രധാനമായും മൂന്ന് സങ്കേതങ്ങളാണ് കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.
1. വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ
2. വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ (പ്രതിവസ്തുക്കൾ) കണ്ടെത്തുന്ന രീതികൾ
3. ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ.
വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതികൾ:
കോവിഡ്-19 എന്ന രോഗമുണ്ടാക്കുന്ന SARS-CoV-2 (പഴയ പേര് NCoV-19) എന്ന പുതിയ RNA വൈറസ്സിൻ്റെ ജനിതകക്രമം പൂർണമായി കണ്ടെത്തുന്നതാണ് രോഗനിർണയത്തിൻ്റെ ഏറ്റവും ആധികാരികമായ രീതി. ഇതിന് ജനറ്റിക് സീക്വൻസിംഗ് എന്നാണ് പറയുന്നത്.
പക്ഷെ, സീക്വെൻസിങ്ങ് എന്ന ടെസ്റ്റ് എല്ലാ രോഗികൾക്കും ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലവും, സമയവുമൊക്കെ പ്രശ്നം. പകരം വൈറസിൻ്റെ ജനിതകക്രമത്തിലെ തനതായ ഭാഗങ്ങൾ മാത്രമായി – അതായത് മറ്റുള്ള വൈറസ്സുകളിൽ കാണാത്ത ഭാഗങ്ങൾ – ഉണ്ടോ ഇല്ലയോ എന്നു നോക്കിയാൽ അണു അകത്ത് കയറിയിട്ടുണ്ടോ എന്ന് പറയാനാകും. PCR (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. RNA വൈറസ് ആയതു കൊണ്ട് ആദ്യം അതിനെ Reverse Transcriptase എന്ന എൻസൈം ഉപ്യോഗിച്ച് DNA ആയി മാറ്റേണ്ടി വരും. അതിനാൽ RT-PCR എന്ന ടെസ്റ്റാണ് കൃത്യമായി പറഞ്ഞാൽ ഉപയോഗിക്കുക.
PCR ടെസ്റ്റിൻ്റെ ഏറ്റവും വലിയ ഗുണം അതിൻ്റെ കൃത്യതയാണ് (സാങ്കേതികമായി പറഞ്ഞാൽ ‘specificity’ – അതായത് തെറ്റാനുള്ള സാധ്യത വളരെ കുറവ്). രോഗാണു അകത്തു കയറിക്കഴിഞ്ഞാൽ വേഗത്തിൽ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുമെന്നതാണ് മറ്റൊരു ഗുണം. പക്ഷെ, രോഗമുള്ള എല്ലാവരിലും ഇത് പോസിറ്റിവ് ആവണമെന്നില്ല. സാധാരണ ഗതിയിൽ രോഗണുബാധിതരായ 10-20% പേരിൽ ടെസ്റ്റ് നെഗറ്റീവ് ആവാം. വൈറസ് അടങ്ങുന്ന ശ്രവങ്ങൾ എടുക്കുന്ന രീതിയിലെ പിഴവുകൾ, മറ്റു സാങ്കേതിക പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിനു കാരണമാവാം. കൂടാതെ രോഗാണുവിനെതിരെ ശരീരത്തിൻ്റെ പ്രതിരോധം വിജയിക്കുന്നതിനനുസരിച്ച് രോഗാണുവിൻ്റെ എണ്ണം കുറയുന്നതും നെഗറ്റീവ് ടെസ്റ്റിനു കാരണമാവാം.
വൈറസ് കാരണം മനുഷ്യനിലുണ്ടാകുന്ന ആൻ്റിബോഡികൾ കണ്ടെത്തുന്ന രീതികൾ:
മനുഷ്യനെ ബാധിക്കുന്ന പല പകർച്ചവ്യാധികളും ലബോറട്ടറിയിൽ നിർണയിക്കുന്നത് അവയ്ക്കെതിരെയുള്ള ആൻ്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കിയാണ്. രോഗം വന്ന് ഏതാനും ദിവസങ്ങൾക്കകം ശരീരം ആൻ്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. IgM, IgG ആൻ്റിബോഡി ടെസ്റ്റുകൾ ചെയ്യുന്നത് വഴി രോഗനിർണയം നടത്താവുന്നതാണ്.
പക്ഷെ ഈ ടെസ്റ്റുകൾ രോഗാണു അകത്തു കടന്ന് കഴിഞ്ഞ് സുമാർ 10 ദിവസമെങ്കിലും കഴിഞ്ഞേ പോസിറ്റിവ് ആവുകയുള്ളൂ. മിക്ക കേസുകളും പോസിറ്റിവ് ആവണമെങ്കിൽ 14 ദിവസമെങ്കിലും കഴിയണം.
വളരെ പെട്ടെന്ന്, വളരെ കുറച്ച് രക്തം ഉപയോഗിച്ച് ELISAയ്ക്ക് സമാനമായ Rapid (അതിവേഗ) ആൻ്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 രോഗത്തിനു വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുണ്ട്. ചൈനയിൽ ഇന്ന് വ്യാപകമായി ഇവയാണ് ഉപയോഗിക്കപ്പെടുന്നത്. കൂടുതൽ പേരെ പരിശോധിക്കാനും കൊണ്ടാക്ടുകളെ കണ്ടെത്താനും, എപ്പിഡമിയോളജിക്കൽ പഠനങ്ങൾക്കുമൊക്കെ ഏറ്റവും അനുയോജ്യം ഈ ടെസ്റ്റുകളാണെന്ന് കാര്യത്തിൽ തർക്കമില്ല.
ശ്വാസകോശത്തേയും മറ്റും ബാധിച്ച ഗുരുതരരോഗം കണ്ടെത്തുന്ന രീതികൾ:
CT Scan ആണ് ഇവയിൽ ഏറ്റവും പ്രധാനം. ശ്വാസകോശങ്ങളെ ബാധിക്കുന്ന കോവിഡ് കേസുകൾ കണ്ടെത്താൻ അനുയോജ്യമാണ് ഈ ടെസ്റ്റ്.
വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്ക് വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിൻ്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത് എന്നതിനാൽ ആ വഴി സ്വീകരിക്കുന്നതാവും നമുക്കും ഉചിതം. PCR എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന Rapid ആൻ്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.”

***
എഴുതിയത്: Dr. Jinesh PS
16 March 2020
ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 100 കടന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയൈൽ നിന്ന്, 32 കേസുകൾ. രണ്ടാമത് ഇരുപതിലധികം കേസുകളുമായി കേരളം. മൂന്നാമത് പത്തിലധികം കേസുകളുമായി ഉത്തർപ്രദേശ്. ഇന്ത്യയിൽ ഇതുവരെ രണ്ട് മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 13.
പ്രതിരോധ പ്രവർത്തനങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും കേരളത്തിൽനിന്ന് നിരാശാജനകമായ ചില കാഴ്ചകളും കാണാൻ സാധിക്കുന്നുണ്ട്. പുറത്തായ ബിഗ് ബോസ് മത്സരാർത്ഥി രജത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായ ആൾക്കൂട്ടവും വാമനപുരം ബാങ്ക് തെരഞ്ഞെടുപ്പിൽ ഉണ്ടായ ആൾക്കൂട്ടവും നല്ല ലക്ഷണങ്ങൾ അല്ല. ഇതിനിടയിൽ രോഗബാധ സ്ഥിരീകരിച്ച വിദേശ സഞ്ചാരി സ്വരാജ്യത്തേക്ക് തിരിച്ചുപോകാൻ എയർപോർട്ട് വരെ എത്തിയതും അങ്ങനെ ഉണ്ടായ കോൺടാക്ടുകളും ആശങ്കയുണ്ടാക്കി.
150ഓളം രാജ്യങ്ങളിലായി ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേരിൽ സ്ഥിരീകരിച്ച അസുഖം മൂലം 6500 ഓളം മരണങ്ങൾ ഉണ്ടായി. 76000ലധികം പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം ആറായിരത്തോളം.
ഇറ്റലിയിൽ ഇന്നലെ ഒരു ദിവസം മാത്രം 368 മരണങ്ങൾ. പുതുതായി കണ്ടെത്തിയ കേസുകളുടെ എണ്ണം 3590. ആകെ കേസുകളുടെ എണ്ണം 25000 അടുക്കുന്നു. ഇതുവരെയുണ്ടായ ആകെ മരണങ്ങൾ 1800 കഴിഞ്ഞു. യൂറോപ്പിൽ സ്പെയിനിലും ജർമനിയിലും 1200 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്പെയിനിൽ ഇതുവരെ ആകെ എണ്ണായിരത്തോളം കേസുകളിൽ 292 മരണങ്ങളും ഉണ്ടായിട്ടുണ്ട്, ഇന്നലെ മാത്രം 96 മരണങ്ങൾ. ഫ്രാൻസിലും സ്വിറ്റ്സർലണ്ടിലും ഇന്നലെ മാത്രം എണ്ണൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ ഇന്നലെ സ്ഥിരീകരിച്ച 650 ഓളം കേസുകൾ ഉൾപ്പെടെ ആകെ 3500ലധികം കേസുകളിൽ നിന്നും 68 മരണങ്ങൾ.
