പിണറായിക്കെതിരെ മത്സരിച്ച അമ്മയെ തകർത്തു തരിപ്പണം ആക്കണം, അത് സാധിച്ചു

130

വാളയാർ വിഷയത്തിൽ അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റിന് മറുപടിയായി CR Neelakandan and ഇസ്മയിൽ കല്ലിയത്ത് സോഷ്യൽ മീഡിയയിൽ എഴുതിയത്

തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി ഹരീഷ് വാസുദേവൻ വാളയാർ വിഷയത്തിൽ ഇട്ട ഒരു പോസ്റ്റ് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. അതിന്റെ സമയം തന്നെ ലക്‌ഷ്യം വ്യക്തമാക്കുന്നു. എന്നാൽ അതിൽ നമുക്ക് വിമർശിക്കാൻ അവകാശമില്ല. എപ്പോൾ പോസ്റ്റ് ചെയ്യണം എന്നത് ഇടുന്ന ആളുടെ അവകാശമാണ്. പക്ഷെ ആ പ്രയോഗം അയാളുടെ രാഷ്ട്രീയലക്ഷ്യം വ്യക്തമാക്കുന്നു എന്ന വിമർശനം അംഗീകരിക്കേണ്ടി വരും. എൽഡിഎഫ് തുടർഭരണം വരണം എന്ന് തുറന്നു പറയുന്ന ഒരാൾ ഇങ്ങനെ ഒരു പോസ്റ്റിട്ടതിൽ നാം ഞെട്ടേണ്ടതില്ല. പക്ഷെ ഈ പോസ്റ്റ് ഷെയർ ചെയ്ത് ആയിരക്കണക്കിന് ഇടതുപക്ഷ അനുഭാവികൾ അറിയാതെ ചെയ്ത അബദ്ധത്തിന്റെ ആഴം അവർ അറിയുന്നില്ല. ലളിതയുക്തി വച്ച് കൊണ്ട് പിണറായിയെ എതിർക്കുന്ന ഭാഗ്യവതിക്കെതിരെ എന്ത് പറഞ്ഞാലും അത് ശരി എന്ന് പറയുന്നിടത്ത് തന്നെ ഇടതുപക്ഷരാഷ്ട്രീയം ഇല്ലാതാകുന്നു.

ഹരീഷിന്റെ പോസ്റ്റിനെ പറ്റി ഒട്ടനവധി സ്ത്രീപക്ഷ ദളിത് പക്ഷ വിമർശനങ്ങൾ ഇതിനകം തന്നെ വന്നു കഴിഞ്ഞിരിക്കുന്നതിനാൽ (അവയിൽ പലതും ഞാൻ തന്നെ കോപ്പി ചെയ്തു എന്നതിനാലും) ഇവിടെ അവ ആവർത്തിക്കുന്നില്ല. മറ്റു ചില വിഷയങ്ങൾക്ക്, പ്രത്യേകിച്ചും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മറുപടി പറയാൻ ആണ് ഇത് എഴുതുന്നത്.

ഹരീഷ് വാസുദേവന്റെ പോസ്റ്റുകൾക്കു ഇക്കാലമത്രയും കിട്ടിപ്പോന്ന സ്വീകാര്യതയുടെ ഒരു കാരണം അത് ഒട്ടും വൈകാരികമല്ലാതെ, വസ്തുനിഷ്‌ഠമായി കാര്യങ്ങൾ വിശദീകരിക്കുന്നു എന്നതായിരുന്നു. അതിൽ ഉന്നയിക്കുന്ന രാഷ്ട്രീയത്തോട് വിയോജിക്കുമ്പോൾ പോലും അതിലെ വസ്തുതകൾ, പ്രത്യേകിച്ചും നിയമകാര്യങ്ങൾ , യുക്തികൾ വ്യക്തമായിരുന്നു. എന്നാൽ നിർഭാഗ്യകരം എന്ന് തന്നെ പറയട്ടെ ഈ പോസ്റ്റിൽ അതിവൈകാരികത വന്നിരിക്കുന്നു, അതുകൊണ്ട് യുക്തിബോധം നഷ്ടമായിരിക്കുന്നു, ഇന്ന് വരെ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിലും കാണാത്ത പദപ്രയോഗങ്ങൾ വന്നിരിക്കുന്നു. ( ഉദാ. അതേ മുറിയിൽ അതു കഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളിൽ വായിക്കുമ്പോൾ നമുക്കവരെ പോയി കൊല്ലാൻ തോന്നും.)

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു 2019 ഒക്ടോബർ 31 നു മുഖ്യമന്ത്രിയുടെ കാലുപിടിച്ചു അമ്മ ആവശ്യപ്പെട്ടതാണ് . ഹരീഷ് പറയുന്നതുപോലെ ഈ കുറ്റകൃത്യത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളി ആയ ഒരാൾ അങ്ങനെ ആവശ്യപ്പെടുമോ എന്നെങ്കിലും ഒന്ന് ചിന്തിക്കാമായിരുന്നു. പിന്നെ ഒരു വെല്ലു വിളിയും: നിരക്ഷരയായ ആ അമ്മ ഹരീഷിനെ പോലെ സാഅമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്ന അഭിഭാഷകനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ എന്ന്. നന്നായി ഹരീഷേ നല്ല വെല്ലുവിളി തന്നെ. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ ഭയക്കേണ്ടതില്ലല്ലോ. അവർക്കു കോടതിയിൽ എത്തുക തന്നെ എത്ര പ്രയാസമാണ് എന്ന് ഹരീഷിനും അറിയാത്തതാവില്ലല്ലോ.

ഇനി കേസിന്റെ നാൾവഴികളി ൽ ഹരിഷ് പറയുന്നതിലെ വസ്തുതകൾ പരിശോധിക്കാം:
ആദ്യം നൽകിയ അപ്പീലില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഇല്ലാതിരുന്നത് എന്തുകൊണ്ടാണ് എന്ന ഹരീഷിന്റെ ചോദ്യം കാര്യങ്ങള്‍ അറിയാത്തതിനാല്‍ ആണെന്ന് കരുതുന്നില്ല. എങ്കിലും പറയാം. കോടതി വിധി വന്നു ഒരാഴ്ച കഴിയുമ്പോള്‍ ( കൃത്യമായി പറഞ്ഞാല്‍ 2019ഒക്ടോബര്‍ 31 നു) ഇടതുപക്ഷത്തുള്ള ഒരു സമുദായ നേതാവിനൊപ്പം അച്ഛനും അമ്മയും കേരളത്തിന്റെ മുഖ്യമന്ത്രിയെ പോയി കണ്ടു കാലു പിടിച്ചു അപേക്ഷിക്കുന്നു. കേസില്‍ യഥാര്ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം എന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥ ര്‍ക്കെതിരെ നടപടി വേണമെന്നും ഉള്ള അവരുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുന്നു. അവരുടെ അപ്പീല്‍ നല്കാന്‍ അഡ്വ ഉദയഭാനുവിനെ സമുദായ നേതാവ് ചുമതലപ്പെടുത്തുന്നു. വിധി റദ്ദാക്കി അന്വേഷണം സിബിഐക്ക് വിടാനാണ് അപ്പീല്‍ എന്ന് ഇവരെ വിശ്വസിപ്പിക്കുന്നു. സ്വന്തം പേര്‍ എഴുതുന്നതിനപ്പുറം സാക്ഷരതയില്ലാത്ത ഒരമ്മ അത് വിശ്വസിച്ചു. അവരുടെ വക്കീലിനെ ഏര്‍പ്പെടുത്തിയ സമുദായ നേതാവ് അവരെ വഞ്ചിക്കുകയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ സോജനും ചാക്കൊക്കും സ്ഥാനക്കയറ്റം കിട്ടി എന്നറിഞ്ഞപ്പോഴാണ് ആ അമ്മ സമരസമിതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നത്. അതിനു ശേഷമാണ് കേസില്‍ അമ്മയുടെ അപ്പീല്‍ സംബന്ധിച്ചുള്ള രേഖകള്‍ കിട്ടുന്നതും ചതി തിരിച്ചറിഞ്ഞു ആ വക്കീലിനെ മാറ്റി പുതിയ ആളെ നിയോഗിക്കുന്നതും. അതുവരെ അമ്മയെപ്പോലെ ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നത് അപ്പീലില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എന്നാണ്.

ആദ്യകുട്ടി മരിച്ചപ്പോള്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്നത് തെറ്റ്. അമ്മ രണ്ടു പ്രതികളുടെ പേര് പറഞ്ഞു. അവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അസ്വാഭാവിക മരണമായിരുന്നിട്ടും അവരെ അന്ന് രാത്രി തന്നെ വിട്ടു. അതിനു പോലിസിനെ പ്രേരിപ്പിച്ചത് രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു എന്ന കാര്യം അന്ന് തന്നെ അമ്മ പറഞ്ഞതാണ്. ( അരിവാള്‍ പാര്ട്ടിക്കാര്‍ എന്നാണ് പറഞ്ഞത്) . ഇത് സംബന്ധിച്ചുള്ള രേഖകള്‍ സ്റ്റേഷനില്‍ ഇല്ലാതാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ അങ്ങനെ വിടുവിച്ചരില്‍ ചിലര്‍ പിന്നീട് ഈ കാര്യം അമ്മയോട് തന്നെ വന്നു പറയുകയും ചെയ്തതാണ്. ചാക്കോ എന്ന എസ് ഐ മറ്റാരെയും ഈ കേസില്‍ അറസ്റ്റ് ചെയ്തില്ല. പക്ഷെ എഫ് ഐ ആര്‍ ഉണ്ടായിരുന്നു എന്ന് ഹരീഷും സമ്മതിക്കും. ജനുവരി 14 നടത്തിയ മൂത്തകുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി എത്ര ദിവസം ഇവര്‍ സ്റ്റേഷന്‍ കയറി ഇറങ്ങി എന്നും അന്വേഷിക്കുക. എപ്പോഴാണ് ഇവര്‍ക്ക് അത് നല്‍കിയതെന്നും. മൂത്തകുട്ടി കൊല്ലപ്പെടുന്ന സമയത്ത് രണ്ടു പേര്‍ മുഖം മൂടി ധരിച്ചു ഓടിപ്പോകുന്നതു കണ്ടു എന്ന് ഇളയകുട്ടി പറഞ്ഞതായി രേഖകള്‍ ഉണ്ട്. പക്ഷെ അതും ചാക്കോ രേഖപ്പെടുത്തിയില്ല. എന്നാല്‍ ഈ കുട്ടിയെ ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല എന്ന് എസ് ഐ പറഞ്ഞതായി അമ്മ പറയുന്നു. ഇക്കാര്യം ആരും അന്വേഷിച്ചില്ല. രണ്ടാമത്തെ കുട്ടി മൂത്തകുട്ടിയുടെ മരണത്തിനു ദൃക് സാക്ഷി ആണെന്ന കാര്യം സോജന്‍ പരിഗണിക്കുന്നതെയില്ല.

ഈ രണ്ടു കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കാര്യത്തില്‍ സോജനെന്ന പോലെ ഹരിഷിനും സംശയമില്ല. കാരണം സോജന്‍ മഹാനായ ഉദ്യോഗസ്ഥന്‍ ആണല്ലോ. ഈ കേസില്‍ സോജന്‍ നടത്തിയ മഹാകാര്യങ്ങള്‍ ആയി ഹരിഷ് പറയുന്നവ തന്നെയാണ് കേസിനെ ദുര്‍ബലമാക്കിയത് എന്ന് വിധി വായിച്ചാല്‍ അറിയാം. ചാര്‍ജെടുത്ത ദിവസം തന്നെ നാല് പ്രതികളെ അറസ്റ്റ് ചെയ്യുന്നു. കോടതി ചോദിക്കുന്നു എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ അറസ്റ്റ്? അവര്‍ കസ്റ്റഡിയില്‍ വച്ച് നല്‍കിയ മൊഴിയാണ് സോജന്റെ അടിസ്ഥാനവിവരം. അതു തന്നെയാണ് കേസ് തള്ളാനുള്ള പ്രധാന്കാരണവും. ഉദാ. കേസ് 396 ( വലിയ മധു പ്രതി, പാര 49 പേജ് 33 ) ചുമതല ഏറ്റെടുത്ത ദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യാന്‍ വേണ്ട ഒരു തെളിവും ഉണ്ടായിരുന്നില്ല എന്ന് അത് വരെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ (സാക്ഷി 29 ) പറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴികളില്‍ ഒന്നും തിയതിയോ സമയമോ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇവ യഥാര്‍ത്ഥ മൊഴികള്‍ ആകില്ല എന്നാ പ്രതിഭാഗം വാദം കോടതി അംഗീകരിക്കുന്നു. ഇതാണ് സോജന്റെ അന്വേഷണമഹത്വം.

