മൂവായിരം സ്ത്രീകളുടെ ജീവനെടുത്ത വിവാദ വസ്ത്രം ഏതാണ് ?
അറിവ് തേടുന്ന പാവം പ്രവാസി
👉സ്ത്രീകളുടെ വേഷവിധാനങ്ങളെ അനുകൂലിച്ചും , പ്രതികൂലിച്ചുമുള്ള ചർച്ചകളും , വാഗ്‌വാദങ്ങളും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.ഒരു നൂറ്റാണ്ടിനു മുൻപും ചില വസ്ത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് വിധേയമായിരുന്നു.അവയിൽ എടുത്തുപറയേണ്ടതാണ് ക്രിനോലൈൻ എന്ന 1860കളിലെ ഫാഷൻ വസ്ത്രം. ഈ വസ്ത്രത്തോടുള്ള പാശ്ചാത്യ ലോകത്തെ സ്ത്രീകളുടെ ആരാധന മൂലം ക്രൈനോലൈൻ മാനിയ എന്നൊരു പദം തന്നെ നിലനിന്നിരുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ വസ്ത്രം വിമർശിക്കപ്പെടാൻ കൃത്യമായ കാരണങ്ങളും ഉണ്ടായിരുന്നു.
അക്ഷരാർത്ഥത്തിൽ ആയിരക്കണക്കിന് വനിതകളുടെ ജീവനെടുത്ത ഒരു മരണക്കൂട് തന്നെയായിരുന്നു ക്രിനോലൈൻ എന്നതാണ് ആ കാരണം.കുതിരയുടെ മുടി, പരുത്തി അല്ലെങ്കിൽ ലിനൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച തുണികൊണ്ടാണ് ക്രിനോലൈൻ നിർമ്മിച്ചിരുന്നത്. വസ്ത്രത്തിന്റെ താഴെയുള്ള ഭാഗം വിടർന്നു നിൽക്കുന്നതിനായി വെൽബോൺ, ചൂരൽ, സ്റ്റീൽ എന്നിങ്ങനെ പലവിധ വസ്തുക്കളുപയോഗിച്ച് നിർമ്മിച്ച കുട്ട കണക്കെയുള്ള ഒരു ചട്ടക്കൂട് ധരിച്ചശേഷം അതിനുമുകളിൽ ആയിരുന്നു ക്രിനോലൈൻ ധരിച്ചിരുന്നത്. ആറടി വരെ വിസ്താരമുള്ള ക്രിനോലൈനുകൾ അക്കാലത്തെ സ്ത്രീകൾ ഫാഷന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു. അധിക ഭാരവും , ചൂടും എല്ലാം സഹിച്ചും ഇത് ധരിക്കാൻ വനിതകൾ തയാറായിരുന്നു എന്ന് വേണം പറയാൻ.
ക്രിനോലൈനുകൾക്ക് വേണ്ട ചട്ടക്കൂടുകൾ പണിയുന്നതിനു മാത്രമായി സ്റ്റീൽ ഫാക്ടറികൾ വരെ അക്കാലത്ത് ഉടലെടുത്തു.എന്നാൽ ക്രിനോലൈൻ ഫാഷൻ രംഗത്ത് കൂടുതൽ പ്രചാരം നേടിയതോടെ കാത്തിരുന്നത് വലിയ അപകടങ്ങളായിരുന്നു. 1850കൾക്കും , അറുപതുകൾക്കും ഇടയിൽ സുരക്ഷിതത്വത്തെ കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളിൽ മയങ്ങിയ മൂവായിരത്തോളം വനിതകളാണ് ഈയൊരൊറ്റ വസ്ത്രധാരണരീതി മൂലം മരണത്തിനിരയായത്.വസ്ത്രത്തിന് തീ പിടിച്ചായിരുന്നു മരണങ്ങളേറെയും. അമിത വിസ്താരം മൂലം ഒതുക്കി കൊണ്ടുനടക്കാനോ , എളുപ്പത്തിൽ ഊരി എറിയാനോ സാധിക്കാത്തതിനാൽ ക്രിനോലൈനിൽ തീപിടിച്ചാൽ മരണത്തിന് വഴങ്ങുക അല്ലാതെ മറ്റു നിവൃത്തിയുണ്ടായിരുന്നില്ല.
യന്ത്രങ്ങളിൽ കുടുങ്ങി ആയിരുന്നു മറ്റുചില അപകടങ്ങൾ. വസ്ത്രത്തിന്റെ വിടർന്ന ഭാഗം വാഹനങ്ങളുടെ ചക്രങ്ങളിൽ കുടുങ്ങി ഉണ്ടായ അപകടങ്ങളും നിരവധിയാണ്. കുട പോലെ വിടർന്നു നിൽക്കുന്നതിനാൽ ശക്തമായ കാറ്റടിച്ചാൽ ധരിച്ചിരിക്കുന്ന വ്യക്തി മറിഞ്ഞു വീഴുമെന്ന് ഉറപ്പ്. ഇങ്ങനെ കേവലം ഒരു വസ്ത്രം ധരിച്ചതു കൊണ്ടു മാത്രം വീണു മരിച്ചവരുടെ കണക്കും ഏറെയാണ്. ഒരു പക്ഷേ ഇത്രയധികം വിമർശനങ്ങൾ നേരിട്ട മറ്റൊരു വസ്ത്രം ഉണ്ടായിരിക്കില്ല. നിരവധി ലേഖനങ്ങൾക്കും , കത്തുകൾക്കും പുറമേ അക്കാലത്ത് പലരും കവിതകളും, പാട്ടുകളും വരെ ക്രിനോലൈനിനെ വിമർശിച്ചുകൊണ്ട് എഴുതി. വിമർശകരുടെ കൂട്ടത്തിൽ വിക്ടോറിയ രാജ്ഞിയും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.മകളുടെ വിവാഹ സമയത്ത് സെൻറ് ജെയിംസ് കൊട്ടാരത്തിലെ പള്ളിയിലേക്ക് ക്രിനോലൈൻ ധരിച്ച് ആരും എത്തരുത് എന്ന ഉത്തരവ് പോലും അവർ ഇറക്കി.പള്ളിക്കുള്ളിൽ സ്ഥലപരിമിതിയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
വീട്ടുജോലിക്കാർ മുതൽ രാജകുടുംബാംഗങ്ങൾ വരെ എല്ലാ വിഭാഗങ്ങളിൽ പെട്ടവരും ക്രിനോലൈനുകൾ. ഉപയോഗിച്ചിരുന്നു. അപകടങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പിന്നീട് വസ്ത്രത്തിന്റെ ചട്ടക്കൂടിന്റെ വിസ്താരം കുറഞ്ഞുവന്നു. കാലക്രമേണ ഫാഷൻ ട്രെന്റിൽ നിന്നും പിൻവാങ്ങി എങ്കിലും ഇപ്പോഴും ക്രിനോലൈനിനു സമാനമായ വസ്ത്രങ്ങൾ പ്രചാരത്തിലുണ്ട്.