ഇറാനിൽ ഇന്നലെ സ്ഥിരീകരിച്ചത് ആയിരത്തി ഇരുന്നൂറിലധികം കേസുകൾ, ഇന്നലെ ഉണ്ടായ മരണങ്ങൾ നൂറു കടന്നു. ഇതുവരെ ആകെ 14000-ഓളം കേസുകളിൽ നിന്നും 724 മരണങ്ങൾ. തെക്കൻ കൊറിയയിൽ ഇതുവരെ എണ്ണായിരത്തിലധികം കേസുകളിൽ നിന്നും 75 മരണങ്ങൾ. ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3200ഓളം മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 67000 അടുക്കുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3,300 ൽ താഴെയായി.
ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 13, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 45.
അമേരിക്കയിൽ ഓഹിയോ, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിൽ ബാറുകളുടെയും റസ്റ്റോറൻറുകളുടെയും പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫെഡറൽ റിസർവ് പലിശ നിരക്ക് 0% ലേക്ക് താഴ്ത്തി. അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ 300 ഭടന്മാർക്ക് 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമുള്ള സുരക്ഷ ഉപകരണങ്ങൾ എക്സ്പോർട്ട് ചെയ്യുന്നതിന് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി.
അയർലൻഡ് മാർച്ച് 29 വരെ പബ്ബുകൾ അടച്ചിടാൻ നിർദേശം നൽകി.
ജർമ്മനി അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൂടുതൽ വെൻറിലേറ്ററുകൾ അടിയന്തരമായി നിർമ്മിക്കാൻ നിർമ്മാണ കമ്പനികളോട് ബ്രിട്ടൻ ആവശ്യപ്പെട്ടു.
നെതർലാൻഡ് സ്കൂളുകൾ, സ്പോർട്സ് ക്ളബ്ബുകൾ, റസ്റ്റോറൻറുകൾ തുടങ്ങിയവയുടെ പ്രവർത്തനം ഏപ്രിൽ ആറുവരെ വിലക്കി.
സെർബിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉക്രൈൻ അന്തർദേശീയ റെയിൽവേ അതിർത്തികൾ അടച്ചു.
അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് ഓസ്ട്രിയ വിലക്കേർപ്പെടുത്തി. പാർക്കുകളും സ്പോർട്സ് ക്ലബ്ബുകളും റസ്റ്റോറൻറുകളും അടച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് ശക്തമായ പിഴ ഏർപ്പെടുത്തി.
വിശുദ്ധ വാരാചരണത്തിനോടനുബന്ധിച്ചുള്ള പോപ്പിന്റെ പ്രാർത്ഥനയിൽ പബ്ലിക്കിന് പ്രവേശനമുണ്ടായിരിക്കില്ല എന്ന വത്തിക്കാൻ അറിയിച്ചു.
തുർക്കിയിൽ തീർത്ഥാടകർക്ക് 14 ദിവസത്തെ ക്വാറന്റൈൻ കാലത്ത് താമസിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കി.
പോർട്ടോറിക്കോ അത്യന്താപേക്ഷിതമല്ലാത്ത കച്ചവടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
ഇരുന്നൂറിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഘാന വിലക്കേർപ്പെടുത്തി. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കെനിയ 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗത്താഫ്രിക്ക വിലക്കേർപ്പെടുത്തി. കൂടാതെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മൊറോക്കോ എല്ലാ അന്തർ ദേശീയ വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തി.
രാജ്യവ്യാപകമായി എമർജൻസി പ്രഖ്യാപിക്കണമെന്ന് ഇറാഖി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
കസാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജറുസലേമിൽ പ്രധാന ആരാധനാലയങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
വിയറ്റ്നാമിൽ എത്തുന്ന വിദേശികൾ എല്ലാം 14 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തി. എത്തുന്ന സന്ദർശകർക്ക് എല്ലാം കൊറോണ വൈറസ് പരിശോധന നടത്തും എന്നും തീരുമാനിച്ചു.
വൈറസ് സംക്രമണം കൂടുതൽ ഉണ്ടായ സ്ഥലങ്ങളെ സൗത്ത് കൊറിയ ഡിസാസ്റ്റർ സോൺ ആയി പ്രഖ്യാപിച്ചു.
ബാഴ്സലോണ ഒളിമ്പിക്സ് സ്റ്റേഡിയത്തിന്റെ ആർക്കിടെക്ട് വിറ്റോരിയോ ഗ്രിഗോറ്റി കൊറോണ വൈറസ് ബാധ മൂലം ഇറ്റലിയിൽ വെച്ച് മരണമടഞ്ഞു.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബിഗോണ ഗോമസിന് കോവിഡ് 19 സ്ഥിരീകരിച്ചു.
ലോകരാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ മാത്രമാണ്.
പല വികസിത രാജ്യങ്ങളിലും അസുഖം പടർന്നുപിടിച്ചത് കണ്ടുകാണുമല്ലോ. ഇതിൽ ജർമ്മനിയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.936 ആണ്, ഫ്രാൻസിന് 0.901, സ്പെയിൻ 0.891, ഇറ്റലി 0.88. ഇന്ത്യയുടെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.64. റാങ്കിങ്ങിൽ നൂറിൽ താഴെ. ജർമ്മനിയുടെ റാങ്ക് അഞ്ചാണ്. 2018ലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിന്റെ ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് 0.779.
ഹ്യൂമൻ ഡെവലപ്മെൻറ് ഇൻഡക്സ് ഒരു ശരിയായ താരതമ്യം അല്ല എന്നറിയാം. പക്ഷേ ഒന്ന് മനസ്സിലാക്കി വെക്കാൻ സഹായിക്കും.
മലേഷ്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട നാനൂറിൽ പരം കേസുകളിൽ ബഹുഭൂരിപക്ഷവും ശ്രീ പെറ്റാലിങ് മോസ്കിൽ ഒരുമിച്ച് ആരാധന നടത്തിയവർ ആയിരുന്നു എന്ന് വാർത്തകൾ വന്നിട്ടുണ്ട്. തെക്കൻ കൊറിയയിൽ കൊറോണ വ്യാപിക്കാൻ പ്രധാന കാരണം ഷിൻചിയോൻചി ചർച്ച് ഓഫ് ജീസസിൽ നടന്ന സമൂഹ പ്രാർത്ഥനയുടെ ഫലം ആയിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിൽനിന്നൊക്കെ പാഠം പഠിച്ചില്ലെങ്കിൽ നാം നാളെ ദുഃഖിക്കേണ്ടിവരും.
പല രാജ്യങ്ങളിലും അസുഖം പടർന്നുപിടിച്ചത് അവർ മണ്ടന്മാർ ആയതുകൊണ്ടല്ല. പകരം പലപ്പോഴും മനുഷ്യരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണ്.
കേരളത്തിൽ പല സ്ഥലങ്ങളിലും ഇപ്പോൾ അതൊക്കെ നടക്കുന്നതായി കാണാം. വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാനെത്തിയ ആൾക്കൂട്ടവും മറ്റും അതാണ് കാണിക്കുന്നത്. ഇൻകുബേഷൻ പീരീഡിൽ പോലും പകരാൻ സാധ്യതയുള്ള അസുഖം ആണ് എന്ന് മനസ്സിലാക്കണം. അതായത് വൈറസ് ശരീരത്തിൽ പ്രവേശിച്ച ഒരാൾക്ക് രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ മറ്റൊരാളിലേക്ക് രോഗം പകർന്നു നൽകാം എന്നും. ഇടപെടുന്ന സമയത്ത് രണ്ടുപേർക്കും യാതൊരു ഊഹവും ഉണ്ടാവില്ല.
അതുകൊണ്ട് വീണ്ടും വീണ്ടും പറയേണ്ടതും ചെയ്യേണ്ടതും ഒരേ കാര്യങ്ങൾ തന്നെയാണ്.
1. രോഗികളിൽ നിന്നും രോഗം പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അകലം പാലിക്കുക, വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക (Social distancing)
2. വ്യക്തി ശുചിത്വം പാലിക്കുക. ഇടയ്ക്കിടെ കൈ കഴുകുക (Personal hygiene & Hand washing)
3. രോഗികളുമായി സമ്പർക്കമുള്ളവരും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകരും 14 ദിവസം ക്വാറന്റൈൻ സ്വീകരിക്കുക (Quarantine)
4. രോഗികളും രോഗികളെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും മാസ്കും ആവശ്യമായ സുരക്ഷ മാർഗങ്ങളും ഉപയോഗിക്കുക. മറ്റുള്ളവർ ധരിക്കേണ്ട ആവശ്യമില്ല.
5. ആരോഗ്യകരമായ ഭക്ഷണശീലം പരിശീലിക്കുക, അതായത് സമീകൃതാഹാരം.
6. നന്നായി വെള്ളം കുടിക്കുക
7. ആവശ്യമായ വ്യായാമം ചെയ്യുക.
