കളക്കാത്ത സന്ദനമേറെ
വെഗുവോക പൂത്തിറിക്കൊ
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പക്കിലാമോ
കളക്കാത്ത സന്ദനമേറാം
വെഗുവോക പൂത്തിറിക്കൊ
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പക്കിലാമോ
തെക്കാത്ത സന്ദനമേറാം
വെഗുവോക പൂത്തിറിക്ക്
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പക്കിലാമോ
വടക്കാത്ത പുങ്കമേറാം
പൂപറിക്കാ പോകിലാമോ
വടക്കാത്ത പുങ്കമേറാം
വെഗുവോക പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പക്കിലാമോ
മേക്കാത്ത നറ മേറാം
വെഗുവോക പൂത്തിരിക്കും
പൂപറിക്കാ പോകിലാമോ
വിമേനാത്തെ പക്കിലാമോ

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ ‘ശുദ്ധ’ സംഗീതജ്ഞരിൽ നിന്നും വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ വിശേഷം മുഴുവൻ അതുമായി ബന്ധപ്പെട്ടതാണ്. കവി സി. എസ്. രാജേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് നഞ്ചിയമ്മയുടെ അവാർഡ് നേട്ടത്തിനെതിരെയുള്ള വിമര്ശനങ്ങൾക്കെല്ലാം മറുപടി കൊടുക്കുന്നതാണ്. പോസ്റ്റ് വായിക്കാം

സി. എസ്. രാജേഷ്

4 സി.ഡി.കളിലും മറ്റുമായി ഏതാണ്ട് 25 കവിതകൾ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത വ്യക്തിയാണ് ഞാൻ. ചൊൽക്കവിതകളെല്ലാം ദീർഘ കവിതകളാണെന്നറിയാമല്ലോ. ശരാശരി 10 മിനിറ്റുണ്ട് കവിതകൾ . അതായത് ഓരോന്നിനും രണ്ട് പാട്ടുകളുടെ നീളം. അങ്ങനെ നോക്കുമ്പോൾ 50 പാട്ടുകൾ സ്റ്റുഡിയോയിൽ പാടിക്കഴിഞ്ഞു എന്നു പറയാം. തീരെ സംഗീതജ്ഞാനമില്ല. ശ്രുതിയോ രാഗമോ താളമോ ഒന്നുമറിയില്ല. എങ്കിലും ശ്രുതിയിലേ നമുക്ക് പാടിത്തീർക്കാൻ കഴിയൂ സ്റ്റുഡിയോയിൽ. അല്ലെങ്കിൽ ഇൻസ്ട്രമെന്റ്സ് വായിച്ചു ചേർക്കാൻ കഴിയില്ല. തീർച്ചയായും സംഗീതം ഗൗരവമായ ഒരു കാര്യമാണ്. ചൊല്ലുമ്പോൾ പിച്ച് – ഔട്ട് ആകുന്ന ഭാഗങ്ങൾ വീണ്ടും പാടിച്ചും സിസ്റ്റത്തിൽ നമ്മുടെ സ്വരത്തെ ചെറുതായി വലിച്ചുയർത്തിയും താഴ്ത്തിയുമൊക്കെയാണ് സൗണ്ട് എഞ്ചിനിയേഴ്സ് ഒരു പാട്ടോ കവിതയോ ശരിയാക്കിയെടുക്കുന്നത്.

അങ്ങനെയെല്ലാമുള്ള ഘട്ടങ്ങളിലൂടെ കടന്നുവന്നതിന്റെ net result ആണ് , യൂ ട്യൂബിലിപ്പോൾ നിങ്ങൾ കേൾക്കുന്ന എന്റെ കവിതകൾ. സംഗീതത്തെപ്പറ്റി യാതൊന്നും അറിയാത്ത ഞാനാണ് ഈ അങ്കമെല്ലാം നടത്തിയതെന്നോർക്കണം. എന്നുമാത്രമല്ല ‘കവിതകം’ എന്ന ഏതാണ്ട് ഗസൽ പോലെയുള്ള പോയട്രി ബാൻഡ് പ്രോഗ്രാമിൽ നിരവധി ഇൻസ്ട്രമെന്റുകൾക്ക് നടുവിലിരുന്ന് ഒറ്റക്ക് ഒന്നര – രണ്ട് മണിക്കൂർ ധീരമായി പാടുന്നതും സമ്പൂർണ സംഗീത – അജ്ഞനായ ഈയാൾ തന്നെയാണല്ലോ. ഇത്രയും പറഞ്ഞതിന്റെ അർത്ഥം ടെക്നോളജിക്ക് പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളൊക്കെയോ സംഗീതവുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്തുള്ളൂ എന്നാണ്. ടെക്നോളജിക്ക് ജാതിയോ മതമോ പുച്ഛമോ വല്യഭാവമോ ഒന്നുമില്ലാത്തതു കൊണ്ട് net-result അത് മികച്ചതാക്കും. പാടുന്നതാരായാലും. അത്തരത്തിലുള്ള ആത്യന്തിക ഔട്ട്പുട്ടാണ് പുതിയ കാലത്തെ ഏത് സിനിമാ ഗാനവും. അവാർഡുകൾ കൊടുക്കുന്നത് ആ ഔട്ട്പുട്ടിനാണ്.

