പരീക്ഷണ ശാല എന്നു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് ടെസ്റ്റ് ട്യൂബും കോണിക്കൽ ഫ്കാസ്കുമൊക്കെ ആയിരിക്കും. പരീക്ഷണശാലകളിൽ മാത്രം ഉപയോഗിക്കുന്നതും എന്നാൽ നിത്യ ജീവിതത്തിൽ മിക്കവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തതും കാണേണ്ട ആവശ്യമില്ലാത്തതുമൊക്കെയായ ഇത്തരം ധാരാളം ഉപകരണങ്ങൾ ഉണ്ടല്ലോ. ഒരു ദിവസം പരീക്ഷണശാലയിലെ ടെസ്റ്റ് ട്യൂബിന്‌ ഇതുവരെ കാണാത്ത ഒരു ഉപയോഗം വന്നാലോ? ടെസ്റ്റ് റ്റ്യൂബിന്‌ അങ്ങനെ ഒരു ഉപയോഗം വരാൻ സാദ്ധ്യതയില്ലെങ്കിലും ചരിത്രത്തിൽ പരീക്ഷണശാലയിൽ നിന്ന് പുറത്തേയ്ക്ക് നടന്നു പോന്ന ഒരു ട്യൂബുണ്ട്. അതാണ്‌ ക്രൂക്സ് ട്യൂബ്.

പതിനെട്ടാം നൂറ്റാണ്ടിൽ ഇലക്ട്രിസിറ്റിയും മാഗ്നറ്റിസവുമൊക്കെ പിച്ചവച്ച് നടക്കാൻ തുടങ്ങിയകാലത്ത് എക്സ്പിരിമെന്റൽ ഫിസിസ്റ്റുകളുടെ ലബോറട്ടറികളിലെ നിറ സാന്നിദ്ധ്യമായിരുന്നു ക്രൂക്സ് ട്യൂബ് എന്നറിയപ്പെടുന്ന സെമി വാക്വം ട്യൂബ്. എല്ലാ വാക്വം ട്യൂബുകളിലേതുമെന്നതുപോലെ ഒരു കാഥോഡും ഒരു ആനോഡും ഇതിനു രണ്ടിനും ഇടയിൽ വളരെ ഉയർന്ന വോൾട്ടേജ് നൽകിയാൽ ഇതിനകത്തെ വാതകങ്ങൾ അയണീകരിച്ച് ഒരു വൈദ്യുത പ്രവാഹം ട്യൂബിനകത്ത് കൂടി ഉണ്ടാവുകയും കാഥൊഡ് തിളങ്ങുകയും ചെയ്യും. 1869 ൽ വില്ല്യം ക്രൂക്സ് എന്ന ശാസ്ത്രജ്ഞൻ ആണ്‌ ഇത് കണ്ടുപിടിച്ചത്. മൂലകങ്ങളുടെ ഏറ്റവും ചെറിയ മൗലക കണങ്ങളായ ആറ്റങ്ങളെക്കുറിച്ച് മാത്രം അറിവുണ്ടായിരുന്ന അക്കാലത്ത് ഇലക്ട്രോണുകളെക്കുറിച്ചും വൈദ്യുത പ്രവാഹത്തെക്കുറിച്ചുമൊന്നും വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നില്ല. ക്രൂക്സ് ട്യൂബിൽ നിന്നുമുണ്ടാകുന്ന പ്രകാശം എന്താണെന്നോ അതിലൂടെ എങ്ങിനെയാണ്‌ വൈദ്യുത പ്രവാഹമുണ്ടാകുന്നതെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അറിവില്ലാതിരുന്നതിനാൽ പല ശാസ്ത്രജ്ഞരും അനുബന്ധമായ പ്രതിഭാസങ്ങൾക്ക് വിശദീകരണം നൽകാനായി ക്രൂക്സ് ട്യൂബുകൾ തങ്ങളുടെ ലബോറട്ടറികളിൽ വാങ്ങി സൂക്ഷിച്ച് നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഫിലിപ് ലെനാഡ് എന്ന ജർമൻ സയന്റിസ്റ്റ് ക്രൂക്സ് ട്യൂബിനു ചെറിയ ഒരു മാറ്റം വരുത്തി ട്യൂബിനകത്തുള്ള കാഥോഡ് രശ്മികളെ വായുവിലേക്ക് തുറന്ന് വിടാൻ പറ്റുന്ന രീതിയിൽ ഒരു വശത്ത് വായുമർദ്ദം ചോർന്ന് പോകാത്ത തരം ദ്വാരമിട്ട് ഒരു പുതിയ ട്യൂബ് ഉണ്ടാക്കി. ഈ ദ്വാരത്തിലൂടെ വരുന്ന രശ്മികളുടെ തീവ്രത അളക്കാനും അവയെ മറ്റ് വസ്തുക്കളിൽ പതിപ്പിക്കാനും ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ പതിപ്പിച്ച് ഫോട്ടോ എടുക്കാനും മറ്റ് പഠനങ്ങൾ നടത്താനുമൊക്കെ ഇത് അവസരം നൽകി. ഇത്തരത്തിൽ ദ്വാരമിട്ട ക്രൂക്സ് ട്യൂബുകൾ ലെനാഡ് ട്യൂബുകൾ എന്നും റ്റ്യൂബിലെ ദ്വാരത്തിനു ലെനാഡ് വിൻഡോ എന്നുമൊക്കെ അറിയപ്പെട്ടു.