ഇതിനു പകരമായി മറ്റൊന്നും കൊറോണ തടയാൻ സഹായിക്കില്ല. പ്രതിരോധമായി ഔഷധങ്ങളിലേക്ക് തിരിയുന്നത് കൊണ്ട് ഒരു പ്രയോജനമില്ല. ഇതുമൂലം പ്രയോജനമില്ലാത്ത ഉൽപ്പന്നങ്ങൾ മാസങ്ങളോളം കഴിക്കേണ്ടതായി വന്നേക്കാം. സുരക്ഷയെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാനും വ്യക്തിശുചിത്വ മാർഗങ്ങൾ പാലിക്കാതിരിക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിലരുടെ ബിസിനസ് താല്പര്യങ്ങൾക്ക് തല വെച്ച് കൊടുക്കേണ്ട കാര്യവും നമുക്കില്ല.
ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി പെരുമാറാൻ ഏവർക്കും കടമയുണ്ട്. തന്നോടും തൻറെ ചുറ്റുമുള്ളവരോടും സമൂഹത്തോടും ഉത്തരവാദിത്വം ഉണ്ടാവണം. അങ്ങനെ ഉത്തരവാദിത്വബോധത്തോടെ പെരുമാറാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ദുരന്തനിവാരണ നിയമം നടപ്പിൽ വരുത്തണം. മറ്റ് പലരാജ്യങ്ങളിലും ചെയ്യുന്നതുപോലെ പരിപാടികളിൽ പങ്കെടുക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഓരോ ജില്ലയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ പരമാവധി ഒത്തുകൂടാവുന്ന ആൾക്കാരുടെ എണ്ണം നിശ്ചയിക്കണം. അതിൽ കൂടുതൽ ആൾക്കാർ ഒത്തുചേർന്നാൽ, നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം.
ലേഖനത്തിൽ അവസാനഭാഗത്ത് അക്കമിട്ടെഴുതിയ നിർദ്ദേശങ്ങൾ ഡോ സന്തോഷ് കുമാർ ജി ആറിന്റെ പോസ്റ്റിൽ നിന്നും പകർത്തിയത്.

***
എഴുതിയത്: DrJinesh PS
15 March 2020
നൂറ്റി അമ്പതോളം രാജ്യങ്ങളിൽ നിന്നായി ഒന്നരലക്ഷത്തിലധികം കേസുകൾ, അയ്യായിരത്തിലധികം മരണങ്ങൾ. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 156040, ആകെ മരണങ്ങൾ 5819. രോഗമുക്ത നേടിയവരുടെ എണ്ണം 75000 അടുക്കുന്നു.
ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,000 കടന്നു, ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 3497 കേസുകൾ. അവിടെ ഇതുവരെ മരണസംഖ്യ 1441, ഇന്നലെ മാത്രം മരിച്ചത് 175 പേർ. സ്പെയിനിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിൽ, ഇതുവരെ ആകെ ആറായിരത്തിലധികം കേസുകളിൽനിന്ന് 195 മരണങ്ങൾ. ജർമ്മനിയിലും ഫ്രാൻസിലും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എണ്ണൂറിലധികം കേസുകൾ, രണ്ടു രാജ്യങ്ങളിലും ഏതാണ്ട് 4500 വീതം കേസുകൾ.
ഇറാനി ഇന്നലെയും ആയിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതുവരെ ആകെ 12729 കേസുകൾ. അവിടെ ഇന്നലെയും 97 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ആകെ മരണസംഖ്യ 600 കടന്നു. തെക്കൻ കൊറിയയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് നൂറിലധികം കേസുകൾ, ആകെ കേസുകളുടെ എണ്ണം 8000 കടന്നു.
ചൈനയിൽ പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി വാർത്തകൾ കണ്ടില്ല. അവിടെ ആകെ 80824 കേസുകളിൽ നിന്ന് 3189 മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം 65,000 കടന്നു. സീരിയസായ രോഗികളുടെ എണ്ണം 3610 ആയി കുറഞ്ഞു.
ആയിരത്തിലധികം കേസുകൾ നിലവിലുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ അമേരിക്ക, സ്വിറ്റ്സർലൻഡ്, യുകെ, നോർവേ എന്നിവയും ഉൾപ്പെടുന്നു. നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 42 ആയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ സാമൂഹ്യസംക്രമണം (Community spread) ഉണ്ടായിട്ടുണ്ട്. അതുപോലെ ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ സംഭവിച്ചുകഴിഞ്ഞു.
പത്ത് പേരിൽ കൂടുതൽ ഒരുമിച്ചു ചേരുന്ന പരിപാടികൾക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തി.
സ്പെയിനിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സ്പെയിനിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനങ്ങൾ മടക്കിയയച്ചു എന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ആയി കോണ്ടാക്ടിൽ വരുന്ന എല്ലാവരുടെയും ശരീരതാപനില നിരീക്ഷിച്ച് തുടങ്ങി. ട്രംപ് മുൻപ് നേരിട്ട് മീറ്റ് ചെയ്ത രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്നതിനാലാണിത്. ട്രംപിന് ആദ്യ പരിശോധന റിസൾട്ട് നെഗറ്റീവ് ആയി.
ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്ന ബ്രസീൽ അംബാസിഡർ നെസ്റ്റർ ഫോർസ്റ്റർ കൊറോണ വൈറസ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ന്യൂയോർക്ക് അതിരൂപത എല്ലാ തരത്തിലുള്ള കുർബാനകളും റദ്ദ് ചെയ്തതായി അറിയിച്ചു.
ആപ്പിൾ ചൈനയ്ക്ക് വെളിയിലുള്ള എല്ലാ റീട്ടെയിൽ ഷോപ്പുകളും മാർച്ച് 27 വരെ അടയ്ക്കാൻ തീരുമാനിച്ചു.
ഇറ്റലിയിൽ ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ Pierpaolo Sileri ന് കോവിഡ് 19 സ്ഥിരീകരിച്ചു. വടക്കൻ ഇറ്റലിയിൽ സ്ഥിതി നിയന്ത്രണാതീതം ആണ്. ആശുപത്രികൾ നിറഞ്ഞുകവിയുന്നു.
ഇന്തോനേഷ്യൻ ഗതാഗതമന്ത്രി Budi Karya Sumadi ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാണ്.
കൊറോണ ബാധിതർക്ക് ഇസ്രയേൽ ഡിജിറ്റൽ ട്രാക്കിംഗ് ഏർപ്പെടുത്തും.
ഫ്രാൻസിൽ അത്യന്താപേക്ഷിതല്ലാത്ത കച്ചവടങ്ങൾ എല്ലാം താൽക്കാലികമായി നിർത്തിവെച്ചു.
റഷ്യ, പോളണ്ടും നോർവേയുമായുള്ള കര അതിർത്തി അടച്ചു. നൂറിൽ താഴെ കേസുകൾ മാത്രമാണ് റഷ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോളണ്ടിൽ 103 ഉം. നോർവെയിൽ 113 കേസുകളും.
പോളണ്ട് എല്ലാ അന്തർദേശീയ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും തടഞ്ഞു. പൗരന്മാർക്ക് ഒഴികെ എല്ലാവർക്കും രാജ്യാതിർത്തി അടച്ചു.
കൊളംബിയ വെനിസ്വേല രാജ്യാതിർത്തി അടച്ചു.
സിങ്കപ്പൂരിൽ എല്ലാ മോസ്കുകളും അണുവിമുക്തമാക്കാൻ ആയി അഞ്ചു ദിവസത്തേക്ക് അടച്ചു.
ജോർദാനിൽ എല്ലാ അന്തർദേശീയ വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തി. മോസ്കുകൾ, പള്ളികൾ, സിനിമ തീയറ്ററുകൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവക്ക് രണ്ടാഴ്ചത്തേക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി.
ഫിലിപ്പൈൻസിൽ തലസ്ഥാനമായ മനിലയിൽ ഒരു മാസം കർഫ്യൂ ഏർപ്പെടുത്തി എന്നൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ടാഴ്ച കാലത്തേക്ക് വിലക്കി.
ന്യൂസിലൻഡിൽ എത്തുന്ന എല്ലാവരും 14 ദിവസം ഐസോലേഷൻ സ്വീകരിക്കണമെന്ന് പ്രൈംമിനിസ്റ്റർ ജസീന്ത ആർഡൻ അറിയിച്ചു. പത്തിൽ താഴെ കേസുകൾ മാത്രമേ ഇതുവരെ ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ജൂൺ 30 വരെ ക്രൂയിസ് ഷിപ്പുകൾക്ക് ന്യൂസിലൻഡ് വിലക്കേർപ്പെടുത്തി.