മാസങ്ങൾക്കു മുമ്പ് നടന്നു എന്ന് പറയുന്ന പീഡനം മൂലം ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നതെങ്ങനെ? അങ്ങനെ ചെയ്‌താൽ തന്നെ അത് പ്രേരണ ആകുന്നതെങ്ങനെ? തലേ ദിവസത്തെ പ്രേരണ പോലും കുറ്റമായി കോടതികൾ കാണാറില്ല. ആത്മഹത്യാപ്രേരണ എന്ന കുറ്റം ഒരു തരത്തിലും തെളിയിക്കപെടാൻ സാധ്യതയില്ല എന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന കാര്യം സോജൻ എന്ന മഹാന് മനസ്സിലായില്ല. കൊലപാതകം എന്ന സാധ്യത ഒഴിവാക്കൻ അദ്ദേഹ കാണിച്ച മിടുക്കു ഭയാനകമാണ്. ആത്മഹത്യ ആണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ പറ്റി ഹരിഷ് അധികം പറഞ്ഞില്ല. ആത്മഹത്യചെയ്യാൻ പോകുന്ന കുട്ടി ,തന്റെ സഹോദരന്റെയും സഹോദരിയുടെയും തുണികൾ അലക്കി വച്ച് കുളിക്കാനുള്ള വസ്ത്രങ്ങളുമായി പോകുന്നത് എത്ര വിശ്വസനീയം? ഇത് കണ്ട സാക്ഷികൾ ഉണ്ട്. രണ്ടാമത്തെ കുട്ടി ആത്മഹത്യ ചെയ്യുന്നതിന് അരമണിക്കൂർ മുമ്പ് തൊടിയിൽ നടന്നു മാമ്പഴം തിന്നുന്നത് കണ്ട അയൽക്കാരുണ്ട്. ആ കുട്ടിയുടെ വയറ്റിൽ നിന്നും മാമ്പഴത്തിന്റെ തൊലി കിട്ടിയിട്ടും ഉണ്ട്. ഒമ്പതുവയസ്സായ കുട്ടി ഒരു ലുങ്കിയുടെ അറ്റത്ത് കമ്പി കെട്ടി എറിഞ്ഞ് തന്റെ ഇരട്ടി ഉയരമുള്ള മോന്തായത്തിൽ കുരുക്കിട്ടു തൂങ്ങി എന്ന ആ ഭാഷ്യം ഉണ്ടല്ലോ ഏതു ഭാവനാസമ്പന്നയെയും അസൂയപ്പെടുത്തുന്നതല്ലേ? പക്ഷെ സോജൻ മഹാനാണ്. ഇതിനെ ചോദ്യം ചെയ്ത , ഇടതുപക്ഷം നിയമിച്ച ജലജ മാധവന്‍ എന്ന പ്രോസിക്യുട്ടെറെ മാറ്റാന്‍ ആണ് സോജന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അത് ചെയ്തു. യുഡിഎഫ് കാലത്ത് നിയമിച്ചു കോടതി വിധിയുടെ പിന്‍ബലത്തില്‍ നിന്ന ലതാജയരാജ് എന്ന വക്കീല്‍ കോടതി വിധി വഴി പുറത്തുപോയപ്പോള്‍ ഒന്ന് രണ്ടു മാസക്കാലം മാത്രമാണ് ജലജ മാധവൻ ആ ജോലി ചെയ്തത്. പക്ഷെ സോജന്റെ ആവശ്യം പരിഗണിച്ചായിരിക്കണം ഇവരെ മാറ്റി പഴി യുഡിഎഫ് കാലത്തെ വക്കെലിനെ പുനര്‍നിയമനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടായിരുന്നു എന്ന വസ്തുത ഹരീഷിനു അറിയാത്തതാവില്ല. ഇതിനെ പറ്റി എത്ര നിസ്സംഗമായാണ് ഹരീഷ് പറയുന്നത്? ഇവിടെ സോജനൊപ്പം പിണറായിയേയും രക്ഷപ്പെടുത്തുന്നു.

അന്വേഷണം ആരംഭിച്ച ദിവസം തന്നെ ഇദ്ദേഹം സംഭവം നടന്ന സ്ഥലത്തുപോയി . സ്ഥലത്തു നിന്നും പ്രതികളില്‍ നിന്നുമായി 31തൊണ്ടി മുതലുകള്‍ കണ്ടെത്തി എന്നും പറയുന്നു. പ്രതികളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ ഡിഎന്‍ എ പരിശോധനക്കയക്കുന്നു. വിചിത്രം. മരണം നടക്കുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനം ആണിത് .മരണം നടന്നു അമ്പത് ദിവസംങ്ങളും കഴിഞ്ഞ ശേഷം പ്രതികളുടെ വസ്ത്രങ്ങളില്‍ ഇരയുടെ ഡിഎന്‍ എ തേടിപ്പോയ ആ വൈദഗ്ദ്ധ്യം സമ്മതിക്കണം. ഇത്രയും ദിവസം അവര്‍ വസ്ത്രങ്ങള്‍ നനക്കാതെയും കുളിക്കാതെയും ഇരിക്കുമെന്നാണോ അദ്ദേഹം കരുതിയത് ? ആ വസ്ത്രങ്ങളില്‍ ഒരു വിധ തെളിവും കിട്ടിയില്ലെന്ന് കണ്ടെത്തുന്നതും പ്രതികള്‍ക്ക് സഹായകമായി..

ഇനി അമ്മയുടെ തെറ്റുകള്‍ പരിശോധിക്കാം. ‘അമ്മ മൊഴി മാറ്റി എന്ന ഹരീഷിന്റെ കണ്ടെത്തൽ എങ്ങനെ എന്നറിയില്ല. 164 മൊഴിയാണെങ്കിൽ അത് മാറ്റി എന്ന് സോജനാണോ ഹരീഷിനോട് പറഞ്ഞത്? ആ അമ്മയുടെ സാമൂഹ്യ സാഹചര്യമൊന്നും നിയമജ്ഞന്മാര്‍ക്ക് ‌ പരിശോധിക്കേണ്ടതില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആണല്ലോ. എന്നാല്‍ ഹൈക്കോടതി ഇദ്ദേഹത്തോളം കര്‍ക്കശമല്ല. അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു എന്ന് ഹൈക്കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. കുട്ടിയെ പ്രതി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള അമ്മയുടെ മൊഴി ഹൈക്കോടതി അവിശ്വസിക്കുന്നില്ല . എന്ന് തന്നെയുമല്ല ഇങ്ങനെ പീഡിപ്പിച്ചപ്പോൾ തങ്ങളുടെബന്ധു കൂടിയാണ് പ്രതി എന്നതിനാൽ അയാളുടെ വീട്ടിൽ ചെന്ന് അയാളുടെ അമ്മക്ക് മുന്നറിയിപ്പ് നൽകി ഇനി ഒരിക്കലും അവൻ തന്റെ വീട്ടിൽ വരരുത് എന്ന്. ( ഹരീഷ് മൊഴി ഒന്ന് കൂടി വായിക്കുക) ഇതല്ലേ സാധാരണ ഇത്തരം കേസുകളിൽ സംഭവിക്കുക, പ്രത്യേകിച്ചും പ്രതികൾ സ്വന്തക്കാർ ആകുമ്പോൾ.(ഹരീഷ് ചോദിക്കുന്നു: ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരിക്കൽ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടിൽ വിലക്കിയോ? പോലീസിൽ പരാതിപ്പെട്ടോ? ഇല്ല.എന്തേ? അതേപ്പറ്റി അവർ ഇപ്പോൾ മിണ്ടില്ല.) ഹരീഷ് പറയുന്നതുപോലെ അവർ എന്തുകൊണ്ട് പോലീസിൽ അന്ന് തന്നെ പരാതിപ്പെട്ടില്ല എന്ന് കോടതി ചോദിക്കുന്നില്ല. കാരണം ഹൈകോടതിക്ക് അത്ര നിയമപാണ്ഡിത്യം ഇല്ലല്ലോ. നിരക്ഷരയും പാർട്ടിക്കാർ അല്ലാതെ മറ്റാരും സഹായിക്കാൻ ഇല്ലാത്തവളുമായ ആ അമ്മ എങ്ങനെ കേസ് കൊടുക്കും എന്ന ചോദ്യമുണ്ട്. കോടതി കൃത്യമായി നിരീക്ഷിക്കുന്നു ”

PWs 5 and 6 were disbelieved on the reasoning that if they, as parents, were really bothered about the welfare of their daughter definitely they would have taken action against the accused at least after the death of the girl. According to the learned trial Judge, after two months only the parents revealed the sexual offence allegedly committed by the accused on the victim. Learned trial Judge assumed that it was an afterthought. It is seen from the deposition of these two witnesses that they did not inform the matter to anyone apprehending a blemish on the teenager. Acceptability of this version was not at all considered by the learned trial Judge. It is to be borne in mind that the victim’s family members hail from a socially and economically backward background. The way in which they look at their life is also important.

” നാണക്കേട് ഭയന്നാണ് പരാതിപ്പെടാതിരുന്നത് എന്ന മാതാപിതാക്കളുടെ വാദം തള്ളിയ പോക്സോ കോടതി നിഗമനം ഹൈക്കോടതി തള്ളുകയാണ്. ഇത്രയെങ്കിലും പരിഗണന ഹരീഷിന് ഇവർക്ക് നൽകാമായിരുന്നു. ഇതൊന്നും നോക്കാതെയാണോ ഹരീഷ് ഈ പോസ്റ്റിട്ടത്? ഇവരുടെ മൊഴികളിലെ വൈരുധ്യം മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. വായിക്കാൻ അറിയാത്ത ഇവരെ എന്തെങ്കിലും വായിച്ചു കേൾപ്പിച്ചു ഒപ്പിടാൻ പറഞ്ഞാൽ ചെയ്യുകയേ അന്ന് വഴിയുള്ളു. ഇന്ന് ആ ഭാഗ്യവതി അങ്ങനെ ചെയ്യില്ല എന്നത് വേറെ കാര്യം. അന്നവരെ സഹായിക്കാൻ ആരുമില്ല. പ്രതികളെ രക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ മാത്രം. ബെസ്റ്റ് ബേക്കറി കേസൊക്കെ പഠിക്കാൻ മാത്രമുള്ളതാണോ? ആദ്യം താനൊന്നും കണ്ടിട്ടില്ല എന്ന് കോടതിയിൽ മൊഴി പറഞ്ഞ സാഹിറ ഷേക്കിന്റെ മൊഴി മാറ്റമല്ലേ ആ കേസിൽ പ്രതികളെ ശിക്ഷിക്കാൻ കാരണവുമായതു?

സോജൻ മഹാനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നതിനു ഒമ്പതുകൊല്ലം മുമ്പ് നടന്ന ടിപി കേസും അഞ്ചു കൊല്ലം മുമ്പ് നടന്ന ജിഷ കേസും മറ്റും ഉയർത്തിക്കാട്ടുന്ന ഹരീഷ് 2019 ഒക്ടോബറിൽ ഇതേ സോജനെക്കുറിച്ചിട്ട പോസ്റ്റ് മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. സോജനെ സർവീസിൽ വച്ചുകൊണ്ടിരിക്കുന്ന പിണറായി അടക്കമുള്ളവർക്കെതിരെ അതിൽ ഇദ്ദേഹം ആഞ്ഞടിക്കു ന്നു . പിന്നീടെപ്പോൾ ഇദ്ദേഹം മഹാനായി എന്നറിയില്ല. അതും വർഷങ്ങൾക്കു മുമ്പ് നടത്തിയ കേസ് അന്വേഷണങ്ങൾ വച്ച് കൊണ്ട് .
സോജന്റെ അന്വേഷണത്തെ പറ്റി അവർക്കു ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്ന ഹരീഷിന്റെ വാദം എത്ര ദുർബലമാണ്. മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയാണ് സോജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ അയക്കുന്നത്. അവരുടെ അന്വേഷണം ശരിയാണോ എന്ന് പരിശോധിക്കാൻ നിരക്ഷരയായ ഈ അമ്മക്ക് എങ്ങനെ കഴിയുമെന്നാണ് ഹരീഷ് പറയുന്നത്? ഒരു മാതിരി വിദ്യാഭ്യാസം ഉള്ളവർക്ക് തന്നെ ഒരു കേസിലെ നടപടികൾ മനസ്സിലാകില്ല. ഹരീഷ് പറഞ്ഞത്

ശരിയാണ്. സമരസമിതി രംഗത്തു വന്നപ്പോഴാണ് കേസിലെ രേഖകളിൽ ഉള്ള തട്ടിപ്പുകൾ അവർ തിരിച്ചറിയുന്നത്. നേരത്തെ തന്നെ സൂചിപ്പിച്ച പോലെ സർക്കാരും അമ്മ ക്കുവേണ്ടി ഉദയഭാനുവും സമർപ്പിച്ച അപ്പീലിൻറെ ഉള്ളടക്കം അവർ അറിയുന്നത്. അവർക്കു മുഖ്യമന്ത്രിയെയും കൂടെ പോയ നേതാവിനെയും അത്രക്കും വിശ്വാസം ആയിരുന്നല്ലോ. ഈ കേസിൽ പോലീസ് ഉണ്ടാക്കിയ മൊഴികളിൽ ഹരീഷിന് വലിയ വിശ്വാസമാണ്. പിണറായി ഭരിക്കുന്ന, ബെഹ്‌റ നയിക്കുന്ന കേരള പോലീസിൽ സോജനെ പോലെ ഒരു ഉദ്യോഗസ്ഥന് ഒരു തെറ്റും സംഭവിക്കില്ല എന്ന് കരുതാൻ അദ്ദേഹത്തിന് അവകാശമുണ്ട്. പോലീസ് അവരുടെ ആവശ്യങ്ങൾക്കായി എത്ര കള്ളസാക്ഷികളും കള്ളമൊഴികളും ഉണ്ടാക്കും എന്നറിയാത്ത നിഷ്കളങ്കനാണ് ഹരീഷ് എന്ന് ഞങ്ങള് വിശ്വസിക്കണോ?

കേസ് തകർത്തത് പ്രോസിക്യൂട്ടർ മാത്രമാണോ? കേസ് അന്വേഷണത്തിന്റെ തലപ്പത്തിരുന്ന ഉദ്യോഗസ്ഥന് ഒരു പങ്കുമില്ല? ലത ജയരാജ് എന്ന പ്രോസിക്യൂട്ടർ ചെയ്ത തെറ്റിന് അമ്മ എങ്ങനെ ഉത്തരവാദി ആകും? ആരാണ് അവർക്കു പുനർനിയമനം നൽകിയതെന്ന് നേരത്തെ സൂചിപ്പിച്ചതാണ്. ആ മുഖ്യമന്ത്രിയെയും സർക്കാരിനെയുംരക്ഷിക്കാനാണല്ലോ ഹരീഷിന്റെ പോസ്റ്റ് ഉപകരിച്ചത്. വളരെ വിചിത്രവും വാസ്തവവിരുദ്ധവുമായ ഒരു വാദമാണ് അട്രോസിറ്റീസ് നിയമം കൊണ്ടുവരാൻ യാതൊരു വകുപ്പും ഇല്ല എന്നത് . ഇതിൽ രണ്ട് പ്രതികൾ (ഷിബുവും പ്രദീപും) പട്ടികജാതിക്കാരല്ല എന്ന് ഹരിഷിനറിയില്ലേ? അപ്പോൾ ഇത് സോജൻ ചെയ്ത ഒരു സൗജന്യമായി കാണിക്കാൻ ആണോ ഇങ്ങനെ പറഞ്ഞത്? അതിലെന്തിനാണ് സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ ആവശ്യം? ഒരു കുട്ടിയുടെ കേസിൽ എട്ടര ലക്ഷം രൂപ നിയമപ്രകാരം അവർക്കു അവകാശപ്പെട്ടതാണ്. രണ്ട് കുട്ടികൾക്ക് പതിനേഴു ലക്ഷം. എന്നാൽ ഇതുവരെ അവർക്കു എത്ര കിട്ടി എന്ന് അന്വേഷിച്ചുവോ? നിലവിലുള്ള നിയമം അനുസരിച്ചു ഒരു ദളിത് കുടുംബത്തിന് അവകാശപ്പെട്ട സഹായം സോജനും സർക്കാരും നൽകിയ സൗജന്യമാക്കിയതിലെ സൂത്രവിദ്യ നന്നായിരിക്കുന്നു.