ഇത്തരത്തിൽ ലെനാഡ് വിൻഡോയിലൂടെ പുറത്ത് വരുന്ന രശ്മികളെക്കുറിച്ച് അദ്ദേഹം വിശദമായ പഠനങ്ങൾ നടത്തുകയും അവയ്ക്ക് വസ്തുക്കളെ തുളച്ച് കയറാനുള്ള കഴിവൊക്കെ കണ്ടെത്തുകയും ചെയ്തു. ഈ കാലയളവിൽ തന്നെ ലെനാഡ് ട്യൂബുകളും ക്രൂക്സ് ട്യൂബുകളും അവയുടെ മറ്റ് വകഭേദങ്ങളിലൂടെയുമൊകെക് വൈദ്യുതി കടന്നു പോകുമ്പോഴുണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ജർമ്മൻ ശാസ്ത്രജ്ഞൻ ആയിരുന്നു വില്ല്യം റോൺജൺ. അങ്ങനെ ഇരിക്കെ തന്റെ ഇരുട്ട് മുറിയിലെ ലെനാഡ് ട്യൂബിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ മുറിയിൽ ദൂരെ വച്ചിരിക്കുന്ന ബേരിയം പ്ലാറ്റിനോ സയനൈഡ് എന്ന ഫ്ലൂറസെന്റ് പദാർത്ഥം പുരട്ടിയ കാർഡ്ബോർഡ് കഷണം തിളങ്ങുന്നതായി കണ്ടു. ലെനാഡ് ട്യൂബിന്റെ പരിസരത്തൊന്നുമല്ലെങ്കിലും ഇടയിൽ തന്റെ ശരീരത്തിന്റേതുൾപ്പെടെ തടസ്സങ്ങൾ ണ്ടായിട്ടും എന്തുകൊണ്ട് ഈ പ്ലേറ്റ് ഇത്തരത്തിൽ ലെനാഡ് യൂബ് ഓൺചെയ്യുമ്പോൾ തിളങ്ങുന്നു എന്ന് അദ്ദേഹം ചിന്തിച്ചു. വെളിച്ചമല്ലാതെ മറ്റെന്തൊ രശ്മികൾ ഈ ട്യൂബിൽ നിന്ന് പുറത്ത് വരുന്നുണ്ടെന്നും അവയ്ക്ക് വസ്തുക്കളെ തുളച്ച് കയറി മറുവശത്തെത്താൻ കഴിവുണ്ടെന്നും അദ്ദേഹം തുടർ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഫോട്ടോ ഗ്രാഫിക് പ്ലേറ്റുകളിൽ തന്റെയും ഭാര്യയുടേയും കൈകൾ ഉൾപ്പെടെ ഈ രശ്മികൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ പകർത്തി. ക്രൂക്സ് ട്യൂബിൽ നിന്ന് പുറത്തു വരുന്ന അദൃശ്യമായതും എന്താണെന്ന് പേരിടാത്തതുമായ ആ കിരണത്തെ ഗണിത ശാസ്ത്ര പ്രശ്നങ്ങളിൽ കണ്ടുപിടിക്കപ്പെടേണ്ടതിനെ സൂചിപ്പിക്കുന്ന ചരമായി പൊതുവേ ഉപയോഗിക്കപ്പെടുന്ന X ചേർത്ത് ‘X’ കിരണങ്ങൾ എന്ന് വിളിച്ചു. ഭൗതിക ശാസ്ത്ര രംഗത്തും വൈദ്യ ശാസ്ത്ര രംഗത്തുമൊക്കെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഈ അദൃശ്യ കിരണങ്ങൾ എന്താണെന്നും എങ്ങിനെയാണുണ്ടാകുന്നതെന്നും അതിന്റെ സ്വഭാവങ്ങൾ എന്താണെന്നുമൊക്കെ ആധുനിക ശാസ്ത്രലോകത്തിനു വ്യക്തമായി അറിയാമെങ്കിലും പേര്‌ ഇന്നും X-Ray എന്നു തന്നെയായി തുടരുന്നു.

