ജീവനില്ലാത്ത ഒരു പാർലിമെന്റ് എന്തിനു ?

  87

  ജീവനില്ലാത്ത ഒരു പാർലിമെന്റ് എന്തിനു ?

  സി ആർ നീലകണ്ഠൻ

  ഇന്ത്യക്കു ഒരു പുതിയ പാർലിമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള തറക്കല്ല് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇട്ടു . പതിവ് പോലെ ഇവിടെയും നിരവധി വിവാദങ്ങൾക്കു വഴിമരുന്നിട്ടുകൊണ്ടാണ് ആ കർമ്മം നിർവ്വഹിച്ചത്. ഒരു പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ചാണ് രാജ്യത്തിന്റെ എഴുപത്തഞ്ചാമതു സ്വാതന്ത്ര്യദിനത്തിൽ, 2022 ൽ ഇത് പൂർത്തിയാക്കുക എന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇപ്പോൾ നിലവിലുള്ള പാർലിമെന്റിൽ ലോകസഭയും രാജ്യസഭയും അതിന്റെ നടുക്കായി ഒരു സെൻട്രൽ ഹാളും ഉണ്ട്. ബ്രിട്ടീഷുകാർ നിർമ്മിച്ചതാന് ഈ മന്ദിരം. പുതിയ കെട്ടിടസമുച്ചയത്തിൽ അത്യാധുനിക ദൃശ്യശ്രാവ്യ വിനിമയ സൗകര്യങ്ങളും അതിനു വേണ്ട ഡാറ്റാ ശ്രുംഖലയും ഉണ്ടാകും. New Parliament Building for Rs 971 Crore, PM Modi to Lay Foundation Stoneഇപ്പോഴത്തെ ലോകസഭയുടെ മൂന്നിരട്ടിയായിരിക്കും പുതിയ ലോകസഭയുടെ വലുപ്പം. ലോകസഭയിൽ ഇപ്പോൾ 543 അംഗങ്ങളാണ് ഉള്ളതെങ്കിലും പുതിയ സഭയിൽ 888 പേർക്കിരിക്കാൻ സൗകര്യമുണ്ടാകും. രാജ്യസഭയും ലോകസഭയും യോജിച്ചുള്ള സമ്മേളനം നടത്താൻ ചില മാറ്റങ്ങൾ വരുത്തിയാൽ അവിടെ കഴിയും. രാജ്യസഭയിൽ 384 പേർക്ക് ഇരിപ്പടം ഉണ്ടാകും. ഭാവിയിൽ സഭയിലെ അംഗങ്ങളുടെ എണ്ണം കൂട്ടുമ്പോൾ അതുകൂടി ഉൾക്കൊള്ളാനുള്ള കരുതലും ഇതിൽ ഉണ്ട്. പുതിയ സഭയിലെ കേന്ദ്ര ഹാൾ ഉണ്ടാകില്ല. പഴയസഭയുടെ ഹാൾ ഉപയോഗിക്കാം.

  പുതിയ സഭയിൽ ഇന്ത്യയുടെ വൈവിധ്യങ്ങൾ മുഴുവൻ പ്രദർശിപ്പിക്കും എന്ന് പറയുന്നു. നാട്ടിൽ നിലനിൽക്കുന്ന എല്ലാ വൈവിധ്യങ്ങളും നശിപ്പിക്കുന്നവർ ഇങ്ങനെ ചെയ്യുന്നതിനൊരു ലക്ഷ്യമുണ്ട്. വരും തലമുറകൾക്കു ഇവയൊക്കെ കാണാൻ അതേ വഴിയുണ്ടാകൂ. അതുപോലെ പരിസ്ഥിതി സൗഹൃദമാകും കെട്ടിടം എന്ന് പറയുന്നതിലും ഇതേ വൈരുധ്യമുണ്ട്. നാട്ടിലെ പാരിസ്ഥിതിക സന്തുലനം മുഴുവൻ തകർക്കുന്നവരാണ് ഇത് ചെയ്യുന്നത്. ഇത് വഴി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന വാഗ്ദാനവും ഇതുപോലെ തന്നെ. ഇതിനായി വിനിയോഗിക്കുന്ന 971 കോടി രൂപ കാർഷിക ഗ്രാമീണ മേഖലയിൽ വിനിയോഗിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന തൊഴിലവസരങ്ങൾ ഇതിന്റെ എത്രമടങ്ങായിരിക്കും? എത്ര ഉയർന്ന ഭൂചലനങ്ങൾ ഉണ്ടായാലും തകരാത്ത കെട്ടിടമാണിത്. ദില്ലിയിൽ ഇടക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ സാധാരണക്കാരെ അല്ലെ ബാധിക്കാൻ പാടുള്ളൂ. ” നിലവിലുള്ള ജനാധിപത്യത്തിന്റെ ക്ഷേത്രം നൂറു വര്ഷം പിന്നിടുകയാണ്. നമ്മൾ തന്നെ നിർമ്മിച്ച ഒരു ക്ഷേത്രം വേണം എന്നത് വഴി രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തുന്ന ആത്മനിർഭർ ഭാരത് പ്രസക്തമാകുന്നു” പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നു. ഇന്ത്യക്കാർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നവരാണ് ഇപ്പോൾ ഇങ്ങനെ ആത്മാഭിമാനം പറയുന്നത് എന്ന വൈരുധ്യവും പ്രകടമാണ്.