ഒട്ടുമിക്ക രാജ്യങ്ങളും സ്കൂൾ-കോളേജുകൾക്ക് പൂർണമായ അവധി നൽകി. പരീക്ഷകൾ പോലും റദ്ദ് ചെയ്തു. ഓസ്ട്രേലിയയിൽ മെഡിക്കൽ ഫെല്ലോഷിപ്പ് പരീക്ഷകൾ റദ്ദ് ചെയ്യപ്പെട്ടു. ഒട്ടുമിക്ക രാജ്യങ്ങളിലും വർക്ക് ഫ്രം ഹോം സാധ്യമായ ഇടങ്ങളിൽ എല്ലാം നടപ്പാക്കി തുടങ്ങി.
പല രാജ്യങ്ങളിലും ആശുപത്രികളിൽ എമർജൻസി ശസ്ത്രക്രിയകൾ മാത്രമേ പലരാജ്യങ്ങളിലും നടക്കൂ. നേരത്തെ തീരുമാനിച്ചിരുന്ന, എമർജൻസി അല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെച്ച് തുടങ്ങി.
കൊറോണ വൈറസ് പോസിറ്റീവ് ആയ NBA താരം റൂഡി ഗോബർട്ട് കോവിഡ് 19 ബാധയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടി അഞ്ചു ലക്ഷം യുഎസ് ഡോളർ ഡൊണേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
സാമൂഹ്യ സംക്രമണം ഉണ്ടായാലത് നമ്മൾ കരുതുന്നതിലും വളരെ വേഗതയിൽ ആയിരിക്കും. ചില രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ നമുക്ക് കുറച്ചുകൂടി വ്യക്തത ലഭിക്കും.
ചൈനയിൽ ഈ അസുഖം പടർന്ന കാലത്തെ കണക്കുകൾ ആണ്. പല സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ്. ചെറിയ വ്യത്യാസങ്ങൾ ചിലപ്പോൾ ഉണ്ടാവാം.
ജനുവരി 21 – 31 പുതിയ കേസുകൾ
ജനുവരി 22 – 262
ജനുവരി 23 – 259
ജനുവരി 24 – 457
ജനുവരി 25 – 688
ജനുവരി 26 – 769
ജനുവരി 27 – 1771
ജനുവരി 28 – 1459
ജനുവരി 29 – 1737
ജനുവരി 30 – 1982
ജനുവരി 31 – 2102
ഫെബ്രുവരി 1 – 2590
ഫെബ്രുവരി 2 – 2829
ഫെബ്രുവരി 3 – 3235
ഫെബ്രുവരി 4 – 3887
ഫെബ്രുവരി 5 – 3694
അതായത് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണം ഉയർന്നുവരുന്ന രീതി ശ്രദ്ധിച്ചുനോക്കൂ. കൂടുതൽ എളുപ്പത്തിന് ആഴ്ച തിരിച്ചുള്ള കണക്കുകൾ നോക്കാം,
ജനുവരി 20 മുതൽ 26 വരെ – 2500-ലധികം പുതിയ കേസുകൾ
ജനുവരി 27 മുതൽ 2 വരെ – 14000-ൽ കൂടുതൽ
ഫെബ്രുവരി 3 മുതൽ 9 വരെ – 23000-ൽ കൂടുതൽ
ഫെബ്രുവരി 10 മുതൽ 16 വരെ – 31000-ൽ കൂടുതൽ
ഫെബ്രുവരി 17 മുതൽ 23 വരെ – 6300-ൽ കൂടുതൽ
ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ – 2800-ൽ കൂടുതൽ
മാർച്ച് 2 മുതൽ 8 വരെ- 700-ൽ കൂടുതൽ
ഇറ്റലിയിലെ കേസുകളുടെ രീതി ഒന്ന് പരിശോധിക്കാം.
ഫെബ്രുവരി 21- 1 കേസ്
മാർച്ച് 3 വരെ ആകെ 2500 കേസുകൾ
പിന്നീട് ഓരോ ദിവസവും പുതിയ എത്ര കേസുകൾ വന്നു എന്ന് പരിശോധിക്കാം.
മാർച്ച് 4 – 587
മാർച്ച് 5 – 769
മാർച്ച് 6 – 778
മാർച്ച് 7 – 1247
മാർച്ച് 8 – 1492
മാർച്ച് 9 – 1797
മാർച്ച് 10 – 977
മാർച്ച് 11 – 2313
മാർച്ച് 12 – 2651
മാർച്ച് 13 – 2547
മാർച്ച് 14 – 3497
അങ്ങനെ ആകെ ഇപ്പോൾ 21157 കേസുകളായി.
ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. ഇറ്റലിയും സ്പെയിനും ആണ് ഇപ്പോൾ യൂറോപ്പിൽ ഹോട്ട്സ്പോട്ട്. ഇവിടങ്ങളിലൊക്കെ ആരോഗ്യ സംവിധാനം വളരെ മോശമായതിനാൽ സംഭവിച്ചതല്ല. അതുകൊണ്ട് നമ്മൾ വളരെയധികം കരുതൽ സ്വീകരിക്കണം. സാമൂഹിക സംക്രമണം നേരിടുന്നതിനെക്കുറിച്ച് ഡോ ഷമീർ എഴുതിയ ലേഖനം ഇന്ന് ഇൻഫോ ക്ലിനിക്കിൽ പ്രസിദ്ധീകരിക്കും.
നാട്ടിൽ തിങ്ങിനിറഞ്ഞ ബസ്സുകൾ റോഡിൽ ഇപ്പോഴും കാണുന്ന കാഴ്ചയാണ്. അതൊരു നല്ല ലക്ഷണമല്ല. കമ്പിയിൽ തൂങ്ങി നിൽക്കുന്ന ആൾക്കാർ അധികം ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഒരു ബസ്സിൽ അഞ്ചോ പത്തോ പേരിൽ കൂടുതൽ നിൽക്കുന്ന സാഹചര്യം ഒഴിവാക്കിയാൽ അത്രയും നല്ലത്.
ബാറുകളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. വലിയ ആൾക്കൂട്ടങ്ങൾ അപകടകരമാണ്. പ്രത്യേകിച്ചും മദ്യം എന്ന ലഹരി ഉപയോഗിക്കുന്ന സ്ഥലത്ത്. ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തിരക്ക് പൂർണമായും ഒഴിവാക്കണം. വ്യക്തി ശുചിത്വ നടപടികൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഓരോ ഏജ് ഗ്രൂപ്പിലും ഉള്ള വിവരങ്ങൾ താരതമ്യം ചെയ്താൽ പ്രായമായവരിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ആ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. വീട്ടിൽ പ്രായമായവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും അസുഖം വരാതിരിക്കാനുള്ള ജാഗ്രത പരമാവധി ഉണ്ടാവണം.
പലതരത്തിൽ ആളുകൾ പ്രതികരിക്കുന്നത് കാണുന്നുണ്ട്. വളരെയധികം ഭീതിയോടെ ഈ സാഹചര്യത്തെ നോക്കി കാണുന്നവരുണ്ട്. അതുപോലെ തന്നെ കൂസലില്ലാതെ പെരുമാറുന്നവരെയും കാണുന്നുണ്ട്. ആവശ്യമായ ജാഗ്രത പുലർത്തി കൊണ്ട് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കാണുന്നുണ്ട്. അനാവശ്യ ഭീതിയും കൂസലില്ലാത്ത പെരുമാറ്റവും ആശാസ്യമല്ല. പക്ഷെ ജാഗ്രത പുലർത്തണം എന്ന് പറഞ്ഞാൽ കേൾക്കുന്ന സമൂഹവും അല്ല. പൊങ്കാലയും മറ്റും ഉദാഹരണങ്ങളാണ്. അമിത ഭീതിയും കൂസലില്ലായ്മയും ഒഴിവാക്കി സമചിത്തതയോടെ കാര്യങ്ങൾ നേരിടുന്നതാണ് നല്ലത്. സമൂഹം എന്ന നിലയിൽ ജാഗ്രത പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ചെറിയൊരു ഭയം ഉണ്ടാകുന്നതിൽ തെറ്റില്ല താനും.
കൂടുതൽ പേർ വീടുകളിൽ കഴിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ടിവി ചാനൽ റെസ്ട്രിക്ഷൻ ഒഴിവാക്കണം. ഇൻറർനെറ്റും ടിവി ചാനലുകളും മുടക്കം വരരുത് എന്ന നിർദ്ദേശം കമ്പനികൾക്ക് നൽകേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യവശാൽ പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പോലും സേവനങ്ങൾ ലഭിച്ചു കൊണ്ടിരിക്കണം.
കൂടുതൽ ചോദ്യങ്ങൾ വരുന്നത് തുണി മാസ്ക്കുകളെ കുറിച്ചാണ്. കോവിഡ് 19 ആണ് ഉദ്ദേശിക്കുന്നതെങ്കിൽ തുണി മാസ്കുകൾ കാര്യമായ പ്രയോജനം ചെയ്യില്ല. ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തോട്ട് തെറിക്കുന്ന ചെറുതുള്ളികളെ ഒരു പരിധിവരെ തടയാൻ തുണി മാസ്ക് സഹായിക്കും. എന്നാൽ തിരിച്ച് ശരീരത്തിലേക്ക് കയറുന്ന ഡ്രോപ് ലെറ്റുകളെ കാര്യമായി തടയാനുള്ള ശേഷി അതിനില്ല. മൂന്നു ലെയർ ഉള്ള സർജിക്കൽ മാർസ്ക് പോലും പൂർണ്ണമായി ഫലപ്രദമല്ല എന്നോർക്കണം. സർജിക്കൽ മാസ്കിൽ ഏറ്റവും പുറത്തെ ലെയർ വാട്ടർ റിപ്പല്ലെന്റ് ആണ്. എന്നിട്ടും 100% ഫലപ്രദമല്ല. ഏറ്റവും ഗുണകരം N 95 മാസ്ക് ആണ്. അത് എല്ലാവരും ധരിക്കുക പ്രായോഗികവുമല്ല.