1895 നവംബർ മാസത്തിൽ നടത്തിയ എക്സറേയുടെ കണ്ടുപിടുത്തത്തിന്‌ 1901 ലെ നോബൽ സമ്മാനം റോൺജണിനു ലഭിക്കുകയുണ്ടായി. ഭൗതിക ശാസ്ത്രത്തിലെ ആദ്യ നോബൽ സമ്മാനം ആയിരുന്നു അത്. യഥാർത്ഥത്തിൽ ക്രൂക്സ് ട്യൂബുകൾ ഉപയോഗിച്ചുള്ള ലെനാഡിന്റെ പരീക്ഷണങ്ങളുടെ തുടർച്ചയായാണ്‌ റോൺജൺ എക്സ് റേ കണ്ടുപിടിച്ചത് എന്നതിനാൽ ലെനാഡ് റോൺജണിനു ലഭിച്ച നോബൽ സമ്മാനത്തിൽ തികച്ചും അസന്തുഷ്ടനായിരുന്നു എന്ന് മാത്രമല്ല താനാണ്‌ യഥാർത്ഥത്തിൽ എക്സ് റേയുടെ മാതാവെന്നും റോൺജൺ പ്രസവത്തിനു സഹായിച്ച മിഡ് വൈഫ് മാത്രമാണെന്നുമൊക്കെ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്തായാലും ലെനാഡിന്റെ സംഭാവനകളും അവഗണിക്കപ്പെട്ടില്ല അദ്ദേഹത്തിന്റെയും ഈ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 1905 ലെ ഭൗതികശാസ്ത്രത്തിനുള്ല നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

Roentgen
Roentgen

പരീക്ഷണശാലകളിൽ നിന്ന് പുറത്തേയ്ക് നടന്ന ക്രൂക്സ് ട്യൂബ്

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പരീക്ഷണശാലകളിൽ ദശാബ്ദങ്ങളായി ഒതുങ്ങി നിന്നിരുന്ന ക്രൂക്സ് ട്യൂബ് റോൺജണിന്റെ കണ്ടുപിടുത്തത്തോടെ പുറത്തേയ്ക്ക് ഇറങ്ങി നടന്നു. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എക്സ് കിരണങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമായി ക്രൂക്സ് ട്യൂബുകൾ പല രൂപത്തിലും ഭാവത്തിലും വിപണിയിലെത്തി. പുല്ലും പുൽച്ചാടിയുമെല്ലാം എക്സറേ ഫോട്ടോഗ്രാഫിക്ക് വിധേയമായി. പദാർത്ഥങ്ങളെ അയണീകരിക്കാൻ കഴിവുള്ല എക്സ് കിരണങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധമില്ലാതിരുന്ന അക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് ധാരാളം അപകടങ്ങളുണ്ടായി. പെട്ടന്ന് ജനശ്രദ്ധയാകർഷിച്ച ഒരു കണ്ടുപിടുത്തമായതിനാൽ എല്ലാ മേഖലകളും അതിന്റെ ബിസിനസ് സാദ്ധ്യതകൾ കൂടി പരമാവധി ഉപയോഗപ്പെടുത്താനായി മത്സരിച്ചു. എക്സറേ ക്യാമറകളും കണ്ണടകളും ഉപയോഗിച്ച് ആളുകളെ വിവസ്ത്രരായി കാണാൻ കഴിയുമെന്ന നിലയ്ക്ക് കൂടിയുള്ള വാർത്തകൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കപ്പെട്ടതോടെ ഇതിനെ തടയാൻ കഴിയുന്നതെന്ന് അവകാശപ്പെട്ടുകോണ്ടുള്ള ലെഡ് ലോഹ നിർമ്മിതമായ അടിവസ്ത്രങ്ങൾ വരെ ചില വിരുതന്മാർ വിപണിയിലിറക്കി. മെഡിക്കൽ രംഗത്തിനുമപ്പുറമായി കൗതുകത്തിനായി എക്സറേ ഫോട്ടോഗ്രാഫിക് ബൂത്തുകൾ വരെ നിലവിൽ വന്നു. ഇത്തരം എക്സറേ സ്റ്റുഡിയോകളിൽ സ്വന്തം അസ്ഥികൂടത്തിന്റെ ചിത്രമെടുക്കാനായി ആളുകൾ ക്യൂ നിന്നു. പിന്നീടാണ്‌ എക്സ് റേ എന്ന അയണൈസിംഗ് റേഡിയേഷന്റെ കുഴപ്പങ്ങൾ മനസ്സിലാക്കുന്നതും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ തുടങ്ങിയതും. അപ്പോഴേയ്ക്കും നിരവധിപേർ ക്യാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് അടിമപ്പെട്ടു. 1895 നവംബർ മാസം എട്ടാം തീയ്യതിയാണ്‌ റോൺജൺ തന്റെ ഐതിഹാസികമായ ഈ കണ്ടെത്തൽ നടത്തിയത് എന്നതിനാൽ നവംബർ എട്ട് ഇന്റർനാഷണൽ റേഡിയോളജി ദിനം ആയി ആചരിക്കപ്പെടുന്നു.

Leave a Reply
You May Also Like

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ഇവാ

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ‘ഇവാ’ അറിവ് തേടുന്ന പാവം പ്രവാസി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന…

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്…

വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ, സംരംഭങ്ങളെയോ, സ്ഥാപനങ്ങളെയോ ഒക്കെ ”വെള്ളാന” എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ, സംരംഭങ്ങളെയോ, സ്ഥാപനങ്ങളെയോ ഒക്കെ ”വെള്ളാന ” എന്ന് വിളിക്കുന്നത് എന്തുകൊണ്ട്…

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ?

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ? അറിവ് തേടുന്ന പാവം പ്രവാസി ഭൗതികശാസ്ത്രത്തിന്റെ ചരിത്രം…