താങ്കൾ കേവലം നാലു കി.മി. അടുത്തു വരെ എത്തിയിട്ടും ഞങ്ങളെ ഒന്നു വന്നു കാണാൻ ശ്രമിച്ചില്ല എന്നു മാത്രമല്ല ഞങ്ങൾ എന്തിനാണ് സമരം ചെയ്യുന്നത് എന്ന് പരസ്യമായി ചോദിക്കുകയും ചെയ്തു

46

CR Neelakandan

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലന് നൽകിയ ഹർജി

ബഹുമാനപ്പെട്ട പട്ടികജാതി- വർഗ ക്ഷേമ, നിയമ,സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ എകെബാലൻ അവർകൾ മുമ്പാകെ 2017 ൽ വാളയാറിൽ പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ട രണ്ട് ദളിത് പെൺകുട്ടികളുടെ മാതാപിതാക്കളായ ഞങ്ങൾ സമർപ്പിക്കുന്ന ഹർജി.
സർ,

ഇക്കഴിഞ്ഞ ഒക്ടോബർ 25 മുതൽ 31 വരെ അട്ടപ്പള്ളത്തുള്ള വീട്ടിൽ സത്യഗ്രഹം നടത്തിയിരുന്നു. ആ സമയത്ത് താങ്കൾ കേവലം നാലു കി.മി. അടുത്തു വരെ എത്തിയിട്ടും ഞങ്ങളെ ഒന്നു വന്നു കാണാൻ ശ്രമിച്ചില്ല എന്നു മാത്രമല്ല ഞങ്ങൾ എന്തിനാണ് സമരം ചെയ്യുന്നത് എന്ന് പരസ്യമായി ചോദിക്കുകയും ചെയ്തു. ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചതിനാലാണ് താങ്കളെ നേരിൽ വന്നു കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് തീരുമാനിച്ചത്.ഒമ്പതും പതിനൊന്നും വയസ്സായിരുന്ന ഞങ്ങളുടെ രണ്ടു പെൺകുഞ്ഞുങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസ് സംബന്ധിച്ച് താങ്കൾക്കും അറിവുള്ളതാണല്ലോ.

ആ കേസിലെ എല്ലാ പ്രതികളെയും 2019 ഒക്ടോബറിൽ വെറുതെ വിട്ടതുമാണല്ലോ. ഈ കേസിന്റെ അന്വഷണത്തിലും നടത്തിപ്പിലും ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും അതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരേയും നിയമപരമായി ശിക്ഷിക്കണമെന്നും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും 2019 ഒക്ടോ 31 ന് ഞങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചതും ഇക്കാര്യങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതുമാണ്. എന്നാൽ അതു കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ആ കേസ് അട്ടിമറിച്ച എം ജെ സോജൻ എന്ന ഡി വൈ എസ് പി യെ സർക്കാർ എസ് പി യായി സ്ഥാനക്കയറ്റം നൽകുകയും അയാൾക്ക് ഐപി എസ് നൽകാൻ ശുപാർശ നൽകുകയും ചെയ്തതായി അറിഞ്ഞു. ചാക്കോ എന്ന എസ്ഐ സ്ഥാനക്കയറ്റത്തോടെ സർവ്വീസിൽ തുടരുന്നതായും അറിയുന്നു. ഇത് ഏറെ വേദനയുണ്ടാക്കിയതിനാലാണ് ഞങ്ങൾ സമരത്തിനൊരുങ്ങിയത്.

കേസ് അട്ടിമറിക്കുന്നതിൽ നിർണായക പങ്കു വഹിച്ച യുഡിഎഫ് നോമിനി അഡ്വ ലത ജയരാജിനെ വീണ്ടും നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു എന്ന അറിവ് ഞങ്ങളെ ഞെട്ടിച്ചു. പ്രതിക്കു വേണ്ടി ഹാജരായ ഒരു വക്കീലിനെയാണ് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിച്ചതും തെറ്റായിരുന്നില്ലേ? ഇതടക്കം നിരവധി പോക്സോ കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാക്കുന്ന വക്കീലാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ പാലക്കാട്ടുകാരനായ താങ്കൾ നിയമ മന്ത്രിയായിരിക്കുമ്പോൾ ആ നിയമനം നടത്തിയത്? ഈ കേസ് കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം നടത്തണമെന്ന ഞങ്ങളുടെ ആവശ്യത്തിന് താങ്കളുടെ സർക്കാർ പിന്തുണ നൽകുമോ എന്നറിയാൻ താൽപര്യമുണ്ട്.

ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ താങ്കളുടെ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള വക്കീൽ ഞങ്ങളുടെ വീട്ടിൽ വന്ന ശേഷം പാലക്കാട്ട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂട്ടർക്ക് ചില തെറ്റുകൾ പറ്റിയെന്നും പുനർ വിചാരണ മാത്രമേ സാധ്യമാകൂ എന്നാണല്ലാ. എന്തായാലും ഞങ്ങൾ നിയോഗിച്ച അഭിഭാഷകന്റെ കൂടി ഇടപെടൽ കൊണ്ടാണെങ്കിലും അന്വേഷണത്തിൽ തന്നെ ഗുരുതരമായ പിഴവുണ്ടെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നതായി വാർത്തകളിൽ കാണുന്നു.ഇത് സർക്കാർ മനസ്സിലാക്കുന്നു എങ്കിൽ കേസ് അന്വേഷിച്ച് പ്രതികളെ രക്ഷിച്ച സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം എന്നും ആവശ്യപ്പെടാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.മറ്റൊരു പ്രതിഷേധം കൂടി ഈയവസരത്തിൽ അറിയിക്കട്ടെ.

വാളയാർ കേസ് അട്ടിമറി കണ്ടുപിടിക്കാൻ അട്ടിമറി വീരൻ I G ശ്രീജിത്തിനെ നിയമിച്ച സർക്കാർ നടപടി അപഹാസ്യമല്ലേ?  പാലത്തായി അടക്കം നിരവധി കേസുകൾ പ്രതികൾക്ക് വേണ്ടി അട്ടിമറിച്ചു എന്ന് കേരള ഹൈക്കോടതിക്കും സർക്കാരിനും തന്നെ ബോധ്യപ്പെട്ട ഐ ജി ശ്രീജിത്തിനെയാണ് എം ജെ സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർ വാളയാർ കേസിൽ അട്ടിമറി കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് സോജനേയും മറ്റും രക്ഷിക്കാനുള്ള ശ്രമമാണ്. പകരം സോജനെതിരെ പോക്‌സോ , പട്ടികജാതി വർഗ സംരക്ഷണ വകുപ്പിന്റെ ലംഘനങ്ങൾ തുടങ്ങിയ വകുപ്പുകൾ വച്ചു കൊണ്ട് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണോ എന്നതും പ്രശ്നമാണ്.ഈ വിഷയങ്ങളിൽ താങ്കളുടേയും സർക്കാരിന്റേയും ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നതു വരെ സമരം തുടരുക മാത്രമേ ഞങ്ങൾക്കു വഴിയുള്ളൂ. താങ്കളെ നേരിൽ കണ്ട് ഈ കാര്യങ്ങൾ വിശദീകരിക്കാനും ഒപ്പം രേഖാമൂലം ഇതു താങ്കൾക്കു സമർപ്പിക്കുവാനുമാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളെ കണ്ട് ഇത് വിശദീകരിക്കാൻ അവസരം നൽകിയതിന് ഹൃദയപൂർവ്വം നന്ദി പറയുന്നു.വിശ്വസ്തതയോടെ

വാളയാർ കുഞ്ഞുമക്കളുടെ മാതാപിതാക്കൾ