കോവിഡ് എന്ന ഗുരു

43
എൻ.കെ അജിത്ത് ആനാരി
കോവിഡ് എന്ന ഗുരു
കോവിഡ്
ആർഭാടങ്ങളുടെ തലയ്ക്കടിച്ച ബീമാരിയാണ് നീ
കോവിഡ്,
താൻപോരിമയുടെയും സംഘബലത്തിൻ്റെയും അഹന്തയുടെ മുട്ടുകാല് നോക്കിയാണ് നീ അടിച്ചത്
കോവിഡ്,
വിവാഹ ആർഭാടങ്ങൾക്ക് പാങ്ങില്ലാതെ, പഞ്ചായത്തു മുഴുവൻ ക്ഷണിച്ച്, തല പൊന്നും, മുലപ്പൊന്നുമണിയിച്ച് പെൺമക്കളെക്കെട്ടിച്ചു വിടാൻ കഴിയാതിരുന്ന മാതാപിതാക്കൾക്ക് ആശ്വാസമായിട്ടാണ് നീ അവതരിച്ചത്!
കോവിഡ്,
അന്ധകാരത്തിലേക്ക്, മതങ്ങൾ ചേർന്നുനിന്നു കൂപ്പുകുത്തിച്ച സാധാരണ ജനത്തിൻ്റെ പ്രജ്ഞയിലേക്ക് നീട്ടിയടിക്കപ്പെട്ട മിസ്റ്റർലൈറ്റിൻ്റെ പ്രകാശ തീക്ഷ്ണതയാണ് നീ…. സ്വന്തം തലയിലെ ഇരുട്ടറകളിൽ ദൈവങ്ങൾ പതുങ്ങിപ്പോകുന്ന കാഴ്ചകണ്ട് മലയാളി ചിരിച്ചു തുടങ്ങി മിർ.കോവിഡ്
കോവിഡ്,
ഇന്ത്യയൊരു നരകവും, ഇന്ത്യൻസ് കഴിവുകെട്ട ഫെല്ലോസുമാണെന്ന് അഹങ്കരിച്ചിരുന്ന പാശ്ചാത്യോപാസകർക്ക് തിരിച്ചറിവു കൊടുത്ത വിഷാണുവാണ് നീ
കോവിഡ്,
അന്യോന്യം കൊല്ലാൻ അണുവായുധം വരെ തയ്യാറാക്കിക്കാത്തിരുന്ന സാമ്രാജ്യത്ത അഹന്തയുടെമേൽ അരിച്ചിറങ്ങി വിറപ്പിച്ചു കൊല്ലുന്ന നീ ‘മരണ’ മാസാണ്
കോവിഡ്,
മനുഷ്യദൈവങ്ങളുടെ ആപ്പീസു പൂട്ടിച്ച അനിവാര്യതയാണ് നീ
കോവിഡ്,
നീയാണ് യഥാർത്ഥ നിയമശക്തിയെന്നു തിരിച്ചറിയുന്നു ഞങ്ങൾ
ജനം നിയമങ്ങളെ അനുസ്സരിക്കുന്നു,
അനുസ്സരിക്കാത്തവരെ നീ കടിച്ചു കൊല്ലുന്നു
ഭയം നിയമമായി പ്രജയിലെത്തിച്ചത് നിന്നോളം ആരുണ്ട്?
