കൈപ്പത്തിയ്ക്കു പിന്നിലെ കൊലപാതകം

151
“കൈപ്പത്തിയ്ക്കു പിന്നിലെ കൊലപാതകം“
രചന: ബിജുകുമാർ ആലക്കോട്.
2017 ജൂൺ 28.
കാലവർഷക്കാറ്റും മഴയും ചേർന്നു മടുപ്പിയ്ക്കുന്നൊരു ദിനം. കടലിൽ തിരകൾ കലിതുള്ളുന്നു. തെക്കുപടിഞ്ഞാറുനിന്നും കരിപോലെ കറുത്ത മഴക്കാറുകൾ പിന്നെയും പിന്നെയും തീരം ലക്ഷ്യമാക്കി വരുന്നു. അപ്പോൾ, കോഴിക്കോട് ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ ഫോൺ തുടർച്ചയായി റിംഗ് ചെയ്തു തുടങ്ങി.
റിസപ്ഷനിൽ ഇരുന്ന പൊലീസ് ഓഫീസർ റിസീവറെടുത്തു.
“സാർ ഇവിടെ ചാലിയം കടപ്പുറത്ത് ഒരു മനുഷ്യന്റെ കൈപ്പത്തി അടിഞ്ഞിട്ടുണ്ട്.” ഇത്രയും പറഞ്ഞ് കോൾ കട്ടായി. മടുപ്പിയ്ക്കുന്ന കാലാവസ്ഥയെങ്കിലും കർത്തവ്യബോധത്തിന്റെ പ്രേരണയാൽ ഒരു പൊലീസ് ജീപ്പ് ചാലിയം കടപ്പുറത്തേയ്ക്ക് തിരിച്ചു.
ചാലിയാർ പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത്, ചാലിയം കൈതവളപ്പിൽ കുറച്ചു പേർ നിൽപ്പുണ്ട്. അവിടെ ജീർണാവസ്ഥയിലായ ഒരു വലതു കൈപ്പത്തി കിടപ്പുണ്ടായിരുന്നു.
പൊലീസ് നടപടികൾ ആരംഭിച്ചു. കണ്ടുകിട്ടിയ കൈപ്പത്തിയുടെ ഫോട്ടോകൾ എടുത്തു. ഫോറെൻസിക് വിഭാഗം ഫിംഗർ പ്രിന്റുകൾ ശേഖരിയ്ക്കാൻ ശ്രമിച്ചു. എന്നാൽ ജീർണസ്ഥിതിയിലായതിനാൽ അവ അത്ര വ്യക്തമായിരുന്നില്ല. ആളെ തിരിച്ചറിയുന്നതിനായി ഡി.എൻ.എ. പരിശോധനകൾ നടത്തുന്നതിനു വേണ്ടി കൈപ്പത്തി കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജിലേയ്ക്കയച്ചു.
ഈ സംഭവത്തിൽ, ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണങ്ങൾ നടത്തിയതിലൊന്നും യാതൊരു തെളിവും കിട്ടിയില്ല.
നാലുദിവസങ്ങൾ കഴിഞ്ഞപ്പോൾ ചാലിയം കടപ്പുറത്തു നിന്നും വീണ്ടും പൊലീസിനു വിളിയെത്തി. ഇത്തവണ ഒരു ഇടതുകൈപ്പത്തിയാണു തീരത്തടിഞ്ഞിരിയ്ക്കുന്നത്. അതിനു പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു.
ആരുടെയാണിവ, എന്താണു സംഭവിച്ചത്, എവിടെ നിന്നാണിവ എന്നീകാര്യങ്ങളിലൊന്നും യാതൊരു വ്യക്തതയുമില്ലാത്തതിനാൽ അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. എങ്കിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും വിവരം അറിയിച്ചിരുന്നു.
അഞ്ചുദിവസങ്ങൾ കഴിഞ്ഞു.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലാണു മുക്കം. മനോഹരമായ പ്രദേശം. അവിടെയാണു, കുമാരനല്ലൂർ എസ്റ്റേറ്റ്. അതിന്റെ സമീപത്തുകൂടെ തടപറമ്പ് റോഡ്. റോഡിന്റെ ഒരു സൈഡ് കൊക്കയാണ്. സുന്ദരമായ മലയോരക്കാഴ്ച നൽകുന്ന അവിടം പക്ഷേ, സാമൂഹ്യവിരുദ്ധർക്ക് മാലിന്യം നിക്ഷേപിയ്ക്കാനുള്ള സൌകര്യപ്രദമായ സ്ഥലം കൂടിയായിരുന്നു. കോഴിവേസ്റ്റുകളും അറവുമാലിന്യങ്ങളും രാത്രിയുടെ മറവിൽ കൊണ്ടുവന്നു തട്ടിയിട്ടു പോകും ഇക്കൂട്ടർ. ആയതിനാൽ തന്നെ ആ വഴി കടന്നുപോകുന്നവർക്കെല്ലാം കടുത്ത ദുർഗന്ധം സഹിയ്ക്കേണ്ടി വന്നിരുന്നു.
മനോഹരമായ പ്രകൃതിയെ ഇവ്വിധം മലിനപ്പെടുത്തുന്നതിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാർ സംഘടിച്ചു. അവരുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മയുണ്ട്. ഒരു ദിവസം അവരെല്ലാം ഒത്തുചേർന്നു, നാട്ടുകാരിൽ ചിലരെയും കൂടെ കൂട്ടി. മാലിന്യനിക്ഷേപത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ഒപ്പം അവിടെ കുന്നുകൂടിക്കിടന്ന ജൈവമാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തനം തുടങ്ങുകയും ചെയ്തു.
പ്ലാസ്റ്റിക് കൂടുകളിലും മറ്റും ഓരോ ആൾക്കാർ കൊണ്ടുവന്നു തട്ടിയ ജൈവമാലിന്യങ്ങൾ ചീഞ്ഞഴുകി ഈച്ചയാർത്തു കിടക്കുകയാണ്. അതൊക്കെ പെറുക്കി മാറ്റി സംസ്കരിയ്ക്കാൻ അസാമാന്യ സാമൂഹ്യബോധമുള്ളവർക്കേ കഴിയൂ.
അങ്ങനെ ഈ പ്രവർത്തനങ്ങൾ നടക്കവേ സാമാന്യം വലുപ്പമുള്ള ഒരു ചാക്കു കെട്ട് അവർ കണ്ടെത്തി. ചാക്കിന്റെ രൂപഭാവങ്ങളിൽ, അതു കോഴിവേസ്റ്റോ അറവുമാലിന്യമോ ആണെന്നു തോന്നിയില്ല. കാട്ടുപന്നിയോ മറ്റോ ആവാം. പ്രകൃതിസ്നേഹം വല്ലാതെ കൂടിയ ആരോ അതു തുറന്നു നോക്കി. ഒരു മനുഷ്യശരീരത്തിന്റെ ഉരസ്സ് (മധ്യഭാഗം), ലിംഗം ഇതൊക്കെയാണു അതിലുണ്ടായിരുന്നത്..!
