വനിതാകമ്മീഷന്റെ നീതി നിർവ്വഹണത്തിൽ വിവേചനം വരുന്നത് എന്തുകൊണ്ടാണ് ?

240

CR Neelakandan എഴുതുന്നു

വനിതാ കമീഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അതിന്റെ ഹീനമായ ഭാഷ ശ്രദ്ധിക്കാതെ ഷെയർ ചെയ്ത എന്റെ നടപടി തെറ്റായിരുന്നു എന്നും എന്റെ തന്നെ നിലപാടുകൾക്കു വിരുദ്ധമാണെന്നും തിരിച്ചറിഞ്ഞതിനാൽ അത് നിരുപാധികം പിൻവലിക്കുന്നു. ആ പോസ്റ്റിൽ (എന്റെ മറ്റു പല പോസ്റ്റുകളിലും ) വന്ന് വിമർശനം നടത്തിയ സൈബർ കൂലി സഖാക്കൾ ഉന്നയിച്ച വിമർശനങ്ങളെ തീർത്തും അവഗണിക്കുന്നു. എം.എം മണി, എ വിജയരാഘവൻ , ജി.സുധാകരൻ തുടങ്ങിയവരുടെ ശിഷ്യന്മാരുടെ വാക്കുകൾ എങ്ങനെയായിരിക്കുമെന്ന് നമുക്കറിയാമല്ലോ.

എങ്കിലും സദുദ്ദേശത്തോടെ എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ എല്ലാവരോടുമുള്ള സ്നേഹ ബഹുമാനങ്ങൾ പരിഗണിച്ചാണിത്.