അതുകൊണ്ട് ഒരിക്കൽ കൂടി എല്ലാവരും മനസ്സിലാക്കേണ്ടത് രോഗമുള്ളവരും രോഗിയെ അടുത്ത പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ചിട്ടുള്ളവരും മാത്രം മാസ്ക് ഉപയോഗിച്ചാൽ മതി എന്നതാണ്. അല്ലാത്തവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴം തൂവാല അല്ലെങ്കിൽ തുണി ഉപയോഗിച്ച് മൂക്കും വായും പൊത്തി പിടിക്കാൻ ശ്രമിക്കുക. ആ തൂവാലകൾ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുകയും വേണം.
അതിലും വളരെ ഏറെ പ്രധാന്യമുള്ള രണ്ടു കാര്യങ്ങളുണ്ട്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. നിങ്ങൾ സ്പർശിക്കുന്ന സ്ഥലങ്ങളിൽ വൈറസ് ഉണ്ടെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിൽ കയറാതിരിക്കാൻ വേണ്ടിയാണിത്. ഇത് മാത്രമാണ് ജനങ്ങൾ ചെയ്യേണ്ടത്. അതിനുപകരം അനാവശ്യമായി മാസ്ക് വാങ്ങി ഉപയോഗിച്ചാൽ ആവശ്യമുള്ളവർക്ക് അത് ലഭിക്കാത്ത സാഹചര്യം വരും. അത് നിങ്ങൾക്ക് കൂടി അപകടകരമാണ്.
ഞാനടക്കമുള്ളവർ ഫെയ്സ്ബുക്കിൽ മാത്രം ഇടപെടുമ്പോൾ, ഏവരും സ്വന്തം കാര്യം മാത്രം നോക്കുമ്പോൾ, ഒരു കൂട്ടരെ മറക്കരുത്. ഐസോലേഷൻ മുറികളിൽ പരിമിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, തൂപ്പുകാർ തുടങ്ങി ഒരു കൂട്ടം മനുഷ്യർ. ഇവരെ എല്ലാവരെയും ജനങ്ങൾ മനസ്സിലാക്കുക പോലുമില്ല. അവരിൽ ഒന്ന് രണ്ടു പേരെ മാത്രം ജനങ്ങൾ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞു എന്ന് വരാം. ഒരു വാക്കുകൊണ്ട് എങ്കിലും അവരോടൊപ്പം നിൽക്കാൻ ശ്രമിക്കണം.
അതുപോലെ ഐസൊലേഷൻ സ്വീകരിക്കേണ്ടി വന്നവർ. മറ്റുള്ളവരുടെ ആരോഗ്യത്തിനായി സ്വന്തം സ്വാതന്ത്ര്യം വേണ്ട എന്ന് വെക്കേണ്ടി വന്നവർ. അവരെയും ബഹുമാനത്തോടെ മാത്രമേ കാണാവൂ.

***
എഴുതിയത്: Dr Jinesh PS
13 March 2020
കോവിഡ് 19 പാൻഡെമിക് ആയി പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞു. ലോകരാജ്യങ്ങൾ ഒന്നടക്കം പ്രതിരോധിക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ്.

ചൂടുള്ള സ്ഥലങ്ങളിൽ കൊറോണ പകരില്ലെന്നും ഫ്ലൂ മൂലം മരിക്കുന്നവരുമായി താരതമ്യം ചെയ്താൽ കൊറോണ ഒരു വലിയ പ്രശ്നമല്ലെന്നും മറ്റും മണ്ടത്തരങ്ങൾ പറഞ്ഞിരുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്നലെ മുതൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തി. യൂറോപ്പിൽ കേസുകളുടെ എണ്ണം സ്ഫോടനാത്മകമായി വർദ്ധിക്കുകയാണ്. വളരെ ജനസാന്ദ്രത കുറഞ്ഞ, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ പോലും വൈറസ് വ്യാപനം തുടരുകയാണ്. ഇറ്റലിയിൽ ആകെ കേസുകളുടെ എണ്ണം പതിനയ്യായിരവും മരണസംഖ്യ ആയിരവും കടന്നു. ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളെ കൂടാതെ സ്പെയിൻ ഫ്രാൻസ് ജർമനി എന്നിവിടങ്ങളിൽ ഇന്നലെ മാത്രം 500-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോകത്താകമാനം 134511 കേസുകളിൽ നിന്ന് 4970 മരണങ്ങൾ.
ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 2651, മരണങ്ങൾ – 75, അവിടെ ഇതുവരെ ആകെ 15113 കേസുകളിൽ 1016 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1075, മരണങ്ങൾ – 75. ആകെ 10075 കേസുകളിൽ 421 മരണങ്ങൾ
തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 114, മരണം – 6. ആകെ 7869 കേസുകളിൽനിന്ന് 66 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 595 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 13. ഇതുവരെ ആകെ 2876 കേസുകൾ, 61 മരണങ്ങൾ.
സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 869, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 31. ഇതുവരെ ആകെ 3146 കേസുകളിൽ 86 മരണങ്ങൾ.
ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 779, മരണങ്ങൾ 3 ഇതുവരെ ആകെ 2745 കേസുകൾ, മരണം 6
അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 369, മരണങ്ങൾ 2. ഇതുവരെ ആകെ 1670 കേസുകളിൽ 40 മരണങ്ങൾ.
സ്വിറ്റ്സർലൻഡിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 216, മരണങ്ങൾ 3, ഇതുവരെ ആകെ 868 കേസുകൾ 7 മരണം
ജപ്പാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 52 കേസുകൾ, മരണങ്ങൾ 4, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 691 കേസുകൾ, മരണങ്ങൾ 19
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 171 കേസുകൾ, ആകെ കേസുകൾ 800
ഡെന്മാർക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ, ആകെ കേസുകൾ 674
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 111 കേസുകൾ, ആകെ കേസുകൾ 614
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 187 കേസുകൾ, ആകെ കേസുകൾ 687
യുകെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 130 കേസുകൾ, ആകെ കേസുകൾ 590
ബെൽജിയത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 85 കേസുകൾ, ആകെ 399
ഓസ്ട്രിയയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 115, ആകെ 361
ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകൾ നാമമാത്രമാണ്. ഇതുവരെ ആകെ 80796 കേസുകളിൽ നിന്നും 3169 മരണങ്ങൾ. 62000-ലധികം പേർ രോഗ വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 4250-ൽ താഴെയെത്തി.
29 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിൽ കണക്കുകൾ എഴുതിയ രാജ്യങ്ങളെ കൂടാതെ ഓസ്ട്രേലിയ, ക്യാനഡ, മലേഷ്യ, ഹോങ്കോങ്, ബഹ്റൈൻ, സിംഗപ്പൂർ, ഗ്രീസ്, ഫിൻലൻഡ് ഐസ്‌ലൻഡ്, ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകളായി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചുകഴിഞ്ഞു.
ലോകമെമ്പാടുമുള്ള ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവെക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിക്കഴിഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന പരസ്യവുമായി ടൂത്ത് പേസ്റ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങൾ വിൽപ്പന നടത്തിയ അലക്സ് ജോൺസിനോട് ഉടായിപ്പ് പരിപാടി നിർത്താൻ ന്യൂയോർക്ക് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. പല വിഷയങ്ങളിലും ഗൂഢാലോചന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് അലക്സ് ജോൺസ്. കൊറോണ വൈറസ് എതിരെ വാക്സിനും മരുന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും തൻറെ പ്രൊഡക്ടിന് പ്രയോജനമില്ല എന്നു പറയാൻ പറ്റില്ല എന്നായിരുന്നു ജോൺസിന്റെ വാദം. അതിനായി ആരും കേട്ടിട്ടില്ലാത്ത കുറച്ച് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന വാദവും പറഞ്ഞു. ഇതേ അവകാശവാദങ്ങൾ ഒക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഒന്ന് കരുതുന്നത് നല്ലതാണ്. കാരണം നിലവിൽ തടയാൻ പ്രതിരോധമാർഗങ്ങൾ മാത്രമേയുള്ളൂ, വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതായത് വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ. ഇതു കൂടാതെ ഇതേ അവകാശവാദമുന്നയിച്ച് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച രണ്ടു കമ്പനികൾ പൂട്ടാനുള്ള തീരുമാനവുമായി. വൈറസിനെതിരെ പ്രയോജനകരമാകും എന്നവകാശവാദം ഉന്നയിച്ച് കൊളോയിഡൽ സിൽവർ വിൽക്കാൻ ശ്രമിച്ച ഇവാഞ്ചലിസ്റ്റ് ജിം ബക്കറിനോടും പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനിയുള്ള മാസങ്ങളിൽ വൈറസ് ബാധ കൂടുതൽ മോശമായ അവസ്ഥയിൽ എത്താൻ സാധ്യതയുണ്ടെന്നും ഇനിയും വളരെ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളെ അറിയിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിൽ ആണ്. ബ്രിട്ടനിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം തിരിച്ചെത്തിയ ഭാര്യ സോഫി ട്രൂഡോക്ക് രോഗലക്ഷണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ്. പരിശോധനാഫലം ലഭിക്കുന്നതുവരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രധാനമന്ത്രി തീരുമാനിച്ചു.