ചാലിയം കടപ്പുറത്തു നിന്നും ഏതാണ്ട് അൻപത്തഞ്ചു കിലോമീറ്റർ അകലെയാണു മുക്കം. ചാലിയാർ പുഴയുടെ ഒരു പോഷകനദിയായ, ഇരുവഞ്ഞിപ്പുഴ മുക്കത്തുകൂടിയാണു ഒഴുകുന്നത്. പൊലീസിനു കാര്യങ്ങളുടെ കിടപ്പിന്റെ ഏതാണ്ടൊരു വശം കിട്ടി. ആരെയോ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി. അതിന്റെ ഒരു ഭാഗം കുമാരനല്ലൂർ എസ്റ്റേറ്റിനു സമീപം ഈ ഭാഗത്തു നിന്നു മാലിന്യനിക്ഷേപ സ്ഥലത്തേയ്ക്കു എറിഞ്ഞു. രണ്ടുകൈകളും ഇരുവഞ്ഞിപ്പുഴയിലുമെറിഞ്ഞു. ബാക്കി ഭാഗങ്ങളും ഇതുപോലെ എവിടെയോ ഉപേക്ഷിച്ചിട്ടുണ്ട്. പുഴയിലെറിഞ്ഞ കൈകൾ, ഒഴുകിയൊഴുകി ചാലിയാറിലെത്തി, അവിടെ നിന്നും ചാലിയം അഴിമുഖത്തുമെത്തി. വേലിയേറ്റ സമയത്ത് അതു തീരത്തടിയുകയും ചെയ്തു.
പിന്നീടു നടന്ന ഡി.എൻ.എ. പരിശോധനയിൽ ഈ ശരീരഭാഗങ്ങളൊക്കെ ഒരു വ്യക്തിയുടെയാണെന്നു തിരിച്ചറിഞ്ഞു. പക്ഷേ ആരാണു മരിച്ചതെന്നു മാത്രം. മനസ്സിലായിട്ടില്ല.
വീണ്ടും അഞ്ചുമാസങ്ങൾ കൂടി കഴിഞ്ഞു.
ചാലിയം കടപ്പുറത്തെ വിശാലമായ മണൽപ്പരപ്പ് , കുട്ടികളുടെ പ്രധാന ഫുട്ബോൾ ഗ്രൌണ്ടാണ്. സ്കൂൾ വിട്ടുവന്നാൽ തദ്ദേശീയരായ കുട്ടികളെല്ലാം അവിടെ ഒത്തുകൂടി ഫുട്ബോൾ കളിയ്ക്കും. അങ്ങനെ കളിച്ചുകൊണ്ടിരിയ്ക്കെ, ദൂരെ തെറിച്ചുപോയ പന്തെടുക്കാൻ സമീപത്തെ വള്ളിപ്പടർപ്പിൽ ചെന്ന ഇർഫാൻ എന്ന കുട്ടി, ബോൾ പോലെതന്നെയുള്ള ഒരു വെളുത്ത വസ്തു അവിടെ കിടക്കുന്നതു കണ്ടു. കൌതുകത്താൽ, കാൽകൊണ്ട് അതൊന്നു തട്ടി നോക്കി. ഒരു മനുഷ്യന്റെ തലയോട്ടി അവനെ നോക്കി വികൃതമായി ചിരിച്ചു. ഒരു ഞെട്ടലോടെ ഒന്നുകൂടി നോക്കി, തന്റെ ഫുട്ബോളുമെടുത്ത് അവൻ കളിക്കളത്തിലേയ്ക്കോടി.
വൈകിട്ട് വീട്ടിലെത്തിയ അവൻ, തന്റെ ഉമ്മയോട് ഇക്കാര്യം പറഞ്ഞു. എന്നാൽ ഇക്കാര്യം ആരോടും പറയണ്ടാ എന്നാണ് ഉമ്മാ പറഞ്ഞത്. സംഗതി കേസായാൽ ആകെ പുലിവാലാകും എന്ന് അവർ കരുതി. അതൊരു വെള്ളിയാഴ്ചയായിരുന്നു. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലെത്തിയ ഇർഫാനു, പക്ഷേ ഇക്കാര്യം തന്റെ അടുത്ത സുഹൃത്തുക്കളോട് പറയാതിരിയ്ക്കാൻ കഴിഞ്ഞില്ല. അതിലൊരു കുട്ടി വീട്ടിലെത്തിയപ്പോൾ ഇക്കാര്യം തന്റെ അച്ഛനോട് പറഞ്ഞു. രാഷ്ട്രീയപ്രവർത്തകനായ അയാൾ പിറ്റേന്നു തന്നെ ഇക്കാര്യം പൊലീസിനെ അറിയിയ്ക്കുകയും ചെയ്തു.
പൊലീസ് ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഒരു വാർത്തയായിരുന്നു ഇത്. ഈ തലയോട്ടി മിക്കവാറും, തങ്ങൾ അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്ന, മരണപ്പെട്ട അജ്ഞാതന്റേതു തന്നെയായിരിയ്ക്കാം എന്നതുറപ്പാണ്.
തലയോട്ടിയുടേതുൾപ്പെടെ അങ്ങനെ മൊത്തം നാലുകേസുകളായി. ഡി.എൻ.എ. പരിശോധനയിൽ ഇവയെല്ലാം ഒരേ ആളിന്റേതാണെന്നു വെളിപ്പെടുകയും ചെയ്തു. എന്നാൽ ആര്, എങ്ങനെ എപ്പോൾ എവിടെ വെച്ച് മരണപ്പെട്ടു എന്നീ ചോദ്യങ്ങൾക്ക് അപ്പോഴും ഉത്തരമില്ലായിരുന്നു.
2017 ഡിസംബറിൽ, ഈ നാലുകേസുകളും ഒന്നിച്ച്, ഒറ്റക്കേസാക്കിയ ശേഷം അന്വേഷണത്തിനായി കേരളാ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു. ഡി.വൈ.എസ്.പി., എം. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തു.
ലഭ്യമായ തെളിവുകൾ ചേർത്തുവെച്ച് വിശദമായ ഒരു പരിശോധന നടത്തുകയാണ് അദ്ദേഹം ആദ്യമായി ചെയ്തത്. തലയോട്ടിയിൽ നിന്നു ലഭിച്ച പല്ലുകൾ ഫോറെൻസിക് വിദഗ്ധരുടെ സഹായത്തോടെ സൂക്ഷ്മപരിശോധന നടത്തി. അതുവഴി മരിച്ചയാളുടെ പ്രായം നിർണയിയ്ക്കാനാവും. നാല്പതുകളിൽ ഉള്ള വ്യക്തിയാണു മരണപ്പെട്ടതെന്നു അതിൽ തെളിഞ്ഞു. പല്ലിൽ പുകയിലക്കറ കണ്ടെത്തിയതിനാൽ, അന്യസംസ്ഥാനതൊഴിലാളികൾ ആരെങ്കിലുമാവാം ആളെന്നു സംശയമുയർന്നു. ജില്ലയിലും പരിസരങ്ങളിലുമായി അന്യസംസ്ഥാന തൊഴിലാളികളിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നു അന്വേഷിയ്ക്കാൻ ഏർപ്പാടായി.
തലയോട്ടിയിൽ നിന്നും ആധുനിക സാങ്കേതികവിദ്യവഴി മരിച്ചയാളുടെ മുഖം പുന:സൃഷ്ടിയ്ക്കാനുള്ള ശ്രമം നടന്നു. ഒരു ഫോറെൻസിക് ആന്ത്രപ്പോളജിസ്റ്റിന്റെ സഹായത്തോടെ ഫേഷ്യൽ റീകൺസ്റ്റ്ര്ക്ഷൻ ടെക്നിയ്ക്കാണു ഉപയോഗിച്ചു നോക്കിയത്. മുഖത്തെ അസ്ഥികളുടെ രൂപവും അവയുടെ മുകളിൽ മാംസളഭാഗം ഉണ്ടാകാവുന്നതിന്റെ കനവും ചേർത്താണു റീകൺസ്റ്റ്രക്ഷൻ ചെയ്യുന്നത്.
