ചില ‘പഴയകാല തള്ളുകളും’ യഥാർഥ്യവും !

116

പഴയ കാലങ്ങളെ ഓർത്തു നെടുവീർപ്പിടുന്ന കേശവൻമാമന്മാർ നമുക്കിടയിൽ അനവധിയുണ്ട്. പണ്ട് ആനയുണ്ടായിരുന്നു ചേനയുണ്ടായിരുന്നു ഇപ്പോൾ ഒന്നും ഇല്ല എന്നൊക്കെയാണ് വീമ്പിളക്കൽ. എന്നാൽ യാഥാർഥ്യം എന്താണ് ? ചരിത്രം തന്നെ പഠിക്കണം അല്ലെ? അല്ലെങ്കിൽ പഠിപ്പിക്കണം. CP Jaleel ന്റെ രസകരമായ കുറിപ്പ് വായിക്കാം

ചില “പഴയകാല തള്ളുകളും” യഥാർഥ്യവും !

1) തള്ള് :-
പണ്ടുള്ളവർ നല്ല ആരോഗ്യവും ആയുസ്സും ഉള്ളവർ ആയിരുന്നു. നൂറിനു മുകളിൽ ആയിരുന്നു എല്ലാവരുടെയും ആയുസ്സ്!
യാഥാർഥ്യം :-
തിരുവിതാംകൂറിൽ നടന്ന ആദ്യ സെൻസെസ് പ്രകാരം ശരാശരി ആയുസ്, പുരുഷന് 25 വയസും സ്ത്രീക്ക് 27 വയസും ആണ്. ഇന്നത് 70ന് മുകളിലാണ്.

2)തള്ള് :-
പണ്ടുള്ള ആളുകൾക്ക് യാതൊരു അസുഖവും വരാറില്ലായിരുന്നു. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു.!
യാഥാർഥ്യം :-കോളറ, ടൈഫോയ്‌ഡ്, എലിപ്പനി, ക്ഷയം തുടങ്ങി അനവധി നിരവധി മാരക രോഗങ്ങൾ മൂലം നട്ടം തിരിഞ്ഞ ഒരു സമൂഹമായിരുന്നു പഴമക്കാർ. വസൂരി പോലുള്ള രോഗങ്ങൾ വന്നാൽ ജീവനോടെ കുടിൽ അടക്കം കത്തിച്ചുകളയുക എന്നതായിരുന്നു രീതി. ചെവി പഴുപ്പും, മൂക്കൊലിപ്പും ഇല്ലാത്ത കുട്ടികളെ കാണാൻ പോലും ഇല്ലായിരുന്നു. ചൊറിയും ചിരങ്ങും വേറെ..

പണ്ടുള്ള ആളുകൾക്ക് അസുഖം എന്താണെന്ന് തിരിച്ചറിയാൻ പോലുമുള്ള ബോധം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ആളുകൾ ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചാൽ, മാടനടിച്ചു ചത്തു എന്ന് പറയാനുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്ത് നിസാരമായി മരുന്നുകൾ കൊണ്ട് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ക്ഷയ രോഗം പിടിപെട്ടാണ് സ്വാതി തിരുനാൾ മഹാരാജാവ് മരണപ്പെടുന്നത്, അതും തന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ. ഒരു രാജാവിന്റെ അവസ്ഥ ഇതായിരിക്കെ അന്നത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.!

3)തള്ള് :-
പണ്ട് ഭയങ്കര കൃഷി ആയിരുന്നു,സമ്പൽ സമൃധി ആയിരുന്നു, ഇന്നിപ്പോ കൃഷിയൊന്നും ഇല്ലാതെ ഭയങ്കര പട്ടിണി ആയി!
യാഥാർഥ്യം :-
കന്നുകളെ ഉപയോഗിച്ച് നിലം ഉഴേണ്ടത് എങ്ങനെ എന്ന് പോലും കേരളീയർക്ക് അറിയില്ലായിരുന്നു. നിലം ഉഴാൻ മനുഷ്യരെ തന്നെയാണ് ഉപയോഗിച്ചത്. ഉത്പാദക ശേഷിയില്ലാത്ത വിത്തുകൾ ഉപയോഗിക്കുന്ന കാരണം വിളയും കുറവ്.
അരിഭക്ഷണം ഒരു ആർഭാടമായി കണ്ട് വിശേഷാവസരങ്ങളിൽ മാത്രം കഴിച്ചിരുന്ന ഒരു സമൂഹമാണ് കേരളീയർ. അതിന്റെ ഓർമയിലാണ് ഇന്നും ഓണം, വിഷു പോലെയുള്ള അവസരങ്ങളിൽ സദ്യ ഉണ്ടാക്കി വിളമ്പുന്നത്.

1900 കാലഘട്ടത്തിൽ പോലും തിരുവിതാംകൂറിലേക്ക് അരി ബർമയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. രണ്ടാം ലോക മഹായുദ്ധത്തോടെ ബർമയിൽ നിന്നുള്ള അരി ഇറക്കുമതി നിലയ്ക്കുകയും തിരുവിതാംകൂറിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായി, പട്ടിണി മരണങ്ങൾ ഒരു തുടർക്കഥയാകുകയും ചെയ്ത സാഹചര്യത്തിൽ കപ്പ ആയിരുന്നു പ്രധാന ഭക്ഷ്യ വിഭവം.
തിരുവിതാംകൂർ രാജാവ് വിശാഖം തിരുന്നാൾ, ലങ്കയിൽ നിന്ന് കപ്പ തൈകൾ ഇറക്കുമതി ചെയ്താണ് കൃഷി വ്യാപകമാക്കുന്നത്.

യുദ്ധങ്ങൾ ഇല്ലാത്ത, എല്ലാവർക്കും ഭക്ഷണവും, വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ലഭിക്കുന്ന ഏറ്റവും മനോഹരമായ ഇന്നത്തെ കാലഘട്ടത്തിൽ ജീവിച്ചു കൊണ്ട്, ഈ കാലഘട്ടം അത്ര പോരാ… പക്ഷേ..
“യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് പൊറുതി മുട്ടിയ, ഭക്ഷ്യ ക്ഷാമവും രോഗ പീഡകളും കൊണ്ട് സഹികെട്ട”
ആ കാലഘട്ടം വളരെ മനോഹരവും സമ്പൽസമൃദ്ധിയുമായിരുന്നു എന്ന് വിശ്വസിക്കുന്നവരോട് കൂടുതൽ ഒന്നും പറയാനില്ല.!