ക്രിക്കറ്റിലെ ടോസ്സിന്റെ ചരിത്രം എന്താണ് ? സാധാരണ നാണയങ്ങളാണോ ക്രിക്കറ്റ് ടോസ്സിന് ഉപയോഗിക്കുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

ഒരു ക്രിക്കറ്റ്‌ മത്സരത്തിന് അരങ്ങുണരുമ്പോൾ കാണികളുടെ മനസിലേക്ക് അലയടിക്കുന്ന ആദ്യ പടിയാണ് ടോസ്.ഒരു ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന്റെ അരമണിക്കൂർ മുൻപാണ് ടോസ്സ് നിശ്ചയിക്കുന്നത്.പ്രഫഷണൽ ക്രിക്കറ്റിൽ അല്ലെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ പല സന്ദർഭങ്ങളിലും ടോസ് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ്. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും ടോസ്സ് നേടുന്ന ടീമിന് ഒരു പ്രയോജനം ഉണ്ടായിരിക്കും. ആധുനിക ക്രിക്കറ്റിൽ പ്രകടനത്തോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രധാന ഘടകം ആണ് ടോസ്സ് . പ്രത്യേകിച്ചും ഉപഭൂഖണ്ഡങ്ങളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും, ഏകദിന മത്സരങ്ങളിലും ടോസ്സിന് വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

1744 ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട നിയമങ്ങളിൽ ടോസ്സ് നേടിയ ടീമിന് ഏത് പിച്ച് തിരഞ്ഞെടുക്കണം എന്ന അധികാരവും അതിനു പുറമെ ആദ്യം ബാറ്റ് ചെയ്യണോ ? ഫീൽഡ് ചെയ്യണോ ?എന്ന് തിരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ 30 വർഷങ്ങൾക്ക് ശേഷം അതായത് 1774 ൽ ഈ രീതി മാറ്റി പിച്ച് തിരഞ്ഞെടുക്കുന്നതും ആദ്യം ബാറ്റ് ചെയ്യണോ വേണ്ടെയോ എന്ന അധികാരം സന്ദർശക ടീമിന് നൽകി.1809 മുതലാണ് ഇന്ന് കാണുന്ന ടോസ്സ് നിയമം വന്നത് . ടോസ്സ് ലഭിക്കുന്ന ടീമിന് ആദ്യം ബാറ്റ് ചെയ്യണോ അല്ലെങ്കിൽ ഫീൽഡ് ചെയ്യണോ എന്നത് ടോസ് നേടുന്ന ക്യാപ്റ്റന്റെ അധികാരമായത്…

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ചു എന്ന റെക്കോർഡ് ഇപ്പോഴും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിന്റെ പേരിലാണ്.2003 മുതൽ 2014 വരെ 109 ടെസ്റ്റ് മത്സരങ്ങളിൽ ഗ്രെയിം സ്മിത്ത് സൗത്താഫ്രിക്കൻ ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 60 ടോസ്സുകൾ ആണ് ഗ്രെയിം സ്മിത്ത് വിജയിച്ചത്.രാജ്യാന്തര ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ചു എന്ന റെക്കോർഡ്. 220 ഏകദിന മത്സരങ്ങളിൽ റിക്കി പോണ്ടിംഗ് ഓസ്ട്രേലിയയുടെ ഏകദിന ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 124 ടോസ്സുകൾ പോണ്ടിംഗ് വിജയിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ എല്ലാ ഫോർമാറ്റിൽ നിന്നും ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ച നായകൻ എന്ന റെക്കോർഡ് ഇപ്പോഴും റിക്കി പോണ്ടിംഗിന്റെ പേരിൽ തന്നെയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമായി പോണ്ടിംഗ് 320 മത്സരങ്ങളിൽ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി. അതിൽ 170 ടോസ്സുകളും പോണ്ടിംഗ് വിജയിച്ചു.

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ച (60) ക്യാപ്റ്റനും, ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ട (49) ക്യാപ്റ്റനും ഗ്രെയിം സ്മിത്താണ്.ഏകദിനത്തിൽ ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ടു എന്ന റെക്കോർഡിന് ഉടമ മുൻ കിവീസ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിംങ്ങാണ്. 1997 മുതൽ 2007 വരെ സ്റ്റീഫൻ ഫ്ളെമിംങ്ങ് കിവീസ് ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 112 ടോസ്സുകളാണ് ഫ്ളെമിംങ്ങിന് നഷ്ടമായത്.ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ട ക്യാപ്റ്റനും സ്റ്റീഫൻ ഫ്ളെമിംങ്ങ് തന്നെയാണ് 156 ടോസ്സുകൾ.

