ശവസംസ്‌കാരം തടയുന്ന സംസ്കാരമില്ലായ്മ

161

ശവസംസ്‌കാരം തടയുന്ന സംസ്കാരമില്ലായ്മ!

വീണ്ടും ഒരു ശവസംസ്‌കാരം നാട്ടുകാർ തടഞ്ഞു, ശവത്തിനുള്ള സംസ്കാരം പോലും ഇല്ലാത്ത വർഗ്ഗം, ഇവർക്ക് മാത്രമെന്താണ് ഇത്രയധികം ഭീതി.പണ്ട് പക്രൻകാക്കയുടെ (വടക്കേ മലബാറിലെ ഒരു പ്രസിദ്ധനായ ഒരു ആന പ്രേമി) ഒരു ആന കെനാലിൽ വീണു ചരിഞ്ഞു, അതിനെ സംസ്കരിക്കണമെന്നു നാട്ടുകാർ കാക്കയെ കണ്ടു പറഞ്ഞു അദ്ദേഹം അവിടെ ഒരിടത്ത് തന്നെ ഒരു സ്ഥലം കണ്ടെത്തി അവിടെ അടക്കാം എന്ന് ഒരു നിർദ്ദേശം വെച്ചു. ചെലവെല്ലാം പുള്ളി വഹിക്കും. പണിക്കുള്ള ആളുകളെയും പുള്ളി ഏർപ്പാടാക്കും, എന്നാൽ അവിടെ എവിടെയും അടക്കാൻ നാട്ടുകാർ സമ്മതിക്കില്ല എന്ന് കട്ടായം പറഞ്ഞു, ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ ” എങ്കിൽ ഞാൻ പോയി വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിച്ചിട്ടു വരാം നിങ്ങൾ ഇവിടെ തന്നെ നിൽക്കൂ” എന്നും പറഞ്ഞു കാക്ക പോയി, മൂന്നു ദിവസത്തേക്ക് കാക്ക ആ വഴിക്ക് വന്നില്ല. ആനയുടെ ശവം നാറ്റം തുടങ്ങി. അപ്പോഴാണ് നാട്ടുകാർക്ക് അമളി മനസിലായത്, നാട്ടുകാർ കൂട്ടത്തോടെ പക്രൻകാക്കയുടെ വീട്ടിൽ പോയി കാലു പിടിച്ചു പറ്റിയ ഇടം ഇതുവരെ കണ്ടെത്താനായില്ല എന്നായിരുന്നു കാക്കായുടെ മാസ് മറുപടി, ഒടുക്കം നാട്ടുകാരുടെ സഹകരണത്തോടെ ആനയുടെ ശവം അവിടെ തന്നെ അടക്കം ചെയ്തു.

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.മുട്ടമ്പലം ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. ചുങ്കം സ്വദേശിയുടെ സംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്.കോട്ടയം നഗരസഭയുടെ കീഴിലുള്ള ശ്മശാനത്തിലാണ് സംസ്‌കാരിക്കാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.ആശങ്ക കാരണമാണ് സംസ്‌കാരത്തിന് തടസ്സം നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാര്‍ ഉപരോധിച്ചു. പ്രദേശത്തെ കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുക പ്രശ്‌നമാണെന്ന് കൗണ്‍സിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ കൊറോണ ബാധിച്ചു ആളുകൾ മരിക്കുന്നുണ്ട്, അവരെ മാന്യമായി അടക്കുന്നു ഉണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ മാത്രം എന്തുകൊണ്ടാണ് കൊറോണ ഇത്ര ഭീകരമാവുന്നത്? ആളുകളെ ബോധവൽക്കരിക്കുക എന്നത് വളരെ അത്യാവശ്യമാണ്, ഇത്രയൊക്കെ മാധ്യമങ്ങളിലൂടെ വിദഗ്ധർ ഒക്കെ ക്ലാസ്സെടുത്തു കൊടുത്തിട്ടും ആർക്കും മനസിലാകുന്നില്ല.

