തകര്‍ക്കപ്പെടുന്ന സ്ത്രീത്വവും കളങ്കപ്പെടുന്ന സംസ്കാരവും

291

1

കുറ്റവും ശിക്ഷയും

കുറച്ചുകാലം മുമ്പ് ഒരു ഗള്‍ഫ് രാജ്യത്തില്‍ നടന്ന ഒരു സംഭവ പരമ്പരയുടെ വീഡിയോ കാണുവാന്‍ ഇടയായി. പല മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് പലര്‍ എടുത്ത വീഡിയോകള്‍ കൂട്ടി യോജിപ്പിച്ച ഒന്നായിരുന്നു അത്. നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കി കൊന്നതിനു ശേഷം അവളുടെ തല വെട്ടിയെടുത്ത് അത് തട്ടിക്കളിക്കുന്നത് വരെയാണ് ഒന്നാം ഭാഗം. ആ ദൃശ്യങ്ങള്‍ കുറ്റവാളികള്‍ തന്നെ അവരുടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയവയാണ്. രണ്ടാം ഭാഗത്ത്, അവരെ ശിക്ഷക്ക് വിധിക്കുന്നതും, പരസ്യമായി തൂക്കിക്കൊല്ലുന്നതുമാണ് അടങ്ങിയിരിക്കുന്നത്. ആ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികളായ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അവ. അവിടത്തെ പതിവ് ശൈലി അനുസരിച്ച് പ്രാകൃതമായ രീതിയില്‍ പരസ്യമായി നടപ്പാക്കിയ ആ വധശിക്ഷയുടെ ദൃശ്യങ്ങള്‍ നമ്മില്‍ ചില ചിന്തകള്‍ക്ക് കളമൊരുക്കാന്‍ പര്യാപ്തമായവയാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട ആ നാലുപേരുടെ പ്രതികരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. മാരുതി ജിപ്സി പോലുള്ള നാല് വണ്ടികളുടെ മുകളില്‍ കയറ്റി നിര്‍ത്തി കഴുത്തില്‍ കുടുക്കിട്ട് നിര്‍ത്തിയിരിക്കുന്ന അവരുടെ മുഖത്ത് യാതൊരു ഭാവഭേദവും ദൃശ്യമായിരുന്നില്ല. മരിക്കുവാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും പരിഭ്രമമോ, ഭയമോ, ദുഃഖമോ അവരില്‍ ആരുടേയും മുഖത്ത് കാണാന്‍ കഴിയുമായിരുന്നില്ല. മറിച്ച്, സ്വാഭാവികമായതെന്തോ സംഭവിക്കുന്നത്‌ കാണാനെന്നവണ്ണം ചുറ്റും നില്‍ക്കുന്ന ജനങ്ങളുടെതിന് സമാനമായ നിര്‍വ്വികാരതയാണ് അവരിലും കാണപ്പെട്ടത്.

