ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം

177

ഗവര്‍ണര്‍ ആ പദവി വഹിക്കുമ്പോള്‍ ഔചിത്യത്തോടെ പെരുമാറണം.

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായ വ്യത്യസമുണ്ടെങ്കില്‍ അത് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും. അതിന് ഭരണഘടനയില്‍ എവിടെയും ഗവര്‍ണറോട് ചോദിക്കണമെന്ന് പറഞ്ഞിട്ടില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രിംകോടതിയില്‍ സംസ്ഥാനം പരാതി നല്‍കിയാല്‍ അത് കോടതി കേള്‍ക്കണം. പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ചാണ് കേരള സര്‍ക്കാര്‍ പരാതി ഫയല്‍ചെയ്ത്ത്. എന്നാല്‍, ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് തന്റെ അനുവാദമില്ലാതെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതെന്നാണ്..

ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് ഒരു വിഷയത്തെ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള ഒരു ജുഡീഷ്യല്‍ വിഷയത്തിലും പരിഹാരം കാണുവാന്‍ വേണ്ടി ഗവണറെ അറിയിക്കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയ രേഖകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166 അനുസരിച്ച ് സംസ്ഥാന മുഖ്യമന്ത്രിയും ഗവര്‍ണറും ആശയവിനിമയം നടത്തിയുണ്ടാക്കിയ റൂള്‍സ് ഓഫ് ബിസിനസാണ്. അത്
സര്‍ക്കാരിന്റെ ഭരണപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ളതാണ്. അല്ലാതെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനത്തിനുള്ള അവകാശം സംബന്ധിച്ചുള്ളതല്ല.

ഗവര്‍ണര്‍ക്ക് ഭരണഘടന അറിയില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ അദ്ദേഹം ഭരണഘടനയുടെ സംരക്ഷണത്തിനാണ് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് എന്ന അവകാശവാദം ശരിയല്ല. ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് സംസ്ഥാന ഗവണ്‍മെന്റ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം തിരിച്ചറിയണം.
ഇപ്പോഴത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അംഗമായിരുന്ന ഒരു ബെഞ്ച് 2014 ല്‍ ബീഹാറും ജാര്‍ഖണ്ഢുമായുള്ള ഒരു കേസില്‍ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഇത്തരം വിഷയങ്ങളില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ള വിവരം ഗവര്‍ണര്‍ക്ക് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും.

സംസ്ഥാന ഗവണ്‍മെന്റ് സര്‍ക്കാരിനുള്ള ഭരണഘടനാപരമായ. അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും വ്യക്തമാണ്.കേരളത്തിലെ ഗവര്‍ണ്‍മെന്റിന്റെ തലവന്‍ ഗവര്‍ണറാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ലീവ് അനുവദിക്കുന്നതുപോലും ബൈ ഓര്‍ഡര്‍ ഓഫ് ദി ഗവര്‍ണര്‍ എന്നാണ് എഴുതുന്നത്.ഇതൊന്നും അദ്ദേഹം അറിയാറുപോലുമില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടന നല്‍കുന്ന ഒരു അവകാശം ഉപയോഗിക്കാന്‍ ഗവര്‍ണറുടെ അനുവാദം വാങ്ങണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ചോദ്യം ചെയ്തുകൂടായെന്നും ആരും പറഞ്ഞിട്ടില്ല. എത്രയോ നിയമങ്ങള്‍ ചോദ്യചെയ്യപ്പെട്ടു. ആ നിയമത്തിന്റെ അവസാനവിശകലനം സുുപ്രികോടതി തീരുമാനിക്കും.കേരളമാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശക്തമായ പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം ഉയര്‍ത്തിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
.
സംസ്ഥാനത്ത് ഒരു ഭരണഘടന പ്രതിസന്ധിയുമില്ല. ഭരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും വ്യക്തമായ ധാരണയോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ട് ഇല്ലാത്ത അവകാശം ആര്‍ക്കെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയുകയുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം, സുപ്രിംകോടതിയെ സമീപിച്ച വിഷയത്തില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയത് അനുചിതമായിപ്പോയി.

കേരള ഗവണ്‍മെന്റ് ചെയ്തത് മഹാ അപരാധമാണെന്ന രീതിയിലും, ഭരണഘടനയേയും സംവിധാനങ്ങളെയും അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഗവര്‍ണര്‍ ആരോപിച്ചത് ആദ്യ സംഭവമാണ്. ഇത്തരത്തില്‍ ഗവര്‍ണര്‍ തരംതാഴരുത്.ഗവണ്‍മെന്റും ഗവര്‍ണറും തമ്മില്‍ പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. അതെല്ലാം ഫയലിലൂടെ തീരുകയാണ് പതിവ്. അല്ലാതെ ഇപ്പോള്‍ ഗവര്‍ണര്‍ നടത്തിയ പരസ്യപ്രസ്ഥാവനകള്‍ മോശമായിപ്പോയി. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ഗവര്‍ണറുമെല്ലാം ഒരേ ഭരണഘടനയുടെ സൃഷ്ടിയാണ്. ഇവര്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്.

ഗവര്‍ണര്‍ പദവിതന്നെ അനാവശ്യമായ പദവിയാണെന്ന നിലപാടാണ് ആദ്യഘട്ടം മുതല്‍ സിപിഐക്കും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഉള്ളത്. ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഗവര്‍ണര്‍ സ്ഥാനം ആവശ്യമില്ല. എന്നു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരോ വാര്‍ഡ് വീതം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമം പാസാക്കും.യുഎപിഎ സംബന്ധിച്ച് സിപിഐ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ആരെങ്കിലും മാവോയിസ്റ്റ് ആകുന്നത് ഒരു കുറ്റമാണോ. ഒരാള്‍ ഒരു വ്യത്യസ്ഥ രാഷ്ട്രീയം പിന്‍തുടരുന്നതുകൊണ്ട് അയാള്‍ നിയമത്തിന്റെ മുന്നില്‍, കുഴപ്പകാരനാണെന്നും രാജ്യദ്രോഹിയാണെന്നും പറയാന്‍ കഴിയില്ല.