ഇനി അവരാണ് കുറ്റക്കാർ എന്ന് സോജന് അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് അവരെ പ്രതികൾ ആക്കിയില്ല? അത് ശരിയാണോ? യോഗി ആദിത്യനാഥ് ഹത്രാസ് കേസിനെ പറ്റി പറഞ്ഞതും ഇത് തന്നെയല്ലേ? കുട്ടിയുടെ കുടുംബമാണ് കുറ്റക്കാർ എന്ന അയാളുടെ വാദവും ഹരീഷും സോജനും പിണറായി വിജയനും അംഗീകരിക്കുമായിരിക്കും. എത്ര കേസുകളിൽ അമ്മയും അച്ഛനും മറ്റും പ്രതികൾ ആകുന്നു. തന്നെയുമല്ല ഇത്ര ഗുരുതരമായ തെറ്റ് ചെയ്തവർക്ക് സർക്കാർ പണം വാങ്ങിക്കൊടുത്തു എന്ന് പറയുന്നത് തന്നെ ഗുരുതരമായ കുറ്റമല്ലേ? അവരെ കൊല്ലാൻ തോന്നുന്നു എങ്കിൽ ദളിത് ജീവിതങ്ങളെ പറ്റി ഒന്നും അറിയില്ലെന്ന വാദം അംഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചതിനു ആ അമ്മക്കെതിരെ ഇത്രയും പറയണോ?

എത്ര നൈസായിട്ടാണ് അഡ്വ രാജേഷിനെ രക്ഷപ്പെടുത്തുന്നത് ? ഒന്നാമതായി പാലക്കാട് ബാറിൽ പോക്സോ കേസുകളിൽ പ്രതികൾക്കായി നിരന്തരം ഹാജരാകുന്ന ഒരാളെ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിച്ചതിന്റെ രാഷ്ട്രീയം അറിയണം. സ്ഥാനം കിട്ടിയ ഉടനെ അയാൾ അങ്ങ് കേസ് ഒഴിയുക ഒന്നും ആയിരുന്നില്ല. കേസിൽ ഹാജരാകുന്നതിനുള്ള അവധി അപേക്ഷ നൽകിയപ്പോൾ തനിക്കു ശിശുക്ഷേമസമിതി യോഗം ഉണ്ടെന്ന കാരണം പറയുക ആയിരുന്നു. രാജി വച്ചതു ഇത് വാർത്ത ആയ ശേഷമാണ്.

അപ്പീലിൽ സോജനെതിരെ പരാമർശം ഇല്ല എന്ന ഹരീഷിന്റെ വാദം എത്ര വികലമാണ്. അപ്പീൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് കേസ് തുലച്ച സോജനെ തന്നെയാണ്. അതിൽ നിന്നാണ് കേസ് നടത്തിപ്പിലെ വീഴ്ചകൾ കോടതി അറിയുന്നത്. തനിക്കു പറ്റിയ തെറ്റുകൾ സോജൻ പറയും എന്ന് ഹരീഷ് കരുതിയോ? അതുകൊണ്ട് സോജൻ കേമനാണെന്നു പറഞ്ഞത് വിശ്വസിക്കാനേ അവർക്കു കഴിയു. അതല്ലെന്നു പറയാൻ കോടതിയിൽ ആരും ഇല്ലായിരുന്നു. അതുകൊണ്ട് ഹൈക്കോടതി സോജനെ വിമർശിച്ചില്ല. എന്തായാലുംകേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ചില തകരാറുകൾ മാത്രം എന്നല്ല കോടതി പറഞ്ഞത്. ഈ കേസിൽആദ്യ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് മുതൽ എല്ലാം ചെയ്തത് സോജൻ ആണ്. എല്ലാ പ്രതികളെയും വെറുതെ വിട്ടപ്പോൾ അയാൾക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് പറയുന്നതിൽ തന്നെ വൈരുദ്ധ്യമില്ലേ?

സർക്കാർ അപ്പീലിൽ പുനർവിചാരണ മാത്രമല്ലേ ആവശ്യപ്പെട്ടത്? ( കോപ്പി കണ്ടല്ലോ) അന്വേഷണം തെറ്റില്ലാതെ നടന്നു എന്നാണ് സോജന്റെ നിലപാട്. പിന്നെ പുനർ അന്വേഷണം എന്തിനാണ് ആവശ്യപ്പെടുന്നത്? സർക്കാർ എങ്ങനെയാണ് പുനർവിചാരണകേസ് സിബിഐക്കു വിടുക? അമ്മക്കായി വന്ന പുതിയ വക്കീലിന്റെ ഇടപെടൽ കൊണ്ടല്ലേ പുനർ അന്വേഷണം എന്നതിലേക്ക് കാര്യങ്ങൾ എത്തിയത്? സോജൻ അതിനൊരിക്കലും അനുവദിക്കുമായിരുന്നില്ലല്ലോ. സിബിഐ അന്വേഷണം സർക്കാരിന്റെ ഔദാര്യമല്ല, അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമാണ്. അതായത് അമ്മയുടെ അപ്പീൽ ഇല്ലായിരുന്നെങ്കിൽ സിബിഐ അന്വേഷണം സാധ്യമാകുമായിരുന്നില്ല. പുനർവിചാരണ മാത്രമെങ്കിൽ എവിടെ സിബിഐ വരുന്നു? സർക്കാർ ഇറക്കിയ സിബിഐ വിജ്ഞാപനത്തിൽ വന്ന ഗുരുതരമായ പിശക് ഹൈഷ് അറിഞ്ഞു കാണില്ല. ആദ്യവിജ്ഞാപനത്തിൽ ഒരു കുട്ടിയുടെ മരണം സംബന്ധിച്ച കേസ് മാത്രം വിട്ടു. രണ്ടാമത്തെ കുട്ടിയുടെ മരണമാണല്ലോ അന്വേഷണത്തിന്റെ ആരംഭം. അന്നുമുതലാണ് സോജൻ വരുന്നതും. ആ മരണം എങ്ങനെ വിജ്ഞാപനത്തിൽ ഒഴിവായി? അത് മനപ്പൂർവം ആയിരുന്നു. വാളയാർ കേസിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു എന്ന വിവരം കേരളം മുഴുവൻ അറിയാമായിരുന്നിട്ടും സർക്കാരിന് അറിയില്ലായിരുന്നു എന്ന് നമ്മൾ വിശ്വസിക്കണം. അതിനും അമ്മക്ക് ഹൈക്കോടതിയിൽ പോകേണ്ടിവന്നു. ഇതൊക്കെ അറിയുന്ന ഹരിഷാണോ സർക്കാരിനെയും സോജനെയും വെള്ളപൂശാൻ ഈ പോസ്റ്റിട്ടത്?

എന്തായാലും സിബിഐ അന്വേഷിക്കുന്നതിന് മുമ്പ് തന്നെ ഹരീഷ് പ്രതിയെ കണ്ടെത്തിയത് തമാശയല്ലെ ? ഇതുവരേക്കും തെളിവും വകുപ്പും വച്ച് സംസാരിച്ച ഹരീഷ് ഇപ്പോൾ ഏറെ വികാരാധീനാണ് ആകുന്നതിന്റെ കാരണം വ്യക്തം. യുക്തിരഹിതമായ ചിലതു സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ടാണത്. അതിലും തമാശയാണ് ഹനീഫ കമീഷൻ. സോജൻ പറഞ്ഞതാണ് അവിടെയും വേദവാക്യം. മറ്റു രീതിയിൽ ഒന്ന് അന്വേഷിക്കാൻ അയാൾ പോയില്ല. ഇനി ആ കമ്മീഷൻ ഗുരുതരമായ തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയ ചാക്കോ ഇപ്പോൾ പ്രമോഷനോടെ സിഐ ആയിരിക്കുന്നു . അയാൾക്ക് നൽകിയ ശിക്ഷ കഠിനം തന്നെ. ഇതാണൊ സർക്കാർ നടപടി? ( സർക്കാർ അയാളെ പുറത്താക്കേണ്ടതായിരുന്നു എന്ന് ഹരീഷിന്റെ കമ്മന്റ്.) അമ്മയായിരുന്നുവോ അത് ചെയ്യേണ്ടിയിരുന്നത്? അയാളെ സ്ഥാനക്കയറ്റം നൽകി ആദരിച്ച സർക്കാരിന് തുടർഭരണം ഉറപ്പാക്കാൻ വേണ്ടിയല്ലേ ഹരീഷിന്റെ ഈ പോസ്റ്റ് ?

സോജൻ പൊതുമാധ്യമങ്ങളിൽ കൂടി നടത്തിയ, ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക പീഡനങ്ങൾക്കിരയായി എന്ന പ്രസ്താവന ഹരീഷ് കേൾക്കാൻ ഇടയില്ലല്ലോ. ആ ഒരൊറ്റ വിഷയത്തിൽ തന്നെ അയാൾ സർവീസിൽ നിന്നും പുറത്താക്കപ്പെടേണ്ടതാണ്. നിയമങ്ങളും ധാർമികതയും അയാളെ നിലനിർത്തുന്നവർക്കില്ല എന്നല്ലേ അർഥം? ഇവിടെയും എന്തെങ്കിലും നിയമത്തിന്റെ പഴുതുകൾ കണ്ടെത്താൻ നിയമജ്ഞർക്കു കഴിയും. ആ ഇളവുകൾ സോജന് വേണ്ടി കൊണ്ട് വരാൻ ഹരീഷിനെ പോലെ പ്രഗത്ഭരായ വക്കീലന്മാർ ഉണ്ടാകും. പക്ഷെ നിരക്ഷരയും ദരിദ്രയുമായ ഒരു ദളിത് മാതാവിന് അങ്ങനെ ഒരു ഇളവും പാടില്ല. അവരുടെ സദാചാരം കോടതിക്ക് പ്രധാനമാണ്. സോജൻ എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഒരു കാര്യം അദ്ദേഹം ഉറപ്പിക്കുന്നു. സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ ഈ കുട്ടികൾ ജീവിക്കാൻ കാരണം അവരുടെ അമ്മയാണ് എന്ന്. മറ്റാര്? ആ അമ്മയെ തൂക്കികൊല്ലാൻ പറയണം നിയമവിദഗ്ധർ? അതല്ലേ രക്ഷാമാർഗം? കൊടും കുറ്റവാളി അമ്മയാണ്. പീഡിപ്പിച്ചു കൊന്ന പ്രതികളോ അവരെ രക്ഷിച്ച ഉദ്യോഗസ്ഥരോ അവർക്കു സംരക്ഷണം നൽകുന്ന സർക്കാരോ അല്ല. അവരെ രക്ഷിക്കുക എന്നത് തന്റെ കടമ ആയതിനാൽ പിണറായിക്കെതിരെ മത്സരിക്കുക എന്ന മഹാ അപരാധം ചെയ്ത അമ്മയെ തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇങ്ങനെ ഒരു പോസ്റ്റിട്ടു തകർത്തു തരിപ്പണം ആക്കണം. അത് സാധിച്ചു.