രണ്ടുതവണ ഓസ്കാർ ജേതാവ് ആയിട്ടുള്ള ടോം ഹാങ്ക്സിന് കൊറോണ സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിലാണ്.
ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത എൽസാൽവഡോർ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഹൈ റിസ്ക് രാജ്യങ്ങൾക്കെല്ലാം സഞ്ചാര വിലക്കേർപ്പെടുത്തി. ചൈനയും തെക്കൻ കൊറിയയും ഇറാനും മാത്രമല്ല ഫ്രാൻസും സ്പെയിനും ഇറ്റലിയും ഉൾപ്പെട്ട മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കേർപ്പെടുത്തി. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന എൽ സാൽവദോർ പൗരന്മാർക്ക് 30 ദിവസം ക്വാറന്റൈനും. പ്രസിഡണ്ടിന്റെ പല നടപടികൾക്കെതിരെയും ശക്തമായ വിമർശനം ഉണ്ടാകുന്നുണ്ട്.
യൂറോപ്പിൽനിന്നും കൊളംബിയയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വെനസ്വലേ വിലക്കേർപ്പെടുത്തി. സ്വതവേ തന്നെ തകർന്നു നിൽക്കുന്ന രാജ്യത്ത് ഈ പകർച്ചവ്യാധി കൂടി താങ്ങാനാവില്ല എന്ന് പ്രസിഡണ്ട് തന്നെ പറയുന്ന അവസ്ഥയാണ്.
ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം. ധാരാളം രാജ്യങ്ങൾ യാത്രാ വിലക്കേർപ്പെടുത്തുന്നുണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി എഴുതി എന്ന് മാത്രം.
മരുന്നില്ലേ എന്നാണ് എല്ലാവരുടെയും ചോദ്യം. ഈ വൈറസിനെ ഇല്ലാതാക്കുന്ന മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എന്ന് കരുതി ചികിത്സയില്ല എന്നല്ല അർത്ഥം. എന്ന് കരുതി രോഗിക്ക് മരുന്നുകൾ വേണ്ട എന്നല്ല അർത്ഥം. ഒന്നേകാൽ ലക്ഷത്തിലധികം പേരെ ബാധിച്ച അസുഖത്തിൽ നിന്നും അറുപതിനായിരത്തൽ അധികം പേർ രക്ഷപ്പെട്ടത് ശാസ്ത്രീയമായ ചികിത്സ ലഭിച്ചതു കൊണ്ടാണ്. ആവശ്യമായ മരുന്നുകളും സപ്പോർട്ടും കെയറും ലഭിച്ചതു കൊണ്ടാണ്. ശാസ്ത്രീയമായ ചികിത്സ തേടാതെ വീട്ടിലിരിക്കുകയാണ് ഇവരേവരും ചെയ്തിരുന്നതെങ്കിൽ നിലവിലുള്ള അയ്യായിരത്തോളം മരണങ്ങളുടെ സ്ഥാനത്ത് പല മടങ്ങ് മരണങ്ങൾ ഉണ്ടായേനെ.
ഇന്ത്യയിൽ 70-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളം, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, തെലുങ്കാന, ലഡാക്ക്, തമിഴ്നാട്, ജമ്മുകാശ്മീർ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ.
ഇന്ത്യയിൽ ഒരു മരണം, കർണാടകയിലെ കൽബുർഗിയിൽ ഒരു 76 വയസ്സുകാരൻ മരണമടഞ്ഞു. ഫെബ്രുവരി 29 ന് സൗദി അറേബ്യയിൽ നിന്ന് എത്തിയ ആൾ. ചുമ പനി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് മാർച്ച് അഞ്ചിന് ഗുൽബർഗയിൽ ചികിത്സ തേടി. അസുഖം കൂടിയതിനെ തുടർന്ന് ഹൈദരാബാദിലേക്ക് ചികിത്സ മാറ്റി. അവിടെ നിന്നും തിരികെ വരുന്ന മാർച്ച് 11 ന് മരണമടഞ്ഞു. പിന്നീടാണ് കൊറോണ ആണ് എന്ന് സ്ഥിരീകരിച്ചത്.
ഈ പറഞ്ഞ കാലയളവിൽ കർണാടകയിലും ഹൈദരാബാദിലും എന്തുമാത്രം പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു എന്നറിയില്ല. ഈ രണ്ടു സ്ഥലങ്ങളിലെ രണ്ട് ആശുപത്രികളിലെയും ആ സമയത്ത് ഉണ്ടായിരുന്ന കോൺടാക്റ്റുകൾ പൂർണ്ണമായും കണ്ടെത്താൻ സാധിക്കുമോ എന്നും അറിയില്ല. ഇവിടെയാണ് റിസ്ക്.
ഏറ്റവും പ്രാധാന്യമുള്ള രണ്ടു കാര്യങ്ങൾ നമ്മൾ വീണ്ടും ചർച്ച ചെയ്യേണ്ടി വരും.
1. ആശയവിനിമയത്തിന്റെ പ്രാധാന്യം.
ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകൾ താമസവിനാ ജനങ്ങളിൽ എത്തണം. ചൈനയിൽ അല്ലേ, ഇറ്റലിയിൽ അല്ലേ, ഇറാനിൽ അല്ലേ, നമുക്ക് വരില്ല എന്ന് കരുതാൻ പാടില്ല. അതിരുകളില്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പകർച്ചവ്യാധികൾക്ക് അതിരുകളേയില്ല. അത് മനസ്സിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ആണ് വേണ്ടത്. കൃത്യമായതും ശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങളിൽ എത്തണം. ജനങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ലാബ് പരിശോധന സൗകര്യങ്ങളും ഉണ്ടാവണം. ഇതൊക്കെ സൃഷ്ടിച്ചാൽ മാത്രം പോരാ ഇതൊക്കെ ജനങ്ങൾ അറിയുകയും വേണം.
ഈ വിവരങ്ങൾ കൈമാറാൻ ആവശ്യമായ രീതിയിൽ പത്രസമ്മേളനങ്ങൾ നടത്തുക. മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളും പൂർണമായും ഉപയോഗിക്കുക. ഉപയോഗിക്കുക എന്നതിലുപരി മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളിൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ് അതെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.
തെറ്റായ വാർത്തകൾ ഒരു കാരണവശാലും പ്രചരിപ്പിക്കാൻ പാടില്ല. ഉദാഹരണമായി കേരളത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാൽ അത് തെറ്റായ വാർത്തയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ആവശ്യമില്ല. രോഗിയും രോഗിയെ പരിചരിക്കുന്നവരും ആരോഗ്യ പ്രവർത്തകരും കൂടാതെ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നവരും മാത്രമാണ് മാസ്ക് ധരിക്കേണ്ടത്. അതല്ലാതെ എല്ലാവരും ധരിച്ചാൽ ക്ഷാമം ഉണ്ടാവാനും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവർക്ക് ലഭിക്കാതിരിക്കാനും കാരണമാകും.
ആശയവിനിമയത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. നമ്മുടെ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ. അവർ ലക്ഷക്കണക്കിന് പേരുണ്ട്. അവർക്കുകൂടി മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ സംവദിക്കേണ്ടതുണ്ട്. റേഡിയോ നല്ല ഒരു ഉപാധി ആണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വളരെയധികം സഹായിക്കാൻ സാധിക്കുന്ന മേഖലയാണിത്.
ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തിയവരാണ് ഈ അതിഥി തൊഴിലാളികൾ. മിക്കവാറും പലരും ഒറ്റയ്ക്ക് ആയിരിക്കും. അവർക്ക് മാനസിക പിന്തുണ നൽകേണ്ട കടമ കൂടി നമുക്കുണ്ട്.