കൂടാതെ, തലയോട്ടിയുടെ എക്സ് റേ എടുത്ത്, അടുത്തിടെ കാണാതായ ആളുകളുടെ ചിത്രവുമായി ചേർത്തുവെച്ച് സൂപ്പർ ഇമ്പോസിഷൻ നടത്തി നോക്കി. അതോടൊപ്പം രേഖാചിത്രം തയ്യാറാക്കാനും ശ്രമം നടന്നു.
നേരത്തെ, കൈപ്പത്തിയിൽ നിന്നു ലഭിച്ച ഫിംഗർ പ്രിന്റ് അവ്യക്തമായിരുന്നു. ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ ജീർണാവസ്ഥയിലായിരുന്നല്ലോ അത്. ഹൈ ഡെഫിനിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആ വിരലടയാളം കൂടുതൽ വ്യക്തമാക്കുന്നതിൽ ക്രൈം ബ്രാഞ്ചിന്റെ ഫോറെൻസിക് സംഘം വിജയിച്ചു. തുടർന്ന് അത് സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോയിലേയ്ക്കു പോയി. കേരളത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിയിലായവരുടെ വിരലടയാളങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരിയ്ക്കുന്നത് ഇവിടെയാണ്.
ഇവിടെ നടന്ന പരിശോധനയിൽ, മലപ്പുറം വണ്ടൂർ സ്വദേശി പുതിയോത്ത് ഇസ്മായിലിന്റെ ഫിംഗർ പ്രിന്റുകളുമായി ഇത് യോജിയ്ക്കുന്നതായി മനസ്സിലാക്കി. കരുവാരക്കുണ്ട് സ്റ്റേഷനിലെ ഒരു ബൈക്കുമോഷണക്കേസ്, കൊണ്ടോട്ടി സ്റ്റേഷനിലെ വാഹനമോഷണക്കേസ് എന്നിവ ഉൾപ്പെടെ നാലു കേസുകൾ പല സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ ഉണ്ടായിരുന്നു.
വലിയൊരു തുമ്പു ലഭിച്ച ആവേശത്തിലായി അന്വേഷണ സംഘം.
ഇസ്മായിലിന്റെ മേൽവിലാസത്തിൽ അന്വേഷിച്ചു ചെന്നപ്പോൾ അമ്പരപ്പിയ്ക്കുന്ന വിവരങ്ങളാണു കിട്ടിയത്. ഇയാൾക്ക് പല സ്ഥലങ്ങളിലായി നാലു ഭാര്യമാർ ഉണ്ടെന്നറിഞ്ഞു. അയാൾ എവിടെയാണെന്നു ആർക്കും അറിയില്ല.
കൊണ്ടോട്ടിയിലുള്ള ഒരു സ്ഥാപനത്തിൽ ഇസ്മായിലിന്റെ മൂന്നാം ഭാര്യ ഒരു ജോലി അന്വേഷിച്ചു വന്നിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. അവിടെ നടത്തിയ അന്വേഷണത്തിൽ അവരുടെ ഫോൺ നമ്പർ ലഭിച്ചു. അവരിപ്പോൾ ഒരു ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്യുകയാണ്. അവരെ ക്രൈംബ്രാഞ്ച് സമീപിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇസ്മായിൽ ഇപ്പോൾ തന്നെക്കാണാൻ വരാറില്ല എന്ന് അവർ പറഞ്ഞു. എന്നാൽ അയാളുടെ അമ്മയ്ക്ക് അറിയാമായിരിയ്ക്കും എന്നും അവർ പറഞ്ഞു.
ക്രൈം ബ്രാഞ്ച്, ഇസ്മായിലിന്റെ അമ്മയുടെ അടുത്തെത്തി. വളരെ പ്രായം ചെന്ന അവർ ശയ്യാവലംബിയായ രോഗിയായിരുന്നു. ഏറെക്കാലമായി ഇസ്മായിലിനെ കണ്ടിട്ട് എന്ന് അവർ സങ്കടത്തോടെ പറഞ്ഞു. എന്തുകൊണ്ടാണ് ഇക്കാര്യം ആരെയും അറിയിയ്ക്കാത്തത് എന്നു ചോദിച്ചപ്പോൾ, അവന്റെ രീതികൾ അങ്ങനെയാണെന്നുമാത്രം മറുപടി.
മരിച്ചയാൾ ഇസ്മായിൽ തന്നെ എന്നുറപ്പിയ്ക്കണമെങ്കിൽ ഡി.എൻ.എ. ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. അതിനു അമ്മയുടെയൊ അടുത്ത ബന്ധുക്കളുടെയോ രക്തം ആവശ്യമുണ്ട്. രക്തമെടുക്കുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അവർ അതിനു സമ്മതിച്ചില്ല.
അവിടെവച്ച് എന്തായാലും രക്തമെടുക്കൽ സാധ്യമല്ല എന്നു മനസ്സിലായ ക്രൈം ബ്രാഞ്ച് മറ്റൊരു തന്ത്രം പ്രയോഗിച്ചു. വേഷം മാറി, ആരോഗ്യപ്രവർത്തകരായെത്തിയ വനിതാപൊലീസ്, രോഗിയായ അവർക്ക് വിദഗ്ധ ചികിത്സ നൽകാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടെ അവർക്ക് നല്ല ചികിത്സ ലഭ്യമാക്കുക തന്നെ ചെയ്തു. മൂന്നു പ്രാവശ്യം ഇങ്ങനെ കൊണ്ടുപോയി അവരുടെ വിശ്വാസം നേടിയെടുത്തു. തുടർന്ന്, ഇസ്മായിലിനെ കാണാതായതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് ഒരു പരാതികിട്ടിയിട്ടുണ്ട് എന്നും അക്കാര്യം അന്വേഷിയ്ക്കുന്ന പൊലീസുകാരാണു തങ്ങൾ എന്നും അവരെ ബോധ്യപ്പെടുത്തി. അതോടെ അമ്മയുടെ പൂർണസഹകരണത്തോടെ ബ്ലഡ് സാമ്പിൾ ശേഖരിച്ച് ഡി.എൻ.എ. പരിശോധനയ്ക്കയച്ചു. ആ പരിശോധനാ ഫലത്തോടെ, മരിച്ചത് ഇസ്മായിൽ തന്നെ എന്നു ഉറപ്പായി.
ഇനിയുള്ളത്, എങ്ങനെയാണു ഇസ്മായിൽ മരണപ്പെട്ടത് എന്നു കണ്ടുപിടിയ്ക്കുകയാണ്.
ഇസ്മായിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പലരിൽ നിന്നായി കിട്ടിയ വിവരങ്ങൾ പ്രകാരം മലപ്പുറത്തെ മോങ്ങം എന്ന സ്ഥലത്താണു അയാൾ താമസിച്ചിരുന്നതെന്നു മനസ്സിലായി. അവിടെ എന്തെങ്കിലും കിട്ടുന്ന തൊഴിലുകൾ ചെയ്യും. പൊതുവിൽ ആൾക്കാരുമായി നല്ല ഇടപെടലാണ്.
അവിടെ നടന്ന അന്വേഷണത്തിൽ, ഇസ്മായിലിന്റെ സുഹൃത്തുക്കളിൽ ഒരാൾക്ക് ചികിത്സ സംബന്ധമായി വലിയൊരു തുക ആവശ്യമുണ്ടായിരുന്നതായി ക്രൈം ബ്രാഞ്ചിനു മനസ്സിലായി. അന്ന്, പലരോടും സഹായം തേടിയ കൂട്ടത്തിൽ ഇസ്മായിലിനോടും ചോദിയ്ക്കയുണ്ടായി. നാട്ടിൽ കാര്യമായ തൊഴിലുകളൊന്നും ഇല്ലാത്ത തന്റെ കൈവശം കാശൊന്നുമില്ല എന്നു അയാൾ കൈമലർത്തി. എങ്കിലും സ്നേഹിതനെ സഹായിയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. തനിയ്ക്ക് ഒരിടത്തു നിന്നും വലിയൊരു തുക കിട്ടാനുണ്ട്, എന്നും അതു കിട്ടിയാൽ ഇരുപത്തയ്യായിരം രൂപ തരാമെന്നും ഇസ്മായിൽ പറഞ്ഞു.