ഇസ്മയിൽ കല്ലിയത്തിന്റെ പോസ്റ്റ് 
ഇവിടെ ഒരു പ്രധാന വിഷയം വന്നിട്ടില്ല. ഈ രണ്ടു മരണങ്ങളും കൊലപാതകമാണ്. പക്ഷെ ആ രീതിയിൽ ഒന്നു ചിന്തിക്കാൻ പോലും പൊലിസ് തയ്യാറായിട്ടില്ല.
വാളയാർ കേസിലെ പായലും പൂപ്പലും പിന്നെ വക്കീലും
————————————————————
രണ്ട് പെൺകുഞ്ഞുങ്ങളുടെ ദാരുണ മരണങ്ങളിലേക്കെത്തിയ വാളയാർ കേസിൽ ഈ നാട്ടിലെ പോലീസും പ്രോസിക്യൂഷനും ജുഡീഷ്യറിയും പിന്നെ സർക്കാരും കൂടി ആ കുഞ്ഞുങ്ങളോടും കുടംബത്തോടും എന്താണ് ചെയ്തത് എന്നതിനെക്കുറിച്ചും ഈ ഭീകരവീഴ്ച്ചകളെ രാഷ്ട്രീയമായി വെളുപ്പിക്കാൻ ഇലക്ഷൻ പകൽ പുലരാൻ നേരം ഹരീഷ് വാസുദേവൻ നടത്തിയ ചാത്തനേറിൽ പുകച്ച് മറക്കാൻ ശ്രമിച്ച വസ്തുതകളെക്കുറിച്ചുമുള്ള ഒരന്വേഷണമാണിത്.
( #Alert: അത്യാവശ്യം ദീർഘമായ പോസ്റ്റാണ്. ഡിസ്റ്റർബിംഗ് ആയിട്ടുള്ള വിവരണങ്ങൾ ഉണ്ടായേക്കാം. ക്ഷമിക്കുക, ഇനിയും ഈ വിഷയത്തെ വെളുപ്പിച്ചെടുക്കാൻ പാർട്ടി/കുലജാതി കോടാലിക്കൈകൾ നീളാതിരിക്കാൻ വേറെ മാർഗമില്ലാത്തത് കൊണ്ട് മാത്രമാണ് ഒട്ടും കൺഫർട്ടബൾ അല്ലാതിരുന്നിട്ടും ഇത്രയും വിശദമായി ഈ വിഷയമെഴുതുന്നത്. )
#I) കേസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട മുന്നറിവുകൾ
———————————————–
a) 2017 ജനുവരി 13-ന് ഉച്ചതിരിഞ്ഞ് പതിമൂന്ന് വയസ്സുകാരി മൂത്ത പെൺകുട്ടി അവരുടെ കുടുംബം താമസിക്കുന്ന ഒറ്റമുറി ഷെഡിനകത്ത് തൂങ്ങി മരിച്ചതായി കാണപ്പെടുന്നു. കുട്ടിയുടെ അമ്മയുടെ അനന്തരവൻ ഉണ്ണികൃഷ്ണൻ അന്ന് വൈകിട്ട് തന്നെ പോലീസിൽ പരാതി നൽകുന്നു. വാളയാർ പോലീസ് Cr.P.C സെക്ഷൻ 174 പ്രകാരം അസാധാരണ മരണത്തിന് 43/2017 ക്രൈം നമ്പറിൽ കേസ് രെജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം എഫ് ഐ ആറിട്ട് ബോഡി പോസ്റ്റ്മോർട്ടത്തിനയക്കുന്നു. അടുത്ത ദിവസം പാലക്കാട് ജില്ലാശുപത്രിയിലെ ഫോറൻസിക് അസിസ്റ്റന്റ് സർജൻ ഡോ. പ്രിയത കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകുന്നു. തൂങ്ങിമരണം സാധൂകരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ കുട്ടിയുടെ പിൻഭാഗത്ത് നിരന്തരമായ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ സാധ്യത കാണിക്കുന്ന തരത്തിൽ പരിക്കുകളും മുറിവും പഴുപ്പുമുള്ളതായി കൃത്യമായി രേഖപ്പെടുത്തുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പകർപ്പിനായുള്ള കുടുംബത്തിന്റെ ആവശ്യമൊന്നും ചെവിക്കൊള്ളാതെ വാളയാർ എസ്. ഐ പി സി ചാക്കോ ആ റിപ്പോർട്ടും കയ്യിൽ വെച്ച് ബലാൽസംഗത്തിനും കുഞ്ഞിനെ പീഡിപ്പിച്ചതിനുള്ള പോക്സോ വകുപ്പുകളൊന്നും ചുമത്താതെ ചുമ്മാ രണ്ട് മാസം നടക്കുന്നു.
b) ആദ്യ കുട്ടി മരിച്ച് രണ്ട് മാസമാകാറാകുമ്പോൾ 2017 മാർച്ച് നാലിന് ആ കുട്ടിയുടെ ഒമ്പത് വയസ്സുള്ള അനിയത്തി (രണ്ടാനച്ഛനിൽ ഉണ്ടായ uterine sister) ഷെഡിലെ കഴുക്കോലിൽ തൂങ്ങിയതായി വൈകുന്നേരം വീട്ടുകാർ കാണുന്നു. വാളയാർ പോലീസ് 240/2017 ക്രൈം നമ്പറിൽ crpc 174 വകുപ്പ് വെച്ച് അടുത്ത കേസ് രെജിസ്റ്റർ ചെയ്ത് എഫ് ഐ ആറിടുന്നു. ബോഡി അടുത്ത ദിവസം പാലക്കാട് ജില്ലാശുപത്രിയിലെ പോലീസ് സർജൻ ഡോ. പി ബി ഗുജ്റാൾ പോസ്റ്റ്മോർട്ടം ചെയ്ത് റിപ്പോർട്ട് നൽകുന്നു. തൂങ്ങിമരണം എന്ന പോലീസ് ഭാഷ്യം കുട്ടിയുടെ പ്രായവും ഉയരവും തൂങ്ങി നിന്ന സീനിലെ അളവുകളുമായി ഒത്തു നോക്കി സാധുവാണോ എന്ന് പരിശോധിച്ചുറപ്പ് വരുത്തണമെന്ന് ഡോ. ഗുജ്റാൾ റിപ്പോർട്ടിൽ എഴുതുന്നു. ഒപ്പം കുട്ടിയെ മുമ്പ് നിരന്തര പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് തെളിവായി പിൻഭാഗത്ത് നീളത്തിലുള്ള ഉണങ്ങിയ പഴയ മുറിവുകളും മറ്റു ലക്ഷണങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അവിടെ പുതിയ മുറിവുകൾ ഉണ്ടായിരുന്നുമില്ല.
ഈ മരണത്തോടെ ജനം പ്രതികരിച്ചു തുടങ്ങുന്നു. കേസ് വാളയാർ എസ് ഐ പി സി ചാക്കോയെയും Dy.SP-മാരായ കാസിമിനേയും വാസുദേവനേയും സി ഐ വിപിൻദാസിനേയുമൊക്കെ വിട്ട് പാലക്കാട് നാർക്കോട്ടിക് സെൽ Dy.SP സോജനിലേക്കെത്തുന്നു. കുട്ടികളുടെ മൃതദേഹങ്ങളൊക്കെ പോലീസ് അനുമതി കൊടുത്ത് അപ്പോൾ തന്നെ ദഹിപ്പിച്ചു കളഞ്ഞിരുന്നു.
പ്രതിഷേധം കനത്തതോടെ വിവിധ IPC വകുപ്പുകളോടൊപ്പം പോക്സോയും രണ്ടെണ്ണത്തിൽ SC/ST അട്രോസിറ്റി ആക്ടും ചേർത്ത് നാല് പ്രധാന കുറ്റാരോപിതരെ പ്രതി ചേർത്ത് ക്രൈമുകൾ രെജിസ്റ്റർ ചെയ്യേണ്ടി വന്നു.
#II) കേസിലെ പ്രധാന സാക്ഷികൾ
——————————————————–
-കുഞ്ഞുങ്ങളുടെ അമ്മ
– രണ്ടാം ഭർത്താവ്. ഇയാൾക്ക് ഇവരിലുണ്ടായ മകളാണ് മരിച്ച ഇളയ കുട്ടി.
– കുട്ടിയുടെ അമ്മമ്മ
– മൂത്ത കുട്ടിയുടെ കളിക്കൂട്ടുകാരി
– കേസന്വേഷിച്ച പോലീസ് എസ് ഐ, സി ഐ, സി വൈ എസ് പി
– പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ
#III) കേസിലെ കുറ്റാരോപിതർ
————————————————-
i) മധു എന്ന വലിയ മധു ( സെഷൻസ് കേസ് നമ്പർ 396/2017 & 400/2017)
ii) ഷിബു (സെഷൻസ് കേസ് നമ്പർ 397/2017)
iii) മധു എന്ന കുട്ടി മധു (സെഷൻസ് കേസ് നമ്പർ 399/2017)
iv) പ്രദീപ് കുമാർ ( സെഷൻസ് കേസ് നമ്പർ 398/2017 & 401/2017)- ഇയാൾ പിന്നീട് അപ്പീൽ ഹൈക്കോടതിയിലെത്തിയ സമയത്ത് ആത്മഹത്യ ചെയ്തു.
#IV) ഓരോരുത്തരായി കേസ് തോൽപ്പിച്ച വഴികൾ
———————————————–
a) ഫോറൻസിക് അസി.സർജൻ:
മൂത്ത കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ചെയ്ത അസിസ്റ്റന്റ് സർജൻ കുഞ്ഞിന്റെ പിൻഭാഗത്തെ ഡയലേഷനും മുറിവുകളും കണ്ടെത്തിയ കൂട്ടത്തിൽ അവിടം പഴുപ്പുണ്ടായിരുന്നതായി പ്രത്യേകം പറയുന്നുണ്ട്. നിരന്തര പ്രകൃതി വിരുദ്ധ പീഡനത്തിന്റെ സാധ്യത ഈ ഡോക്ടർ പിന്നീട് പോലീസിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ലൈവായിരിക്കുന്ന ആനൽ കനാലിലെ മുറിവ് മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലും മൂത്ത കുട്ടി ഇത്തരം പീഡനത്തിനിരയായി എന്നതിന്റെ സാധ്യതയാകാവുന്നതാണ്. എന്നാൽ കുഞ്ഞിന്റെ മറ്റു ലൈംഗികാവയവങ്ങൾ ഹൈമനടക്കം ഇൻടാക്റ്റ് ആയിരുന്നു താനും. മൃതദേഹത്തിൽ നിന്നും രക്തവും വിസറയും യോനീസ്രവത്തിന്റെ സ്വാബും പരിശോധനകൾക്കായി സാമ്പിളെടുത്ത ഡോക്ടർ കുഞ്ഞിന്റെ ആനൽ സ്വാബ് എടുത്തില്ല എന്നത് ആശ്ചര്യകരമാണ്. മരണത്തിനടുത്ത ദിവസങ്ങളിൽ പ്രകൃതി വിരുദ്ധ പീഡനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ആനൽ സ്വാബിൽ പുരുഷന്റെ ബീജകണങ്ങളുടെ ഡെബ്രിസോ മറ്റു പുരുഷസ്രവങ്ങളോ കണ്ടെത്താനുളള സാധ്യത ഈ കേസിലെ ശാസ്ത്രീയ തെളിവുകളുടെ വിധി മറ്റൊന്നാക്കിയേനെ.
ഇളയ കുഞ്ഞിന്റെ പിൻഭാഗത്തെ മുറിവുകൾ ഉണങ്ങിയതും പഴക്കമുള്ളതുമായിട്ടു പോലും ഡോ. ഗുജ്റാൾ ഇളയ കുഞ്ഞിന്റെ ആനൽ സ്വാബ് എടുത്തിരുന്നു എന്നും ഇതിനോട് ചേർത്ത് വായിക്കണം.
b) പോലീസ്:
ഈ കേസുകളിലെ ഏറ്റവും വലിയ തോൽവിയായിരുന്നു കേരളാ പോലീസ്. മൂത്ത കുഞ്ഞിന്റെ മരണത്തിന് പിറ്റേന്ന് തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാളയാർ എസ് ഐ ചാക്കോക്ക് ലഭിച്ചിട്ടുണ്ട്. തൂങ്ങിമരണം എന്ന എഫ് ഐ ആർ ഊഹം പോസ്‌റ്റ്മോർട്ടത്തിൽ സാധൂകരിക്കുന്നുണ്ട് എന്ന് മാത്രം മനസ്സിലാക്കിയെടുത്ത അയാൾ ആ റിപ്പോർട്ടൊന്ന് നേരാംവണ്ണം മറിച്ച് നോക്കിയിട്ടില്ല എന്നതാണ് സത്യം. രണ്ട് ദിവസത്തിന് ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ തന്നെ ഇയാൾക്ക് പ്രകൃതിവിരുദ്ധ പീഡന സാധ്യതയെക്കുറിച്ച് മൊഴി നല്കുന്നുണ്ട്. എന്നിട്ട് പോലും പോക്സോ ചേർത്ത് കേസ് വിപുലീകരിക്കാനോ തുടർ അന്വേഷണത്തിനോ അടുത്ത കുഞ്ഞും മരിക്കുന്നത് വരെ രണ്ട് മാസക്കാലത്തിനിടയ്ക്ക് പോലീസ് തയ്യാറാവുകയോ വാലിഡായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല.
ഹൈക്കോടതി വിധിയിലെ വസ്തുതാ നിരീക്ഷണത്തിൽ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്, ആദ്യകുഞ്ഞിന്റെ മരണാനന്തരം എഫ് ഐ ആറിടുകയും പോസ്റ്റ് മോർട്ടത്തിന് ബോഡി അയക്കുകയും ചെയ്തു എന്നല്ലാതെ ഒരു ചുക്കും രണ്ട് മാസക്കാലം എസ് ഐ യും സംഘവും ചെയ്തില്ല എന്നാണ് . പിന്നീട് രണ്ടാമത്തെ കുഞ്ഞും മരിച്ച് ജനമിളകിയതിന് ശേഷമാണ് മറ്റ് IPC വകുപ്പുകളും പോക്സോയും ചേർക്കാൻ പോലീസ് തയ്യാറായത്. (Highcourt appeal judgement CRL.A.No.1357/2019, Para 16) .
രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തോടെ പ്രതിഷേധം കനത്ത സമയം DySP സോജൻ കേസ് ഏറ്റെടുക്കുമ്പോൾ തന്നെ ശാസ്ത്രീയമായ ഒരു വാലിഡ് തെളിവും ലഭിച്ചിട്ടില്ലെങ്കിലും കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാതെ ദഹിപ്പിക്കാൻ കൊടുത്തു. അതോടെ മൃതദേഹത്തിലെ പുന:പരിശോധനക്കുളള സാധ്യത പോലീസ് എന്നെന്നേക്കുമായി അടച്ചു.
