കോവിഡ്: ചില ‘മരണ’ സംശയങ്ങൾ

50

എല്ലാ മരണങ്ങളും കൊറോണയുടെ തലയിൽ കെട്ടിവെക്കുന്നുണ്ടോ? എങ്കിൽ അത് ലോകത്തെ അതിഭീകരമായ സാമൂഹിക- സാമ്പത്തിക അനിശ്ചിതാവസ്ഥയിലെത്തിക്കും. കോവിഡാനന്തര കാലം ചിലർക്ക് ഒരു വൻ സാമ്പത്തിക ലാഭത്തിനുള്ള വഴിയും അത് തുറക്കും.
കെ. സഹദേവൻ എഴുതുന്നു…
കോവിഡ്: ചില ‘മരണ’ സംശയങ്ങൾ

കോവിഡ് മരണങ്ങൾ ലോകത്തെമ്പാടുമായി 1,50,000 ജീവനുകൾ ഇതുവരെ കവർന്നതായി ജോൺ ഹോപ്കിൻസ് സർവ്വകലാശാലാ കോവിഡ് ഡാറ്റാ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ രോ​ഗികളും ഏറ്റവും കൂടുതൽ മരണവും അമേരിക്കയിലാണ്. അതിൽത്തന്നെയും ന്യൂയോർക്ക് ന​ഗരത്തിലാണ് ഇവ രണ്ടും കൂടുതലായി സംഭവിച്ചിരിക്കുന്നത്. ചൈനീസ് ​ഗവൺമെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് നാളിതുവരെ 3,300 കോവിഡ് മരണങ്ങളാണ് അവിടെ നടന്നിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെയായി റിപ്പോർട്ടു ചെയ്ത രോ​ഗബാധിതരുടെ എണ്ണം 12,780 ഉം മരണ സംഖ്യ 420ഉം ആണ്.

ചൈനീസ് ​ഗവൺമെന്റ് കൃത്യമായ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ ആവശ്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ രോ​ഗബാധിതരുടെ എണ്ണത്തിൽ യഥാർത്ഥത്തിൽ വലിയ വ്യതിയാനം ഉണ്ടാകാമെന്നും പറയപ്പെടുന്നു.കോവിഡ് രോ​ഗം പറയപ്പെടുന്നത്ര മാരക പ്രഹരശേഷിയുള്ളതാണോ? കോവിഡ് മരണങ്ങളെല്ലാം തന്നെ യഥാർത്ഥത്തിൽ കോവിഡ് കാരണമുണ്ടായതാണോ? കോവിഡ് ബാധിതരായ മരണപ്പെട്ട വ്യക്തികളുടെ മരണകാരണം മറ്റുള്ളവയല്ലെന്ന് കൃത്യമായി വേർതിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ? തുടങ്ങിയ നിരവധി സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. കോവിഡ് 19ന്റെ മരണനിരക്ക് 3.4% ആണെന്ന് ലോകാരോ​ഗ്യ സംഘടന മാർച്ച് 3ന് ഇറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. എച്ച് 1 എൻ 1നേക്കാൾ അൽപം കൂടിയ നിരക്കാണിതെന്ന കാര്യത്തിൽ സംശയമില്ല.

എന്നിരുന്നാലും;യുഎസിലെ മരണ നിരക്കുമായി ബന്ധപ്പെട്ട ചില കണക്കുകൾ നോക്കാം:ഇന്നലെ ഒറ്റ ദിവസം കൊണ്ട് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2137 ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.അമേരിക്കയിലെ ശരാശരി മരണ നിരക്ക് 8.563 ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതായത് 1000 പേരിൽ ഏതാണ്ട് 8.5പേർ മരിക്കുന്നുവെന്നർത്ഥം (പ്രതിവർഷം). ഈ കണക്കനുസരിച്ച് അമേരിക്കയിലെ പ്രതിദിന മരണം ഏതാണ്ട് 6500ന് തൊട്ടടുത്തായിരിക്കും. (അപകടം, ആത്മഹത്യ, കൊലപാതകം, സ്വാഭാവിക മരണം, രോ​ഗംമൂലം എല്ലാം ഉൾപ്പെടെ).

കോവിഡ് മരണങ്ങളിലെ പ്രായവ്യതിയാനം നോക്കിയാൽ 75 വയസ്സിന് മുകളിലുള്ളവരുടെ മരണസംഖ്യ 47 ശതമാനത്തിലും കൂടുതലാണ്. അതുപോലെത്തന്നെ 65-74നും ഇടയിലുള്ളവരുടെ സംഖ്യ 24.6% വും വരും. അതായത് മരണം സംഭവിക്കുന്നവരിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ സംഖ്യ ഏതാണ്ട് 72% വരും എന്നർത്ഥം.ഇനി കൊറോണ ബാധയേറ്റ ഒരാൾ മറ്റ് രോ​ഗപീഡകളാലും മരണപ്പെടാമെന്നത് വസ്തുതയാണ്. സ്ട്രോക്, ഹൃദയാഘാതം തുടങ്ങിയ നൂറുകാരണങ്ങളുണ്ട്. ഇവയൊക്കെയും വേർതിരിച്ചുള്ള ഡാറ്റ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

കൊറോണ ഭീതി ഉയർത്തിയിരിക്കുന്ന ഒട്ടനവധി സാമൂഹിക പ്രശ്നങ്ങളുണ്ട്. ഇവയൊക്കെയും മരണത്തിന് കാരണമാകുന്നുണ്ട് എന്നതും വസ്തുതയാണ്. അതിലൊന്ന് കൊറോണ ബാധയെ സംബന്ധിച്ചുള്ള പേടി മൂലം ആശുപത്രികളിലേക്ക് പോകാനുള്ള പൗരന്മാരുടെ വൈമുഖ്യമാണ്. ഇത് യഥാർത്ഥ സമയത്ത് ആവശ്യമായ ചികിത്സ ലഭിക്കാതെ മരണപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

മറ്റൊന്ന് ആശുപത്രികൾ മുഴുവനും കൊറോണാ ബാധിതരാൽ നിറഞ്ഞിരിക്കുന്നുവെന്നതും കൊറോണ ബാധിതരായ ആളുകൾക്ക് മറ്റ് രോ​ഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രി സംവിധാനങ്ങൾ പരാജയപ്പെടുന്നതും കൊറോണാ ബാധിതരുടെ മറ്റ് രോ​ഗകാരണങ്ങളാലുള്ള മരണ സംഖ്യ ഉയരാൻ കാരണമാക്കുന്നുണ്ട്. ഇറ്റലിയിലും മറ്റും കൊറോണാ ബാധിതരായ മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചുപോയ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളിവയാണ്. ഫലത്തിൽ കൊറോണ എത്രമാത്രം ഭീഷണമായ രോ​ഗമാണ്?പറയപ്പെടുന്ന മരണങ്ങൾക്കെല്ലാം കാരണം കൊറോണ വൈറസ് മാത്രമാണോ? സമൂഹത്തെ ഒന്നാകെ ഭീതിയിൽ തള്ളിവിട്ട് ലാഭം കൊയ്യാൻ കാത്തിരിക്കുന്നവരുണ്ടോ? സംശയങ്ങളാണ്. മരണ സംശയങ്ങൾ.