ഇസ്മായിലിനു എങ്ങനെയാണു ഇത്രയും വലിയ തുക കിട്ടാനുണ്ടാവുക എന്ന ആകാംക്ഷ കൊണ്ട് സ്നേഹിതൻ ഇക്കാര്യത്തെപ്പറ്റി പലതവണ ചോദിച്ചു. നേരത്തെ കോഴിക്കോട് മുക്കം ഭാഗത്തുള്ള വലിയൊരു ജന്മിയുടെ കാര്യസ്ഥപ്പണിയായിരുന്നു തനിയ്ക്കെന്നും, ജന്മിയുടെ ഒരു ക്വട്ടേഷൻ നടത്തിക്കൊടുത്ത വകയിൽ രണ്ടുലക്ഷം രൂപാ കിട്ടാനുണ്ടെന്നും ഇസ്മായിൽ വെളിപ്പെടുത്തി. അത് ഒരു സ്ത്രീയെ കൊല്ലാനുള്ള കൊട്ടേഷനായിരുന്നു എന്നും ഇസ്മായിൽ സന്ദർഭവശാൽ പറഞ്ഞത്രേ. കൂടുതൽ വിവരങ്ങളൊന്നും പിന്നീട് അറിയില്ല.
അന്വേഷണം തുടർന്നുകൊണ്ടിരുന്നു. അച്ചായൻ എന്നൊരാളാണു ഇസ്മായിലിന്റെ ജന്മി എന്നൊരു വിവരം ഒരിടത്തു നിന്നു ലഭിച്ചു. ജന്മിയുടെ പേര് കുഞ്ഞച്ചൻ എന്നാണെന്നു മറ്റൊരിടത്തു നിന്നും വിവരം കിട്ടി. അച്ചായൻ എന്നതു ക്രിസ്ത്യൻ പുരുഷന്മാരെ വിളിയ്ക്കുന്ന പേരാണല്ലോ. എന്നാൽ മുക്കം പ്രദേശത്തൊന്നും ജന്മിമാരായ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നില്ല. കുഞ്ഞച്ചൻ എന്ന പേരിലും ജന്മിമാരൊന്നും ഉണ്ടായിരുന്നില്ല.
കോഴിക്കോട് ജില്ലയിലും സമീപജില്ലകളിലും അടുത്തകാലത്തായി അസ്വാഭാവികമായി മരണപ്പെട്ട സ്ത്രീകളെപ്പറ്റിയുള്ള വിവരം ശേഖരിയ്ക്കലായി പിന്നീടുള്ള നടപടി. അങ്ങനെ കിട്ടിയ ലിസ്റ്റിലെ സ്ത്രീകളുടെ പശ്ചാത്തലങ്ങൾ പരിശോധിച്ചപ്പോൾ മുക്കം പ്രദേശത്ത്, 70 വയസ്സുള്ള ഒരു സ്ത്രീ തൂങ്ങിമരിച്ച കേസ് ശ്രദ്ധയിൽ പെട്ടു. ഇസ്മായിലിന്റെ മരണം സംഭവിച്ചിരിയ്ക്കുന്നത് മുക്കം ഭാഗത്തായിരിയ്ക്കാം എന്നതുകൊണ്ടു ഈ കേസിനെപ്പറ്റി കൂടുതലന്വേഷിയ്ക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
പൊലീസ് അന്വേഷണം എന്ന നിലയിൽ സമീപിച്ചാൽ കാര്യമായ വിവരങ്ങൾ കിട്ടാനിടയില്ലാത്തതിനാൽ മറ്റു ചില പേരുകളിലാണു ക്രൈം ബ്രാഞ്ച് സംഘം അവിടെയെത്തിയത്.
മരണപ്പെട്ട വൃദ്ധയുടെ പേര് ജയവല്ലി എന്നായിരുന്നു. അവരുടെ മരണശേഷം, കൂടെതാമസിച്ചിരുന്ന മകനും കുടുംബവും സ്ഥലം വിറ്റ് എവിടേയ്ക്കോ പോയതായിട്ടു മാത്രമേ നാട്ടുകാർക്കറിയൂ.
കാരശ്ശേരി പഞ്ചായത്തിലെ വൻകിടഭൂപ്രഭുക്കളായിരുന്നു പാലിയിൽ വാസുവിന്റെ പൂർവികർ. അൻപതേക്കർ സ്ഥലമുണ്ടായിരുന്നു വാസുവിന്റെ മാത്രം കുടുംബവിഹിതം. ആ വാസുവിന്റെ ഭാര്യയായിരുന്നു ജയവല്ലി. ഉണ്ടായിരുന്ന സ്വത്തെല്ലാം ധൂർത്തടിച്ച വാസു 1984-ൽ ആത്മഹത്യ ചെയ്തു. അന്നു ബാക്കിയുണ്ടായിരുന്നത് ഏഴ് ഏക്കർ സ്ഥലം മാത്രം.
വാസു-ജയവല്ലി ദമ്പതികൾക്ക് ഒരു മകനാണ്, ബിർജു. വലിയ ബാധ്യതകൾ ബാക്കിവെച്ചാണു വാസു ആത്മഹത്യ ചെയ്തത്. അവ തീർക്കാനായി ഉണ്ടായിരുന്ന സ്ഥലം ജയവല്ലി വിറ്റു. ലഭിച്ച പതിനാലു ലക്ഷം രൂപയിൽ ഏഴു ലക്ഷം ബിർജുവിനു നൽകി. ബാധ്യതകൾ തീർത്തശേഷം മിച്ചമുണ്ടായിരുന്ന തുകയിൽ കുറച്ചെടുത്ത് പത്തു സെന്റു സ്ഥലം വാങ്ങി. ബാക്കി തുക പലിശയ്ക്കു കൊടുക്കുവാനും തുടങ്ങി. 1990-കളിലാണു ഈ സംഭവങ്ങൾ.
തനിയ്ക്കു കിട്ടിയ തുക ഉപയോഗിച്ച് ബിർജു ചില ബിസിനസ്സുകൾ തുടങ്ങി. അയാൾക്കു സഹായി കിട്ടിയതാണു ഇസ്മായിലിനെ. മലയോരമേഖലയായ മുക്കത്തെ കാട്ടുപ്രദേശങ്ങളിൽ രാത്രികാലത്ത് ബിർജു നാടൻ തോക്കുമായി വേട്ടയ്ക്കു പോകും, ഒപ്പം ഇസ്മായിലുമുണ്ടാകും, എന്തിനുമേതിനും സഹായി.
എന്തായാലും ബിർജു തുടങ്ങിയ ബിസിനസ്സുകളെല്ലാം നിരനിരയായി പൊട്ടി. ബിർജുവിനൊപ്പം കൂടിയ ഇസ്മായിൽ അയാളുടെ അമ്മയുമായും നല്ല ബന്ധത്തിലായിരുന്നു. ജയവല്ലിയുടെ പലിശ ബിസിനസ്സിൽ ഇസ്മായിൽ സഹായിച്ചു. കാശിനു ആവശ്യമുള്ള കക്ഷികളെ കണ്ടെത്തുകയും ജയവല്ലിയിൽ നിന്നു കാശുവാങ്ങി അവർക്കു കൊടുത്ത് പലിശ വാങ്ങി കൃത്യമായി ജയവല്ലിയെ ഏൽപ്പിയ്ക്കുകയും ചെയ്തു.