പോലീസിനെ കണക്കിന് ‘ശ്ലാഘിച്ചു’ കൊണ്ടുള്ള ചില ഹൈക്കോടതി നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു :
“വാളയാർ എസ് ഐ സമയത്തിന് ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുഞ്ഞിന്റെ മരണം ഒഴിവാക്കാമായിരുന്നു. അയാളുടെ അന്തമില്ലായ്മ അങ്ങേയറ്റം നിരാശാജനകമായിരുന്നു. സത്യസന്ധനും കർത്തവ്യബോധവുമുളള ഒരു ഉദ്യോഗസ്ഥനായിരുന്നെങ്കിൽ കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചതിന് പിന്നിൽ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകാമെന്ന ചിന്ത ഉദിക്കുമായിരുന്നു. ഇയാൾക്കതുമുണ്ടായില്ല. ക്രോസ് വിസ്താരത്തിൽ എസ് ഐ പറഞ്ഞത് ലൈംഗികാതിക്രമത്തെക്കുറിച്ച് തനിക്കൊരു ക്ലൂവും കിട്ടിയില്ല എന്നാണ്”. (Para 41,62).
“എസ് ഐയിൽ നിന്നും ആദ്യത്തെ മരണ കേസ് അന്വേഷണം ഏറ്റെടുത്ത ഹേമാംബിക നഗർ സി ഐ മൂത്ത കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്തതായി സത്യവാങ്മൂലം കൊടുക്കുന്നുണ്ട്. എന്നാൽ ഡോക്ടറിൽ നിന്നും കേസിനുതകുന്ന മറ്റൊരു വിവരവും അയാൾ ഔദ്യോഗികമായി ശേഖരിച്ചിരുന്നില്ല”. (Para 42).
“ക്രോസ് വിസ്താരത്തിൽ മൈനറായ കുഞ്ഞിനോട് ലൈംഗികാതിക്രമം കാണിച്ചത് മറച്ച് വെച്ച പ്രതിക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് സോജൻ സമ്മതിച്ചു. യാതൊരുവിധ ശാസ്ത്രീയ തെളിവുകയും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും സോജന്റെ സാക്ഷ്യത്തിലുണ്ടായിരുന്നു”. (Para 44).
“എസ്ഐ ചാക്കോയും സി ഐ യും ഡി വൈ എസ് പി സോജനും അന്വേഷണം നടത്തിയിട്ടും ഒരുത്തനും പോസ്റ്റ്മോർട്ടം റിപ്പോർട്ടല്ലാതെ ഒരൊറ്റ ശാസ്ത്രീയ തെളിവുകൾ പോലും കണ്ടെടുക്കാൻ കഴിഞ്ഞില്ല”. (Para 63).
“Dy.SP സോജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ ടീമിനും ഒരൊറ്റ ശരിയായ ശാസ്ത്രീയ തെളിവും കണ്ടെത്തി കോടതിയിൽ സമർപ്പിക്കാൻ സാധിച്ചില്ല”. (Para 103).
ജനം തെരുവിലിറങ്ങി സംഗതി സീനാകാൻ തുടങ്ങിയതോടെ ഉണങ്ങിയ വാഴനാരിൽ ഇടഞ്ഞ കൊമ്പനെ കെട്ടി സോജൻ നടത്തിയ ശിക്കാരിശംഭു അഭ്യാസം വെറും പട്ടി ഷോ ആയിരുന്നു എന്ന് സാരം.
c) പ്രോസിക്യൂഷൻ:
ഈ കേസിലെ നാഷനൽ തോൽവിയായിരുന്നു പോലീസെങ്കിൽ ഇൻറർനാഷനൽ തോൽവികളായിരുന്നു പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ (സ്പെഷ്യൽ പോക്സോ കോർട്ട്) ഇരകൾക്ക് വേണ്ടി ഹാജരായ സർക്കാർ നിയോഗിച്ച രണ്ട് പ്രോസിക്യൂട്ടർമാർ. അവരെ ഹൈക്കോടതി ലിട്ടറലി തന്തക്ക് വിളിച്ചില്ല എന്ന് മാത്രമേയുള്ളൂ.
ആട് അങ്ങാടിയിൽ ചെന്നുപെട്ട പോലെയായിരുന്നു കോടതിയിൽ അവരുടെ നിലവാരം .
ഹൈക്കോടതി സർക്കാർ പ്രോസിക്യൂട്ടർമാരെ ഭള്ള് വിളിക്കുന്ന ചില സാമ്പിളുകൾ താഴെ:
“വാദിഭാഗം സാക്ഷികളുടെ സത്യവാങ്മൂലങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. അങ്ങേയറ്റം അശ്രദ്ധമായി, ഒരു രേഖയും നോക്കാതെയാണ് പ്രോസിക്യൂട്ടർ വിചാരണ നയിച്ചത്. ഒരു സാക്ഷിയെ വിസ്തരിക്കുന്നത് എന്തിനാണെന്നോ എന്ത് വസ്തുതയാണ് ഓരോ സാക്ഷിയിൽ നിന്നും തെളിയിച്ചെടുക്കേണ്ടതെന്നോ യാതൊരു ധാരണയും പ്രോസിക്യൂട്ടർക്കുണ്ടായിരുന്നില്ല”.
“കേസ് ഡയറിയിലെ മൊഴികൾ പ്രകാരം രണ്ടാം പ്രോസിക്യൂഷൻ സാക്ഷിയുടെ വിസ്താരത്തിലൂടെ പ്രോസിക്യൂട്ടർ തെളിയിക്കേണ്ടിയിരുന്നത് മൂത്ത കുട്ടി തൂങ്ങി മരിച്ചതാണെന്നും പ്രതികളിലൊരാൾ രക്ഷിതാക്കളില്ലാത്ത സമയങ്ങളിൽ ഇരയെ ഷെഡിൽ കാണാൻ വരാറുണ്ടായിരുന്നു എന്നുമുള്ള വസ്തുതകളായിരുന്നു. എന്നാൽ മുഖ്യ വിചാരണയിൽ അയാൾ അത്തരമൊരു സുപ്രധാന കാര്യം പറഞ്ഞതേയില്ല. അയാളെ പുനർ വിസ്താരത്തിന് അനുമതി വാങ്ങിയ പ്രോസിക്യൂട്ടർ അയാളിലെ മൊഴികളിലെ വൈരുദ്ധ്യങ്ങളെ പുറത്ത് ചാടിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല”.
“കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് പ്രകാരം ഏഴാം നമ്പർ ചാർജ്ജ് വിറ്റ്നസ് ആയ രാധാകൃഷ്ണന്റെ വിസ്താരത്തിൽ തെളിയേണ്ടത് മൂത്ത കുട്ടി മരിക്കുന്നതിന് തൊട്ട്മുമ്പ് പ്രതികളിലൊരാൾ ആ ഷെഡിനകത്ത് വന്നതായി കണ്ടു എന്ന് ഇളയ കുട്ടിയും മറ്റൊരു സാക്ഷിയും അയൽവാസിയായ രാധാകൃഷണനോട് വെളിപ്പെടുത്തി എന്ന സുപ്രധാന കാര്യമായിരുന്നു. എന്നാൽ ഒരു കാരണവും കാണിക്കാതെ ഈ പ്രധാന സാക്ഷിയെ വിചാരണയിൽ നിന്നും പ്രോസിക്യൂട്ടർ ഒഴിവാക്കുകയായിരുന്നു”. (Para 22).
“നാലാം പ്രോസിക്യൂഷൻ സാക്ഷിയിൽ നിന്നും വിസ്താരത്തിലൂടെ തെളിയിക്കാനുണ്ടായിരുന്നത് ഒരു പ്രതി മൂത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത് കണ്ടുവെന്നതും മറ്റൊരു സാക്ഷി പ്രതിയുടെ ഇതേ ഹീന പ്രവർത്തി കണ്ടിട്ടുളളത് തന്നോട് പറഞ്ഞുവെന്നതും ആയ വളരെ സുപ്രധാന വസ്തുതകളായിരുന്നു. വളരെ വേദനാജനകമായ കാര്യമെന്തെന്നാൽ ഈ രണ്ട് സുപ്രധാന വിവരങ്ങളും അയാളെക്കൊണ്ട് വിചാരണയിൽ പറയിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇയാൾ കൂറുമാറിയതായി പ്രഖ്യാപിച്ചതിന് ശേഷം ക്രോസ് വിസ്താരത്തിന് അനുമതി വാങ്ങിയ പ്രോസിക്യൂട്ടർ ഈ സുപ്രധാന സാക്ഷിയോട് ആകെ ചോദിച്ചത് ഒരു ചോദ്യമാണ്: അതും അപ്രസക്തമായ ഒന്ന്. ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ ഈ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയുടെ മൊഴിയായി രേഖപ്പെടുത്തിയത് ആകെ ഒരൊറ്റ പുറം പേജാണ് ! ” ( Para 23 ) .
“പ്രോസിക്യൂഷനോട് കോടതിയിൽ വിസ്താര സമയത്ത് നിസഹകരിച്ച സാക്ഷികളെ പിന്നീട് ക്രോസ് വിസ്താരത്തിന് അനുമതി തേടിയ പ്രോസിക്യൂട്ടർ എന്നാൽ തെളിവ് നിയമത്തിലെ 154 സെക്ഷൻ പ്രകാരം കേസ് ഡയറിയിലെ സാക്ഷിമൊഴികൾ അവർക്ക് മുന്നിൽ കൊണ്ട് വന്ന് മൊഴികളിലെ വൈരുദ്ധ്യങ്ങളെ പൊളിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തിയില്ല. ഇത് പ്രോസിക്യൂഷൻ നടപടിക്രമങ്ങളിലെ വലിയൊരു വീഴ്ച്ചയാണ് “.
“എട്ടാം നമ്പർ പ്രോസിക്യൂഷൻ സാക്ഷി, മൂത്ത കുട്ടിയുടെ കുട്ടിക്കാല സുഹൃത്തായ തൃശൂരിൽ ജോലി ചെയ്യുന്ന പെൺകുട്ടി, ഇരയുടെ മരണത്തിന് ഒരു മാസം മുമ്പ് നാട്ടിൽ വന്ന സമയത്ത് തന്നോട് രഹസ്യമായി പിൻഭാഗത്തെ മുറിവിനെക്കുറിച്ച് പറയുകയും വല്ല മരുന്നും സംഘടിപ്പിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തതായി മൊഴി നൽകിയിരുന്നു. കൂടുതൽ ചോദിച്ചപ്പോൾ പ്രതി തന്നെ വേദനിപ്പിക്കുന്ന തരത്തിൽ പീഡിപ്പിക്കുന്ന കാര്യം രഹസ്യം സൂക്ഷിക്കണമെന്ന വാക്കിന് പുറത്ത് വെളിപ്പെടുത്തി. ഈ സാക്ഷി പ്രതിയെ വിചാരണക്കൂട്ടിൽ വെച്ച് തിരിച്ചറിയുകയും ചെയ്തിരുന്നു. മറ്റൊരു പ്രതിയും തന്നോട് മോശമായി പെരുമാറിയ കാര്യവും മൂത്ത കുട്ടി ഇവളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അമ്മയോട് പറയാൻ മടിച്ചിരുന്നതായും വെളിപ്പെടുത്തി. ക്രോസ് വിസ്താരങ്ങളിലും അവളുടെ മൊഴിയിലെ വിശ്വാസ്യത ഖണ്ഡിക്കാനായിട്ടില്ല”. (Para 28, 50).
“ഒമ്പതാം സാക്ഷി ഒരു കുട്ടിയായിരുന്നു. മൂത്ത കുട്ടിയുടെ മരണത്തിന് തൊട്ട് മുമ്പ് പ്രതിയെ അവളുടെ വീട്ടിൽ കണ്ടു എന്നതായിരുന്നു അവന്റെ മൊഴി. പ്രോസിക്യൂഷനോട് നിസ്സഹകരിച്ചതിനാൽ നടത്തിയ ക്രോസ് വിസ്താരത്തിൽ പ്രോസിക്യൂഷനെ ബലപ്പെടുത്തുന്ന കേസ് ഡയറിയിലെ അവന്റെ ഒരൊറ്റ മൊഴികളും അവനോട് നേരാംവണ്ണം ക്രോസ് ചെയ്ത് ചോദിക്കുകയുണ്ടായില്ല.
ഇതേ തരത്തിലുളള മൊഴി കൊടുത്ത പത്താം നമ്പർ സാക്ഷിയോടും പ്രോസിക്യൂഷന്റെ സമീപനം ഇത് പോലെ തന്നെ അങ്ങേയറ്റം അയഞ്ഞതായിരുന്നു”. (Para 29,30).
“പതിനെട്ടാം സാക്ഷി മൂത്ത കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും പ്രകൃതി വിരുദ്ധ പീഡനത്തിന്റെ സാധ്യതാ വിവരങ്ങളുണ്ടായിട്ടും അതിനെ ദൃഢപ്പെടുത്തുന്ന തരത്തിലുളള ചോദ്യങ്ങളൊന്നും പ്രോസിക്യൂഷൻ ഡോക്ടറോട് മുഖ്യ വിസ്താര സമയത്ത് ഉയർത്തിയില്ല എന്നത് നിരാശാജനകമാണ്” (Para 33).
“തെളിവ് പട്ടികയിൽ ലിസ്റ്റ് ചെയ്യപ്പെട്ട പല സാക്ഷികളെയും വിസ്തരിക്കാതെ പ്രോസിക്യൂട്ടർ ഒഴിവാക്കിയതിന് യാതൊരു കാരണവും കാണിച്ചിട്ടില്ല. പ്രോസിക്യൂഷനെ ആത്മാർത്ഥമായും സഹായിക്കാനായി മനസ്സു കാണിച്ച സാക്ഷികൾക്കും അതിനുള്ള മതിയായ അവസരങ്ങൾ വിചാരണ വേളയിൽ പ്രോസിക്യൂട്ടർ നല്കിയില്ല. അതിനേക്കാൾ പ്രധാനമായി, കുറുമാറിയ സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന തരത്തിൽ തെളിവു നിയമത്തിലെ വ്യവസ്ഥകളും നടപടി ക്രമങ്ങളും ഒന്നും തന്നെ പ്രോസിക്യൂട്ടർ പാലിക്കാൻ തയ്യാറായില്ല”. (Para 45).