ജാനകിക്കോ യേശുദാസിനോ ചിത്രക്കോ റാഫിക്കോ എസ്.പി.ക്കോ മറ്റാർക്കെങ്കിലുമോ അവാർഡുകൾ ലഭിച്ച സന്ദർഭങ്ങളിലൊന്നും – ഈ വ്യക്തി സ്റ്റുഡിയോയിൽ പാടുമ്പോൾ പിച്ച് തെറ്റിക്കാറുണ്ടോ / തെറ്റിച്ചിട്ടുണ്ടോ എന്നൊരു അനാവശ്യ ചോദ്യം ഉയർന്നിട്ടില്ല – അഥവാ ഉയരേണ്ട കാര്യമില്ല.അതുകൊണ്ടു തന്നെ ഒരു നഞ്ചിയമ്മക്ക് ദേശീയ അവാർഡു കിട്ടുമ്പൊഴും അത്തരം ചർച്ചകളിലേക്ക് പോകേണ്ടതില്ല. കാരണം അവാർഡ് കിട്ടിയിരിക്കുന്നത് നഞ്ചിയമ്മയുടെ തൊണ്ടയ്ക്കല്ല – അദ്ദേഹം പാടിത്തീർത്തിട്ടുള്ള ഗാനത്തിനാണ്. ആ ഗാനത്തിൽ പിച്ച് – ഔട്ട് എന്നൊരു സംഗതി – മറ്റാരുടെ ഏതുപാട്ടിന്റെയും കാര്യത്തിലുമെന്ന പോലെ തീരെ ഇല്ലാത്തതു കൊണ്ടാണ് ജൂറി അവാർഡ് കൊടുത്തിരിക്കുന്നത്. നിങ്ങളേക്കാൾ പതിന്മടങ്ങ് ശേഷിയുള്ളവരായിരിക്കുമല്ലോ സ്വാഭാവികമായും ദേശീയ അവാർഡ് ജൂറി . അതുകൊണ്ട് ഒരു സാങ്കേതിക പൂർണ കാലത്ത് കന്യകാത്വവാദം പോലെയുള്ള, തികച്ചും അനാവശ്യമായ ഈ മഹാ ശ്രുതി വാദം അവസാനിപ്പിക്കണം. കാരണം, ഇത് സൂക്കേട് വേറെയാണെന്ന് ആർക്കാണറിയാത്തത്.