എന്തെങ്കിലും കാരണങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നത് കേരളത്തിൽ അപൂർവ്വമായെങ്കിലും സംഭവിക്കുന്ന കാര്യമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതുപോലൊരു സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
2. രോഗലക്ഷണങ്ങൾ ഉള്ള ഒരു വ്യക്തി അതുമായി വളരെയധികം യാത്ര ചെയ്യുന്നത് ഒട്ടും പ്രോത്സാഹന ജനകമല്ല. അവിടെ നമുക്കും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
എല്ലാവർക്കും മെഡിക്കൽ കോളജുകളിൽ തന്നെ ചികിത്സ എന്ന കാഴ്ചപ്പാട് മാറണം. ജില്ലാ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ കണ്ടെത്തണം. സർക്കാർ-സ്വകാര്യ ആശുപത്രികളെ ഒരുപോലെ തന്നെ പരിഗണിക്കണം. മറ്റുള്ളവർക്ക് എക്സ്പോഷർ ലഭിക്കാവുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം മുന്നിൽ കാണണം.
ആരോഗ്യവകുപ്പ് പ്രോട്ടോകോൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും രോഗലക്ഷണങ്ങളും ആയി രോഗികൾ വരുമ്പോൾ പലപ്പോഴും സംശയം ഉണ്ടാകാൻ സാധ്യതയുണ്ട്. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് സംശയം വരാം. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രം ബന്ധപ്പെടാൻ വേണ്ടി ഒരു ഫോൺ നമ്പർ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു. ദിശയുടെ ടോൾഫ്രീ നമ്പറിൽ അരമണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി ഒരു ഫോൺ നമ്പർ ആരംഭിച്ചാൽ നന്നായിരിക്കും.
ഒരു കാര്യം മറക്കരുത്… ഫെബ്രുവരി 29 ന് വന്ന ആളിലാണ് ഈ തവണ കേരളത്തിലും സ്ഥിരീകരിച്ചത്. നമ്മൾ മുൻകരുതലുകൾ നല്ല രീതിയിൽ സ്വീകരിച്ചു തുടങ്ങി എന്നത് ശരിയാണ്. പക്ഷേ ഫെബ്രുവരി 29 മുതൽ മാർച്ച് ആദ്യവാരം അവസാനിക്കുന്നതുവരെയുള്ള കാലയളവ്… ആ കാലയളവ് റിസ്ക് തന്നെയാണ്. ആ കാലയളവിലാണ് നമ്മൾ പൊങ്കാല പോലുള്ള വലിയ ആഘോഷങ്ങൾ നടത്തിയത്.
ലോകത്തുള്ള കായിക പരിപാടികൾ എല്ലാം മാറ്റി വച്ചു കൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ ഒളിമ്പിക്സ് പോലും മാറ്റിവയ്ക്കാൻ പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മാർച്ച് അവസാനം ദുബായിൽ വച്ച് നടത്താനിരുന്ന മീറ്റിംഗ് കോൺഫറൻസ് കോൾ ആക്കി മാറ്റിയിട്ടുണ്ട്.
പക്ഷേ ഇന്ത്യയിലെ ഐപിഎൽ മാറ്റിവയ്ക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഈ മാസം അവസാനം തുടങ്ങേണ്ടതാണ്. പല രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് എത്താൻ സാധിക്കുമോ എന്ന് പോലും അറിയില്ല. ഏതെങ്കിലും കളിക്കാർക്ക് അസുഖം ഉണ്ടോ എന്ന് പോലും അറിയില്ല. സെലിബ്രിറ്റികൾക്ക് അസുഖം വരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കില്ല. ടോം ഹാങ്ക്സ് ഉദാഹരണമല്ലേ ? പോട്ടെ ആർക്കും അസുഖം ഇല്ല എന്നുതന്നെ കരുതുക. ഇതുപോലൊരു കളി കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായാൽ ? അതിൽ ആർക്കെങ്കിലും ഒരാൾക്ക് അസുഖം ഉണ്ടായാൽ ? രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ചിലപ്പോൾ പകരാൻ സാധ്യതയുണ്ട് എന്നത് മറന്നുപോകരുത്.
ഇനി റിസ്ക് എടുത്ത് കളി നടത്തണം എന്ന് നിർബന്ധമാണെങ്കിൽ കാണികൾ ഇല്ലാതെ കളി നടത്തണം. കാണികൾ ടിവിയിൽ കണ്ടു കൊള്ളും.
ഏപ്രിൽ മുതലുള്ള നാലുമാസങ്ങൾ അതി നിർണായകമാണ്. തൃശൂർ പൂരം പോലെ കേരളീയരുടെ വികാരമായ ആഘോഷങ്ങൾ വരാനുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും വികാരം വിവേകത്തെ കീഴ്പ്പെടുത്തരുത്. സങ്കുചിത ചിന്തകൾ ഒന്നും പാടില്ല.

***
12 March 2020

ലോകാരോഗ്യ സംഘടന കോവിഡ് -19 നെ ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചു.
എഴുതിയത്: Dr Jinesh PS

ലോകാരോഗ്യ സംഘടന കോവിഡ് -19 നെ ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചു.
അർത്ഥം മനസ്സിലാവുന്നുണ്ടോ ? സംഭവം വളരെ സിമ്പിൾ ആണ്. കൈ വിട്ടു പോകാൻ വളരെ വളരെ വളരെ സാധ്യതയുണ്ട് എന്ന് അർത്ഥം.
അതിർവരമ്പുകൾ ഇല്ലാത്ത ഈ ലോകത്ത് ഒത്തൊരുമിച്ചു ശ്രമിക്കാതെ തടയാൻ പറ്റില്ല എന്ന് അർത്ഥം.
ഒരു രാജ്യത്തിനോ ഒരു സംസ്ഥാനത്തിനോ ഒരു ജില്ലയ്ക്കോ മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അർത്ഥം.
ഒരു കേസിൽ നിന്നാണ് ഒന്നേകാൽ ലക്ഷം കേസ് ആയത്. 4500-ൽ അധികം മരണങ്ങൾ ഉണ്ടായത്. ഒരേ ഒരു വ്യക്തിയിൽ നിന്ന്. പകർച്ചവ്യാധികൾ അങ്ങനെയാണ്. ഏതു പൂട്ടും തകർത്ത് ഉള്ളിൽ കയറും. പൂട്ടിന്റെ പ്രശ്നമല്ല. പകർച്ചവ്യാധികളുടെ പ്രശ്നമാണ്.
അപ്പോൾ നമ്മൾ കൂടുതൽ ശക്തിയായ പൂട്ടിട്ട് പൂട്ടും. മനുഷ്യർ ഒരുമിച്ച് നിന്ന് പൂട്ടും. അതാണ് ഇനി വേണ്ടത്.
ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 2313, മരണങ്ങൾ – 196, അവിടെ ഇതുവരെ ആകെ 12462 കേസുകളിൽ 827 മരണങ്ങൾ.
ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 958, മരണങ്ങൾ – 64. ആകെ 9000 കേസുകളിൽ 354 മരണങ്ങൾ
തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 242, മരണം – 0. ആകെ 7755 കേസുകളിൽനിന്ന് 60 മരണങ്ങൾ.
ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 497 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 15. ഇതുവരെ ആകെ 2281 കേസുകൾ, 48 മരണങ്ങൾ.
സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 582, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 19. ഇതുവരെ ആകെ 2277 കേസുകളിൽ 55 മരണങ്ങൾ.
ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 343 ഇതുവരെ ആകെ 1908 കേസുകൾ, മരണം 3
അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 306, മരണങ്ങൾ 8. ഇതുവരെ ആകെ 1300 കേസുകളിൽ 38 മരണങ്ങൾ.
സ്വിറ്റ്സർലൻഡിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 155, ഇതുവരെ ആകെ 652 കേസുകൾ നാല് മരണം
ജപ്പാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 52 കേസുകൾ, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 639 കേസുകൾ, മരണങ്ങൾ 15
നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 229 കേസുകൾ, ആകെ കേസുകൾ 629
ഡെന്മാർക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 252 കേസുകൾ, ആകെ കേസുകൾ 514
നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 121 കേസുകൾ, ആകെ കേസുകൾ 503
സ്വീഡനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 145 കേസുകൾ, ആകെ കേസുകൾ 500
യുകെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 73 കേസുകൾ, ആകെ കേസുകൾ 456
ഖത്തറിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 238 കേസുകൾ, ആകെ കേസുകൾ 262
ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകൾ നാമമാത്രമാണ്. ഇതുവരെ ആകെ 80790 കേസുകളിൽ നിന്നും 3158 മരണങ്ങൾ. 61000-ലധികം പേർ രോഗ വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 4500-ൽ താഴെയെത്തി.
24 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിൽ കണക്കുകൾ എഴുതിയ രാജ്യങ്ങളെ കൂടാതെ ബെൽജിയം, സിംഗപ്പൂർ, ഓസ്ട്രിയ, ഓസ്ട്രേലിയ, ക്യാനഡ, മലേഷ്യ, ഹോങ്കോങ്, ബഹ്റൈൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകളായി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചുകഴിഞ്ഞു.
ചൈനയിൽ മാത്രം അല്ലേ ഇങ്ങനെ, കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് ഇപ്പോഴും അഭിപ്രായം പറയുന്നവരുണ്ട്. ചൂട് കൂടിയത് മുതൽ കോണകം പാറ്റിയ കഥകൾ വരെ ഇത് സമർഥിക്കാൻ വേണ്ടി തള്ളുന്നവരുണ്ട്.
