ദില്ലി ജനവിധി ആഹ്ളാദകരം..പക്ഷെ

95

CR Neelakandan

ദില്ലി ജനവിധി ആഹ്ളാദകരം..പക്ഷെ

ദില്ലിയിൽ ഏറ്റവുമൊടുവിൽ കിട്ടിയ വിവരമനുസരിച്ച് എഴുപതിൽ അറുപത്തി മൂന്ന് സീറ്റ് നേടി ആം ആദ്മി പാർട്ടി വലിയ വിജയം നേടിയിരിക്കുന്നു. തീർത്തും ആഹ്ളാദകരമായ വിജയമാണത്. പ്രത്യേകിച്ചും രാജ്യമാകെ കടുത്ത വർഗീയ വിഷം ചീറ്റി ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന കേന്ദ്ര ഭരണകൂടത്തിൽ കാൽക്കീഴിൽ കിടന്നു കൊണ്ട് നേടിയ വിജയമാണിത്. സി.എ എ യും ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം നാടാകെ ഇളക്കിമറിക്കുന്ന കാലമാണിത്. ആ പ്രതിരോധത്തിന്റെ കേന്ദമായി മാറിയ ദില്ലിയിൽ ഉണ്ടായ വിധി വ്യക്തമായും സമരത്തിന് ആവേശം പകരുന്നതാണ്. നിയമ ഭേദഗതിയെ എതിർക്കുന്നവരെ പാക്കിസ്ഥാൻകാരെന്ന് ആരോപിക്കുക വരെ ചെയ്തു. 80 ശതമാനം വരുന്ന ദില്ലിയിലെ ഹിന്ദു മത വിശ്വാസികളെ തങ്ങളുടെ ഭാഗത്താക്കിയാൽ എളുപ്പം ജയിക്കാമെന്ന കുതന്ത്രമാണ് ബിജെപിയും അമിത് ഷായും പയറ്റിയത്. പക്ഷെ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആം ആദ്മിക്ക് കഴിഞ്ഞു എന്ന് തെരഞ്ഞെടുപ് ഫലം വ്യക്തമാക്കുന്നു. വർഗീയ വിഭജനത്തിന്റെ ചതിക്കുഴിയിൽ വീഴാതെ തെരഞ്ഞെടുപ്പിന്റെ അജണ്ട ജനങ്ങൾക്ക് സർക്കാർ നൽകുന്ന സേവനങ്ങളിലേക്ക് എത്തിക്കാൻ അരവിന്ദ് കെജ്‌രിവാളിനു കഴിഞ്ഞു. അഴിമതി ഇല്ലാതാക്കാനായാൽ അടിസ്ഥാന ജനകീയാവശ്യങ്ങളായ വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ സൗജന്യ പൊതു യാത്ര തുടങ്ങിയ മേഖലകളിൽ ദില്ലി സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. മോഡിയുടെ വികസനമെന്ന മറുപടി കൊണ്ട് ഇതിനെ നേരിടാൻ ശ്രമിച്ചു. എന്നാൽ അതും പരാജയമായി.

കേവലം മാസങ്ങൾക്കു മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ആം ആദ്മി പാർട്ടി . പക്ഷെ തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ കണ്ടത് എന്നു വ്യക്തമാണല്ലോ. ഇത്തവണ 53 ശതമാനത്തിലധികം വോട്ട് നേടാൻ അവർക്കായി. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു. ഈ ജയത്തിന്റെ മൂല്യം ഒട്ടും കുറച്ചു കാണേണ്ടതില്ല. ഇവിടെ ബിജെപി വിജയിച്ചിരുന്നെങ്കിൽ അത് പൗരത്വ ഭേദഗതിക്കുള്ള ന്യായീകരണമായി അവർ വ്യാഖ്യാനിക്കുമായിരുന്നല്ലോ. അതൊഴിവായത് ചെറിയ കാര്യമല്ല.

ഷഹീൻ ബാഗിലും ജാമിയയിലും നടക്കുന്ന പ്രക്ഷോഭങ്ങളിൽ കെജ്രിവാൾ നേരിട്ട് പങ്കെടുത്തില്ല എന്ന ആരോപണം ചിലർ ഉന്നയിക്കാറുണ്ട്. എന്നാൽ തന്ത്രപരമായി അതിൽ നിന്നും കെജ് രിവാൾ ഒഴിവായതിനെ അത്ര വലിയ തെറ്റായി കാണാനും കഴിയില്ല. തന്നെയുമല്ല പാർട്ടിയിൽ രണ്ടാം സ്ഥാനത്തുള്ള സിസോദിയയും ഷഹിൻ ബാഗ് ഉൾക്കൊള്ളുന്ന മണ്ഡലത്തിലെ എം എൽ എ ആയ അമാനുള്ളാ ഖാനും സമരത്തെ പിന്തുണക്കുകയും ചെയ്തു.

പക്ഷെ പ്രശ്നം അതല്ല. തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത സമയത്ത് കെജ് രിവാൾ എടുത്ത ചില നിലപാടുകൾ സംശയാസ്പദമാണ്. കാശമീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഭേദഗതികൾ വന്നപ്പോൾ (അനുഛേദം 370) അതു വഴി കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയപ്പോൾ അതിനെ പരസ്യമായി പിന്തുണക്കാൻ അദ്ദേഹം തയ്യാറായി. ദില്ലിക്ക് പൂർണ സംസ്ഥാനപദവി എന്നത് അതീവ പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി മറ്റൊരു സംസ്ഥാനത്തെ വിഭജിക്കുന്ന കാര്യത്തിൽ ഈ നിലപാടെടുക്കുന്നതിൽ വൈരുദ്ധ്യമില്ലേ?
ബാബറി മസ്ജിദ് വിഷയത്തിൽ വന്ന കോടതി വിധിയിൽ സന്തോഷം രേഖപ്പെടുത്തിയതും പലരേയും അദ്ഭുതപ്പെടുത്തി. പലരേയും നിരാശപ്പെടുത്തി. ദില്ലിക്കു പുറത്തേക്ക് വളരാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ ഇത്തരം നിലപാട് എടുക്കില്ലായിരുന്നു. തന്നെയുമല്ല വരുംകാലത്ത് എന്തായിരിക്കും വർഗീയതയോടും ഫാഷിസത്തോടും കെജ്രിവാളും എടുക്കുന്ന സമീപനം എന്നതാണ് ആശങ്ക.l