കോവിഡ്,
വൃത്തിയുടെ വിപ്ലവം നിന്നിലൂടെയല്ലേ വന്നു ചേർന്നത്
ഭാര്യയെച്ചുംബിക്കുമ്പോഴും വൃത്തിയെ ഓർത്തു വയ്ക്കാൻ, ദാമ്പത്യത്തിലെ സ്വച്ഛതയായി അവതരിച്ചവനാണ് നീ. സമ്മതിക്കുന്നു നീ വരുത്തിയ മാറ്റങ്ങൾ
കോവിഡ്,
നദികൾ സ്വച്ഛമായിത്തുടങ്ങി
ആകാശം മലിനമുക്ത വായുവാൽ നിറയുന്നു
ലോകം ഒന്നു വെടിപ്പായിത്തുടങ്ങി
കോവിഡ്,
നീ അറ്റുപോയ മനുഷ്യത്വത്തെ കൂട്ടിച്ചേർക്കുന്ന രാസത്വരകമായി
പ്രവാസിലോകത്താൽ വളർത്തപ്പെട്ട അഹന്തകളുടെ, അഹങ്കാരങ്ങളുടെ കൊമ്പുകുത്തിച്ചവനാണ് നീ
കോവിഡ്,
ആഘോഷങ്ങൾ അനിവാര്യതയല്ല എന്നു പഠിപ്പിച്ചു നീ,
ആപത്തിന് മുന്നിൽ വിത്തശേഷി മനുഷ്യന് തുണയല്ല എന്ന സത്യം നീ പഠിപ്പിച്ചു. വെട്ടിപ്പിടിച്ചതും, കട്ടുവളർത്തിയതും എല്ലാം മുല്യരഹിതമാകുന്ന ശരിയായ സത്യം പഠിപ്പിച്ച അവതാരമാണ് നീ
കോവിഡ്,
നീ വന്നതോടെ, കൊലയില്ല, ബലാത്സംഗങ്ങളില്ല, സമരമില്ല, ഉത്സവമേളങ്ങളില്ല, ഉറൂസില്ല, പെരുന്നാളും, പൊങ്കാലയുമില്ല, ശാന്തി, ശാന്തി , സർവത്ര ശാന്തി….
കോവിഡ്
എങ്കിലും നീ ശത്രുവാണ്,
മനുഷ്യരാശിയുടെ അന്തകാവതാരം, ധർമ്മ സംസ്ഥാപന കോശം. ഒരുപക്ഷേ ഭൂമിയിൽ ജനിച്ച ഏറ്റവും നെറികെട്ട ജീവതന്തുവും നീ തന്നെ,
സംശയിക്കേണ്ട നിനക്കുമില്ല ദീർഘായുസ്
വരുതിയിലാക്കും നിന്നെയും ഞങ്ങൾ
എന്നിട്ട്, മതരഹിത, വർഗ്ഗ രഹിത, വർണ്ണരഹിത, ജാതിരഹിത മനുഷ്യ സമുദായമായി ഞങ്ങൾ ജീവിച്ചു തുടങ്ങും.
അന്ന്,
രാഷ്ട്രീയത്തിൻ്റെ പേരിൽ ഞങ്ങൾ കൊല ചെയ്യില്ല,
ദൈവങ്ങളുടെ പേരിൽ തമ്മിൽത്തല്ലില്ല
ആർഭാടത്തിൻ്റെ പേരിലുള്ള ദുർവ്യയം നിർത്തും
വിവാഹത്തിന് 10 പേർ,
മരണത്തിന് ഏറ്റവും അടുത്ത പത്തു പേർ
ചുമരിൽ പോസ്റ്ററുകളില്ലാതെ
ആചാരവെടികളില്ലാത്ത
ശവഘോഷയാത്രയില്ലാത്ത
ശവക്കുഴിക്കരികിൽ സ്നാക്സ് സപ്ലൈ ഇല്ലാത്ത,
കല്ലറകൾ ഇല്ലാത്ത,
നദികളിൽ ഒഴുക്കപ്പെടാത്ത രോഗഗ്രസ്ത ഭാസ്മാവശിഷ്ടങ്ങൾ ഇല്ലാത്ത
മാറത്തടി, അനുശോചന ആചാരരഹിതരായി ഞങ്ങൾ മരിക്കാൻ പഠിക്കും…
നന്ദി കോവിഡേ നന്ദി
നീ പോയേ പറ്റൂ
കൊറോണ ഗോ
ഗോ കൊറോണാ…..
എൻ.കെ.അജിത് ആനാരി 12.04.2020