ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്

108
ചാനലുകളുടെ നിരോധനം മാറിയെങ്കിലും ഫാസിസത്തെയും വംശഹത്യയെയും വിമർശിച്ചതിന്റെ പേജിൽ ഒരു മണിക്കൂർ എങ്കിലും നിരോധിച്ചു എന്നത് തന്നെയാണ് ഗൗരവം അർഹിക്കുന്ന കാര്യം. (ഈ കുറിപ്പ് നിരോധനസമയത് എഴുതിയതാണ് )
CR Neelakandan എഴുതുന്നു 
വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ — ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. സത്യത്തെ നുണ കൊണ്ട് ബാലൻസ് ചെയ്യാതിരുന്നതു കുറ്റം.
നിയമപാലകർ നിയമ ലംഘനം നോക്കി നിന്നു പ്രോത്സാഹിപ്പിച്ചു എന്നു റിപ്പോർട്ട് ചെയ്തത് കുറ്റം.
നിസ്സഹായരായ മനുഷ്യർക്കു നേരെ സായുധ ജനക്കൂട്ടം ആ ക്രമിച്ചത് കണ്ടതു തന്നെ തെറ്റ്. കണ്ടാൽ തന്നെ അതു റിപ്പോർട്ട് ചെയ്തത് കുറ്റം. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ചെയ്ത കുറ്റങ്ങൾ.
ഇനി മീഡിയാ വണ്ണിന്റെ “കുറ്റങ്ങൾ “
കേന്ദ്ര സർക്കാരിന്റെ നിയമമായ സിഎഎ യെ “സംരക്ഷിക്കാൻ ” ആയുധമെടുത്ത് കലാപം നടത്തിയത് റിപ്പോർട്ട് ചെയ്തു. ഏറ്റവും വലിയ കുറ്റം : ആർ എസ് എസ് എന്ന വിശുദ്ധ പശുവിനേയും അവരുടെ കാവൽക്കാരായി പ്രവർത്തിച്ച ദില്ലി പൊലീസിനേയും വിമർശിച്ചു. രാപ്പകൽ മുഴുവനും സംഘ പരിവാറിന്റെ വർഗീയവാദങ്ങളെ ന്യായീകരിക്കുന്ന ഒരു ദേശീയ ചാനലിനും എതിരെ ഒരു നടപടിയുമില്ല. കാരണം അത് സർക്കാർ നയമാണ്. ഇതൊക്കെ ശരിയാകും മനുസ്മൃതി നിയമമാക്കിയാൽ.
പത്രസ്വാതന്ത്ര്യത്തിന്റെ നിലവാരമെടുത്താൽ 140 ആക്കാനേ നമുക്കിതു വരെ കഴിഞ്ഞിട്ടുള്ളു. (ആഗോള പ്രസ് ഫ്രീഡം ഇൻഡക്സ് ) ഇനിയും അറുപതിലേറെ താഴെയുണ്ട്. ഏറ്റവും താഴെ എത്തിക്കാനാണ് ശ്രമം.പക്ഷെ ഇപ്പോഴും നമുക്ക് ഒരു ഭരണഘടനയുണ്ടല്ലോ. അതൊന്ന് ഒഴിവാക്കിക്കിട്ടിയാൽ ബാക്കി …. ഒന്നുമില്ല.ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്.
**