സകല കർണാടക – ഹിന്ദുസ്ഥാനി രാഗങ്ങൾക്കും മുകളിൽ ഒരു ഫോക് സോംഗ് വെന്നിക്കൊടി പാറിച്ചതാണ് പലരുടെയും ദഹനമില്ലായ്മയുടെ യഥാർത്ഥ കാരണം. ശ്രുതി, സാധകം, തണുപ്പു കഴിക്കാഴിക, എരിവുകഴിക്കാഴിക, മഴയത്തിറങ്ങാഴിക, മഞ്ഞത്തിറങ്ങാഴിക തുടങ്ങിയ ശീലങ്ങളിലൂടെ മുന്നോട്ട് പോകുന്ന സമർപ്പിത സംഗീതജ്ഞരെ അവഹേളിക്കുന്നതാണ് ഈ ‘നഞ്ചിയമ്മ വിജയം’ എന്നും മറ്റുമുള്ള നിങ്ങളുടെ വാദങ്ങൾ കേൾക്കുമ്പോൾ തോന്നുന്ന സംശയം – ഇമ്മാതിരി സംഗീതജ്ഞരെല്ലാം സിനിമക്കു ചുറ്റും കിടന്ന് കറങ്ങുന്നതെന്തിനാണെന്നാണ്. ശുദ്ധ സംഗീതത്തിന്റെ സ്ഥലം അവിടമാണോ . കാലങ്ങളെ അതിജീവിച്ചു നില്ക്കുന്ന ഇന്ത്യയുടെ മഹാ സംഗീതജ്ഞരിൽ ഭൂരിഭാഗം പേരും സിനിമയുടെ പുറകിനു നടന്നവരല്ല. മറിച്ച് സിനിമ അവരെ ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥ സംഗീതജ്ഞർ അങ്ങനെയാണ്. ഭൂപൻ ഹസാരിക , പണ്ഡിറ്റ് ജസ് രാജ്, ഭീം ജോഷി, കിഷോരി അമോങ്കർ , മെഹ്ദി ഹസ്സൻ, ഗുലാം അലി തുടങ്ങിയ അനേകം മഹാഗായകർ സംഗീതത്തിൽ ആകാശ ഗോപുരങ്ങൾ മെനഞ്ഞവരാണ്. സിനിമയിലല്ല അവരുടെ ഇടപെടലുകൾ. ശ്രുതിയുടെയും സാധകത്തിന്റെയുമൊക്കെ കണക്കു പറഞ്ഞ് സിനിമയിൽ കിടന്ന് അവരഴുകിയതുമില്ല. എന്നാൽ സിനിമയിലൂടെ അടയാളപ്പെട്ട രാജ്യത്തിന്റെ മഹാ ഗായകരെ തീരെ വിസ്മരിക്കുന്നുമില്ല.

കാൽ നൂറ്റാണ്ടുമുമ്പ് ദേശീയ തരംഗമായി മാറിയ ‘ഏക് ദോ തീൻ ‘ എന്ന പാട്ട് ശുദ്ധ സംഗീത ലോകത്തിന് പുറത്തു നിന്നെത്തിയതായിരുന്നെന്ന് നമ്മൾ മറന്നു കൂടാ. തെരുവു ജനതയുടെ പാട്ടായിരുന്നു അത്. ആ നാട്ടിലെ അസഹിഷ്ണുക്കൾ ഇതുപോലെതന്നെ വിരുദ്ധ യുക്തികളുമായി രംഗത്തു വന്നിട്ടുണ്ടാവാം അന്നും. പുതിയ കാലത്ത് ഒരു റെയിൽവേ സ്റ്റേഷൻ ഗായിക – രേണുക മണ്ഡൽ അടക്കം ചില അടിസ്ഥാന വിഭാഗ ഗായകർ ആഘോഷമായ സന്ദർഭങ്ങളിലും അത്തരക്കാരും അവരുടെ വിഘടന വാദങ്ങളും സ്വാഭാവികമായും ഉയർന്നിട്ടുണ്ടാവാം. കീഴാള പ്രതിഭകൾ പ്രശോഭിക്കുന്ന ഘട്ടങ്ങളിലൊക്കെ അവരെ അവഗണിക്കാനും അവഹേളിക്കാനും ഇകഴ്ത്താനും തോല്പിക്കാനും ഇങ്ങനെ കുറെപ്പേർ ഇറങ്ങിത്തിരിച്ചില്ലെങ്കിൽ ഈ രാജ്യത്തെ എങ്ങനെ നമ്മൾ ഇന്ത്യയെന്നു വിളിക്കും ? രാജ്യമിന്ത്യയാണോ – നാളെയും മറ്റൊന്നാളും ഇതിന്റെ തനിയാവർത്തനം സംഭവിച്ചിരിക്കും. ‘വസന്തം ചെറിമരത്തോട് ചെയ്തത് ‘ എന്ന വരിപോലെ ‘മലയാളം ജാസി ഗിഫ്റ്റിനോട് ‘ ചെയ്തത് മറക്കാൻ സമയമായിട്ടില്ലല്ലോ.