ബിസിനസ്സ് പൊട്ടി പാപ്പരടിച്ച ബിർജുവും കുടുംബവും അമ്മയോടൊപ്പം താമസമായി. ക്രമേണ അമ്മയോടു പണം ആവശ്യപ്പെടാനും തുടങ്ങി. എന്നാൽ മകന്റെ രീതികൾ അറിയുന്ന അവർ കാശുനൽകാൻ തയ്യാറായില്ല. അതിന്റെ പേരിൽ അവർ തമ്മിൽ മിക്കവാറും വഴക്കായി.
മകന്റെ ശല്യത്തെപ്പറ്റി ജയവല്ലി അയൽക്കാരോടൊക്കെ പറയുമായിരുന്നു. എന്തു വന്നാലും താൻ ആത്മഹത്യ ചെയ്യില്ല എന്ന് അവർ പറഞ്ഞിരുന്നത്രെ. എന്തായാലും ഒരു ദിവസം ജയവല്ലിയെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ അതു ആത്മഹത്യ തന്നെ ആയിരുന്നു. കഴുത്തിൽ കുരുക്കു മുറുകി ശ്വാസം മുട്ടിയാണു അവർ മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടും.
അമ്മയുടെ മരണശേഷം അധികനാൾ ബിർജു നാട്ടിൽ നിന്നില്ല. ബാക്കിയായ പത്തു സെന്റ് വിറ്റിട്ട് ഒരു നാൾ അയാളും കുടുംബവും അപ്രത്യക്ഷമായി.
ബിർജുവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിയ്ക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ശ്രമം ദു:ഷ്കരമായിരുന്നു. അയാളുടെ ഒരു ചിത്രം സംഘടിപ്പിയ്ക്കാനായി ശ്രമം. അക്കാലത്ത്, വസ്തു രജിസ്റ്റർ ചെയ്യുവാൻ കക്ഷികളുടെ ഫോട്ടോ പതിപ്പിയ്ക്കണമെന്ന നിയമം പ്രാബല്യത്തിലായിരുന്നു. ആയതിനാൽ അവർ ബിർജു വിറ്റ സ്ഥലത്തിന്റെ ആധാരം സംഘടിപ്പിച്ച് പരിശോധിച്ചു. അതിൽ നിന്നും അവർക്ക് അയാളുടെ ഫോട്ടോ ലഭിച്ചു. എങ്കിലും മറ്റു വിവരങ്ങളൊന്നും അപ്പോഴും ലഭ്യമായില്ല.
ബിർജുവിനു രണ്ടു പെണ്മക്കളാണുണ്ടായിരുന്നത്. ഇതിലൊരു കുട്ടി പത്താംക്ലാസിൽ പഠിച്ചിരുന്ന സ്കൂൾ അന്വേഷണസംഘം കണ്ടെത്തി. അവർ അവിടെയെത്തുമ്പോൾ കുട്ടി എസ്.എസ്.എൽ.സി. പാസായി അവിടെ നിന്നും പോയിരുന്നു. സ്കൂളിൽ മറ്റൊരു വിവരവുമുണ്ടായിരുന്നില്ല. തുടർന്ന് ആ കുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ കണ്ടെത്തി. അവിടെ നിന്നും രണ്ടു ഫോൺ നമ്പരുകൾ കിട്ടി. എന്നാൽ രണ്ടു നമ്പരുകളും ആ കുട്ടി അവിടെ നിന്നും പോയശേഷം പ്രവർത്തിയ്ക്കുന്നുണ്ടായിരുന്നില്ല.
അന്വേഷണം വഴിമുട്ടി നിന്നു.
(രണ്ട്)
© ബിജുകുമാർ ആലക്കോട്.
തമിഴുനാട്ടിലെ നീലഗിരി ജില്ലയിലെ “ലവ് ഷോർ“ എന്നൊരു അഗതിമന്ദിരത്തിലേയ്ക്ക് ജോർജ്ജുകുട്ടിയും ഭാര്യയും കുട്ടികളും കയറിച്ചെന്നു. അഗതിമന്ദിരം നടത്തിപ്പുകാരനു ജോർജ്ജുകുട്ടിയെ നേരത്തെ പരിചയമുണ്ട്. അവിടെ താമസിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാനാണു അവരുടെ പരിപാടി. “ലവ് ഷോർ“ അധികൃതർക്ക് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു. കുറച്ചു നാളുകൾ കൊണ്ടു തന്നെ ആ പ്രദേശത്തെ ക്രൈസ്തവർക്കിടയിൽ ജോർജ്ജുകുട്ടിയേയും കുടുംബത്തെയും പറ്റി നല്ല മതിപ്പുണ്ടായി. തുടർന്ന് മാങ്കവയൽ എന്ന ഇടവകപ്പള്ളിയിലെ മുഖ്യ സഹായി ആയി ജോർജ്ജുകുട്ടി മാറി. പ്രാർത്ഥനയും ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഓടിനടക്കുന്ന ഒരു സത്യക്രിസ്ത്യാനി.
കോഴിക്കോടു നിന്നും തുണിത്തരങ്ങൾ വാങ്ങി നീലഗിരിയിലെ ചില കച്ചവടസ്ഥാപനങ്ങൾക്കെത്തിച്ചു കൊടുക്കുക എന്നതായിരുന്നു ജോർജ്ജുകുട്ടിയുടെ ഉപജീവനമാർഗം. അതു നല്ല രീതിയിൽ ചെയ്യുകയും, ബാക്കിസമയങ്ങളിൽ പള്ളിക്കാര്യങ്ങളിൽ ശ്രദ്ധിയ്ക്കുകയും ചെയ്തുപോന്നു.
ബിസിനസിൽ മിച്ചം പിടിച്ച കാശും പള്ളിക്കാരുടെ സഹായവും ചേർത്ത് നീലഗിരി മോക്ക മലയോരത്ത് ചെറിയൊരു കുടിൽ തട്ടിക്കൂട്ടി. സഞ്ചരിയ്ക്കുന്നതിനായി ഒരു നാനോ കാറും ബൈക്കും വാങ്ങി. അതോടെ ആ പ്രദേശത്തെ പള്ളിപ്പരിപാടികളുടെയെല്ലാം നിത്യസന്ദർശകരായി ജോർജുകുട്ടിയും കുടുംബവും.
ഇതിനിടെ ഒരാൾ കോഴിക്കോട്ടു നിന്നും ജോർജുകുട്ടിയെ അന്വേഷിച്ചു വന്നു. ജോർജ്ജുകുട്ടി തുണിയെടുക്കുന്ന കടയിലെ മൊത്തവ്യാപാരി പറഞ്ഞുവിട്ടതാണ്. എന്തോ സാമ്പത്തിക വിഷയമാണ്. വന്നയാൾക്ക് ജോർജ്ജുകുട്ടിയെ നേരിട്ടു പരിചയമില്ല. പേരുപോലും വേറൊന്നാണു പറഞ്ഞത്.