ടോസ്സിനായി ഉപയോഗിക്കുന്ന നാണയം സാധാരണയായി നിക്കൽ അല്ലെങ്കിൽ അലോയ്ഡ് ലോഹത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.സാധാരണയായുള്ള ഒരു ക്രിക്കറ്റ് പരമ്പരയിൽ ഹോം ടീമുകളുടെ കറൻസി തന്നെയാണ് ടോസ്സിനായി ഉപയോഗിക്കുന്നത്.എന്നിരുന്നാലും, ചില പ്രത്യേക നാണയങ്ങൾ ടോസ്സിന് ഉപയോഗിക്കാറുണ്ടായിരുന്നു .അവയിൽ ചിലതിനെ പറ്റി സൂചിപ്പിക്കാം.

⚡നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ 146-ാം ജന്മവാർഷിക ദിനത്തിൽ ബിസിസിഐ മഹാത്മാഗാന്ധി യുടെയും, നെൽസൻ മണ്ടേലയുടെയും ചിത്രങ്ങൾ ലോഹത്തിൽ പതിപ്പിച്ച ടോസ്സ് നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി. അതിൽ നാണയത്തിന്റെ Heads ഭാഗത്ത് നെൽസൻ മണ്ടേലയും ,മഹാത്മ ഗാന്ധിയും, Tail ഭാഗത്ത് Freedom Series എന്നുമാണ് ഉണ്ടായിരുന്നത്. ഇന്ത്യയും, സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന ,ടെസ്റ്റ്, ട്വന്റി ട്വന്റി പരമ്പരകൾക്കാണ് ഈ പ്രത്യേകതരം നാണയങ്ങൾ ഉപയോഗിച്ചത്.
മഹാത്മാഗാന്ധിക്കും, നെൽസൻ മണ്ടേലക്കും ഉള്ള ആദരകസൂചകമായി 2015 ൽ ബിസിസിഐ, ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേർന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരകൾക്ക് Freedom Series എന്ന് നാമകരണം ചെയ്തു.

⚡ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിന്റെ 199th ടെസ്റ്റ് മത്സരത്തിന് CAB 10 ഗ്രാം ഉള്ള സ്വർണ്ണ ടോസ്സ് നാണയം പുറത്തിറക്കിയിരുന്നു. അതിൽ Heads ഭാഗത്ത് സച്ചിന്റെ മുഖ ചിത്രം ആണ് ഉപയോഗിച്ചത്. സച്ചിന്റെ 200th ടെസ്റ്റ് മത്സരത്തിന് ഉപയോഗിച്ചതും MCA പുറത്തിറക്കിയ സച്ചിന്റെ മുഖം പതിപ്പിച്ച പ്രത്യേക സ്വർണ നാണയമായിരുന്നു.

⚡ഐ പി എൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ എന്നീ പ്രധാനപ്പെട്ട ആഭ്യന്തര – രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകൾക്കും പ്രത്യേക ടോസ്സ് നാണയങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട് .
141 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് പാരമ്പര്യത്തിന് ടോസിന് പകരം ഇപ്പൊൾ പല രീതികളും പരീക്ഷിക്കുന്നുണ്ട്. അതിൽ ഒന്നാണ് ടോസ് നാണയത്തിന് പകരം ബാറ്റ് ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയന്‍ ട്വന്റി 20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ടോസിടാന്‍ പരമ്പരാഗതമായ നാണയ രീതിക്ക് പകരം ഉപയോഗിച്ചത് ക്രിക്കറ്റ് ബാറ്റായിരുന്നു . ബ്രിസ്‌ബെയ്ന്‍ ഹീറ്റും , അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിൽ ആദ്യമായി ടോസിനായി നാണയത്തിനു പകരം ബാറ്റ് ഫ്ലിപ്പ് രീതി ഉപയോഗിച്ചു.

പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിടാന്‍ ഉപയോഗിക്കുന്നത്. ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റിന്റെ നിര്‍മാണം. പ്രത്യേകമായി തയ്യാറാക്കുന്ന ബാറ്റിന്റെ രൂപകല്പനയും , നിര്‍മാണവും പ്രശസ്ത ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളായ കൂക്കാബുറയെയാണ് ഏല്‍പ്പിച്ചിരുന്നത്.
ആ മത്സരത്തില്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനാണ് ബാറ്റ് ഫ്ലിപ്പ് ചെയ്തത്. നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുന്നത്. ഹെഡോ ടെയിലോ എന്നതിനു പകരം ഹില്ലോ , ഫ്ലാറ്റോ ആണ് ക്യാപ്റ്റന്‍മാര്‍ വിളിക്കേണ്ടത്. ബാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന വശമാണ് ഫ്ലാറ്റ്. മറുവശം ഹില്ലും.

ബീച്ച് ക്രിക്കറ്റില്‍ സാധാരണമായ രീതിയാണ് ബാറ്റ് ഉപയോഗിച്ച് ടോസിടുക എന്നത്. ബീച്ച് ക്രിക്കറ്റില്‍ കളിക്കുന്ന ബാറ്റ് തന്നെയാണ് ടോസിടാനും ഉപയോഗിക്കുക. നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ബ്ലേഡോ അതോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുക.
കളിക്ക് മുന്‍പുള്ള ടോസ് പലപ്പോഴും പലരും കാണാന്‍ ശ്രമിക്കാറില്ല. ഇതിന് ഒരു മാറ്റം വരുത്താനായുള്ള പരീക്ഷണങ്ങളും ചെയ്യുന്നുണ്ട്. ഗ്രൗണ്ടിൽ ലഭ്യമായ സ്പൈഡർ ക്യാമറകളിലൂടെ സൂം ചെയ്ത് ടോസ് ഫലം ആരാധകരെ കാണിച്ച് ക്രിക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. ടോസിനിടെ മാച്ച് റഫറി മാത്രമാണ് നാണയം ഗ്രൗണ്ടിൽ വീണതിനു ശേഷം ടോസിന്റെ ഫലം പ്രഖ്യാപിക്കുന്നത്. ടോസിന്റെ വിശ്വാസ്യതയെ സംശയിക്കുന്ന ചില ആരാധകർ പലപ്പോഴും ഈ രീതിയെ വിമർശിച്ചിട്ടുണ്ട്.

നാണയം ഉപയോഗിച്ചുള്ള ടോസിങിന് പകരം ട്വിറ്റർ പോളിലൂടെ ആരാധകരുടെ അഭിപ്രായത്തിന് അനുസരിച്ചു ടോസ് നിശ്ചയിക്കുന്ന രീതിയും ഐസിസി ആലോചിക്കുന്നുണ്ട്. ഏത് ടീം ആദ്യം ബാറ്റുചെയ്യണമെന്ന് ആരാധകർക്ക് ട്വിറ്ററിലൂടെ നിർദ്ദേശിക്കാം. കാലം മാറുന്നതിന് അനുസരിച്ച് കളിയുടെ കോലം മാറ്റാനുള്ള ആലോചനയുടെ ഭാഗമായാണ് വിപ്ലവകരമായ ഈ തീരുമാനങ്ങൾ ഐസിസി കൈക്കൊള്ളുന്നത്.

You May Also Like

പനകളുടെ മുകളിലും മറ്റും മൊബൈല്‍ ടവറുകൾ , ഈ രീതി നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതല്ലേ?

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള വിദേശ രാജ്യങ്ങളിൽ പനകളുടെ മുകളിലും മറ്റും മൊബൈല്‍ ടവറുകൾ കാണാം.…

ഒരു വിസയും ഗ്രീൻ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ് ? അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2018-ൽ മാത്രം 666,582 പേർ യുഎസിൽ വിസ കാലാവധി…

ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം !

ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം ! Sreekala Prasad പണ്ടത്തെ ആചാരങ്ങളനുഷ്ടാനങ്ങളെല്ലാം…

മലയാള ഭാഷയിൽ ഇന്ന് ഉപയോഗിക്കാത്ത മൂന്ന് അക്ഷരങ്ങൾ

മലയാള ഭാഷയിൽ ഇന്ന് ഉപയോഗിക്കാത്ത മൂന്ന് അക്ഷരങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി ൠ:മലയാള അക്ഷരമാലയിലെ…