ശിക്ഷയെ ഭയക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയുടെ വ്യത്യസ്ഥമായ ഒരു ദൃശ്യമാണ് ഈ സംഭവത്തില്‍ വ്യക്തമാകുന്നത്. ശിക്ഷയുടെ തീവ്രത കുറ്റം ചെയ്യാനുള്ള പ്രവണതയില്‍നിന്നും ഒരാളെ തടയും എന്ന് ഒരു നിയമവ്യവസ്ഥിതിക്കും ഇന്നോളം ഉറപ്പ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഒരു വിപരീത പ്രതിഭാസത്തിന്‍റെ സാധ്യതകൂടിയാണ്. അതായത്, ശിക്ഷാവിധിയും, നിയമങ്ങളും കൂടുതല്‍ കര്‍ശനമായിരിക്കുന്ന വ്യവസ്ഥിതികളില്‍ ക്രൈം വര്‍ദ്ധിക്കുന്നു! ഈ വസ്തുത വെളിപ്പെടുത്തുന്നത് മേല്‍പ്പറഞ്ഞ രാജ്യത്തെ അനുഭവങ്ങള്‍ മാത്രമല്ല. ശിക്ഷാവിധികളുടെ കാര്‍ക്കശ്യം അനുസരിച്ച് മറ്റേതൊരു രാജ്യത്തിലെ ക്രൈംറേറ്റ് പരിശോധിച്ചാലും വ്യക്തമാകുന്ന കാര്യമാണ് ഇത്. ഇന്ന് ഏറ്റവും കൂടുതല്‍ വധശിക്ഷ വിധിക്കപ്പെടുന്ന മൂന്ന് രാജ്യങ്ങള്‍ ചൈന, ഇറാന്‍, സൗദിഅറേബ്യ തുടങ്ങിയവയാണ്. നൂറുകണക്കിന് പേര്‍ പ്രതിവര്‍ഷം അവിടെ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു. മേല്‍പ്പറഞ്ഞതുപോലെ അല്ല സംഭവിക്കുകയെങ്കില്‍, ഈ രാജ്യങ്ങളില്‍ തന്നെ ഒരു വര്‍ഷം വധശിക്ഷക്ക് വിധിക്കപ്പെടുന്നവരുടെ എണ്ണം തലേവര്‍ഷത്തെതിനെക്കാള്‍ കുറയുമായിരുന്നു. എന്നാല്‍, അവിടെ പ്രതിവര്‍ഷം നടപ്പാക്കപ്പെടുന്ന വധശിക്ഷകളുടെ എണ്ണം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മനുഷ്യ മനശ്ശാസ്ത്രത്തിന്‍റെ പാതയില്‍ വിശകലനം ചെയ്‌താല്‍ മേല്‍പ്പറഞ്ഞ കാര്യം ഒരു പുതിയ കണ്ടെത്തലല്ല എന്ന് വ്യക്തമാകും. പിറന്നുവീഴുന്നത് മുതല്‍ ഓരോ കുഞ്ഞിന്‍റെയും സ്വഭാവരീതികള്‍ വീക്ഷിച്ചാലും ഈ വസ്തുത വ്യക്തമാണ്. അധികം ശിക്ഷിച്ചു എന്നതുകൊണ്ടോ, കര്‍ശനമായ നിയമങ്ങള്‍ നല്‍കി എന്നത് കൊണ്ടോ ഒരു കുട്ടിയും സല്‍സ്വഭാവിയായി മാറി എന്ന് വിലയിരുത്തപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. എന്നുവച്ച്, നിയമങ്ങളും, ശിക്ഷകളും അനാവശ്യമാണ് എന്ന് അര്‍ത്ഥമില്ല. ഒരാളെ ഒരു പ്രത്യേക മാനസിക ദൌര്‍ബ്ബല്യത്തിലോ കുറ്റവാസനയിലോ അകപ്പെടുത്തുന്നത് ഒരിക്കലും നിയമങ്ങളുടെ അഭാവമോ, ശിക്ഷയുടെ കാഠിന്യക്കുറവോ ആയിരിക്കില്ല. അതിന് വ്യക്തമായ ഒന്നോ അതിലധികമോ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.
അടുത്ത കാലത്തായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും, തുടര്‍ച്ചയായി അരങ്ങേറപ്പെടുന്നവയുമാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍. രണ്ടര വയസ് പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍, വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഈ നാട്ടില്‍ പതിവായിരിക്കുന്നു. കുറച്ചുകാലം മുമ്പ് വരെ ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രധാന പ്രഭവ സ്ഥാനം കേരളമായിരുന്നുവെങ്കില്‍, ഇന്ന് ആ സ്ഥാനം ഡല്‍ഹി കയ്യടക്കിയിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. പൈശാചികമായ ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണങ്ങളും സാമൂഹിക പ്രതിഷേധങ്ങളുടെ വേലിയേറ്റവും വാര്‍ത്തകളും, പ്രധാന ചര്‍ച്ചാവിഷയങ്ങളായി മാറുന്നു. കുറ്റവാളികള്‍ക്ക് നിര്‍ബ്ബന്ധമായും വധശിക്ഷ ലഭിക്കണം എന്ന ശക്തമായ ആവശ്യം സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍നിന്നും ഒരുപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അപ്രകാരം നടപ്പാക്കപ്പെട്ടാല്‍, ഭാരതത്തില്‍ വര്‍ഷങ്ങളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി മാത്രം നടക്കുന്ന മരണശിക്ഷ പതിവ് സംഭവമായി മാറിയേക്കും. വലിയ കാലതാമസം കൂടാതെതന്നെ എണ്ണത്തില്‍ നാലാം സ്ഥാനമെങ്കിലും നേടുവാനും നമുക്ക് കഴിഞ്ഞേക്കും.

അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരാനിടയുള്ള ചില ചോദ്യങ്ങളുണ്ട്. ഇത്തരത്തില്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മറ്റെന്തു ശിക്ഷ നല്‍കിയാല്‍ മതിയാവും? (പ്രത്യേകിച്ചും തികച്ചും ഭീകരമായി ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ വിചാരണ നേരിടുന്ന ഈ അവസരത്തില്‍).).,) പിന്നെ, മാതൃകാപരമായ ശിക്ഷ നല്‍കപ്പെട്ടില്ലെങ്കില്‍ വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലേ? ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം ചെയ്ത ഒരാള്‍ വീണ്ടും സമൂഹത്തിലേക്ക് ഇറങ്ങിയാല്‍ അയാള്‍ ഇവ ആവര്‍ത്തിക്കുകയില്ലേ? ഇത്തരത്തില്‍ അനേകം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായേ മതിയാവൂ.

Advertisements