പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല

28

CR Neelakandan

കേരളം നമ്പർ വൺ ആണ്. അതിന് ചരിത്രപരമായുള്ള നിരവധി കാരണങ്ങൾ ഉണ്ട്. മഹാത്മാ അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവുമടക്കമുള്ള നവോത്ഥാന നായകരും വിവിധ മത സാമുദായിക പ്രസ്ഥാനങ്ങളും മിഷനറിമാരും ജനാധിപത്യ പുരോഗമന കർഷക തൊഴിലാളി സംഘടനകളും ജനാധിപത്യത്തിലും അതിനു മുമ്പും നിലവിലിരുന്ന സർക്കാരുകളും നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ സേവന മേഖലകളെ പരിപോഷിപ്പിച്ചു.

കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികൾ . കേരളത്തെ കോവിഡ് മഹാമാരിയെ നേരിടാൻ കഴിയുന്ന എത്തിച്ചതിൽ അവരുടെ അദ്ധ്വാനത്തിനുള്ള പങ്ക് ആർക്കും അവഗണിക്കാൻ കഴിയില്ല. പക്ഷെ ഈ രോഗം കേരളത്തിലെത്തിച്ചത് പ്രവാസികളാണെന്നത് ശരി തന്നെ. പക്ഷെ അവർക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല.

താൽക്കാലിക വിസയിലും മറ്റും അന്യ രാജ്യങ്ങളിൽ പെട്ടു പോയവരെ തിരികെ കൊണ്ടുവരിക എന്നത് ഏറ്റവും അടിയന്തരാവശ്യമാണ്.ബ്രിട്ടൻ പോലുള്ള ചില രാജ്യങ്ങൾ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടു വരാൻ പ്രത്യേക വിമാനം അയച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. പക്ഷെ ഇവിടെ കേരളം ഒരു രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ്. വിദേശത്തു നിന്നും മലയാളികളെ കൊണ്ടു വരാൻ സംസ്ഥാനത്തിനു എളുപ്പമല്ല. എങ്കിൽ കൂടിയും അന്യരാജ്യത്ത് ജീവിക്കുന്ന സഹോദരരെ സംബന്ധിച്ച് ഇന്നു വേണ്ടത്ര ഉൽക്കണ്ഠയില്ലെന്ന് അവർക്ക് തോന്നിയാൽ തെറ്റുപറയാൻ കഴിയില്ല.

അവർ ഇവിടെ വന്നിറങ്ങിയാൽ രണ്ട് ആഴ്ചയെങ്കിലും ക്വാരന്റെനിൽ നിർത്താൻ വേണ്ട സൗകര്യം ഉണ്ടാക്കേണ്ടതുണ്ട്. രോഗപ്രതിരോധത്തിനാവശ്യമായ അകലം പാലിക്കൽ സാധ്യമാകുന്നതല്ല പല ലേബർ ക്യാമ്പുകളിലേയും ജീവിതം എന്നത് ഒരു പ്രധാന പ്രശ്നമാണ്. അന്നാട്ടിൽ ഇപ്പോൾ പ്രവർത്തിക്കാത്ത സ്കൂളുകളിൽ പലതും ഇന്ത്യക്കാരുടെ നിയന്ത്രണത്തിലാണ്. ആ കെട്ടിടങ്ങൾ ഐസൊലേഷനു വേണ്ടി ഉപയോഗിക്കുക തുടങ്ങിയ പല നിർദ്ദേശങ്ങളും ഉയർന്നുവന്നുവെങ്കിലും കാര്യമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായില്ല.

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സന്നദ്ധ പ്രവർത്തകർ വഴി ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. പക്ഷെ അതിനു പരിമിതികളുണ്ട്. ഗൾഫിലെ മലയാളി വ്യവസായികൾ ഇവിടെ വന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവനകൾ നൽകി വാർത്ത സൃഷ്ടിക്കുന്നു. എന്നാൽ ഗൾഫിൽ ഇവർക്കായി തൊഴിലെടുക്കുന്നവരോട് ഈ കരുതൽ ഇല്ല എന്ന പരാതി അവർക്കുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും ഇത്തരം നിരവധി പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ചും ഏറ്റവും കൂടുതൽ സഹോദരിമാർ പ്രവർത്തിക്കുന്ന നഴ്സ് മേഖലയിൽ. സ്വന്തം ആരോഗ്യവും ജീവനും അവഗണിച്ച് ജോലി ചെയ്യുന്ന ഇവർക്ക് വേണ്ടത്ര സുരക്ഷിതത്വം പോലും കിട്ടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ഇവിടെയൊക്കെ ഔപചാരികമായ കത്തെഴുതലിനപ്പുറം ഒന്നും ചെയ്യാൻ അധികാരികൾ തയ്യാറാകുന്നില്ല.