കുംഭമേളയിൽ കോവിഡ് പടരുമ്പോൾ ‘തബ്ളീഗ് കോവിഡ് ‘ എന്ന് ന്യുനപക്ഷത്തെ പരിഹസിച്ചവർ എന്തുപറയുന്നു ?

68

ഇന്ത്യയിൽ കോവിഡുമായി ബന്ധപ്പെട്ടു വിദ്വേഷ പ്രചാരണങ്ങള്‍ ന്യൂനപക്ഷജനതയെ ഉന്നം വെച്ചുകൊണ്ട് നടന്നിരുന്നു. ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ളീഗ് ജമാഅത്ത് സമ്മേളനസ്ഥലത്ത് വെച്ച് കൂട്ടമായ കൊവിഡ് വ്യാപനം സംഭവിച്ചത് കാരണം പിന്നീടങ്ങോട്ട് മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തബ്ലീഗ് പ്രവര്‍ത്തകരും മറ്റ് മുസ്ലിങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ മുസ്ലിം പ്രവാസികളിലും, ഉംറ തീര്‍ത്താടനം കഴിഞ്ഞെത്തിയവരിലുമുള്ള ചിലരിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ വര്‍ഗീയ പ്രചാരണങ്ങളുടെ ആക്കം കൂടിവന്നു. നവമാധ്യമങ്ങളിലെല്ലാം മുസ്ലിങ്ങള്‍ക്കെതിരായ തീവ്രമായ വിദ്വേഷ പ്രചരണങ്ങളാണ് നടന്നിരുന്നത്. രോഗിയുടെ സമുദായവും പശ്ചാത്തലവും വിശ്വാസവുമെല്ലാം രോഗവുമായി ബന്ധപ്പെടുത്തുന്നതും അതിന്റെ പേരില്‍ മുഴുവന്‍ സമുദായത്തെും കുറ്റക്കാരായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്നതും ഏറെ അപലപനീയമാണെന്നാണ് സാമൂഹ്യ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. കൊവിഡ് ബാധിതരുടെ സാമുദായിക പശ്ചാത്തലത്തെ ലക്ഷ്യം വെച്ചുകൊണ്ടും മുഴുവന്‍ പ്രവാസി സമൂഹത്തെ കുറ്റപ്പെടുത്തിയും വിദ്വേശ പരാമര്‍ശങ്ങള്‍ നടത്തിയും വിവേചനാടിസ്ഥാനത്തിലുള്ള നിരന്തര സംഭവങ്ങളാണ് കൊവിഡ് കാലത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാലിപ്പോൾ ഹിന്ദു ഉത്സവമായ കുംഭമേളയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ ഉള്ളത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറിൽ ഒരുമിച്ച് കൂടിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ഷാഹി സ്നാനിൽ ഒരു ലക്ഷത്തോളം ആളുകൾ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവർ ഒരുമിച്ച് കൂടിയത്. എന്നാൽ, ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കുക എന്നത് അസാധ്യമാണെന്ന് വിശ്വാസികൾ പറയുന്നു.

ഇപ്പോഴിതാ ഒരു മന്ത്രിയുൾപ്പെടെയുള്ള ചില ആന-പൂരഭ്രാന്തന്മാർ പൂരം നടത്തുമെന്ന് വെല്ലിവിളിയും മുഴക്കുന്നു. അത് സംഘടിപ്പിച്ചാൽ നിശ്ചയമായും ജനലക്ഷം അവിടെ എത്തും. അവിടെയും കോവിഡിന്റെ ചാകരയാകും.

ന്യൂനപക്ഷജനതയെ ഉന്നം വെച്ചുകൊണ്ട് പണ്ട് നടന്ന പ്രചാരണങ്ങൾ നടത്തിയവർ ഇപ്പോൾ എന്ത് പറയുന്നു ? മനുഷ്യർ തങ്ങളുടെ മതവിശ്വാസങ്ങൾ കൊണ്ട് ചെയ്തുകൂട്ടുന്നതിനെ ഒന്നാകെയാണ് അപലപിക്കേണ്ടത്. അല്ലാതെ ഒരുകൂട്ടരേ ഒറ്റപ്പെടുത്തിയല്ല. നാളെ നമുക്കും ഈ ഗതികേട് സംഭവിക്കാം, നാളെ നമ്മളും പരിഹസിക്കപ്പെടാം എന്ന ഉത്തമബോധ്യം ഉണ്ടെങ്കിൽ രോഗത്തെ പോലും വർഗ്ഗീയവത്കരിക്കില്ലായിരുന്നു.