പക്ഷെ ചില വസ്തുതകൾ കൂടി പറയാതെ കഴിയില്ല. ഫിറോസ് എന്ന പടുമരത്തെ നന്മമരമാക്കിയ സാഹചര്യങ്ങൾ രാഷ്ട്രീയമായി വിലയിരുത്തപ്പെടണം.
സേവന മേഖലകളിൽ നിന്നും സർക്കാർ പിൻവാങ്ങുകയും പൊതുവഴി മുതൽ കുടിവെള്ളം വരെ പണം വാരാനുള്ള വഴിയാകുകയും ചെയ്തു. രോഗാതുരത വർദ്ധിക്കുകയും ചികിത്സ ചിലവേറിയതാകുകയും ആ മേഖല ഏറ്റവും ലാഭകരമായ വ്യാപാരമായി മാറുകയും ചെയ്തപ്പോൾ പരോക്ഷമായി ഈ വ്യാപാരികളെ സഹായിക്കാൻ പ്രത്യക്ഷത്തിൽ സാമൂഹ്യ സേവനമെന്ന മുഖപടമണിഞ്ഞ് രംഗത്തു വരുന്ന സംഘടനകളും വ്യക്തികളും സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ മറച്ചു പിടിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം സാമൂഹ്യ സേവന എൻജി ഒ കളെ എന്നെന്നും എതിർക്കുന്ന രാഷ്ട്രീയ പക്ഷമാണ് എന്റേത്. ഇത്തരം ഇടപാടുകളിലെ സാമ്പത്തികത്തട്ടിപ്പുകളുടെ കഥകൾ ഇപ്പോൾ പുറത്തു വരുന്നുമുണ്ട്.
പക്ഷെ ഒരു കാലത്ത് ഇതിനെയെല്ലാം രാഷ്ട്രീയമായി എതിർത്തിരുന്ന ഇടതുപക്ഷം ഇന്ന് ഒട്ടനവധി എൻജിഒ പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് ചരിത്രത്തിലെ തമാശ മാത്രം. ഇത്തരം എൻജിഓ നന്മ രാഷ്ട്രിയത്തിന്റെ യഥാർത്ഥ മുഖമാണ് ജസ്നക്കെതിരായി ഫിറോസ് നടത്തിയ രോഷ പ്രകടനം. അത് എല്ലാ സംസ്ക്കാര സീമകളും ലംഘിക്കുന്നതും സ്ത്രീകൾക്കു മാത്രമല്ല കേരളീയ സമൂഹത്തിനാകെ തന്നെയും അപമാനകരവുമാണ്. വേശ്യ തുടങ്ങിയ സ്ത്രീ വിരുദ്ധ പ്രയോഗങ്ങൾക്ക് തന്നെ അർത്ഥമില്ലാതാകുന്ന കാലമാണിത്. മാത്രവുമല്ല മതത്തേയും പ്രവാചകനേയും ഉദ്ധരിച്ചു കൊണ്ട് സ്വന്തം വികല ബോധത്തേയും നിലപാടുകളേയും ന്യായീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തതിലൂടെ വനിതാ കമീഷന്റെ ചുമതലയാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്.
നിയമപരമായ ബാദ്ധ്യതകൾ നിറവേറ്റുന്നതിന് ആരെയെങ്കിലും അഭിനന്ദിക്കേണ്ടതില്ല എന്നതാണ് യാഥാർത്‌ഥ്യം . എന്നാൽ ഇപ്പോൾ അത് ഒരു അപൂർവ്വ സംഭവമാകുന്നു എന്നതിനാലാണ് ഞാനും ഇതിൽ സന്തോഷിക്കുന്നത്. ഇതിന്റെ ഫലമായി അവർക്കെതിരെ ഏതു വിമർശനമോ എതിർപ്പോ ഉണ്ടായാലും ഞാൻ നീതി നിർവ്വഹിക്കുന്നവർക്കൊപ്പമാണ്. അതുകൊണ്ടു തന്നെ അവരെ ഇക്കാര്യത്തിൽ അപമാനിക്കാൻ നടക്കുന്ന ശ്രമങ്ങളെ പരോക്ഷമായെങ്കിലും സഹായിച്ചതിൽ കുറ്റബോധം ഉണ്ട്.
സ്ത്രീ നീതിയടക്കമുള്ള സാമൂഹ്യ നീതിയുടെ വിഷയത്തിൽ വ്യക്തിപരമായ . ഈഗോക്കും എന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും ഞാൻ ഒരു പരിഗണനയും നൽകാറില്ല. ഒരു ഉദാഹരണം മാത്രം പറയാം. സി പി എം സഖാക്കളുടെ നിശിത വിമർശനങ്ങൾ അവഗണിച്ചു കൊണ്ട് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ. വി എസിനു വേണ്ടി മലമ്പുഴയിൽ പ്രചരണം നടത്താൻ ചെന്ന സമയത്താണ് എതിർ സ്ഥാനാർത്ഥിക്കെതിരെ അദ്ദേഹം മോശപ്പെട്ട ഒരു പരാമർശം നടത്തിയത്. അന്നു വൈകീട്ട് നടന്ന ചാനൽ ചർച്ചയിൽ ആ പരാമർശത്തെ പരസ്യമായി ഞാൻ വിമർശിച്ചതിനു സാക്ഷി അതി നിരയായ വനിതാ സ്ഥാനാർത്ഥി തന്നെയാണ്.
ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിനനുകൂലമായി നിന്നപ്പോഴും കെ സുധാകരന്റെ പരാമർശം തെറ്റാണെന്നു പറയാൻ ഞാൻ മടിച്ചിട്ടില്ല.

എന്നാൽ കമീഷന്റെ ഈ നീതി ബോധം ചിലപ്പോൾ മാത്രം ഉണരുകയും അവർ പ്രവർത്തിക്കേണ്ട ഒട്ടനവധി സന്ദർഭങ്ങളിൽ അതു കാണാതിരിക്കുകയും ചെയ്യുന്നതിനെ അവഗണിക്കാൻ കഴിയില്ല. കാരണം കമിഷൻ പ്രവർത്തിക്കുന്നത് എൻജിഒ കളെപ്പോലെ സ്വകാര്യ ഫണ്ട് കൊണ്ടല്ല സർക്കാർ പണം കൊണ്ടാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. അതുകൊണ്ടു തന്നെ വിവേചനം കുറ്റകരമാണ്. അത്തരം വിവേചനങ്ങളുടെ അടിസ്ഥാനം വ്യക്തി – ജാതി-മത കക്ഷി രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളാകുമ്പോൾ അത് അധികാര ദുർവ്വിനിയോഗമാകുന്നു , ഭരണഘടനാ ലംഘനമാകുന്നു. ആ പദവിക്കവർ അനർഹരാകുന്നു.