ഇനിയാണ് ഈ കേസിലെ ഇരകളെയും രക്ഷിതാക്കളെയും നിയമപരമായും നീതിപരമായും ന്യായപരമായും കൂടെ നിന്ന് സഹായിക്കേണ്ട സർക്കാർ വിലാസം പ്രോസിക്യൂഷന്റെ അതി ഭീകരമായ തോന്നിവാസങ്ങൾ കാണേണ്ടത്.
ഹൈക്കോടതി തന്നെ പറയുന്നത് കാണൂ:
“Cr.PC സെക്ഷൻ 164 പ്രകാരം മജ്സ്ടേറ്റിന് മുന്നിൽ മൊഴി കൊടുത്ത ഈ കേസുകളിലെ പരാതിക്കാരും ഏറ്റവും പ്രധാനപ്പെട്ട സാക്ഷികളുമായ കുട്ടിയുടെ അമ്മയുൾപ്പെടെയുള്ളവരുടെ മൊഴികളൊന്നും തന്നെ വിചാരണക്കോടതിയിൽ ഒരിക്കൽ പോലും പരിഗണനയിൽ വന്നില്ല. സാക്ഷിവിസ്താരങ്ങളുടെ സമയത്ത് ഒരു ചോദ്യം പോലും ഈ മുഖ്യ സാക്ഷികളോട് പ്രോസിക്യൂഷൻ ചോദിച്ചില്ല എന്നത് എത്രമാത്രം ജുഗുപ്സാവഹമാണ്!. അവർ അവരുടെ നേരത്തെ നൽകിയ 164 പ്രകാരമുള്ള മൊഴികളുമായി ചേർന്ന് നിൽക്കുന്നുണ്ടോ എന്ന് പറയാൻ പോലും വിചാരണയിൽ അവസരമുണ്ടായില്ല. സത്യത്തിൽ ഒരൊറ്റ സാക്ഷിമൊഴി പോലും ഇവരുടേതായി കോടതിക്കകത്ത് വിചാരണയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒപ്പം 164 മൊഴിയെടുത്ത മജിസ്ട്രേറ്റിനെയും വിസ്തരിച്ചിട്ടില്ല. പ്രോസിക്യൂഷന്റെ നിരവധി ചെയ്തികളിലെ ഏറ്റവും കുടിലത നിറഞ്ഞ ഒന്ന് ഈ കാര്യത്തിലായിരുന്നു. പ്രോസിക്യൂഷന്റെ കാപട്യം നിറഞ്ഞതും പാതിമനസ്സോടെയുമുള്ള ഈ നിലപാടിന് യാതൊരു നീതീകരണവും സാധ്യമല്ല”.(Para:46)
“കേസിലെ ഒരു സാക്ഷി കുട്ടിയുടെ അമ്മ വഴിയിലുള്ള അമ്മായിയാണ്. കേസ് ഡയറിയിലുള്ള ഇവരുടെ ആദ്യ മൊഴിയിൽ ഒരു പ്രതി മൂത്ത കുട്ടിയെ അടുത്തുള്ള ഒരു പുല്ലുമേഞ്ഞ ഷെഡിലേക്ക് കൊണ്ട് പോകുന്നത് കണ്ടുവെന്നും കുറച്ച് സമയത്തിന് ശേഷം കുട്ടി ആത്മഹത്യ ചെയ്തുവെന്നും ആണുള്ളത്. എന്നാൽ വിചാരണ സമയത്തിവർ കൂറ് മാറി. അവർ അത്തരത്തിലൊരു മൊഴി പോലീസിന് നൽകിയിട്ടേയില്ലായെന്ന് കോടതിയിൽ പറഞ്ഞു. എന്നാൽ ക്രോസ് വിസ്താരത്തിൽ അവരുടെ മുൻ മൊഴികൾ വെച്ചുള്ള കാര്യമായൊരു കൗണ്ടർ വിസ്താരവും പ്രോസിക്യൂട്ടർ നടത്തിയില്ല”.(Para 66).
മുതിർന്നവരില്ലാത്തപ്പോൾ വീട്ടിനകത്തേക്ക് കുട്ടിയുമായി കയറിപ്പോകുന്നതും കുട്ടികളോട് അനാവശ്യമായ സ്വാതന്ത്രമെടുക്കുന്നതുമൊക്കെയായ പ്രതികളുടെ സംശയാസ്പദ സ്വാഭാവങ്ങളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാൻ പൊട്ടൻഷ്യൽ ഉള്ള ഒട്ടേറെ ചാർജ്ജ് വിറ്റ്നസ്സുകളെ പ്രോസിക്യൂട്ടർ ഒട്ടും പരിഗണനക്കെടുക്കാതെ വിചാരണ സമയത്ത് യുക്തിരഹിതമായി ഒഴിവാക്കിയതായി കാണുന്നു”. (Para 70).
c) ജഡ്ജ്
പ്രതികളെയെല്ലാം വെറുതെ വിട്ട സ്പെഷ്യൽ പോക്സോ സെഷൻസ് കോടതി ജഡ്ജിന്റെ അനാസ്ഥകളെക്കുറിച്ച് ഹൈക്കോടതി വിധിയിലെ പ്രോസിക്യൂഷൻ നിരീക്ഷണങ്ങൾ നോക്കൂ:
“വിധിയിലേക്കെത്താനായി സെഷൻസ് ജഡ്ജ് പതിനൊന്ന് കാര്യങ്ങളാണ് പരിഗണിച്ചത്. വ്യത്യസ്ഥ വശങ്ങളിലൂടെ പരിശോധിക്കേണ്ട ഒന്ന് മുതൽ ഒമ്പത് വരേയുള്ള പരസ്പരം വ്യതിരക്തമായ പോയിന്റുകളെ ഒറ്റ ബ്ലോക്കായി പരിഗണിച്ച് പരിശോധിക്കാൻ നിന്നതോടെ കേസിന്റെ പ്രധാനപ്പെട്ട ചില വശങ്ങൾ ജഡ്ജിയുടെ കാഴ്ച്ചവട്ടത്തിൽ നിന്നും നഷ്ടമായി. പല ജനുസ്സിലുള്ള ചോദ്യങ്ങൾ കലർത്തി പരിഗണിച്ചതോടെ കടുത്ത കൺഫ്യൂഷനോടൊപ്പം പ്രധാന സംഗതികൾ വിട്ട് പോകാനുമിടയാക്കി. ഏറ്റവും പ്രധാന പ്രോസിക്യൂഷൻ സാക്ഷികളും കേസിലെ പരാതിക്കാരുമായ മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നൽകിയ 164 പ്രകാരമുൾപ്പെടെയുള്ള സുപ്രധാന മൊഴികൾ കുറ്റാരോപിതരുടെ ക്രൈം തെളിയിക്കാൻ മാത്രം പ്രാപ്തിയുള്ളതായിരുന്നു. പ്രോസിക്യൂഷൻ അന്യായമായി പരിഗണിക്കാതെ വിട്ട ഈ മൊഴികൾക്ക് സെഷൻസ് ജഡ്ജും പരിഗണന നല്കാതെ വിട്ടു. അമ്മയും അച്ഛനും മൂത്ത കുട്ടിയുടെ മരണത്തിനടുത്ത ദിവസങ്ങളിൽ എസ് ഐ -യാൽ ചോദ്യം ചെയ്യപ്പെടുകയും അന്ന് നല്കിയ പ്രാഥമിക മൊഴികളിൽ തന്നെ ലൈഗികാതിക്രമം ഉണ്ടായിരിക്കാനുള്ള മതിയായ സൂചനകളും ഉണ്ടായിരുന്നു. എന്നിട്ടും എസ് ഐ പോക്സോ അടക്കമുള്ള വകുപ്പുകൾ കുട്ടിച്ചേർക്കാനോ അത്തരത്തിലുള്ള ഒരന്വേഷണം നടത്താനോ മുതിർന്നില്ല. ആദ്യ കുട്ടി മരിച്ച പിറ്റേ ദിവസം തന്നെ ലൈംഗികാതിക്രമം സൂചിപ്പിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടും പോലീസ് ആ വഴിക്ക് നീങ്ങിയില്ല. ഈ ഗൗരവകരമായ ലാപ്സുകളൊന്നും ജഡ്ജ് കാര്യമായി പരിഗണനക്കെടുത്തില്ല”. (Para 72)
“ട്രയൽ കോടതി ജഡ്ജ്മെന്റിലെ Para 49 ൽ മാതാപിതാക്കളുടെ സാക്ഷ്യങ്ങളെ അവിശ്വസിക്കാൻ ജഡ്ജ് കണ്ടെത്തിയ ന്യായം മക്കളുടെ നന്മയാഗ്രഹിക്കുന്ന രക്ഷിതാക്കളായിരുന്നെങ്കിൽ കുട്ടിയുടെ മരണശേഷമെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നിലപാടെടുത്തേനെയെന്നതാണ്. രണ്ട് മാസത്തിന് ശേഷമാണ് അവർ പ്രതികൾ ലൈംഗികാതിക്രമം നടത്തിയിരിക്കാമെന്നതിനെക്കുറിച്ച് വെളിപ്പെടുത്താൻ തയ്യാറായതെന്നും ഇത് പിന്നീടുള്ള ആലോചിച്ചുറപ്പിക്കലിന്റെ ഭാഗമാകാമെന്നും ജഡ്ജ് ഊഹിക്കുകയായിരുന്നു. പെൺകുട്ടികൾക്കുണ്ടായേക്കാവുന്ന മാനഹാനിയോർത്താണ് ആദ്യം ആരോടും പറയാതിരുന്നതെന്ന അവരുടെ വിശദീകരണം ട്രയൽ ജഡ്ജ് മുഖവിലക്കെടുത്തില്ല. ജഡ്ജ് മനസ്സിലാക്കേണ്ട കാര്യം ഇരകളുടെ കുടുംബം വരുന്നത് സാമൂഹ്യമായും സാമ്പത്തികമായും അങ്ങേയറ്റം പിന്നോക്കം നിൽക്കുന്ന ഒരു ചുറ്റുപാടിൽ നിന്നാണെന്നും അവരെങ്ങിനെ അവരുടെ ജീവിതത്തെ നോക്കിക്കാണുന്നു എന്നതു കൂടി പ്രധാനപ്പെട്ടതാണ് എന്ന കാര്യങ്ങളാണ്”. ( Para 73).
“മൂത്ത കുട്ടിയുടെ കളിക്കൂട്ടുകാരിയോട് മരിക്കുന്നതിന്റെ ഒരു മാസം മുന്നെ അവൾ നടത്തിയ രഹസ്യവെളിപ്പെടുത്തലുകളെ മരണമൊഴിയുടെ സാധുതയിൽ കൊണ്ടുവരുന്ന കാര്യത്തിൽ നിയമം കോടതി തെറ്റായി മനസ്സിലാക്കുകയും തെറ്റായി നടപ്പിലാക്കപ്പെടുകയും ചെയ്തു. അപ്രസക്തമായ കാര്യങ്ങളിലെ കൂടുതൽ ഊന്നലും പ്രസക്തമായ വിഷയങ്ങളെ പരിഗണിക്കാതെ വിട്ടതും ആണ് തെറ്റായ വിധിന്യായത്തിലേക്കെത്തിച്ചത് എന്നതാണ് ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ നിലപാട്”.( Para 74)
“പ്രതികളിലൊരാൾ കുട്ടിയുടെ രണ്ടാനച്ഛനോട് താൻ മോളോട് മോശമായി പെരുമാറിയെന്ന തെറ്റ് ഏറ്റ് പറഞ്ഞതായിട്ടുള്ള അയാളുടെ മൊഴിയുടെ പ്രോസിക്യൂഷൻ അനുകൂല സാധ്യതകൾ പരിഗണിക്കുന്നതിലും അമാന്തം വരുത്തി. ഈ എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതം അവിശ്വസിക്കാൻ ജഡ്ജി ഉന്നയിച്ച കാരണം എന്ത് തരം മോശം പെരുമാറ്റമാണെന്ന് നടത്തിയതെന്ന് മൊഴിയിൽ വിശദമാക്കിയിട്ടില്ല എന്നതാണ്. ഈയൊരു കുറ്റസമ്മതകാര്യം സെക്ഷൻ 161 പ്രകാരം നേരത്തെ പോലീസെടുത്ത അച്ഛന്റെ മൊഴിയിൽ ഉണ്ടായിരുന്നില്ല എന്ന ജഡ്ജിയുടെ വാദം വസ്തുതാപരമായി തെറ്റാണ്. കാരണം 161 പ്രകാരം പോലീസെടുത്ത സാക്ഷിമൊഴി കോടതിക്ക് നേരിട്ട് നോക്കാൻ നിയമപരമായി കഴിയാത്തതാണ്. ഇനി അത്തരമൊരു മൊഴി 161 പ്രകാരം കൊടുത്തിരുന്നോ ഇല്ലയോ എന്നത് കോടതിക്കറിയാൻ ക്രോസ് വിസ്താര സമയത്ത് പ്രോസിക്യൂഷൻ അച്ഛനോടോ മൊഴിയെടുത്ത എസ് ഐ യോടോ ചോദിക്കണമായിരുന്നു. പക്ഷെ അങ്ങനെയൊരു ചോദ്യം കോടതിയിൽ വിചാരണക്കിടയിൽ ഉണ്ടായിട്ടില്ല. അതിനാൽ ജഡ്ജിയ്ക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന കാര്യം വ്യക്തമല്ല. ആയതിനാൽ തെളിവിന്റെ തെറ്റായ വിലയിരുത്തലുകളും നിയമതത്വത്തിന്റെ തെറ്റായ പ്രയോഗങ്ങളും സ്വാഭാവികമായും തെറ്റായ ജഡ്ജ്മെന്റിലേക്ക് നയിച്ചു”. (Para 76).
“പ്രതികൾ കുറ്റവിമുക്തരായി പുറത്ത് വന്നത് ഒരു മുഴുനീള കളിപ്പീര് ട്രയലിന്റെ ബാക്കിപത്രമായാണ്”. (Para 77).
“കുറ്റാന്വേഷണ സമയത്ത് ഭൗതിക തെളിവുകളൊന്നും ശരിയായ നിലയിൽ ശേഖരിക്കുകയോ കിട്ടിയവ തന്നെ നിയമപരമായി സ്വീകാര്യമായ രീതിയിൽ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിരുന്നില്ല. 164 പ്രകാരമുള്ള ഏറ്റവും പ്രധാനമായ സാക്ഷിമൊഴികളെ പരിഗണനക്കെടുക്കാതിരുന്നതിനോടൊപ്പം മൊഴിമാറ്റിയ സാക്ഷികളെ മുൻമൊഴികളെടുത്ത് വിചാരണ വേളയിൽ കൈകാര്യം ചെയ്യാതിരുന്നത് കൂടി ചേർന്നതോടെ നീതി നടപ്പിലാകാതെ പോയി”.(Para 78).
നിയമപരമായ ഭീമാബദ്ധങ്ങൾ
—————————————————–
i) കൂറുമാറിയ സാക്ഷികളുടെ വിചാരണാമൊഴികളിലെ വൈരുദ്ധ്യങ്ങളെ പുറത്തെത്തിക്കാൻ മുൻ മൊഴികളെ അടിസ്ഥാനപ്പെടുത്തി നടത്തേണ്ട ക്രോസ് വിസ്താരങ്ങൾ പ്രോസിക്യൂഷൻ നടത്തിയില്ല. (Part-2 Section 145 of Evidence Act- Law of proof of contradictions- Basic rules w.r.to marking of contradictions)
