ആ കൊലയിൽ ആഹ്ളാദിച്ചു കൊണ്ട് പ്രകടനം നടത്തി മധുരപലഹാരം വിതരണം ചെയ്ത നടപടി കേവലവികാരപ്രകടനം മാത്രമായി തള്ളിക്കളയാനാവില്ല

249

CR Neelakandan

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതികളായ നാലു പേരെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തെക്കുറിച്ച് സമൂഹത്തിലുണ്ടായ പ്രതികരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ആ കൊലയിൽ ആഹ്ളാദിച്ചു കൊണ്ട് പ്രകടനം നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും സാമൂഹ്യ- പൊതു മാധ്യമങ്ങളിൽ വന്ന് പൊലീസ് നടപടിയെ പിന്തുണക്കുകയും ചെയ്ത നടപടി കേവലവികാരപ്രകടനം മാത്രമായി തള്ളിക്കളയാനാവില്ല. നിയമവാഴ്ച നിലനിൽക്കുന്ന ഒരു സമൂഹത്തിനു യോജിച്ചതല്ല , കുറ്റാരോപിതർ മാത്രമായ അവരെ നിയമത്തിന്റെ നടപടിക്രമങ്ങളിൽ കൂടി ശിക്ഷിക്കുകയാണ് വേണ്ടത് എന്ന വാദം താത്വികമായി (മാത്രം) ശരിയാണ്. നാളിതു വരെ നടന്നിട്ടുള്ള സ്ത്രീ പീഡനക്കേസുകളിലെ എത്ര പ്രതികൾ ഈ നിയമസംവിധാനത്തിലൂടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന ചോദ്യമുണ്ട്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട ഉന്നാവ് പീഡനത്തിലെ ഇരയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ കത്തിച്ചു കൊന്നു കളഞ്ഞത് ഇതിന്റെ തലേന്നാണ്.

സാമൂഹ്യ വികസനസൂചികയിൽ ഏറെ മുന്നിലെന്നവകാശപ്പെടുന്ന കേരളത്തിന്റെ അവസ്ഥ നമുക്കറിയാം . പതിറ്റാണ്ടുകൾ മുമ്പു നടന്ന വിതുരക്കേസ്, അഭയക്കേസ് തുടങ്ങി വാളയാറിലെ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന കേസ് വരെ നമ്മുടെ മുന്നിലുണ്ട്. അധികാരവും സമ്പത്തും പിൻബലമായുള്ള കുറ്റവാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ നിയമം നടപ്പിലാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല. അതാണ് പൊലീസ് നടപടിയെ ന്യായീകരിക്കാൻ അവർ തയ്യാറാകുന്നത്.

ഈ ജനങ്ങളോട് ഗിരിപ്രഭാഷണം നടത്താൻ ശ്രമിക്കുന്ന ഭരണ കർത്താക്കളും രാഷ്ട്രീയ നേതക്കളും ഇടക്കെങ്കിലും ഒന്ന് കണ്ണാടി നോക്കി ആത്മവിമർശനം നടത്താൻ തയ്യാറാകേണ്ടതില്ലേ? ഏറെ ജനകീയ പ്രതിഷേധമുയർന്ന നിർഭയക്കേസിനെ തുടർന്ന് സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങൾ കർശനമാക്കിയിട്ടും കാര്യങ്ങളിൽ പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതെന്തുകൊണ്ട്? അത്തരമൊരവസ്ഥക്ക് കാരണക്കാരായവർ തന്നെ നിയമ നടനടപടിക്കു വേണ്ടി വാദിക്കുന്നതിലെ പൊള്ളത്തരം ജനങ്ങൾക്ക് മനസ്സിലാകുന്നു. ഉന്നാവിലെ ഇരയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച സിപിഎം നേതാവ് ബ്രിന്ദാ കാരാട്ട് പറഞ്ഞതത്രയും ശരി തന്നെ. പക്ഷെ സ്വന്തം പാർട്ടി ഭരിക്കുന്ന കേരളത്തിൽ വാളയാറിലെ ദളിത് പെൺകുട്ടികളെ കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാൻ അവരുടെ പാർട്ടിക്കാർ തന്നെ ഇടപെട്ടതിനെപ്പറ്റി അർത്ഥഗർഭമായ മൗനം പാലിക്കുന്നു. പീഡനക്കൊലപാതകക്കേസുകളിലെ പ്രതികളെ വെടിവച്ചു കൊന്നതിനെ വിമർശിക്കുന്നത് ശരി. പക്ഷെ മാവോയിസ്റ്റ് എന്ന ഒറ്റക്കുറ്റം ചുമത്തി ഒരു വിചാരണയും കൂടാതെ വ്യാജ ഏറ്റുമുട്ടൽ നാടകത്തിൽ ഏഴു പേരെ വെടിവച്ചു വീഴ്ത്തിയതിനെ ന്യായീകരിക്കുന്നു. അതുകൊണ്ടെല്ലാം തന്നെ ഇത്തരം നേതാക്കളുടെ പക്ഷപാതപരമായ നിലപാടിനെ ജനങ്ങൾ അംഗീകരിക്കില്ല.

ഭരണകൂടം മാറാൻ തയ്യാറാണോ എന്നതാണ് ചോദ്യം. പൊലീസിന് അമിതാധികാരം നൽകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ പാടില്ല എന്നതിനപ്പുറം ചില പ്രശ്നങ്ങൾ ഇതിലുണ്ട്. ഡോക്ടറെ ക്രൂരമായി കൊന്നത് ഇപ്പോൾ കൊല്ലപ്പെട്ട നാലു പേർ അല്ലായെങ്കിലോ? യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി പൊലീസിനെക്കൊണ്ട് ഇവരെ കൊല്ലിക്കുകയായിരുന്നെങ്കിലോ? നാം നടത്തുന്ന ആഹ്ളാദ പ്രകടനം വലിയൊരു തെറ്റായിരിക്കില്ലേ? അങ്ങനെയൊക്കെ സംഭവിക്കാവുന്ന ഒരു നാടാണല്ലോ നമ്മുടേത്.