അവരുടെ
വിവേചനത്തിന് ഒട്ടനവധി ഉദാഹരണങ്ങൾ പറയാനാകും. പെമ്പിളൈ ഒരുമക്കെതിരെ എം എം മണി പറഞ്ഞ ഹീന വാക്കുകൾ കേട്ട് ഇവർ ആസ്വദിച്ചുവോ?
ജിഷ്ണു എന്ന സ്വന്തം മകൻ നഷ്ടപ്പെട്ട വേദന അധികാരികളെ അറിയിക്കാൻ വന്ന അമ്മയേയും കൂടെയുള്ള സ്ത്രീ പുരുഷന്മാരേയും മർദ്ദിക്കുകയും വലിച്ചിഴക്കുകയും പലരേയും തടവിലിടുകയും ചെയ്തപ്പോൾ കമീഷൻ ഉറക്കത്തിലായിരുന്നോ?
സ്വന്തം ജീവനു തന്നെ ഭീഷണിയാകുന്ന പുതുവൈപ്പ് ഐ ഒ സി പദ്ധതിക്കെതിരെ സഹന സമരം നടത്തിയ സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി പലവട്ടം മർദ്ദിച്ചത് സ്വന്തം നാട്ടിലായിട്ടും ഇവർ അറിഞ്ഞില്ല.
ലോക ചരിത്രത്തിൽ തന്നെ ഒരു മഹത്തായ സ്ത്രീമുന്നേറ്റമായി മാറിയ ആഴ്ചകൾ നീണ്ട കന്യാസ്ത്രീ സമരം നടന്ന ഹൈക്കോടതിക്കടുത്ത വേദിയെ പറ്റി ഇവർ ഒന്നും കേട്ടില്ലേ? അതിനു മുന്നിലൂടെ എത്ര വട്ടം ഇവർ പോയിക്കാണും ? ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തെ എത്ര പുച്ഛത്തോടെയാണ് ഇവർ അവഗണിച്ചത്?
ഇപ്പോൾ സിസ്റ്റർ ലൂസി കളപ്പുരക്കലിനെ തെരുവിലെറിഞ്ഞിട്ടും കമീഷൻ മൗനം തന്നെ.

ഏറെ ചർച്ച ചെയ്യപ്പെട്ട പാലക്കാട് എം എൽ എ പീഡനത്തിൽ തീരുമാനമെടുക്കാൻ പാർട്ടി കമ്മിറ്റിയെ അനുവദിച്ചു. പരാതി കിട്ടാതെയും നടപടി സ്വീകരിക്കാൻ കമീഷനു കഴിയുമെന്ന കാര്യം ഇപ്പോൾ മാത്രമാണോ ഓർമ്മ വന്നത്?
അതുപോലെ രമ്യാ ഹരിദാസിനെതിരെയും ഇപ്പോൾ ഷാനിമോൾ ഉസ്മാനെതിരേയുമെല്ലാമുണ്ടായ പരാമർശങ്ങൾ സ്ത്രീ നീതിയുടെ ലംഘനങ്ങളല്ലേ?

ഏതു കുറ്റവാളിക്കെതിരെ നടപടി വരുമ്പോഴും സ്ഥിരം ഉന്നയിക്കുന്ന ഒഴികഴിവല്ല ഇത്. ഫിറോസ് നിയമപരമായി ശിക്ഷിക്കപ്പെടണം. മറ്റൊരാളും ഇനി ഇതിന് ധൈര്യപ്പെടരുത്.
എന്നാൽ നീതി നിർവ്വഹണത്തിൽ വിവേചനം വന്നാൽ , ചിലരെല്ലാം ഒഴിവാക്കപ്പെടുമെന്നു വന്നാൽ അതു നീതിനിഷേധം തന്നെയാകും.

Advertisements