ഇറ്റലിയിലെ കേസുകളുടെ രീതി ഒന്ന് പരിശോധിക്കാം.
ഫെബ്രുവരി 21- 1 കേസ്
മാർച്ച് 3 വരെ ആകെ 2500 കേസുകൾ
പിന്നീട് ഓരോ ദിവസവും പുതിയ എത്ര കേസുകൾ വന്നു എന്ന് പരിശോധിക്കാം.
മാർച്ച് 4 – 587
മാർച്ച് 5 – 769
മാർച്ച് 6 – 778
മാർച്ച് 7 – 1247
മാർച്ച് 8 – 1492
മാർച്ച് 9 – 1797
മാർച്ച് 10 – 977
മാർച്ച് 11 – 2313
പല സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ്. ചെറിയ വ്യത്യാസങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വന്നേക്കാം.
കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് അഭിപ്രായം പറയുന്നവർ ഇത് കൂടി വായിക്കണം. വരരുത് എന്ന ആഗ്രഹം എനിക്കുമുണ്ട്.
പക്ഷേ നമ്മൾ പഠിക്കും എന്ന് തോന്നുന്നില്ല. ഉത്സവത്തിൽ ആനയുടെ വാലിൽ ആൾക്കൂട്ടം തൂങ്ങി കളിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ട വീഡിയോയിൽ ഉണ്ടായിരുന്നത്. നാളെയും ഉത്സവങ്ങളിൽ പങ്കെടുക്കണമെന്ന് ഉണ്ടെങ്കിൽ ഒന്ന് ഒതുങ്ങുന്നത് നല്ലതാണ്. പക്ഷേ നമ്മൾ പഠിക്കില്ല. ആനയുടെ ചവിട്ട് കൊണ്ടുള്ള അപകടം മാത്രമല്ല പ്രശ്നം, വലിയ ആൾക്കൂട്ടങ്ങളിൽ കൊറോണ പടർന്നാൽ ഉണ്ടാകുന്ന പ്രശ്നം വളരെ വലുതാണ്. എത്ര തവണ പറഞ്ഞാൽ ആണ് മനസ്സിലാവുക എന്നറിയില്ല. ചിലർ അനുഭവം കൊണ്ട് മാത്രമേ പഠിക്കൂ…
നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കേരളത്തിൽ മാത്രമായി പ്രതിരോധം നടത്താനാവില്ല എന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾക്ക് ഉടമയായ രാജ്യങ്ങളിൽ പോലും ഒരു ദിവസം ഇരുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ആദ്യം എഴുതിയ കണക്കുകൾ നോക്കിയാൽ അറിയാം.
അതുകൊണ്ട് ഇന്ത്യ ഒന്നടങ്കം തയ്യാറെടുക്കണം. ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങൾ ഒന്നടങ്കം തയ്യാറെടുക്കണം.
പല രാജ്യങ്ങളും പൂർണമായ ഷട്ട്ഡൗൺ ഉണ്ടാകുമെന്ന അറിയിപ്പ് നൽകി കഴിഞ്ഞു. ചിലപ്പോൾ എയർപോർട്ടുകൾ അടക്കം അടച്ചിടുന്ന സാഹചര്യം പോലും ഉണ്ടായേക്കാം. പലരാജ്യങ്ങളിലും യാത്രാവിലക്ക് നിലവിൽ വന്നു കഴിഞ്ഞു.
ഇങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അവിടെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ എന്നും വിലയിരുത്തേണ്ടതുണ്ട്. കൃത്യമായ ആശയവിനിമയത്തിലൂടെ ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവും എന്ന് ഉറപ്പു വരുത്താനുള്ള ചുമതല കേന്ദ്രസർക്കാരിന് ഉണ്ട്. ഇപ്പോൾ ചെയ്യേണ്ട കാര്യമാണ്. ഒന്നോ രണ്ടോ മീറ്റിങ്ങുകൾ കൂടി അറിയിപ്പുകൾ പുറത്തിറക്കി എന്നത് കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടാകണം. ഒരു ഇരുട്ടറക്കുള്ളൽ പ്രകാശം വീഴാൻ ചെറിയൊരു സുഷിരം മതി എന്നത് മറക്കരുത്. ഒരു സുഷിരവും ഉണ്ടാകാത്ത പ്രതിരോധപ്രവർത്തനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.
പല സംസ്ഥാനങ്ങളിലും ഉള്ള സുഹൃത്തുക്കളോട് സംവദിച്ചതിൽനിന്ന് മനസ്സിലാവുന്നത് മുന്നൊരുക്കങ്ങൾ വളരെ ഊർജിതമായി നടക്കുന്നില്ല എന്നാണ്. അത് പാടില്ല. വിദേശരാജ്യങ്ങളിലെ സാഹചര്യമല്ല. ഇന്ത്യയിലെ മെട്രോകളിൽ, വലിയ നഗരങ്ങളിൽ ഒരു കേസ് വന്നാൽ അത് പതിനായിരം ആകാൻ ഇറ്റലിയിൽ എടുത്ത അത്ര സമയം പോലും വേണ്ടിവരില്ല. പതിനായിരം ഒരുലക്ഷം ആകാൻ അത്ര പോലും സമയം വേണ്ടി വരില്ല. അവിടെയൊക്കെ വന്നാൽ കൊച്ചുകേരളത്തിൽ പടരാൻ തീരെ സമയം വേണ്ടിവരില്ല. ഇപ്പോഴുള്ള കേസുകൾ നിയന്ത്രിച്ചാൽ മാത്രം പോരാ എന്ന് ചുരുക്കം.
എല്ലാ സ്ഥലങ്ങളിലും പ്രതിരോധ നടപടികൾ സ്വീകരിക്കണം. വൈറസ് ബാധയുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയണം. രോഗലക്ഷണങ്ങൾ ആരംഭിക്കാത്തവരും ചിലപ്പോൾ രോഗം നൽകാൻ കാരണമായേക്കാം. അതുകൊണ്ട് ആൾക്കൂട്ട ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. അതിൽ വിഭാഗീയ ചിന്തകൾ ഒന്നും പാടില്ല.
ബാറുകളുടെ കാര്യം പലരും ചോദിച്ചു കണ്ടു. അതുപോലെതന്നെ ബിവറേജസിലെ കാര്യവും.
ലളിതമായ വിഷയമല്ല. എന്തൊക്കെ പറഞ്ഞാലും വലിയ ആൾക്കൂട്ടം എവിടെയും ഉണ്ടാകാതിരിക്കുതാണ് നല്ലത്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്നവർ ഒറ്റ ദിവസം പെട്ടെന്ന് നിർത്തുന്നത് ചിലപ്പോൾ പ്രശ്നമാകാം. Delirium tremens ഉണ്ടാവാൻ സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ അത് കൂടി കൈകാര്യം ചെയ്യാൻ നമ്മൾ സജ്ജമല്ല. ആശുപത്രികളിലെ തിരക്ക് വളരെയധികം കൂടാൻ സാധ്യതയുണ്ട്.
ഒന്നുകിൽ ഹോം ഡെലിവറി ആലോചിക്കണം. നടപ്പാക്കാൻ സാധിക്കുമോ എന്ന് അറിയില്ല. പ്രായോഗികമാവില്ല എന്നാണ് അഭിപ്രായം. എന്തായാലും ബിവറേജസ് ഔട്ട്‌ലെറ്റിൽ വരി നിൽക്കുന്നവർ വ്യക്തിഗത ശുചിത്വത്തിന്റ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാവരും മദ്യപിക്കണം എന്നല്ല ഈ എഴുതിയതിന് അർത്ഥം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നത് മാറ്റി പറയുകയും അല്ല. സ്ഥിരമായി മദ്യപിക്കുന്നവർ എല്ലാവരും ഒറ്റയടിക്ക് ഇപ്പോൾ നിർത്തുന്നത് അത്ര നന്നാവില്ല എന്ന് മാത്രമാണ് പറഞ്ഞത്. ഒന്നോ രണ്ടോ പേർ, അല്ലെങ്കിൽ കുറച്ചു പേർ ഒറ്റയടിക്ക് നിർത്തുന്നു എന്നത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണം നമുക്കുണ്ട്. മദ്യം കുടിച്ചു എന്ന് കരുതി വൈറസ് പകരില്ല എന്നുള്ള പ്രചരണം വെറും തെറ്റിദ്ധാരണയാണ്. എന്തായാലും മദ്യപിച്ച് വാഹനം ഓടിക്കരുത്, ഇങ്ങനെയൊരു സാഹചര്യത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തി ആശുപത്രിയിൽ ആകരുത്.
വിസ്തരഭയത്താൽ നീട്ടുന്നില്ല. പാൻഡെമിക് സംബന്ധമായ കൂടുതൽ വിവരങ്ങൾ അടങ്ങിയ ദീപുവും ഒത്ത് തയ്യാറാക്കിയ ലേഖനം മൂന്ന് മണിക്കൂറിനുള്ളിൽ വരുന്നതായിരിക്കും.