എന്തായാലും നീലഗിരി പ്രദേശത്തെ പള്ളികളിൽ കയറിയിറങ്ങി അയാൾ മാങ്കാവയൽ പള്ളിയിലുമെത്തി. അവിടെ പലരോടും അന്വേഷിച്ചതിൽ നിന്നുമാണ് താൻ അന്വേഷിയ്ക്കുന്ന ആളിന്റെ പേര് ജോർജ്ജുകുട്ടിയെന്നു മനസ്സിലായത്. പള്ളിയിൽ നിന്നും അയാളുടെ താമസസ്ഥലത്തെ പറ്റി വിവരം കിട്ടി. താൻ അയാളെ പോയി കണ്ടോളാം എന്നുപറഞ്ഞ്, ഉപകാരത്തിനു നന്ദിവാക്കും പറഞ്ഞ് അന്വേഷിച്ചുവന്നയാൾ പോയി.
പിറ്റേദിവസം അതിരാവിലെ, അഞ്ചുമണി.
നീലഗിരി മോക്ക പ്രദേശത്തെ വലിയൊരു തോട്ടം. അതിന്റെ മധ്യഭാഗത്തായി ഒറ്റപ്പെട്ട ഒരു കുടിൽ. അതിനു ചുറ്റും വാഴകളും മറ്റുമുണ്ട്. കുടിലിന്റെ മുറ്റത്ത് ഒരു നാനോ കാറും ബൈക്കും.
ഏഴു പേരുള്ള ഒരു സംഘം നിശബ്ദരായി അങ്ങോട്ടു വന്നു. വാഴയുടെ മറവിലും മറ്റുമായി അവർ ഒളിച്ചുനിന്നു. അല്പസമയം അങ്ങനെ കഴിഞ്ഞു. ജോർജ്ജുകുട്ടി പതിവുപോലെ വീട്ടിനു വെളിയിൽ വന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേയ്ക്ക് ഓടിച്ചുപോയി. അയാളെ കാത്ത് ഒളിച്ചുനിന്നവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അത്.
അവർ വേഗം തോട്ടത്തിൽ നിന്നും പുറത്തുകടന്നു. ആ സംഘം വന്ന ഒരു ജീപ്പ് അവിടെ കിടപ്പുണ്ട്. അതിൽ കയറി അവർ ജോർജ്ജുകുട്ടി പോയ വഴിയെ വിട്ടു. പക്ഷേ ആ ബൈക്കിനെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ ആ വാഹനത്തിന്റെ നമ്പരിലെ അവസാനത്തെ മൂന്നക്കം സംഘത്തിലൊരാൾ നോട്ടു ചെയ്തിരുന്നു. 308. ഏറെ സമയം തെരഞ്ഞിട്ടും ആളെ കണ്ടുകിട്ടിയില്ല.
ഏകദേശം ഒൻപതുമണിയോടെ അവർ ഒരു കവലയിലെത്തി. കുറച്ചു കടകളും മറ്റും ഉണ്ടവിടെ. അവിടെ വാഹനം നിർത്തി ഇറങ്ങി. അവിടെയതാ അല്പം മാറി രണ്ടു ബൈക്കുകൾ പാർക്കു ചെയ്തിരിയ്ക്കുന്നു. രണ്ടും ഒരേ പോലെയുള്ളവ. രണ്ടിന്റെയും നമ്പർ 308-ൽ അവസാനിയ്ക്കുന്നത്..!
ബൈക്ക് ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമമായി. അന്യനാടായതിനാൽ ആർക്കെങ്കിലും സംശയം തോന്നിയാൽ പണിപാളുമെന്നു സംഘത്തിനറിയാം. അല്പനേരത്തെ രഹസ്യതിരച്ചിലിനൊടുവിൽ, ഒരു കടയിൽ നിന്നും പച്ചക്കറികൾ വാങ്ങുന്ന ജോർജ്ജുകുട്ടിയെ അവർ കണ്ടെത്തി. കൈയിലെ ഫോട്ടോയുമായി ഒത്തുനോക്കി ആളെ ഉറപ്പിച്ചു.
ഉടൻ തന്നെ ജീപ്പ് വന്നവഴിയെ തിരികെപ്പോയി.
പച്ചക്കറി വാങ്ങിയതിനാൽ ജോർജ്ജുകുട്ടി തിരികെ വീട്ടിലേയ്ക്കു തന്നെ വരുമെന്നവർ ഊഹിച്ചു.
മോക്കയിൽ, തോട്ടത്തിലേയ്ക്കു തിരിയുന്ന വഴിയിൽ രണ്ടുപേർ കാത്തു നിന്നു. മറ്റുള്ളവർ അല്പം മാറി അലക്ഷ്യമായി ചുറ്റിനടന്നു. അല്പം കഴിഞ്ഞപ്പോൾ ജോർജ്ജുകുട്ടി ബൈക്കിൽ എത്തി. അവിടെ നിന്നവരെ ശ്രദ്ധിയ്ക്കാതെ അയാൾ മുന്നോട്ടു നീങ്ങി.
“സാർ ബൈക്കിൽ നിന്നു എന്തോ താഴെ വീണു.”
ഒരാൾ ജോർജ്ജുകുട്ടിയോടു പറഞ്ഞു. അതുകേട്ട് അയാൾ ബൈക്കു നിർത്തി പിന്നിലേയ്ക്കു നോക്കി. നിലത്തുനിന്നും ഒരു പൊതി കുനിഞ്ഞെടുത്തുകൊണ്ട് ഒരാൾ അയാളുടെ അടുത്തേയ്ക്കു വന്നു. അതു വാങ്ങാനായി ജോർജുകുട്ടി കൈനീട്ടിയതും വന്നയാൾ അയാളെ വട്ടം പിടിച്ചു. ഉടൻ തന്നെ മറ്റു സംഘാംഗങ്ങളും പാഞ്ഞെത്തി. നിമിഷങ്ങൾക്കകം അയാളെ കീഴ്പ്പെടുത്തി അവർ ജീപ്പിൽ കയറ്റി. അത് എങ്ങോട്ടോ പാഞ്ഞുപോയി.
(മൂന്ന്)
© ബിജുകുമാർ ആലക്കോട്.
പണത്തിനു അത്യാവശ്യമായതോടെ അമ്മയുടെ കൈയിൽ നിന്നും മറ്റൊരാൾക്കെന്ന വ്യാജേന കുറച്ചുപണം പലിശയ്ക്കു വാങ്ങിത്തരണമെന്ന് ബിർജു ഇസ്മായിലിനോടു പറഞ്ഞു. അയാൾ അപ്രകാരം ചെയ്തു. മാസാവസാനം പലിശ കിട്ടേണ്ട സമയമായപ്പോൾ പ്രശ്നമായി. അമ്മയും മകനും മുട്ടൻ വഴക്ക്. തന്നെ പറ്റിച്ചതിനു ഇസ്മായിലിനോടും വഴക്ക്. അമ്മയും മകനും തമ്മിലുള്ള പ്രശ്നത്തിൽ തനിയ്ക്കെന്തുകാര്യം എന്ന മട്ടിൽ ഇസ്മായിൽ നിന്നു.
അമ്മയുടെ പേരിലുള്ള പത്തുസെന്റ് വിൽക്കണമെന്ന് ബിർജു ശാഠ്യം പിടിച്ചു. അതിനു കാരണം, ഈ സ്ഥലം ഈടു നൽകി ഒരു ബാങ്കിൽ നിന്നും ആറു ലക്ഷത്തോളം രൂപ നേരത്തെ അമ്മയെക്കൊണ്ട് ബിർജു ലോൺ എടുപ്പിച്ചിട്ടുണ്ടായിരുന്നു. അതു തിരിച്ചടയ്ക്കാത്തതിന്റെ സമ്മർദ്ദത്തിലായിരുന്നു അയാൾ. സ്ഥലം വിൽക്കാൻ ജയവല്ലി തയ്യാറായില്ല. എന്നു മാത്രമല്ല, മകനും കുടുംബവും തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതോടെ ബിർജുവിന്റെ മനസ്സിലെ ചെകുത്താൻ ഉണർന്നു. അമ്മ ഇല്ലാതായാൽ ഏക അവകാശി എന്ന നിലയിൽ ആ സ്വത്ത് തന്റെ കൈവശമാകും. അതു വിറ്റ് കടം വീട്ടി എങ്ങോട്ടെങ്കിലും പോകുക.