ii) കഴിവ് കെട്ട പ്രോസിക്യൂഷന്റെ മുന്നിൽ തന്റെ നിയമപരമായ വിശേഷാധികാരങ്ങൾ ഉപയോഗിക്കാതെ ജഡ്ജി കേവലം ഒരു വിചാരണാ കാഴ്ച്ചക്കാരനായി നിന്നു. (Section 165 of Evidence Act- Judge’s power to questions or order production).
iii) നിയമപരമായി വാലിഡ് ആയ ഒരു ട്രയൽ ഈ കേസുകളിൽ നടന്നിട്ടില്ല.
iv) നിയമപരമായി സ്വീകാര്യമായ രീതിയിൽ തെളിവുകൾ കോടതിക്ക് നൽകാൻ അന്വേഷണോദ്യോഗസ്ഥർക്ക് സാധിച്ചില്ല.
d) ഗവൺമെന്റ്
സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റ് അടിസ്ഥാനമായി നിയമപാലനത്തിനും കുറ്റാന്വേഷണത്തിനും Crpc 24-ാം സെക്ഷൻ നോംസ് പ്രകാരം സ്റ്റേറ്റിനെ സഹായിക്കാൻ സംസ്ഥാന ഗവൺമെന്റ് നിയമിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർമാരും ഈ കുഞ്ഞുകുട്ടികളുടെ കേസിൽ ചെയ്ത് കൂട്ടിയ കൊട്ടക്കണക്കിന് അപരാധങ്ങളുടെ സത്യകഥയാണ് മുകളിൽ വിളമ്പിയത്.
ഹൈക്കോടതി ഈ കേസിൽ സംസ്ഥാന ഗവൺമെന്റിനോട് ചില കാര്യങ്ങൾ പറയുന്നുണ്ട് :
“അന്വേഷണ ഏജൻസികളെയും പ്രോസിക്യൂട്ടർമാരെയും ഓർമ്മിപ്പിക്കാനുള്ളത് ഇത്തരത്തിലുള്ള നിങ്ങളുടെ ഭീമാപരാധങ്ങൾ നീതിന്യായ വ്യവസ്ഥയെ കോമാളിവത്ക്കരിക്കാൻ കാരണമാകും. ഒരു വെൽഫെയർ സ്റ്റേറ്റെന്ന രീതിയിൽ അതിന്റെ പ്രധാന ഉത്തരവാദിത്തമാണ് നിയമ പരിപാലനം. സംസ്ഥാന ഗവൺമെന്റിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് സത്യസന്ധവും കാര്യപ്രാപ്തിയുള്ളതും കഴിവുറ്റതുമായ അന്വേഷണ ഏജൻസികളുടെയും പ്രോസിക്യൂഷൻ ഏജൻസികളുടെയും സംസ്ഥാപനവും പരിപാലനവും. അവർ സത്യത്തോടു മാത്രം കൂറുള്ളവരായിരിക്കണം. സംസ്ഥാന സർക്കാരും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിലുള്ള ബന്ധമെന്നത് ഒരു വക്കീലും കക്ഷിയും തമ്മിലുള്ള ബന്ധമാണ്.
ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ പണി നീതിന്യായത്തിന്റെ പാലനത്തിന് വേണ്ടി നില്ക്കലാണ്. മനസ്സിലാക്കേണ്ടതായ കാര്യം ഒരു സെഷൻസ് കേസിൽ പ്രോസിക്യൂഷൻ നടപടികൾ നടപ്പിലാക്കപ്പെടുന്നത് സർക്കാർ നിയമിക്കുന്ന പബ്ലിക്ക് പ്രോസിക്യൂട്ടറിലൂടെ മാത്രമാണ്” (Para 100).
“അധികാരത്തിൽ വരുന്ന ഓരോ ഗവൺമെന്റും ഭരിക്കുന്ന പാർട്ടിയോടും സർക്കാരിനോടും ചാഞ്ഞു നിൽക്കുന്നവരെ മാത്രമാണ് പബ്ലിക് പ്രോസിക്യൂട്ടറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കുന്നത് എന്ന കാര്യം വളരെ കുപ്രസിദ്ധമായ ഒന്നാണ്. ജില്ലാ കോടതികളിൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുമ്പോൾ ജില്ലാ/സെഷൻസ് ജഡ്ജിമാരുമായി ഒന്ന് കൂടിയാലോചിക്കുന്ന അവസരം പോലുമില്ല എന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. പലപ്പോഴും മെറിറ്റോ ഇന്റഗ്രിറ്റിയോ പദവിക്ക് അനുയോജ്യമായ ആളാണോ എന്ന കാര്യങ്ങളൊന്നും ഇത്തരം നിയമനങ്ങളിൽ നോക്കുന്നില്ല. ഗവൺമെന്റ് പ്ലീഡർമാരുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെയുമെല്ലാം നിയമനങ്ങൾ സംസ്ഥാന സർക്കാരിന്റെ എന്തോ സാമൂഹ്യ സേവന സ്ക്കീം പരിപാടി പോലെ നടത്തി ഒരു കഴിവും ഇന്റഗ്രിറ്റിയും നോക്കാതെ ഭരിക്കുന്നവരോടൊട്ടി നിൽക്കുന്ന ഒരുപറ്റം വക്കീലന്മാരെ പുനരധിവസിപ്പിക്കാനുളള ഏർപ്പാടല്ല. സംസ്ഥാന ഗവൺമെന്റ് ഒരു ഭരണഘടനാ സ്ഥാപനമാണ്. ഇവരെ നിയമിക്കുന്നത് നിയമവും നീതിയും നിലനിർത്തുക എന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനുമാണ്”. (Para 101).
“ഇത് പോലെത്തന്നെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ കാര്യവും. ഒരു കുറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്ന വസ്തുതകളുടെ ഏതറ്റം വരെ പോകാനുള്ള വിശ്വസ്തതയും ആത്മാർത്ഥതയും കഠിനപ്രയത്നവും ഉള്ളവരായിരിക്കണം അവർ. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും കോടതിക്ക് മുന്നിൽ കൊണ്ട് വന്ന് കോടതിയെ നീതിപൂർവ്വമായ വിധികൾ പുറപ്പെടുവിക്കാൻ സഹായിക്കാൻ ബാധ്യസ്ഥരാണവർ”.(Para 102).
“പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള വിവരവും വിവേകവും ഉണ്ടാക്കിയെടുക്കാനുള്ള സത്വര നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു”. (Para 103).
V) ഹരീഷ് വക്കീലിന്റെ ചാത്തനേറും വസ്തുതകളും
————————————————
ഹരീഷ് വാസുദേവൻ സോജനേയും സർക്കാരിനെയും വെളുപ്പിക്കാനെഴുതിയ ആ ക്ഷുദ്രകൃതിയിലെ പ്രധാന വാദങ്ങളും അവയുടെ യഥാർത്ഥവശവും ആണ് താഴെ പരിശോധിക്കുന്നത് :
വാദം 1. “ആദ്യ കുട്ടി തൂങ്ങി മരിച്ചു , പാരന്റ്സിന് പരാതിയില്ല”!
ആദ്യ കുട്ടി തൂങ്ങി മരിച്ചതായി കണ്ടെത്തിയ അന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയുടെ അമ്മയുടെ സഹോദരമകൻ ഉണ്ണികൃഷ്ണൻ വാളയാർ സ്റ്റേഷനിൽ അറിയിച്ചിരുന്നു. ആ പരാതി പ്രകാരമാണ് കേസ് രെജിസ്റ്റർ ചെയ്ത് എഫ് ഐ ആറിട്ടത്. ഇനി ലൈംഗിക പീഡന സംബന്ധമായി ഉടനെ പരാതി നല്കിയില്ല എന്നാണെങ്കിൽ അതിനുള്ള ഉത്തരം ഹൈക്കോടതി തന്നെ നല്കിയത് ഞാൻ മുകളിൽ കൊടുത്തിട്ടുണ്ട്. ആദ്യകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക പോലീസ് ചോദ്യം ചെയ്യലുകളിൽ തന്നെ അച്ഛനും അമ്മയും കുട്ടി ലൈംഗികമായ ചൂഷണം ചെയ്യപ്പെട്ടിരിക്കാനുളള സാധ്യതയെക്കുറിച്ച് സൂചന നൽകുന്ന മൊഴി കൊടുത്തിട്ടുള്ള കാര്യം ഹൈക്കോടതി വിധിയിൽ പരാമർശിച്ചു കാണാം. മാത്രമല്ല, കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായി സൂചനയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പകർപ്പ് ആ കുടംബം എത്ര ആവശ്യപ്പെട്ടിട്ടും പോലീസ് നൽകിയില്ല. രണ്ടാമത്തെ കുട്ടി മരിക്കുമ്പോഴാണ് കുട്ടികൾ അനുഭവിച്ച ക്രൂരമായ പീഡനങ്ങളുടെ യഥാർത്ഥ ചിത്രം രക്ഷിതാക്കളറിയുന്നതും അവർ കൂടുതൽ മൊഴികളുമായി മുന്നോട്ട് വരുന്നതും.
വാദം 2: ഡി വൈ എസ് പി സോജൻ വന്നതോടെ കേസന്വേഷണത്തിന്റെ ഗതി മാറി, അറസ്റ്റുകൾ നടന്നു, ജാമ്യം തള്ളിച്ചു , ജയിലിലിട്ടു, ഹൈക്കോടതി സോജനെ അഭിനന്ദിച്ചു …..
രണ്ടാമത്തെ കുട്ടിയും മരിച്ച് ജനം ഇളകിയപ്പോഴാണ് സോജൻ വരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വക്കീൽ പറഞ്ഞ കുറേ കസർത്തുകൾ കാണിച്ചു എന്നല്ലാതെ മര്യാദക്കുളെളാരു ശാസ്ത്രീയമായ മെറ്റീരിയൽ എവിഡൻസായി ഒരു മൊട്ടുസൂചി പോലും കണ്ടെത്താനോ നിയമപരമായി സ്വീകാര്യമായ രീതിയിൽ കോടതിയിൽ സമർപ്പിക്കാനോ സോജന് സാധിച്ചിട്ടില്ല. അതായത് തോൽക്കാൻ പ്രീസെറ്റ് ചെയ്ത് വെച്ച ഒരു കമ്പ്യൂട്ടർ സോക്കർ ഗെയ്മിൽ ഗ്രൗണ്ട് നിറയെ മണ്ടിപ്പാഞ്ഞ് കളം നിറഞ്ഞ് കളിക്കുകയായിരുന്നു സോജൻ. പോസ്റ്റിലേക്ക് അടിക്കാനുള്ള പന്ത് ഒരിക്കലും കാലിൽ തട്ടുന്നില്ലായിരുന്നു എന്ന് മാത്രം.
സോജനെ ഹൈക്കോടതി അഭിനന്ദിച്ചത്രെ! എസ് ഐ ചാക്കോയെ പള്ള നെറച്ച് ഹൈക്കോടതി വിധിയിൽ ശകാരിച്ചതിന് ശേഷം അടുത്ത വരിയിലാണ് സോജനെ അഭിനന്ദിച്ചെന്ന് വക്കീൽ പറയുന്ന ഹൈക്കോടതി വിധി ഭാഗം വരുന്നത്. നല്ല ഒന്നാന്തരം സർക്കാസ്റ്റിക്ക് ഊതലാണത് സത്യത്തിൽ . ചാക്കോയെ അപേക്ഷിച്ച് നന്നായി കേസന്വേഷണം സോജൻ നടത്തി, പക്ഷെ ശാസ്ത്രീയ തെളിവിന്റെ ഒരു കച്ചിത്തുരുമ്പ് പോലും സോജന് കോടതിയിലെത്തിക്കാൻ പറ്റിയില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.
അതായത് മോഹനൻ വൈദ്യരേക്കാൾ നന്നായി ജേക്കബ് വടക്കഞ്ചേരി ഓപ്പറേഷൻ നടത്തി, പക്ഷെ രോഗി മരിച്ചു പോയി.
വാദം 3: ഒരു പ്രതി കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടു: ഒരിക്കൽ അച്ഛനും കണ്ടു , മിണ്ടിയില്ല.
മറ്റൊരു പ്രതിയോടൊപ്പമാണ് അന്തിയുറങ്ങിയത്. 164 മൊഴിയിൽ അമ്മ മനപ്പൂർവ്വം ഒരാളുടെ പേര് പറഞ്ഞില്ല:
ഇതിന് മറുപടി പറയുന്നതിന് മുമ്പ് ചില അടിസ്ഥാന വസ്തുതകൾ ഇവിടെ നൽകേണ്ടതുണ്ട്. ഈ പ്രതികളിൽ രണ്ട് പേർ ഈ അമ്മയുടെയും കുട്ടികളുടെയും അടുത്ത കുടുംബക്കാരാണ്. ഒരു പ്രതി അമ്മയുടെ ഫസ്റ്റ് കസിനാണ് , മറ്റൊരാൾ ഈ അമ്മയുടെ സഹോദരീ പുത്രനാണ്.
അതായത് നമ്മളെയൊക്കെപ്പോലെ തന്നെ വീട്ടിൽ വരികയും നില്ക്കുകയും വിരുന്ന് കൂടുകയും ഒക്കെ ചെയ്യുന്ന കസിൻ ബ്രദേഴ്സും മാമൻമാരും ഒക്കെയാണ് കുട്ടികൾക്ക് ഇവർ.