വസൂരി പടർന്ന് പിടിച്ചിരുന്ന സമയത്ത് ആളുകൾ മൃതപ്രായമായ രോഗികളെയും അവശരെയും മരിച്ചവരെയും ഉൾപ്പെടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോവുകയും ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് . കോവിഡ് വന്ന് മരിച്ച രോഗിയെ സംസ്കരിക്കാൻ അനുവദിക്കാതിരുന്ന ഒന്നിലധികം അനുഭവങ്ങൾ ഇപ്പോൾ നമ്മുടെ പ്രാകൃത നാട്ടിൽ അരങ്ങേറി. ഒരുപക്ഷേ ആളുകളുടെ കിരാതമായ മനോഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. കൊറോണയ്ക്ക് പകരം വളരെ ഗുരുത്വം ഏറിയ നിപ്പ പോലെയുള്ള ഒരു അസുഖം ആയിരുന്നു ഇങ്ങനെ പടർന്ന് പിടിച്ചിരുന്നതെങ്കിൽ ആളുകൾ ഇപ്പോൾ തമ്മിൽ കൊന്നേനെ എന്നു തോന്നുന്നു.കൊറോണ എന്ന രോഗം മൂലം മരിച്ചവരെകാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും. പട്ടിണി മൂലവും ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ ശ്രമിച്ചതും എല്ലാം കാരണം എത്രയോ ജീവനുകൾ പൊലിഞ്ഞിട്ട് ഉണ്ടാവും.മറ്റുള്ള രോഗങ്ങൾക്ക് ചികിത്സ കിട്ടാത്തത് ഇപ്പോൾ മറ്റൊരു പ്രശ്നമാണ്.

എന്തു വലിയ രോഗവുമായി ചെന്നാലും കൊറോണോ ഉണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇപ്പോൾ ചികിത്സാ നൽകൂ. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണിത് . ക്വാറന്റെനിൽ കഴിയുന്നവർക്ക് കോറണ പ്രോട്ടോകോൾ പ്രകാരം മാത്രമേ ചികിത്സ നൽകു. അവർക്ക് ഹൃദയസ്തംഭനം ആണെങ്കിൽ കൂടി. ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് ബാധിതരായ ആളുകളുടെ വീടുകൾ പുറത്തുനിന്ന് ബന്ധവസ്സ് ആക്കുന്നു. തീപിടുത്തം ഉണ്ടായാൽ എല്ലാവരും വെന്തു മരിക്കും. എന്നാണ് നമ്മൾ ഈ പ്രാകൃത ആചാരങ്ങളിൽ നിന്ന് മുക്തിനേടുക.കൊറോണ വന്ന് മാത്രമല്ല ഈ ലോകത്ത് ആളുകൾ മരിക്കുന്നത്. എൻറെ അഭിപ്രായത്തിൽ ഒരു ശവസംസ്കാരം നടത്തുവാൻ സമ്മതിക്കാത്ത ആൾക്കാരേ ജാമ്യമില്ലാത്ത വകുപ്പകൾ ചുമത്തി കേസെടുക്കണം. കുറച്ചുദിവസം അകത്തു കിടക്കുമ്പോൾ ആ അസ്കിത അങ്ങ് തീർന്നു കൊള്ളും.

എൻറെ പൊന്നു സുഹൃത്തുക്കളെ,വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കേൾക്കുമ്പോൾ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല. മൃത ശരീരത്തിൽ നിന്നുള്ള സ്രവങ്ങൾ മൂലം രോഗം പകരാൻ സാധ്യത ഇല്ലേ എന്നാണെങ്കിൽ അപൂർവമായി അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഓരോ ശരീരവും ആശുപത്രികളിൽ നിന്ന് അത്രയേറെ ശ്രദ്ധയോടെ ആണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്ന് വൈറസ് പകരാൻ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.

ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി ആയിക്കോട്ടെ, പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മൃതസംസ്കരണ മാർഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് റിസ്ക് കൂടുന്ന ഒരേ ഒരു മരണ രീതിയേയുള്ളൂ, റേഡിയോ ആക്ടീവ് പോയ്സണിംഗ്. ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ റേഡിയോആക്റ്റിവിറ്റിയുള്ള കണങ്ങൾ കാണാനുള്ള സാധ്യത കൊണ്ടാണിത്. അതല്ലാതെ ഏതൊരു സാഹചര്യത്തിലും സുരക്ഷിതമായ മാർഗമാണ് ഇത്. എന്നിട്ടും മൃതശരീരം സംസ്കരിക്കുന്നത് തടയുകയാണെങ്കിൽ, മനുഷ്യത്വം എന്നത് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് അർത്ഥം. ഇവിടെ കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിച്ചാൽ താൻ ആത്മഹത്യ ചെയ്യും എന്ന് പ്രതിഷേധിക്കുന്ന ഒരു സ്ത്രീ പറഞ്ഞു കേട്ടു. അവരൊക്കെ എന്തു മാത്രം തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. ദയവുചെയ്ത് ഇങ്ങനെയുള്ള അവസരത്തിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്. ആ പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിപ്പിക്കരുത്. നാളെ നമുക്ക് ആർക്കും ഈ അസുഖം പിടിപെടാം എന്ന് മറക്കരുത്. ഇന്ത്യയിൽ ഏറ്റവും ആദ്യം സമ്പൂർണ സാക്ഷരത കൈവരിച്ച കോട്ടയത്താണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. സങ്കടകരമാണ്.