അയാൾ ഇസ്മായിലിനോട് ഇക്കാര്യം പറഞ്ഞു. ഈ വസ്തുവും വീടും നല്ലൊരു തുകയ്ക്ക് വാങ്ങാമെന്ന് ഒരു അയൽവാസി സമ്മതിച്ചിട്ടുണ്ട്. അതിനു അമ്മ ഇല്ലാതാവണം. ഇക്കാര്യത്തിനു കൂടെ നിന്നാൽ രണ്ടുലക്ഷം രൂപ നൽകാം. ജന്മനാ ക്രിമിനൽ ആയ ഇസ്മായിലിനു ആ ഓഫർ തള്ളാൻ കഴിഞ്ഞില്ല. കൊലപാതകമെന്നറിയാത്ത വിധത്തിൽ, ആത്മഹത്യയെന്നു തോന്നുന്ന രീതിയിൽ വേണം അമ്മയെ ഇല്ലാതാക്കാൻ. അതിനായി അവർ അവസരം നോക്കിയിരുന്നു.
ഒരു ദിവസം ബിർജു ഭാര്യയെയും മക്കളെയും കോയമ്പത്തൂരിലെഅവരുടെ വീട്ടിലേയ്ക്കയച്ചു. ഇസ്മായിലിനോടൊത്ത് പകൽ രണ്ടുവട്ടം വീട്ടിലെത്തിയെങ്കിലും അവസരം ഒത്തുവന്നില്ല.
അന്നു രാത്രി അവർ വീണ്ടും വന്നു. അപ്പോൾ അമ്മ ഉറങ്ങുകയായിരുന്നു. പതുങ്ങിയെത്തിയ അവർ, ജയവല്ലിയെ ശ്വാസം മുട്ടിച്ചു ബോധരഹിതയാക്കി. തുടർന്നു ഒരു സാരിയിൽ കെട്ടിത്തൂക്കി. അതിൽ കിടന്നു പിടഞ്ഞ് അവരുടെ ജീവൻ പോയി. കൃത്യം നടത്തിയ ഉടനെ ഇസ്മായിൽ മുക്കത്തു നിന്നും മലപ്പുറത്തേയ്ക്കു പോയി.
പിറ്റേന്നു രാവിലെ ബിർജു, അമ്മ തൂങ്ങിമരിച്ച വിവരം അയൽക്കാരോടെല്ലാം പറഞ്ഞു. പൊലീസെത്തി. നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമെന്നു തന്നെ തെളിഞ്ഞു. അമ്മയുടെ മരണത്തോടെ സ്വത്ത് ബിർജുവിന്റെ പേരിലായി.
ഇതിനിടെ, തനിയ്ക്കു നൽകാമെന്നു പറഞ്ഞ രണ്ടുലക്ഷം വാങ്ങുവാനായി ഇസ്മായിൽ പലവട്ടം എത്തി. എന്നാൽ വസ്തു വില്പന നടക്കാത്തതിനാൽ തന്റെ കൈയിൽ കാശൊന്നും ഇല്ലാ എന്നു ബിർജു അറിയിച്ചു. വില്പന നടന്നാൽ ഉടൻ കാശു നൽകാമെന്നും പറഞ്ഞു.
അധികം വൈകാതെ ബിർജുവിന്റെ വസ്തു വില്പന ആയി. അഡ്വാൻസ് ആയി പത്തു ലക്ഷം രൂപയും കിട്ടി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ് ഇസ്മായിലെത്തി, തന്റെ രണ്ടുലക്ഷം വേണമെന്നാവശ്യപ്പെട്ടു.
“തരാം” ബിർജു പറഞ്ഞു.
ബിർജുവിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. അതൊന്നാഘോഷിയ്ക്കാമെന്നു അയാൾ ഇസ്മായിലിനോടു പറഞ്ഞു. പുറത്തുപോയി ഒരു കുപ്പി മദ്യം വാങ്ങി വന്നു. ഭക്ഷണം ഉണ്ടാക്കി. ബിർജു മദ്യപിയ്ക്കില്ല. കുപ്പി മുഴുവനും ഇസ്മായിലിനെ പലതവണയായി കഴിപ്പിച്ചു. അവശനായ അയാളെ അമ്മയുടെ കട്ടിലിൽ തന്നെ കിടത്തി.
രാത്രിയായി. വലിയൊരു പ്ലാസ്റ്റിക് കയർകൊണ്ട് ബിർജു, ഇസ്മായിലിനെ കട്ടിലിനോടു ചേർത്തുകെട്ടി. എന്നിട്ട് അതിന്റെ ഒരു തുമ്പുകൊണ്ടുതന്നെ അയാളുടെ കഴുത്തിൽ വരിഞ്ഞുമുറുക്കി. യാതൊരു പ്രതിരോധവുമില്ലാതെ അയാൾ മരിച്ചു.
ആ രാത്രി, ഇസ്മായിലിന്റെ ജഡം അവിടെ തന്നെ കിടന്നു. എവിടെ എങ്ങനെ മറവുചെയ്യും എന്നതായിരുന്നു പ്രശ്നം. ആരും ഒരിയ്ക്കലും കണ്ടുപിടിയ്ക്കരുത്. ബിർജുവിന്റെ ക്രിമിനൽ ബുദ്ധി കൂലങ്കഷമായി ആലോചിച്ചു.
രാത്രിയിൽ വേട്ടയ്ക്കു പോകുമായിരുന്ന ബിർജു, വെടിയേറ്റു വീഴുന്ന മൃഗങ്ങളെ കീറിമുറിച്ച് മാംസം മാത്രം കൊണ്ടുവരുന്നതിൽ വിദഗ്ധനായിരുന്നു. ആ വിദ്യതന്നെ ഇക്കാര്യത്തിലും പ്രയോഗിയ്ക്കുവാൻ തീരുമാനിച്ചു.
ടൌണിൽ പോയി സർജിക്കൽ ബ്ലേഡുകളും കുറച്ചു കറുത്ത പൊളിത്തീൻ കവറുകളും വാങ്ങി. വീട്ടിൽ എത്തിയ അയാൾ, ആ രാത്രിയിൽ ഇസ്മായിലിന്റെ ബോഡി പലതായി മുറിച്ച് കവറുകളിൽ പായ്ക്കു ചെയ്തു. രണ്ടുകൈകളും തലയും ഒരു കവറിൽ. കാലുകൾ മറ്റൊന്നിൽ. മൂന്നാമത്തേതിൽ ഉരസ്സും അവയവങ്ങളും.
വെളുപ്പിനെ ബൈക്കിൽ ആദ്യത്തെ കവർ ഒരു ചാക്കിൽ കെട്ടിക്കൊണ്ടു പോയി ഇരവഞ്ഞിപ്പുഴയിൽ തട്ടി. വീണ്ടും തിരികെയെത്തി രണ്ടാമത്തെ കവറും ഇതേപോലെ നിക്ഷേപിച്ചു.
മൂന്നാമത്തെ കവറുമായി ചെല്ലുമ്പോൾ നേരം നന്നേ പുലർന്നിരുന്നു. ആൾസഞ്ചാരം ആരംഭിച്ചുകഴിഞ്ഞതിനാൽ അവിടെ നിക്ഷേപിയ്ക്കൽ സാധിച്ചില്ല.