നഞ്ചിയമ്മയുടെ പാട്ടാണോ ഇക്കൊല്ലത്തെ ഒന്നാമത്തെ ഇന്ത്യൻ സിനിമാ ഗാനം – എന്ന വൻ ചോദ്യമുയർത്തുന്നവർ ഒന്നിച്ച് മറ്റൊരൊന്നാം നമ്പർ ഗാനം നിർദ്ദേശിക്കുമോ എന്നതാണ് ചോദ്യം.അഥവായിനി ഒന്നിച്ചൊരു ഗാനമവർ പറഞ്ഞാലും ഒരു വർഷത്തെ മുഴുവൻ ഭാഷാ ഗാനങ്ങളും കേട്ടിട്ടാണോ അവരാ ഉത്തരത്തിലെത്തിയത് എന്ന ചോദ്യം ഉയർന്നുവരും. എന്നുമാത്രമല്ല മികച്ച ഗായകൻ, സംഗീതജ്ഞൻ, നടൻ , നടി തുടങ്ങിയ ഇതര അവാർഡുകളെല്ലാം ശരിക്കും ഇന്ത്യയിലെ ഒന്നാമത്തേതു തന്നെ എന്നു അവരെങ്ങനെ വിശ്വസിച്ചു എന്നൊരു ചോദ്യവും ബാക്കിയാവും. അതായത്, സിനിമാ അവാർഡ് ഇങ്ങനൊക്കെയാണ്. വൈവിധ്യങ്ങളെയും അംഗീകരിക്കാൻ തയ്യാറാവുമ്പോഴേ അത് നീതിപൂർവമുളള ഏർപ്പാടാകുന്നുള്ളൂ.

സ്വാഭാവികമായും ഭരിക്കുന്ന കക്ഷിയുടെ താല്പര്യം ദേശീയ പുരസ്കാര നിർണയനങ്ങളിൽ സ്വാധീനിക്കും. എങ്കിലും പ്രതിഭകൾ മാത്രമേ വിക്ടറി സ്റ്റാന്റിൽ പ്രവേശിക്കുന്നുള്ളൂ എന്ന സത്യം മറന്നു കൂടാ. നഞ്ചിയമ്മ എന്ന ആദിവാസി ഗായികയുടെ പ്രതിഭയെയാണ് ഇത്തവണ രാഷ്ട്രം അംഗീകരിച്ചിട്ടുള്ളത് എന്ന കാര്യത്തിൽ തർക്കമില്ല. ആ യാഥാർത്ഥ്യം അംഗീകരിക്കുക എന്നതാണ് ആരിലും പുലരേണ്ട പ്രാഥമിക ജനാധിപത്യ മര്യാദ.

 

Leave a Reply
You May Also Like

ഒറ്റവാക്കിൽ.. ഗംഭീരം, ‘വൈക്കിങ്ങ്സ്’ ഫെയിം ട്രാവിസ് ഫിമ്മൽ നായകനായ ആസ്‌ട്രേലിയൻ ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി സീരീസാണ് ‘ബ്ളാക് സ്നോ’

Black Snow (2023) English Jaseem Jazi ഒറ്റവാക്കിൽ.. ഗംഭീരം.’വൈക്കിങ്ങ്സ്’ ഫെയിം ട്രാവിസ് ഫിമ്മൽ നായകനായ…

ദിലീപ് – തമന്ന ചിത്രം ‘ബാന്ദ്ര’ ! നവംബർ 10 ന് റിലീസ്

ദിലീപ്-തമന്ന ചിത്രം ‘ബാന്ദ്ര’ ! നവംബർ 10 ന് റിലീസ് ദിലീപ് നായകനായെത്തുന്ന ‘ബാന്ദ്ര’ റിലീസിനൊരുങ്ങുന്നു.…

“ചേട്ടാ നോക്കിക്കോ ഇത് ഞാൻ തന്നെയാണ്”കോളേജിലെ ആദ്യ ദിവസത്തെ അനുഭവം പങ്കുവെച്ച് മമിത.

വളരെ ചുരുക്കം ചില സിനിമകളിലൂടെ മലയാളി മനസ്സിൽ പെട്ടെന്ന് ഇടംനേടിയ താരമാണ് മമിത ബൈജു. മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഉയർന്നുവരുന്ന മിന്നും താരമാണ് മമിത.

തന്റെ വരാനിരിക്കുന്ന ചിത്രമായ ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പങ്കുവെച്ച് വിഷ്ണു മഞ്ചു, ചിത്രത്തിൽ മോഹൻലാലും പ്രഭാസും

വരാനിരിക്കുന്ന ചിത്രമായ ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തന്റെ ജന്മദിനത്തിൽ പങ്കുവെച്ച് വിഷ്ണു മഞ്ചു.  അതിശയിപ്പിക്കുന്ന…