രണ്ടാമത് ഇവർ താമസിക്കുന്ന വീട് പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ വാളയാറിനടുത്ത് ഒരു ഒറ്റമുറി ഷെഡ് ആണ്. അച്ഛനും അമ്മയും മക്കളും പട്ടിയും പൂച്ചയും വിരുന്ന് വരുന്നവരും ആഘോഷങ്ങൾക്ക് വരുന്നവരും ഒക്കെ കേറിയിരിക്കാനും ഉണ്ണാനും ഉറങ്ങാനുമുള്ളതൊക്കെ ആകെ ഈ ഒറ്റമുറിയാണെന്നർത്ഥം. മാത്രമല്ല, അച്ഛനും അമ്മയും പകൽ ജോലിക്ക് പോകുന്ന , സാമൂഹികമായും സാമ്പത്തികമായും ജാതീയമായും അടിത്തട്ടിൽ കിടക്കുന്ന ഒരു ദളിത് കുടുംബമാണിത്. ഈ പഞ്ചായത്ത് കാലങ്ങളായി ഭരിച്ചിട്ടും അഞ്ച് കൊല്ലം കൊണ്ട് ലക്ഷക്കണക്കിന് വീടുകൾ ഉണ്ടാക്കിയിട്ടും എന്താണീ ദളിത് മുക്കുകളിൽ മാത്രം ഒറ്റമുറി ഷെഡുകളിൽ കുടുംബങ്ങൾക്ക് അന്തിയുറങ്ങേണ്ടിവരുന്നതെന്ന് ഇടതുപക്ഷം മറുപടി പറയേണ്ടതുണ്ട്.
ഇത്തരത്തിലുള്ള കുടുംബങ്ങളിലേക്ക് ഹരീഷ് തന്റെ 4BHK ഇല്ലത്തിന്റെ ബാൽക്കണിയിലിരുന്ന് ഒളിഞ്ഞു നോക്കുന്നതിന് മുമ്പ് തന്നെ പോലുള്ള വൊയറിസം ബാധിച്ചവർക്കുള്ള മറുപടി കൂടിയായി ഈ കേസിൽ ഹൈക്കോടതി തന്നെ വിധിയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
“ഇത്തരം സാക്ഷികളുടെ മൊഴികളുടെയും സാക്ഷ്യങ്ങളുടെയും മെറിറ്റ് വിലയിരുത്തുമ്പോൾ കൃത്യമായും അവരുടെ സാമൂഹികനിലയെക്കൂടി കണക്കിലെടുത്ത് കൊണ്ട് വേണം അത് ചെയ്യാൻ. ഇരകളുടെ കുടുംബം സാമൂഹികമായും സാമ്പത്തികമായും അങ്ങേയറ്റം പിന്നോക്കം നിൽക്കുന്നു എന്ന കാര്യവും അവർ അവരുടെ ജീവിതങ്ങളെ എങ്ങനെ സ്വയം നോക്കിക്കാണുന്നു എന്ന ബോധ്യവും നോക്കുന്നവന് ഉണ്ടാകണം. ഇത്തരം കുടുംബങ്ങളിൽ നടക്കുന്ന കുട്ടികളോടുള്ള അതിക്രമം പോലുള്ള വിഷയങ്ങളിൽ അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും വേണം ഇടപെടാൻ” (Para: 49,73, 100).
ഇളയ കുഞ്ഞിന്റെ പിറന്നാളാഘോഷത്തിന് വീട്ടിൽ താമസിക്കാൻ വന്ന ഒരു പ്രതി രാത്രിയിൽ മൂത്ത കുട്ടിയെ അബ്യൂസ് ചെയ്യാനുളള ശ്രമത്തിനിടയിൽ അമ്മ കാണുകയും അവനെ ചൂലെടുത്ത് അടിച്ച് വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്തത് അമ്മയുടെ മൊഴിയിൽ കാണാം.
ഇയാളുടെ തന്റെ മകളോടുള്ള സ്വഭാവദൂഷ്യത്തെക്കുറിച്ച് അമ്മ പ്രതിയുടെ മൂത്ത ചേട്ടനെ അറിയിച്ച കാര്യവും സാക്ഷിമൊഴിയിലുണ്ട്.
ഇതേ കാര്യം തന്നെ അച്ഛനും തന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളില്ലാതെ ദൃഢീകരിക്കുന്നുണ്ട്. ഇതെല്ലാം ക്രോസ് വിസ്താരങ്ങളിലും ക്രെഡിബിലിറ്റിയോടെ നിൽക്കുന്ന മൊഴികളാണ്. മറ്റൊരു പ്രതിയായ വലിയ മധുവിനേയും ഇത്തരം സ്വഭാവ ദൂഷ്യ സംശയങ്ങളാൽ അമ്മ വീട്ടിൽ വരുന്നത് വിലക്കിയിരുന്നത് അമ്മയുടെ മൊഴിയിൽ കാണാം. വീട്ടിൽ ആളില്ലാത്ത നേരമാണ് പിന്നീട് ഇവരുടെ വരവും പോക്കുമൊക്കെയുണ്ടായിരുന്നതെന്ന് മറ്റനേകം സാക്ഷിമൊഴികളിൽ കാണാം.
പ്രതിയോടൊപ്പം കിടന്നു എന്ന ഹരീഷിന്റെ ആരോപണം വല്ലാത്ത പോക്രിത്തരമാണ്. ഷിബു എന്ന സഹോദരപുത്രൻ അവരുടെ വീട്ടിൽ കിടന്നു എന്ന അമ്മയുടെ മൊഴിയെ തന്നിഷ്ടത്തിന് വ്യാഖ്യാനിക്കുന്നത് കുറച്ച് കൂടിപ്പോയി വക്കീലേ…
സഹോദരീ മക്കളാകുമ്പോഴുളള കുടുംബത്തിലെ കലാപ സാധ്യതകളും പെൺമക്കൾക്കുണ്ടായേക്കുന്ന പേരുദോഷവുമൊക്കെ ആ ദളിത് ഒറ്റമുറി കുടുംബത്തെ എങ്ങിനെ പ്രവർത്തിപ്പിക്കുമെന്നത് മനസ്സിലാക്കാൻ ഹൈക്കോടതി പറഞ്ഞതിലെ പൊരുൾ പോലെ ആ പ്രിവിലേജിന്റെ ബൈനോക്കുലറിലൂടെയുള്ള നോട്ടം മാറ്റി നിലത്തേക്കിറങ്ങി വന്ന് നോക്കണം.
വാദം-4: സാധാരണ ഇരയുടെ രക്ഷിതാക്കൾ സാക്ഷികളാണെങ്കിൽ 164 പ്രകാരം മജിസ്ടേറ്റ് മൊഴിയെടുക്കില്ല. അമ്മ പോലീസിന് നൽകിയ മൊഴി, 164 മൊഴി, വിചാരണക്കൂട്ടിൽ കയറിപ്പറഞ്ഞ മൊഴി എന്നിവയിലൊക്കെ നിറയേ പരസ്പരം വൈരുദ്ധ്യങ്ങളുണ്ട് . ഇക്കാര്യം വിധിയിൽ എടുത്ത് പറയുന്നുണ്ട് :
എങ്ങനെയാണ് ഇത്ര വലിയ നുണകൾ ഇത് പോലെ മക്കൾ നഷ്ടപ്പെട്ട ഒരു ദളിത് സ്ത്രീക്ക് നേരെ എടുത്തിട്ടലക്കാൻ കഴിയുന്നത് എന്നതാണ് അത്ഭുതം. ഈ കേസിന്റെ ഏറ്റവും വലിയ പരാജയകാരണമായി വിധിയിലുടനീളം ആവർത്തിച്ച് ആവർത്തിച്ച് ഹൈക്കോടതി കണ്ടെത്തി പറയുന്നത് ഏറ്റവും പ്രധാന സാക്ഷിയായ അമ്മയടക്കമുള്ളവരുടെ 164 മൊഴിയടക്കമുള്ളത് പ്രോസിക്യൂട്ടർ വിചാരണക്കായി പരിഗണിച്ചില്ല എന്നതാണ്. അങ്ങനെ വിചാരണക്കായി പ്രോസിക്യൂട്ടർ എടുക്കാൻ തയ്യാറാകാത്ത 164 മൊഴികളും കേസ് ഡയറിയിലെ പ്രാഥമിക മൊഴികളും വിചാരണക്കൂട്ടിലെ മൊഴികളുമായി വൈരുദ്ധ്യത്തിലാകുന്നതെങ്ങിനെയാണ് ?. വിചാരണക്കെടുത്ത് വിസ്താരത്തിലൂടെ പുതിയ മൊഴികളെടുത്താലല്ലേ അത് 164 മൊഴിയുമായും കേസ് ഡയറി മൊഴിയുമായൊക്കെ വൈരുദ്ധ്യത്തിലാണോയെന്ന് അറിയാൻ പറ്റൂ? സംഭവിക്കാത്ത ഒന്നിനെക്കുറിച്ച് വിധിയിൽ പറയുന്നുണ്ടെന്ന് അടിച്ച് വിടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര!
തുടക്കത്തിലെ പോലീസ് മൊഴിയെടുപ്പിൽ പറയാതെ പോയത് പിന്നീട് 164 ലോ വിചാരണവേളയിലോ പറയുന്നത് വൈരുദ്ധ്യമല്ല. അത് ഹൈക്കോടതി വിധിയിൽ ഒരു എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതം പിന്നീട് വെളിപ്പെടുത്തിയ അച്ഛന്റെ മൊഴിയുമായി ബന്ധപ്പെട്ട് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇരയുടെ രക്ഷിതാക്കൾ സാക്ഷികളായാൽ 164 മൊഴിയെടുക്കില്ല എന്ന വിവരമില്ലായ്മക്ക് ക്രിമിനൽ വക്കീലൻമാർ തന്നെ ആശാന് മറുപടി കൊടുത്തിട്ടുണ്ട്.
#വാദം-5: SC/ST അട്രോസിറ്റി വകുപ്പിന് സ്കോപ്പില്ലാതിരുന്നിട്ടും സോജൻ അത് ചേർത്ത് കൊടുത്തതിനാൽ അമ്മയ്ക്ക് ലക്ഷങ്ങൾ ലഭിക്കാനത് വഴിയൊരുക്കി :
ഇമ്മാതിരി മറ്റേ വർത്തമാനത്തിനുള്ള മറുപടി ലവൻ പണ്ട് ഉമ്മൻ ചാണ്ടിയോടടിച്ച അതേ ഡയലോഗേയുള്ളൂ :
“അടിച്ച് മോന്ത പൊളിക്കും…”
വാദം -6: അമ്മ CBI അന്വേഷണം ആദ്യം കോടതിയിൽ ആവശ്യപ്പെട്ടില്ല.
ഇതിനുള്ള നിയമപരമായ സാങ്കേതികതയെക്കുറിച്ചുള്ള മറുപടിയും വിവരമുള്ള ഒരു ഹൈക്കോടതി വക്കീൽ നേരത്തെ ഇവന് നൽകിയിട്ടുണ്ട്.
********
അവസാനമായി, ഇവനെ വിശ്വസിച്ചും ഇവൻ നിയമ പണ്ഡിതനാണെന്ന് ധരിച്ചും “സത്യം ഹരീഷ് !”, “കൃത്യം ഹരീഷ്!” “ലവ് യു ഹരീഷ് ഫോർ ദിസ്”, “ഇതെന്നേ എനിക്ക് ബോധ്യമായിരുന്നു, പേടി കൊണ്ട് മിണ്ടാതിരുന്നതാണ് ഹരീഷ് ” എന്നൊക്കെ ആ എഴുതിത്തൂറ്റിയ അമേദ്യത്തിന്റെ താഴെ മണിയനീച്ചകളായി പറന്നിറങ്ങി പറഞ്ഞും ലവ് വിട്ടും ഐക്യദാർഢ്യപ്പെട്ട ലെഫ്റ്റ് സർക്കിളിലെ ഫെമിനിസ്റ്റെന്ന് സ്വയം എൻഡോർസ് ചെയ്യുന്ന പ്രിയ സുഹൃത്തുക്കളോടാണ് :
ലവൻ കഴിഞ്ഞ കാലങ്ങളിൽ ജിഷ വധക്കേസിലും പത്രപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ഐ എ എസ് കേസിലും ഉബൈദുള്ള വിധി പറഞ്ഞ പോക്സോ കേസിലും ഇതേ സോജന്റെ കേസിലും പരിസ്ഥിതി കേസുകളിലുമൊക്കെ എയ്തും ചെയ്തും വിട്ട കാര്യങ്ങൾ ഇപ്പോഴും എയറിലുണ്ട്. ഇവൻ കേസ് പഠിച്ചിട്ടാണ് പറയുന്നത് എന്ന് പറഞ്ഞാൽ അവിടെ കമിഴ്ന്ന് വീണ് സ്വയം നാറാൻ നില്ക്കരുത്. എങ്ങനെയെങ്കിലും പൊളിറ്റിക്കലി കറക്ടായി ജീവിതപ്പെടാൻ നിരന്തരമായി സ്വയം പുതുക്കിപ്പണിയുന്ന നിങ്ങളുടെ ക്രെഡിബിലിറ്റി നൂറ്റാണ്ട് മുമ്പത്തെ ജാതിവെറിയുടെ കുറ്റിയിൽ കൊണ്ട് കെട്ടാൻ ഇടയാക്കരുത് !
ഏറെ സ്നേഹത്തോടെ
Ismail Kalliyan
Edit: കേസിലെ ഒരു പ്രതി ഷിബു കുട്ടികളുടെ കുടുംബമാണെന്ന് എഴുതിയത് വസ്തുതാപരമായി എന്റെ എഴുത്തിൽ വന്ന തെറ്റാണ് തിരുത്തിയിട്ടുണ്ട്.
*******
വാൽക്കഷ്ണം: വാളയാർ കേസിന്റെ ഹൈക്കോടതി ജഡ്ജ്മെന്റിലെ ആവർത്തിച്ച് വരുന്ന ചെറിയ ചില ഭാഗങ്ങൾ വായിക്കാൻ താഴെയിടുന്നു:
The cumulative effect of a defective investigation, thoroughly incompetent and insincere prosecution and a trial without court’s proper involvement resulted in the acqittal.
The trial court did not appreciate the testimony of this witness (the step father) in the correct perspective remembering the social strata to which he belongs.
A perfuntory initial investigation and cursory, desultory and unskilled prosecution coupled with the lack of involvement by the trial Judge resulted in miscarriage of justice and consequential unmerited acqittals in all these cases.
It is to be borne in mind that the victims’s family members hail from a socially and economically backward background. The way in which they look at their life is also important.
Faulty investigation conducted at the inception coupled with perfunctory prosecution, the cause of justice has suffered a serious set back.
Most importantly, the cases under the POCSO Act, especially perpetrated against children of tender age, that too hailing from socially and economically weaker classes, should be handled with atmost care and caution.
==========