അപ്പോഴണയാൾ എസ്റ്റേറ്റ് ഗേറ്റ് റോഡിന്റെ കാര്യം ഓർത്തത്. കോഴിവേസ്റ്റും അറവുമാലിന്യങ്ങളും തള്ളുന്ന അവിടെ ഇതു നിക്ഷേപിച്ചാൽ സുരക്ഷിതമായിരിയ്ക്കും എന്നയാൾക്കു തോന്നി. സദാ ദുർഗന്ധം വമിയ്ക്കുന്ന അവിടെ കിടന്ന് ഇതു ചീഞ്ഞുനാറിയാൽ പോലും ആരും ശ്രദ്ധിയ്ക്കില്ല. ഒട്ടും സമയം കളയാതെ, അവിടെയെത്തി. വിജനമായിരുന്നു അവിടം. ഉടൻ തന്നെ ഇസ്മായിലിന്റെ ഉരസ്സ് അടക്കം ചെയ്ത ചാക്ക് അവിടെ വലിച്ചെറിഞ്ഞു.
വീട്ടിലെത്തിയ ബിർജു മുറികളെല്ലാം ഡെറ്റോളൊഴിച്ചു കഴുകി വൃത്തിയാക്കി. എല്ലാം ഭംഗിയാക്കി യാതൊന്നും സംഭവിയ്ക്കാത്ത പോലെ പെരുമാറി.
അധികനാൾ വൈകാതെ വസ്തു ഇടപാടിന്റെ ബാക്കി തുകയുംവാങ്ങി, ബിർജുവും കുടുംബവും ആ നാടു വിട്ടു.
ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന്റെ മുന്നിൽ ഇക്കാര്യങ്ങൾ വിവരിയ്ക്കുമ്പോൾ ബിർജു അക്ഷോഭ്യനായിരുന്നു.
“ഹിന്ദുവായ നിങ്ങളെങ്ങനെയാണു നീലഗിരിയിൽ ക്രിസ്ത്യാനിയായ ജോർജുകുട്ടിയായി ജീവിച്ചത്?” ഡി.വൈ.എസ്.പി. ചോദിച്ചു.
കോയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന കാലത്താണ് ഒരു ക്രിസ്ത്യൻ യുവതിയുമായി പ്രണയത്തിലായി അവരെ ബിർജു വിവാഹം ചെയ്തത്. അവരോടുള്ള ഇഷ്ടം കൊണ്ടാവാം പിന്നീട് ബിർജുവും ക്രൈസ്തവരീതികൾ സ്വീകരിച്ചു. ചിലർ അയാളെ “അച്ചായൻ” എന്നു അഭിസംബോധന ചെയ്യാനും തുടങ്ങി. കുഞ്ഞച്ചൻ എന്ന വിളിപ്പേരും വീണു. ഇസ്മായിൽ അയാളെ അങ്ങനെയാണു വിളിച്ചിരുന്നത്.
മുക്കത്തു നിന്നും നാടുവിട്ട ബിർജുവും കുടുംബവും ഏറ്റവും സുരക്ഷിത താവളമെന്ന നിലയിലാണ് നീലഗിരിയിലെ “ലവ് ഡേൽ“ അനാഥാലയത്തിൽ എത്തിയത്. അവിടെ അയാൾ സത്യക്രിസ്ത്യാനി ആയ ജോർജ്ജുകുട്ടി ആയി മാറി.
ബിർജു, കോഴിക്കോട്ടു നിന്നും തുണിയെടുത്ത് നീലഗിരിയിലും വയനാട്ടിലുമൊക്കെ കച്ചവടം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതാണ്, ക്രൈം ബ്രാഞ്ചിനു അയാളിലേയ്ക്കെത്താൻ വഴിയൊരുക്കിയത്. ഒരു പക്ഷേ അയാൾ നീലഗിരിയിൽ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കിൽ അയാളെ കണ്ടുപിടിയ്ക്കുക ദുഷ്കരമായേനെ.
നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ്, ബിർജു ഇപ്പോൾ ക്രിസ്ത്യാനി ആണെന്നും പള്ളികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങളെന്നും മനസ്സിലായത്. അയാളെ തേടി നീലഗിരിയിലെത്തിയ ക്രൈം ബ്രാഞ്ച്, ജീവകാരുണ്യപ്രവർത്തകനായ ജോർജുകുട്ടിയെപ്പറ്റിയാണു അറിഞ്ഞത്.
ജോർജ്ജുകുട്ടി പൊലീസ് പിടിയിലായ കാര്യം അറിഞ്ഞ നാട്ടുകാർക്ക് അവിശ്വസനീയമായിരുന്നു ആ വാർത്ത. ക്രൂരമായ രണ്ടു കൊലപാതകങ്ങൾ ചെയ്ത ആളാണു ഇയാൾ എന്നറിഞ്ഞ അവർ മൂക്കത്തു വിരൽ വച്ചു.
ഈ കൊലപാതകങ്ങളിൽ മറ്റാരെങ്കിലും ഇയാൾക്കു സഹായമായി ഉണ്ടായിരുന്നോ എന്നും ഇയാളുടെ പിതാവിന്റെ ആത്മഹത്യയിൽ എന്തെങ്കിലും പങ്കുണ്ടോ എന്നുമുള്ള തുടർ അന്വേഷണത്തിലാണു ക്രൈം ബ്രാഞ്ച് ഇപ്പോൾ.
എന്തായാലും, തികച്ചും യാദൃശ്ചികമായി കടപ്പുറത്തടിഞ്ഞ ഒരു കൈപ്പത്തിയിൽ നിന്നും, ക്രൂരമായ രണ്ടു കൊലപാതകങ്ങളുടെ നിഗൂഡതകളിലേയ്ക്കാണു ക്രൈം ബ്രാഞ്ച് അന്വേഷണസംഘം എത്തിയത്. അതി വിദഗ്ധവും ക്ഷമാപൂർവവുമായ കുറ്റാന്വേഷണത്തിലൂടെ പ്രതിയെ അവർ കണ്ടെത്തുകയും ചെയ്തു.
ഒരു കുറ്റകൃത്യം ചെയ്താൽ, എത്ര ഒളിപ്പിച്ചാലും കാലം അതിനെ ലോകത്തിന്റെ മുന്നിൽ തുറന്നുകാട്ടും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ കേസ്. അല്ലെങ്കിൽ പിന്നെ എങ്ങനെയാണു, മുക്കത്തെ പുഴയിൽ നിക്ഷേപിച്ച ശരീരാവശിഷ്ടങ്ങൾ ഒഴുകി ചാലിയാർ വഴി ചാലിയം കടപ്പുറത്തടിഞ്ഞത്? മാസങ്ങൾക്കു ശേഷം ആ തലയോട്ടിയും അവിടെ തന്നെ എത്തിയത്? മുക്കത്തെ മാലിന്യ നിക്ഷേപകേന്ദ്രം വൃത്തിയാക്കണമെന്ന് ചില ചെറുപ്പക്കാർക്ക് തോന്നിയത്? ഒരിയ്ക്കലും കണ്ടെത്തില്ല എന്ന വിശ്വാസത്തിൽ ബിർജു വലിച്ചെറിഞ്ഞ ഇസ്മായിലിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്?
ഏതുകുറ്റകൃത്യത്തിലും, ചില തുമ്പുകൾ കാലം ബാക്കി വെയ്ക്കും, കഴിവുള്ള ഒരു അന്വേഷകൻ അതു കണ്ടെത്തും വരെ.
© ബിജുകുമാർ ആലക്കോട്.