  At ceremony for new Parliament building, Modi spoke of democracy – to cover up the absence of itഈ ശിലാസ്ഥാപനപരിപാടി പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസ് പരസ്യമായി തന്നെ ബഹിഷ്ക്കരിച്ചു. ഇത്ര ആഡംബരപൂർണ്ണമായ ഒരു പരിപാടി കോവിഡ് പ്രതിസന്ധിക്കിടയിലും ആവശ്യമില്ല എന്നവർ പറഞ്ഞു. ഈ പുതിയ നിർമ്മാണത്തെ നിരവധി പേര് പരിഹസിച്ചു. തമിഴ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കമൽ ഹസൻ ആണ് അതിശക്തമായി എതിർത്ത് സംസാരിച്ചത്. മുമ്പ് മൂവായിരം കോടിക്ക് പട്ടേൽ പ്രതിമ, പിന്നീട് സർക്കാർ ചിലവിൽ രാമക്ഷേത്രം തുടങ്ങി ആര്ഭാടങ്ങൾക്കു പണം ധൂർത്തടിക്കുന്നതിനെ ആണ് എതിർക്കുന്നത്.
  എന്നാൽ ഈ കല്ലിടൽ മറ്റൊരു രീതിയിലും വിമര്ശനവിധേയമായി. തീർത്തും സവര്ണാധിതപത്യമൂല്യങ്ങൾ സംരക്ഷിക്കുന്ന ഒരു ചടങ്ങായി ഇതിനെയും മാറ്റി. ശ്രുംഗേരി മഠത്തിൽ നിന്നും എത്തിയ ഭ്രാഹ്മണസന്യാസിമാരാണ് കർമങ്ങൾ നിർവഹിച്ചത്. അവരുടെ നടുക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ഭയഭക്തിബഹുമാനങ്ങളോടെ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടല്ലോ. ഭാരതമെന്നാൽ ഹിന്ദുരാഷ്ട്രമാണെന്നും അതിന്റെ മൂല്യങ്ങൾ ബ്രാഹ്മിണിക്കൽ ആണെന്നും വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. കുറ്റം പറയരുതല്ലോ , കണ്ണ് തട്ടാതിരിക്കാനെന്നപോലെ മറ്റുമതങ്ങളുടെ പ്രാർത്ഥനയും പേരിനു ഉണ്ടായി.

  New Parliament building will be a witness to Aatmanirbhar Bharat, says PM Modi | LIVE | India News – India TVഇന്ത്യക്കു ഒരു മതേതര ഭരണഘടനയാണുള്ളതെന്ന സത്യം അംഗീകരിക്കാൻ മടിയുണ്ട് തങ്ങൾക്കെന്നു ഇവർ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ സർക്കാരിന് ഒരു മതത്തോടും പ്രത്യേക താലപര്യം ഉണ്ടാകാൻ പാടില്ല. പൊതുപണം ഏതെങ്കിലും മതങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കാനും പാടില്ല. ആ നിലക്ക് ഈ നടപടി ശരിയാണോ? ഭരണഘടനയുടെ മറ്റു പല അടിസ്ഥാന മൂല്യങ്ങളോടും തങ്ങൾക്കു യാതൊരു ബഹുമാനവും ഇല്ലന്നും ഇവർ ആവർത്തിച്ചിട്ടുണ്ട്. ജനാധിപത്യം എന്നത് ഇവർ മറ്റു വഴിയില്ലാതെ അംഗീകരിക്കുന്നതാണ് ഇവർ. മനുസ്മൃതിയാണ് ഇവർക്ക് സ്വീകാര്യമായ ഭരണഘടന. പാര്ലിമെന്റിനോടും ഇവർക്കത്ര താലപര്യമില്ല. പോരത്വനിയമഭേദഗതിയായാലും കാർഷികനിയങ്ങളായാലും ആവശ്യമായ ചർച്ചകൾ പോലും നടത്താൻ അവർ തയ്യാറല്ല. ഒരു ഭരണഘടനാ സ്ഥാപനത്തോടും അവർക്കു പ്രതിപത്തിയില്ല. പാർലമെന്റും റിസർവ്വ് ബാങ്കുപോലും അറിയാതെ നോട്ടു നിരോധനം നടത്തിയ ഭരണകർത്താവാണ് മോഡി. ആസൂത്രണക്കൻമേഷനും യുജിസിയും തെരഞ്ഞെടുപ്പ് കംമീഷനും, എന്തിനു സുപ്രീം കോടതി വരെ ഇവർ കൈപ്പിടിയിലാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ എത്ര മഹത്തായ പാർലിമെന്റ് കെട്ടിടം പണിതാലും അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ കഴിയാത്ത പക്ഷം അത് വെറും കെട്ടിടം മാത്രമാകും. ചുരുക്കത്തിൽ കെട്ടിടം എത്ര ബൃഹത്തും മഹത്തും ആണെന്നതിലല്ല അതിൽ എത്രമാത്രം ജനാധിപത്യപരമാണോ എന്നതിലാണ് കാര്യം . അങ്ങനെ വരുമ്പോൾ ഈ പുതിയ പാർലിമെന്റ് ജീവനില്ലാത്ത ഒന്നായി നിലനിൽക്കാനാണ് സാധ്യത.